ബ്രിട്ടൻ രാജകുടുംബം ദു:ഖവെള്ളിയുടെ തലേ ദിവസമായ വ്യാഴത്തിന് (Maundy Thursday) നിർദ്ധനരായവർക്ക് സമ്മാനങ്ങൾ നല്കുന്ന ഒരു പതിവ് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിൽ ഉണ്ട്. കല്പന എന്നർത്ഥമുള്ള മാൻഡേറ്റം (mandatum) എന്ന ലത്തീൻ വാക്കിൽ നിന്ന് ഉണ്ടായ maundy എന്ന വാക്കാണ് ഈ പേരിനും ആചാരത്തിനും പ്രചോദനം. ഈ കല്പന യേശു തന്റെ മരണത്തിന്റെ തലേന്ന് തന്റെ സ്നേഹിതർക്ക് നല്കിയതാണ്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു” (യോഹന്നാൻ 13:34).
നേതാവായിരുന്ന യേശു തന്റെ സ്നേഹിതരുടെ കാലുകൾ കഴുകിയപ്പോൾ ഒരു ദാസനെപ്പോലെയായി (വാ.5). അവരോടും ഇതേ കാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു: “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു”(വാ.15). ഇതിലും അധികമായ ത്യാഗമായി, യേശു തന്റെ ജീവൻ തന്നെ കുരിശിലെ മരണത്തിന് ഏല്പിച്ചു (19:30). നമുക്ക് ജീവന്റെ സമുദ്ധി ഉണ്ടാകേണ്ടതിനായി തന്റെ കരുണയും സ്നേഹവും മൂലം അവൻ തന്നെത്താൻ നമുക്കായി നല്കി.
യേശുവിന്റെ ഈ വലിയ മാതൃക പിൻപറ്റുന്നതിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം ആളുകളെ സഹായിച്ച് വരുന്നത്. നാമാരും വലിയ പദവികളോടെ ജനിച്ചവരല്ല, എന്നാൽ യേശുവിൽ വിശ്വാസമർപ്പിക്കുമ്പോൾ നാം അവന്റെ കുടുംബത്തിലെ അംഗങ്ങളാകുന്നു. അവന്റെ പുതിയ കല്പനപ്രകാരം സ്നേഹിക്കുന്നവരായി ജീവിക്കാനും കഴിവുള്ളവരാകുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതു വഴി മറ്റുള്ളവരെ കരുതാൻ, ചേർത്തുപിടിക്കാൻ, ദയ കാണിക്കാൻ നമുക്കും കഴിയുന്നു.
നിങ്ങൾ ദാസ്യ നേതൃത്വഭാവം ഉള്ളവരാണോ? മറ്റുള്ളവരെ ഇന്ന് എങ്ങനെ സ്നേഹിക്കാനാകും?
സർവശക്തനായ എന്റെ രക്ഷകനേ, സ്നേഹം എന്ന മഹാസമ്മാനം അവിടുന്ന് എനിക്ക് നല്കിയല്ലോ! ഏറ്റവും താഴ്ന്നവനായി വന്ന് അവിടുത്തെ ജീവൻ എനിക്കായി തന്നതിന് നന്ദി.