ദൈവരാജ്യ മനസ്സുള്ള നേതൃത്വം
കുട്ടികൾക്കുവേണ്ടി ക്രിസ്തീയ പുസ്തകങ്ങൾ എഴുതുന്ന ഒരു ഗ്രൂപ്പിൽ ഞാൻ ചേർന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുകയും അന്യോന്യം പ്രാർത്ഥിക്കുകയും പരസ്പരം ഞങ്ങളുടെ പുസ്തകത്തിന്റെ പ്രചാരത്തിനായി പ്രയത്നിക്കുകയും ചെയ്തു. " മത്സരാർത്ഥികളോടൊപ്പം പ്രവർത്തിക്കുന്ന ഭോഷത്വമാണിത്": ചിലർ അതിനെ കളിയാക്കി. എന്നാൽ ഞങ്ങളുടെ ഗ്രൂപ്പ് ദൈവരാജ്യ മനസ്സുള്ള നേതൃത്വം എന്ന ആശയത്തിൽ സമർപ്പിതമായിരുന്നു; മത്സരമല്ല, സഹവർത്തിത്വമായിരുന്നു താല്പര്യവും. ഞങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു - ഒരേ സുവിശേഷം പങ്കുവെക്കുക എന്നത്. ഒരേ രാജാവിനെയാണ് ഞങ്ങൾ ശുശ്രൂഷിച്ചത് - യേശുവിനെ. ഒരുമിച്ച് നിന്നപ്പോൾ ക്രിസ്തുവിന്റെ സാക്ഷ്യവുമായി കൂടുതൽ പേരിൽ എത്തിച്ചേരാൻ ഞങ്ങൾക്കായി.
നേതൃത്വ ഗുണമുള്ള എഴുപത് മൂപ്പന്മാരെ തെരഞ്ഞെടുക്കാൻ ദൈവം മോശെയോട് പറഞ്ഞു. "അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും. ഞാൻ നിന്റെ മേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും" (സംഖ്യ 11:16-17). പിന്നീട്, ഇവരിൽ രണ്ടു പേർ പ്രവചിക്കുന്നത് കണ്ട ജോഷ്വ അവരെ വിലക്കാൻ മോശെയോടു പറഞ്ഞു. അപ്പോൾ മോശെ പറഞ്ഞു: "എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു" (സംഖ്യ 11:29).
മറ്റുള്ളവരോട് കൂടെ പ്രവർത്തിക്കുമ്പോൾ മത്സരബുദ്ധിയും താരതമ്യ പ്രവണതയും നിങ്ങൾക്കുണ്ടാകുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ഈ പ്രലോഭനത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കാനാകും. ദൈവരാജ്യ മനസ്സുള്ള നേതൃത്വത്തിന്റെ മനസ്സ് നമ്മിൽ സൃഷ്ടിക്കാൻ പ്രാർത്ഥിക്കുക; അപ്പോൾ സുവിശേഷം ലോകമെങ്ങും പ്രചരിക്കും; ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഭാരം പങ്കുവെക്കപ്പെടുകയും ചെയ്യും.
വിശ്വാസം പങ്ക് വെക്കുക
ലോകം മുഴുവൻ മിഷണറിമാരെ അയക്കുക എന്ന ലക്ഷ്യത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് 1701 ൽ സൊസൈറ്റി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് ഗോസ്പൽ എന്ന സംഘടന ഉണ്ടാക്കി. അവരുടെ ആപ്തവാക്യം "കടന്നു വന്ന് ഞങ്ങളെ സഹായിക്കുക" എന്ന അർത്ഥത്തിൽ ലത്തീനിൽ transiens adiuva nos എന്നായിരുന്നു. ഒന്നാം നൂറ്റാണ്ടു മുതൽ സുവിശേഷത്തിന്റെ സ്ഥാനപതികൾക്കുളള വിളിയായിരുന്നു ഇത്. കാരണം യേശുവിന്റെ അനുയായികൾ ലോകത്തിന് അനിവാര്യമായിരുന്ന യേശുവിന്റെ സ്നേഹവും ക്ഷമയും പകർന്ന് നല്കുന്നവരായിരുന്നു.
"കടന്നു വന്ന് ഞങ്ങളെ സഹായിക്കുക" എന്നത് അപ്പ.പ്ര 16 ലെ " മക്കെദോന്യ വിളി (Macedonian call)" യിൽ നിന്ന് ഉണ്ടായതാണ്. പൗലോസും ടീമും ഏഷ്യാമൈനറിന്റെ (തുർക്കി) പടിഞ്ഞാറെ തീരത്തുള്ള ത്രോവാസിൽ എത്തിച്ചേർന്നു (വാ.8). അവിടെ വെച്ച് "പൗലോസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്ക് കടന്ന് വന്ന് ഞങ്ങളെ സഹായിക്കുക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു"(വാ.9). ഈ ദർശനം കണ്ട പൗലോസും കൂട്ടാളികളും "ഉടനെ മക്കെദോന്യക്ക് പുറപ്പെടുവാൻ ശ്രമിച്ചു"(വാ.10). ആ വിളി അതീവ പ്രാധാന്യമുള്ളതെന്ന് അവർ മനസ്സിലാക്കി.
എല്ലാവരെയും കടല് കടന്ന് പോകാൻ വിളിക്കുന്നുണ്ടാകില്ല, എന്നാൽ അങ്ങനെ വിളി കിട്ടിയവരെ നമുക്ക് പ്രാർത്ഥന കൊണ്ടും ധനം കൊണ്ടും സഹായിക്കാനാകും. നമുക്കോരോരുത്തർക്കും, നമ്മുടെ റൂമിലോ, തെരുവിലോ, സമൂഹത്തിലോ ഉള്ളവരോട് യേശുവിന്റെ സുവിശേഷം പറയാൻ കഴിയും. ആളുകളുടെ ഏറ്റവും ആവശ്യമായ സഹായം - യേശുവിന്റെ നാമത്തിലുള്ള പാപക്ഷമയുടെ സന്ദേശം - എത്തിച്ചു നല്കാൻ അവരുടെ അടുക്കലേക്ക് പോകുവാൻ ദൈവം ശക്തിപ്പെടുത്തുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
ശാശ്വതമായ പൈതൃകം
വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കയിൽ ഡസ്റ്റ് ബൗൾ എന്ന കൊടുങ്കാറ്റ് നാശം വിതച്ചു. കൻസാസിലെ ഹയാവാതയിൽ താമസിച്ചിരുന്ന ജോൺ മിൽബൺ ഡേവിസ് എന്ന സമ്പന്നൻ ഈ സമയത്ത് തന്റെ പ്രസിദ്ധിക്കുവേണ്ടി എന്ത് ചെയ്യണം എന്ന് ആലോചിച്ചു. സ്വയം അദ്ധ്വാനിച്ചു കോടീശ്വരൻ ആയ ഇയാൾക്ക് മക്കൾ പോലും ഇല്ലായിരുന്നു. ഇയാൾക്ക് വേണമെങ്കിൽ സമ്പത്ത് എന്തെങ്കിലും സാമൂഹ്യ നന്മക്ക് നല്കുകയോ അല്ലെങ്കിൽ സാമ്പത്തിക പുരോഗതിക്കായി ചെലവിടുകയോ ചെയ്യാമായിരുന്നു. അതിന് പകരം അയാൾ വലിയ തുക ചെലവഴിച്ച് തന്റെയും മരിച്ചുപോയ ഭാര്യയുടെയും വലുപ്പമുള്ള പതിനൊന്ന് പ്രതിമകൾ നിർമ്മിച്ച് അവിടുത്തെ സെമിത്തേരിയിൽ സ്ഥാപിക്കുകയാണ് ചെയ്തത്.
ഒരു ആശുപത്രി പണിയാനോ അല്ലെങ്കിൽ എന്തെങ്കിലും പൊതു നന്മക്ക് ഉതകുന്ന നീന്തൽകുളമോ പാർക്കോ മറ്റോ നിർമ്മിക്കാനോ ആ നാട്ടുകാർ അയാളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. "കൻസാസിലുള്ളവർ എന്നെ വെറുക്കുമായിരിക്കും. പക്ഷെ എന്റെ പണം എനിക്കിഷ്ടമുള്ളതുപോലെ ഞാൻ ചെലഴിക്കും" എന്നാണ് പത്രപ്രവർത്തകനായ ഏർണി പൈലിനോട് ഡേവിസ് പറഞ്ഞത്.
ആ കാലത്തെ ഏറ്റവും ധനവാനായിരുന്ന സോളമൻ എഴുതിയത്, "ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു"(സഭാ.5:10,11) എന്നാണ്. സമ്പത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സോളമൻ സൂഷ്മനിരീക്ഷണം തന്നെ നടത്തിയിട്ടുണ്ട്.
അപ്പൊസ്തലനായ പൗലോസും ദ്രവ്യാഗ്രഹത്തിന്റെ ദോഷം മനസ്സിലാക്കുകയും ജീവിതം യേശുവിനോടുള്ള അനുസരണത്തിനായി നിക്ഷേപിക്കുകയും ചെയ്തു. റോമിലെ ജയിലിൽ വധശിക്ഷ കാത്ത് കിടക്കുമ്പോൾ വിജയശ്രീലാളിതനായി അദ്ദേഹം എഴുതി: "ഞാനോ ഇപ്പോൾത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; ... ഞാൻ .. ഓട്ടം തികച്ചു , വിശ്വാസം കാത്തു"(2തിമൊ.4:6,7).
നാം കല്ലിൽ കൊത്തിവെക്കുന്നതോ നമുക്കായി സമ്പാദിച്ച് വെക്കുന്നതോ ഒന്നുമല്ല ശാശ്വതമായത്. മറ്റുള്ളവരോടും, എങ്ങനെ സ്നേഹിക്കണം എന്ന് നമ്മെ പഠിപ്പിച്ച കർത്താവിനോടും, ഉള്ള സ്നേഹത്താൽ നാം നല്കുന്നത് മാത്രമാണ് ശാശ്വതമായത്.
സുവിശേഷത്തിന്റെ കാതലായ ഭാഗം
ഓശാന ഞായറാഴ്ച്ച മുതൽ ഈസ്റ്റർ വരെ, ക്രൂശിന്റെ വഴിയിൽ നാം യേശുവിന്റെ കാൽപ്പാടുകൾ പിന്തുടരുന്നു. ഇത് സുപരിചിതമായ ഒരു കഥയാണ്, എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദൈവത്തിന് തൻ്റെ ജനത്തോടുള്ള അതിരറ്റ സ്നേഹത്തെക്കുറിച്ചും, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ അവൻ എത്രമാത്രം സഹിച്ചുവെന്നതിനെക്കുറിച്ചും ഇത് വെളിപ്പെടുത്തുന്നു. ‘ഇത് ഞാൻ ധാരാളം കേട്ടിട്ടുള്ളതാണ്’ എന്ന് ചിന്തിക്കാതെ പുതുക്കപ്പെട്ട മനസ്സോടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ സമീപിക്കാം. നമുക്ക് സുവിശേഷത്തിൻ്റെ കാതലായ ഭാഗത്ത് നമ്മുടെ കണ്ണുകൾ കേന്ദ്രീകരിക്കാം: യേശു, ദൈവം നമുക്ക് നൽകിയ ദാനം
ഓശാന…
ദൈവം മാത്രം നല്കുന്ന സംതൃപ്തി
ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം വീട്ടിലെത്തി- കൂറ്റൻ ചെമ്മീൻ, ഷവർമ, സാലഡ്, അങ്ങനെ പലതും അവർ എത്തിച്ച് നല്കി. കുടുംബനാഥൻ പാർട്ടി നടത്തുകയായിരുന്നില്ല. ഈ വിഭവക്കൂട്ടം ഒന്നും അയാൾ ഓർഡർ ചെയ്തത് പോലുമല്ല: അയാളുടെ ആറുവയസുകാരൻ മകൻ ചെയ്ത പണിയാണ്. എങ്ങനെ സംഭവിച്ചു എന്നല്ലേ? മകൻ ഉറങ്ങാൻ കിടന്ന സമയം പിതാവ് തന്റെ ഫോൺ അവന് കളിക്കാൻ കൊടുത്തതാണ്, കുട്ടി അതുപയോഗിച്ച് പല ഹോട്ടലുകളിൽ നിന്നും വിലപിടിച്ച ഈ വസ്തുക്കൾ ഓർഡർ ചെയ്തു. "നീ എന്താണിങ്ങനെ ചെയ്തത്?" ഒളിച്ചിരുന്ന കുട്ടിയോട് പിതാവ് ചോദിച്ചു. "എനിക്ക് വിശക്കുകയായിരുന്നു" എന്നായിരുന്നു മറുപടി. കുട്ടിയുടെ വിശപ്പും പക്വതക്കുറവും വളരെ ചെലവേറിയതായി!
ഏശാവിന്റെ വിശപ്പ് അവന് ആയിരക്കണക്കിന് രൂപയേക്കാൾ നഷ്ടം വരുത്തി. അവൻ വിശപ്പുകൊണ്ട് വലഞ്ഞ് മരിക്കാറായി എന്നാണ് ഉല്പത്തി 25 ൽ പറയുന്നത്. അവൻ സഹോദരനോട് , "ആ ചുവന്ന പായസം കുറെ എനിക്ക് തരണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു" (വാ.30 ) എന്ന് പറഞ്ഞു. എന്നാൽ യാക്കോബ് അതിനുപകരം ഏശാവിന്റെ ജ്യേഷ്ഠാവകാശം ആണ് ചോദിച്ചത് (വാ.31). ഈ ജന്മാവകാശത്തിൽ ആദ്യജാതൻ എന്ന പദവിയും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളും, അവകാശങ്ങളിൽ ഇരട്ടി ഓഹരിയും, കുടുംബത്തിന്റെ ആത്മീയ നേതൃത്വവും ഒക്കെ ഉൾപ്പെട്ടിരുന്നു. തന്റെ വിശപ്പിന് വിധേയനായി ഏശാവ് "ഭക്ഷിച്ച് പാനം ചെയ്തു", "ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു" (വാ.34).
നമുക്കും വല്ലാത്ത പ്രലോഭനവും താല്പര്യവും ഉണ്ടാകുമ്പോൾ, വിനാശകരമായ തെറ്റുകളിലേക്ക് നമ്മുടെ താല്പര്യങ്ങൾ പോകാതെ, സ്വർഗീയ പിതാവിങ്കലേക്ക് നോക്കാം: "സകല നന്മകളും കൊണ്ട്"(സങ്കീ.107:9) നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവിടുന്ന് ശമിപ്പിക്കും.