മേരി ഷെല്ലിയുടെ ഫ്രാങ്കെൻസ്‌റ്റൈനിലെ “രാക്ഷസൻ’’ നമ്മുടെ സാംസ്‌കാരിക ഭാവനയെ ആകർഷിക്കുന്ന, പരക്കെ അറിയപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഈ ജീവിയെ സൃഷ്ടിച്ച മതിഭ്രമമുള്ള ശാസ്ത്രജ്ഞനായ വിക്ടർ ഫ്രാങ്കെൻസ്‌റ്റൈനെയാണ് ഷെല്ലി യഥാർത്ഥ രാക്ഷസനായി ചിത്രീകരിക്കുന്നതെന്ന് ഈ ജനപ്രിയ നോവലിന്റെ അടുത്ത വായനക്കാർക്ക് അറിയാം. ബുദ്ധിശക്തിയുള്ള ഒരു ജീവിയെ സൃഷ്ടിച്ചതിന് ശേഷം, വിക്ടർ അവന് മാർഗ്ഗനിർദ്ദേശമോ സൗഹൃദമോ സന്തോഷത്തിന്റെ പ്രതീക്ഷയോ നിഷേധിക്കുന്നു-ആ ജീവി നിരാശയിലേക്കും ക്രോധത്തിലേക്കും ഇറങ്ങിപ്പോകുന്നു എന്ന് ഉറപ്പാക്കുന്നു. വിക്ടറിനെ അഭിമുഖീകരിക്കുമ്പോൾ, ജീവി വിലപിക്കുന്നു, “എന്റെ സ്രഷ്ടാവായ നീ എന്നെ പിച്ചിച്ചീന്തി വിജയിക്കുന്നു’’

സകലത്തിന്റെയും യഥാർത്ഥ സ്രഷ്ടാവ് ഇതിൽനിന്നും എത്ര വ്യത്യസ്തനാണെന്ന് തിരുവെഴുത്ത് വെളിപ്പെടുത്തുന്നു – അവനു അവന്റെ സൃഷ്ടികളോട് മാറ്റമില്ലാത്തതും മടുപ്പില്ലാത്തതുമായ സ്‌നേഹമാണുള്ളത്. ദൈവം ഒരു തോന്നലിന് അവയെ സൃഷ്ടിച്ചതല്ല, മറിച്ച് തന്റെ സ്‌നേഹത്താൽ മനോഹരവും “വളരെ നല്ലതുമായ’’ ലോകത്തെ സൃഷ്ടിച്ചു (ഉല്പത്തി 1:31). മനുഷ്യൻ അവനിൽ നിന്നു മുഖം തിരിച്ച് രാക്ഷസീയമായ തിന്മ തിരഞ്ഞെടുത്തപ്പോഴും ദൈവത്തിന് മനുഷ്യരാശിയോടുള്ള പ്രതിബദ്ധതയ്ക്കും സ്‌നേഹത്തിനും മാറ്റം വന്നില്ല.

യേശു നിക്കോദേമോസിനോട് വിശദീകരിച്ചതുപോലെ, ലോകം രക്ഷിക്കപ്പെടുന്നതിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായ “തന്റെ ഏക പുത്രനെ’’ (യോഹന്നാൻ 3:16) പോലും നൽകുവാൻ ദൈവം തയ്യാറായിരുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് യേശു തന്നെത്താൻ ബലിയായിത്തീർന്നു (വാക്യം 15).

നമ്മുടെ ഹൃദയവും ജീവിതവും വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന ഒരു സ്രഷ്ടാവ് നമുക്കുണ്ട്.