“വരാനിരിക്കുന്ന ബ്രെയിൻ സ്‌കാനിനായി പ്രാർത്ഥിക്കുക.’’ “എന്റെ മക്കൾ വീണ്ടും പള്ളിയിൽ വരാൻ പ്രാർത്ഥിക്കുക,’’ “ഭാര്യ മരിച്ച ഡേവിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.’’ ഞങ്ങളുടെ കാർഡ് മിനിസ്ട്രി ടീമിന് ഇതുപോലുള്ള പ്രാർത്ഥനാ അഭ്യർത്ഥനകളുടെ ഒരു ലിസ്റ്റ് തന്നെ പ്രതിവാരം ലഭിക്കുന്നു. ഓരോ വിഷയത്തിനായും ഞങ്ങൾ പ്രാർത്ഥിക്കുകയും ഓരോ വ്യക്തിക്കും കൈകൊണ്ടെഴുതിയ ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്യന്നു. പ്രാർത്ഥനാഭ്യർത്ഥനകൾ വളരെയധികമാണ്, ഞങ്ങളുടെ ശ്രമങ്ങൾ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായി തോന്നിയേക്കാം. അടുത്തിടെ മരിച്ചുപോയ പ്രിയപ്പെട്ട ഭാര്യയുടെ ചരമവാർത്തയുടെ ഒരു പകർപ്പ് സഹിതം, ഭർത്താവ് ഡേവിൽ നിന്ന് ഹൃദയംഗമമായ നന്ദി പറഞ്ഞുകൊണ്ടുള്ള കാർഡ് ലഭിച്ചതിന് ശേഷം ഞങ്ങളുടെ ചിന്താഗതികൾ മാറി. പ്രാർത്ഥനയാണ് പ്രധാനമെന്ന് ഞാൻ വീണ്ടും മനസ്സിലാക്കി.

നാം ആത്മാർത്ഥതയോടെ, പലപ്പോഴും, പ്രത്യാശയോടെയും വിശ്വാസത്തോടെയും പ്രാർത്ഥിക്കണമെന്നുള്ളതിന് യേശു മാതൃക കാട്ടി. ഭൂമിയിലെ അവന്റെ സമയം പരിമിതമായിരുന്നു, എന്നാൽ അവൻ പ്രാർത്ഥിക്കുന്നതിന് മുൻഗണന നൽകി (മർക്കൊസ് 1:35; 6:46; 14:32).

നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ്, യിസ്രായേൽ രാജാവായ ഹിസ്‌കിയാവും ഈ പാഠം പഠിച്ചു. ഒരു രോഗം താമസിയാതെ അവന്റെ ജീവനെടുക്കുമെന്ന് പ്രവാചകൻ അവനോട് പറഞ്ഞു (2 രാജാക്കന്മാർ 20:1). കഷ്ടതയുടെ നടുവിൽ കൈപ്പോടെ കരഞ്ഞുകൊണ്ട് ഹിസ്‌കീയാവ് “മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു’’ (വാക്യം 2). ഈ സാഹചര്യത്തിൽ, ദൈവത്തിന്റെ മറുപടി ഉടനടി ആയിരുന്നു. അവൻ ഹിസ്‌കീയാവിന്റെ രോഗം സുഖപ്പെടുത്തി, അവന്റെ ആയുസ്സ് പതിനഞ്ചു വർഷത്തേക്കു നീട്ടിക്കൊടുത്തു. മാത്രമല്ല, ശത്രുക്കളിൽനിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു (വാ. 5-6). ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയത് ഹിസ്‌കീയാവ് ഒരു നല്ല ജീവിതം നയിച്ചതുകൊണ്ടല്ല, മറിച്ച് “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും’’ (വാക്യം 6) ആണ്. നാം ആവശ്യപ്പെടുന്നത് എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല, എന്നാൽ ഓരോ പ്രാർത്ഥനയിലും ദൈവം പ്രവർത്തിക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളരായിരിക്കാൻ കഴിയും.