ഓരോ നിമിഷവും വിലയേറിയതാണ്
1912 ഏപ്രിലിൽ ടൈറ്റാനിക് കപ്പൽ ഒരു മഞ്ഞുമലയിൽ ഇടിച്ചപ്പോൾ, പാസ്റ്റർ ജോൺ ഹാർപ്പർ തന്റെ ആറ് വയസ്സുള്ള മകൾക്ക്, വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന ലൈഫ് ബോട്ടുകളിലൊന്നിൽ ഇടം നേടിക്കൊടുത്തു. അദ്ദേഹം തന്റെ ലൈഫ്-ജാക്കറ്റ് ഒരു സഹയാത്രികന് നൽകി. എന്നിട്ട് കേൾക്കാൻ താല്പര്യമുള്ളവരോടെല്ലാം സുവിശേഷം പറഞ്ഞു. കപ്പൽ മുങ്ങുകയായിരുന്നു; നൂറുകണക്കിനാളുകൾ പ്രതീക്ഷയില്ലാതെ തന്നെ രക്ഷപ്പെടാൻ കാത്തിരുന്നു; ഈ സമയം ഹാർപ്പർ ഓരോരുത്തരുടെയും അടുത്തേക്ക് നീന്തിച്ചെന്ന് പറഞ്ഞു, "കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, നിങ്ങൾ രക്ഷപ്രാപിക്കും" (പ്രവൃത്തികൾ 16:31).
കാനഡയിലെ ഒന്റാറിയോയിൽ ടൈറ്റാനിക്ക് ദുരന്തം അതിജീവിച്ചവർക്കായി നടത്തിയ ഒരു മീറ്റിംഗിൽ ഒരാൾ "ജോൺ ഹാർപ്പർ മൂലം മനസാന്തരപ്പെട്ട അവസാനത്തെ വ്യക്തി" എന്ന് സ്വയം വിശേഷിപ്പിച്ചു. ഹാർപ്പറിന്റെ ആദ്യ ക്ഷണം നിരസിച്ച ശേഷം, ഹാർപ്പർ വീണ്ടും ചോദിച്ചപ്പോൾ ആ മനുഷ്യൻ ക്രിസ്തുവിനെ സ്വീകരിച്ചു. കൊടും തണുപ്പിന് കീഴടങ്ങുന്നതിനും ഐസ് മൂടിയ ജലത്തിലേക്ക് മുങ്ങുന്നതിനും മുമ്പ് ഹാർപ്പർ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ യേശുവിന്റെ സുവിശേഷം പറയാൻ നീക്കിവച്ചത് അദ്ദേഹം നോക്കി നില്ക്കുകയായിരുന്നു.
ഇതിന് സമാനമായ ചുമതല അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിനെ ഏൽപ്പിക്കുന്നു—നിസ്വാർത്ഥ സുവിശേഷീകരണത്തിനു വേണ്ടിയുള്ള ആവശ്യകതയും സമർപ്പണവും. ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യവും, യേശുവിന്റെ സുനിശ്ചിതമായ തിരിച്ചുവരവും ഉറപ്പിച്ചുകൊണ്ട്, ദീർഘക്ഷമയോടും കൃത്യതയോടും കൂടി പ്രസംഗിക്കാൻ പൗലോസ് തിമൊഥെയോസിനോട് ആവശ്യപ്പെടുന്നു (2 തിമൊ 4:1-2). ചില ആളുകൾ യേശുവിനെ നിരസിക്കും (വാ. 3-5) എങ്കിലും, സുവിശേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അപ്പോസ്തലൻ യുവ പ്രസംഗകനെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ ദിവസങ്ങൾ പരിമിതമാണ്, അതിനാൽ ഓരോ നിമിഷവും പ്രധാനമാണ്. “യേശു രക്ഷിക്കുന്നു!” എന്ന് നാം പ്രഖ്യാപിക്കുമ്പോൾത്തന്നെ നമ്മുടെ പിതാവ് സ്വർഗ്ഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നുവെന്ന് ബോധ്യമുള്ളവരായിരിക്കുകയും ചെയ്യാം.
വലിയ മനസ്സുള്ള ദാനം
എന്റെ ഭാര്യ സ്യൂ സ്കൂളിലെ ബൈബിൾ ക്ലബ്ബിൽ ആഴ്ചയിലൊരിക്കൽ സേവനം ചെയ്യുന്നുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യമായ യുക്രെയിനിലെ കുട്ടികളെ സഹായിക്കാൻ പണം സംഭാവന ചെയ്യാൻ കുട്ടികളോട് അവിടെ ആവശ്യപ്പെട്ടു. ഞങ്ങളുടെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൾ മാഗിയോട് ഈ പ്രോജക്റ്റിനെക്കുറിച്ച് സ്യൂ എപ്പോഴോ പറഞ്ഞിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, ഞങ്ങൾക്ക് തപാൽ മാർഗ്ഗം മാഗിയുടെ ഒരു കവർ ലഭിച്ചു. അതിൽ 3.45 ഡോളറും (ഏകദേശം 250 രൂപ) ഒരു കുറിപ്പും ഉണ്ടായിരുന്നു: “ഉക്രെയ്നിലെ കുട്ടികൾക്കായി എനിക്ക് ആകെയുള്ളത് ഇതാണ്. ഞാൻ പിന്നീട് കൂടുതൽ അയയ്ക്കാം. ”
സഹായിക്കണമെന്ന് സ്യൂ മാഗിയോട് നിർദ്ദേശിച്ചിരുന്നില്ല, പക്ഷേ പരിശുദ്ധാത്മാവ് അവളെ പ്രേരിപ്പിച്ചിരിക്കാം. യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാഗി, ദാനം ചെയ്യാൻ തയ്യാറായി.
ഒരു വലിയ ഹൃദയത്തിൽ നിന്നുള്ള ഈ ചെറിയ സമ്മാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. 2 കൊരിന്ത്യർ 9-ൽ പൗലോസ് നൽകുന്ന ചില നിർദ്ദേശങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു. ആദ്യം, നാം "ധാരാളമായി" വിതയ്ക്കണമെന്ന് അപ്പോസ്തലൻ നിർദ്ദേശിച്ചു (വാ. 6). "എനിക്ക് ആകെയുള്ളത്" നല്കുന്നത് തീർച്ചയായും ഉദാരമായ ഒന്നാണ്. നമ്മുടെ സമ്മാനങ്ങൾ ദൈവം നയിക്കുന്നതുപോലെയും നമുക്ക് കഴിയുന്നതുപോലെയും സന്തോഷത്തോടെ നൽകണമെന്ന് പൗലോസ് എഴുതി, "നിർബ്ബന്ധത്താലുമരുതു" (വാക്യം 7). കൂടാതെ, സങ്കീർത്തനം 112:9 ഉദ്ധരിച്ചുകൊണ്ട് അവൻ " ദരിദ്രന്മാർക്കു കൊടുക്കുന്നതിന്റെ" (വാക്യം 9) മാഹാത്മ്യം എടുത്തുപറഞ്ഞു.
ദാനങ്ങൾ നൽകാനുള്ള അവസരം വരുമ്പോൾ, നാം എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമുക്ക് ചോദിക്കാം. ദൈവം പ്രേരിപ്പിക്കുന്നതനുസരിച്ച് നമ്മുടെ ദാനങ്ങൾ ആവശ്യമുള്ളവർക്ക് ഔദാര്യപൂർവ്വവും സന്തോഷത്തോടെയും നല്കുമ്പോൾ അത് "ദൈവത്തിന്നു സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന" വിധത്തിലുള്ള കൊടുക്കൽ ആണ് (2 കൊരിന്ത്യർ 9:11). അത് വലിയ മനസ്സുള്ള ദാനമാണ്.
ഗൃഹവിഗ്രഹങ്ങൾ
ബൈബിൾ പഠന സംഘത്തിലെ പുരുഷന്മാർക്ക് ഏകദേശം എൺപത് വയസ്സായിരുന്നു, എന്നിട്ടും അവർ ലൈംഗികമോഹങ്ങളുടെ സംഘർഷമനുഭവിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അവരുടെ ചെറുപ്പത്തിൽ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുന്നു. ഓരോ ദിവസവും അവർ ഈ കാര്യത്തിൽ യേശുവിനെ അനുഗമിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും പരാജയപ്പെട്ട നിമിഷങ്ങൾക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.
ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ദൈവഭക്തരായ മനുഷ്യർ ഹീനമായ പ്രലോഭനങ്ങൾക്കെതിരെ പോരാടുന്നു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം, പക്ഷേ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്ന് നാം ഭയപ്പെടുന്ന എന്തും വിഗ്രഹമാണ്. അവ വിട്ടുപോയെന്ന് കരുതി വളരെക്കാലം കഴിഞ്ഞാലും അത്തരം കാര്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാം.
ബൈബിളിൽ, യാക്കോബ് തന്റെ അമ്മാവനായ ലാബാനിൽ നിന്നും സഹോദരൻ ഏശാവിൽ നിന്നും രക്ഷപ്പെട്ടു. ദൈവത്തെ ആരാധിക്കുന്നതിനും അവന്റെ അനുഗ്രഹങ്ങൾ ആഘോഷിക്കുന്നതിനുമായി അവൻ ബെഥേലിലേക്ക് മടങ്ങുകയായിരുന്നു, എന്നിട്ടും അവന്റെ കുടുംബം അന്യദൈവങ്ങളെ കൂടെ കൊണ്ടുവന്നു. പിന്നീട് യാക്കോബിന് അത് കുഴിച്ചിടേണ്ടതായി വന്നു (ഉല്പത്തി 35:2-4). യോശുവയുടെ പുസ്തകത്തിന്റെ അവസാനത്തിൽ, ഇസ്രായേൽ തങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തി കനാനിൽ താമസമാക്കിയതിന് ശേഷവും, "നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ എറിഞ്ഞുകളയാനും നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിന് സമർപ്പിക്കാനും" യോശുവയ്ക്ക് അവരെ പ്രബോധിപ്പിക്കേണ്ടിവന്നു (യോശുവ 24:23). ). ദാവീദ് രാജാവിന്റെ ഭാര്യ മീഖൾ വിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്നതായി കരുതാം; കാരണം ദാവീദിനെ കൊല്ലാൻ വന്ന പടയാളികളെ കബളിപ്പിക്കാൻ അവൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി (1 സാമുവൽ 19:11-16).
വിഗ്രഹങ്ങൾ നമ്മൾ ചിന്തിക്കുന്നതിനേക്കാളും സർവ്വസാധാരണമാണ്, അതേസമയം ദൈവം നാം അർഹിക്കുന്നതിലും കൂടുതൽ ക്ഷമയുള്ളവനാണ്. വിഗ്രഹങ്ങളിലേക്ക് തിരിയാനുള്ള പ്രലോഭനങ്ങൾ വരും, എന്നാൽ ദൈവത്തിന്റെ ക്ഷമ വളരെ വലുതാണ്. പാപങ്ങളിൽ നിന്ന് തിരിഞ്ഞ്, യേശുവിൽ പാപമോചനം കണ്ടെത്തിക്കൊണ്ട്, നമുക്ക് യേശുവിനുവേണ്ടി വേറിട്ടുനിൽക്കാം
കൊടുക്കുന്നതിലുള്ള സന്തോഷം
കേരിയുടെ ഇളയ മകന് മസ്കുലർ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയ കൂടി നടക്കുമ്പോൾ, അവളുടെ കുടുംബത്തിന്റെ ഈ അവസ്ഥയിൽ നിന്ന് മനസ്സ് മാറ്റാൻ വേണ്ടി, മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ, തന്റെ മകൻ കുറച്ചുമാത്രം ഉപയോഗിച്ചപ്പോഴേക്കും ചെറുതായിപ്പോയ ഷൂസ് എല്ലാം കൂടി എടുത്ത് ഒരു ധർമ്മസ്ഥാപനത്തിന് ദാനം ചെയ്തു. അവളുടെ ഈ പ്രവൃത്തി കണ്ട അവളുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അയൽക്കാരും ചേർന്ന് താമസിയാതെ ഇരുനൂറിലധികം ജോഡി ഷൂസ് സംഭാവനയായി നൽകി!
ഈ ഷൂ ദാനം മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടാണ് നടത്തിയതെങ്കിലും, അതുമൂലം തന്റെ കുടുംബം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി കേരി കരുതുന്നു. "ഈ അനുഭവം ശരിക്കും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു."
യേശുവിന്റെ അനുഗാമികൾ ഉദാരമായി കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് പൗലോസിന് മനസ്സിലായി. യെരൂശലേമിലേക്കുള്ള യാത്രാമധ്യേ അപ്പോസ്തലനായ പൗലോസ് എഫെസൊസിൽ താമസിച്ചു. താൻ അവിടെ സ്ഥാപിച്ച സഭയിലെ വിശ്വാസികളുമായുള്ള തന്റെ അവസാന സന്ദർശനമാകും അതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സഭാ മൂപ്പന്മാരോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ദൈവവേലയിൽ താൻ എങ്ങനെ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്ന് അവൻ അവരെ ഓർമ്മിപ്പിക്കുകയും അത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (അപ്പ. പ്രവൃ.20:17-35). തുടർന്ന് അദ്ദേഹം, "വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം" (വാക്യം 35) എന്ന യേശുവിന്റെ വാക്കുകളോടെ ഉപസംഹരിച്ചു.
നാം സ്വമേധയായും താഴ്മയോടെയും നമ്മെത്തന്നെ നൽകണമെന്ന് യേശു ആഗ്രഹിക്കുന്നു (ലൂക്കാ 6:38). അവൻ നമ്മെ നയിക്കുമെന്ന് നാം വിശ്വസിക്കുമ്പോൾ, അതിനുള്ള അവസരങ്ങൾ അവൻ നമുക്ക് നൽകും. അതിന്റെ ഫലമായി നാം അനുഭവിക്കുന്ന സന്തോഷം, കേരിയുടെ കുടുംബത്തെപ്പോലെ, നമ്മെയും അത്ഭുതപ്പെടുത്തിയേക്കാം.
ദൈവത്തിന് നന്ദി പറയുക
ആശുപത്രിയിലെ ക്ലേശകരമായ ജോലി കഴിഞ്ഞ് എന്റെ സ്നേഹിത മടങ്ങിവരുകയായിരുന്നു. തന്റെ ഭർത്താവ് അതുപോലെതന്നെ പ്രയാസമുള്ള ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിന് മുമ്പ് അത്താഴത്തിന് എന്ത് തയ്യാറാക്കുമെന്ന് ചിന്തിച്ച് അവൾ ആശങ്കപ്പെട്ടു. അവൾ ഞായറാഴ്ച ചിക്കൻ ഉണ്ടാക്കി, തിങ്കളാഴ്ച അതിന്റെ ബാക്കിയുണ്ടായിരുന്നത് വിളമ്പി. ചൊവ്വാഴ്ച അവൾ ഫ്രിഡ്ജിൽ നോക്കിയപ്പോൾ പച്ചക്കറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സസ്യാഹാരം തന്റെ ഭർത്താവിന് അത്ര ഇഷ്ടമല്ലെന്ന് അവൾക്കറിയാമായിരുന്നു. കുറച്ച് നേരംകൊണ്ട് മറ്റൊന്നും തയ്യാറാക്കാൻ സാധിക്കാത്തതുകൊണ്ട് സസ്യാഹാരം തന്നെ ഉണ്ടാക്കുവാൻ അവൾ തീരുമാനിച്ചു.
അവൾ കറി മേശപ്പുറത്ത് വെച്ചപ്പോൾ, വീട്ടിൽ എത്തിയ ഭർത്താവിനോട് അൽപ്പം ക്ഷമാപണത്തോടെ പറഞ്ഞു: "ഇത് നിങ്ങൾക്ക് അത്ര ഇഷ്ടമുള്ളതല്ല എന്ന് എനിക്കറിയാം." അവളുടെ ഭർത്താവ് തലയുയർത്തി നോക്കി പറഞ്ഞു, "പ്രിയേ, നമുക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടല്ലോ, അത് തന്നെ സന്തോഷം."
ദൈവം നമുക്ക് അനുദിനം നൽകുന്ന ദാനങ്ങൾ എന്തുതന്നെ ആയിരുന്നാലും നാം നന്ദിയുള്ളവരായിരിക്കണം എന്നാണ് ഈ വ്യക്തിയുടെ മനോഭാവം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ദൈനംദിന ആഹാരത്തിന് നന്ദി പറയുന്നത് യേശുവിന്റെ മാതൃകയാണ്. തന്റെ പുനരുത്ഥാനത്തിനുശേഷം രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ, ക്രിസ്തു "അപ്പമെടുത്തു, നന്ദി പറഞ്ഞു, നുറുക്കി" (ലൂക്കോ. 24:30). അഞ്ച് അപ്പവും രണ്ട് ചെറിയ മീനും കൊണ്ട് അയ്യായിരം പേർക്ക് ഭക്ഷണം നൽകിയപ്പോൾ പിതാവിന് നന്ദി പറഞ്ഞു (യോഹന്നാൻ 6:9).
നമ്മുടെ ദൈനംദിന ഭക്ഷണത്തിനും മറ്റ് ദാനങ്ങൾക്കും നന്ദി പറയുമ്പോൾ, നമ്മുടെ കൃതജ്ഞത യേശുവിന്റെ മാതൃകയെ പ്രതിഫലിപ്പിക്കുകയും നമ്മുടെ സ്വർഗീയ പിതാവിനെ ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം.