Month: ജൂലൈ 2024

ക്രിസ്തുവിലുള്ള നമ്മുടെ ആയുധവർഗ്ഗം

പാസ്റ്റർ ബെയ്‌ലിയുടെ പുതിയ സുഹൃത്ത് അദ്ദേഹത്തോടു തന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും കഥ പങ്കുവെച്ചു. ആ യുവാവു യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും, ചെറുപ്പത്തിൽ തന്നെ ലൈംഗികാതിക്രമത്തിനും അശ്ലീലമാധ്യമത്തിനും വിധേയനായതിനാൽ, തനിക്കു പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ അവനെ അലട്ടിയിരുന്നു. ആശയറ്റ സാഹചര്യത്തിൽ അവൻ സഹായത്തിനായി കരങ്ങൾ നീട്ടി. 

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം തിന്മയുടെ അദൃശ്യ ശക്തികളുമായി യുദ്ധം ചെയ്യുന്നു (2 കൊരിന്ത്യർ 10:3-6). എന്നാൽ നമ്മുടെ ആത്മീയ പോരാട്ടങ്ങളെ നേരിടാൻ നമുക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച്, “കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ” ആണ്‌  (വാ. 4). എന്താണ് അത് അർത്ഥമാക്കുന്നത്? മികച്ച രീതിയിൽ നിർമ്മിച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് “കോട്ടകൾ”. നമ്മുടെ ദൈവദത്തമായ ആയുധങ്ങളിൽ “ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ” (6:7) ഉൾപ്പെടുന്നു. തിരുവെഴുത്തുകൾ, വിശ്വാസം, രക്ഷ, പ്രാർത്ഥന, മറ്റു വിശ്വാസികളുടെ പിന്തുണ എന്നിവ ഉൾപ്പെടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ പട്ടിക എഫെസ്യർ 6:13-18-ൽ വിശദീകരിക്കുന്നു. ഈ യുദ്ധോപകരണങ്ങൾ ശരിയാം വിധം ഉപയോഗിക്കുന്നതു, നമ്മെക്കാൾ വലുതും ബലമേറിയതുമായ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ നാ നിലനിൽക്കുമോ ഇടറിവീഴുമോ എന്നതു തീരുമാനിക്കുന്നു. 

ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത്ര വലിയ ശക്തികളുമായി പോരാടുന്നവരെ സഹായിക്കാൻ ദൈവം ഉപദേശകരെയും മറ്റ് വിദഗ്ധരെയും ഉപയോഗിക്കുന്നു. യേശുവിലൂടെ നാം പോരാടുമ്പോൾ കീഴടങ്ങേണ്ടതില്ല എന്നതാണ് സുവാർത്ത. നമ്മുടെ പക്കൽ ദൈവത്തിന്റെ കവചമുണ്ട്!

 

ദൈവവുമായി മല്ലിപിടിക്കുക

എന്റെ ഭർത്താവിന്റെ മരണശേഷം എന്റെയൊരു ദീർഘകാല സുഹൃത്ത് എനിക്കൊരു കുറിപ്പ് അയച്ചു: “[അലൻ] ദൈവവുമായി മല്ലുപിടിക്കുന്നവനായിരുന്നു. അദ്ദേഹമൊരു യഥാർത്ഥ യാക്കോബ് ആയിരുന്നു. ഞാൻ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ശക്തമായ കാരണവും അദ്ദേഹമാണ്.” അലന്റെ പോരാട്ടങ്ങളെ ഗോത്രപിതാവായ യാക്കോബിന്റെതുമായി താരതമ്യം ചെയ്തുകൊണ്ടു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത് അനുയോജ്യമായിരുന്നു. ജീവിതത്തിലുടനീളം അലൻ തന്നോട് തന്നെ പോരാടുകയും ഉത്തരങ്ങൾക്കായി ദൈവവുമായി മല്ലിടുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നുമുള്ള സത്യങ്ങൾ എപ്പോഴും ഗ്രഹിക്കാൻ അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. അനേകരെ അദ്ദേഹം ക്രിയാത്മകമായി സ്വാധീനിച്ചു.

പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു യാക്കോബിന്റെ ജീവിതമെന്നു വിശേഷിപ്പിക്കാവുന്നതാണ്. തന്റെ സഹോദരനായ ഏശാവിന്റെ ജന്മാവകാശം നേടിയെടുക്കാൻ അവൻ ഗൂഢാലോചന നടത്തി. അവൻ വീട്ടിൽ നിന്ന് ഓടിപ്പോയി, തന്റെ ബന്ധുവും അമ്മായിയപ്പനുമായ ലാബാനുമായി വർഷങ്ങളോളം പോരാടി. പിന്നെ അവൻ ലാബാനെവിട്ടു ഓടിപ്പോയി. അവൻ തനിച്ചായിരുന്നു. ഏശാവിനെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു അവൻ ജീവിച്ചത്. എന്നിട്ടും അവന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ കണ്ടുമുട്ടൽ നടന്നു: “ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു” (ഉല്പത്തി 32:1). ഒരുപക്ഷേ ദൈവത്തിൽ നിന്നുള്ള അവന്റെ മുൻ സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം അത് (28:10-22). അതിനുശേഷം യാക്കോബിനു മറ്റൊരു സമാഗമമുണ്ടായി: അവൻ “ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു” (32:28) അവനെ യിസ്രായേൽ എന്നു പുനർനാമകരണം ചെയ്ത മനുഷ്യരൂപത്തിലുള്ള ദൈവമായ ഒരു “മനുഷ്യനുമായി” രാത്രി മുഴുവൻ അവൻ മല്ലുപിടിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ദൈവം യാക്കോബിനോടുകൂടെയിരുന്നു, അവനെ സ്നേഹിച്ചു.

നമുക്കെല്ലാവർക്കും പോരാട്ടങ്ങളുണ്ട്. എന്നാൽ നാം ഒറ്റയ്ക്കല്ല; ഓരോ പരീക്ഷകളിലും ദൈവം നമ്മോടൊപ്പമുണ്ട്. അവനിൽ വിശ്വസിക്കുന്നവർ സ്നേഹിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും നിത്യജീവൻ അവർക്കു വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു (യോഹന്നാൻ 3:16). നമുക്ക് അവനെ മുറുകെ പിടിക്കാം.

 

നമ്മുടെ സ്വർഗ്ഗസ്ഥ പിതാവിനെ വിളിക്കുക

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ്‌ ഹാരി ട്രൂമാൻ പ്രഖ്യാപിച്ചു മിനിറ്റുകൾക്ക് ശേഷം, മിസോറിയിലെ ഗ്രാൻഡ് വ്യൂവിലുള്ള ഒരു ചെറിയ വീട്ടിൽ ഒരു ഫോൺ റിംഗ് ചെയ്തു. തൊണ്ണൂറ്റി രണ്ട് വയസ്സുള്ള ഒരു സ്ത്രീ കോൾ എടുത്തു. “ഹലോ... അതെ, എനിക്ക് കുഴപ്പമില്ല. അതെ, ഞാൻ റേഡിയോ കേട്ടുകൊണ്ടിരിക്കുകയാണ്... നിനക്ക് ഇപ്പോൾ സാധിക്കുമെങ്കിൽ വന്നു എന്നെ കാണൂ... ഗുഡ്ബൈ” എന്നു ആ വൃദ്ധ പറയുന്നത്  അവരുടെ അതിഥി കേട്ടു. വൃദ്ധ തന്റെ അതിഥിയുടെ അടുത്തേക്ക് മടങ്ങി. “[എന്റെ മകൻ] ഹാരിയായിരുന്നു അത്. ഹാരി ഒരു നല്ല മനുഷ്യനാണ്... അവൻ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്തെങ്കിലും സംഭവം ഉണ്ടായിക്കഴിഞ്ഞ ശേഷം അവൻ എപ്പോഴും എന്നെ വിളിക്കാറുണ്ട്.” 

എന്തുമാത്രം നേട്ടം കൈവരിച്ചാലും, എത്രമാത്രം വയസ്സുചെന്നാലും, മാതാപിതാക്കളെ വിളിക്കാൻ നാം കൊതിക്കുന്നു. “നന്നായി!” എന്നുള്ള അവരുടെ ഉറപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ. അസാമാന്യമായ വിജയം വരിച്ചവരായിരിക്കാം നാമെങ്കിൽപോലും നാം എപ്പോഴും അവരുടെ മകനോ മകളോ ആയിരിക്കും.  

ഖേദകരം എന്നു പറയട്ടെ, എല്ലാവർക്കും തങ്ങളുടെ ഭൗമിക മാതാപിതാക്കളുമായി ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ യേശുവിലൂടെ നമുക്കെല്ലാവർക്കും ദൈവത്തെ നമ്മുടെ പിതാവായി ലഭിക്കും. “പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു” (റോമർ 8:15) എന്നതുമൂലം ക്രിസ്തുവിനെ അനുഗമിക്കുന്ന നമ്മെ ദൈവകുടുംബത്തിലേക്കു കൊണ്ടുവന്നിക്കുന്നു. നാം ഇപ്പോൾ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ” (വാക്യം 17). നാം ദൈവത്തോട് ഒരു അടിമ എന്ന നിലയിലല്ല സംസാരിക്കുന്നത്. പകരം ആശയറ്റ നേരത്ത് യേശു ഉപയോഗിച്ച “അബ്ബാ പിതാവേ” (വാക്യം 15; മര്‍ക്കൊസ് 14:36 നോക്കുക) എന്ന ദൃഢബന്ധത്തെ സൂചിപ്പിക്കുന്ന നാമം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിപ്പോളുണ്ട്.

നിങ്ങൾക്കെന്തെങ്കിലും വാർത്തയുണ്ടോ? നിങ്ങൾക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോ? നിങ്ങളുടെ നിത്യഭവനമായവനെ വിളിക്കുക.

 

ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനം

വേദപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടു ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ യുവജന സംഘത്തെ അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി ദൈവം ഈ അമൂല്യമായ ദാനങ്ങൾ ഉപയോഗിക്കും,” ഞാൻ പറഞ്ഞു. അന്നു രാത്രി, ഏതാനും വിദ്യാർത്ഥികൾ യോഹന്നാന്റെ സുവിശേഷം ഒരുമിച്ചു വായിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ പ്രതിവാര യോഗങ്ങളിൽ അവരെ പഠിപ്പിക്കുമ്പോൾ വീട്ടിൽ വെച്ച് തുടർന്നും തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ സംഘത്തോടു ആവശ്യപ്പെട്ടു. ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളെ ഞാൻ കാണാൻ  ഇടയായി. “താങ്കൾ തന്ന വേദപുസ്തകം ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു,” അവൾ പറഞ്ഞു. അവളുടെ വിശ്വാസം നിറഞ്ഞ ജീവിതത്തിൽ ഞാൻ അതിന്റെ തെളിവുകൾ കണ്ടു.

വേദപുസ്തക വാക്യങ്ങൾ പാരായണം ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും അപ്പുറം ചെയ്യാൻ ദൈവം തന്റെ വ്യക്തികളെ ശക്തീകരിക്കുന്നു. തിരുവെഴുത്തു “പ്രകാരം” ജീവിച്ചുകൊണ്ടു “നടപ്പിനെ നിർമ്മലമാക്കാൻ” അവൻ നമ്മെ പ്രാപ്തരാക്കുന്നു (സങ്കീർത്തനം 119:9). പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മിൽ രൂപാന്തരം വരുത്താൻ തന്റെ മാറ്റമില്ലാത്ത സത്യം ഉപയോഗിക്കുമ്പോൾ നാം അവനെ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു (വാ. 10-11). ദൈവത്തെ അറിയാനും വേദപുസ്തകത്തിൽ അവൻ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനും നമ്മെ സഹായിക്കാനായി ദിവസവും നമുക്കു ദൈവത്തോട് അപേക്ഷിക്കാം (വാ. 12-13).

ദൈവമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ വിലമതിക്കാനാകാത്ത മൂല്യം നാം തിരിച്ചറിയുമ്പോൾ, “സർവ്വസമ്പത്തിലും… ആനന്ദിക്കുന്ന” ഒരുവനെപ്പോലെ അവന്റെ പ്രബോധനത്തിൽ നമുക്ക് “ആനന്ദിക്കാം”  (വാ. 14-15). “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പാടാം. നമ്മെ ശക്തീകരിക്കാനായി പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനമായ വേദപുസ്തകം പ്രാർത്ഥനാപൂർവ്വം വായിക്കുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും.

 

ഒരു ദേശീയ ക്യാമ്പൗട്ട്

അതിവിശാലമായ പശ്ചിമാഫ്രിക്കൻ ആകാശത്തിനും ഞങ്ങൾക്കുമിടയിൽ യാതൊന്നുമില്ലാതെ ഞങ്ങൾ നക്ഷത്രങ്ങൾക്കു കീഴിൽ ഒരിക്കൽ ക്യാമ്പു ചെയ്യുകയുണ്ടായി. വേനൽക്കാലത്ത്‌ ഒരു കൂടാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ തീ നിർണായകമായിരുന്നു. “തീ അണയാൻ ഒരിക്കലും അനുവദിക്കരുത്,” ഒരു വടികൊണ്ടു തടികൾക്കിടയിൽ കുത്തിക്കൊണ്ടു എന്റെ പിതാവു പറഞ്ഞു. തീ വന്യജീവികളെ അകറ്റി നിർത്തും. ദൈവത്തിന്റെ സൃഷ്ടികൾ അത്ഭുതകരമാണെങ്കിലും, നിങ്ങളുടെ ക്യാമ്പ് സൈറ്റിലൂടെ ഒരു പുള്ളിപ്പുലിയോ പാമ്പോ ചുറ്റിത്തിരിയുന്നതു അത്ര നല്ലതായിരിക്കില്ല.

ഘാനയുടെ വടക്കൻ മേഖലയിലേക്കുള്ള ഒരു മിഷനറിയായിരുന്നു എന്റെ പിതാവ്. ഏതൊരു സന്ദർഭവും ഉപദേശത്തിനുള്ള ഒരു നിമിഷമാക്കി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാമ്പിങ്ങും അതിനൊരു അപവാദമായിരുന്നില്ല.

തന്റെ ജനത്തെ ഉപദേശിക്കാനുള്ള ഒരു ഇടമായി ദൈവം ക്യാമ്പൗട്ടുകൾ ഉപയോഗിച്ചു. വർഷത്തിലൊരിക്കൽ, ഒരു ആഴ്ച മുഴുവനും, യിസ്രായേൽമക്കൾ “ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും” (ലേവ്യപുസ്തകം 23:40) കൊണ്ട് നിർമ്മിച്ച കൂടാരങ്ങളിൽ താമസിക്കണം. അതിനു രണ്ട് ഉദ്ദേശ്യമാണുണ്ടായിരുന്നത്. ദൈവം അവരോട് പറഞ്ഞു, “ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം” (വാ. 42-43). എന്നാൽ ആ ചടങ്ങ് ആഘോഷം തന്നെയായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം” (വാക്യം 40).

നിങ്ങളെ സംബന്ധിച്ച് ക്യാമ്പിംഗ് ഒരു രസകരമായ ആശയമായിരിക്കില്ല, എന്നാൽ തന്റെ നന്മയെ ഓർമപ്പെടുത്താനുള്ള സന്തോഷകരമായ മാർഗമായി യിസ്രായേൽമക്കൾക്കായി ദൈവം ഒരാഴ്ചത്തെ ക്യാമ്പൗട്ട് ഏർപ്പെടുത്തി. നമ്മുടെ ആഘോഷദിനങ്ങളുടെ കാതലായ അർത്ഥം നാം എളുപ്പത്തിൽ മറന്നുപോകാറുണ്ട്. നമ്മുടെ ഉത്സവങ്ങൾ നമ്മുടെ സ്നേഹവാനായ ദൈവത്തിന്റെ സ്വഭാവത്തിന്റെ സന്തോഷകരമായ ഓർമ്മപ്പെടുത്തലുകളായിരിക്കാം. അവൻ വിനോദവും സൃഷ്ടിച്ചു.