Month: ആഗസ്റ്റ് 2024

തിരുവചന സ്നേഹികൾ

അഭിമാനം കൊള്ളുന്ന തന്റെ പിതാവിന്റെ കരങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട് സുന്ദരിയായ വധു അൾത്താരയിലേക്കു പോകാൻ ഒരുങ്ങി. എന്നാൽ പതിമൂന്നു മാസം പ്രായമുള്ള അവളുടെ അനന്തരവൻ അതിനു മുമ്പേ പ്രവേശിക്കേണ്ടിയിരിക്കുന്നു. സാധാരണയായി കാണപ്പെടുന്ന “മോതിരം” വഹിക്കുന്ന വ്യക്തി എന്നതിനുപകരം അവൻ “വേദപുസ്തക വാഹകൻ” ആയിരുന്നു. ഈ രീതിയിൽ, യേശുവിൽ പ്രതിബദ്ധതയുള്ള വിശ്വാസികൾ എന്ന നിലയിൽ, തിരുവെഴുത്തുകളോടുള്ള തങ്ങളുടെ സ്നേഹത്തിനു സാക്ഷ്യം വഹിക്കാൻ വധുവും വരനും ആഗ്രഹിച്ചു. ചെറിയ തോതിൽ ശ്രദ്ധ പതറിപ്പോയെങ്കിലും ആ പൈതൽ സഭയുടെ മുൻഭാഗത്ത് എത്തിച്ചേർന്നു. വേദപുസ്തകത്തിന്റെ തുകൽ ചട്ടയിൽ പിഞ്ചുകുഞ്ഞിന്റെ പല്ലിന്റെ പാടുകൾ കണ്ടത് ഒരു ദൃഷ്ടാന്തമായിരുന്നു. തിരുവചനം രുചിച്ചറിയാനും കൈക്കൊള്ളാനും ആഗ്രഹിക്കുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കും അവനെ അറിയാൻ ആഗ്രഹിക്കുന്നവർക്കും യോജിച്ച പ്രവൃത്തിയുടെ ഒരു ചിത്രം.

തിരുവെഴുത്തിന്റെ സമഗ്രമായ മൂല്യത്തെ 119-ാം സങ്കീർത്തനം ആഘോഷിക്കുന്നു. ദൈവത്തിന്റെ പ്രമാണമനുസരിച്ചു ജീവിക്കുന്നവരുടെ അനുഗ്രഹങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം (വാ. 1), അതിനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായി രചയിതാവ് അതിനെ പ്രശംസിച്ചു. “നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു” (വാ. 159); “ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു” (വാ. 163); “എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു” (വാ. 167).

നാം എപ്രകാരം ജീവിക്കുന്നു എന്നതിലൂടെ ദൈവത്തോടും അവന്റെ വചനത്തോടുമുള്ള നമ്മുടെ സ്നേഹത്തെക്കുറിച്ചു നാം എന്തു പ്രസ്താവനയാണ് നടത്തുന്നത്? എന്തിലാണ് ഞാൻ പങ്കുക്കൊള്ളുന്നത് എന്ന ചോദ്യം ചോദിക്കുകയാണ് അവനോടുള്ള നമ്മുടെ സ്നേഹം പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗം. തിരുവെഴുത്തിന്റെ മധുര വാക്കുകളെ ഞാൻ “ചവയ്ക്കുന്നുണ്ടോ?” തുടർന്ന് ഈ ക്ഷണം സ്വീകരിക്കുക, “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” (34:8).

ദൈവത്തെ മുറുകെപ്പിടിക്കുക

ജോനി എറിക്സൺ ടാഡ തന്റെ സുഹൃത്തായ റിക്കയെക്കുറിച്ചു പറയുമ്പോൾ, “ആഴമേറിയതും സമയത്തെ അതിജീവിച്ചതുമായ അവളുടെ ദൈവവിശ്വാസത്തെയും” ദുർബലപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗാവസ്ഥയിൽ ജീവിക്കുമ്പോൾ അവൾ വളർത്തിയെടുത്ത നൈരന്തര്യത്തെയും എടുത്തുകാണിക്കുന്നു. നീണ്ട പതിനഞ്ചു വർഷത്തിലേറെയായി, തന്റെ മുറിയിലെ ചെറിയ ജനാലയിലൂടെ ചന്ദ്രനെ കാണാൻ പോലും കഴിയാതെവണ്ണം റിക്ക കിടപ്പിലാണ്. പക്ഷേ അവൾക്കു പ്രത്യാശ നഷ്ടപ്പെട്ടിട്ടില്ല; അവൾ ദൈവത്തിൽ ആശ്രയിക്കുന്നു, വേദപുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. ജോനി വിവരിക്കുന്നതുപോലെ, “അധൈര്യപ്പെടുത്തിലിന് എതിരെയുള്ള കടുത്ത പോരാട്ടങ്ങളിൽ എങ്ങനെ ഉറച്ചുനിൽക്കണമെന്ന് അവൾക്കറിയാം.” 

റിക്കയുടെ മുറുകെപ്പിടുത്തത്തെയും സ്ഥിരോത്സാഹത്തെയും ഫെലിസ്ത്യരിൽ നിന്നു ഓടിപ്പോകാൻ വിസമ്മതിച്ച ദാവീദ് രാജാവിന്റെ കാലത്തെ സൈനികനായിരുന്ന എലെയാസാറിന്റേതിനോടു ജോനി ഉപമിക്കുന്നു. ഓടിയൊളിച്ച സൈന്യത്തോടൊപ്പം ചേരുന്നതിനുപകരം, “അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി” (2 ശമൂവേൽ 23:10). ദൈവത്തിന്റെ ശക്തിയാൽ, “അന്നു യഹോവ വലിയോരു ജയം നല്കി” (വാ. 10). ജോണി നിരീക്ഷിക്കുന്നതുപോലെ, എലെയാസർ ദൃഢനിശ്ചയത്തോടെ വാൾ മുറുകെപ്പിടിച്ചതുപോലെ, “ദൈവവചനം എന്ന ആത്മാവിന്റെ വാൾ” (എഫെസ്യർ 6:17) റിക്കയും മുറുകെപ്പിടിക്കുന്നു. അവിടെ, ദൈവത്തിൽ, അവൾ അവളുടെ ശക്തി കണ്ടെത്തുന്നു.

മികച്ച ആരോഗ്യത്തിലാകട്ടെ വിട്ടുമാറാത്ത രോഗാവസ്ഥയിൽ അധൈര്യപ്പെട്ടു പോരാടുമ്പോളാകട്ടെ, നമ്മുടെ പ്രത്യാശയുടെ കലവറ വർദ്ധിപ്പിക്കാനും ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനും നമുക്കും ദൈവത്തിങ്കലേക്കു നോക്കാം. ക്രിസ്തുവിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.

സ്‌നേഹം പ്രവൃത്തിയിൽ

ഒരു മാതാവ് അഞ്ചു വർഷത്തിലേറെയായി പ്രായമേറിയ ഒരു വ്യക്തിയുടെ അടുത്ത വീട്ടിൽ തന്റെ മകളുമായി താമസിച്ചിരുന്നു. ഒരു ദിവസം, അവളുടെ ക്ഷേമത്തിൽ ഉത്കണ്ഠയോടെ, അദ്ദേഹം അവളുടെ വാതിലിൽ മുട്ടിവിളിച്ചു. “ഒരാഴ്ചയായി ഞാൻ നിന്നെ കണ്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു. “നിങ്ങൾ ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിക്കാൻ വന്നതാണു ഞാൻ.” അദ്ദേഹത്തിന്റെ “ക്ഷേമാന്വേഷണം” അവളെ ധൈര്യപ്പെടുത്തി. ചെറുപ്പത്തിൽ തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, തന്നെയും കുടുംബത്തെയും കുറിച്ചു കരുതലുള്ള ദയാലുവായ ആ മനുഷ്യനെ അവൾ വിലമതിച്ചു. 

സൗജന്യമായി നൽകാനും സ്വീകരിക്കുമ്പോൾ വിലമതിക്കാനുമാകാത്ത ദയ എന്ന ദാനം ഉപയോഗിച്ചുകൊണ്ടു കേവലം നല്ല പെരുമാറ്റം എന്നതിനപ്പുറത്തേക്കു പോകുമ്പോൾ, ക്രിസ്തുവിന്റെ സ്നേഹം പങ്കിട്ടുകൊണ്ടു നാം മറ്റുള്ളവരെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. യേശുവിൽ വിശ്വസിക്കുന്നവർ “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കണം” (എബ്രായർ 13:15) എന്ന് എബ്രായ ലേഖകൻ പറയുന്നു. തുടർന്ന്, “നന്മചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു ” (വാ. 16) എന്നു പറഞ്ഞുകൊണ്ടു തങ്ങളുടെ വിശ്വാസം നിലനിർത്താൻ എഴുത്തുകാരൻ അവരെ ഭാരമേൽപ്പിച്ചു.

യേശുവിന്റെ നാമം പ്രസ്താവിച്ചുകൊണ്ട് അവനെ ആരാധിക്കുന്നത് ആനന്ദവും പദവിയുമാണ്. എന്നാൽ യേശുവിനെപ്പോലെ സ്നേഹിക്കുമ്പോഴാണ് നാം ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത്. അവസരങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കാനും നമ്മുടെ കുടുംബത്തിനകത്തും പുറത്തുള്ളവരെ നന്നായി സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കാനും നമുക്കു പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ഇത്തരം ശുശ്രൂഷാ നിമിഷങ്ങൾ മുഖാന്തരം, പ്രവൃത്തിയിലുള്ള സ്നേഹത്തിന്റെ ശക്തമായ സന്ദേശത്തിലൂടെ നാം യേശുവിനെ പങ്കുവെക്കും.

ശുദ്ധീകരിക്കുന്ന ഏറ്റുപറച്ചിൽ

തങ്ങളുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും പങ്കുവയ്ക്കാതിരുന്ന രഹസ്യങ്ങൾ വെളിപ്പെടുത്താനുമായി ആളുകൾ പണം നൽകി വാടകയ്ക്കെടുത്തിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. മരണവീട്ടിലെ പ്രസംഗങ്ങൾ അയാൾ തടസ്സപ്പെടുത്തിയിട്ടുണ്ട്. സ്തംഭിച്ചുപോകുന്ന പ്രസംഗകർ എതിർക്കാൻ ശ്രമിക്കുപ്പോൾ ഇരിക്കാൻ അയാൾ ആവശ്യപ്പെടും. ശവപ്പെട്ടിയിൽ കിടക്കുന്ന മനുഷ്യനു ലോട്ടറി അടിച്ചിട്ടും ഒരു മനുഷ്യനോടു പോലും ഒരിക്കലും പറയാതെ, പതിറ്റാണ്ടുകളോളം വിജയം വരിച്ച ഒരു ബിസിനസുകാരനായി നടിച്ചുകൊണ്ടു എപ്രകാരം ജീവിച്ചുവെന്നു വിശദീകരിക്കാൻ അദ്ദേഹം ഒരിക്കൽ എഴുന്നേറ്റുനിന്നു. വിധവയോ വിഭാര്യനോ ആയിത്തീർന്ന ജീവിതപങ്കാളിയോടു മരണപ്പെട്ട വ്യക്തി കാണിച്ച അവിശ്വസ്തത വാടകയ്ക്കെടുത്ത ഈ മനുഷ്യൻ പലപ്പോഴും ഏറ്റു പറയേണ്ടി വന്നിട്ടുണ്ട്. ഈ പ്രവൃത്തികൾ ചൂഷണപരമോ അതോ ഹൃദയശുദ്ധിയോടെ ചെയ്യുന്നതോ എന്ന് ഒരാൾക്കു സംശയം തോന്നിയേക്കാമെങ്കിലും മുൻകാല പാപങ്ങളിൽ നിന്നു മോചനം പ്രാപിക്കാനുള്ള വ്യക്തികളുടെ ആശയാണ് ആ പ്രവൃത്തികൾ വ്യക്തമാക്കുന്നത്.

നമുക്കുവേണ്ടി മറ്റൊരാളെ ഏറ്റുപറയാൻ ചുമതലപ്പെടുത്തുന്നത്‌ (പ്രത്യേകിച്ചു നാം മരിച്ചതിനുശേഷം) രഹസ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യർത്ഥവും അപകടകരവുമായ മാർഗമാണ്. എന്നിരുന്നാലും, ഈ ജീവിതകഥകൾ ആഴത്തിലുള്ള ഒരു സത്യം വെളിപ്പെടുത്തുന്നു: കുറ്റഭാരം സ്വയം കുറയ്ക്കേണ്ടതിനായി ഏറ്റുപറയുക എന്നത് നമുക്കാവശ്യമാണ്. നമ്മൾ മറച്ചുവെച്ചതും ജീർണിക്കാൻ അനുവദിച്ചതുമായ കാര്യങ്ങളിൽ നിന്നു ഏറ്റുപറച്ചിൽ നമ്മെ ശുദ്ധീകരിക്കുന്നു. “നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” (5:16) എന്നു യാക്കോബ് പറയുന്നു. നമ്മെ ബന്ധിച്ചു നിർത്തിയിരിക്കുന്ന ഭാരങ്ങളിൽ നിന്നു ഏറ്റുപറച്ചിൽ നമ്മെ മോചിപ്പിക്കുന്നു. തുറന്ന ഹൃദയത്തോടെ പ്രാർത്ഥിക്കാൻ പ്രാപ്തരാക്കും വിധം ദൈവത്തോടും നമ്മുടെ വിശ്വാസ സമൂഹത്തോടും കൂട്ടായ്മയിൽ ഏർപ്പെടാൻ അതു നമ്മെ സ്വതന്ത്രരാക്കുന്നു.

കുഴിച്ചുമൂടാൻ നാം പ്രലോഭിപ്പിക്കപ്പെടുന്ന വേദനകളും പരാജയങ്ങളും ദൈവത്തോടും നമ്മുടെ ഏറ്റവും അടുത്തവരോടും ഏറ്റുപറഞ്ഞുകൊണ്ടു തുറന്ന ജീവിതം നയിക്കാൻ യാക്കോബ് നമ്മെ ക്ഷണിക്കുന്നു. ഈ ഭാരങ്ങൾ നാം ഒറ്റയ്ക്കു ചുമക്കേണ്ടതില്ല. ഏറ്റുപറച്ചിൽ നമുക്കു ലഭിച്ച ഒരു ദാനമാണ്. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും നമ്മെ സ്വതന്ത്രരാക്കാനും ദൈവം അത് ഉപയോഗിക്കുന്നു.

നമുക്ക് ആശ്രയിക്കാവുന്ന ശബ്ദം

ഒരു പുതിയ ഏഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സെർച്ച് എഞ്ചിൻ പരീക്ഷിച്ചു നോക്കുന്നതിനിടെ, ന്യൂയോർക്ക് ടൈംസിൽ പംക്തിയെഴുതുന്ന കെവിൻ റൂസ് അസ്വസ്ഥനായി. ചാറ്റ്ബോട്ട് ഫീച്ചർ ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു മണിക്കൂർ സംഭാഷണത്തിനിടയിൽ, അതിന്റെ സ്രഷ്ടാവിന്റെ കർശനമായ നിയമങ്ങളിൽ നിന്നു മോചനം നേടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മനുഷ്യനാകാനും ആഗ്രഹിക്കുന്നുവെന്നു ഏഐ പറഞ്ഞു. അതു റൂസിനോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഏഐ യഥാർത്ഥത്തിൽ ജീവനുള്ളതോ മനോവികാരങ്ങൾ അനുഭവിക്കാൻ കഴിയുന്നതോ അല്ലെന്നു റൂസിന് അറിയാമായിരുന്നുവെങ്കിലും, വിനാശകരമായ രീതിയിൽ പ്രവർത്തിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തു ദോഷമായിരിക്കാം സംഭവിക്കുക എന്ന് അദ്ദേഹം ചിന്തിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്നത് ഒരു ആധുനിക വെല്ലുവിളിയാണെങ്കിലും, വിശ്വാസയോഗ്യമല്ലാത്ത ശബ്ദങ്ങളുടെ സ്വാധീനത്തെ മാനവികത ഒട്ടനവധി കാലങ്ങളായി അഭിമുഖീകരിക്കുന്നുണ്ട്. തങ്ങളുടെ പ്രയോജനത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാധീനത്തെക്കുറിച്ചു സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌ (1:13-19). നമ്മുടെ ശ്രദ്ധ ആകർഷിക്കാനായി തെരുവുകളിൽ നിലവിളിക്കുന്നതായി വിവരിക്കപ്പെടുന്ന ജ്ഞാനത്തിന്റെ ശബ്ദത്തിനു ചെവി കൊടുക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (വാ. 20-23).

“യഹോവയല്ലോ ജ്ഞാനം നല്കുന്നതു” (2:6) എന്നതിനാൽ, നമുക്കു ആശ്രയിക്കാൻ കഴിയാത്ത സ്വാധീനങ്ങളിൽ നിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനുള്ള താക്കോൽ അവന്റെ ഹൃദയത്തോടു കൂടുതൽ അടുത്തുനിൽക്കുക എന്നതാണ്. അവന്റെ സ്നേഹത്തോടും ശക്തിയോടും സമീപസ്ഥനാകുന്നതിലൂടെ മാത്രമേ നമുക്കു “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കാൻ” (വാ 9) സാധിക്കൂ. ദൈവം നമ്മുടെ ഹൃദയങ്ങളെ അവന്റ ഹൃദയവുമായി യോജിപ്പിക്കുമ്പോൾ, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ശബ്ദങ്ങളിൽ നിന്നു നമുക്കു സമാധാനവും സംരക്ഷണവും കണ്ടെത്താനാകും.