Month: ആഗസ്റ്റ് 2024

എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ്

എന്തുകൊണ്ടാണ് ഇതെല്ലാം പെട്ടെന്നു സംഭവിക്കുന്നതെന്നു ക്യാരലിനു മനസ്സിലായില്ല. അവളുടെ ജോലി മോശപ്പെട്ട അവസ്ഥയിലായിരിക്കെ, അവളുടെ മകളുടെ കാലിനു സ്കൂളിൽവച്ചു ഒടിവു സംഭവിച്ചു. അതേത്തുടർന്നു മകൾക്കു ഗുരുതരമായ അണുബാധയുമുണ്ടായി. ഇതൊക്കെ അനുഭവിക്കാൻ മാത്രം ഞാൻ എന്തു തെറ്റാണു ചെയ്തത്? ക്യാരൽ സംഭ്രമിച്ചു. അവൾക്കു ആകെ ചെയ്യാൻ കഴിയുന്നതു ദൈവത്തോടു ശക്തിക്കായി അപേക്ഷിക്കുക മാത്രമാണ്.

ക്യാരൽ അനുഭവിച്ചതിനേക്കാൾ അനേകം മടങ്ങു വലിയ ദുരന്തം തന്നെ ബാധിച്ചത് എന്തുകൊണ്ടാണെന്നു ഇയ്യോബിനും അറിയില്ലായിരുന്നു. തന്റെ ആത്മാവിനു വേണ്ടിയുള്ള പ്രാപഞ്ചിക മത്സരത്തെക്കുറിച്ച് അവൻ അറിഞ്ഞിരുന്നതായി സൂചനകളൊന്നുമില്ല. ഇയ്യോബിന്റെ വിശ്വാസത്തെ പരീക്ഷിക്കാൻ സാത്താൻ ആഗ്രഹിച്ചു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടാൽ അവൻ ദൈവത്തിൽ നിന്നു അകന്നുപോകുമെന്നു സാത്താൻ അവകാശപ്പെട്ടു (ഇയ്യോബ് 1:6-12). ദുരന്തമുണ്ടായപ്പോൾ, അവന്റെ പാപങ്ങൾ നിമിത്തമാണ് അവൻ ശിക്ഷിക്കപ്പെടുന്നതെന്നു ഇയ്യോബിന്റെ സുഹൃത്തുക്കൾ ശഠിച്ചു. അതുകൊണ്ടായിരുന്നില്ലെങ്കിലും എന്തുകൊണ്ടാണ് എനിക്കിങ്ങനെ സംഭവിക്കുന്നത് എന്നു അവൻ ചിന്തിച്ചിരിക്കണം? അവൻ അറിയാതെ പോയതെന്തെന്നാൽ, ദൈവം അനുവദിച്ചിട്ടാണ് ഇതു സംഭവിക്കുന്നത് എന്നതായിരുന്നു.

ഇയ്യോബിന്റെ ജീവിതകഥ കഷ്ടതളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള ശക്തമായ ഒരു പാഠം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ വേദനയ്ക്കു പിന്നിലെ കാരണം കണ്ടെത്താൻ നമ്മൾ ശ്രമിച്ചേക്കാമെങ്കിലും നമ്മുടെ ജീവിതകാലത്തു നമുക്കു മനസ്സിലാൻ കഴിയാത്തത്ര വലിയ ഒരു കഥ തിരശ്ശീലയ്ക്കു പിന്നിൽ അരങ്ങേറുന്നുണ്ടായിരിക്കാം.

ഇയ്യോബിനെപ്പോലെ, നമുക്കറിയാവുന്ന ഒരേയോരു കാര്യത്തിൽ നമുക്കും മുറുകെ പിടിക്കാം: എല്ലാം ദൈവത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. പറയാൻ എളുപ്പമുള്ള കാര്യമല്ല ഇതെങ്കിലും, തന്റെ വേദനയുടെ നടുവിലും, ഇയ്യോബ് ദൈവത്തിങ്കലേക്കു നോക്കുകയും അവന്റെ പരമാധികാരത്തിൽ ആശ്രയിക്കുകയും ചെയ്തു: “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). എന്തു സംഭവിച്ചാലും നമുക്കും ദൈവത്തിൽ ആശ്രയിക്കുന്നത് തുടരാം - നമുക്കു മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും.

ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക

മേശയ്ക്കു അരികിലുണ്ടായിരുന്ന രണ്ടു മുഖങ്ങൾ വേറിട്ടു നിന്നു—ഒന്നു കയ്പേറിയ കോപത്താൽ വക്രമായതും മറ്റൊന്നു വൈകാരിക വേദനയിൽ ചുളിവ് വീണതും. ഒരു സ്ത്രീ തന്റെ വിശ്വാസങ്ങളുടെ പേരിൽ മറ്റൊരാളെ അധിക്ഷേപിച്ചപ്പോൾ, പഴയ സുഹൃത്തുക്കളുടെ ആ കൂടിച്ചേരലിൽ ആക്രോശങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മറ്റേ വ്യക്തിയെ അപമാനിച്ചുകൊണ്ടു ആദ്യത്തെ സ്ത്രീ ഭക്ഷണശാലയിൽ നിന്നു ഇറങ്ങിപ്പോകുന്നതു വരെ തർക്കം തുടർന്നുകൊണ്ടിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടം കൊടുക്കാൻ കഴിയാനാവാത്ത ഒരു കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്? രണ്ടുപേർക്കു യോജിക്കാൻ കഴിയാത്തതുകൊണ്ട് അതിലൊന്നു തിന്മയാണെന്ന് അർത്ഥമില്ല. പരുഷമായതോ വഴങ്ങാത്തതോ ആയ സംസാരം ഒരിക്കലും അനുനയിപ്പിക്കാൻ ഉതകുന്നതല്ല. ശക്തമായ വീക്ഷണങ്ങൾ മാന്യതയെയോ അനുകമ്പയെയോ മറികടക്കാനും പാടില്ല.

“അന്യോന്യം ബഹുമാനിക്കുക”, മറ്റുള്ളവരോട് “ഐകമത്യമുള്ളവരായി ജീവിക്കുക” (വാ. 10, 16) എന്നിവയുടെ മഹത്തായ മാർഗ്ഗദർശിയാണ് റോമർ 12. പരസ്പരം നമുക്കുള്ള സ്നേഹമാണ് തന്നിൽ വിശ്വസിക്കുന്നവരെ തിരിച്ചറിയുന്ന സഹായിക്കുന്ന ഒരു സ്വഭാവം എന്നു യേശു സൂചിപ്പിച്ചു (യോഹന്നാൻ 13:35). അഹങ്കാരവും കോപവും നമ്മെ അനായാസം വഴിതെറ്റിക്കാൻ ഇടവരുത്തുന്നു എന്നു മാത്രമല്ല, നാം മറ്റുള്ളവരോടു കാണിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന സ്നേഹത്തിനു അവ നേർ വിപരീതവുമാണ്.

നമ്മുടെ വികാരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ 12:18) എന്ന വചനം, ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മറ്റൊരാളിൽ ആരോപിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നു കാട്ടിതരുന്നു. അവന്റെ നാമം വഹിക്കുന്ന നമ്മിൽ ഓരോരുത്തരിലും ആ ഉത്തരവാദിത്തം നിഷിപ്തമാണ്.

ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്

“അച്ഛാ, എന്റെ സുഹൃത്തിനൊപ്പം എനിക്ക് ഇന്നു രാത്രി ചെലവഴിക്കാമോ?” പരിശീലനം കഴിഞ്ഞു കാറിൽ കയറവേ എന്റെ മകൾ എന്നോടു ചോദിച്ചു. “മോളേ, എന്റെ മറുപടി എന്തായിരിക്കുമെന്നു നിനക്ക് അറിയമല്ലോ,” ഞാൻ പറഞ്ഞു. “ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്. എന്താണു സംഭവിക്കുകയെന്ന് എനിക്കറിയില്ല. നമുക്ക് അമ്മയുമായി സംസാരിക്കാം.”

“ഞാൻ വെറുമൊരു ഡ്രൈവർ മാത്രമാണ്” എന്നതു ഞങ്ങളുടെ ഭവനത്തിലെ ഒരു തമാശയായി മാറിയിരിക്കുന്നു. എവിടെയായിരിക്കണം, എപ്പോൾ, ആരെ, എവിടേക്കു കൊണ്ടുപോകണം തുടങ്ങിയ ചോദ്യങ്ങൾ അടുക്കും ചിട്ടയുമുള്ള എന്റെ ഭാര്യയോട് ഞാൻ ദിവസേന ചോദിക്കാറുണ്ട്. ഒരു ''ടാക്‌സി ഡ്രൈവർ'' എന്ന നിലയിലുള്ള എന്റെ ''അധികജോലി'' കൂടാതെ മൂന്നു കൗമാരക്കാർക്കൊപ്പം ചിലവഴിക്കുന്നത് രണ്ടാമത്തെ ജോലിയായി എനിക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും, എന്താണ് എനിക്കറിയാത്തത് എന്ന് എനിക്കറിയില്ല. അതിനാൽ, എനിക്കു പ്രധാന സമയ സൂക്ഷിപ്പുകാരിയുമായി ചർച്ച ചെയ്യേണ്ടി വരുന്നു. 

നിർദ്ദേശം സ്വീകരിക്കുന്നതിനെക്കുറിച്ചും നൽകുന്നതിനെക്കുറിച്ചും ഗ്രാഹ്യമുള്ള ഒരു മനുഷ്യനെ മത്തായി 8-ൽ യേശു കണ്ടുമുട്ടുന്നുണ്ട്. ഒരു റോമൻ ശതാധിപൻ, തന്റെ കീഴിലുള്ളവർക്കു കൽപ്പനകൾ പുറപ്പെടുവിക്കാൻ തനിക്കു അധികാരമുള്ളതുപോലെ, സുഖപ്പെടുത്താനുള്ള അധികാരം യേശുവിനുണ്ടെന്ന് ഈ മനുഷ്യൻ മനസ്സിലാക്കി. “ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും. ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു” (വാ. 8-9). തന്റെ അധികാരം പ്രവർത്തിയിൽ വരുമ്പോൾ എപ്രകാരം ആയിരിക്കുമെന്നുള്ള അവന്റെ അറിവിൽ അതിശയിച്ച ക്രിസ്തു ആ മനുഷ്യന്റെ വിശ്വാസത്തെ പ്രശംസിച്ചു (വാ. 10,13).

എങ്കിൽ നമ്മെ സംബന്ധിച്ച് എപ്രകാരം അയിരിക്കും? യേശുവിൽ നിന്നുള്ള നമ്മുടെ ദൈനംദിന കർത്തവ്യങ്ങൾ ചെയ്യുവാനായി അവനിൽ ആശ്രയിക്കുന്നത് എങ്ങനെയായിരിക്കും? എന്തുകൊണ്ടെന്നാൽ, നമ്മൾ “വെറുമൊരു ഡ്രൈവർ” ആണെന്നു നമ്മൾ കരുതുന്നുവെങ്കിലും, ഓരോ കർത്തവ്യത്തിനും രാജ്യത്തിന്റേതായ അർത്ഥവും ലക്ഷ്യവും ഉണ്ട്.

ക്രിസ്തുവിൽ പൂർത്തീകരിക്കുന്നരാകുക

തന്റെ കൊച്ചുമകനായ ഏഥനു വേണ്ടി നെയ്തുകൊണ്ടിരുന്ന കമ്പിളിക്കുപ്പായം പൂർത്തിയാക്കുന്നതിനു മുമ്പു ബാർബറ മരിച്ചുപോയി. തങ്ങൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പു ഈ ജീവിതം ഉപേക്ഷിച്ചു പോകേണ്ടിവന്നവരുടെ പ്രിയപ്പെട്ടവരെ സന്നദ്ധ പ്രവർത്തകരായ കരകൗശല വിദഗ്ദ്ധരുമായി - “പൂർത്തികരിക്കുന്നവരുമായി” - ബന്ധിപ്പിക്കുന്ന ഒരു സംഘടന മുഖാന്തരം ആ കമ്പിളിക്കുപ്പായം പൂർത്തികരിക്കുവാൻ ഉത്സുകനായ മറ്റൊരു നെയ്ത്തുകാരന്റെ പക്കൽ ഏല്പിക്കപ്പെട്ടു. ദുഃഖിക്കുന്നവർക്കു സാന്ത്വനമേകിക്കൊണ്ട്, ബാക്കിവച്ചു പോയ ആ ഒരു ജോലി പരിസമാപ്തിയിൽ എത്തിക്കാൻ “പൂർത്തീകരിക്കുന്നവർ” തങ്ങളുടെ സമയവും വൈദഗ്ധ്യവും സ്നേഹപൂർവ്വം നിക്ഷേപിക്കുന്നു.

ഏലീയാവിന്റെ വേലയ്ക്കും ദൈവം ഒരു “പൂർത്തികരിക്കുന്നവനെ” നിയമിച്ചു. ഏകാന്തതയാൽ വലഞ്ഞിരുന്ന പ്രവാചകൻ, യിസ്രായേൽമക്കൾ ദൈവത്തിന്റെ ഉടമ്പടി നിരസിക്കുന്നതിൽ നിരുത്സാഹപ്പെടുകയും ചെയ്തിരുന്നു. മറുപടിയായി, ദൈവം ഏലീയാവിനോടു “എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം” (1 രാജാക്കന്മാർ 19:16) എന്നു നിർദ്ദേശിച്ചു. ദൈവത്തിന്റെ സത്യം പ്രഘോഷിക്കുന്ന വേല ഏലീയാവിന്റെ മരണ ശേഷവും തുടരുമെന്ന് ഇത് ഉറപ്പാക്കി.

ഏലിയാവിന്റെ പിൻഗാമിയായ ദൈവത്തിന്റെ പ്രവാചകനായി ദൈവം തന്നെ വിളിച്ചിരിക്കുന്നതായി എലീശക്കു കാണിച്ചുകൊടുക്കാൻ, ഏലീയാവു “തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു” (വാ. 19). ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ ഒരാളുടെ അധികാരത്തെ സൂചിപ്പിക്കാൻ പ്രവാചകന്റെ പുതപ്പ് ഉപയോഗിച്ചിരുന്നതിനാൽ (2 രാജാക്കന്മാർ 2:8 കാണുക), ഈ പ്രവൃത്തി എലീശായുടെ പ്രവാചക വിളിയെ വ്യക്തമാക്കി.  

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും “[അവന്റെ] സൽഗുണങ്ങളെ ഘോഷിപ്പാനും” (1 പത്രൊസ് 2:9) നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ ദൗത്യം നമുക്കു ശേഷവും തുടരേണ്ടതാകയാൽ, അവൻ ആ കർത്തവ്യത്തെ നിലനിർത്തുമെന്നും അതിനായി “പൂർത്തീകരിക്കുന്നവരെ” വിളിക്കുന്നതു തുടരുമെന്നും നമുക്ക് ഉറപ്പോടെ വിശ്വാസിക്കാൻ സാധിക്കും.

ഒരു പൈതലിന്റെ പ്രത്യാശ

എന്റെ കൊച്ചുമകൾ എലിയാനയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ, ഗ്വാട്ടിമാലയിലെ ഒരു അനാഥാലയത്തെക്കുറിച്ചുള്ള ഒരു വീഡിയോ അവളുടെ സ്കൂളിൽവച്ചു അവൾ കണ്ടു. അവൾ അമ്മയോടു പറഞ്ഞു, “അവരെ സഹായിക്കാൻ നമ്മൾ അവിടെ പോകണം.” അവൾക്കു പ്രായമാകുമ്പോൾ അതിനെക്കുറിച്ചു ചിന്തിക്കാമെന്ന് അവളുടെ അമ്മ മറുപടി നൽകി.

എലിയാന ഒരിക്കലും അതു മറന്നില്ല. അവൾക്കു പത്തു വയസ്സായപ്പോൾ അവളുടെ കുടുംബം ആ അനാഥാലയത്തിൽ സഹായിക്കാനായി പോയി. രണ്ടു വർഷത്തിനു ശേഷം, അവർ അവിടേക്കു തിരികെപ്പോയി. ഇത്തവണ എലിയാനയുടെ സ്കൂളിൽ നിന്നു മറ്റു രണ്ടു കുടുംബങ്ങളെയും അവരോടൊപ്പം കൂട്ടി. എലിയാനയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ, അവളും അവളുടെ പിതാവും വീണ്ടും ഗ്വാട്ടിമാലയിലേക്കു പോവുകയുണ്ടായി.

കൊച്ചുകുട്ടികളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മുതിർന്നവരുടെ പ്രതീക്ഷകളുടെ അത്രയും വില കൊടുക്കേണ്ടതില്ലെന്നു നാം ചിലപ്പോഴൊക്കെ കരുതാറുണ്ട്. എന്നാൽ തിരുവെഴുത്ത് അപ്രകാരമൊയൊരു വേർതിരിവു കാണിക്കുന്നില്ല. ശമൂവേലിന്റെ കാര്യത്തിലെന്നപോലെ ദൈവം കുട്ടികളെ വിളിക്കുന്നു (1 ശമൂവേൽ 3:4). പൈതങ്ങളുടെ വിശ്വാസത്തെ യേശു ആദരിക്കുന്നു (ലൂക്കൊസ് 18:16). “യൗവനം” എന്ന കാരണത്താൽ ചെറുപ്പക്കാരായ വിശ്വാസികളെ വിലകുറച്ചു കാണിക്കാൻ അനുവദിക്കരുതെന്നു പൗലൊസ് പറഞ്ഞു (1 തിമൊഥെയൊസ് 4:12).

അവരുടെ വിശ്വാസം നമുക്കെല്ലാവർക്കും ഒരു മാതൃകയാണെന്നു തിരിച്ചറിയുകയും (മത്തായി 18:3) അവരെ തടസ്സപ്പെടുത്തുന്നതു ക്രിസ്തു മുന്നറിയിപ്പു നൽകിയ ഒന്നാണെന്നു മനസ്സിലാക്കുകയും (ലൂക്കൊസ് 18:15) ചെയ്തുകൊണ്ട്, നമ്മുടെ മക്കളെ വഴി നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു (ആവർത്തനപുസ്തകം 6:6-7; സദൃശവാക്യങ്ങൾ 22:6).

കുട്ടികളിൽ പ്രത്യാശയുടെ അഗ്നിസ്ഫുലിംഗം കാണുമ്പോൾ, മുതിർന്നവരെന്ന നിലയിൽ അതു ജ്വലിപ്പിക്കാൻ സഹായിക്കുകയാണ് നമ്മുടെ കർത്തവ്യം. ദൈവം നമ്മെ വഴികാട്ടുമ്പോൾ, യേശുവിൽ ആശ്രയിക്കുന്ന, അവനുവേണ്ടി ശുശ്രൂഷ ചെയ്യാനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുക.