Month: സെപ്റ്റംബർ 2024

ജ്ഞാനപൂർവ്വമായ സന്തോഷം കണ്ടെത്തുക

മഹാമാരി വിജയിച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു വലിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർക്ക് അങ്ങനെയാണ് തോന്നിയത്. തന്റെ ഏറ്റവും മികച്ച പ്രവർത്തനം എങ്ങനെ കാഴ്ചവയ്ക്കാനാകും? ഒഴിവുസമയങ്ങളിൽ, ചെറിയ സ്നോഫ്ലേക്കുകളുടെ വലുതാക്കിയ ഫോട്ടോകൾ എടുത്തുകൊണ്ട് അദ്ദേഹം വിശ്രമിച്ചു. കേൾക്കുമ്പോൾ “ഭ്രാന്താണെന്നു തോന്നാം,” ഡോക്ടർ പറയുന്നു. എന്നാൽ, ചെറുതെങ്കിലും മനോഹരമായ ഒന്നിൽ സന്തോഷം കണ്ടെത്തുന്നത് “എന്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിക്കാനും കുറച്ച് വ്യക്തികൾ മാത്രം ശ്രദ്ധിക്കാൻ ശ്രമിക്കുന്ന വിധത്തിൽ ലോകത്തെ കാണാനും ഉള്ള അവസരമാണ്.”

സമ്മർദ്ദം ലഘൂകരിക്കാനും പ്രതിരോധശേഷി വളർത്തിയെടുക്കാനുമായി അത്തരം സന്തോഷത്തിനുവേണ്ടി വിവേകപൂർവ്വം തിരയുന്നത് വൈദ്യശാസ്ത്ര തൊഴിലുകളിൽ ഉയർന്ന മൂല്യമുള്ള ഒന്നാണ്, ഡോക്ടർ പറഞ്ഞു. എന്നാൽ എല്ലാവർക്കും വേണ്ടി അദ്ദേഹത്തിന്റെ പക്കൽ ഈ ഉപദേശമുണ്ട്: “നിങ്ങൾ ശ്വാസമെടുക്കണം. ശ്വാസമെടുക്കാനും ജീവിതം ആസ്വദിക്കാനും നിങ്ങൾ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.”

സങ്കീർത്തനക്കാരനായ ദാവീദ് 16-ാം സങ്കീർത്തനത്തിൽ ദൈവത്തിൽ ആനന്ദം കണ്ടെത്തുന്നതിന്റെ ജ്ഞാനം പ്രഖ്യാപിച്ചപ്പോൾ ഈ ചിന്ത പ്രകടിപ്പിച്ചു. “എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു,” അവൻ എഴുതി. “അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.” (വാ. 5, 9).

വിശ്രമത്തിനും വിനോദത്തിനും ശ്രമിക്കുമ്പോൾ വ്യക്തികൾ ചെയ്യുന്ന ബുദ്ധിശൂന്യമായ പല കാര്യങ്ങളുണ്ട്. എന്നാൽ ഈ ഡോക്ടർ വിവേകത്തോടെ ഒരു മാർഗ്ഗം കണ്ടെത്തി - തന്റെ സാന്നിധ്യത്തിന്റെ സന്തോഷം നമുക്ക് പ്രദാനം ചെയ്യുന്ന സ്രഷ്ടാവിലേക്ക് അവനെ നയിക്കുന്ന ഒരു മാർഗ്ഗം. “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;  നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു” (വാക്യം 11). അവനിൽ നാം എന്നെന്നേക്കും ആനന്ദം കണ്ടെത്തും.

ദൈവത്തിന്റെ ക്ഷമാപൂർവ്വമായ സ്നേഹം

സുന്ദരിയായ, മൃദുരോമങ്ങളുള്ള ഞങ്ങളുടെ പൂച്ചയുടെ വയറു തടവിക്കൊണ്ട് അതിനോടൊപ്പം കളിക്കുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം അത് എന്റെ മടിയിൽ കിടന്നുറങ്ങുമ്പോൾ, വർഷങ്ങൾക്കു മുമ്പു ഞങ്ങൾ കണ്ടുമുട്ടിയ അതേ പൂച്ചയാണെന്നു വിശ്വസിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്. തെരുവുകളിൽ ജീവിച്ചിരുന്ന, ഭക്ഷണം ലഭിക്കാതെ ഭാരം കുറവുള്ള, എല്ലാവരേയും ഭയപ്പെട്ട് ജീവിച്ചിരുന്ന ഒന്നായിരുന്നു  എന്റെ വളർത്തു പൂച്ച. എന്നാൽ ദിവസേന ഞാൻ അതിനു ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്രമേണ അതിനു മാറ്റമുണ്ടായി. ഒടുവിൽ ഒരു ദിവസം അതു ലാളിക്കാൻ എന്നെ അനുവദിച്ചു, ബാക്കി ചരിത്രം.

ക്ഷമയും സ്നേഹവും കാട്ടുന്നതിൽ നിന്നു വരുന്ന സുഖപ്പെടുത്തലിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ പൂച്ചയുടെ പരിവർത്തനം. യെശയ്യാവു 42-ൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ ഹൃദയത്തെ അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവന്റെ ആത്മാവിനാൽ നിറഞ്ഞ, വരാനിരിക്കുന്ന ഒരു ദാസനെക്കുറിച്ച് ആ വാക്യം നമ്മോട് പറയുന്നു (വാ. 1). അവൻ അശ്രാന്തമായും “വിശ്വസ്തതയോടെയും” “ഭൂമിയിൽ” ദൈവത്തിന്റെ “ന്യായം” സ്ഥാപിക്കാൻ പരിശ്രമിക്കും (വാക്യം 3-4).

എന്നാൽ ആ ദാസൻ - യേശു (മത്തായി 12:18-20) - അക്രമത്തിലൂടെയോ അധികാരം അടിച്ചേൽപ്പിക്കുന്നതിലൂടെയോ ആയിരിക്കില്ല ദൈവത്തിന്റെ ന്യായം കൊണ്ടുവരിക. പകരം, അവൻ ശാന്തനും സൗമ്യനുമായിരിക്കും (യെശയ്യാവ് 42: 2). മറ്റുള്ളവർ തള്ളിക്കളയുന്നവരെ - “ചതഞ്ഞവരെയും” മുറിവേറ്റവരെയും - ആർദ്രമായും ക്ഷമയോടെയും പരിപാലിക്കുന്നവനായിരിക്കും അവൻ (വാക്യം 3).

ദൈവം തന്റെ മക്കളെ ഒരിക്കലും കൈവിടുകയില്ല. മുറിവേറ്റ നമ്മുടെ ഹൃദയങ്ങളെ, അവ ഒടുവിൽ സുഖപ്പെടാൻ ആരംഭിക്കുന്നതുവരെ പരിചരിക്കാനായി ആവശ്യമായ സമയം അവന്റെ പക്കലുണ്ട്. അവന്റെ സൗമ്യവും ക്ഷമയും നിറഞ്ഞ സ്നേഹത്തിലൂടെ നാം ക്രമേണ ഒരിക്കൽ കൂടി സ്നേഹിക്കാനും വിശ്വസിക്കാനും പഠിക്കുന്നു.

ദൈവകുടുംബത്തിലേക്ക് ഒട്ടിച്ചു ചേർത്തു

ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവിനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജന്മനഗരം സന്ദർശിച്ചപ്പോൾ, അദ്ദേഹം വളർന്ന കുടുംബ ഫാം ഞങ്ങൾ സന്ദർശിച്ചു. വിചിത്രമായ ഒരു കൂട്ടം മരങ്ങൾ ഞാൻ അവിടെ ശ്രദ്ധിക്കാൻ ഇടയായി. കുട്ടിക്കാലത്ത് തനിക്കു കുസൃതി കാണിക്കാൻ തോന്നുമ്പോൾ, ഒരു ഫലവൃക്ഷത്തിൽ നിന്ന് ഒരു ശിഖരമെടുത്ത്, മറ്റൊരു വർഗ്ഗത്തിൽപെട്ട ഫലവൃക്ഷത്തിൽ ഒരു കീറലുണ്ടാക്കി, മുതിർന്നവർ ചെയ്യുന്നതുപോലെ ആദ്യത്തെ ശിഖരം രണ്ടാമത്തെ തടിയിൽ ചേർത്തുകെട്ടുമായിരുന്നുവെന്നു പിതാവു വിശദീകരിച്ചു. ആ മരങ്ങൾ പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായ ഫലം കായ്ക്കാൻ തുടങ്ങുന്നതുവരെ ആ തമാശകൾ ശ്രദ്ധിക്കപ്പെടാതെ പോയി.

എൻഗ്രാഫ്റ്റിങ്ങ് പ്രക്രിയയെക്കുറിച്ച് എന്റെ പിതാവു വിവരിച്ചപ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് ഒട്ടിച്ചുചേർക്കുന്നതിന്റെ അർത്ഥമെന്താണെന്നതിനെപ്പറ്റി എനിക്ക് ഒരു ചിത്രം ലഭിച്ചു. യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവകുടുംബത്തിലേക്ക് അദ്ദേഹത്തെ ഒട്ടിച്ചുചേർത്തതിനാൽ, അന്തരിച്ച എന്റെ പിതാവ് സ്വർഗ്ഗത്തിലാണെന്ന് എനിക്കറിയാം.

ആത്യന്തികമായി സ്വർഗ്ഗത്തിലായിരിക്കുമെന്ന ഉറപ്പു നമുക്കുമുണ്ടായിരിക്കും. ജാതികൾക്ക് അഥവാ യഹൂദരല്ലാത്തവർക്കു തന്നോട് നിരപ്പാകാൻ ദൈവം ഒരു വഴിയൊരുക്കിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസു റോമിലെ വിശ്വാസികളോടു വിശദീകരിച്ചു: “കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു…” (റോമർ 11:17). നാം ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, നമ്മെ അവനുമായി ഒട്ടിച്ചുചേർത്തുകൊണ്ടു ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാക്കിത്തീർക്കുന്നു. “ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും” (യോഹന്നാൻ 15:5).

ഒട്ടിച്ചുചേർക്കപ്പെട്ട മരങ്ങൾ പോലെ, ക്രിസ്തുവിൽ നാം ആശ്രയിക്കുമ്പോൾ, നാം ഒരു പുതിയ സൃഷ്ടിയായിത്തീർന്നു ധാരാളം ഫലം കായ്ക്കും.

ക്രിസ്തുവിൽ പണിയപ്പെട്ടത്

ആഗ്രയിലെ താജ്മഹൽ. ഡൽഹിയിലെ ചെങ്കോട്ട. മൈസൂരിലെ രാജകൊട്ടാരം. മഹാബലിപുരത്തെ ഷോർ ടെമ്പിൾ എന്നിവയെല്ലാം പ്രശസ്തമായ പേരുകളാണ്. ചിലതു മാർബിൾ കൊണ്ടു നിർമ്മിച്ചവയാണ്. മറ്റു ചിലതു ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. വേറെ ചിലതു പാറയിൽനിന്നു വെട്ടിയെടുത്തവയാണ്. മറ്റു ചിലത് സ്വർണ്ണം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ഇവയെല്ലാം ഒരു പൊതു സങ്കേതപദത്തിനു കീഴിലാണു വരുന്നത്. അവയെല്ലാം കെട്ടിടങ്ങളാണ്.

ഗൃഹം അഥവാ കെട്ടിടം എന്നതു വാസ്തവത്തിൽ, യേശുവിൽ വിശ്വസിക്കുന്നവർക്കുള്ള വേദപുസ്തകത്തിലെ പേരുകളിൽ ഒന്നാണ്. “നിങ്ങൾ… ദൈവത്തിന്റെ ഗൃഹനിർമ്മാണം” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി (1 കൊരിന്ത്യർ 3:9). വിശ്വാസികൾക്കു വേറെയും പേരുകളുണ്ട്: “ആട്ടിൻകൂട്ടം” (പ്രവൃത്തികൾ 20:28), “ക്രിസ്തുവിന്റെ ശരീരം” (1 കൊരിന്ത്യർ 12:27), “സഹോദരീ സഹോദരന്മാർ” (1 തെസ്സലൊനീക്യർ 2:14) എന്നിവ കൂടാതെ മറ്റു പലതും.

കെട്ടിട രൂപകം 1 പത്രൊസ് 2:5-ൽ ആവർത്തിക്കുന്നു. പത്രൊസ് സഭയോട് പറയുന്നു, “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി… പണിയപ്പെടുന്നു.” തുടർന്ന്, 6-ാം വാക്യത്തിൽ, “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു” എന്നു യെശയ്യാവ് 28:16-നെ ഉദ്ധരിച്ചുകൊണ്ട് പത്രൊസ് പറയുന്നു. യേശുവാണ് അവന്റെ കെട്ടിടത്തിന്റെ അടിസ്ഥാനം.

സഭ പണിയുക എന്നത് നമ്മുടെ കടമയാണെന്ന ബോധം നമുക്കുണ്ടായേക്കാം. എന്നാൽ, “ഞാൻ എന്റെ സഭയെ പണിയും” (മത്തായി 16:18) എന്നു യേശു പറഞ്ഞിരിക്കുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ” (1 പത്രൊസ് 2:9) ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. നാം ആ സൽഗുണങ്ങൾ ഘോഷിക്കുമ്പോൾ, അവൻ തന്റെ നല്ല പ്രവൃത്തി ചെയ്യുന്ന വേളയിൽ, അവന്റെ കരങ്ങളിലെ ഉപകരണമായി നാം തീരുന്നു.

“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’

മരണത്തോട് അടുക്കുമ്പോൾ പോലും, കൺട്രി മ്യൂസിക് ഇതിഹാസമായ ജോണി കാഷ് തന്റെ സംഗീതം തുടരാനുള്ള നിശ്ചയദാർഢ്യത്തിലായിരുന്നു. അദ്ദേഹത്തിന്റെ അവസാന ആൽബമായ ‘അമേരിക്കൻ VI: എയിന്റ് നോ ഗ്രേവ്’ (“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിലാണു റെക്കോർഡു ചെയ്തത്. ഒരു സ്തുതിഗീതത്തിന്റെ, കാഷിന്റെ പതിപ്പായ ശീർഷക ഗാനത്തിൽ, പുനരുത്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രത്യാശയെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അതു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ അന്ത്യ സമയത്തെ ചിന്തകളിലേക്കുള്ള ഒരു ഉൾക്കാഴ്ച നമുക്കു ലഭിക്കുന്നു. ക്ഷയിച്ചുവരുന്ന ആരോഗ്യത്താൽ ദുർബലമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആഴത്തിലുള്ള ശബ്ദം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യം ആ ഗാനത്തിലൂടെ പ്രഖ്യാപിക്കുന്നു.

ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു എന്ന വസ്തുതയിൽ മാത്രമായിരുന്നില്ല ജോണിയുടെ പ്രത്യാശ. ഒരു ദിനം തന്റെ സ്വന്തം ശരീരവും പുനരുത്ഥാനം പ്രാപിച്ചു താൻ വീണ്ടും ഉയിർക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

അപ്പൊസ്തലനായ പൗലൊസിന്റെ കാലത്തുപോലും വ്യക്തികൾ ഭാവിയിലെ ശാരീരിക പുനരുത്ഥാനത്തെ നിരസിച്ചതിനാൽ ഇതു പ്രമാണീകരിക്കേണ്ട ഒരു പ്രധാന സത്യമാണ്. “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:13) എന്നു പറഞ്ഞുകൊണ്ടു പൗലൊസ് അവരുടെ വാദത്തെ നിശിതമായി വിമർശിച്ചു.

കല്ലറയ്ക്ക്‌ യേശുവിന്റെ ശരീരത്തെ പിടിച്ചുനിർത്താൻ കഴിയാഞ്ഞതുപോലെ, അവൻ ഉയിർത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്ന എല്ലാവരും ഒരു ദിനം “ജീവിപ്പിക്കപ്പെടും” (വാക്യം 22). നമ്മുടെ ഉയിർക്കപ്പെട്ട ശരീരത്തിൽ, ഒരു പുതിയ ഭൂമിയിൽ അവനോടൊപ്പം നാം നിത്യത ആസ്വദിക്കും. പാടാനുള്ള കാരണമാണത്!