സന്തോഷത്തിന്റെ വേഗത
സന്തോഷത്തിന്റെ വേഗതയിൽ നീങ്ങുക. വരാനിരിക്കുന്ന വർഷത്തെക്കുറിച്ചു ഒരു സുപ്രഭാതത്തിൽ പ്രാർഥനാപൂർവ്വം ചിന്തിച്ചപ്പോൾ ഈ വാചകം എന്റെ മനസ്സിലേക്കു വന്നു. എനിക്ക് അത് വളരെ ഉചിതമായി തോന്നി. അമിത ജോലി ചെയ്യാനുള്ള ഒരു പ്രവണത എനിക്ക് ഉണ്ടായിരുന്നു. അതു പലപ്പോഴും എന്റെ സന്തോഷം തല്ലിക്കെടുത്തിയിരുന്നു. അതിനാൽ, ഈ മാർഗ്ഗനിർദ്ദേശം പിന്തുടർന്നുകൊണ്ട്, അടുത്ത വർഷം ആസ്വാദ്യകരമായ ഒരു വേഗതയിൽ പ്രവർത്തിക്കാനും സുഹൃത്തുക്കൾക്കും സന്തോഷകരമായ പ്രവർത്തനങ്ങൾക്കും ഇടം ഒരുക്കാനും ഞാൻ തീരുമാനമെടുത്തു.
ഈ പദ്ധതി മികച്ച രീതിയിൽ പ്രവർത്തിച്ചു… മാർച്ചു വരെ! അക്കാലത്ത്, ഞാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാഠ്യ പദ്ധതിയുടെ കാര്യക്ഷമത പരിശോധിക്കാനുള്ള മേൽനോട്ടം വഹിക്കാൻ ഒരു സർവകലാശാലയുമായി എനിക്കു സഹകരിക്കേണ്ടി വന്നു. വിദ്യാർത്ഥികളെ ചേർക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടി വരുന്നതു മൂലം, താമസിയാതെ തന്നെ ഞാൻ മണക്കൂറുകൾ നീണ്ട ജോലിയിലേക്കു പ്രവേശിച്ചു. ഇനി ഇപ്പോൾ ഞാൻ എങ്ങനെ സന്തോഷത്തിന്റെ വേഗതയിൽ നീങ്ങും?
തന്നിൽ വിശ്വസിക്കുന്നവർക്കു സന്തോഷം യേശു വാഗ്ദാനം ചെയ്യുന്നു. അത് അവന്റെ സ്നേഹത്തിൽ വസിക്കുന്നതിലൂടെയും (യോഹന്നാൻ 15:9) പ്രാർത്ഥനാപൂർവ്വം നമ്മുടെ ആവശ്യങ്ങൾ അവനിലേക്കു കൊണ്ടുചെല്ലുന്നതിലൂടെയും (16:24) ലഭിക്കുന്നു എന്നു അവൻ പറയുന്നു. “എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു” (15:11) എന്ന് അവൻ പറഞ്ഞു. അവന്റെ ആത്മാവിനോപ്പം നാം ചുവടുവെക്കുമ്പോൾ ഈ സന്തോഷം അവന്റെ ആത്മാവിലൂടെയുള്ള ഒരു ദാനമായി വരുന്നു (ഗലാത്യർ 5:22-25). വിശ്രമവും വിശ്വാസവും നിറഞ്ഞ പ്രാർത്ഥനയിൽ ഓരോ രാത്രിയും സമയം ചിലവഴിക്കുമ്പോൾ മാത്രമേ എന്റെ തിരക്കിനിടയിൽ സന്തോഷം നിലനിർത്താനാകൂ എന്നു ഞാൻ മനസ്സിലാക്കി.
സന്തോഷം വളരെ പ്രാധാന്യമുള്ള ഒന്നയതിനാൽ, നമ്മുടെ സമയക്രമത്തിൽ അതിനു മുൻഗണന നൽകുന്നത് അർത്ഥവത്താണ്. എങ്കിലും, ജീവിതം ഒരിക്കലും പൂർണമായി നമ്മുടെ നിയന്ത്രണത്തിലല്ല എന്നതിനാൽ, സന്തോഷത്തിന്റെ മറ്റൊരു ഉറവിടം — പരിശുത്മാവ് — നമുക്കു ലഭ്യമായതിൽ ഞാൻ സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ സന്തോഷത്തിന്റെ വേഗതയിൽ പോകുക എന്നതിനർത്ഥം സന്തോഷദാതാവിൽ നിന്നു അതു സ്വീകരിക്കാൻ സമയം കണ്ടെത്തിക്കൊണ്ടു പ്രാർത്ഥനയുടെ വേഗതയിൽ പോകുക എന്നാണ്.
അച്ചടക്കമുള്ള ഒരു ദൈവീക ജീവിതം
2016 ലെ ജൂണ് മാസമായിരുന്നു അത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനം. തികഞ്ഞ, അചഞ്ചലമായ ശ്രദ്ധയോടുകൂടെ ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന പട്ടാളക്കാരുടെ നീണ്ട നിരകൾക്കു മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവരുടെ വാഹനത്തിൽ നിന്ന്, രാജ്ഞി ജനക്കൂട്ടത്തിനു നേരെ കൈവീശി കാണിച്ചു. ഇംഗ്ലണ്ടിലെ ഒരു ചൂടുള്ള ദിവസമായിരുന്നു അത്. ഗാർഡുകൾ തങ്ങളുടെ പരമ്പരാഗത ഇരുണ്ട കമ്പിളി പാന്റ്സും താടി വരെ ബട്ടണുകളിട്ടു അടുച്ചുപൂട്ടിയ കമ്പിളി ജാക്കറ്റുകളും കൂറ്റൻ കരടി-രോമ തൊപ്പികളും ധരിച്ചിരുന്നു. സൂര്യനു കീഴിൽ കർക്കശമായ വരികളിൽ പട്ടാളക്കാർ നിൽക്കുമ്പോൾ ഒരു ഗാർഡ് തളർന്നു വീഴാൻ തുടങ്ങി. ശ്രദ്ധേയമായി, അവൻ തന്റെ കർശനമായ നിയന്ത്രണം നിലനിർത്തുകൊണ്ടു മുന്നോട്ടു വീണു. മണൽ കലർന്ന ചരലിൽ മുഖം കുത്തി വീണുവെങ്കിലും അവന്റെ ശരീരം ഒരു പലക പോലെ നീണ്ടു നിവർന്നു നിന്നു. എങ്ങനെയൊ അറ്റൻഷൻ ചെയ്തുകൊണ്ടു അവൻ അവിടെ കിടന്നു.
അബോധാവസ്ഥയിൽ വീണുപോകുമ്പോഴും തന്റെ ശരീരം ആയിരിക്കുന്ന അവസ്ഥയിൽ അതേപടി പിടിച്ചുനിർത്താൻ ഈ ഗാർഡിന് കഴിഞ്ഞു. അത്തരമൊരു ആത്മനിയന്ത്രണം സ്വായത്തമാക്കാൻ വർഷങ്ങളോളം നീണ്ട പരിശീലനവും അച്ചടക്കവും അവനു വേണ്ടിവന്നു. അപ്പൊസ്തലനായ പൗലൊസ് അത്തരം അഭ്യസനത്തെ ഇപ്രകാരം വിവരിക്കുന്നു: “എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു” (1 കൊരിന്ത്യർ 9:27). “അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു” (വാ. 25) എന്നു പൗലൊസ് തിരിച്ചറിഞ്ഞു.
ദൈവകൃപ (നമ്മുടെ പ്രയത്നങ്ങളല്ല) നാം ചെയ്യുന്ന എല്ലാറ്റിനെയും താങ്ങിനിർത്തുന്നവെങ്കിലും, നമ്മുടെ ആത്മീയ ജീവിതം കർശനമായ അഭ്യസനം അർഹിക്കുന്നു. നമ്മുടെ മനസ്സിനും ഹൃദയത്തിനും ശരീരത്തിനും അച്ചടക്കം നൽകാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, പരീക്ഷകൾക്കിടയിലും ശ്രദ്ധ വ്യതിചലിക്കുമ്പോഴും അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം പഠിക്കുന്നു.
ലളിതമായ ദയാപ്രവൃത്തികൾ
എന്റെ മാതാവ് ഭൂമിയിലെ തന്റെ അവസാന നാളുകളിലേക്ക് അടുത്തുകൊണ്ടു പരിചരണകേന്ദ്രത്തിലായിരിക്കുമ്പോൾ, പരിചരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ദയ എന്നെ സ്പർശിക്കുവാൻ ഇടയായി. ദുർബ്ബലയായ എന്റെ മാതാവിനെ കസേരയിൽ നിന്നു മെല്ലെ ഉയർത്തി കട്ടിലിൽ കിടത്തിയ ശേഷം, ആ നഴ്സിംഗ് അസിസ്റ്റസ്റ്റന്റ് അമ്മയുടെ തലയിൽ തലോടിക്കൊണ്ട് കുനിഞ്ഞു അടുത്തേക്കുവന്നു പറഞ്ഞു, “അമ്മ വളരെ നല്ലവളാണ്”. അതിനുശേഷം എന്നോട് “എങ്ങനെയുണ്ട്?’’ എന്ന് അവൾ ചോദിച്ചു. അവളുടെ ദയ അന്ന് എന്നെ കണ്ണീരിലാഴ്ത്തി, ഇന്നും അതിനു വ്യത്യാസം സംഭവിച്ചിട്ടില്ല.
അവളുടേതു ദയ നിറഞ്ഞ ലളിതമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ എനിക്കു വേണ്ടത് അതു മാത്രമായിരുന്നു. ഈ സ്ത്രീയുടെ നോട്ടത്തിൽ എന്റെ മാതാവു വെറുമൊരു രോഗി മാത്രമായിരുന്നില്ല എന്നറിഞ്ഞത് ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ എന്നെ സഹായിച്ചു. അത്യന്തം മൂല്യമുള്ള ഒരു വ്യക്തിയായി അവൾ എന്റെ മാതാവിനെ കാണുകയും പരിപാലിക്കുകയും ചെയ്തു.
ഭർത്താക്കന്മാർ നഷ്ടപ്പെട്ടതിനെത്തുടർന്നു നൊവൊമിയും രൂത്തും വ്യസനത്തിൽ ആയിരുന്നപ്പോൾ, കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ മിച്ചം വന്ന ധാന്യം പെറുക്കാൻ അനുവദിച്ചുകൊണ്ടു ബോവസ് രൂത്തിനോടു ദയ കാണിച്ചു. അവളെ തൊടരുതെന്ന് അവൻ ബാല്യക്കാരോട് കല്പിക്കുകയും ചെയ്തു (രൂത്ത് 2:8-9). നൊവൊമിയോടു രൂത്ത് കാണിച്ച കരുതലാണ് ദയ കാണിക്കാൻ അവനെ പ്രേരിപ്പിച്ചത്: “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും… ഞാൻ കേട്ടിരിക്കുന്നു” (വാ. 11). അവൻ അവളെ ഒരു അന്യദേശക്കാരിയോ വിധവയോ ആയിട്ടല്ല, മറിച്ച് ആവശ്യത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയായി കണ്ടു.
നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു” (കൊലൊസ്സ്യർ 3:12) ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇതിനായി ദൈവം നമ്മെ സഹായിക്കുമ്പോൾ, ദയ നിറഞ്ഞ ലളിതമായ നമ്മുടെ പ്രവൃത്തികൾക്കു ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും പ്രത്യാശ പകർന്നു നൽകാനും മറ്റുള്ളവരിൽ ദയ പ്രചോദിപ്പിക്കാനും കഴിയും.
ഒരുമിച്ചു പർവ്വതങ്ങൾ കീഴടക്കുക
“വേഗത്തിൽ പോകണമെങ്കിൽ ഒറ്റയ്ക്കു പോകുക. എന്നാൽ ദൂരെ പോകണമെങ്കിൽ ഒരുമിച്ചു പോകുക.” ഈ പഴഞ്ചൊല്ലിന്റെ ചില വകഭേദങ്ങൾ നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിരിക്കാം. ഇതൊരു മനോഹരമായ ചിന്തയാണ്, അല്ലേ? എന്നാൽ കേവലം മനോഹരമായ കുറച്ചു വാക്കുകളല്ല, മറിച്ചു സത്യമാണെന്നു നമുക്ക് ഉറപ്പുനൽകുന്ന എന്തെങ്കിലും ശക്തമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ടോ?
ഉവ്വ്! വാസ്തവത്തിൽ, ഒറ്റയ്ക്കു നിൽക്കുന്നതിൽ നിന്നു വ്യത്യസ്തമായി മറ്റാരുടെയെങ്കിലും കൂടെ നിൽക്കുമ്പോൾ പർവതങ്ങളുടെ വലുപ്പം വളരെ ചെറുതായി ആളുകൾ കണക്കാക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരും അമേരിക്കൻ ഗവേഷകരും നടത്തിയ അത്തരത്തിലുള്ള ഒരു പഠനം തെളിയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “സാമൂഹിക പിന്തുണ” പ്രധാനമാണ് - അതു നമ്മുടെ മനസ്സിൽ പർവതങ്ങളുടെ വലിപ്പം പോലും ചുരുങ്ങാൻ ഇടയാക്കുന്നു.
യോനാഥാനുമായുള്ള സൗഹൃദത്തിൽനിന്നു അത്തരത്തിലുള്ള പ്രോത്സാഹനം മനോഹരവും പരമാർത്ഥവുമാണെന്നു ദാവീദ് മനസ്സിലാക്കി. ശൗൽ രാജാവിന്റെ അസൂയ നിറഞ്ഞ കോപം ദാവീദിന്റെ ജീവിതകഥയിൽ തന്റെ ജീവനു ഭീഷണയാകും വിധം അതിജീവിക്കാൻ കഴിയാത്ത ഒരു പർവതം പോലെയായിരുന്നു (1 ശമൂവേൽ 19:9-18 കാണുക). ഏതെങ്കിലും തരത്തിലുള്ള പിന്തുണയില്ലെങ്കിൽ - ഈ സാഹചര്യത്തിൽ അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ - കഥ വളരെ വ്യത്യസ്തമാകുമായിരുന്നു. എന്നാൽ യോനാഥാൻ, “തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു” (20:34). അവൻ തന്റെ സുഹൃത്തിനൊപ്പം നിലകൊണ്ടു. “അവനെ എന്തിന്നു കൊല്ലുന്നു?” (വാ. 32) എന്നു യോനാഥാൻ ചോദിച്ചു. ദൈവനിശ്ചയ പ്രകാരമുള്ള അവരുടെ സൗഹൃദം ദാവീദിനെ താങ്ങിനിറുത്തി, അവനെ യിസ്രായേലിന്റെ രാജാവാകാൻ അനുവദിച്ചു.
നമ്മുടെ സൗഹൃദങ്ങൾ പ്രധാനമാണ്. ദൈവം അതിന്റെ കേന്ദ്രത്തിൽ ആയിരിക്കുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു പരസ്പരം പ്രേരിപ്പിക്കാൻ സാധിക്കും.
ഹാനികരമായ വഴിയിൽ
എന്റെ പ്രഭാത നടത്തത്തിൽ, തെറ്റായ ദിശയിലേക്കു തിരിച്ചു ഒരു വാഹനം റോഡിൽ നിർത്തിയിട്ടിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. താൻ ഉറങ്ങിപ്പോയതിനാലും മദ്യലഹരിയിലായിരുന്നതിനാലും തനിക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ചു വാഹന ഉടമ ബോധവതിയല്ലായിരുന്നു. അപകടകരമായ സാഹചര്യമായിരുന്നു അത്, എനിക്ക് പ്രവർത്തിക്കേണ്ടി വന്നു. എനിക്കു ഡ്രൈവർ സീറ്റിൽ കയറാൻ കഴിയും വിധം അവളെ ഉണർത്തി കാറിന്റെ പാസഞ്ചർ സൈഡിലേക്കു മാറ്റിയിരുത്തിയ ശേഷം, ഞാൻ അവളെ സുരക്ഷിതമായ സ്ഥലത്തേക്കു ഓടിച്ചുകൊണ്ടുപോയി.
നാം നേരിടുന്ന ഒരേയൊരു ഹാനി ശാരീരിക അപകടം മാത്രമല്ല. “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ” ലൗകിക ജ്ഞാനികളും നിപുണരുമായ അഥേനയിലെ ജനങ്ങളെ ആത്മീയ അപകടത്തിൽ കണ്ടപ്പോൾ പൗലൊസിന്റെ “മനസ്സിന്നു ചൂടുപിടിച്ചു” (പ്രവൃത്തികൾ 17:16). ക്രിസ്തുവിനെ പരിഗണിക്കുന്നതിൽ പരാജയപ്പെട്ട ആശയങ്ങളുമായി ഉല്ലസിക്കുന്നവരോട് അപ്പൊസ്തലന്റെ സഹജമായ പ്രതികരണം, യേശുവിലൂടെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പങ്കുവെക്കുക എന്നതായിരുന്നു (വാ. 18, 30-31). കേട്ടവരിൽ ചിലർ വിശ്വസിച്ചു (വാ. 34).
ക്രിസ്തുവിലുള്ള വിശ്വാസത്തിനു വെളിയിൽ പരമമായ അർത്ഥം തേടുന്നത് അപകടകരമാണ്. യേശുവിൽ പാപമോചനവും യഥാർത്ഥ സഫലീകരണവും കണ്ടെത്തിയവർ ഒന്നിലേക്കും നയിക്കാത്ത യത്നങ്ങളിൽ നിന്നു രക്ഷിക്കപ്പെടുകയും അവർക്കു നിരപ്പിന്റെ സന്ദേശം നൽകപ്പെടുകയും ചെയ്തു (2 കൊരിന്ത്യർ 5:18-21 കാണുക). ഈ ജീവിതത്തിന്റെ ലഹരിയിൽ അകപ്പെട്ടിരിക്കുന്നവരുമായി യേശുവിന്റെ സുവാർത്ത പങ്കുവെക്കുന്നത്, മനുഷ്യരെ ഹാനികരമായ വഴിയിൽ നിന്നു തട്ടിമാറ്റാൻ ഇപ്പോഴും ദൈവം ഉപയോഗിക്കുന്ന മാർഗമാണ്.