Month: നവംബർ 2024

അനുസരണം ഒരു തിരഞ്ഞെടുപ്പാണ്

നെതർലൻഡ്സിലെ ശൈത്യകാലത്ത് വളരെ അപൂർവമായേ മഞ്ഞുവീഴ്ച സംഭവിക്കാറുള്ളൂ. പക്ഷേ കനാലുകൾ തണുത്തുറഞ്ഞുപോകും വിധം ശൈത്യം കഠിനപ്പെടാറുണ്ട്. എന്റെ ഭർത്താവ് ടോം അവിടെ വളർന്നുവന്ന കാലത്ത്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരു നിയമം വച്ചിരുന്നു: “കുതിരയുടെ ഭാരം താങ്ങാൻ തക്ക കട്ടിയാകുന്നതുവരെ മഞ്ഞുപാളിയിൽ നിന്ന് അകന്നു നിൽക്കുക.” കുതിരകൾ തങ്ങളുടെ സാന്നിധ്യത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കുമെന്നതിനാൽ, ടോമും സുഹൃത്തുക്കളും റോഡിൽ നിന്ന് കുറച്ച് കുതിരചാണകം നീക്കം ചെയ്യാൻ  തീരുമാനിച്ചു. അവർ അത് നേർത്ത മഞ്ഞുപാളിയിൽ എറിഞ്ഞുകൊണ്ടു പാളിയുടെ ഉപരിതലത്തിലേക്ക് നീങ്ങി. അവർക്ക് ഒരു ദോഷവും സംഭവിച്ചില്ല. അവർ അങ്ങനെ ചെയ്യുന്നത് ആരും കണ്ടുപിടിച്ചുമില്ല. എന്നാൽ തങ്ങൾ അനുസരണക്കേടു കാണിക്കുകയാണെന്നു ഹൃദയത്തിൽ അവർക്ക് അറിയാമായിരുന്നു.

എല്ലായ്പ്പോഴും സ്വാഭാവികമായി വരുന്ന ഒന്നല്ല അനുസരണം. കടമ ബോധത്തിൽ നിന്നോ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിൽ നിന്നോ ഉണ്ടാകാന്നതാണ്  അനുസരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ്. എന്നാൽ നമ്മുടെമേൽ അധികാരമുള്ളവരോടുള്ള സ്നേഹവും ആദരവും നിമിത്തം നമുക്കു അനുസരിക്കാനായി തീരുമാനിക്കാവുന്നതാണ്.

“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും… എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല” (വാ. 23-24) എന്നു യോഹന്നാൻ 14-ൽ പറഞ്ഞുകൊണ്ടു യേശു തന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തു. അനുസരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള ഒരു തിരഞ്ഞെടുപ്പല്ല. എന്നാൽ, നമ്മുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിന്റെ ശക്തി അവനെ അനുസരിക്കാനുള്ള ആഗ്രഹവും കഴിവും നൽകുന്നു (വാ. 15-17). അവൻ പ്രാപ്തനാക്കുന്നതു മുഖാന്തരം, നമ്മെ ഏറ്റവും സ്നേഹിക്കുന്നവന്റെ കൽപ്പനകൾ തുടർന്നും പിന്തുടരാൻ നമുക്ക് കഴിയും-ശിക്ഷയെ ഭയന്നല്ല, മറിച്ച് സ്നേഹത്താൽ.

ആത്മീയ ക്ഷമത

വ്യായാമ കേന്ദ്രത്തിലെ ഒരു പതിവു സന്ദർശകനായിരുന്നു ട്രെ. അത് അവന്റെ ശരീരത്തിൽ കാണാനുമുണ്ടായിരുന്നു. അവന്റെ തോളുകൾ വിശാലവും അവന്റെ പേശികൾ ഉറച്ചതും അവന്റെ കൈകൾ എകദേശം എന്റെ തുടകളുടെ അത്രയും തന്നെ വലുപ്പമുള്ളവയും ആയിരുന്നു. അവന്റെ ശാരീരികാവസ്ഥ എന്നെ അവനുമായി  ഒരു ആത്മീയ സംഭാഷണത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. ശാരീരിക ക്ഷമതയോടുള്ള അവന്റെ പ്രതിബദ്ധത ഏതെങ്കിലും വിധത്തിൽ ദൈവവുമായുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നു ഞാൻ അവനോടു ചോദിച്ചു. ഞങ്ങൾ കൂടുതൽ ആഴത്തിലേക്കു പോയില്ലെങ്കിലും, “തന്റെ ജീവിതത്തിൽ ദൈവത്തെ” ട്രെ അംഗീകരിച്ചു. നൂറ്റിഎണ്‍പതു കിലോ ഭാരമുള്ള, കാഴ്ചയ്ക്കു യോഗ്യനല്ലാത്ത, അനാരോഗ്യവാനായ തന്റെ ഒരു പതിപ്പിന്റെ ചിത്രം കാണിക്കാൻ അവൻ തയ്യാറാകും വിധം ഞങ്ങൾ വളരെനേരം സംസാരിച്ചു. അവന്റെ  ജീവിതശൈലിയിലെ മാറ്റം ശാരീരികമായി അത്ഭുതങ്ങൾ സൃഷ്ടിച്ചു.

1 തിമൊഥെയൊസ് 4:6-10 ൽ, ശാരീരികവും ആത്മീയവുമായ അഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു” (വാ. 7-8). ബാഹ്യമായ കായികക്ഷമത ദൈവവുമായുള്ള നമ്മുടെ പദവിയിൽ മാറ്റം വരുത്തുന്നില്ല. നമ്മുടെ ആത്മീയ ക്ഷമത ഹൃദയത്തിന്റെ കാര്യമാണ്. നമുക്ക് പാപമോചനം ലഭ്യമാക്കുന്ന യേശുവിൽ വിശ്വസിക്കാനുള്ള തീരുമാനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആ നിമിഷം മുതൽ, ദൈവഭക്തിക്കു തക്കവണ്ണമുള്ള ജീവിതത്തിനായുള്ള പരിശീലനം ആരംഭിക്കുന്നു. ഇതിൽ “വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു” (വാ. 6).  ദൈവത്തിന്റെ ശക്തിയാൽ നമ്മുടെ സ്വർഗീയ പിതാവിന് ആദരവുളവാക്കുന്ന ഒരു ജീവിതം നയിക്കുന്നത് ഉൾപ്പെടുന്നു.

സഹായം എത്തിക്കുക

ഹീതർ തന്റെ ജോലിയുടെ ഭാഗമായി ടിമ്മിന്റെ വീട്ടിൽ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോൾ, ഭക്ഷണ സഞ്ചിയുടെ കെട്ടഴിക്കാൻ സഹായിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടിമ്മിന്  മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. അതിനാൽ അവനു സ്വയം കെട്ടഴിക്കാൻ കഴിയില്ലായിരുന്നു. ഹീതർ സന്തോഷത്തോടെ അതു ചെയ്തുകൊടുത്തു. അന്നത്തെ ദിവസം മുഴുവൻ, ഹീതറിന്റെ ചിന്തകൾ ടിമ്മിലേക്ക് ഇടയ്ക്കിടെ മടങ്ങിപ്പോയി. അവനുവേണ്ടി ഒരു കെയർ പാക്കേജ് ഒരുക്കാൻ അത് അവളെ പ്രചോദിപ്പിച്ചു. അവൾ വച്ചിട്ടുപോയ ധൈര്യപ്പെടുത്തുന്ന ഒരു കുറിപ്പിനോടൊപ്പമുള്ള ചൂടുകാപ്പിയും ചുവന്ന കമ്പിളിയും തന്റെ വാതിൽപ്പടിയിൽ കണ്ടപ്പോൾ, അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

ഹീതർ എത്തിച്ചുകൊടുത്ത വസ്തുക്കൾക്ക് അവൾ ആദ്യം പ്രതീക്ഷിച്ചതിലും വളരെയധികം പ്രാധാന്യം ടിമ്മിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. യിസ്രായേല്യരെ “ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി”യപ്പോൾ (1 ശമൂവേൽ 17:2), സഹോദരന്മാർക്കുള്ള ഭക്ഷണവുമായി യിശ്ശായി തന്റെ ഇളയ മകനായ ദാവിദിനെ അയച്ചപ്പോഴും ഇതുതന്നെയായിരുന്നു സംഭവിച്ചത്. അപ്പവും മലരുമായി ദാവിദ് എത്തിയപ്പോൾ, ദിവസേനയുള്ള തന്റെ പരിഹാസത്തിലൂടെ ഗൊല്യാത്ത് ദൈവജനത്തിൽ ഭയം ഉളവാക്കുന്നതായി അവൻ മനസ്സിലാക്കി (വാ. 8-10, 16, 24). “ജീവനുള്ള ദൈവത്തിന്റെ സേനകളെ” (വാ. 26) ഗൊല്യാത്ത് നിന്ദിച്ചത് ദാവീദിനെ പ്രകോപിപ്പിച്ചു. “ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും”  (വാ. 32) എന്ന് ശൗൽ രാജാവിനോടു പറയാൻ ആ നിന്ദ അവനെ പ്രേരിപ്പിച്ചു.

ചിലപ്പോഴൊക്കെ, നമ്മെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്ന ഇടങ്ങളിൽ നമ്മെ എത്തിക്കാൻ നമ്മുടെ ദൈനംദിന ജീവിതസാഹചര്യങ്ങൾ അവൻ ഉപയോഗിക്കുന്നു. നാം ആരെയെങ്കിലും എവിടെ, എങ്ങനെ ശുശ്രൂഷിക്കണമെന്ന് അവൻ ആഗ്രഹിച്ചേക്കാമെന്ന് കാണാൻ നമുക്ക് നമ്മുടെ കണ്ണുകളും (ഹൃദയങ്ങളും!) തുറന്നുവയ്ക്കാം.

ജീവനെ തിരഞ്ഞെടുക്കുക

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു കുടുംബത്തിലാണ് നെയ്ഥൻ വളർന്നുവന്നത്. എന്നാൽ ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്റെ കുട്ടിക്കാലത്തെ വിശ്വാസത്തിൽ നിന്ന് മദ്യപാനവും പാർട്ടിയും പോലുള്ള കാര്യങ്ങളിലേക്ക് അവൻ വഴിതെറ്റാൻ പോകാൻ തുടങ്ങി. “എനിക്ക് അർഹതയില്ലാത്തപ്പോൾ ദൈവം എന്നെ അവനിലേക്ക് തിരികെ കൊണ്ടുവന്നു,” അവൻ പറഞ്ഞു. കാലങ്ങൾക്കു ശേഷം, പ്രധാന നഗരങ്ങളിലെ തെരുവുകളിൽ അപരിചിതരുമായി യേശുവിനെ പങ്കിടാൻ നെയ്ഥൻ ഒരു വേനൽക്കാലം ചെലവഴിച്ചു. ഇപ്പോൾ തന്റെ സഭയിൽ യുവജന ശുശ്രൂഷയിൽ പഠനം പൂർത്തിയാക്കുകയാണ് അവൻ. ക്രിസ്തുവിനുവേണ്ടി ജീവിക്കാതെ സമയം പാഴാക്കുന്ന യുവാക്കളെ ഇതിൽ നിന്നു പിന്തിരിയാൻ സഹായിക്കുക എന്നതാണ് നെയ്ഥന്റെ ലക്ഷ്യം.

നെയ്ഥനെപ്പോലെ, യിസ്രായേല്യ നേതാവായ മോശയ്ക്കും അടുത്ത തലമുറയ്ക്കുവേണ്ടി കരുതലുണ്ടായിരുന്നു. താൻ ഉടൻ നേതൃത്വം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട്, മോശെ ദൈവത്തിന്റെ നല്ല നിയമങ്ങൾ ജനങ്ങൾക്ക് പകർന്നുനൽകി. തുടർന്ന് അനുസരണത്തിന്റെയോ അനുസരണക്കേടിന്റെയോ ഫലങ്ങൾ പട്ടികപ്പെടുത്തി: അനുസരണത്തിന് അനുഗ്രഹവും ജീവനും. അനുസരണക്കേടിന് ശാപവും മരണവും. “അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും… ജീവനെ തിരഞ്ഞെടുത്തുകൊൾക” അവൻ അവരോടു പറഞ്ഞു, “അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു” (ആവർത്തനപുസ്തകം 30:19-20). “അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്ക” (വാ. 20) എന്നു പറഞ്ഞുകൊണ്ടു ദൈവത്തെ സ്നേഹിക്കാൻ മോശ അവരെ പ്രോത്സാഹിപ്പിച്ചു. 

പാപം തിരഞ്ഞെടുക്കുന്നത് അതിന്റെ അനന്തരഫലങ്ങളും കൊണ്ടുവരുന്നു. എന്നാൽ നാം നമ്മുടെ ജീവിതം വീണ്ടും ദൈവത്തിനു സമർപ്പിക്കുമ്പോൾ, അവൻ തീർച്ചയായും മനസ്സലിഞ്ഞു  (വാ. 2-3) നമ്മെ കൂട്ടിച്ചേർക്കും (വാ. 4). യിസ്രായേൽ ജനത്തിന്റെ ചരിത്രത്തിലുടനീളം ഈ വാഗ്ദത്തം നിറവേറ്റപ്പെട്ടു. മാത്രമല്ല നമ്മെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രൂശിലെ യേശുവിന്റെ അവസാന പ്രവൃത്തിയിലൂടെയും അതു നിറവേറ്റപ്പെട്ടു. നമുക്കും ഇന്ന് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ട്. ജീവൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യ നമുക്കുണ്ട്.

പ്രാർത്ഥനയിൽ ഉറ്റിരിക്കുക

റൊട്ടി മോഷ്ടിക്കുന്നുവെന്ന് സൂപ്പർവൈസർ ആരോപിച്ചപ്പോൾ ബേക്കിംഗ് അസിസ്റ്റന്റായ മിലയ്ക്കു സ്വയം പ്രതിരോധിക്കാൻ കഴിയാത്തവിധം നിസ്സഹായയായി തോന്നി. അടിസ്ഥാനരഹിതമായ വാദവും അതിനെത്തുടർന്നുണ്ടായ ശമ്പള കിഴിവും അവളുടെ സൂപ്പർവൈസറിൽ നിന്നുള്ള തെറ്റായ നടപടികളിൽ രണ്ടെണ്ണം മാത്രമായിരുന്നു. “ദൈവമേ, കരുണതോന്നി എന്നെ സഹായിക്കേണമേ,” മില എല്ലാ ദിവസവും പ്രാർത്ഥിച്ചു. “അവളുടെ കീഴിൽ ജോലി ചെയ്യുക എന്നത് വളരെ ക്ലേശകരമാണ്, പക്ഷേ എനിക്ക് ഈ ജോലി ആവശ്യമാണ്.”

“[അവളുടെ] പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ” (ലൂക്കൊസ് 18:3) എന്ന് അപേക്ഷിച്ച നിസ്സഹായ അവസ്ഥയിലുള്ള ഒരു വിധവയെക്കുറിച്ച് യേശു പറയുന്നു. അവളുടെ വ്യവഹാരം പരിഹരിക്കാൻ അധികാരമുള്ള ഒരാളിലേക്ക് അവൾ തിരിഞ്ഞു - ഒരു ന്യായാധിപനിലേക്ക്. ന്യായാധിപൻ അനീതിയുള്ളവനാണെന്ന് അറിഞ്ഞിട്ടും അവൾ അവനെ സമീപിക്കുന്നതിൽ ഉറച്ചുനിന്നു.

ന്യായാധിപന്റെ അന്തിമ പ്രതികരണം (വാ. 4-5) നമ്മുടെ സ്വർഗീയ പിതാവിൽ നിന്നു ലഭിക്കുന്നതിൽ നിന്നും അനന്തമായി വ്യത്യസ്തമാണ്. അവൻ സ്നേഹത്തോടും സഹായത്തോടും വേഗത്തിൽ പ്രതികരിക്കുന്നു (വാ. 7). അന്യായക്കാരനായ ഒരു ന്യായാധിപൻ ഒരു വിധവയുടെ വ്യവഹാരം അവളുടെ സ്ഥിരോത്സാഹം മൂലം പരിഗണിക്കാൻ ഇടയായാൽ, നീതിമാനായ ന്യായാധിപനായ ദൈവത്തിനു നമുക്കുവേണ്ടി എത്രയധികം ചെയ്യാൻ കഴിയും (വാ. 7-8)? “തന്റെ വൃതന്മാരുടെ കാര്യത്തിൽ… പ്രതിക്രിയ നടത്തി” രക്ഷിക്കുമെന്ന് നമുക്ക് അവനിൽ വിശ്വസിക്കാം (വാ. 7). പ്രാർത്ഥിക്കുന്നതിൽ സ്ഥിരത പുലർത്തുന്നത് അവനിലുള്ള നമ്മുടെ ആശ്രയം കാണിക്കുന്നതിനുള്ള ഒരു മാർഗമാണ്. നമ്മുടെ സാഹചര്യത്തോട് ദൈവം പരിപൂർണ്ണ ജ്ഞാനത്തിൽ പ്രതികരിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് നാം ഉറച്ചുനിൽക്കുന്നത്. 

ഒടുവിൽ, മിലയുടെ സൂപ്പർവൈസറിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് ജീവനക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് സൂപ്പർവൈസർക്കു രാജിവയ്ക്കേണ്ടി വന്നു. നാം ദൈവത്തെ അനുസരിച്ചു നടക്കുമ്പോൾ, നമ്മെ കേൾക്കുകയും സഹായിക്കുകയും ചെയ്യുന്നവനിലാണ് നമ്മുടെ പ്രാർത്ഥനയുടെ ശക്തിയെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാം.