Month: നവംബർ 2024

നമ്മുടെ വിശ്വസ്തനായ പിതാവ്

ചിരിച്ചുകൊണ്ടിരിക്കുന്ന, പിച്ചവയ്ക്കാൻ മാത്രം പ്രായമുള്ള കുഞ്ഞു ക്സറിയാനെ ആറടി മൂന്നിഞ്ച് ഉയരമുള്ള എന്റെ മകൻ സേവ്യർ അനായാസം വായുവിലേക്ക് എടുത്തുയർത്തി. അവൻ തന്റെ വലിയ കൈ കുഞ്ഞിന്റെ ചെറിയ പാദങ്ങളിൽ ചുറ്റിക്കൊണ്ടു കൈപ്പത്തിയിൽ ഉറപ്പിച്ചുപിടിച്ചു. തന്റെ നീണ്ട കൈ നീട്ടി, സ്വന്തം നിലയിൽ ബാലൻസ് ചെയ്യാൻ കുഞ്ഞിനെ അവൻ പ്രോത്സാഹിപ്പിച്ചുവെങ്കിലും ആവശ്യമെങ്കിൽ അവനെ പിടിച്ചുനിർത്താനായി സ്വതന്ത്രമായ തന്റെ മറ്റെ കൈ തയ്യാറാക്കിവച്ചു. ക്സറിയാൻ തന്റെ കാലുകൾ നേരെയാക്കി നവർന്നുനിന്നു. വിടർന്ന പുഞ്ചിരിയോടെ കൈകൾ ശരീരത്തോടു ചേർത്തുവച്ചു കൊണ്ട് അവൻ തന്റെ പിതാവിന്റെ കണ്ണുകളിൽ നോക്കിനിന്നു.

നമ്മുടെ സ്വർഗീയ പിതാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ പ്രവാചകനായ യെശയ്യാവു പ്രഖ്യാപിച്ചു: “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാ വ്‌ 26:3). തിരുവെഴുത്തുകളിൽ അവനെ അന്വേഷിക്കാനും പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും അവനുമായി ബന്ധം സ്ഥാപിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കാൻ അവൻ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. പിതാവുമായുള്ള തങ്ങളുടെ സ്ഥാപിത കൂട്ടായ്മയിലൂടെ വളർത്തിയെടുക്കപ്പെട്ട ആത്മവിശ്വാസം നിറഞ്ഞ ആശ്രയത്വം വിശ്വസ്തരായ ഇവർ അനുഭവിച്ചറിയും.

ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയിൽ, നമുക്ക് ധൈര്യത്തോടെ പറയാം: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4). എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് വിശ്വസ്തനാണ്. തിരുവെഴുത്തുകൾക്കും അവനും ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.

നമ്മുടെ സ്വർഗീയ പിതാവിൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുമ്പോൾ, അവൻ നമ്മുടെ പാദങ്ങൾ അവന്റെ കരങ്ങളിൽ ഉറപ്പിച്ചു നിർത്തും. അവൻ എന്നേക്കും സ്നേഹമുള്ളവനും വിശ്വസ്തനും നല്ലവനുമായി തുടരുമെന്നു നമുക്ക് ഉറപ്പിക്കാൻ സാധിക്കും!

നന്മയ്ക്കായി ദൈവത്തെ സേവിക്കുക

ഒരു പുതിയ നഗരത്തിലേക്ക് താമസം മാറ്റിയ ഉടനെതന്നെ മിഥുൽ ആരാധനയ്ക്കു പോകാൻ കഴിയുന്ന ഒരു സഭ കണ്ടെത്തി. ഏതാനും ആഴ്ചകൾ അദ്ദേഹം ശുശ്രൂഷകളിൽ പങ്കെടുത്തു. തുടർന്ന്, ആവശ്യമായ ഏതെങ്കിലും വിധത്തിൽ ശുശ്രൂഷിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഒരു ഞായറാഴ്ച അദ്ദേഹം പാസ്റ്ററോട് സംസാരിച്ചു. “ചൂലെടുത്തു വൃത്തിയാക്കാൻ വരെ ഞാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. ശുശ്രൂഷകൾക്കായി കസേരകൾ സജ്ജീകരിക്കാനും ശുചിമുറികൾ വൃത്തിയാക്കാനും സഹായിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ചു. മിഥുലിന്റെ കഴിവ് അദ്ധ്യാപനത്തിലാണെന്നു സഭ പിന്നീടു കണ്ടെത്തിയെങ്കിലും എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു.

തന്റെ രണ്ട് ശിഷ്യന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരെയും അവരുടെ അമ്മയെയും ശുശ്രൂഷയുടെ ഒരു പാഠം യേശു പഠിപ്പിച്ചു. ക്രിസ്തു തന്റെ രാജ്യത്തിൽ വരുമ്പോൾ തന്റെ പുത്രന്മാർക്ക് അവന്റെ ഇരുവശത്തും ഇരിക്കാൻ അവസരം ലഭിക്കണമെന്ന് അവരുടെ അമ്മ അഭ്യർത്ഥിച്ചു (മത്തായി 20:20-21). ഇതറിഞ്ഞ മറ്റു ശിഷ്യന്മാർക്ക് അവരോട് ദേഷ്യം തോന്നി. ഒരുപക്ഷേ അവരും ആ സ്ഥാനങ്ങൾ ആഗ്രഹിച്ചിരുന്നോ? മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കുക എന്നതു ജീവിതത്തിൽ പിന്തുടരേണ്ട ഒരു മാതൃകയല്ല (വാക്യം 25-26), മറിച്ച്, ശുശ്രൂഷ ചെയ്യുക എന്നതാണ് പരമ പ്രധാനമെന്ന് യേശു അവരോട് പറഞ്ഞു. “നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (മത്തായി 20:26).

ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നതിനായി നമ്മുടെ സമൂഹങ്ങളിലും സഭകളിലും നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയും എന്നതിന്റെ പ്രായോഗിക ചിത്രമാണ് മിഥുലിന്റെ ‘ചൂലെടുത്തു വൃത്തിയാക്കാൻ വരെ’ എന്ന വാക്കുകൾ. ദൈവത്തോടുള്ള തന്റെ ജീവിതത്തിലെ അഭിനിവേശത്തെ മിഥുൽ വിവരിച്ചത് ഇങ്ങനെയാണ്: “ദൈവത്തിന്റെ മഹത്വത്തിനും ലോകത്തിന്റെ നന്മയ്ക്കും എന്റെ ആനന്ദത്തിനും വേണ്ടി ശുശ്രൂഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ദൈവം നമ്മെ നയിക്കുന്നതുപോലെ ഞാനും നിങ്ങളും എങ്ങനെ ‘ചൂലെടുത്തു വൃത്തിയാക്കാൻ വരെ’ തയ്യാറാകും?

നന്നായി ചെലവഴിക്കപ്പെട്ട സമയം

2019 മാർച്ച് 14 ന്, ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ചിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വഹിച്ചുകൊണ്ട്, നാസാ റോക്കറ്റുകൾ കുതിച്ചുപൊങ്ങി. ഇനി 328 ദിവസത്തിനുശേഷമേ കോച്ച് ഭൂമിയിലേക്കു മടങ്ങിരികയുള്ളൂ. ദൈർഘ്യമേറിയ, തുടർച്ചയായ ബഹിരാകാശ യാത്ര ചെയ്ത വനിതയെന്ന റെക്കോർഡ് അത് അവർക്ക് നേടിക്കൊടുത്തു. ഭൂമിയിൽ നിന്ന് ഏകദേശം 254 മൈൽ ഉയരത്തിൽ ജീവിക്കുന്ന വേളയിൽ, എല്ലാ ദിവസവും ഒരു സ്ക്രീൻ ആ ബഹിരാകാശയാത്രികയുടെ സമയം അഞ്ച് മിനിറ്റ് വർദ്ധനവിൽ കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ദിവസേന അസംഖ്യം ജോലികൾ (ഭക്ഷണം മുതൽ പരീക്ഷണങ്ങൾ വരെ) മണിക്കൂറുകൾ തോറും അവർക്കുണ്ടായിരുന്നു. കൂടാതെ, കോച്ച് നിശ്ചയിച്ച സമയത്തിനു മുന്നിലാണോ പിന്നിലാണോ എന്ന് നിരന്തരം കാണിച്ചുകൊണ്ട് ഓരോ മണിക്കൂറിനുശേഷവും ഒരു ചുവന്ന വര ഡിസ്പ്ലേയിൽ ഇഞ്ചോടിഞ്ചു നീങ്ങിക്കൊണ്ടിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലായിരുന്നു.

നമ്മെ വല്ലാതെ അലട്ടുന്ന ചുവന്ന വര പോലെയുള്ള എന്തെങ്കിലും തീർച്ചയായും ശുപാർശ ചെയ്യുന്നില്ലെങ്കിലും, വിലയേറിയതും പരിമിതവുമായ നമ്മുടെ സമയം ശ്രദ്ധാപൂർവം ഉപയോഗിക്കാൻ പൗലൊസ് അപ്പൊസ്തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” (എഫെസ്യർ 5:15-16) എന്ന് അവൻ എഴുതി. നമ്മുടെ ദിവസങ്ങളെ ഉദ്ദേശ്യലക്ഷ്യത്തോടും കരുതലോടും കൂടി നയിക്കാനും അവനെ അനുസരിക്കാനും നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന യേശുവിന്റെ വീണ്ടെടുപ്പിൽ പങ്കുചേരാനും നമ്മുടെ ദിവസങ്ങളെ ഉപയോഗപ്പെടുത്താനും ദൈവത്തിന്റെ ജ്ഞാനം നമ്മോട് നിർദ്ദേശിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ജ്ഞാനത്തിന്റെ പ്രബോധനങ്ങളെ അവഗണിച്ച്, നമ്മുടെ സമയം വിവേകരഹിതമായി ഉപയോഗിച്ചുകൊണ്ടു (വാക്യം 17), സ്വാർത്ഥമോ വിനാശകരമോ ആയ പ്രവർത്തനങ്ങളിൽ നമ്മുടെ വർഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് പൂർണ്ണമായും സാധ്യമാണ്.

സമയത്തെക്കുറിച്ച് വ്യാകുലപ്പെടുകയല്ല, മറിച്ച് അനുസരണത്തിലും വിശ്വാസത്തിലും ദൈവത്തെ അനുസരിക്കുക എന്നതാണ് കാര്യം. നമ്മുടെ ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവൻ നമ്മെ സഹായിക്കും.