Month: ഏപ്രിൽ 2025

ബലഹീനതയിൽ ശക്തി

എന്റെ മകന് ഏകദേശം മൂന്ന് വയസ്സുള്ളപ്പോൾ, എനിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അതു സുഖമാകാൻ ഒരു മാസമോ അതിലധികമോ ആവശ്യമായിരുന്നു. ശസ്ത്രക്രിയയ്ക്കുമുമ്പ്, ഞാൻ കിടക്കയിൽ തന്നെ കിടക്കുന്നതും സിങ്കിൽ വൃത്തിഹീനമായ പാത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതും ഞാൻ ഭാവനയിൽ കണ്ടു. ഊർജ്ജസ്വലനായ ഒരു പിഞ്ചുകുഞ്ഞിനെ ഞാൻ എങ്ങനെ പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ സ്റ്റൗവിന് മുന്നിൽ നിൽക്കുന്നത് എനിക്ക് ചിന്തിക്കാൻപോലും കഴിഞ്ഞില്ല. എന്റെ ബലഹീനത, ഞങ്ങളുടെ ജീവിതത്തിന്റെ താളത്തിൽ ആഴത്തിൽ ചെലുത്താൻ പോകുന്ന ആഘാതത്തെ ഞാൻ ഭയന്നു.

മിദ്യാന്യരെ നേരിടുന്നതിനുമുമ്പ് ദൈവം മനഃപൂർവം ഗിദെയോന്റെ സൈന്യത്തെ ദുർബലപ്പെടുത്തി. ആദ്യം, ഭയമുള്ളവരെ പോകാൻ അനുവദിച്ചു-ഇരുപത്തീരായിരം പേർ വീട്ടിലേക്ക് പോയി (ന്യായാധിപന്മാർ 7:3). പിന്നെ, അവശേഷിച്ച പതിനായിരത്തിൽ, കുടിക്കാൻ വെള്ളം കൈയിൽ കോരി നക്കിക്കുടിച്ചവർ മാത്രം നിൽക്കട്ടെ എന്നു പറഞ്ഞു. മുന്നൂറ് പേർ മാത്രം അവശേഷിച്ചു. എന്നാൽ ഈ കുറവ്, യിസ്രായേല്യർ സ്വന്തശക്തിയിൽ ആശ്രയിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു (വാ. 5-6). "എന്റെ കൈ എന്നെ രക്ഷിച്ചു" (വാ. 2) എന്ന് അവർക്ക് പറയാൻ കഴിയുമായിരുന്നില്ല.

നമ്മിൽ പലരും, തളർന്നുപോകുന്നതും ശക്തിഹീനരാകുന്നതുമായ സമയങ്ങൾ അനുഭവിക്കാറുണ്ട്. ഇത് എനിക്ക് സംഭവിച്ചപ്പോൾ, എനിക്ക് ദൈവത്തെ എത്രമാത്രം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അവൻ തന്റെ ആത്മാവിലൂടെ ആന്തരികമായും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്താൽ ബാഹ്യമായും എന്നെ പ്രോത്സാഹിപ്പിച്ചു. കുറച്ച് സമയത്തേക്ക് എനിക്ക് എന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവന്നു, എന്നാൽ ഇത് ദൈവത്തിൽ കൂടുതൽ പൂർണ്ണമായി ആശ്രയിക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു. കാരണം, '[അവന്റെ] ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു'' (2 കൊരിന്ത്യർ 12:9), നമ്മുടെ ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാതെ വരുമ്പോൾപോലും നമുക്ക് പ്രത്യാശിക്കുവാൻ കഴിയും.

ആഴത്തിലുള്ള സൗഖ്യം

2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.

യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് - നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – "അവന്റെ അടിപ്പിണരുകളാൽ ... സൌഖ്യം വന്നുമിരിക്കുന്നു'' (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.

യേശുവിന്റെ അടുത്തേക്ക് ഓടുക

പാരീസിലേക്കുള്ള ഒരു യാത്രയിൽ, ബെന്നും സുഹൃത്തുക്കളും നഗരത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നു സന്ദർശിച്ചു. ബെൻ കലാ വിദ്യാർത്ഥിയായിരുന്നില്ലെങ്കിലും, യൂജിൻ ബർണാൻഡ് രചിച്ച, ഉയിർപ്പിൻ പ്രഭാതത്തിൽ ശിഷ്യന്മാരായ പത്രൊസും യോഹന്നാനും യേശുവിന്റെ കല്ലറയിലേക്ക് ഓടുന്നു എന്ന പെയിന്റിംഗ് കണ്ടപ്പോൾ അവൻ ആരാധനയോടെ അതു നോക്കി നിന്നുപോയി. പത്രൊസിന്റെയും യോഹന്നാന്റെയും മുഖത്തെ ഭാവങ്ങളും അവരുടെ കൈകളുടെ സ്ഥാനവും വാക്കുകളില്ലാതെ ധാരാളം സംസാരിക്കുന്നുണ്ടചായിരുന്നു. അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് അവരുടെ ശക്തിമായ വികാരങ്ങൾ പങ്കിടാനും അവർ കാഴ്ചക്കാരെ ക്ഷണിക്കുകയായിരുന്നു.

യോഹന്നാൻ 20:1-10 അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, ഇരുവരും യേശുവിന്റെ ശൂന്യമായ കല്ലറയുടെ ദിശയിലേക്ക് ഓടുന്നതായി ചിത്രീകരിക്കുന്നു (വാ. 4). സംഘർഷഭരിതരായ രണ്ട് ശിഷ്യന്മാരുടെ വൈകാരിക തീവ്രതയാണ് മാസ്റ്റർപീസ് പകർത്തുന്നത്. ആ ഘട്ടത്തിൽ അവരുടെത് പൂർണ്ണമായി വികസിതമായ വിശ്വാസം ആയിരുന്നില്ലെങ്കിലും, അവർ ശരിയായ ദിശയിൽ ഓടുകയായിരുന്നു, ഒടുവിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി (വാ. 19-29). അവരുടെ അന്വേഷണം നൂറ്റാണ്ടുകളായി യേശുവിനെ അന്വേഷിക്കുന്നവരുടേതിന് വിപരീതമായിരുന്നില്ല. ശൂന്യമായ ഒരു കല്ലരയുടെ അനുഭവത്തിൽനിന്നോ ഉജ്ജ്വലമായ ഒരു കലാസൃഷ്ടിയുടെ പരിസരത്തുനിന്നോ നാം നീക്കം ചെയ്യപ്പെട്ടേക്കാമെങ്കിലും, സുവാർത്ത നമുക്ക് വ്യക്തമായി കാണാൻ കഴിയും. സംശയങ്ങൾ, ചോദ്യങ്ങൾ, അനിശ്ചിതത്വങ്ങൾ എന്നിവയിൽപ്പോലും യേശുവിന്റെയും അവന്റെ സ്‌നേഹത്തിന്റെയും ദിശയിൽ പ്രത്യാശിക്കാനും അന്വേഷിക്കാനും ഓടാനും തിരുവെഴുത്ത് നമ്മെ നിർബന്ധിക്കുന്നു. നാളെ, ഈസ്റ്റർ ആഘോഷിക്കുമ്പോൾ, യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം: "നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും" (യിരെമ്യാവ് 29:13).

ചുവപ്പു തുള്ളികൾ

സ്‌കോട്ടീഷ് നാഷമൽ ഗാലറിയിലൂടെ നടക്കവേ, ഡച്ച് ആർട്ടിസ്റ്റ് വിൻസെന്റ് വാൻഗോഗിന്റെ ഒലീവ് ട്രീ പെയിന്റിംഗുകളിൽ ഒന്നിന്റെ ശക്തമായ ബ്രഷ് വർക്കുകളും ചടുലമായ നിറങ്ങളും എന്നെ ആകർഷിച്ചു. ഒലീവ് മലയിലെ ഗെത്സമനെ തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ ചിത്രം രചിച്ചതെന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പെയിന്റിംഗിന്റെ ക്യാൻവാസിൽ പ്രത്യേകിച്ച് എന്റെ ശ്രദ്ധ ആകർഷിച്ചത് പുരാതന ഒലിവ് മരങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന നിറത്തിലുള്ള ചായങ്ങളാണ്.

മലഞ്ചലിവിൽ വളരുന്ന ഒലിവു മരങ്ങൾ കാരണമാണ് മലയ്ക്ക് ഒലിവ് മല എന്ന പേരുണ്ടായത്. തന്റെ ശിഷ്യനായ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിച്ച ആ രാത്രിയിൽ യേശു പ്രാർത്ഥിക്കാൻ അവിടേയ്ക്കു പോയി. വിശ്വാസവഞ്ചന തന്റെ ക്രൂശീകരണത്തിൽ കലാശിക്കുമെന്നറിഞ്ഞപ്പോൾ യേശു വ്യസനിച്ചു. അവൻ പ്രാർത്ഥിച്ചപ്പോൾ, "അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’' (ലൂക്കൊസ് 22:44). വളരെക്കാലം മുമ്പുള്ള ആ ദുഃഖവെള്ളിയാഴ്ചയിൽ, ശാരീരികമായി രക്തം ചൊരിയുന്ന ഒരു പരസ്യമായ വധശിക്ഷയുടെ വേദനയ്ക്കും അപമാനത്തിനും തയ്യാറെടുക്കുമ്പോൾ യേശുവിന്റെ വേദന തോട്ടത്തിൽ പ്രകടമായിരുന്നു.

വാൻഗോഗിന്റെ പെയിന്റിംഗിലെ ചുവന്ന പെയിന്റ്, യേശുവിന് "പലതും സഹിക്കേണ്ടിവന്നു’' (മർക്കൊസ് 8:31) എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കഷ്ടപ്പാടുകൾ അവന്റെ കഥയുടെ ഭാഗമാണെങ്കിലും, അത് മേലിൽ ചിത്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നില്ല. മരണത്തിന്മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കഷ്ടപ്പാടുകളെപ്പോലും രൂപാന്തരപ്പെടുത്തുന്നതിനാൽ, അത് അവൻ സൃഷ്ടിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ ഒരു ഭാഗം മാത്രമായി മാറുന്നു.

സേവിക്കാനുള്ള വെല്ലുവിളി

പതിമൂന്ന് വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും, മറ്റുള്ളവരെ സേവിക്കാനുള്ള ഒരു വെല്ലുവിളി ഡിഅവിയോൺ  ഏറ്റെടുത്തു. വേനലവധിക്കാലത്ത് സൗജന്യമായി അമ്പത് പുൽത്തകിടികൾ വെട്ടിക്കൊടുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്ത ഒരാളെക്കുറിച്ചുള്ള ഒരു കഥ അവനും അവന്റെ അമ്മയും കേട്ടിരുന്നു. ജോലിയിൽനിന്നു വിരമിച്ചവർ, അവിവാഹിതരായ അമ്മമാർ, അംഗപരിമിതർ, അല്ലെങ്കിൽ സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്ഥാപകൻ (അൻപത് സംസ്ഥാനങ്ങളിൽ അമ്പത് പുൽത്തകിടികൾ വെട്ടിയിരുന്നു) തൊഴിൽ ധാർമ്മികതയുടെ പ്രാധാന്യം പഠിപ്പിക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനുമുള്ള വെല്ലുവിളി സൃഷ്ടിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും ഉണ്ടായിട്ടും ഈ കൗമാരക്കാരൻ മറ്റുള്ളവരെ സേവിക്കുന്നതു തിരഞ്ഞെടുക്കുകയും വെല്ലുവിളി പൂർത്തിയാക്കുകയും ചെയ്തു.

സേവിക്കാനുള്ള വെല്ലുവിളി യേശുവിൽ വിശ്വസിക്കുന്നവർക്കും നേരെയുള്ളതാണ്. സകല മനുഷ്യർക്കും വേണ്ടി മരിക്കുന്നതിന്റെ തലേദിവസം രാത്രി, യേശു തന്റെ സ്‌നേഹിതരോടൊപ്പം അത്താഴം കഴിച്ചു (യോഹന്നാൻ 13:1-2). താൻ ഉടൻ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും അവനു നന്നായി അറിയാമായിരുന്നു, എന്നിട്ടും അവൻ ഭക്ഷണത്തിൽ നിന്ന് എഴുന്നേറ്റു, ഒരു തോർത്ത് അരയിൽ ചുറ്റി, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി (വാ. 3-5). 'കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു'' എന്ന് അവൻ അവരോടു പറഞ്ഞു (വാ.  14).

എളിമയുള്ള ദാസനും നമ്മുടെ മാതൃകയുമായ യേശു, ആളുകളെ കരുതി: അവൻ അന്ധരെയും രോഗികളെയും സുഖപ്പെടുത്തി, തന്റെ രാജ്യത്തിന്റെ സുവിശേഷം ഉപദേശിച്ചു, അവന്റെ സ്‌നേഹിതർക്കായി തന്റെ ജീവൻ നൽകി. ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നതിനാൽ, ഈ ആഴ്ച നിങ്ങൾ ആരെ സേവിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്ന് അവനോട് ചോദിക്കുക.