
ദൈവത്തിന്റെ മങ്ങാത്ത ഓർമ്മ
ഒരു വ്യക്തിയുടെ കൈവശം 40 കോടി ഡോളറിലധികം വിലവരുന്ന ബിറ്റ്കോയിൻ ഉണ്ടായിരുന്നു, എന്നാൽ അയാൾക്ക് അതിന്റെ ഒരു പൈസപോലും എടുക്കാൻ കഴിഞ്ഞില്ല. തന്റെ ഫണ്ടുകൾ ശേഖരിച്ചിരുന്ന ഉപകരണത്തിന്റെ പാസ്വേഡ് അയാൾക്ക് നഷ്ടപ്പെട്ടു, അതിലും വലിയ ദുരന്തം, പത്ത് പാസ്വേഡ് ശ്രമങ്ങൾക്കു ശേഷം, സ്വയം നശിപ്പിക്കപ്പെടുന്നതായിരുന്നു ഉപകരണം. എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു ഭാഗ്യം. ഒരു ദശാബ്ദക്കാലം ആ മനുഷ്യൻ വേദനിച്ചു, തന്റെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന നിക്ഷേപത്തിന്റെ പാസ്വേഡ് ഓർത്തെടുക്കാൻ തീവ്രമായി ശ്രമിച്ചു. എട്ട് പാസ്വേഡുകൾ പരീക്ഷിച്ച് എട്ട് തവണ പരാജയപ്പെട്ടു. 2021-ൽ, എല്ലാം ആവിയായി പോകുന്നതിന് മുമ്പ് തനിക്ക് രണ്ട് അവസരങ്ങൾ കൂടി മാത്രമേയുള്ളൂവെന്ന് അയാൾ വിലപിച്ചു.
നമ്മൾ മറവിയുള്ള ആളുകളാണ്. ചിലപ്പോൾ നമ്മൾ ചെറിയ കാര്യങ്ങൾ മറക്കുന്നു (നമ്മുടെ താക്കോലുകൾ എവിടെ വെച്ചു എന്ന കാര്യം), ചിലപ്പോൾ നമ്മൾ വലിയ കാര്യങ്ങൾ മറക്കുന്നു (ദശലക്ഷക്കണക്കിന് ഡോളർ അൺലോക്ക് ചെയ്യുന്ന ഒരു പാസ്വേഡ്). ഭാഗ്യവശാൽ, ദൈവം നമ്മെപ്പോലെയല്ല. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെയോ ആളുകളെയോ അവൻ ഒരിക്കലും മറക്കുകയില്ല. കഷ്ടകാലങ്ങളിൽ, ദൈവം തങ്ങളെ മറന്നുവെന്ന് യിസ്രായേൽ ഭയപ്പെട്ടു. 'യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു' (യെശയ്യാവ് 49:14) എന്നവർ വിലപിച്ചു. എന്നിരുന്നാലും, അവരുടെ ദൈവം എപ്പോഴും ഓർക്കുന്നുവെന്ന് യെശയ്യാവ് അവർക്ക് ഉറപ്പുനൽകി. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” പ്രവാചകൻ ചോദിക്കുന്നു. തീർച്ചയായും, മുലയൂട്ടുന്ന കുഞ്ഞിനെ അമ്മ മറക്കയില്ല. ഇനി, ഒരു അമ്മ അത്തരമൊരു അസംബന്ധം ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കില്ലെന്ന് നമുക്കറിയാം (വാ. 15).
“നോക്കൂ,” ദൈവം പറയുന്നു, “ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു” (വാ. 16). ദൈവം നമ്മുടെ പേരുകൾ സ്വന്തം അസ്തിത്വത്തിൽ കൊത്തിവെച്ചിരിക്കുന്നു. അവന് നമ്മെ-അവൻ സ്നേഹിക്കുന്നവരെ -മറക്കാൻ കഴികയില്ലെന്ന് ഓർക്കുക.

കഷണങ്ങളെ ചേർത്തുവയ്ക്കുക
ആഗോള മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബം ക്വാറന്റൈനിൽ കഴിയുമ്പോൾ, ഞങ്ങൾ ഒരു അഭിലാഷ പദ്ധതി ഏറ്റെടുത്തു-പതിനെണ്ണായിരം കഷണങ്ങളുള്ള ഒരു വിഷമപ്രശ്നം! മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ അതിൽ പ്രവർത്തിച്ചെങ്കിലും, ഞങ്ങൾ കാര്യമായ പുരോഗതി കൈവരിക്കുന്നില്ലെന്ന് പലപ്പോഴും ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ആരംഭിച്ച് അഞ്ച് മാസത്തിനു ശേഷം, ഞങ്ങളുടെ ഡൈനിംഗ് റൂമിന്റെ തറയിൽ ഒമ്പത് x ആറ് അടി വലിപ്പമുള്ള ചിത്രത്തിന്റെ അവസാന ഭാഗം ചേർത്തത് ഞങ്ങൾ ആഘോഷിച്ചു.
ചിലപ്പോൾ എന്റെ ജീവിതം ഒരു ഭീമാകാരമായ പ്രഹേളിക പോലെ തോന്നും-പല കഷണങ്ങൾ സ്ഥലത്തുണ്ട്, പക്ഷേ കുറേയധികം കാര്യങ്ങൾ ഇപ്പോഴും തറയിൽ കുന്നുകൂടി കിടക്കുന്നു. എന്നെ കൂടുതൽ കൂടുതൽ യേശുവിനെപ്പോലെ ആക്കി മാറ്റാൻ ദൈവം പ്രവർത്തിക്കുകയാണെന്ന് എനിക്കറിയാം, ചിലപ്പോൾ പുരോഗതി കാണുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും.
ഫിലിപ്പിയർ ചെയ്യുന്ന നല്ല പ്രവൃത്തികൾ നിമിത്തം സന്തോഷത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പറഞ്ഞപ്പോൾ അവൻ നൽകിയ പ്രോത്സാഹനത്തിൽ ഞാൻ വളരെയധികം ആശ്വസം പ്രാപിച്ചു (1:3-4). എന്നാൽ അവന്റെ വിശ്വാസം അവരുടെ കഴിവുകളിലല്ല, മറിച്ച് ദൈവത്തിലാണ്: അവരിൽ ''നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ . . . അതിനെ തികെക്കും” (വാ. 6).
നമ്മിൽ തന്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒരു പ്രഹേളിക പോലെ, ഇപ്പോഴും നമ്മുടെ ശ്രദ്ധ ആവശ്യമുള്ള കഷണങ്ങൾ ഉണ്ടായേക്കാം, കൂടാതെ നമ്മൾ വളരെയധികം പുരോഗതി കൈവരിക്കാത്ത സമയങ്ങളുമുണ്ട്. എന്നാൽ നമ്മുടെ വിശ്വസ്തനായ ദൈവം ഇപ്പോഴും കഷണങ്ങൾ ഒന്നിച്ചു ചേർക്കുന്നുവെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാൻ കഴിയും.

സന്ദേശങ്ങൾ, പ്രശ്നങ്ങൾ, വിജയങ്ങൾ
ശുശ്രൂഷയിലായിരിക്കുന്ന ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് തന്നെ തടയാൻ സാമൂഹിക അശാന്തി, അപകടം, അസ്വസ്ഥത എന്നിവയുടെ യാഥാർത്ഥ്യം എന്നിവയെ ജിമ്മി അനുവദിച്ചില്ല. നാട്ടിലുള്ള ഞങ്ങളുടെ ടീമിന് തുടർച്ചയായി വന്ന വാചക സന്ദേശങ്ങൾ അവൻ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തുന്നതായിരുന്നു. ''ശരി, കുട്ടികളേ, പ്രാർത്ഥനാ ലൈൻ സജീവമാക്കുക. കഴിഞ്ഞ രണ്ട് മണിക്കൂറുകൊണ്ട് ഞങ്ങൾ പത്ത് മൈൽ പിന്നിട്ടു. . . . കാർ ഒരു ഡസൻ തവണ അമിതമായി ചൂടായി.'' ഗതാഗത തടസ്സങ്ങൾ അർത്ഥമാക്കുന്നത് അഞ്ച് മണിക്കൂർ കാത്തുനിന്നവരോട് പ്രസംഗിക്കാൻ അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയതെന്നാണ്. പിന്നീട് ഞങ്ങൾക്ക് മറ്റൊരു സ്വരത്തിലുള്ള ഒരു സന്ദേശം ലഭിച്ചു. ''അത്ഭുതകരമായ, കൂട്ടായ്മയുടെ മാധുര്യമുള്ള സമയം. . . . ഒരു ഡസനോളം പേർ പ്രാർത്ഥനയ്ക്കായി മുന്നോട്ടുവന്നു. അതൊരു ശക്തമായ രാത്രിയായിരുന്നു!”
ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കാം. എബ്രായർ 11-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിശ്വാസത്തിന്റെ മാതൃകകൾ അതു സമ്മതിക്കും. ദൈവത്തിലുള്ള വിശ്വാസത്താൽ നിർബന്ധിതരായ, സാധാരണ പുരുഷന്മാരും സ്ത്രീകളും അസുഖകരമായതും മനസ്സിലാക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. “വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു” (വാ. 36). അപകടസാധ്യതകൾ ഏറ്റെടുക്കാനും ഫലത്തിനായി ദൈവത്തിൽ ആശ്രയിക്കാനും അവരുടെ വിശ്വാസം അവരെ പ്രേരിപ്പിച്ചു. നമുക്കും അങ്ങനെതന്നേ. നമ്മുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നത് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നമ്മെ കൊണ്ടുപോയേക്കില്ല, പക്ഷേ അത് നമ്മെ തെരുവിനപ്പുറത്തേക്കോ കാമ്പസിനപ്പുറത്തേക്കോയോ ഉച്ചഭക്ഷണ മുറിയിലോ ബോർഡ് റൂമിലോ ഉള്ള ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കോ കൊണ്ടുപോയേക്കാം. അപകടകരമാണോ? ഒരുപക്ഷേ. പക്ഷേ, ഇപ്പോൾ അല്ലെങ്കിൽ പിന്നീടു ലഭിക്കുന്നപ്രതിഫലങ്ങൾ, ദൈവം നമ്മെ സഹായിക്കുന്നതിനാൽ, അപകടസാധ്യതകളെ മൂല്യമുള്ളതാക്കിത്തീർക്കും

അതിപ്പോൾ ശൂന്യമാണ്
ഞങ്ങളുടെ കുട്ടിക്കാലത്തെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ സാധനങ്ങൾ മാറ്റുന്നതിനായി എന്റെ സഹോദരങ്ങളും കുടുംബങ്ങളും ഒരു ദിവസം ചെലവഴിച്ചു. ഉച്ചകഴിഞ്ഞ്, ഞങ്ങൾ അവസാനത്തെ ലോഡ് എടുക്കുന്നതിനായി ഒരു പിക്കപ്പുമായി തിരികെ പോയി. ഇത് ഞങ്ങളുടെ കുടുംബ വീട്ടിലെ അവസാന സമയമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട്, പുറകിലെ വരാന്തയിൽ ഒരു ഫോട്ടോയ്ക്കു ഞങ്ങൾ പോസ് ചെയ്തു. “ഇപ്പോൾ എല്ലാം ശൂന്യമാണ്” എന്ന് അമ്മ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. അതെനിക്ക് അടക്കാൻ കഴിഞ്ഞില്ല. അൻപത്തിനാലു വർഷത്തെ ഓർമ്മകൾ സൂക്ഷിക്കുന്ന വീട് ഇപ്പോൾ ശൂന്യമാണ്. അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു.
എന്റെ ഹൃദയത്തിലെ വേദന യിരെമ്യാവിന്റെ വിലാപങ്ങളുടെ ആദ്യ വാക്കുകളിൽ പ്രതിധ്വനിക്കുന്നു: ''അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?'' (1:1). ഒരു പ്രധാന വ്യത്യാസം, “അവളുടെ അനേകം പാപങ്ങൾ നിമിത്തം” യെരൂശലേം ശൂന്യമായി എന്നതാണ് (വാ. 5). ദൈവം തന്റെ ജനത്തെ ബാബിലോണിലേക്ക് പ്രവാസികളാക്കി അയച്ചു, കാരണം അവർ അവനെതിരെ മത്സരിക്കുകയും മാനസാന്തരപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു (വാ. 18). എന്റെ മാതാപിതാക്കൾ പാപം നിമിത്തമല്ല വീടുവിടേണ്ടിവന്നത്, കുറഞ്ഞപക്ഷം പ്രത്യക്ഷമായിട്ടെങ്കിലും അല്ല. എന്നാൽ ഏദൻ തോട്ടത്തിൽ ആദാം പാപം ചെയ്തതുമുതൽ, ഓരോ വ്യക്തിയുടെയും ആരോഗ്യം അവരുടെ ജീവിതകാലത്തുതന്നേ ക്ഷയിച്ചുപോകുന്നു. നമുക്ക് പ്രായമാകുമ്പോൾ, പരിപാലിക്കാൻ എളുപ്പമുള്ള വലുപ്പം കുറഞ്ഞ വീടുകളിലേക്ക് മാറുന്നത് അസാധാരണമല്ല.
ഞങ്ങളുടെ എളിയ വീടിനെ സവിശേഷമാക്കിയ ഓർമ്മകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. വേദനയാണ് സ്നേഹത്തിന്റെ വില. അടുത്ത വിടവാങ്ങൽ എന്റെ മാതാപിതാക്കളുടെ വീടിനോടല്ല, മറിച്ച് എന്റെ മാതാപിതാക്കളോട് തന്നെയായിരിക്കുമെന്ന് എനിക്കറിയാം. ഞാൻ കരയുന്നു. ഞാൻ യേശുവിനോട് വരണമെന്നും വിടവാങ്ങലുകൾ അവസാനിപ്പിക്കണമെന്നും എല്ലാം പുനഃസ്ഥാപിക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ പ്രത്യാശ അവനിലാണ്.

സ്വാതന്ത്ര്യം നൽകുന്ന അനുസരണം
കൗമാരക്കാരിയുടെ മുഖത്തെ ഭാവം പരിഭ്രമവും ലജ്ജയും പ്രതിഫലിപ്പിച്ചു. 2022-ലെ വിന്റർ ഒളിമ്പിക്സിലേക്ക് പോകുമ്പോൾ, ഫിഗർ സ്കേറ്റർ എന്ന നിലയിൽ അവളുടെ വിജയം സമാനതകളില്ലാത്തതായിരുന്നു-ചാമ്പ്യൻഷിപ്പുകളുടെ ഒരു നിര അവളെ ഒരു സ്വർണ്ണ മെഡൽ നേടാനുള്ള ഒരു മികച്ച ഫോമിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു പരിശോധനാഫലം അവളുടെ സിസ്റ്റത്തിൽ നിരോധിത പദാർത്ഥം കണ്ടെത്തി. പ്രതീക്ഷകളുടെയും അപലപനങ്ങളുടെയും അപാരമായ ഭാരം അവളുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതിനാൽ, ഫ്രീ-സ്കേറ്റ് പ്രോഗ്രാമിനിടെ അവൾ ഒന്നിലധികം തവണ വീണു, വിജയികളുടെ പ്ലാറ്റ്ഫോമിൽ അവൾ നിന്നില്ല-മെഡലില്ല. ആരോപണത്തിനു മുമ്പ് അവൾ കലാസ്വാതന്ത്ര്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഒരു നിയമലംഘനത്തിന്റെ ആരോപണം അവളെ തകർന്ന സ്വപ്നങ്ങളിൽ തളച്ചിട്ടു.
മനുഷ്യരാശിയുടെ ആദ്യനാളുകൾ മുതൽ, നാം നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കുമ്പോൾ അനുസരണത്തിന്റെ പ്രാധാന്യം ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേട് ആദാമിനെയും ഹവ്വായെയും നമ്മെയെല്ലാവരെയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു, പാപം നമ്മുടെ ലോകത്തിന് തകർച്ചയും മരണവും കൊണ്ടുവന്നു (ഉല്പത്തി 3:6-19). അത് അങ്ങനെ ആയിരിക്കേണ്ടിയിരുന്നില്ല. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം-ഒരെണ്ണമൊഴികെ” എന്ന് ദൈവം രണ്ടുപേരോടും പറഞ്ഞിരുന്നു (2:16-17). തങ്ങളുടെ ''കണ്ണുകൾ തുറക്കപ്പെടുമെന്നും [അവർ] ദൈവത്തെപ്പോലെയാകുമെന്നും'' കരുതി അവർ വിലക്കപ്പെട്ട ''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം'' (3:5; 2:17) ഭക്ഷിച്ചു. പാപവും അപമാനവും മരണവും പിന്നാലെ വന്നു.
നമുക്ക് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും ധാരാളം നല്ല കാര്യങ്ങളും ദൈവം കൃപയോടെ നൽകുന്നു (യോഹന്നാൻ 10:10). സ്നേഹത്തിൽ, നമ്മുടെ നന്മയ്ക്കായി അവനെ അനുസരിക്കാൻ അവൻ നമ്മെയും വിളിക്കുന്നു. അനുസരണം തിരഞ്ഞെടുക്കാനും സന്തോഷം നിറഞ്ഞതും ലജ്ജിക്കേണ്ടതില്ലാത്തതുമായ ജീവിതം കണ്ടെത്താൻ അവൻ നമ്മെ സഹായിക്കട്ടെ.