
ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം
1965 ജൂണിൽ, ആറ് ടോംഗൻ കൗമാരക്കാർ സാഹസികത തേടി തങ്ങളുടെ ദ്വീപ് നാട്ടിൽ നിന്ന് യാത്ര തിരിച്ചു. എന്നാൽ ആദ്യരാത്രിയിൽ ഒരു കൊടുങ്കാറ്റ് അവരുടെ പായ്മരവും ചുക്കാനും തകർത്തപ്പോൾ, അവർ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒഴുകി തെക്കൻ പസഫിക് സമുദ്രത്തിലെ ആറ്റ എന്ന ജനവാസമില്ലാത്ത ദ്വീപിലെത്തി. പതിനഞ്ച് മാസങ്ങൾ കഴിഞ്ഞാണ് അവരെ കണ്ടെത്തിയത്.
അറ്റയിൽ അകപ്പെട്ട കുട്ടികൾ അതിജീവനത്തിനായി ഒരുമിച്ച് പ്രവർത്തിച്ചു, ഒരു ചെറിയ കൃഷിത്തോട്ടം സ്ഥാപിക്കുകയും, മഴവെള്ളം സംഭരിക്കുന്നതിന് തടി തുരന്നു പാത്രം ഉണ്ടാക്കുകയും, ഒരു താൽക്കാലിക ജിം പോലും നിർമ്മിക്കുകയും ചെയ്തു. ഒരു കുട്ടി മലഞ്ചരിവിൽനിന്നു വീണു കാലൊടിഞ്ഞപ്പോൾ, മറ്റുള്ളവർ വടികളും ഇലകളും ഉപയോഗിച്ച് അത് വെച്ചുകെട്ടി സുഖപ്പെടുത്തി. നിർബന്ധിത അനുരഞ്ജനത്തോടെ തർക്കങ്ങൾ കൈകാര്യം ചെയ്തു, ഓരോ ദിവസവും പാട്ടും പ്രാർത്ഥനയുമായി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. കുട്ടികൾ അവരുടെ കഠിനാധ്വാനത്തിലൂടെ ആരോഗ്യവാന്മാരായപ്പോൾ, അവരുടെ കുടുംബം ആശ്ചര്യപ്പെട്ടു - അവരുടെ ശവസംസ്കാര ചടങ്ങുകൾ ഇതിനകം നടന്നിരുന്നു.
ഒന്നാം നൂറ്റാണ്ടിൽ യേശുവിൽ വിശ്വസിക്കുന്നത് ഒരു ഒറ്റപ്പെട്ട അനുഭവമായിരിക്കും. നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുകയും പലപ്പോഴും കുടുംബത്തിൽ നിന്ന് അകന്നുപോവുകയും ചെയ്താൽ ഒരാൾക്ക് അകല്ച അനുഭവപ്പെടാം. അച്ചടക്കത്തോടെയും പ്രാർത്ഥനയോടെയും നിലകൊള്ളുക (1 പത്രൊസ് 4:7), പരസ്പരം കരുതുക (വാ. 8), ജോലി പൂർത്തിയാക്കാൻ അവരവരുടെ കഴിവുകൾ ഉപയോഗിക്കുക (വാ. 10-11) എന്നിങ്ങനെയായിരുന്നു അപ്പൊസ്തലനായ പത്രൊസ് അവരെ പ്രോത്സാഹിപ്പിച്ചത്. കാലക്രമേണ അവരുടെ പരിശോധനകളിലൂടെ ദൈവം അവരെ “ശക്തരും വിശ്വാസത്തിൽ സ്ഥിരതയുള്ളവരും” (5:10) ആയി പുറത്തുകൊണ്ടുവരും.
പരിശോധനാ വേളകളിൽ, “ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം” ആവശ്യമാണ്. നാം ഐക്യദാർഢ്യത്തോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതിജീവിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.

ഓരോ സങ്കടവും
“ഞാൻ അഭിമുഖീകരിക്കുന്ന ഓരോ ദുഃഖവും ഞാൻ അളക്കുന്നു,” പത്തൊൻപതാം നൂറ്റാണ്ടിലെ കവയത്രി എമിലി ഡിക്കിൻസൺ എഴുതി. കൂർപ്പിച്ചതും പരിശോധിക്കുന്നതുമായ കണ്ണുകളോടെ - / അതിന് എന്റേത് പോലെ ഭാരമുണ്ടോ - / അതോ ലഘുവായ വലിപ്പമാണോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.'' ആളുകൾ അവരുടെ ജീവിതത്തിലുടനീളം ഏറ്റ മുറിവുകളെ എങ്ങനെ വഹിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ പ്രതിഫലനമാണ് ഈ കവിത. അവളുടെ ഏക ആശ്രയത്തെക്കുറിച്ച് ഡിക്കിൻസൺ ഏതാണ്ട് മടിയോടെ ഉപസംഹരിച്ചുകൊണ്ട്, കാൽവറിയിൽ അവളുടെ സ്വന്തം മുറിവുകളുടെ പ്രതിഫലനം രക്ഷകനിൽ കണ്ടതിന്റെ “തുളയ്ക്കുന്ന ആശ്വാസ’’ത്തോടെ അവൾ എഴുതി: “ഇപ്പോഴും അനുമാനിക്കാൻ വശീകരിക്കപ്പെടുന്നു / അവയിൽ ചിലത് എന്റെതുപോലെയാണെന്ന്.’’
വെളിപ്പാടു പുസ്തകം നമ്മുടെ രക്ഷകനായ യേശുവിനെ “കുഞ്ഞാട്, അറുക്കപ്പെട്ടതുപോലെ നിൽക്കുന്നു” (5:6; വാക്യം 12 കാണുക) എന്നു വിവരിച്ചു. അവന്റെ മുറിവുകൾ ഇപ്പോഴും ദൃശ്യമാണ്. തന്റെ ജനത്തിന്റെ പാപവും നിസ്സഹായതയും സ്വയം ഏറ്റെടുക്കുന്നതിലൂടെ നേടിയ മുറിവുകളാണവ (1 പത്രൊസ് 2:24-25), അങ്ങനെ അവർക്ക് പുതിയ ജീവിതവും പ്രത്യാശയും ലഭ്യമാകും.
രക്ഷകൻ തന്റെ മക്കളുടെ കണ്ണിൽ നിന്നും “കണ്ണുനീരെല്ലാം തുടയ്ക്കുന്ന” ഒരു ഭാവി ദിനത്തെ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (21:4). യേശു അവരുടെ വേദന കുറയ്ക്കുകയില്ല, എന്നാൽ ഓരോ വ്യക്തിയുടെയും അതുല്യമായ ദുഃഖം യഥാർത്ഥമായി കാണുകയും കരുതുകയും ചെയ്യുന്നു – “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” (വാ. 4). “ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും'' (വാ. 6; കാണുക 22:2).
നമ്മുടെ രക്ഷകൻ നമ്മുടെ എല്ലാ സങ്കടങ്ങളും വഹിച്ചതിനാൽ, അവന്റെ രാജ്യത്തിൽ നമുക്ക് വിശ്രമവും രോഗശാന്തിയും കണ്ടെത്താനാകും.

ദുഃഖത്തിൽ പ്രത്യാശ
താൻ കണ്ടുമുട്ടിയ എല്ലാവരിലും പുഞ്ചിരി സമ്മാനിക്കുന്ന ഊർജ്ജസ്വലയും തമശക്കാരിയുമായ പെൺകുട്ടിയായിരുന്നു ലൂയിസ്. അഞ്ചാമത്തെ വയസ്സിൽ, അവൾ ഒരു അപൂർവ രോഗത്തിന് ദാരുണമായി കീഴടങ്ങി. അവളുടെ പെട്ടെന്നുള്ള വേർപാട് അവളുടെ മാതാപിതാക്കളായ ഡേ ഡേയ്ക്കും പീറ്ററിനും ഒപ്പം അവരോടൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾക്കെല്ലാം ഒരു ഞെട്ടലായിരുന്നു. അവരോടൊപ്പം ഞങ്ങളും സങ്കടപ്പെട്ടു.
എന്നിരുന്നാലും, ഡേ ഡേയും പീറ്ററും മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തി. അവർ എങ്ങനെയാണ് നേരിടുന്നതെന്ന് ഞാൻ ഡേ ഡേയോട് ചോദിച്ചപ്പോൾ, ലൂയിസ് ആയിരിക്കുന്ന ഇടത്തിൽ - യേശുവിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ - ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നാണ് അവർ ശക്തി നേടിയതെന്ന് അവൾ പറഞ്ഞു. ''നിത്യജീവിതത്തിലേക്ക് കടക്കാനുള്ള സമയമായ ഞങ്ങളുടെ മകളെ ഓർത്ത് ഞങ്ങൾ സന്തോഷിക്കുന്നു,'' അവൾ പറഞ്ഞു. “ദൈവത്തിന്റെ കൃപയാൽ, ശക്തിയാൽ, നമുക്ക് ദുഃഖത്തിലൂടെ സഞ്ചരിക്കാനും അവൻ നമ്മെ ഏൽപ്പിച്ച കാര്യങ്ങൾ തുടർന്നും ചെയ്യാനും കഴിയും.”
യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തിന്റെ ഹൃദയത്തിലുള്ള അവളുടെ ആത്മവിശ്വാസത്തിലാണ് ഡേ ഡേ ആശ്വാസം കണ്ടെത്തുന്നത്. ബൈബിൾ പ്രത്യാശ കേവലം ശുഭാപ്തിവിശ്വാസത്തേക്കാൾ വളരെ കൂടുതലായ ഒന്നാണ്; അത് ദൈവത്തിന്റെ വാഗ്ദത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തികഞ്ഞ ഉറപ്പാണ്, അത് അവൻ ഒരിക്കലും ലംഘിക്കുകയില്ല. വേർപിരിഞ്ഞ സുഹൃത്തുക്കളെ ഓർത്ത് ദുഃഖിക്കുന്നവരെ പൗലൊസ്ധൈര്യപ്പെടുത്തിയതുപോലെ, നമ്മുടെ ദുഃഖത്തിൽ, നമുക്ക് ഈ ശക്തമായ സത്യത്തെ മുറുകെ പിടിക്കാം: “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും” (1 തെസ്സലൊനീക്യർ 4:14). ഈ പ്രത്യാശ ഇന്ന് നമ്മുടെ ദുഃഖത്തിലും നമുക്ക് ശക്തിയും ആശ്വാസവും നൽകട്ടെ.

പ്രാർത്ഥനയിൽ ഓർക്കുക
ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമോന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു” (ഫിലേമോൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, 'എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു' (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10).
മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്.

ആത്മാവിനാൽ കുതിർക്കപ്പെടുക
ഗ്രന്ഥകാരനും അമേരിക്കൻ പുതിയ നിയമ പണ്ഡിതനുമായ സ്കോട്ട് മക്നൈറ്റ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ, “ആത്മാവിനാൽ കുതിർക്കപ്പെട്ട അനുഭവം” എന്ന് താൻ വിളിക്കുന്ന അനുഭവം ഉണ്ടായത് എങ്ങനെയെന്ന് പങ്കുവെക്കുന്നു. ഒരു ക്യാമ്പിൽ ആയിരിക്കുമ്പോൾ, ആത്മാവിന് കീഴടങ്ങി ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ സിംഹാസനസ്ഥനാക്കാൻ പ്രസംഗകൻ ആഹ്വാനം ചെയ്തു. പിന്നീട്, സ്കോട്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ, എ്ന്റെ ഉള്ളിലേക്കു വന്ന് എന്നെ നിറയ്ക്കണമേ.'' എന്തോ ശക്തമായ ഒന്നു സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ''ആ നിമിഷം മുതൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായിത്തീർന്നു. പൂർണ്ണതയുള്ളതല്ല, വ്യത്യസ്തമായത്.'' ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും യേശുവിലുള്ള മറ്റു വിശ്വാസികളെ കാണാനും ദൈവത്തെ സേവിക്കാനുമുള്ള ആഗ്രഹം പെട്ടെന്ന് ഉണ്ടായി.
ഉയിർത്തെഴുന്നേറ്റ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ സ്നേഹിതരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ. 1:4). അവർ “ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും'' അവന്റെ സാക്ഷികൾ ആകും (വാ. 8). യേശുവിൽ വിശ്വസിക്കുന്ന എല്ലാവരിലും വസിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു. ഇത് ആദ്യം സംഭവിച്ചത് പെന്തക്കോസ്ത് ദിനത്തിലാണ് (പ്രവൃത്തികൾ 2 കാണുക); ഇന്ന് ഒരുവൻ ക്രിസ്തുവിൽ ആശ്രയിക്കുമ്പോഴെല്ലാം അത് സംഭവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെ ദൈവാത്മാവ് നിറച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ സഹായത്തോടെ നാമും രൂപാന്തരപ്പെട്ട സ്വഭാവത്തിന്റെയും ആഗ്രഹങ്ങളുടെയും ഫലം പുറപ്പെടുവിക്കുന്നു (ഗലാത്യർ 5:22-23). നമ്മെ ആശ്വസിപ്പിക്കുന്നതിനും, നമ്മെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതിനും, നമ്മോടു ചേർന്നു സഹകരിക്കുന്നതിനും, സ്നേഹിച്ചതിനും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം.