
പ്രാർത്ഥനയും രൂപാന്തരവും
1982-ൽ, പാസ്റ്റർ ക്രിസ്റ്റ്യൻ ഫ്യൂറർ ജർമ്മനിയിലെ ലീപ്സിഗ് സെന്റ് നിക്കോളാസ് പള്ളിയിൽ തിങ്കളാഴ്ച പ്രാർത്ഥനാ യോഗങ്ങൾ ആരംഭിച്ചു. വർഷങ്ങളോളം, ആഗോള അക്രമത്തിനും കിഴക്കൻ ജർമ്മൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനും മധ്യേ സമാധാനത്തിനായി ദൈവത്തോട് അപേക്ഷിക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഒത്തുകൂടി. കമ്മ്യൂണിസ്റ്റ് അധികാരികൾ സഭകളെ സസൂക്ഷ്മം നിരീക്ഷിച്ചെങ്കിലും, അംഗസംഖ്യ പെരുകുകയും സഭാ കവാടത്തിന് പുറത്തേക്ക് ജനബാഹുല്യം പെരുകുകയും ചെയ്യുന്നതുവരെ അവർ ഗൗനിച്ചില്ല. 1989 ഒക്ടോബർ 9-ന് എഴുപതിനായിരം പ്രകടനക്കാർ ഒത്തുകൂടുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്തു. ഏത് പ്രകോപനത്തിനും മറുപടി നൽകാൻ ആറായിരം കിഴക്കൻ ജർമ്മൻ പോലീസ് സജ്ജരായി നിന്നു. എന്നിരുന്നാലും, ജനക്കൂട്ടം സമാധാനപരമായി പ്രതിഷേധം തുടർന്നു, ചരിത്രകാരന്മാർ ഈ സംഭവത്തെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. ഒരു മാസത്തിനുശേഷം, ബെർലിൻ മതിൽ തകർന്നു. വലിയ പരിവർത്തനം ആരംഭിച്ചത് ഒരു പ്രാർത്ഥനാ യോഗത്തോടെയാണ്.
നാം ദൈവത്തിങ്കലേക്ക് തിരിയുകയും അവന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ പലപ്പോഴും മാറാനും പുനർരൂപപ്പെടാനും തുടങ്ങുന്നു. യിസ്രായേലിനെപ്പോലെ, “[നമ്മുടെ] കഷ്ടതയിൽ യഹോവയോട് നിലവിളിക്കുമ്പോൾ’’ (സങ്കീർത്തനം 107:28) നമ്മുടെ ഏറ്റവും ഭയാനകമായ പ്രതിസന്ധികളെ പോലും അടിസ്ഥാനപരമായി രൂപാന്തരപ്പെടുത്താനും നമ്മുടെ ഏറ്റവും വിഷമകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിവുള്ള ദൈവത്തെ നാം കണ്ടെത്തുന്നു. ദൈവം “കൊടുങ്കാറ്റിനെ ശാന്തമാക്കുകയും മരുഭൂമിയെ ജലതടാകമാക്കി” മാറ്റുകയും ചെയ്യുന്നു (വാ. 29, 35). നമ്മുടെ പ്രാർത്ഥന കേൾക്കുന്നവൻ നിരാശയിൽ നിന്ന് പ്രത്യാശയും നാശത്തിൽ നിന്ന് സൗന്ദര്യവും കൊണ്ടുവരുന്നു.
എന്നാൽ ദൈവമാണ് (അവന്റെ കാലത്ത്-നമ്മുടെ സമയത്തല്ല) രൂപാന്തരം നടപ്പിലാക്കുന്നത്. അവൻ ചെയ്യുന്ന രൂപാന്തര പ്രവൃത്തിയിൽ നാം എങ്ങനെ പങ്കുചേരുന്നു എന്നതാണ് പ്രാർത്ഥന.

പ്രതിദിനം ശക്തീകരിക്കപ്പെടുക
ഭക്ഷണം തയ്യാറാക്കൽ അല്ലെങ്കിൽ അലക്കൽ തുടങ്ങിയ സാധാരണ ജോലികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രാർത്ഥനകളുടെ മനോഹരമായ സമാഹാരമാണ് എവരി മൊമന്റ് ഹോളി. ആവർത്തന വിരസതയോ മുഷിപ്പനോ ആയി തോന്നുന്നതും എന്നാൽ ആവശ്യവുമായ ജോലികൾ. “ഭക്ഷണത്തിന് മുമ്പ് നിങ്ങൾ പ്രാർത്ഥിക്കുന്നു, ശരി തന്നേ. എന്നാൽ വരയ്ക്കുന്നതിനും പെയിന്റു ചെയ്യുന്നതിനും നീന്തുന്നതിനും വേലികെട്ടുന്നതിനും ബോക്സിംഗിനും നടക്കുന്നതിനും കളിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും പേനയിൽ മഷി നിറയ്ക്കുന്നതിനും മുമ്പെ ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് എഴുതിയ ഗ്രന്ഥകാരൻ ജി. കെ. ചെസ്റ്റർട്ടന്റെ വാക്കുകൾ ഈ പുസ്തകം എന്നെ ഓർമ്മിപ്പിച്ചു.
അത്തരം പ്രോത്സാഹനം എന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കുന്നു. ചില സമയങ്ങളിൽ എന്റെ പ്രവർത്തനങ്ങളെ - ഭക്ഷണത്തിനു മുമ്പുള്ള ദൈവവചനം ധ്യാനം പോലെയുള്ളവ - ആത്മീയ മൂല്യമുള്ളവയെന്നും, ആത്മീയ മൂല്യം ഇല്ലാത്തവയെന്നും - ഭക്ഷണത്തി
നു ശേഷമുള്ള പാത്രം കഴുകൽ തുടങ്ങിയവ - വിഭജിക്കാനുള്ള പ്രേരണ എനിക്കുണ്ടാകാറുണ്ട്. യേശുവിനു വേണ്ടി ജീവിക്കുന്നതു തിരഞ്ഞെടുത്ത കൊലൊസ്യയിലെ ജനങ്ങൾക്കുള്ള ഒരു കത്തിൽ പൗലൊസ് ആ വിഭജനം ഇല്ലാതാക്കി. അവൻ അവരെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ” (3:17). യേശുവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്യുക എന്നതിനർത്ഥം നാം ചെയ്യുന്നതിലൂടെ അവനെ ബഹുമാനിക്കുകയും അവ നിറവേറ്റാൻ അവന്റെ ആത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്.
“എന്തു ചെയ്താലും.” നമ്മുടെ ജീവിതത്തിലെ എല്ലാ സാധാരണ പ്രവർത്തനങ്ങളും, ഓരോ നിമിഷവും, ദൈവാത്മാവിന്റെ ശക്തിയിലും യേശുവിനെ മഹത്വപ്പെടുത്തുന്ന വിധത്തിലും ചെയ്യാൻ കഴിയും.

ആഴമുള്ള വെള്ളം
1992-ൽ ബിൽ പിങ്ക്നി ഒറ്റയ്ക്ക് അപകടകരമായ ഗ്രേറ്റ് സതേൺ മുനമ്പിനു ചുറ്റുമുള്ള കഠിനമായ പാതയിലൂടെ ലോകപര്യടനം നടത്തിയത് ഉയർന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. കുട്ടികളെ പ്രചോദിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതിൽ അദ്ദേഹം പഠിച്ച ചിക്കാഗോ ഇന്നർ സിറ്റി എലമെന്ററി സ്കൂളിലെ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം? നന്നായി പഠിക്കുന്നതിലൂടെയും ഒരു പ്രതിബദ്ധതയിലൂടെയും അവർക്ക് എത്ര ദൂരം പോകാനാകുമെന്ന് കാണിക്കാനായിരുന്നു അത്. തന്റെ ബോട്ടിന് പേരിടാൻ അദ്ദേഹം തിരഞ്ഞെടുത്ത വാക്ക് പ്രതിബദ്ധത എന്നതായിരുന്നു. ബിൽ സ്കൂൾ കുട്ടികളെ പ്രതിബദ്ധതയിൽ കയറ്റി കടലിലിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം പറയുന്നു, ''അവർ ടില്ലർ കൈയിൽ പിടിക്കുകയും നിയന്ത്രണം, ആത്മനിയന്ത്രണം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു, അവർ ടീം വർക്കിനെക്കുറിച്ച് പഠിക്കുന്നു . . . ജീവിതത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാനകാര്യങ്ങളും അവർ പഠിക്കുന്നു.”
പിങ്ക്നിയുടെ വാക്കുകൾ ശലോമോന്റെ ജ്ഞാനത്തിന്റെ ഒരു ചിത്രം വരയ്ക്കുന്നു. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും” (സദൃശവാക്യങ്ങൾ 20:5). തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ പരിശോധിക്കാൻ അദ്ദേഹം മറ്റുള്ളവരെ ക്ഷണിച്ചു. അല്ലാത്തപക്ഷം, ''ഇതു നിവേദിതം'' എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി” ആകുന്നു എന്നു ശലോമോൻ പറഞ്ഞു (വാക്യം 25).
ഇതിനു വിപരീതമായി, ബിൽ പിങ്ക്നിക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു, അത് ഒടുവിൽ അമേരിക്കയിലുടനീളമുള്ള മുപ്പതിനായിരം വിദ്യാർത്ഥികളെ തന്റെ യാത്രയിൽ നിന്ന് പഠിക്കാൻ പ്രചോദിപ്പിച്ചു. നാഷണൽ സെയിലിംഗ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരനായി അദ്ദേഹം മാറി. ''കുട്ടികൾ നിരീക്ഷിക്കുകയായിരുന്നു,'' അദ്ദേഹം പറഞ്ഞു. സമാനമായ ഉദ്ദേശ്യത്തോടെ, ദൈവത്തിന്റെ നിർദ്ദേശങ്ങളുടെ ആഴത്തിലുള്ള ബുദ്ധ്യുപദേശത്താൽ നമുക്ക് നമ്മുടെ ഗതിയെ ക്രമീകരിക്കാം.

വ്യക്തിപരമായ ഉത്തരവാദിത്തം
എന്റെ സുഹൃത്തിന്റെ കണ്ണുകൾ എന്റെ വികാരത്തെ വെളിപ്പെടുത്തി- ഭയം! ഞങ്ങൾ രണ്ട് കൗമാരക്കാർ മോശമായി പെരുമാറി, ഇപ്പോൾ ക്യാമ്പ് ഡയറക്ടറുടെ മുമ്പാകെ ഭയന്നു. ഞങ്ങളുടെ പിതാക്കന്മാരെ നന്നായി അറിയാവുന്ന ആ മനുഷ്യൻ, ഞങ്ങളുടെ പിതാക്കന്മാർ വല്ലാതെ നിരാശരാകുമെന്ന് സ്നേഹത്തോടെ എന്നാൽ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചു. മേശയ്ക്കടിയിൽ നുഴഞ്ഞുകയറാൻ ഞങ്ങൾ ആഗ്രഹിച്ചു-ഞങ്ങളുടെ കുറ്റത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ ഭാരം ഞങ്ങൾക്കനുഭവപ്പെട്ടു.
യെഹൂദയിലെ ജനങ്ങൾക്കായി ദൈവം സെഫന്യാവിന് ഒരു സന്ദേശം നൽകി, അതിൽ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകൾ അടങ്ങിയിരുന്നു (സെഫന്യാവ് 1:1, 6-7). യെഹൂദയുടെ ശത്രുക്കൾക്കെതിരെ അവൻ കൊണ്ടുവരുന്ന ന്യായവിധികൾ വിവരിച്ച ശേഷം (അദ്ധ്യായം 2), അവൻ തന്റെ കുറ്റക്കാരായ, ഞെരുങ്ങുന്ന ആളുകളിലേക്ക് കണ്ണുതിരിച്ചു (അദ്ധ്യായം 3). “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!” ദൈവം പ്രഖ്യാപിച്ചു (3:1). “അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു” (വാ. 7).
അവൻ തന്റെ ജനത്തിന്റെ മരവിച്ച ഹൃദയങ്ങൾ-അവരുടെ ആത്മീയ നിസ്സംഗത, സാമൂഹിക അനീതി, വൃത്തികെട്ട അത്യാഗ്രഹം എന്നിവ - കണ്ടു. അവൻ സ്നേഹപൂർവമായ അച്ചടക്കം കൊണ്ടുവരികയായിരുന്നു. വ്യക്തികളോ പ്രഭുക്കളോ, ന്യായാധിപന്മാരോ പ്രവാചകന്മാരോ (വാ. 3-4) എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവന്റെ മുമ്പിൽ കുറ്റക്കാരായിരുന്നു.
യേശുവിൽ വിശ്വസിക്കുന്നവരും പാപത്തിൽ തുടരുന്നവരുമായ ആളുകൾക്ക്് അപ്പൊസ്തലനായ പൗലൊസ് എഴുതി: ''നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവൻ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും'' (റോമർ 2:5-6). അതിനാൽ, യേശുവിന്റെ ശക്തിയിൽ, നമ്മുടെ പരിശുദ്ധനും സ്നേഹനിധിയുമായ പിതാവിനെ ബഹുമാനിക്കുന്ന വിധത്തിൽ, പശ്ചാത്താപത്തിനിടയില്ലാത്ത വിധത്തിൽ നമുക്ക് ജീവിക്കാം.

എന്നെ കഴുകേണമേ!
“എന്നെ കഴുകേണമേ!” ആ വാക്കുകൾ എന്റെ വാഹനത്തിൽ എഴുതിയിട്ടില്ലെങ്കിലും, അങ്ങനെയാകുമായിരുന്നു. അതിനാൽ ഞാൻ കാർ കഴുകാൻ പോയി, അടുത്തിടെ മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപ്പു വിതറിയ റോഡുകളിൽ നിന്നുണ്ടായ മാലിന്യം കഴുകിക്കളയാൻ എത്തിയ കാറുകളുടെ നീണ്ട നിര അവിടെയുണ്ടായിരുന്നു. സർവീസ് മന്ദഗതിയിലായിരുന്നു. പക്ഷേ, കാത്തിരിപ്പിന് വിലയുണ്ടായി. വൃത്തിയുള്ള ഒരു വാഹനവുമായി ഞാൻ മടങ്ങി. മാ്ത്രമല്ല, സേവന കാലതാമസത്തിനുള്ള നഷ്ടപരിഹാരമായി, കാർ കഴുകൽ സൗജന്യമായിരുന്നു!
മറ്റൊരാളുടെ ചെലവിൽ വൃത്തിയാക്കൽ-അതാണ് യേശുക്രിസ്തുവിന്റെ സുവിശേഷം. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം നമ്മുടെ പാപങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ “അഴുക്കും മെഴുക്കും” നമ്മിൽ പറ്റിപ്പിടിക്കുമ്പോൾ “കുളിക്കേണ്ട” ആവശ്യം നമ്മിൽ ആർക്കാണ് തോന്നാത്തത്? നമ്മെത്തന്നെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുകയും ദൈവവുമായുള്ള സമാധാനം കവർന്നെടുക്കുകയും ചെയ്യുന്ന സ്വാർത്ഥ ചിന്തകളാലും പ്രവൃത്തികളാലും നാം കളങ്കപ്പെടുമ്പോൾ? തന്റെ ജീവിതത്തിൽ പ്രലോഭനം വിജയം വരിച്ചപ്പോൾ ദാവീദിൽ നിന്നുയർന്ന നിലവിളിയാണ് 51-ാം സങ്കീർത്തനം. തന്റെ പാപത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ഒരു ആത്മീയ ഉപദേഷ്ടാവിനെ അഭിമുഖീകരിച്ചപ്പോൾ (2 ശമൂവൽ 12 കാണുക), അവൻ “എന്നെ കഴുകണമേ!” എന്നു പ്രാർത്ഥിച്ചു. ''ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ'' (വാ. 7). വൃത്തികേടും കുറ്റബോധവും തോന്നുന്നുണ്ടോ? യേശുവിന്റെ അടുത്തേക്ക് ചെല്ലുക, ഈ വാക്കുകൾ ഓർമ്മിക്കുക: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9).