Month: ആഗസ്റ്റ് 2025

ബ്രാൻഡ് അംബാസഡർമാരേക്കാളധികം

ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി 'സുബി സൂപ്പർ ഫാൻസിനെ' വാഹനങ്ങളുടെ 'ബ്രാൻഡ് അംബാസഡർ' ആകാൻ ക്ഷണിക്കുന്നു. 
കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു, ''സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല. 
2 കൊരിന്ത്യർ 5-ൽ, യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ഒരു വ്യത്യസ്തമായ 'അംബാസഡർ' പരിപാടിയെക്കുറിച്ച് പൗലൊസ് വിവരിക്കുന്നു. “ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു” (വാ. 11). തുടർന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു, ''ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു” (വാ. 19-20). 
പല ഉൽപ്പന്നങ്ങളും നമുക്ക് സന്തോഷവും സമ്പൂർണ്ണതയും ലക്ഷ്യവും പോലെ   ആഴത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്നു വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരേയൊരു സന്ദേശം -യേശുവിൽ വിശ്വസിക്കുന്നവരായ നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിരപ്പിന്റെ സന്ദേശം- യഥാർത്ഥത്തിൽ സന്തോഷവാർത്തയാണ്. നിരാശാജനകമായ ഒരു ലോകത്തിലേക്ക് ആ സന്ദേശം എത്തിക്കാനുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു. 

സ്ഥിരോത്സാഹത്തിന്റെ ശക്തി

1917-ൽ, ഒരു യുവ തയ്യൽക്കാരി ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈൻ സ്‌കൂളിൽ പ്രവേശനം നേടിയതിൽ ആവേശഭരിതയായി. എന്നാൽ ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഫ്‌ളോറിഡയിൽ നിന്ന് ആൻ കോൺ എത്തിയപ്പോൾ, അവൾക്കു പ്രവേശനം ഇല്ലെന്ന് സ്‌കൂൾ ഡയറക്ടർ പറഞ്ഞു. “തുറന്നു പറഞ്ഞാൽ, മിസ്സിസ് കോൺ, നിങ്ങൾ ഒരു നീഗ്രോ ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു,” അയാൾ പറഞ്ഞു. പോകാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇപ്രകാരം പ്രാർത്ഥിച്ചു: എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കൂ. അവളുടെ സ്ഥിരോത്സാഹം കണ്ട്, ഡയറക്ടർ ആനിനെ താമസിക്കാൻ അനുവദിച്ചു, പക്ഷേ വെള്ളക്കാർക്ക് മാത്രമുള്ള ക്ലാസ് മുറിയിൽ നിന്ന് അവളെ മാറ്റി, പിൻവാതിലിനപ്പുറം നിന്നു കേൾക്കാൻ അനുവദിച്ചു. 
അനിഷേധ്യമായ താലന്തുള്ള ആൻ പഠനം പൂർത്തിയാക്കാൻ ആറുമാസം കൂടി ശേഷിക്കെ ബിരുദം നേടി, അമേരിക്കയിലെ മുൻ പ്രഥമ വനിത ജാക്വലിൻ കെന്നഡി ഉൾപ്പെടെ സമൂഹത്തിലെ ഉന്നതരായ ക്ലൈന്റുകളെ ആകർഷിച്ചു. ജാക്വിലിന്റെ ലോകപ്രശസ്ത വിവാഹ ഗൗൺ രൂപകൽപ്പന ചെയ്തത് ആൻ ആയിരുന്നു. അവളുടെ തയ്യൽ സ്റ്റുഡിയോയ്ക്ക് മുകളിൽ പൈപ്പ് പൊട്ടി ആദ്യത്തെ വസ്ത്രം നശിച്ചതിനെത്തുടർന്ന് അവൾ ദൈവത്തിന്റെ സഹായം തേടി ഗൗൺ രണ്ടാമതും ഉണ്ടാക്കുകയായിരുന്നു. 
അത്തരം സ്ഥിരോത്സാഹം ശക്തിയേറിയതാണ്, പ്രത്യേകിച്ച് പ്രാർത്ഥനയിലുള്ള സ്ഥിരോത്സാഹം. സ്ഥിരോത്സാഹിയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ, ഈ വിധവ അഴിമതിക്കാരനായ ഒരു ന്യായാധിപനോട് നീതിക്കായി ആവർത്തിച്ച് അപേക്ഷിക്കുന്നു. ആദ്യം, അവൻ അവളെ നിരസിച്ചു, എന്നാൽ 'വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും' (ലൂക്കൊസ് 18:5) എന്നയാൾ പറഞ്ഞു. 
ദൈവം കൂടുതൽ സ്‌നേഹത്തോടെ, ''രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?'' (വാ. 7). അവൻ രക്ഷിക്കും എന്ന് യേശു പറഞ്ഞു (വാ. 8). അവൻ നമ്മെ പ്രചോദിപ്പിക്കുന്നതനുസരിച്ച് നമുക്ക് ഒരിക്കലും മടുത്തുപോകാതെ നിരന്തരം പ്രാർത്ഥിക്കാൻ ശ്രമിക്കാം. അവന്റെ സമയത്തിലും പൂർണ്ണമായ വഴിയിലും ദൈവം ഉത്തരം നൽകും. 

യേശു നമ്മുടെ സഹോദരൻ

ബ്രിഡ്ജർ വാക്കറിന് ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒരു നായ തന്റെ ഇളയ സഹോദരിക്ക് നേരെ കുതിച്ചുചെല്ലുന്നത് അവൻ കണ്ടു. നായയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് അവളെ സംരക്ഷിക്കുന്നതിനായി ബ്രിഡ്ജർ അവളുടെ മുന്നിലേക്ക് ചാടി. അടിയന്തര പരിചരണം ലഭിക്കുകയും മുഖത്ത് തൊണ്ണൂറ് തുന്നലുകൾ ഇടുകയും ചെയ്തശേഷം, ബ്രിഡ്ജർ തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. “ആരെങ്കിലും മരിക്കേണ്ടി വന്നാൽ, അത് ഞാനായിരിക്കണമെന്ന് ഞാൻ ചിന്തിച്ചു.” നന്ദിയോടെ പറയട്ടെ, പ്ലാസ്റ്റിക് സർജന്മാർ ബ്രിഡ്ജറിന്റെ മുഖം സുഖപ്പെടുത്തി. തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുന്ന അവന്റെ സമീപകാല ചിത്രങ്ങളിൽ തന്റെ സഹോദരിയോടുള്ള സ്‌നേഹം എന്നത്തേയും പോലെ ശക്തമായി നിലനിൽക്കുന്നു എന്നു കാണാം. 
കുടുംബാംഗങ്ങൾ നമ്മെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. നാം കഷ്ടതയിൽ അകപ്പെടുമ്പോൾ യഥാർത്ഥ സഹോദരന്മാർ ഇടപെടുകയും നാം പേടിക്കുമ്പോഴോ തനിച്ചായിരിക്കുമ്പോഴോ കൂടെ വരികയും ചെയ്യും. വാസ്തവത്തിൽ, നമ്മുടെ ഏറ്റവും നല്ല സഹോദരന്മാർ പോലും അപൂർണ്ണരാണ്; ചിലർ നമ്മെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. എപ്പോഴും നമ്മുടെ പക്ഷത്തുള്ള ഒരു സഹോദരൻ നമുക്കുണ്ട്, യേശു. എബ്രായലേഖനം നമ്മോട് പറയുന്നു, 'മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി ... സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു'' (2:14, 17). തൽഫലമായി, യേശു നമ്മുടെ ഏറ്റവും യഥാർത്ഥ സഹോദരനാണ്, നമ്മെ തന്റെ 'സഹോദരന്മാർ' എന്ന് വിളിക്കുന്നതിൽ അവൻ സന്തോഷിക്കുന്നു (വാ. 11). 
നാം യേശുവിനെ നമ്മുടെ രക്ഷകൻ, സുഹൃത്ത്, രാജാവ് എന്നിങ്ങനെ പരാമർശിക്കുന്നു-ഇവ ഓരോന്നും സത്യവുമാണ്. എന്നിരുന്നാലും, എല്ലാ മാനുഷിക ഭയവും പ്രലോഭനവും എല്ലാ നിരാശയും സങ്കടവും അനുഭവിച്ച നമ്മുടെ സഹോദരൻ കൂടിയാണ് യേശു. നമ്മുടെ സഹോദരൻ എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നു. 

ഏകനെങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല

അവരുടെ കഥകൾ കേൾക്കുമ്പോൾ, ഒരു തടവുകാരനായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഒറ്റപ്പെടലും ഏകാന്തതയുമാണെന്ന് വ്യക്തമാകും. വാസ്തവത്തിൽ, തടവറയുടെ ദൈർഘ്യം എന്തായിരുന്നാലും മിക്ക തടവുകാർക്കും സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ രണ്ട് സന്ദർശനങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഏകാന്തത ഒരു നിരന്തരമായ യാഥാർത്ഥ്യമാണ്. 
ജയിലിൽ കിടക്കുമ്പോൾ യോസേഫിന് തോന്നിയത് അന്യായമായി കുറ്റാരോപിതനായതിന്റെ വേദനയാണ് എന്നു ഞാൻ ചിന്തിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കം ഉണ്ടായിരുന്നു. ഫറവോന്റെ വിശ്വസ്ത സേവകനായിരുന്ന സഹതടവുകാരന്റെ സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കാൻ ദൈവം യോസേഫിനെ സഹായിച്ചു. യോസേഫ് ആ മനുഷ്യനോട് അവൻ തന്റെ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറയുകയും തന്നെ തടവിൽനിന്നു മോചിപ്പിക്കാൻ ഫറവോനോട് അപേക്ഷിക്കാൻ ആ മനുഷ്യനോട് ആവശ്യപ്പെടുകയും ചെയ്തു (ഉല്പത്തി 40:14). എന്നാൽ ആ മനുഷ്യൻ ''യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു'' (വാ. 23). രണ്ടവർഷംകൂടി യോസേഫ് കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവിൽ, തന്റെ സാഹചര്യങ്ങൾ മാറുമെന്ന സൂചനയൊന്നും കൂടാതെ തന്നേ, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ യോസേഫ് ഒരിക്കലും പൂർണ്ണമായും തനിച്ചായിരുന്നില്ല. ഒടുവിൽ, ഫറവോന്റെ ദാസൻ അവന്റെ വാഗ്ദാനം ഓർത്തു, മറ്റൊരു സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കുന്നതിനായി യോസേഫിനെ മോചിപ്പിച്ചു (41:9-14). 
നാം മറന്നുപോയി എന്ന തോന്നലുണ്ടാക്കുന്ന സാഹചര്യങ്ങളും ഏകാന്തതയുടെ നാളുകൾ ഇഴഞ്ഞുനീങ്ങുന്നതും പരിഗണിക്കാതെ തന്നെ, ''ഞാൻ നിന്നെ മറക്കയില്ല!'' എന്ന തന്റെ മക്കളോടുള്ള ദൈവത്തിന്റെ ഉറപ്പുനൽകുന്ന വാഗ്ദാനത്തിൽ നമുക്ക് മുറുകെ പിടിക്കാം (യെശയ്യാവ് 49:15). 

ഒരു വ്യത്യസ്ത സമീപനം

1800-കളുടെ അവസാനത്തിൽ ആഫ്രിക്കൻ രാജ്യമായ കലബാറിലേക്ക് (ഇപ്പോൾ നൈജീരിയ) മേരി സ്ലെസ്സർ കപ്പൽ കയറിയപ്പോൾ, അന്തരിച്ച ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ മിഷനറി പ്രവർത്തനം തുടരാൻ അവൾ ഉത്സാഹഭരിതയായിരുന്നു. അവളുടെ ആദ്യ നിയമനം, സഹ മിഷനറിമാരുടെ ഇടയിൽ ജീവിച്ചുകൊണ്ട് സ്‌കൂളിൽ പഠിപ്പിക്കുകയായിരുന്നു. തദ്ദേശീയരെ സേവിക്കുന്നതിനുള്ള തന്റെ അവസരം ഇല്ലാതായത് അവളെ ഭാരപ്പെടുത്തി. അതുകൊണ്ട് അവൾ ആ പ്രദേശത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ചെയ്തു - അവൾ സേവിക്കുന്ന ആളുകളുടെ ഒപ്പം താമസം ആരംഭിച്ചു. മേരി അവരുടെ ഭാഷ പഠിച്ചു, അവരുടെ രീതിയിൽ ജീവിച്ചു, അവരുടെ ഭക്ഷണം കഴിച്ചു. ഉപേക്ഷിക്കപ്പെട്ട ഡസൻ കണക്കിന് കുട്ടികളെ അവൾ ഏറ്റെടുത്തു. ഏകദേശം നാൽപ്പത് വർഷക്കാലം, പ്രത്യാശയും സുവിശേഷവുംആവശ്യമുള്ളവർക്ക് അവൾ അവ നൽകി. 
നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ യഥാർഥത്തിൽ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 1 കൊരിന്ത്യർ 12:4-5-ൽ “കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ'' എന്നും അവൻ പരാമർശിച്ചു. അതുകൊണ്ട് അവൻ ആളുകളുടെ ആവശ്യം മനസ്സിലാക്കി അവരെ സേവിച്ചു. ഉദാഹരണത്തിന്, “ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി” (9:22). 
എനിക്ക് അറിയാവുന്ന ഒരു സഭ ഈയിടെ പ്രഖ്യാപിച്ചത്, അംഗപരിമിതർക്ക് ആരാധന ലഭ്യമാക്കുന്നതിനായി എല്ലാ കഴിവുകളും ശുശ്രൂഷാ സമീപനവും, തടസ്സങ്ങളില്ലാത്ത സൗകര്യവും ഒരുക്കുന്നു എന്നാണ്. ഹൃദയങ്ങളെ കീഴടക്കുകയും ഒരു സമൂഹത്തിൽ സുവിശേഷം തഴച്ചുവളരാൻ അനുവദിക്കുകയും ചെയ്യുന്ന പൗലൊസിനെപ്പോലെയുള്ള ചിന്തയാണിത്. 
നമുക്ക് ചുറ്റുമുള്ളവരുടെ മുമ്പാകെ നമ്മുടെ വിശ്വാസം നിലനിറുത്തിക്കൊണ്ട് നവീനവും നവ്യവുമായ വഴികളിൽ യേശുവിന് അവർക്കു പരിചയപ്പെടുത്താൻ ദൈവം നമ്മെ നയിക്കട്ടെ. 

ML--When Life Hurts

ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാകാം, ചിലപ്പോൾ ആശ്ചര്യങ്ങൾ ആസ്വാദ്യകരവും രസകരവുമാകാം. എന്നാൽ ജീവിതത്തിലെ അത്ഭുതങ്ങൾ ഭയവും ഉത്കണ്ഠയും സൃഷ്ടിക്കുന്ന സമയങ്ങളുണ്ട്, കാരണം ആശ്ചര്യങ്ങൾ നമ്മെയോ നമ്മൾ സ്നേഹിക്കുന്ന വ്യക്തിയെയോ വളരെ വ്യക്തിപരമായ രീതിയിൽ ബാധിക്കുന്നു, അതായത് നമ്മുടെ ആരോഗ്യം. ഡോക്ടർമാരുടെ ഇടയ്ക്കിടെയുള്ള സന്ദർശനങ്ങൾ, ഓപ്പറേഷനുകൾ, മരുന്നുകൾ, തെറാപ്പികൾ എന്നിവയെല്ലാം വിചിത്രവും പലപ്പോഴും ഭയപ്പെടുത്തുന്നതുമായ ഒരു ലോകത്തിലേക്ക് നമ്മെ തള്ളിവിടുന്ന എല്ലാ ജീവിത സാഹചര്യങ്ങളുമാണ്. നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്ന അത്ഭുതങ്ങളാണിവ. ജീവിതം വേദനിക്കുന്ന സമയമാണിത്. പ്രശ് നങ്ങളുടെയും ഭയത്തിന്റെയും സമയങ്ങളിൽ, പ്രതീക്ഷ കൈവിടാനും ഉപേക്ഷിക്കാനും എളുപ്പമാണ്.…