നമ്മുടെ എല്ലാ നാളുകളുടെയും ദൈവം
പരാജയപ്പെട്ട ഒരു സർജറിക്ക് ശേഷം, അവൾക്ക് അഞ്ചാഴ്ചയ്ക്കുള്ളിൽ മറ്റൊരു ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് ജോവാന്റെ ഡോക്ടർ പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ജോവാന്റെ ഉത്കണ്ഠ വർദ്ധിച്ചു. ജോവാനും അവളുടെ ഭർത്താവും മുതിർന്ന പൗരന്മാരായിരുന്നു, അവരുടെ കുടുംബം വളരെ അകലെയാണ് താമസിച്ചിരുന്നത്. അവർക്ക് അപരിചിതമായ ഒരു നഗരത്തിലേക്ക് വാഹനമോടിക്കുകയും സങ്കീർണ്ണമായ ആശുപത്രി നടപടി ക്രമങ്ങൾ ആവർത്തിക്കുകയും വേണം, മാത്രമല്ല ഒരു പുതിയ സ്‌പെഷ്യലിസ്റ്റിനോടു ചേർന്നു പ്രവർത്തിക്കണം.
ഈ സാഹചര്യങ്ങൾ അതിരുകടന്നതായി തോന്നിയെങ്കിലും ദൈവം അവരെ പരിപാലിച്ചു. യാത്രയ്ക്കിടയിൽ അവരുടെ കാറിന്റെ നാവിഗേഷൻ സിസ്റ്റം തകരാറിലായി, പക്ഷേ പേപ്പർ മാപ്പ് ഉണ്ടായിരുന്നതിനാൽ അവർ കൃത്യസമയത്ത് എത്തിച്ചേർന്ന്ു. ദൈവം ജ്ഞാനം നൽകി. ആശുപത്രിയിൽ, ഒരു ക്രിസ്തീയ പാസ്റ്റർ അവരോടൊപ്പം പ്രാർത്ഥിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവം പിന്തുണ നൽകി. ഓപ്പറേഷനുശേഷം, വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള സന്തോഷവാർത്ത ജോവാന് ലഭിച്ചു.
നമുക്ക് എല്ലായ്‌പ്പോഴും രോഗശാന്തിയോ രക്ഷപെടലോ അനുഭവപ്പെടില്ലെങ്കിലും, ദൈവം വിശ്വസ്തനും ദുർബലരായ ആളുകളോട് -ചെറുപ്പക്കാരോ, പ്രായമായവരോ, മറ്റെന്തെങ്കിലും അവശതയുള്ളവരോ ആകട്ടെ-എപ്പോഴും അടുത്തുവരുന്നവനുമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ്, ബാബിലോണിലെ അടിമത്തം യിസ്രായേല്യരെ ദുർബലരാക്കിയപ്പോൾ, ദൈവം അവരെ ജനനം മുതൽ വഹിച്ചിട്ടുണ്ടെന്നും അവരെ തുടർന്നും പരിപാലിക്കുമെന്നും യെശയ്യാവ് അവരെ ഓർമിപ്പിച്ചു. പ്രവാചകനിലൂടെ ദൈവം പറഞ്ഞു, “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും'' (യെശ. 46:4).
നമുക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ദൈവം നമ്മെ കൈവിടുകയില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനും നമ്മുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കാനും അവനു കഴിയും. അവൻ നമ്മുടെ എല്ലാ നാളുകളുടെയും ദൈവമാണ്.

ദൈവത്തിനുവേണ്ടിയുള്ള നല്ല പ്രശ്‌നം
ഒരു ദിവസം, ആറാം ക്ലാസ് വിദ്യാർത്ഥി ഒരു സഹപാഠി ചെറിയ കത്തി ഉപയോഗിച്ച് തന്റെ കൈ മുറിക്കുന്നത് ശ്രദ്ധിച്ചു. ശരിയായതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു. അതിശയകരമെന്നു പറയട്ടെ, അഭിനന്ദനത്തിനുപകരം, അവൾക്ക് പത്തു ദിവസത്തെ സസ്‌പെൻഷൻ ലഭിച്ചു. എന്തുകൊണ്ട്? അവളുടെ കൈവശം കത്തി ഉണ്ടായിരുന്നു-സ്‌കൂളിൽ അനുവദനീയമല്ലാത്ത ഒന്ന്. ഇനി അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി: ''എനിക്ക് പ്രശ്‌നമുണ്ടായാൽ പോലും . . . ഞാൻ അത് വീണ്ടും ചെയ്യും'' എന്നായിരുന്നു. നന്മ ചെയ്യാൻ ശ്രമിക്കുന്ന ഈ പെൺകുട്ടിയുടെ പ്രവൃത്തി അവളെ കുഴപ്പത്തിലാക്കിയതുപോലെ (അവളുടെ സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചു), യേശുവിന്റെ ദൈവരാജ്യ ഇടപെടൽ അവനെ മതനേതാക്കളുമായി പ്രശ്‌നത്തിലേക്കു നയിച്ചു.
കൈ വരണ്ട ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയത് തങ്ങളുടെ നിയമങ്ങളുടെ ലംഘനമായി പരീശന്മാർ വ്യാഖ്യാനിച്ചു. ശബ്ബത്തിൽ മൃഗങ്ങളെ പരിചരിക്കാൻ ദൈവജനത്തിന് അനുവാദമുണ്ടെങ്കിൽ,''മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ!'' (മത്തായി 12:12) എന്നു ക്രിസ്തു അവരോട് പറഞ്ഞു. അവൻ ശബ്ബത്തിന്റെ കർത്താവായതിനാൽ, അതിൽ അനുവദനീയമായതും അനുവദനീയമല്ലാത്തതും നിയന്ത്രിക്കാൻ യേശുവിന് കഴിയും (വാ. 6-8). അത് മതനേതാക്കളെ വ്രണപ്പെടുത്തുമെന്ന് അറിയാമായിരുന്നതിനാൽ, അവൻ ആ മനുഷ്യന്റെ കൈ സൗഖ്യമാക്കി (വാ. 13-14).
ചില സമയങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസികൾ 'നല്ല കുഴപ്പത്തിൽ' അകപ്പെട്ടേക്കാം. അവനെ ബഹുമാനിക്കുന്നതും എന്നാൽ ചില ആളുകളെ സന്തോഷിപ്പിക്കാത്തതും ചെയ്യുന്നത്- അവർക്കു പ്രശ്‌നം സൃഷ്ടിക്കും. ദൈവം നമ്മെ നയിക്കുന്നതുപോലെ ആവശ്യത്തിലിരിക്കുന്നവരെ നാം സഹായിക്കുമ്പോൾ, നാം യേശുവിനെ അനുകരിക്കുകയും നിയമങ്ങളേക്കാളും ആചാരങ്ങളേക്കാളും ആളുകൾ പ്രധാനമാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.

യേശുവിൽ വ്യത്യസ്തമായി ഒരുമിച്ച്
ബിസിനസ് അനലിസ്റ്റ് ഫ്രാൻസിസ് ഇവാൻസ് ഒരിക്കൽ 125 ഇൻഷുറൻസ് സെയിൽസ്മാൻമാരെ, എന്താണ് അവരുടെ വിജയരഹസ്യമെന്നു കണ്ടെത്താൻ പഠനവിധേയമാക്കി. അതിശയകരമെന്നു പറയട്ടെ, കഴിവ് പ്രധാന ഘടകമായിരുന്നില്ല. പകരം, ഉപഭോക്താക്കൾ തങ്ങളുടെ അതേ രാഷ്ട്രീയവും വിദ്യാഭ്യാസവും ഉയരവും ഉള്ള സെയിൽസ്മാന്മാരിൽ നിന്ന് വാങ്ങാൻ കൂടുതൽ സാധ്യതയുള്ളതായി ഇവാൻസ് കണ്ടെത്തി. പണ്ഡിതന്മാർ ഇതിനെ ഹോമോഫൈലി എന്ന് വിളിക്കുന്നു: തങ്ങളെപ്പോലുള്ളവരെ ഇഷ്ടപ്പെടുന്ന പ്രവണത.
ഹോമോഫൈലി ജീവിതത്തിന്റെ മറ്റ് മേഖലകളിലും കാണാം, തങ്ങളെപ്പോലെയുള്ള ആളുകളെ വിവാഹം കഴിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും നാം ശ്രമിക്കുന്നു. സ്വാഭാവികമാണെങ്കിലും, ഹോമോഫൈലി പരിശോധിക്കാതെ വിടുന്നതു വിനാശകരമായിരിക്കും. നാം 'നമ്മുടെ തരത്തിലുള്ള' ആളുകളെ മാത്രം തിരഞ്ഞെടുക്കുമ്പോൾ, സമൂഹത്തിന്റെ വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ വിള്ളലുണ്ടാകും.
ഒന്നാം നൂറ്റാണ്ടിൽ, യെഹൂദന്മാർ യഹെൂദന്മാരോടും ഗ്രീക്കുകാർ ഗ്രീക്കുകാരോടും പറ്റിനിന്നു, ധനികരും ദരിദ്രരും ഒരിക്കലും ഇടകലർന്നില്ല. എന്നിട്ടും, റോമർ 16:1-16-ൽ, പ്രിസ്‌കില്ലയും അക്വിലാവും (യെഹൂദൻ), എപൈനത്തോസ് (ഗ്രീക്ക്), ഫേബ ('പലരുടെയും ഗുണകാംക്ഷി, അതിനാൽ ഒരുപക്ഷേ ധനിക), ഫിലോലോഗോസ് (അടിമകൾക്കു സാധാരണയായി കാണുന്ന പേര്) എന്നിവരടങ്ങുന്നതായിരുന്നു റോമിലെ സഭ. ഇത്രയും വ്യത്യസ്തരായ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നത് എന്താണ്? യേശു - അവനിൽ “യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും'' ഇല്ല (ഗലാത്യർ 3:28).
നമ്മളെപ്പോലുള്ളവരുടെ കൂടെ ജീവിക്കാനും ജോലി ചെയ്യാനും പള്ളിയിൽ പോകാനും ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറത്തേക്ക് യേശു നമ്മെ തള്ളിവിടുന്നു. അവൻ നമ്മെ വ്യത്യസ്തമായ ഒരു ലോകത്തിൽ, ഒരു കുടുംബമായി അവനിൽ ഏകീകരിക്കപ്പെടുന്ന വ്യത്യസ്തമായ ഒരു ജനതയാക്കുന്നു.

ഒരായിരം പ്രകാശ ബിന്ദുക്കൾ
അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ അലബാമയിലെ ദി ഡിസ്മൽസ് കാന്യൺ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, മെയ്, ജൂൺ മാസങ്ങളിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞ് തിളങ്ങുന്ന പുഴുക്കളായി മാറുമ്പോൾ. രാത്രിയിൽ, ഈ തിളങ്ങുന്ന പുഴുക്കൾ തിളക്കമുള്ള നീല പ്രകാശം പുറപ്പെടുവിക്കുന്നു, ആയിരക്കണക്കിന് പുഴുക്കൾ ഒരുമിച്ച് ഒരു അത്യാകർഷകമായ പ്രകാശം സൃഷ്ടിക്കുന്നു.
ഒരർത്ഥത്തിൽ, അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഇപ്രകാരം തിളങ്ങുന്നവരായി വിശേഷിപ്പിക്കുന്നു. “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു’’ (എഫെസ്യർ 5:8) എന്ന് അവൻ വിശദീകരിക്കുന്നു. എന്നാൽ ''എന്റെ ഈ ചെറിയ വെളിച്ചം'' എങ്ങനെ ഒരു മാറ്റമുണ്ടാക്കുമെന്ന് ചിലപ്പോൾ നമ്മൾ അത്ഭുതപ്പെട്ടേക്കാം. ഇത് കേവലം ഒരു ഒറ്റയാൾ പ്രവൃത്തിയല്ലെന്ന് പൗലൊസ് അഭിപ്രായപ്പെടുന്നു. അവൻ നമ്മെ 'വെളിച്ചത്തിന്റെ മക്കൾ' എന്ന് വിളിക്കുന്നു (വാ. 8) കൂടാതെ “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കി” (കൊലൊസ്യർ 1:12) എന്ന് വിശദീകരിക്കുന്നു. ലോകത്തിൽ വെളിച്ചമായിരിക്കുന്നത് ഒരു കൂട്ടായ പരിശ്രമമാണ്, ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രവൃത്തിയാണത്, സഭയുടെ പ്രവർത്തനമാണ്. “പ്രകാശിക്കുന്ന പുഴുക്കൾ” ഒരുമിച്ച് ആരാധിച്ചുകൊണ്ട്, “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മിൽ സംസാരിക്കുന്നു” (എഫെസ്യർ 5:19) എന്ന ചിത്രത്തിലൂടെ പൗലൊസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു.
നിരുത്സാഹപ്പെടുമ്പോൾ, നമ്മുടെ ജീവിത സാക്ഷ്യം ഒരു അർദ്ധരാത്രി സംസ്‌കാരത്തിലെ ഒരു ചെറിയ ബിന്ദു മാത്രമാണെന്ന് കരുതുമ്പോൾ, നമുക്ക് ബൈബിളിൽ നിന്ന് ഉറപ്പ് പ്രാപിക്കാം. നാം ഒറ്റയ്ക്കല്ല. ഒരുമിച്ച്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നാം ഒരു വ്യത്യാസം വരുത്തുകയും തിളക്കമുള്ള പ്രകാശം പരത്തുകയും ചെയ്യുന്നു. തിളങ്ങുന്ന പുഴുക്കളുടെ സമ്മേളനമായ ഒരു സഭ മറ്റുള്ളവരെ വളരെയധികം ആകർഷിച്ചേക്കാം.

അടിമത്തത്തിൽ നിന്ന് മോചനം
“നിങ്ങൾ മോശെയെപ്പോലെയാണ്, അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കുന്നു!’’ ജമൈല വിളിച്ചുപറഞ്ഞു. പാകിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന അവളും അവളുടെ കുടുംബവും ചൂള ഉടമയ്ക്ക് നൽകാനുള്ള അമിതമായ തുക കാരണം കഷ്ടപ്പെട്ടു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവർ പലിശ അടയ്ക്കാൻ ഉപയോഗിച്ചു. എന്നാൽ അവരുടെ കടത്തിൽ നിന്ന് ഒരു ലാഭേച്ഛയില്ലാത്ത ഏജൻസി അവരെ മോചിപ്പിച്ചപ്പോൾ അവർക്ക് വലിയ ആശ്വാസം തോന്നി. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏജൻസിയുടെ പ്രതിനിധിക്ക് നന്ദി പറഞ്ഞുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്ന ജമൈല, ദൈവം മോശയെയും യിസ്രായേല്യരെയും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.
യിസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്തു. അവർ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (പുറപ്പാട് 2:23). എന്നാൽ അവരുടെ ജോലിഭാരം വർദ്ധിച്ചതേയുള്ളു. കാരണം പുതിയ ഫറവോൻ അവരോട് ഇഷ്ടികകൾ ഉണ്ടാക്കാൻ മാത്രമല്ല, ഈ ഇഷ്ടികകൾക്കുള്ള വൈക്കോൽ സ്വയം ശേഖരിക്കാനും ഉത്തരവിട്ടു (5:6-8). അടിമിത്തത്തിനെതിരെ യിസ്രായേല്യർ നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം അവരുടെ ദൈവമാണെന്ന തന്റെ വാഗ്ദത്തം ആവർത്തിച്ചു (6:7). മേലാൽ അവർ അടിമകളായിരിക്കില്ല, കാരണം അവൻ അവരെ 'നീട്ടിയ ഭുജം' കൊണ്ട് വീണ്ടെടുക്കും (വാ. 6).
ദൈവത്തിന്റെ മാർഗ്ഗനിർദേശപ്രകാരം മോശെ യിസ്രായേല്യരെ ഈജിപ്തിൽ നിന്ന് പുറപ്പെടുവിച്ചു (അധ്യായം 14 കാണുക). ഇന്നും ദൈവം ക്രൂശിതനായ തന്റെ പുത്രനായ യേശുവിന്റെ നീട്ടിയ കരങ്ങളിലൂടെ നമ്മെ വിടുവിക്കുന്നു. ഒരിക്കൽ നമ്മെ നിയന്ത്രിച്ചിരുന്ന പാപത്തിന്റെ വലിയ അടിമത്തത്തിൽ നിന്ന് നാം മോചിതരായിരിക്കുന്നു. നാംഇനി അടിമകളല്ല, സ്വതന്ത്രരാണ്!
