കൊടുങ്കാറ്റില്‍നിന്ന് സംരക്ഷണം
കഥയിങ്ങനെയാണ്, 1763 ല്‍, ഒരു യുവ ശുശ്രൂഷകന് ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള മലഞ്ചരിവിലെ ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ മിന്നലില്‍നിന്നും പേമാരിയില്‍ നിന്നും രക്ഷപെടുന്നതിനായി സമീപത്തുള്ള ഒരു ഗുഹയിലേക്കു കയറി. അവിടെ നിന്നുകൊണ്ട് ചെഡ്ഡാര് ഗര്‍ത്തത്തിലേക്കു നോക്കിയപ്പോള്‍, സുരക്ഷിത സ്ഥാനവും ദൈവത്തിന്റെ സമാധാനവും കണ്ടെത്തിയ ദാനത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. അവിടെ നിന്നുകൊണ്ട് 'പിളര്‍ന്നതാം പാറയേ' എന്ന ഗാനം അദ്ദേഹം എഴുതാനാരംഭിച്ചു. അതിന്റെ ശ്രദ്ധേയമായ ആരംഭവരികള്‍ ഇപ്രകാരമാണ്, 'എനിക്കായി പിളര്‍ന്ന യുഗങ്ങളുടെ പാറയേ, നിന്നില്‍ ഞാന്‍ മറയട്ടെ.'
ഈ ഗാനം എഴുതുമ്പോള്‍, പാറയുടെ പിളര്‍പ്പില്‍ മറയ്ക്കപ്പെട്ട മോശെയുടെ അനുഭവത്തെക്കുറിച്ച് (പുറപ്പാട് 33:22) അഗസ്റ്റസ് ടോപ്ലാഡി ചിന്തിച്ചിരുന്നോ എന്നു നമുക്കറിയില്ല, ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം. മോശെ ദൈവത്തിന്റെ ഉറപ്പും ദൈവത്തിന്റെ പ്രതികരണവും തേടുകയായിരുന്നു എന്ന് പുറപ്പാടിലെ വിവരണം നമ്മോടു പറയുന്നു. തനിക്കു ദൈവത്തിന്റെ തേജസ്സ് കാണിച്ചുതരണമെന്ന് മോശെ അപേക്ഷിച്ചപ്പോള്‍ 'ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കുകയില്ല' (വാ. 20) എന്നറിഞ്ഞുകൊണ്ടുതന്നെ ദൈവം കൃപയോടെ ഉത്തരം നല്കി. താന്‍ കടന്നുപോകുമ്പോള്‍ മോശെയെ ഒരു പാറയുടെ പിളര്‍പ്പിലാക്കി മോശെ തന്റെ പിന്‍ഭാഗം മാത്രം കാണുവാന്‍ ദൈവം അനുവദിച്ചു. ദൈവം തന്നോടുകൂടെയുണ്ടെന്നു മോശെ അറിഞ്ഞു.
'എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും'' (വാ. 14) എന്നു ദൈവം മോശെയോടു പറഞ്ഞതുപോലെ, നമുക്കും അവനില്‍ സുരക്ഷിത സ്ഥാനം കണ്ടെത്താന്‍ കഴിയും. മോശെയും കഥയിലെ ഇംഗ്ലീഷുകാരനായ ശുശ്രൂഷകനും അഭിമുഖീകരിച്ചതുപോലെയുള്ള അനേക കൊടുങ്കാറ്റുകളെ നാം നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിച്ചേക്കാം. എങ്കിലും നാം അവനോടു നിലവിളിക്കുമ്പോള്‍ അവന് തന്റെ സാന്നിധ്യത്തിന്റെ സമാധാനം നമുക്കു നല്‍കും.
'കേവലം ജോലിസ്ഥലമോ?'
ഉത്തര ഇംഗ്ലണ്ടിലെ ലങ്കാഷയറിലുള്ള പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളിലേക്കു ഞാന്‍ ദൃഷ്ടി പായിച്ചു, കുന്നുകളില്‍ മേഞ്ഞുനടക്കുന്ന പൊട്ടുപോലെ തോന്നിക്കുന്ന ആടുകള്‍ക്കു ചുറ്റും കെട്ടിയിരിക്കുന്ന കല്മതില് ശ്രദ്ധിച്ചു. തെളിഞ്ഞ ആകാശത്തില്‍ പഞ്ഞിക്കെട്ടുപോലെ മേഘങ്ങള്‍ നീങ്ങുന്നു. ആ കാഴ്ചകള്‍ ആസ്വദിച്ച് ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഞാന്‍ സന്ദര്‍ശിച്ച റിട്രീറ്റ് സെന്ററില്‍ ജോലി ചെയ്യുന്ന സ്ത്രീയോട് ആ മനോഹര കാഴ്ചയെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അവള് പറഞ്ഞു, 'നിങ്ങള്‍ക്കറിയാമോ, ഞങ്ങളുടെ അതിഥികള്‍ ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് ഞാനൊരിക്കലും അതു ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളിവിടെ വര്‍ഷങ്ങളായി ജീവിക്കുന്നു; ഞങ്ങള്‍ കൃഷിക്കാരായിരുന്നപ്പോള്‍ അതു ജോലിസ്ഥലം മാത്രമായിരുന്നു!'
നമ്മുടെ നേരെ മുമ്പിലുള്ള സമ്മാനം പലപ്പോഴും നാം എളുപ്പത്തില്‍ നഷ്ടപ്പെടുത്താറുണ്ട്, പ്രത്യേകിച്ചു നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സൗന്ദര്യം. ദിവസവും നമ്മിലും നമുക്കു ചുറ്റും ദൈവം പ്രവര്‍ത്തിക്കുന്ന മനോഹരമായ വിധങ്ങളും നാം കാണാതെപോകും. അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികള്‍ക്കുള്ള ലേഖനത്തില്‍ എഴുതിയതുപോലെ, യേശുവിലുള്ള വിശ്വാസികളില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ഗ്രഹിക്കുന്നതിന് നമ്മുടെ ആത്മീയ ദൃഷ്ടി പ്രകാശിപ്പിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു കഴിയും. ദൈവത്തെ നന്നായി അറിയുന്നതിനായി അവന് അവര്‍ക്കു ജ്ഞാനവും വെളിപ്പാടും നല്‍കണമെന്ന് പൗലൊസ് വാഞ്ഛിക്കുന്നു (എഫെസ്യര്‍ 1:17). അവര്‍ ദൈവത്തിന്റെ പ്രത്യാശ, വാഗ്ദത്തം ചെയ്ത ഭാവി, ശക്തി എന്നിവ അറിയേണ്ടതിന് അവരുടെ ഹൃദയം പ്രകാശിപ്പിക്കപ്പെടണം എന്ന് അവന് പ്രാര്‍ത്ഥിച്ചു (വാ. 18-19).
മുന്തിരിവള്ളിയില്‍
അസാധാരണമാംവിധം തണുപ്പുള്ള ഒരു ശരത്കാലത്ത് എമ്മ തന്റെ രോഗിയായ ഒരു ബന്ധുവിനെ പരിചരിച്ചിരുന്ന കാലത്ത്, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ വീടിനു സമീപമുള്ള ചെറിമരത്തിനു മുമ്പിലൂടെ പോകുമ്പോഴെല്ലാം അവള്‍ക്ക് ഒരു പ്രത്യേക പ്രോത്സാഹനം ലഭിക്കുമായിരുന്നു. ആ മരത്തില്‍ പിങ്കുമൊട്ടുകളുടെ മുകളിലായി വെള്ള പൂക്കള്‍ വിരിയുന്നതായി കണ്ടു. ബുദ്ധിമാനായ ഒരു തോട്ടക്കാരന് മരത്തില്‍ വെള്ളപ്പൂക്കളുള്ള ഒരു കൊമ്പ് ഗ്രാഫ്റ്റു ചെയ്തിരുന്നു. എമ്മ സാധാരണമായ ആ വൃക്ഷത്തെ കടന്നുപോകുമ്പോള്‍, താന്‍ മുന്തിരിവള്ളിയാണെന്നും അവന്റെ ശിഷ്യന്മാര് കൊമ്പുകളുമാണ് എന്ന യേശുവിന്റെ പ്രസ്താവന ഓര്‍മ്മിക്കും (യോഹ. 15:1-8).
തന്നെത്തെന്നെ മുന്തിരിവള്ളി എന്നു വിളിക്കുന്നതിലൂടെ, പഴയ നിയമ കാലത്തെ യിസ്രായേലിനു സുപരിചിതമായ ഒരു സാദൃശ്യത്തെപ്പറ്റിയാണ് യേശു പറഞ്ഞത്. അവിടെ മുന്തിരിവള്ളി ദൈവജനത്തെയാണ് സാദൃശീകരിച്ചത് (സങ്കീ. 80:8-9; ഹോശേയ 10:1). യേശു ഈ സാദൃശ്യം തന്നിലേക്കു തിരിക്കുകയും താന്‍ മുന്തിരിവള്ളിയാണെന്നും തന്റെ അനുയായികള്‍ തന്നില്‍ ഒട്ടിച്ചുചേര്‍ത്ത കൊമ്പുകളാണെന്നും പ്രസ്താവിച്ചു. അവനില്‍ നിന്നു പോഷകങ്ങളും ശക്തിയും പ്രാപിച്ചുകൊണ്ട് അവര്‍ അവനില്‍ വസിക്കുമ്പോള്‍ അവര്‍ ഫലം കായിക്കും (യോഹന്നാന് 15:5).
എമ്മാ അവളുടെ കുടുംബാംഗത്തെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍, താന്‍ യേശുവിനോടു ബന്ധപ്പെട്ടിരിക്കുന്നവളാണെന്ന ഓര്‍മ്മപ്പെടുത്തല്‍ അവള്‍ക്കാവശ്യമായിരുന്നു. പിങ്കു പൂക്കള്‍ക്കിടയില്‍ വെള്ളപ്പൂക്കള്‍ കണ്ടത്, താന്‍ മുന്തിരിവള്ളിയില്‍ വസിക്കുന്നു എന്ന സത്യത്തിന്റെ ദൃശ്യമായ ഉത്തേജനം അവള്‍ക്കു നല്കി.
യേശുവില്‍ വിശ്വസിക്കുന്ന നാം, കൊമ്പ് മുന്തിരിവള്ളിയോടു ചേര്‍ന്നിരിക്കുന്നതുപോലെ അവനോടു ചേര്‍ന്നിരിക്കുന്നു എന്ന ആശയം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ വിശ്വാസം ശക്തിപ്പെടുകയും സമ്പന്നമാകുകയും ചെയ്യും.
ജീവിതം രൂപാന്തരപ്പെടുന്നു
കിഴക്കേ ലണ്ടനിലെ ദുഷ്കരമായ മേഖലയില്‍ വളര്‍ന്ന സ്റ്റീഫന്‍ പത്താം വയസ്സില്‍ കുറ്റകൃത്യങ്ങളിലേക്കു നിപതിച്ചു. 'എല്ലാവരും മയക്കുമരുന്നു വില്‍ക്കുകയും മോഷണവും വഞ്ചനയും നടത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളും അതില്‍ അകപ്പെട്ടുപോകും' അവന് പറഞ്ഞു. 'അതൊരു ജീവിത രീതിയാണ്.' എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ അവനുണ്ടായ ഒരു സ്വപ്നം അവനെ രൂപാന്തരപ്പെടുത്തി. 'സ്റ്റീഫന്‍, നീ കൊലപാതകത്തിനു ജയിലില്‍ പോകാന്‍ പോകുകയാണ് എന്നു ദൈവം എന്നോടു പറയുന്നതു ഞാന്‍ കേട്ടു.' ഈ സ്വപ്നം ഒരു മുന്നറിയിപ്പായിരുന്നു. അവന് ദൈവത്തിങ്കലേക്കു തിരിഞ്ഞ് യേശുവിനെ രക്ഷകനായി സ്വീകരിച്ചു - പരിശുദ്ധാത്മാവ് അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.
നഗരത്തിലെ കുട്ടികളെ സ്പോര്‍ട്ട്സിലൂടെ അച്ചടക്കം, ധാര്‍മ്മികത, മറ്റുള്ളവരെ ബഹുമാനിക്കല്‍ എന്നിവ അഭ്യസിപ്പിക്കുന്നതിനായി ഒരു സംഘടന സ്റ്റീഫന്‍ രൂപീകരിച്ചു. കുട്ടികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ വിജയം കൈവരിച്ചപ്പോള്‍ അതിനുള്ള മഹത്വം ദൈവത്തിനാണ് സ്റ്റീഫന്‍ നല്‍കിയത്. 'തെറ്റായി നയിക്കപ്പെട്ട സ്വപ്നങ്ങളെ പുനര്‍നിര്‍മ്മിക്കുക' അവന് പറയുന്നു.
ദൈവത്തെ പിന്തുടരുകയും നമ്മുടെ ഭൂതകാലത്തെ പുറകിലുപേക്ഷിക്കുകയും ചെയ്യുമ്പോള്‍ - സ്റ്റീഫനെപ്പോലെ - പുതിയ ജീവിത രീതി പിന്തുടരാന് എഫെസ്യരോട് പൗലൊസ് പറയുന്ന പ്രബോധനത്തെ അനുസരിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ പഴയ മനുഷ്യന് ''മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്നതാണ്' എങ്കിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട ''പുതുമനുഷ്യനെ' ധരിക്കുന്നതിനായി ദിനംതോറും ശ്രമിക്കാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 4:22, 24). നമ്മെ കൂടുതലായി ദൈവത്തോടനുരൂപരാക്കുന്നതിനായി അവന്റെ പരിശുദ്ധാത്മാവിലൂടെ നാം ദൈവത്തോടപേക്ഷിച്ചുകൊണ്ട് ഈ തുടര്‍മാനമായ പ്രക്രിയ നടത്താന്‍ എല്ലാ വിശ്വാസികള്‍ക്കും കഴിയും
.
''എന്റെ ജീവിതം പാടെ രൂപാന്തരപ്പെടുന്നതില്‍ വിശ്വാസം ഒരു നിര്‍ണ്ണായക അടിസ്ഥാനമായിരുന്നു' സ്റ്റീഫന്‍ പറഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് എങ്ങനെ ശരിയായിരിക്കുന്നു?
ദൈവത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്യുക
വില്യം കേരിയോടൊപ്പം ഇംഗ്ലീഷ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍, അവനെക്കൊണ്ട് വളരെയൊന്നും സാധിക്കയില്ല എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്നദ്ദേഹം അറിയപ്പെടുന്നത് ആധുനിക മിഷന്റെ പിതാവ് എന്നാണ്. നെയ്ത്തുകാരായ മാതാപിതാക്കള്‍ക്കു ജനിച്ച കേരി അധികമൊന്നും വിജയിക്കാത്ത ഒരു അദ്ധ്യാപകനും ചെരുപ്പുകുത്തിയും ആയിത്തീര്‍ന്നു. എങ്കിലും സ്വയമായി ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ അദ്ദേഹം പഠിച്ചു. അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ ഒരു മിഷനറിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം തയ്യാറായി. അനേക കഷ്ടതകള്‍ താന്‍ നേരിട്ടു - തന്റെ കുഞ്ഞിന്റെ മരണം, ഭാര്യയുടെ മാനസിക രോഗം, ഒപ്പം തന്റെ സുവിശേഷം…
സമാധാനം എങ്ങനെ കണ്ടെത്തും?
'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള് പറഞ്ഞു.
ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും…
കയര്‍ അഴിക്കുക
ക്ഷമയുടെ സൗഖ്യദായക സ്വഭാവത്തെ പ്രചരിപ്പിക്കുകയാണ് ഒരു ക്രിസ്തീയ സംഘടന ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഒരു സ്കിറ്റ് ആണ്. അതില്‍ ദ്രോഹിക്കപ്പെട്ട ഒരു വ്യക്തിയെ ദ്രോഹിച്ച വ്യക്തിയുമായി പുറത്തോടു പുറം ചേര്‍ത്ത് കയറുകൊണ്ട് വരിഞ്ഞു മുറുക്കുന്നതായി ചിത്രീകരിക്കുന്നു. ദ്രോഹിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കയര്‍ അഴിക്കാന്‍ കഴിയൂ. അവള് എന്ത് ചെയ്താലും അവളുടെ പുറത്ത് മറ്റൊരാളുണ്ട്. ക്ഷമിക്കാതെ - കയര്‍ അഴിക്കാതെ - അവള്‍ക്ക് രക്ഷപെടാന്‍ കഴിയില്ല.
തങ്ങള്‍ ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്താപത്തോടെ നമ്മെ സമീപിക്കുന്ന വ്യക്തിയോട് ക്ഷമിക്കുന്നതിലൂടെ, നാം അനുഭവിച്ച ദ്രോഹം നിമിത്തം നമ്മോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കൈപ്പില്‍ നിന്നും വേദനയില്‍ നിന്നും നമ്മെയും അവരെയും സ്വതന്ത്രമാക്കുന്ന പ്രക്രിയ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഉല്പത്തി പുസ്തകത്തില്‍, യാക്കോബ് ഏശാവിന്റെ ജന്മാവകാശം തട്ടിയെടുത്തതിനു ശേഷം, ഇരുവരും ഇരുപത് വര്‍ഷം വേര്‍പെട്ടിരുന്നതായി നാം കാണുന്നു. ഈ നീണ്ട കാലത്തിനു ശേഷം, സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ദൈവം യാക്കോബിനോട് കല്പിക്കുന്നു (ഉല്പത്തി 31:3). അവന് അനുസരിച്ചു, തുടര്‍ന്ന് ചാഞ്ചല്യത്തോടെ ഏശാവിനു സമ്മാനമായി കന്നുകാലികളെ കൊടുത്തയച്ചു (32:13-15). സഹോദരന്മാര് കണ്ടുമുട്ടിയപ്പോള്‍, യാക്കോബ് താഴ്മയോടെ ഏശാവിന്റെ പാദങ്ങളില്‍ ഏഴുതവണ വീണു നമസ്കരിച്ചു (33:3). ഏശാവ് അവനെ ആലിംഗനം ചെയ്യാന്‍ ഓടിവന്നപ്പോള്‍ അവനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. പരസ്പരം നിരപ്പ് പ്രാപിച്ച് ഇരുവരും പൊട്ടിക്കരഞ്ഞു (വാ. 4). യാക്കോബ് തന്റെ സഹോദരനോട് ചെയ്ത പാപം പിന്നെ ഒരിക്കലും അവനെ മഥിച്ചില്ല.
ക്ഷമയില്ലായ്മയുടെ തടവില്‍ കിടക്കുന്നതായും കോപം, ഭയം, ലജ്ജ എന്നിവയാല്‍ മൂടപ്പെട്ടിരിക്കുന്നതായും നിങ്ങള്‍ക്കനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ സഹായം തേടുമ്പോള്‍ തന്റെ പുത്രനും പരിശുദ്ധാത്മാവും മുഖാന്തരം നിങ്ങളെ സ്വതന്ത്രമാക്കാന്‍ ദൈവത്തിനു കഴിയുമെന്നറിയുക.
'ദൈവം എന്റെ ജീവന് രക്ഷിച്ചു'
ആരോണിന് (യഥാര്‍ത്ഥ നാമമല്ല) 15 വയസ്സുള്ളപ്പോള്‍, അവന് സാത്താനോടു പ്രാര്‍ത്ഥിക്കാനാരംഭിച്ചു: 'അവനും എനിക്കും തമ്മില്‍ ഒരു പങ്കാളിത്തം ഉള്ളതായി എനിക്കനുഭവപ്പെട്ടു.' ആരോണ്‍ നുണ പറയാനും മോഷ്ടിക്കാനും കുടുംബാംഗങ്ങളെയും സ്നേഹിതരെയും ദുരുപയോഗം ചെയ്യാനും തുടങ്ങി, പേടിസ്വപ്നങ്ങള്‍ അവന് കാണാന്‍ തുടങ്ങി. 'ഒരു രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പിശാച് എന്റെ കിടക്കയുടെ തലയ്ക്കല്‍ ഇരിക്കുന്നതായി കണ്ടു. ഞാന്‍ എന്റെ പരീക്ഷകള്‍ വിജയിക്കുമെന്നും തുടര്‍ന്ന് മരിക്കുമെന്നും അവന് എന്നോട് പറഞ്ഞു.'' എങ്കിലും അവന്റെ പരീക്ഷകള്‍ കഴിഞ്ഞിട്ടും അവന് ജീവിച്ചു. 'അവന് നുണയനാണെന്ന് എനിക്ക് വ്യക്തമായി' ആരോണ്‍ പറഞ്ഞു.
പെണ്‍കുട്ടികളെ കാണാമെന്ന പ്രതീക്ഷയില്‍ ഒരു ക്രിസ്തീയ ആഘോഷത്തിന് ആരോണ്‍ പോയി. അവിടെ വച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നൊരാള്‍ പറഞ്ഞു. 'അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുബോള്‍ ഒരു സമാധാനം എന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നതായി എനിക്ക് തോന്നി.' സാത്താനില്‍ നിന്ന് അനുഭവിച്ചതിനേക്കാള്‍ 'കൂടുതല്‍ ശക്തിയുള്ളതും കൂടുതല്‍ സ്വന്തന്ത്രമാക്കുന്നതുമായ' ഒന്ന് അവന് അനുഭവപ്പെട്ടു. ദൈവത്തിന് അവനെക്കുറിച്ച് പദ്ധതിയുണ്ടെന്നും സാത്താന് നുണയനാണെന്നും അദ്ദേഹം ആരോണോട് പറഞ്ഞു. ഈ മനുഷ്യന്റെ വാക്കുകള്‍, തന്നെ എതിര്‍ത്തവരോട് സാത്താനെക്കുറിച്ചു യേശു പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു: 'അവന് ഭോഷക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു'' (യോഹന്നാന് 8:44).
ആരോണ്‍ സാത്താന് സേവയില്‍ നിന്നു ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു. ഇപ്പോള്‍ 'ദൈവത്തിന്റെ വക' ആണ് (വാ. 47). ഒരു നഗര വാസികള്‍ക്കിടയില്‍ അവനിപ്പോള്‍ ശുശ്രൂഷിക്കുന്നു; യേശുവിനെ അനുഗമിക്കുന്നതു നല്കുന്ന വ്യത്യാസത്തെക്കുറിച്ചു പങ്കുവയ്ക്കുന്നു. ദൈവത്തിന്റെ രക്ഷിപ്പിന് ശക്തിയുടെ ജീവിക്കുന്ന സാക്ഷിയാണദ്ദേഹം: 'ദൈവം എന്റെ ജീവന് രക്ഷിച്ചു എന്നെനിക്ക് ഉറപ്പോടെ പറയാന്‍ സാധിക്കും.'
നന്മയും വിശുദ്ധവും സത്യവുമായ എല്ലാറ്റിന്റെയും ഉറവിടമാണ് ദൈവം. സത്യം കണ്ടെത്തുന്നതിനായി അവങ്കലേക്കു തിരിയാന്‍ നമുക്ക് കഴിയും.
താഴ്വരയിലൂടെ
അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിച്ചതിന് പിടിക്കപ്പട്ട ഹെയ് വൂ (അവളുടെ യഥാര്‍ത്ഥ നാമമല്ല) ഉത്തര കൊറിയന്‍ ലേബര്‍ ക്യാമ്പില്‍ തടവിലാക്കപ്പെട്ടു. രാവും പകലും പീഡനമേറ്റു, ക്രൂരരായ ഗാര്‍ഡുകള്‍, പുറംപൊളിയുന്ന ജോലി, എലിയും പേനും നിറഞ്ഞ ഐസുപോലെ തണുത്ത തറയില്‍ ഉറക്കം, അവള് പറഞ്ഞു. എങ്കിലും ദൈവം അവളുടെ കൂടെയിരുന്നു, ഏതു തടവുകാരനോടു സൗഹൃദം പുലര്‍ത്തണമെന്നും വിശ്വാസം പങ്കുവയ്ക്കണമെന്നും ദിനംപ്രതി അവള്‍ക്ക് കാണിച്ചുകൊടുത്തു.
ക്യാമ്പില്‍നിന്നു മോചിതയായ ശേഷം ദക്ഷിണ കൊറിയയില്‍ പാര്‍ക്കുന്ന വൂ തന്റെ തടവുജീവിതം അയവിറക്കിക്കൊണ്ട് 23-ാം സങ്കീര്‍ത്തനമാണ് തന്റെ അനുഭവങ്ങളുടെ ആകെത്തുക എന്നു വിവരിക്കുന്നു. കൂരിരുള്‍ താഴ്വരയില് താന്‍ അടയ്ക്കപ്പെട്ടില്ലെങ്കിലും, യേശു അവളുടെ ഇടയനായി അവള്‍ക്കു സമാധാനം നല്കി: 'അക്ഷരാര്‍ത്ഥത്തില്‍ മരണനിഴല്‍ നിറഞ്ഞ താഴ്വരയില് ഞാനായിരുന്നതുപോലെ എനിക്കനുഭവപ്പെട്ടെങ്കിലും ഞാന്‍ ഒന്നിനെയും ഭയപ്പെട്ടില്ല, ദൈവം എന്നെ എല്ലാ ദിവസവും ആശ്വസിപ്പിച്ചു.'' ദൈവത്തിന്റെ നന്മയും സ്നേഹവും അവള് അനുഭവിച്ചു, അവള് അവന്റെ പ്രിയ മകളാണെന്ന് അവന് സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. 'ഞാന്‍ കഠിന സ്ഥലത്തായിരുന്നു എങ്കിലും ... ദൈവത്തിന്റെ നന്മയും സ്നേഹവും ഞാന്‍ അനുഭവിക്കുമെന്നു ഞാന്‍ അറിഞ്ഞു.' കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ താന്‍ എല്ലാക്കാലത്തും തുടരുമെന്നും അവളറിഞ്ഞു.
നമുക്കും വൂവിന്റെ അനുഭവത്തില്‍ നിന്നും പ്രോത്സാഹനം നേടാന്‍ കഴിയും. അവളുടെ പ്രതികൂല സാഹചര്യത്തിന്റെ മധ്യത്തിലും ദൈവത്തിന്റെ സ്നേഹവും നടത്തിപ്പും അവള് അനുഭവിച്ചു. അവന് അവളെ നിലനിര്‍ത്തുകയും അവളുടെ ഭയത്തെ എടുത്തുകളയുകയും ചെയ്തു. നാം യേശുവിനെ അനുഗമിച്ചാല്‍ അവന് നമ്മെ നമ്മുടെ പ്രയാസ ഘട്ടങ്ങളിലൂടെ സുരക്ഷിതമായി നടത്തും. നാം ഭയപ്പെടേണ്ടതില്ല, കാരണം 'നാം യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും' (23:6).
മേഘങ്ങളാൽ മറയ്ക്കപ്പെട്ട
2016 നവംബറിൽ ഒരു അപൂർവ സൂപ്പർമൂൺ പ്രത്യക്ഷപ്പെട്ടു-അറുപത് വർഷത്തിനു ശേഷം ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥാനത്ത് എത്തിച്ചേർന്നു. ആയതിനാൽ മറ്റു സമയങ്ങളേക്കാൾ വലുതും തിളക്കമേറിയതുമായി കാണപ്പെട്ടു. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ആ ദിവസം ആകാശം ചാരനിറത്തിൽ മൂടിയിരുന്നു. ഞാൻ മറ്റു സ്ഥലങ്ങളിലെ സുഹൃത്തുക്കളിൽ നിന്ന് ഈ അത്ഭുതത്തിന്റെ ഫോട്ടോകൾ കണ്ടു എങ്കിലും ഞാൻ മുകളിലേയ്ക്ക് ഉറ്റുനോക്കി, ഈ മേഘങ്ങളുടെ പിന്നിൽ സൂപ്പർമൂൺ പതുങ്ങിയിരിക്കുന്നതായ് വിശ്വസിക്കണമായിരുന്നു.
അപ്പൊസ്തലനായ പൗലോസ് കോരീന്തിലുള്ള സഭയെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുമ്പോൾ അദൃശമായതും എന്നാൽ എന്നേക്കും നിലനിൽക്കുന്നതുമായതിൽ വിശ്വസിക്കാൻ ഉദ്ബോധിപ്പിച്ചു. തന്റെ "നൊടി നേരത്തേക്കുള്ള കഷ്ടം", "തേജസ്സിന്റെ നിത്യഘനം" പ്രാപിക്കുന്നതെങ്ങനെയാണെന്ന്, അദ്ദേഹം പ്രസ്താവിച്ചു (2 കൊരി 4:17). ആയതിനാൽ, "ദൃശ്യമായതിൽ അല്ല, അദൃശ്യമായതിൽ" താൻ ശ്രദ്ധ പതിപ്പിച്ചു, കാരണം ആദൃശ്യമായാണ് നിത്യം (വാക്യം 18). വളരെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുകയാണെങ്കിലും കോര്യന്തരുടെ വിശ്വാസം വളരണമെന്ന് പൌലോസ് ആശിച്ചു. അവനെ കാണുവാൻ അവർക്ക് സാധിക്കില്ലായിരിക്കാം, എങ്കിലും അവൻ തങ്ങളെ അനുദിനവും പുതുക്കുകയാണെന്ന് അവർക്ക് വിശ്വസിക്കാം (വാക്യം 16).
മേഘങ്ങൾക്കു മറവിലായ് സൂപ്പർമൂൺ ഉണ്ട് എന്നറിഞ്ഞ്, മേഘങ്ങളെ ഉറ്റു നോക്കിയ ദിവസം, ദൈവം അദൃശ്യനാണെങ്കിലും നിത്യവാനാണ് എന്നു ഞാൻ ചിന്തിച്ചു. അടുത്ത തവണ ദൈവം എന്നിൽ നിന്നും അകലെയാണെന്ന് വിശ്വസിക്കുവാൻ ഞാൻ പ്രലോഭിതനാകുന്ന ദിവസം, അദൃശ്യമായതിൽ എന്റെ നോട്ടം പതിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു.