വിസ്മരിക്കപ്പെടുന്നില്ല
''അങ്കിൾ, താങ്കൾ എന്നെ ബാർബർ ഷോപ്പിലേക്കും സൂപ്പർ മാർക്കറ്റിലേക്കും കൊണ്ടുപോയ ദിവസം ഓർക്കുന്നുണ്ടോ? ഞാൻ ടാൻ പാന്റ്‌സും നീല ഷർട്ടും, നേവി-ബ്ലൂ സ്വെറ്ററും ബ്രൗൺ സോക്‌സും ബ്രൗൺ ഷൂസും ആണ് ധരിച്ചിരുന്നത്. തീയതി 2016 ഒക്ടോബർ 20 വ്യാഴാഴ്ചയായിരുന്നു.'' എന്റെ അനന്തരവന്റെ ഓട്ടിസത്തോടു ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു അവന്റെ ഓർമ്മശക്തി. ഒരു സംഭവം നടന്നു വർഷങ്ങൾക്കു ശേഷം അതു നടന്ന ദിവസവും തീയതിയും അന്നു ധരിച്ചിരുന്ന വസ്ത്രങ്ങളും ഓർത്തിരിക്കുവാനുള്ള അസാധാരണ ഓർമ്മശക്തി അവനുണ്ടായിരുന്നു.
തന്റെ പ്രത്യേക ശാരീരികാവസ്ഥമൂലം എന്റെ അനന്തരവനു ലഭ്യമായിരുന്ന ഓർമ്മശക്തി, സർവ്വജ്ഞാനിയും സ്‌നേഹവാനുമായ - സമയത്തിന്റെയും നിത്യതയുടെയും സൂക്ഷിപ്പുകാരനായ - ദൈവത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചത്. അവിടുത്തേക്കു വസ്തുതകൾ അറിയാം, തന്റെ വാഗ്ദത്തങ്ങളെയോ ജനത്തെയോ അവിടുന്നു മറക്കുന്നില്ല. മറ്റുള്ളവർ ആരോഗ്യമുള്ളവരോ സന്തുഷ്ടരോ അല്ലെങ്കിൽ കൂടുതൽ വിജയികളോ അല്ലെങ്കിൽ മെച്ചപ്പെട്ടവരോ ആയി കാണപ്പെടുമ്പോൾ, ദൈവം നിങ്ങളെ മറന്നോ എന്നു നിങ്ങൾ ചോദിച്ചുപോയ നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ?
പുരാതന യിസ്രായേലിന്റെ, പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങൾ, ''യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നു കളഞ്ഞു'' (യെശയ്യാവ് 49:14) എന്നു പറയാൻ അവരെ പ്രേരിപ്പിച്ചു. പക്ഷെ വസ്തുത അതായിരുന്നില്ല. ദൈവത്തിന്റെ മനസ്സലിവും കരുതലും അമ്മമാർക്കു മക്കളോടുള്ള സ്വാഭാവിക വാത്സല്യത്തെയും കവിയുന്നതായിരുന്നു (വാ. 15). ''ഉപേക്ഷിക്കപ്പെട്ടത്'' അല്ലെങ്കിൽ ''വിസ്മരിക്കപ്പെട്ടത്'' എന്ന ലേബലുകൾ സ്വീകരിക്കുന്നതിനുമുമ്പ്, ദൈവം തന്റെ പുത്രനായ യേശുവിലൂടെയും യേശുവിലും ചെയ്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുക. പാപമോചനം നൽകുന്ന സുവിശേഷത്തിൽ, ''ഞാൻ നിന്നെ മറക്കുകയില്ല!'' (വാ. 15) എന്നു ദൈവം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മുന്‍വിധിയും ക്ഷമയും
അനീതി തിരുത്തുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം കേട്ട ശേഷം, ഒരു സഭാംഗം കരഞ്ഞുകൊണ്ടു പാസ്റ്ററെ സമീപിച്ചു, ക്ഷമ ചോദിക്കുകയും, തന്റെ മുന്‍വിധിയെത്തുടര്‍ന്ന് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ശുശ്രൂഷകനെ തങ്ങളുടെ സഭയുടെ പാസ്റ്ററായി വിളിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തില്ലെന്നു സമ്മതിക്കുകയും ചെയ്തു. ''താങ്കള്‍ എന്നോടു ദയവായി ക്ഷമിക്കണം. മുന്‍വിധിയുടെയും ജാതീയതയുടെയും ചപ്പുചവറുകള്‍ എന്റെ കുട്ടികളുടെ ജീവിതത്തിലേക്കു വ്യാപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ താങ്കള്‍ക്കു വോട്ടു ചെയ്തിട്ടില്ല, ഞാന്‍ ചെയ്തതു തെറ്റാണ്.'' അദ്ദേഹത്തിന്റെ കണ്ണുനീരും കുറ്റസമ്മതവും ശുശ്രൂഷകനെയും കണ്ണീരണിയിക്കുകയും അദ്ദേഹം ക്ഷമിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം, ദൈവം തന്റെ ഹൃദയത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള ആ മനുഷ്യന്റെ സാക്ഷ്യം കേട്ടപ്പോള്‍ സഭ മുഴുവന്‍ സന്തോഷിച്ചു.
യേശുവിന്റെ ശിഷ്യനും ആദ്യകാല സഭയിലെ ഒരു പ്രധാന നേതാവുമായിരുന്ന പത്രൊസിനെപ്പോലും തിരുത്തേണ്ടിവന്നത് യെഹൂദേതര ജനതയെക്കുറിച്ചുള്ള തെറ്റായ ധാരണകളായിരുന്നു. വിജാതീയരോടൊപ്പം ഭക്ഷണം കഴിക്കുന്നതും (അശുദ്ധരെന്നു കരുതപ്പെട്ടിരുന്നവര്‍) സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു. പത്രൊസ് പറഞ്ഞു, ''അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ'' (പ്രവൃ. 10:28). ''ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുത്'' എന്നവനെ ബോധ്യപ്പെടുത്താന്‍ (വാ. 28) ദൈവത്തിന്റെ അമാനുഷിക പ്രവര്‍ത്തനം വേണ്ടിവന്നു (വാ. 9-23).
തിരുവെഴുത്തുകളുടെ പ്രസംഗം, ആത്മാവിന്റെ ബോധ്യപ്പെടുത്തല്‍, ജീവിതാനുഭവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ദൈവം മനുഷ്യഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ''ദൈവത്തിനു മുഖപക്ഷമില്ല'' (വാ. 34) എന്നു മനസ്സിലാക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.
ഇതൊന്നു സങ്കല്പിച്ചു നോക്കുക!
ഒരു ജനപ്രിയ, ഭവന നവീകരണ ടെലിവിഷന്‍ പ്രോഗ്രാമിനിടെ, 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!' എന്ന് അവതാരക കൂടെക്കൂടെ പറയുന്നത് പ്രോക്ഷകര്‍ കേള്‍ക്കാറുണ്ട്. തുടര്‍ന്ന്, പഴയ വസ്തുക്കള്‍ പുനര്‍നിര്‍മ്മിക്കുകയോ ഭിത്തികളും തറയും പെയിന്റടിക്കുകയോ നിറംപിടിപ്പിക്കുകയോ ചെയ്തത് അവള്‍ അനാവരണം ചെയ്യുന്നു. ഒരു എപ്പിസോഡില്‍, നവീകരണത്തിനുശേഷം വീട്ടുടമസ്ഥ വളരെയധികം സന്തോഷിക്കുന്നതു പ്രേക്ഷകര്‍ കണ്ടു. വിവിധ സന്തോഷപ്രകടനങ്ങളോടൊപ്പം, 'അത് മനോഹരമാണ്!' എന്ന വാക്കുകള്‍ അവളുടെ നാവില്‍ നിന്നു മൂന്നു പ്രാവശ്യം പുറപ്പെട്ടു.
ബൈബിളിലെ, നമ്മെ അതിശയിപ്പിക്കുന്ന 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!'' ഭാഗങ്ങളിലൊന്നാണ് യെശയ്യാവ് 65:17-25. എത്ര വര്‍ണ്ണാഭമായ പുനഃസൃഷ്ടി രംഗമാണത്! ആകാശത്തിന്റെയും ഭൂമിയുടെയും ഭാവിയിലെ പുതുക്കലാണവിടെ കാണുന്നത് (വാ. 17). അതു കേവലം സൗന്ദര്യവല്കരണമല്ല. ഇത് ആഴമേറിയതും യഥാര്‍ത്ഥവുമാണ്, ജീവിതത്തിനു മാറ്റം വരുത്തുന്നതും ജീവന്‍ സംരക്ഷിക്കുന്നതുമാണത്. 'അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം
അനുഭവിക്കും'' (വാ. 21). അക്രമം പഴങ്കഥയായി മാറും: 'എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല' (വാ. 25).
യെശയ്യാവ് 65 ല്‍ ദര്‍ശിക്കുന്ന ഫലങ്ങള്‍ ഭാവിയില്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ തന്നേ, പ്രപഞ്ച നവീകരണം ആസൂത്രണം ചെയ്യുന്ന ദൈവം ഇപ്പോള്‍ ജീവിതനവീകരണത്തിന്റെ ബിസിനസ്സിലാണ്. അപ്പൊസ്തലനായ പൗലൊസ് നമുക്ക് ഉറപ്പു നല്‍കുന്നു, 'ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). പുനഃസ്ഥാപനം ആവശ്യമുണ്ടോ? നിങ്ങളുടെ ജീവിതം സംശയം, അനുസരണക്കേട്, വേദന എന്നിവയാല്‍ തകര്‍ന്നിട്ടുണ്ടോ? യേശുവിലൂടെയുള്ള ജീവിതരൂപാന്തരം യഥാര്‍ത്ഥവും മനോഹരവും ആണ്; അതു ചോദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭ്യവുമാണ്.
ഭാരമേറിയതാണെങ്കിലും പ്രത്യാശയുള്ളതാണ്
ഒരു പീനട്ട്‌സ് കോമിക്ക് സ്ട്രിപ്പില്‍, ലൂസി എന്ന കഥാപാത്രം “അഞ്ചു രൂപയ്ക്കു
മനോരോഗചികിത്സ'' എന്നു പരസ്യം ചെയ്തു. ലിനസ് എന്ന വ്യക്തി അവളുടെ ഓഫീസിലെത്തി, തനിക്ക് ആഴമായ വിഷാദരോഗം ഉണ്ടെന്നു പറഞ്ഞു. തന്റെ അവസ്ഥയെ സംബന്ധിച്ച് എന്തുചെയ്യാന്‍ കഴിയുമെന്ന് അയാള്‍ അവളോടു ചോദിച്ചപ്പോള്‍, ലൂസിയുടെ പെട്ടെന്നുള്ള മറുപടി ഇതായിരുന്നു, “അത് കാര്യമാക്കേണ്ട! എന്റെ അഞ്ചു രൂപ എടുക്ക്.’’
ഇത്തരം ലഘുവായ വിനോദം ഒരു നിമിഷനേരത്തെ പുഞ്ചിരി സമ്മാനിക്കുമെങ്കിലും, യഥാര്‍ത്ഥജീവിതത്തിലെ ദുഃഖവും ഇരുട്ടും എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. നിരാശതയും വിഷാദവും യാഥാര്‍ത്ഥ്യങ്ങളാണ്. ചിലപ്പോള്‍ അതിനു വിദഗ്ധസഹായവും വേണ്ടിവരും.
യഥാര്‍ത്ഥ മനഃപീഡ പരിഹരിക്കുന്നതിനു ലൂസിയുടെ ഉപദേശം സഹായകരമല്ല. എന്നിരുന്നാലും, 88-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്, പ്രബോധനപരവും പ്രത്യാശ നല്‍കുന്നതുമായ ഒരു കാര്യം വാഗ്ദത്തം ചെയ്യുന്നു. പ്രശ്‌നത്തിന്റെ ഒരു വലിയ ചുമട്, അവന്റെ വീട്ടുവാതില്‍ക്കല്‍ എത്തിയിരുന്നു. പച്ചയായ സത്യസന്ധതയോടെ അവന്‍ തന്റെ ഹൃദയം ദൈവത്തിങ്കല്‍ പകര്‍ന്നു.
“എന്റെ പ്രാണന്‍ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു'' (വാ. 3). 'നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു'' (വാ. 6). “എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ'' (വാ. 18). സങ്കീര്‍ത്തനക്കാരന്റെ വേദന നാം കള്‍ക്കുന്നു, അനുഭവിക്കുന്നു, തിരിച്ചറിയുന്നു. എങ്കിലും അതുകൊണ്ടു തീരുന്നില്ല. അവന്റെ വിലാപം പ്രത്യാശ നിറഞ്ഞതാണ്. “എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു; എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ'' (വാ. 1-2; വാ. 9,13 കാണുക).
ഭാരമേറിയ കാര്യങ്ങള്‍ വരും, കൗണ്‍സിലിങ്ങും വൈദ്യസഹായവും പോലുള്ള പ്രായോഗിക നടപടികള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഒരിക്കലും ദൈവത്തിലുള്ള പ്രത്യാശ ഉപേക്ഷിക്കരുത്.
ദൈവവുമായുള്ള പോരാട്ടങ്ങളെ അഭിമുഖീകരിക്കുക
യുഎസ് ആര്‍മി സൈനികനായ ഡെസ്മണ്ട് ഡോസിന്റെ വീരകൃത്യങ്ങള്‍ 2016 ല്‍ പുറത്തിറങ്ങിയ ഹാക്‌സോ റിഡ്ജില്‍ ചിത്രീകരിച്ചിരിക്കുന്നു. ഡോസിന്റെ ബോധ്യങ്ങള്‍ മനുഷ്യ ജീവന്‍ എടുക്കാന്‍ അനുവദിക്കില്ലെങ്കിലും, ഒരു സൈനിക ഡോക്ടര്‍ എന്ന നിലയില്‍, സ്വന്തം ജീവന്‍ പണയം വെച്ചു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. 1945 ഒക്ടോബര്‍ 12 ന് ഡോസിന്റെ മെഡല്‍ ഓഫ് ഓണര്‍ ചടങ്ങില്‍ വായിച്ച ഈ വാക്കുകള്‍ അതു സൂചിപ്പിക്കുന്നു: 'പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഡോസ് സൈനിക സംരക്ഷണം തേടാന്‍ വിസമ്മതിക്കുകയും വെടിവയ്പ്പു നടക്കുന്ന പ്രദേശത്ത് മുറിവേറ്റവര്‍ക്കൊപ്പം തുടരുകയും ചെയ്തു, അവരെ ഓരോരുത്തരെയായി സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോയി . . . . ഒരു ആര്‍ട്ടിലറി ഓഫീസറെ സഹായിക്കാനായി അദ്ദേഹം ശത്രു ഷെല്ലിങ്ങിനെയും ചെറിയ ആയുധമുപയോഗിച്ചുള്ള വെടിവയ്പ്പിനെയും ധൈര്യത്തോടെ നേരിട്ടു.''
സങ്കീര്‍ത്തനം 11 ല്‍, തന്റെ അഭയം ദൈവത്തിലാണെന്ന ദാവീദിന്റെ ബോധ്യം ശത്രുക്കളെ അഭിമുഖീകരിക്കുന്നതിനുപകരം ഓടിപ്പോകാനുള്ള നിര്‍ദ്ദേശങ്ങളെ ചെറുക്കാന്‍ അവനെ നിര്‍ബന്ധിച്ചു (വാ. 2-3). ലളിതമായ മൂന്നു വാക്കുകള്‍ ദാവീദിന്റെ വിശ്വാസപ്രസ്താവന ഉള്‍ക്കൊള്ളുന്നു: 'ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു' (വാ. 1). നന്നായി വേരൂന്നിയ ആ ബോധ്യമാണ് ദാവീദിന്റെ പെരുമാറ്റത്തെ നയിച്ചത്.
4 മുതല്‍ 7 വരെയുള്ള വാക്യങ്ങളിലെ ദാവീദിന്റെ വാക്കുകള്‍ ദൈവത്തിന്റെ മഹത്വത്തെ എടുത്തു കാണിക്കുന്നു. ജീവിതം ചിലപ്പോള്‍ ഒരു യുദ്ധഭൂമി പോലെയാകാം. ആരോഗ്യപരമായ വെല്ലുവിളികളും സാമ്പത്തികവും ബന്ധപരവും ആത്മീയവുമായ സമ്മര്‍ദ്ദങ്ങളാല്‍ നാം ആക്രമിക്കപ്പെടുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ നമുക്കു പ്രേരണയുണ്ടാകാം. അതിനാല്‍, നമ്മള്‍ എന്തു ചെയ്യണം? ദൈവം പ്രപഞ്ചത്തിന്റെ രാജാവാണെന്ന് അംഗീകരിക്കുക (വാ. 4); കൃത്യതയോടെ വിധിക്കാനുള്ള അവിടുത്തെ അത്ഭുതകരമായ കഴിവില്‍ ആനന്ദിക്കുക (വാ. 5-6); നേര്, നീതി, തുല്യത എന്നിവയില്‍ അവന്‍ സന്തോഷിക്കുന്നു എന്നറിഞ്ഞു വിശ്രമിക്കുക (വാ. 7). നമുക്ക് അഭയത്തിനായി ദൈവത്തിലേക്കു വേഗത്തില്‍ ഓടിച്ചെല്ലാന്‍ കഴിയും!
ദൈവം പ്രവര്‍ത്തനനിരതനാണ്
'ദൈവം കരയുന്നു.'' വിവിധ ജാതികളില്‍നിന്നുള്ള ഒരു കൂട്ടം ക്രിസ്തുവിശ്വാസികള്‍ക്കൊപ്പം മഴയത്തു നില്‍ക്കുമ്പോള്‍ ബില്‍ ഹാലിയുടെ പത്തുവയസ്സുള്ള മകള്‍ മന്ത്രിച്ച വാക്കുകള്‍ ആയിരുന്നു അവ. ദൈവത്തെ അന്വേഷിക്കാനും അമേരിക്കയിലെ വംശീയവിയോജിപ്പിന്റെ പാരമ്പര്യത്തെക്കുറിച്ചു മനസ്സിലാക്കാനും എത്തിയതായിരുന്നു അവര്‍. മുന്‍ അടിമകളെ അടക്കം ചെയ്ത സ്ഥലത്ത് അവര്‍ നില്‍ക്കുമ്പോള്‍, അവര്‍ കൈകോര്‍ത്തു നിന്നു പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് കാറ്റു വീശാനും മഴ പെയ്യാനും തുടങ്ങി. വംശീയവിഭജനം സൗഖ്യമാകുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്കു നേതാവ് ആഹ്വാനം ചെയ്തപ്പോള്‍, മഴ ശക്തിയാര്‍ജ്ജിച്ചു. അനുരഞ്ജനവും പാപമോചനവും നല്‍കാന്‍ ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന് ഒത്തുകൂടിയവര്‍ വിശ്വസിച്ചു.
കാല്‍വരിയിലും അങ്ങനെ സംഭവിച്ചു - ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. ക്രൂശിക്കപ്പെട്ട യേശു അന്ത്യശ്വാസം വലിച്ചപ്പോള്‍, 'ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു' (മത്തായി 27:52). യേശു ആരാണെന്ന് ചിലര്‍ നിഷേധിച്ചെങ്കിലും, അവനു കാവല്‍നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ശതാധിപന്‍ മറ്റൊരു നിഗമനത്തിലെത്തി: 'ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചത് കണ്ടിട്ട്: അവന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു' (വാ. 54).
യേശുവിന്റെ മരണത്തില്‍, തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പാപമോചനം നല്‍കിക്കൊണ്ട് ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. 'ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു' (2 കൊരിന്ത്യര്‍ 5:19). ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചുവെന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം പരസ്പരം പാപങ്ങളെ ക്ഷമിക്കുന്നതല്ലാതെ മറ്റെന്താണ്?
എന്താണ് നിങ്ങളുടെ മാന്യത?
പ്രാദേശിക ഹൈസ്‌കൂള്‍ കായിക ഇനങ്ങളില്‍, സ്റ്റാന്‍ഡുകളിലെ ഏറ്റവും വലിയതും ആളുകള്‍ അറിയുന്നവനുമായ വ്യക്തിയായിരുന്നു ടെഡ്. ഒരു അധഃപതിച്ച അവസ്ഥയിലേക്ക് നീങ്ങുന്നതിനുമുമ്പ് ആറടി ആറ് ഇഞ്ച് ഉയരവും 100 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ടായിരുന്ന ടെഡിന്, സ്‌കൂള്‍ പരിപാടികളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കഴിവ് ഐതിഹാസികമായിരുന്നു.
ആളുകളെ സന്തോഷിപ്പിക്കുന്നതിലൂടെ മാത്രമായിരുന്നില്ല ടെഡ് തന്റെ സമൂഹത്തില്‍ പ്രശസ്തി നേടിയത്. ഒരു യുവാവ് എന്ന നിലയില്‍ മദ്യപാനാസക്തിക്കടിമയായതും ആയിരുന്നില്ല ഇതിന്റെ കാരണം. മറിച്ച്, ദൈവത്തോടും തന്റെ കുടുംബത്തോടുമുള്ള സ്‌നേഹത്തിനും, അവന്റെ ഔദാര്യമനോഭാവത്തിനും ദയയ്ക്കും ആണ് അവന്‍ ഓര്‍മ്മിക്കപ്പെടുന്നത്. അവന്റെ ജീവിതത്തെ ആഘോഷിച്ച നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ശവസംസ്‌കാര ശുശ്രൂഷയില്‍,' സുവിശേഷത്തിലൂടെ യേശുവിന്റെ ശക്തിയാല്‍ അന്ധകാരത്തില്‍ നിന്ന് രക്ഷിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ഊര്‍ജ്ജസ്വലമായ ക്രിസ്തുസദൃശ്യമായ വഴികളെക്കുറിച്ച് സാക്ഷ്യം വഹിക്കാന്‍ ഒന്നിനു പുറകേ ഒന്നായി ആളുകള്‍ മുന്നോട്ട് വന്നു.
എഫെസ്യര്‍ 5:8ല്‍, 'മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു'' എന്ന് പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു, എന്നാല്‍ പെട്ടെന്നു തന്നെ രേഖപ്പെടുത്തി, ഇപ്പോഴോ നിങ്ങള്‍ 'കര്‍ത്താവില്‍ വെളിച്ചം ആകുന്നു.... വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍.' യേശുവിലുള്ള ഓരോ വിശ്വാസിയുടെയും വിളി ഇതാണ്. ടെഡിനെപ്പോലെ, വെളിച്ചത്തിന്റെ മക്കള്‍ക്കും ഈ ലോകത്തില്‍ അന്ധകാരത്തില്‍ മുഴുകിയിരിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്യാന്‍ ധാരാളം ഉണ്ട്. 'ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികള്‍'' ഒഴിവാക്കണം (വാ. 3-4, 11 കാണുക). നമ്മുടെ സമൂഹങ്ങളിലും ലോകമെമ്പാടുമുള്ളവര്‍ക്ക് യേശുവിന്റെ പ്രകാശം ഏറ്റുവാങ്ങിയവരുടെ പ്രകാശപൂരിതവും വ്യതിരിക്തവുമായ സാക്ഷ്യം ആവശ്യമാണ് (വാ. 14). എത്രത്തോളം വ്യതിരിക്തമാണ്? വെളിച്ചം ഇരുട്ടില്‍ നിന്ന് എത്ര വ്യത്യസ്തമാണോ അത്രത്തോളം.
സ്വീകാര്യതയുടെ ഒരു പൈതൃകം
ബ്രേക്കിംഗ് ഡൗണ്‍ വാള്‍സ് എന്ന തന്റെ പുസ്തകത്തില്‍ ഗ്ലെന്‍ കെഹ്രെയിന്, 1968 ല്‍ പൗരാവകാശ പ്രവര്‍ത്തകനായിരുന്ന ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിക്കാഗോയിലെ തന്റെ കോളേജ് ഡോര്‍മിറ്ററിയുടെ മേല്‍ക്കൂരയില്‍ കയറിയതിനെക്കുറിച്ച് എഴുതുന്നു. 'ഭീതിദമായ വെടിയൊച്ചകള്‍ വലിയ കെട്ടിടത്തില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു, താമസിയാതെ എന്റെ മേല്‍ക്കൂര വിശാലവും അതേസമയം ഭയാനകവുമായ ഒരു കാഴ്ചയ്ക്കു വേദിയായി. .. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വിസ്കോണ്‍സിന്‍ ചോളപ്പാടത്തു നിന്ന് ഷിക്കാഗോയിലെ ഒരു നഗരാന്തര്ഭാഗത്തുള്ള യുദ്ധമേഖലയിലേക്ക് എനിക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?' യേശുവിനോടും തന്റേതില്‍ നിന്ന് വ്യത്യസ്തമായ പശ്ചാത്തലങ്ങളുള്ള ജനങ്ങളോടും ഉള്ള സ്നേഹത്താല്‍ നിര്‍ബന്ധിതനായ ഗ്ലെന്‍ ചിക്കാഗോയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുകയും, 2011 ല്‍ മരിക്കുന്നതുവരെ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റ് സേവനങ്ങള്‍ എന്നിവ നല്കുന്ന ഒരു ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുകയും ചെയ്തു.
തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരെ ആലിംഗനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ യേശുവിലുള്ള വിശ്വാസികളുടെ ശ്രമങ്ങളെ ഗ്ലെന്നിന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നു. പൗലൊസിന്റെ പഠിപ്പിക്കലും മാതൃകയും, ദൈവത്തില്‍ നിന്നും അകന്നുപോയ മാനവരാശിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയില്‍ യെഹൂദനെയും ജാതികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കുവാന്‍ റോമാ വിശ്വാസികളെ സഹായിച്ചു (റോമര്‍ 15:8-12). മറ്റുള്ളവരെ സ്വീകരിക്കുന്നതിനുള്ള അവന്റെ മാതൃക പിന്തുടരാന് അവന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു (വാ. 7). 'ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍'' മഹത്വപ്പെടുത്താന്‍ വിളിക്കപ്പെട്ടവരില്‍ മുന്‍വിധിക്കും വിയോജിപ്പിനും സ്ഥാനമില്ല (വാ. 6). തടസ്സങ്ങള്‍ മറികടന്ന് മതിലുകള്‍ തകര്‍ക്കാനും വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ എല്ലാവരെയും ഊഷ്മളമായി ആലിംഗനം ചെയ്യാനും നിങ്ങളെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. സ്വീകാര്യതയുടെ ഒരു പൈതൃകം കൈമാറുവാന്‍ നമുക്ക് ശ്രമിക്കാം.
പ്രാര്‍ത്ഥനയിലൂടെയുള്ള മല്‍പ്പിടുത്തം
ആരോ ഒരു പുതിയ നിയമം നല്കിയതിനുശേഷം ഡെന്നീസിന്റെ ജീവിതം രൂപാന്തരപ്പെട്ടു. അത് വായിക്കുന്നത് അവനെ ഹഠാദാകര്‍ഷിച്ചു, അത് അവന്റെ നിരന്തരമായ കൂട്ടാളിയായി. ആറുമാസത്തിനുള്ളില്‍, ജീവിതം മാറ്റിമറിക്കുന്ന രണ്ട് സംഭവങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടായി. തന്റെ പാപങ്ങളുടെ മോചനത്തിനായി താന്‍ യേശുവില്‍ വിശ്വസിച്ചു. കഠിനമായ തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവന്‍ മസ്തിഷ്ക ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. താങ്ങാനാവാത്ത വേദന കാരണം അവന്‍ കിടപ്പിലായതിനാല്‍ ജോലിചെയ്യാന്‍ കഴിഞ്ഞില്ല. വേദനാജനകമായ, ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ അവന്‍ ദൈവത്തോട് നിലവിളിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ അവന്‍ ഉറങ്ങി.
ശാരീരിക വേദന നമ്മെ ദൈവത്തോട് നിലവിളിക്കാന്‍ ഇടയാക്കും, എന്നാല്‍ കഠിനമായ മറ്റ് ജീവിത സാഹചര്യങ്ങളും അവങ്കലേക്ക് ഓടിച്ചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഡെന്നീസിന്റെ പോരാട്ട രാത്രിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, നിരാശനായ യാക്കോബ് ദൈവത്തെ നേരിട്ടു (ഉല്പത്തി 32:24-32). യാക്കോബിനെ സംബന്ധിച്ചിടത്തോളം അത് പൂര്‍ത്തിയാകാത്ത കുടുംബ പ്രശ്നമായിരുന്നു. അവന്‍ തന്റെ സഹോദരനായ ഏശാവിനെ ദ്രോഹിച്ചു (അ. 27), പ്രതികാരം ആസന്നമായെന്ന് അവന്‍ ഭയപ്പെട്ടു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ദൈവത്തിന്റെ സഹായം തേടുന്നതിനിടയില്‍, യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടു (32:30). രൂപാന്തരപ്പെട്ട മനുഷ്യനായിട്ടാണ് അവന്‍ പുറത്തുവന്നത്.
ഡെന്നിസും അങ്ങനെ തന്നെ. പ്രാര്‍ത്ഥനയില്‍ ദൈവത്തോട് നിലവിളിച്ച ശേഷം, കിടപ്പിലായിരുന്ന ഡെന്നിസിന് എഴുന്നേറ്റു നില്ക്കാന് കഴിഞ്ഞു. ഡോക്ടറുടെ പരിശോധനയില്‍ ട്യൂമറിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നമ്മെ അത്ഭുതകരമായി സുഖപ്പെടുത്തുന്നത് ദൈവം എപ്പോഴും തിരഞ്ഞെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുവെന്നും നമ്മുടെ സാഹചര്യത്തിന് ആവശ്യമായത് നല്‍കുമെന്നും നമുക്ക് ഉറപ്പുണ്ട്. നമ്മുടെ പരിതാപകരമായ അവസ്ഥയില്‍ നാം ദൈവത്തോട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നടത്തുകയും ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുകയും ചെയ്യുന്നു!
ക്ഷമയുടെ വിജയം
മയക്കുമരുന്ന് ആസക്തിയോടും ലൈംഗിക പാപത്തോടും മല്ലിട്ടിരുന്ന രഞ്ജന്‍ നിരാശനായിരുന്നു. താന്‍വളരെ വിലമതിച്ചിരുന്ന ബന്ധങ്ങള്‍ താറുമാറായി, അവന്റെ മനഃസാക്ഷി അവനെ കുറ്റപ്പെടുത്തുകയായിരുന്നു. തന്റെ ദുരിതാവസ്ഥയില്‍ അദ്ദേഹം ഒരു പള്ളിയിലെത്തി അവിടുത്തെ പാസ്റ്ററുമായി സംസാരിക്കുന്നതിന് ആവശ്യപ്പെട്ടു. തന്റെ സങ്കീര്‍ണ്ണമായ കഥ പങ്കുവെക്കുകയും ദൈവത്തിന്റെ കരുണയെയും ക്ഷമയെയും കുറിച്ച് കേള്‍ക്കുകയും ചെയ്തതിലൂടെ അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.
ദാവീദ് തന്റെ ലൈംഗിക പാപത്തിനുശേഷം രചിച്ചതാണ്് 32-ാം സങ്കീര്‍ത്തനം എന്നു വിശ്വസിക്കപ്പെടുന്നു.
ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ കലാശിച്ച ഒരു കുടില തന്ത്രം മെനഞ്ഞതിലൂടെ അവന്‍ തന്റെ തെറ്റിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി (2 ശമൂവേല്‍ 11-12 കാണുക). ഈ ദുഷ്പ്രവൃത്തികള്‍ അവന്റെ പിന്നില്‍ ആയിട്ടും അവന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍ അവശേഷിച്ചു. തന്റെ പ്രവൃത്തികളുടെ ദുഷ്ടത അംഗീകരിക്കുന്നതിന് മുമ്പ് താന്‍ അനുഭവിച്ച ആഴത്തിലുള്ള പോരാട്ടങ്ങളെ സങ്കീര്‍ത്തനം 32:3-4 വിവരിക്കുന്നു; ഏറ്റുപറയാത്ത പാപത്തിന്റെ കുത്തിമുറിവേല്പിക്കുന്ന ഫലങ്ങള്‍ നിഷേധിക്കാനാവില്ല. എന്താണ് ആശ്വാസം അരുളിയത്? ദൈവത്തോടുള്ള ഏറ്റുപറച്ചിലും അവന്‍ നല്കുന്ന പാപമോചനം സ്വീകരിക്കുന്നതിലൂടെയുമാണ് ആശ്വാസം ആരംഭിച്ചത് (വാ. 5).
ദൈവത്തിന്റെ കരുണയുടെ സ്ഥലം - നമുക്കും മറ്റുള്ളവര്‍ക്കും ഉപദ്രവവും ദോഷവും വരുത്തുന്ന കാര്യങ്ങള്‍ പറയുമ്പോഴോ പ്രവര്‍ത്തിക്കുമ്പോഴോ നമുക്ക് ആരംഭിക്കാന്‍ കഴിയുന്ന എത്ര മികച്ച സ്ഥലമാണത്! നമ്മുടെ പാപത്തിന്റെ കുറ്റബോധം എക്കാലവും നമ്മെ കുത്തിക്കൊണ്ടിരിക്കേണ്ടതില്ല. നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും അവന്റെ പാപമോചനം തേടുകയും ചെയ്യുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ കരങ്ങള്‍ വിശാലമായി തുറന്നിരിക്കുന്ന ഒരാള്‍ ഉണ്ട്. ''ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന് ഭാഗ്യവാന്'' (വാ. 1) എന്നു പാടുന്നവരുടെ സംഘത്തില്‍ നമുക്കും ചേരാം.