സൈമണും ജെഫ്രിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന പരിഹരിക്കപ്പെടാത്ത ഒരു മുറിവുണ്ടായിരുന്നു. ബന്ധം പുനഃസ്ഥാപിക്കുവാനുള്ള സൈമന്റെ ഉദ്യമങ്ങളൊന്നും ഫലം കണ്ടില്ല. ജെഫ്രിയുടെ അമ്മയുടെ മരണവാർത്ത അറിഞ്ഞ ഉടനെ,സൈമൺ, അവളുടെ അമ്മയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കെനിയയുടെ  ഉൾപ്രദേശത്തേക്ക് യാത്രയായി. ആ കൂടിക്കാഴ്ചയെ പിന്നീട് സൈമൻ ഇങ്ങനെ അനുസ്മരിച്ചു :“ എങ്ങിനെയാണ് കാര്യങ്ങൾ തിരിഞ്ഞു വരുക എന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ, ആ ശുശ്രൂഷക്ക് ഹൃദയം തുറന്ന, ഫലപ്രദമായ ഒരു സംഭാഷണം ഉണ്ടായി. ഞങ്ങൾ കെട്ടി പിടിച്ചു, സന്തോഷം പങ്കിട്ടു, ഒരുമിച്ച് പ്രാർത്ഥിച്ചു, വീണ്ടും കാണാമെന്ന് തീരുമാനിച്ചു. ” സൈമണിനും ജെഫ്രിക്കും നേരത്തേ അനുരഞ്ജനപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും കാലം അനുഭവിച്ച വേദനകൾ ഒഴിവാക്കാമായിരുന്നു.

മത്തായി 5:21-26 ലെ യേശുവിന്റെ വാക്കുകളിലെ പ്രതിപാദ്യം വ്യക്തിബന്ധങ്ങളിൽ  പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന സംഘർഷങ്ങളാണ്.വലിയ ഭിന്നതയിലേക്ക് നയിക്കാവുന്ന ദേഷ്യം ഗൗരവമായ ഒരു കാര്യമാണ് (വാ.22). ഇതിലുപരി, ബന്ധങ്ങൾ നല്ല നിലയിൽ ആക്കുക എന്നുള്ളത്, ദൈവത്തിന് വഴിപാട് അർപ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതാണ് (വാ.23-24). യേശുവിന്റെ ഉപദേശമായ “ നിന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങിക്കൊൾക”(വാ.25 ) എന്നത് നമ്മെ ഓർമ്മിപ്പിക്കുന്നത്, അനുരഞ്ജനത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്നത്, വേഗത്തിൽ ചെയ്താൽ, അത് എല്ലാവർക്കും നല്ലതായിരിക്കും എന്നാണ്.

 വ്യക്തി ബന്ധങ്ങൾ വളരെ അപകട സാധ്യതകൾ ഉള്ളതാണ്; അത് കാത്ത് സൂക്ഷിക്കാൻ നല്ല പ്രയത്നം ആവശ്യമാണ് – അത് നമ്മുടെ വീട്ടിലാണെങ്കിലും, , ജോലിസ്ഥലത്താണെങ്കിലും , വിദ്യാഭ്യാസ മേഖലയിലായാലും, യേശുവിലുള്ള നമ്മുടെ അതേ വിശ്വാസം പങ്കുവെക്കുന്ന ആളുകൾക്കിടയിലാണെങ്കിലും . “സമാധാന പ്രഭു” (യെശയ്യാവു 9:6) ആയ യേശുവിനെ പ്രതിനിധീകരിക്കുന്നവരായ നമുക്ക്, പിണക്കം നിലനിൽക്കുന്നവരുമായി അനുരഞ്ജനത്തിനായി  ഹൃദയപൂർവ്വം പ്രവർത്തിക്കാം.