ഒരു വിത്തിൽ നിന്നും ദേവദാരുവിന്റെ വസന്തം തന്നെ ഉണ്ടാക്കുന്നവൻ ഒരു ഭ്രൂണമായിട്ടാണ് ജീവിതം ആരംഭിച്ചത്; നക്ഷത്രങ്ങളെ ഉണ്ടാക്കിയവൻ തന്നെത്താൻ ഒരു ഗർഭപാത്രത്തിൽ സമർപ്പിച്ചവൻ; സ്വർഗ്ഗം മുഴുവൻ നിറക്കുന്നവൻ ഇന്നത്തെ സ്ഥിതിയിൽ കേവലം അതീന്ദ്രിയ ശബ്ദത്തിലെ ഒരു കണിക മാത്രമായി മാറുന്നു. യേശു, അസ്തിത്വത്തിൽ ദൈവമായവൻ, തന്നെത്താൻ ശൂന്യനാക്കി (ഫിലിപ്പിയർ 2:6-7). എന്തൊരു വിസ്മയാവഹമായ ചിന്തയാണ് !

ഒരു കർഷക ഗ്രാമത്തിൽ സമതല പ്രദേശത്ത്, ആട്ടിടയന്മാരുടേയും മാലാഖമാരുടേയും ആകാശത്തിലെ തെളിഞ്ഞ നക്ഷത്രങ്ങളുടെയും ഇടയിൽ, ആടുകളുടെ കരച്ചിൽ അവന്റെ ആദ്യത്തെ താരാട്ട് പാട്ടാക്കി അവൻ ഭൂജാതനാകുന്ന ആ ചിത്രം ഒന്ന് മനസ്സിൽ കണ്ട് നോക്കൂ. അവൻ നല്ല ആകാരവടിവും ഭംഗിയുമുള്ളവനുമായി വളർന്നു; ഗുരുക്കന്മാരെ അമ്പരിപ്പിക്കുന്ന വിധം വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ബാലനായി ; സ്വർഗ്ഗത്തിൽ നിന്ന് തന്റെ പിതാവിന്റെ അംഗീകാരത്തിനായി യോർദ്ദാനിൽ ഇറങ്ങി നില്ക്കുന്ന യുവാവായി; വിജന പ്രദേശത്ത്, പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി സാത്താനോട് പോരാടി. 

അടുത്തതായി അവൻ , ലോകത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള തന്റെ ദൗത്യം തുടങ്ങുന്നത് കാണാം – രോഗികളെ സൗഖ്യമാക്കി, കുഷ്ഠ രോഗിയെ തൊട്ടു, അശുദ്ധന് മോചനം കൊടുത്തു. അവൻ ഒരു തോട്ടത്തിൽ മുട്ടുകുത്തി അതിവേദനയോടെ പ്രാർത്ഥിക്കുമ്പോൾ അവർ അവനെ പിടികൂടുന്നതും ഏറ്റവും അടുത്ത സുഹൃത്തുക്കൾ അവനെ വിട്ട് ഓടിപ്പോകുന്നതും കാണുക. മുഖത്ത് തുപ്പലേറ്റ്, ലോകത്തിന്റെ പാപം ചുമലിലേറ്റി, രണ്ട് മരത്തടികളിന്മേൽ ക്രൂശിക്കപ്പെട്ടതും കാണുക. പക്ഷെ നോക്കൂ, ശരിക്ക് നോക്കൂ ,കല്ല്  ഉരുണ്ടു മാറി പോയിരിക്കുന്നു; ശൂന്യമായ കല്ലറയുടെ മുഴക്കം കേൾക്കുന്നു ; കാരണം,അവൻ ജീവിക്കുന്നു!

നോക്കൂ, ദൈവം അവനെ ഏറ്റവും ഉയർത്തി.(വാ.9). അവന്റെ നാമം സ്വർലോകവും ഭൂലോകവും നിറഞ്ഞിരിക്കുന്നു.    (വാ.10-11).

നക്ഷത്രങ്ങളുടെ സ്രഷ്ടാവായവൻ അൾട്രാ സൗണ്ടിലെ ഒരു കണികയായി. ഇതാണ് നമ്മുടെ ക്രിസ്മസ്  പൈതൽ.