പഠനത്തോടുള്ള സ്നേഹം
എങ്ങനെ ഒരു പത്രപ്രവർത്തകനായി എന്ന ചോദ്യത്തിനു ഒരാൾ വിദ്യാഭ്യാസത്തിനായുള്ള തന്റെ ഉദ്യമത്തിൽ തന്റെ അമ്മയുടെ സമർപ്പണത്തിന്റെ കഥ പങ്കുവെച്ചു. ദിവസവും ട്രെയിനിൻ യാത്രചെയ്യുമ്പോൾ സീറ്റിൽ വെച്ചിട്ട് പോകുന്ന പത്രങ്ങൾ ശേഖരിച്ച് അവർ അയാൾക്കു നൽകി. സ്പോർട്സ് വായിക്കുന്നത് അയാൾക്ക് പ്രത്യേക ഇഷ്ടമായിരുന്നെങ്കിലും പത്രം അയാളെ ലോകത്തേക്കുറിച്ചുള്ള അറിവിനെയും പരിചയപ്പെടുത്തി, അത് ഒടുവിൽ വിശാലമായ താല്പര്യങ്ങളിലേക്ക് അയാളുടെ മനസ്സിനെ തുറന്നു.
കുട്ടികൾക്ക് സ്വാഭാവിക കൗതുകവും പഠനത്തോടുള്ള താല്പര്യവും ഉണ്ട്, അതിനാൽ ചെറുപ്രായത്തിൽ തന്നെ അവരെ തിരുവെഴുത്തുകളെ പരിചയപ്പെടുത്തുന്നത് മൂല്യമുള്ള കാര്യമാണ്. ദൈവത്തിന്റെ അസാധാരണങ്ങളായ വാഗ്ദത്തങ്ങളും ബൈബിൾ വീരന്മാരുടെ ആവേശകരമായ കഥകളും അവരിൽ ജിജ്ഞാസ ഉണർത്തും. അവരുടെ അറിവ് വർദ്ധിക്കുന്നതോടൊപ്പം അവർക്ക് പാപത്തിന്റെ അനന്തരഫലങ്ങളും മാനസാന്തരത്തിന്റെ ആവശ്യകതയും ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ സന്തോഷവും മനസ്സിലാക്കുവാൻ കഴിയും. ജ്ഞാനത്തിന്റെ ഗുണങ്ങളേക്കുറിച്ചുള്ള നല്ലൊരു മുഖവുരയാണ് സദൃശവാക്യങ്ങളുടെ ഒന്നാം അധ്യായം (സദൃശവാക്യങ്ങൾ 1:1–7). യഥാർത്ഥ ജീവിത സാഹചര്യങ്ങളേക്കുറിച്ചുള്ള അറിവിലേക്ക് വെളിച്ചം വീശുന്ന ജ്ഞാനത്തിന്റെ നുറുങ്ങുകൾ ഇതിൽ കാണാം.
പഠനത്തോടുള്ള സ്നേഹം വളർത്തുന്നത്—പ്രത്യേകിച്ചും ആത്മീക സത്യങ്ങളേക്കുറിച്ചുള്ളവ—നമ്മെ വിശ്വാസത്തിൽ ശക്തരാകുവാൻ സഹായിക്കുന്നു. പതിറ്റാണ്ടുകൾ വിശ്വാസത്തിൽ നടന്നവർക്ക് ജീവിതകാലം മുഴുവൻ ദൈവീക ജ്ഞാനത്തെ പിന്തുടരുവാൻ സാധിക്കും. “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും”എന്ന് സദൃശവാക്യങ്ങൾ 1:5 ഉപദേശിക്കുന്നു. ദൈവീക നടത്തിപ്പിനും ശിക്ഷണത്തിനും ഹൃദയവും മനസ്സും തുറക്കാൻ നാം തയ്യാറായാൽ അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല.
തിരുവെഴുത്തിന്റെ വിശദീകരണം
ഡെച്ച് വീടുകളികളിൽ സാധാരണയായി കണ്ടുവരാറുള്ള നീലയും വെള്ളയും നിറമുള്ള അലങ്കാരത്തിനായുള്ള സിറാമിക് ടൈലുകൾ ആദ്യം നിർമ്മിക്കപ്പെട്ടിരുന്നത് ഡെൽഫ്റ്റ് നഗരത്തിലാണ്. നെതർലൻഡിലെ പ്രസിദ്ധമായ ദൃശ്യങ്ങളായിരുന്നു അതിൽ ചിത്രീകരിച്ചിരുന്നത് : സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ, അവിടെ എല്ലായിടത്തും കാണുന്ന കാറ്റാടി യന്ത്രങ്ങൾ, ആളുകൾ ജോലി ചെയ്യുന്നതും കളിക്കുന്നതും എല്ലാം.
പത്തൊമ്പതാം നൂറ്റാണ്ടിൽ , ചാൾസ് ഡിക്കെൻസ് തന്റെ “ ഒരു ക്രിസ്മസ് കരോൾ”എന്ന പുസ്തകത്തിൽ ഈ ടൈലുകൾ എങ്ങിനെയാണ് തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുവാൻ ഉപയോഗിച്ചിരുന്നത് എന്ന് എഴുതിയിറ്റുണ്ട്. ഒരു ഡച്ചുകാരന്റെ വീട്ടിലെ നെരിപ്പോടിനരികിൽ പാകിയിരിക്കുന്ന മനോഹരമായ ഡെൽഫറ്റ് ടൈലുകളിൽ “ കായീനും ഹാബേലും, ഫറവോന്റെ പുത്രിമാർ , ശേബാരാജ്ഞി , ... പിന്നെ അപ്പോസ്തലന്മാർ കടലിൽ പോകുന്നതും” ഉണ്ടായിരുന്നതായി വിവരിക്കുന്നു. മിക്ക വീടുകളിലും തീ കായാനായി ഒന്നിച്ചിരിക്കുമ്പോൾ ഈ ടൈലുകളെ പഠനോപകരണമാക്കി ബൈബിൾ കഥകൾ പങ്കിട്ടിരുന്നു. ദൈവത്തിന്റെ സ്വഭാവവും – അവന്റെ നീതിയും , കരുണയും, ദയയും എല്ലാം അവർ പഠിച്ചു.
ബൈബിളിലെ സത്യങ്ങൾ വളരെ പ്രസക്തമായി തുടരുകയാണ് ഇന്നും. സങ്കീർത്തനം 78 നമ്മെ പഠിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത് “ പുരാതന കടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു”( വാ. 2 – 3). അത് നമ്മോട് നിർദ്ദേശിക്കുന്നത് “ നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവൃത്തികളും വിവരിച്ചു പറയും” “ വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും” (വാ. 4, 6) വേണമെന്നാണ്.
ദൈവത്തിന് മഹത്വവും അർഹമായ പുകഴ്ചയും കൊടുക്കുവാനായി, ഓരോ തലമുറയോടും തിരുവെഴുത്തുകളിലെ സത്യങ്ങളെ വിവരിക്കുവാൻ പറ്റിയ ക്രിയാത്മകവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ ദൈവത്തിന്റെ സഹായത്താൽ നമുക്ക് കണ്ടെത്താൻ കഴിയും.
ഞെരുക്കത്തിന്റെ കാലം
കോവിഡ് - 19 വ്യാപനം തടയാൻ അമേരിക്കയിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായപ്പോൾ കടയുടമകൾ തങ്ങളുടെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകണം , എങ്ങനെ വാടക അടയ്ക്കണം, പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യും എന്നറിയാതെ പ്രയാസപ്പെട്ടു. അവരുടെ ഈ ഉത്ക്കണ്ഠ തിരിച്ചറിഞ്ഞ്, ഒരു സഭയുടെ പാസ്റ്റർ പ്രയാസമനുഭവിക്കുന്ന ബിസിനസ്സുകാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള ഒരു സംരഭത്തിന് തുടക്കമിട്ടു.
" പലരും ഇപ്പോൾ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ഞെരുക്ക കാലത്ത് ചെലവഴിക്കാൻ വേണ്ടി നാം സൂക്ഷിച്ച് വെക്കുന്ന പണം ഇപ്പോൾ വെറുതെ വെക്കുന്നത് ശരിയല്ല " എന്ന് പറഞ്ഞുകൊണ്ട് ഈ പാസ്റ്റർ മറ്റ് സഭകളെയും ഈ സംരഭത്തിൽ പങ്കുചേരുവാൻ പ്രോത്സാഹിപ്പിച്ചു.
'ഞെരുക്ക കാല ഫണ്ട്' എന്നത് സാധാരണ വരുമാനത്തിൽ ഇടിവുണ്ടാകുകയും എന്നാൽ ക്രമമായി ചെയ്യേണ്ട ചെലവുകൾ ചെയ്യേണ്ടി വരികയും ചെയ്യുന്ന സമയത്തിനായി മാറ്റിവെക്കപ്പെടുന്ന പണമാണ്. നാം സ്വന്തകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് സ്വാഭാവികമാണെങ്കിലും തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നത് നാം സ്വന്തകാര്യത്തിനപ്പുറം ഔദാര്യ ശീലരായി മററുള്ളവരെയും ശുശ്രൂഷിക്കണം എന്നാണ്. സദൃശ്യവാക്യങ്ങൾ 11:24, 25 ഇപ്രകാരം പറയുന്നു: " ഒരുത്തൻ വാരി വിതറിയിട്ടും വർധിച്ചു വരുന്നു ... ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവനു തണപ്പുകിട്ടും. "
ഇന്ന് നിങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമാണോ? എന്നാൽ ആരുടെയെങ്കിലും ലോകം പേമാരി നിറഞ്ഞതാണോയെന്ന് ചുററുമൊന്ന് കണ്ണോടിച്ച് നോക്കൂ. ദൈവം നിങ്ങൾക്ക് കൃപയാൽ നല്കിയ നന്മകൾ ഔദാര്യമായി പങ്കുവെക്കുകയാണെങ്കിൽ അവ വർദ്ധിച്ചു വരും. ഉദാരമനസ്കരായിരിക്കുക എന്നത് മറ്റുള്ളവർക്ക് പ്രത്യാശ നൽകുവാൻ കഴിയുന്ന ഒരു നല്ല മാർഗ്ഗമാണ്, ഒപ്പം ഉപദ്രവിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും.
ഉള്ളിൽ നിന്നുള്ള ഉടയൽ
എന്റെ കൗമാരപ്രായത്തിൽ എന്റെ അമ്മ ഞങ്ങളുടെ സ്വീകരണമുറിയുടെ ഭിത്തിയിൽ ഒരു ചുമർചിത്രം വരച്ചു. അത് ദീർഘ നാളുകൾ അവിടെയുണ്ടായിരുന്നു. ഒരു പുരാതന ഗ്രീക്ക് ക്ഷേത്രത്തിന്റെ തകർന്ന തൂണുകൾ വശങ്ങളിലും, ഉടഞ്ഞ ജലധാരയും, തകർന്ന ഒരു പ്രതിമയുമടങ്ങുന്ന അവശിഷ്ടങ്ങളായിരുന്നു അതിന്റെ പ്രതിപാദ്യം. ഒരിക്കൽ വളരെ മനോഹരമായിരുന്ന ആ യവന വാസ്തുശില്പം, എങ്ങനെയാണ് തകർന്നത് എന്ന് സങ്കല്പിക്കുവാൻ ഞാൻ ശ്രമിച്ചു. ഞാൻ വളരെ കൗതകത്തോടെ അവിടെയുണ്ടായ ദുരന്തത്തെപ്പറ്റി പഠിച്ചപ്പോൾ, ഒരിക്കൽ ബൃഹത്തും സമ്പന്നവുമായിരുന്ന സംസ്കാരം ജീർണ്ണിച്ചു നശിച്ചു പോയത് അതിന്റെ ഉള്ളിൽ നിന്ന് തന്നെയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.
ഇന്ന് നമ്മുക്ക് ചുറ്റും കാണുന്ന പാപകരമായ വഷളത്തവും അനിയന്ത്രിതമായ തകർച്ചകളും ബുദ്ധിമുട്ടുളവാക്കുന്നതാണ്. സ്വാഭാവികമായും ഇത് വിശദീകരിക്കുവാനായി നാം, വ്യക്തികളും രാഷ്ട്രങ്ങളും ദൈവത്തെ മറന്നു കളഞ്ഞതാണ് കാരണമെന്ന് വിരൽ ചൂണ്ടാറുണ്ട്. നാം നമ്മിലേക്ക് തന്നെയും നോക്കേണ്ടതല്ലേ? നാം നമ്മുടെ തന്നെ ഹൃദയാന്തർഭാഗത്തു നോക്കാതെ മറ്റുള്ളവർ അവരുടെ പാപങ്ങളിൽ നിന്നും തിരിയണമെന്നു പറയുമ്പോൾ കപടഭക്തരാകുന്നു എന്ന് വചനം പറയുന്നു. (മത്താ.7: 1-5)
സങ്കീർത്തനം 32 നമ്മുടെ സ്വന്തം പാപം കാണാനും ഏറ്റുപറയാനും നമ്മെ വെല്ലുവിളിക്കുന്നു. നമ്മുടെ വ്യക്തിപരമായ പാപം തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് കുറ്റബോധത്തിൽ നിന്നും സ്വാതന്ത്ര്യവും യഥാർത്ഥ മാനസാന്തരത്തിന്റെ സന്തോഷവും അനുഭവിക്കാൻ കഴിയൂ (vv. 1-5). ദൈവം നമുക്ക് പൂർണ്ണമായ പാപമോചനം നൽകുന്നുവെന്ന് അറിയുന്നതിൽ നാം സന്തോഷിക്കുമ്പോൾ, പാപത്തോടു പോരാടുന്ന മറ്റുള്ളവരുമായി നമുക്ക് ആ പ്രതീക്ഷ പങ്കിടാൻ കഴിയും.
പ്രാർത്ഥനാ മനുഷ്യൻ
ശക്തമായ വിശ്വാസവും പ്രാർത്ഥനയും ഉള്ള ഒരാളായിട്ടാണ് എന്റെ കുടുംബം എന്റെ മുത്തച്ഛനെ ഓർമ്മിക്കുന്നത്. എന്നാൽ എല്ലായ്‌പ്പോഴും അതങ്ങനെയായിരുന്നില്ല. ''ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നാം ദൈവത്തിന് നന്ദി പറയാൻ തുടങ്ങുകയാണ്'' തന്റെ പിതാവ് കുടുംബത്തോട് ആദ്യമായി അറിയിച്ചത് എന്റെ അമ്മായി ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ പ്രാർത്ഥന വാഗ്ചാതുര്യമുള്ളതായിരുന്നില്ല. പക്ഷേ മുത്തച്ഛൻ ഓരോ ദിവസവും പലപ്രാവശ്യം പ്രാർത്ഥിച്ചുകൊണ്ട് അടുത്ത അമ്പതു വർഷക്കാലം പ്രാർത്ഥനാ പരിശീലനം തുടർന്നു. അദ്ദേഹം മരിച്ചപ്പോൾ, എന്റെ ഭർത്താവ് എന്റെ മുത്തശ്ശിക്ക് ''പ്രാർത്ഥാ കരങ്ങളുടെ'' ഒരു ചിത്രം നൽകിയിട്ടു പറഞ്ഞു, ''മുത്തച്ഛൻ ഒരു പ്രാർത്ഥനാ മനുഷ്യനായിരുന്നു.'' ദൈവത്തെ അനുഗമിക്കാനും അവനുമായി ദിവസവും സംസാരിക്കാനുമുള്ള മുത്തച്ഛന്റെ തീരുമാനം അദ്ദേഹത്തെ ക്രിസ്തുവിന്റെ ഒരു വിശ്വസ്ത ദാസനാക്കി മാറ്റി.
പ്രാർത്ഥനയെക്കുറിച്ച് ബൈബിളിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. മത്തായി 6:9-13 ൽ, യേശു തന്റെ ശിഷ്യന്മാർക്ക് പ്രാർത്ഥനയ്ക്കുള്ള ഒരു മാതൃക നൽകി, ദൈവം ആരാണെന്നതിന് അവിടുത്തെ ആത്മാർത്ഥമായി സ്തുതിച്ചുകൊണ്ട് അവിടുത്തെ സമീപിക്കാൻ അവരെ പഠിപ്പിച്ചു. നമ്മുടെ അപേക്ഷകൾ ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോൾ, ''നമ്മുടെ പ്രതിദിന ആഹാരം'' നൽകുമെന്ന് നാം അവനെ വിശ്വസിക്കണം (വാ. 11). നമ്മുടെ പാപങ്ങൾ ഏറ്റുപറയുമ്പോൾ, നാം അവനോട് പാപമോചനവും പരീക്ഷകളെ ഒഴിവാക്കാനുള്ള സഹായവും ചോദിക്കുന്നു (വാ. 12-13).
എന്നാൽ ''കർത്താവിന്റെ പ്രാർത്ഥന'' പ്രാർത്ഥിക്കുന്നതിൽ മാത്രം നാം പരിമിതപ്പെടുന്നില്ല. ''ഏതു നേരത്തും'' ''സകല പ്രാർത്ഥനയാലും'' പ്രാർത്ഥിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് (എഫെസ്യർ 6:18). നമ്മുടെ ആത്മീയ വളർച്ചയ്ക്ക് പ്രാർത്ഥന വളരെ പ്രധാനമാണ്, കൂടാതെ എല്ലാ ദിവസവും അവനുമായി നിരന്തരം സംസാരിക്കാൻ ഇത് അവസരം നൽകുന്നു (1 തെസ്സലൊനീക്യർ 5:17-18).
ദൈവവുമായി സംസാരിക്കാൻ കൊതിക്കുന്ന എളിയ ഹൃദയങ്ങളോടെ നാം അവിടുത്തെ സമീപിക്കുമ്പോൾ, അവിടുത്തെ നന്നായി അറിയാനും സ്‌നേഹിക്കാനും അവിടുന്ന് നമ്മെ സഹായിക്കട്ടെ.
ദൈവത്തിനു നിങ്ങളുടെ കഥ അറിയാം
എന്റെ ഉറ്റസുഹൃത്തുമൊത്ത് ഉച്ചഭക്ഷണത്തിനു ശേഷം വീട്ടിലേക്കു പോകുമ്പോൾ, ഞാൻ അവൾക്കുവേണ്ടി ഉറക്കെ ദൈവത്തോടു നന്ദി പറഞ്ഞു. എന്നെക്കുറിച്ചുതന്നെ എനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടും അവൾ എന്നെ അറിയുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യുന്നു. എന്നെ ഞാനായിരിക്കുന്നതുപോലെ - എന്റെ തമാശകൾ, ശീലങ്ങൾ, വികാര വിക്ഷോഭങ്ങൾ എന്നിവ - അംഗീകരിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളിൽ ഒരാളാണ് അവൾ. എന്നിട്ടും, അവളുമായും ഞാൻ ഇഷ്ടപ്പെടുന്ന മറ്റുള്ളവരുമായും പങ്കിടാൻ ഞാൻ മടിക്കുന്ന എന്റെ കഥയുടെ ചില ഭാഗങ്ങളുണ്ട് - എനിക്കു വ്യക്തമായും വിജയം കണ്ടെത്താനാകാത്ത സമയങ്ങൾ, മറ്റുള്ളവരെ വിധിക്കുന്നതോ അവരോടു ദയയില്ലാതെയും സ്‌നേഹമില്ലാതെയും പെരുമാറുന്നതോ ആയ സമയങ്ങൾ.
പക്ഷേ, ദൈവത്തിന് എന്റെ കഥ മുഴുവനായും അറിയാം. മറ്റുള്ളവരുമായി സംസാരിക്കാൻ എനിക്ക് വിമുഖതയുണ്ടെങ്കിലും എനിക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നയാൾ അവിടുന്നാണ്.
139-ാം സങ്കീർത്തനത്തിലെ പരിചിതമായ വാക്കുകൾ നമ്മുടെ പരമാധികാര രാജാവുമായി നമുക്കുള്ള അടുപ്പത്തെ വിവരിക്കുന്നു. അവൻ നമ്മെ പൂർണ്ണമായി അറിയുന്നു! (വാ. 1). നമ്മുടെ ''വഴികളൊക്കെയും [യേശു] മനസ്സിലായിരിക്കുന്നു'' (വാ. 3). നമ്മുടെ ആശയക്കുഴപ്പം, ഉത്കണ്ഠാകുലമായ ചിന്തകൾ, പരീക്ഷയുമായുള്ള നമ്മുടെ പോരാട്ടങ്ങൾ എന്നിവയുമായി അവങ്കലേക്ക് ചെല്ലാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. നാം അവനു പൂർണ്ണമായും വഴങ്ങാൻ തയ്യാറാകുമ്പോൾ, നാം അവങ്കൽനിന്ന് അകന്നുപോയതു നിമിത്തം നമ്മെ ദുഃഖത്തിലേക്കു നയിച്ച നമ്മുടെ കഥയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാനും മാറ്റിയെഴുതാനും അവിടുന്ന് എത്തിച്ചേരുന്നു.
ഏതൊരാൾക്കും ഏതൊരു കാലത്തും കഴിയുന്നതിനെക്കാൾ നന്നായി ദൈവം നമ്മെ എപ്പോഴും അറിയുന്നു. എന്നിട്ടും . . . അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു! നാം അനുദിനം ദൈവത്തിനു കീഴടങ്ങുകയും അവിടുത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ മഹത്വത്തിനായി നമ്മുടെ കഥ മാറ്റാൻ അവിടുത്തേക്കു കഴിയും. അത് തുടർന്നും എഴുതുന്ന എഴുത്തുകാരൻ അവിടുന്നാണ്.
ദൈവം നല്‍കുന്ന സന്തോഷം
ദിവ്യ വെളിയില്‍ പോകുമ്പോഴൊക്കെ മറ്റുള്ളവരുടെ നേരെ ചിരിക്കാന്‍ അവള്‍ എപ്പോഴും ശ്രമിക്കുന്നു. സൗഹൃദപരമായ ഒരു മുഖം കാണേണ്ട ആവശ്യമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവളുടെ വഴിയാണിത്. മിക്കപ്പോഴും, അവള്‍ക്ക് ഒരു യഥാര്‍ത്ഥ പുഞ്ചിരി പ്രതിഫലമായി ലഭിക്കുന്നു. എന്നാല്‍ ഫെയ്സ്മാസ്‌ക് ധരിക്കാന്‍ ദിവ്യ നിര്‍ബന്ധിതയായിരുന്ന ഒരു സമയത്ത് ആളുകള്‍ക്ക് അവളുടെ അധരം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ ആര്‍ക്കും അവളുടെ പുഞ്ചിരി കാണാന്‍ കഴിയില്ലെന്നും അവള്‍ മനസ്സിലാക്കി. ഇതു സങ്കടകരമാണ്, അവള്‍ ചിന്തിച്ചു, പക്ഷേ ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല. ഞാന്‍ പുഞ്ചിരിക്കുന്നതായി അവര്‍ക്ക് എന്റെ കണ്ണുകളില്‍ കാണാമല്ലോ.
ആ ആശയത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ കുറച്ചു ശാസ്ത്രമുണ്ട്. വായയുടെ കോണുകളിലെ പേശികളും കണ്ണുകള്‍ ചിമ്മുവാന്‍ സഹായിക്കുന്നവയും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഡുഷെന്‍ പുഞ്ചിരി എന്നു വിളിക്കുന്നു, അതിനെ ''കണ്ണുകള്‍കൊണ്ടു പുഞ്ചിരിക്കുക'' എന്നു പറയുന്നു.
''കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു'' എന്നും ''സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു'' എന്നും സദൃശവാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (15:30; 17:22). പലപ്പോഴും, ദൈവമക്കളുടെ പുഞ്ചിരി ഉണ്ടാകുന്നത് നമുക്കുള്ള അമാനുഷിക സന്തോഷത്തില്‍ നിന്നാണ്. ഇത് ദൈവത്തില്‍ നിന്നുള്ള ഒരു ദാനവും, ഭാരം ചുമക്കുന്ന ആളുകളെ നാം ധൈര്യപ്പെടുത്തുകയോ അല്ലെങ്കില്‍ ജീവിത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവരുമായി അവ പങ്കിടുകയോ ചെയ്യുമ്പോള്‍ പതിവായി നമ്മുടെ ജീവിതത്തിലേക്കു വ്യാപിക്കുന്നതുമാകുന്നു. നാം തന്നെ കഷ്ടതകള്‍ അനുഭവിക്കുമ്പോഴും നമ്മുടെ സന്തോഷം തിളങ്ങിക്കൊണ്ടിരിക്കും.
ജീവിതം അന്ധകാരപൂര്‍ണ്ണമായി തോന്നുമ്പോള്‍, സന്തോഷം തിരഞ്ഞെടുക്കുക. നിങ്ങളുടെ പുഞ്ചിരി, നിങ്ങളുടെ ജീവിതത്തിലെ ദൈവസ്‌നേഹത്തെയും ദൈവിക സാന്നിധ്യത്തിന്റെ പ്രകാശത്തെയും പ്രതിഫലിപ്പിക്കുന്ന പ്രത്യാശയുടെ ഒരു ജാലകമായിരിക്കട്ടെ.
പദ്ധതികളുണ്ടോ?
ഏതാണ്ട് പതിനെട്ടു വയസ്സുള്ള കാഡെന്‍, ഒരു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ താന്‍ ഏറ്റവും ആഗ്രഹിച്ച കോളേജില്‍ ചേര്‍ന്നു പഠിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഹൈസ്‌കൂളില്‍ വെച്ച് അവന്‍ ഒരു ക്യാമ്പസ് ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. തന്റെ പാര്‍ട്ട് ടൈം ജോലിയില്‍നിന്നു ലഭിച്ച പണം കാഡെന്‍ സൂക്ഷിച്ചിരുന്നു, കൂടാതെ ഒരു പുതിയ ജോലിക്കുള്ള ക്രമീകരണം ചെയ്യുകയും ചെയ്തിരുന്നു. ചില മികച്ച ലക്ഷ്യങ്ങള്‍ അവനുണ്ടായിരുന്നു, എല്ലാം കൃത്യമായി അതിന്റെ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു.
അപ്പോഴാണ് 2020 ലെ വസന്തകാലത്ത് സംഭവിച്ച ഒരു ആഗോള ആരോഗ്യപ്രതിസന്ധി എല്ലാറ്റിനെയും തകിടം മറിച്ചത്.
തന്റെ ആദ്യ സെമസ്റ്റര്‍ ഓണ്‍ലൈനിലായിരിക്കുമെന്ന് സ്‌കൂള്‍ കാഡനെ അറിയിച്ചു. കാമ്പസ് മിനിസ്ട്രി മാറ്റിവയ്‌ക്കേണ്ടിവന്നു. ബിസിനസ്സുകള്‍ പൂട്ടിപ്പോയതിനാല്‍, ജോലി സാധ്യത മങ്ങി. അങ്ങനെ നിരാശനായിരിക്കുമ്പോള്‍, അവന്റെ സുഹൃത്ത് ഒരു പ്രശസ്ത പ്രൊഫഷണല്‍ ബോക്‌സറുടെ വാക്കുകള്‍ ഉദ്ധരിച്ചു: ''അതെ, വായില്‍ ഇടി കിട്ടുന്നതുവരെ എല്ലാവര്‍ക്കും ഒരു പദ്ധതിയുണ്ട്.''
നമ്മുടെ പദ്ധതികളെയെല്ലാം നാം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, അവിടുന്നു നമ്മുടെ പദ്ധതികളെ ഉറപ്പിക്കുകയും തന്റെ ഹിതപ്രകാരം അവയെ നടപ്പാക്കുകയും ചെയ്യും എന്നു സദൃശവാക്യങ്ങള്‍ 16 നമ്മോടു പറയുന്നു (വാ. 3-4). എന്നിരുന്നാലും, യഥാര്‍ത്ഥ സമര്‍പ്പണം പ്രയാസകരമാണ്. അതിന്, ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള തുറന്ന ഹൃദയവും നമ്മുടെ ഗതിയെ സ്വതന്ത്രമായി പ്ലാന്‍ ചെയ്യുന്നതിനെ ചെറുക്കാനുള്ള സന്നദ്ധതയും വേണം (വാ. 9; 19:21).
ഫലവത്താകാത്ത സ്വപ്‌നങ്ങള്‍ നിരാശപ്പെടുത്തിയേക്കാം, പക്ഷേ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ കാഴ്ചപ്പാടിന് ഒരിക്കലും ദൈവത്തിന്റെ എല്ലാം അറിയുന്ന വഴികളുമായി മത്സരിക്കാനാവില്ല. നാം അവിടുത്തെ പദ്ധതികള്‍ക്കു വഴങ്ങുമ്പോള്‍, മുന്നോട്ടുള്ള വഴി കാണാത്തപ്പോഴും, അവിടുന്നു നമ്മുടെ ചുവടുകളെ സ്‌നേഹപൂര്‍വ്വം നയിക്കുന്നുവെന്നു നമുക്ക് ഉറപ്പിക്കാം (16:9).
നല്ലകാലത്തിലും മോശമായ കാലത്തിലും
1986 ജനുവരി 28 ന്, യുഎസ് ബഹിരാകാശവാഹനായ ചലഞ്ചര്‍ കുതിച്ചുയര്‍ന്ന് എഴുപത്തിമൂന്നു സെക്കന്‍ഡിനു ശേഷം തകര്‍ന്നുവീണു. രാജ്യത്തെ ആശ്വസിപ്പിച്ചുകൊണ്ടു പ്രസിഡന്റ് റീഗന്‍ നടത്തിയ പ്രസംഗത്തില്‍, രണ്ടാം ലോകമഹായുദ്ധ പൈലറ്റായ ജോണ്‍ ഗില്ലസ്പി മാഗി രചിച്ച 'ഹൈ ഫ്‌ളൈറ്റ്' എന്ന കവിതയില്‍നിന്ന് ഉദ്ധരിക്കുകയുണ്ടായി. അതില്‍ 'ആരും അതിക്രമിച്ചു കടന്നിട്ടില്ലാത്ത ബഹിരാകാശത്തിന്റെ ഉന്നതമായ പവിത്രത' യെക്കുറിച്ചും 'ദൈവത്തിന്റെ മുഖത്തെ' സ്പര്‍ശിക്കുന്നതിനായി കൈ പുറത്തേക്കു നീട്ടുന്നതിന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തി.
നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖത്തെ സ്പര്‍ശിക്കാന്‍ കഴിയില്ലെങ്കിലും, അവിടുന്ന് അടുത്തുണ്ടെന്ന ആഴമായ ബോധ്യം നമ്മില്‍ സൃഷ്ടിക്കുന്ന അതിശയകരമായ ഒരു സൂര്യാസ്തമയമോ, പ്രകൃതിയില്‍ ഇരുന്നുള്ള ഒരു ധ്യാനമോ നാം അനുഭവിക്കാറുണ്ട്. ചില ആളുകള്‍ ഈ നിമിഷങ്ങളെ 'നേര്‍ത്ത സ്ഥലങ്ങള്‍' എന്നു വിളിക്കുന്നു. ആകാശത്തെയും ഭൂമിയെയും വേര്‍തിരിക്കുന്ന തടസ്സം അല്പം കനംകുറഞ്ഞതായി തോന്നുന്നു. ദൈവം കുറെക്കൂടെ അടുത്തു വന്നതായി തോന്നുന്നു.
മരുഭൂമിയിലെ വിജനതയില്‍ ദൈവത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞ യിസ്രായേല്യര്‍ക്ക് 'നേര്‍ത്ത സ്ഥലം' അനുഭവപ്പെട്ടിരിക്കാം. മരുഭൂമിയിലൂടെ അവരെ നയിക്കാന്‍ ദൈവം പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്‌നിസ്തംഭവും നല്‍കി (പുറപ്പാട് 40:34-38). അവര്‍ പാളയത്തില്‍ താമസിക്കുമ്പോള്‍, “യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു’' (വാ. 35). അവരുടെ യാത്രയിലുടനീളം, ദൈവം തങ്ങളോടൊപ്പമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
ദൈവത്തിന്റെ സൃഷ്ടിയുടെ അവിശ്വസനീയമായ സൗന്ദര്യം നാം ആസ്വദിക്കുമ്പോള്‍, അവിടുന്ന് എല്ലായിടത്തും ഉണ്ടെന്ന ബോധ്യം നമ്മില്‍ വര്‍ദ്ധിക്കുന്നു. നാം അവിടുത്തോടു പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും അവിടുത്തെ ശ്രദ്ധിക്കുകയും തിരുവെഴുത്തുകള്‍ വായിക്കുകയും ചെയ്യുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് അവിടുത്തോടുള്ള കൂട്ടായ്മ ആസ്വദിക്കാന്‍ കഴിയും.
സ്‌നേഹപൂര്‍വ്വമായ തിരുത്തല്‍
അമ്പതു വര്‍ഷത്തിലേറെയായി, എന്റെ പിതാവ് തന്റെ എഡിറ്റിങ്ങിലെ മികവിനായി പരിശ്രമിച്ചു. തെറ്റുകള്‍ കണ്ടെത്തുക മാത്രമല്ല, വ്യക്തത, യുക്തിഭദ്രത, ഒഴുക്ക്, വ്യാകരണം എന്നിവയിലും ഒരു രചന മികച്ചതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. ചുവപ്പിനെക്കാള്‍ തിരുത്തലുകള്‍ക്കായി പച്ചമഷിയുള്ള പേനയാണ് അദ്ദേഹം ഉപയോഗിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ഒരു പച്ചപ്പേന ' കൂടുതല്‍ സൗഹൃദപരമായി' തോന്നി. ചുവപ്പു മഷി ഒരു പുതിയ, അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്ത എഴുത്തുകാരനെ ദ്യോതിപ്പിക്കുന്നു. തെറ്റുകളെ മികച്ച നിലയില്‍ സൗമ്യമായി ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
യേശു ആളുകളെ തിരുത്തിയപ്പോള്‍, സ്‌നേഹത്തോടെയാണ് അതു ചെയ്തത്. ചില സാഹചര്യങ്ങളില്‍ - പരീശന്മാരുടെ കപടഭക്തിക്കെതിരെ സംസാരിച്ചതുപോലെയുള്ള സമയങ്ങളില്‍ (മത്തായി 23) - അവിടുന്ന് അവരെ കഠിനമായി ശാസിച്ചു. എങ്കിലും അത് അവരുടെ പ്രയോജനത്തിനായിട്ടായിരുന്നു. എന്നാല്‍ അവന്റെ സ്‌നേഹിതയായ മാര്‍ത്തയുടെ കാര്യത്തില്‍, ഒരു സൗമ്യമായ തിരുത്തല്‍ മാത്രം മതിയിരുന്നു (ലൂക്കൊസ് 10:38-42). പരീശന്മാര്‍ യേശുവിന്റെ ശാസനയോടു മോശമായി പ്രതികരിച്ചപ്പോള്‍, മാര്‍ത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകളില്‍ ഒരാളായി തുടര്‍ന്നു (യോഹന്നാന്‍ 11:5).
തിരുത്തല്‍ അസുഖകരമായേക്കാം. നമ്മില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അതിഷ്ടപ്പെടുന്നുള്ളൂ. ചിലപ്പോഴൊക്കെ, നമ്മുടെ അഭിമാനം കാരണം, അതു കൃപയോടെ സ്വീകരിക്കാന്‍ പ്രയാസമാണ്. സദൃശവാക്യങ്ങള്‍ ജ്ഞാനത്തെക്കുറിച്ച് വളരെയധികം സംസാരിക്കുകയും 'ശാസന കേള്‍ക്കുന്നത്' ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അടയാളമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു (15:31-32).
ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ തിരുത്തല്‍ നമ്മുടെ ദിശ ക്രമീകരിക്കാനും അവിടുത്തെ കൂടുതലായി അടുത്തു അനുഗമിക്കാനും സഹായിക്കുന്നു. അതു നിരസിക്കുന്നവര്‍ക്കു കര്‍ശനമായ മുന്നറിയിപ്പു നല്‍കുന്നു (വാ.10), എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അതിനോടു പ്രതികരിക്കുന്നവര്‍ക്കു ജ്ഞാനവും വിവേകവും ലഭിക്കും (വാ. 31-32).