എന്റെ കൗമാരപ്രായത്തിൽ എന്റെ അമ്മ ഞങ്ങളുടെ സ്വീകരണമുറിയുടെ ഭിത്തിയിൽ ഒരു ചുമർചിത്രം വരച്ചു. അത് ദീർഘ നാളുകൾ അവിടെയുണ്ടായിരുന്നു. ഒരു പുരാതന ഗ്രീക്ക് ക്ഷേത്രത്തിന്റെ തകർന്ന തൂണുകൾ വശങ്ങളിലും, ഉടഞ്ഞ ജലധാരയും, തകർന്ന ഒരു പ്രതിമയുമടങ്ങുന്ന അവശിഷ്ടങ്ങളായിരുന്നു അതിന്റെ പ്രതിപാദ്യം. ഒരിക്കൽ വളരെ മനോഹരമായിരുന്ന ആ യവന വാസ്തുശില്പം, എങ്ങനെയാണ് തകർന്നത് എന്ന് സങ്കല്പിക്കുവാൻ ഞാൻ ശ്രമിച്ചു. ഞാൻ വളരെ കൗതകത്തോടെ  അവിടെയുണ്ടായ ദുരന്തത്തെപ്പറ്റി പഠിച്ചപ്പോൾ,  ഒരിക്കൽ ബൃഹത്തും സമ്പന്നവുമായിരുന്ന സംസ്കാരം ജീർണ്ണിച്ചു നശിച്ചു പോയത് അതിന്റെ ഉള്ളിൽ നിന്ന് തന്നെയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. 

ഇന്ന് നമ്മുക്ക് ചുറ്റും കാണുന്ന പാപകരമായ വഷളത്തവും അനിയന്ത്രിതമായ തകർച്ചകളും ബുദ്ധിമുട്ടുളവാക്കുന്നതാണ്. സ്വാഭാവികമായും ഇത് വിശദീകരിക്കുവാനായി നാം, വ്യക്തികളും രാഷ്ട്രങ്ങളും ദൈവത്തെ മറന്നു കളഞ്ഞതാണ് കാരണമെന്ന് വിരൽ ചൂണ്ടാറുണ്ട്. നാം നമ്മിലേക്ക്‌ തന്നെയും നോക്കേണ്ടതല്ലേ? നാം നമ്മുടെ തന്നെ ഹൃദയാന്തർഭാഗത്തു നോക്കാതെ മറ്റുള്ളവർ അവരുടെ പാപങ്ങളിൽ നിന്നും തിരിയണമെന്നു പറയുമ്പോൾ കപടഭക്തരാകുന്നു എന്ന് വചനം പറയുന്നു. (മത്താ.7: 1-5)

സങ്കീർത്തനം 32 നമ്മുടെ സ്വന്തം പാപം കാണാനും ഏറ്റുപറയാനും നമ്മെ വെല്ലുവിളിക്കുന്നു. നമ്മുടെ വ്യക്തിപരമായ പാപം തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് കുറ്റബോധത്തിൽ നിന്നും സ്വാതന്ത്ര്യവും യഥാർത്ഥ മാനസാന്തരത്തിന്റെ സന്തോഷവും അനുഭവിക്കാൻ കഴിയൂ (vv. 1-5). ദൈവം നമുക്ക് പൂർണ്ണമായ പാപമോചനം നൽകുന്നുവെന്ന് അറിയുന്നതിൽ നാം സന്തോഷിക്കുമ്പോൾ, പാപത്തോടു പോരാടുന്ന മറ്റുള്ളവരുമായി നമുക്ക് ആ പ്രതീക്ഷ പങ്കിടാൻ കഴിയും.