നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സിന്‍ഡി ഹെസ്സ് കാസ്‌പെര്‍

നല്ലകാലത്തിലും മോശമായ കാലത്തിലും

1986 ജനുവരി 28 ന്, യുഎസ് ബഹിരാകാശവാഹനായ ചലഞ്ചര്‍ കുതിച്ചുയര്‍ന്ന് എഴുപത്തിമൂന്നു സെക്കന്‍ഡിനു ശേഷം തകര്‍ന്നുവീണു. രാജ്യത്തെ ആശ്വസിപ്പിച്ചുകൊണ്ടു പ്രസിഡന്റ് റീഗന്‍ നടത്തിയ പ്രസംഗത്തില്‍, രണ്ടാം ലോകമഹായുദ്ധ പൈലറ്റായ ജോണ്‍ ഗില്ലസ്പി മാഗി രചിച്ച 'ഹൈ ഫ്‌ളൈറ്റ്' എന്ന കവിതയില്‍നിന്ന് ഉദ്ധരിക്കുകയുണ്ടായി. അതില്‍ 'ആരും അതിക്രമിച്ചു കടന്നിട്ടില്ലാത്ത ബഹിരാകാശത്തിന്റെ ഉന്നതമായ പവിത്രത' യെക്കുറിച്ചും 'ദൈവത്തിന്റെ മുഖത്തെ' സ്പര്‍ശിക്കുന്നതിനായി കൈ പുറത്തേക്കു നീട്ടുന്നതിന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തി.

നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖത്തെ സ്പര്‍ശിക്കാന്‍ കഴിയില്ലെങ്കിലും, അവിടുന്ന് അടുത്തുണ്ടെന്ന ആഴമായ ബോധ്യം നമ്മില്‍ സൃഷ്ടിക്കുന്ന അതിശയകരമായ ഒരു സൂര്യാസ്തമയമോ, പ്രകൃതിയില്‍ ഇരുന്നുള്ള ഒരു ധ്യാനമോ നാം അനുഭവിക്കാറുണ്ട്. ചില ആളുകള്‍ ഈ നിമിഷങ്ങളെ 'നേര്‍ത്ത സ്ഥലങ്ങള്‍' എന്നു വിളിക്കുന്നു. ആകാശത്തെയും ഭൂമിയെയും വേര്‍തിരിക്കുന്ന തടസ്സം അല്പം കനംകുറഞ്ഞതായി തോന്നുന്നു. ദൈവം കുറെക്കൂടെ അടുത്തു വന്നതായി തോന്നുന്നു.

മരുഭൂമിയിലെ വിജനതയില്‍ ദൈവത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞ യിസ്രായേല്യര്‍ക്ക് 'നേര്‍ത്ത സ്ഥലം' അനുഭവപ്പെട്ടിരിക്കാം. മരുഭൂമിയിലൂടെ അവരെ നയിക്കാന്‍ ദൈവം പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്‌നിസ്തംഭവും നല്‍കി (പുറപ്പാട് 40:34-38). അവര്‍ പാളയത്തില്‍ താമസിക്കുമ്പോള്‍, “യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു’' (വാ. 35). അവരുടെ യാത്രയിലുടനീളം, ദൈവം തങ്ങളോടൊപ്പമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ദൈവത്തിന്റെ സൃഷ്ടിയുടെ അവിശ്വസനീയമായ സൗന്ദര്യം നാം ആസ്വദിക്കുമ്പോള്‍, അവിടുന്ന് എല്ലായിടത്തും ഉണ്ടെന്ന ബോധ്യം നമ്മില്‍ വര്‍ദ്ധിക്കുന്നു. നാം അവിടുത്തോടു പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും അവിടുത്തെ ശ്രദ്ധിക്കുകയും തിരുവെഴുത്തുകള്‍ വായിക്കുകയും ചെയ്യുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് അവിടുത്തോടുള്ള കൂട്ടായ്മ ആസ്വദിക്കാന്‍ കഴിയും.

സ്‌നേഹപൂര്‍വ്വമായ തിരുത്തല്‍

അമ്പതു വര്‍ഷത്തിലേറെയായി, എന്റെ പിതാവ് തന്റെ എഡിറ്റിങ്ങിലെ മികവിനായി പരിശ്രമിച്ചു. തെറ്റുകള്‍ കണ്ടെത്തുക മാത്രമല്ല, വ്യക്തത, യുക്തിഭദ്രത, ഒഴുക്ക്, വ്യാകരണം എന്നിവയിലും ഒരു രചന മികച്ചതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. ചുവപ്പിനെക്കാള്‍ തിരുത്തലുകള്‍ക്കായി പച്ചമഷിയുള്ള പേനയാണ് അദ്ദേഹം ഉപയോഗിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ഒരു പച്ചപ്പേന ' കൂടുതല്‍ സൗഹൃദപരമായി' തോന്നി. ചുവപ്പു മഷി ഒരു പുതിയ, അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്ത എഴുത്തുകാരനെ ദ്യോതിപ്പിക്കുന്നു. തെറ്റുകളെ മികച്ച നിലയില്‍ സൗമ്യമായി ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

യേശു ആളുകളെ തിരുത്തിയപ്പോള്‍, സ്‌നേഹത്തോടെയാണ് അതു ചെയ്തത്. ചില സാഹചര്യങ്ങളില്‍ - പരീശന്മാരുടെ കപടഭക്തിക്കെതിരെ സംസാരിച്ചതുപോലെയുള്ള സമയങ്ങളില്‍ (മത്തായി 23) - അവിടുന്ന് അവരെ കഠിനമായി ശാസിച്ചു. എങ്കിലും അത് അവരുടെ പ്രയോജനത്തിനായിട്ടായിരുന്നു. എന്നാല്‍ അവന്റെ സ്‌നേഹിതയായ മാര്‍ത്തയുടെ കാര്യത്തില്‍, ഒരു സൗമ്യമായ തിരുത്തല്‍ മാത്രം മതിയിരുന്നു (ലൂക്കൊസ് 10:38-42). പരീശന്മാര്‍ യേശുവിന്റെ ശാസനയോടു മോശമായി പ്രതികരിച്ചപ്പോള്‍, മാര്‍ത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകളില്‍ ഒരാളായി തുടര്‍ന്നു (യോഹന്നാന്‍ 11:5).

തിരുത്തല്‍ അസുഖകരമായേക്കാം. നമ്മില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അതിഷ്ടപ്പെടുന്നുള്ളൂ. ചിലപ്പോഴൊക്കെ, നമ്മുടെ അഭിമാനം കാരണം, അതു കൃപയോടെ സ്വീകരിക്കാന്‍ പ്രയാസമാണ്. സദൃശവാക്യങ്ങള്‍ ജ്ഞാനത്തെക്കുറിച്ച് വളരെയധികം സംസാരിക്കുകയും 'ശാസന കേള്‍ക്കുന്നത്' ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അടയാളമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു (15:31-32).

ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ തിരുത്തല്‍ നമ്മുടെ ദിശ ക്രമീകരിക്കാനും അവിടുത്തെ കൂടുതലായി അടുത്തു അനുഗമിക്കാനും സഹായിക്കുന്നു. അതു നിരസിക്കുന്നവര്‍ക്കു കര്‍ശനമായ മുന്നറിയിപ്പു നല്‍കുന്നു (വാ.10), എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അതിനോടു പ്രതികരിക്കുന്നവര്‍ക്കു ജ്ഞാനവും വിവേകവും ലഭിക്കും (വാ. 31-32).

വിശ്വാസ നിക്ഷേപങ്ങള്‍

തന്റെ പന്ത്രണ്ടാമത്തെ ക്രിസ്തുമസില്‍, ക്രിസ്തുമസ് ട്രീയുടെ കീഴിലിരുന്ന സമ്മാനങ്ങള്‍ തുറക്കുന്നതിനായി ആകാംക്ഷയോടെ ആ ബാലന്‍ കാത്തിരുന്നു. ഒരു പുതിയ ബൈക്കിനായി അവന്‍ കൊതിച്ചിരുന്നു, പക്ഷേ അവന്റെ പ്രതീക്ഷകള്‍ തകര്‍ന്നുപോയി -അവനു ലഭിച്ച അവസാനത്തെ സമ്മാനം ഒരു നിഘണ്ടുവായിരുന്നു. ആദ്യ പേജില്‍ അവന്‍ ഇങ്ങനെ വായിച്ചു: 'അമ്മയില്‍ നിന്നും ഡാഡിയില്‍ നിന്നും ചാള്‍സിന്, 1958. സ്‌കൂളിലെ നിന്റെ മികച്ച പ്രവര്‍ത്തനത്തിനായി സ്‌നേഹത്തോടും ഉയര്‍ന്ന പ്രതീക്ഷയോടും കൂടി.'

അടുത്ത ദശകത്തില്‍ ഈ കുട്ടി സ്‌കൂളില്‍ മികച്ച പ്രകടനം നടത്തി. കോളേജില്‍ നിന്നു ബിരുദം നേടി പിന്നീട് ഏവിയേഷന്‍ പരിശീലനവും നേടി. വിദേശത്ത് ജോലി ചെയ്യുന്ന ഒരു പൈലറ്റായി അദ്ദേഹം മാറി, ആവശ്യമുള്ള ആളുകളെ സഹായിക്കാനും അവരുമായി യേശുവിനെ പങ്കിടാനുമുള്ള തന്റെ അഭിനിവേശം അങ്ങനെ നിറവേറ്റി. ഈ സമ്മാനം ലഭിച്ച് ഏകദേശം അറുപത് വര്‍ഷത്തിന് ശേഷം, അദ്ദേഹം ഉപയോഗിച്ചു പഴകിയ ഈ നിഘണ്ടു തന്റെ കൊച്ചുമക്കളുമായി പങ്കിട്ടു. ഇത് അദ്ദേഹത്തെ സംബന്ധിച്ച് തന്റെ ഭാവിക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ സ്‌നേഹപൂര്‍വമായ നിക്ഷേപത്തിന്റെ പ്രതീകമായി മാറി. അദ്ദേഹം ഇപ്പോഴും അതിനെ അമൂല്യമായി കണക്കാക്കുന്നു. എന്നാല്‍ ദൈവത്തെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചും പഠിപ്പിച്ചുകൊണ്ട് തന്റെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ നടത്തിയ ദൈനംദിന നിക്ഷേപത്തിന് അദ്ദേഹം കൂടുതല്‍ നന്ദിയുള്ളവനാണ്.

കുട്ടികളുമായി തിരുവെഴുത്തിലെ വാക്കുകള്‍ പങ്കിടാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തനം 11 സംസാരിക്കുന്നു: 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കള്‍ക്ക് അവയെ ഉപദേശിച്ചു കൊടുക്കണം' (വാ. 19).

ഈ കുട്ടിയെ സംബന്ധിച്ചിടത്തോളം, അവന്‍ ബാലനായിരുന്നപ്പോള്‍ അവനില്‍ നട്ടുവളര്‍ത്തിയ നിത്യമായ മൂല്യങ്ങള്‍ തന്റെ രക്ഷകനുവേണ്ടിയുള്ള ആജീവനാന്ത സേവനമായി തളിര്‍ത്തു പൂത്തു. ഒരാളുടെ ആത്മീയ വളര്‍ച്ചയ്ക്കുള്ള നമ്മുടെ നിക്ഷേപം ദൈവിക സഹായത്താല്‍ എത്രത്തോളം ഫലം പുറപ്പെടുവിക്കുമെന്ന് ആരറിയുന്നു.

ചെറിയ മത്സ്യം

വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന ഒരു ദമ്പതികള്‍ അവരുടെ പട്ടണത്തിലെ ഒരു മനുഷ്യനുമായി ശക്തമായ സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കുകയും യേശുവിന്റെ സ്‌നേഹവും രക്ഷയുടെ കഥയും പലതവണ അദ്ദേഹവുമായി പങ്കുവയ്്ക്കുകയും ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ''വലിയ സത്യം'' ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും ആയുസ്പര്യന്തം മറ്റൊരു മതത്തോടുള്ള വിശ്വസ്തത ഉപേക്ഷിക്കാന്‍ അദ്ദേഹം വിമുഖത കാണിച്ചു. അദ്ദേഹത്തിന്റെ ആശങ്ക ഒരു പരിധിവരെ സാമ്പത്തികത്തെ ആശ്രയിച്ചുള്ളതായിരുന്നു. അദ്ദേഹം തന്റെ വിശ്വാസത്തിലെ ഒരു നേതാവും തനിക്കു ലഭിച്ചിരുന്ന പണത്തില്‍ ആശ്രയിച്ചു ജീവിച്ചിരുന്ന ആളുമായിരുന്നു. തന്റെ സമുദായത്തിലെ ആളുകള്‍ക്കിടയില്‍ തന്റെ പ്രശസ്തി നഷ്ടപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു.

സങ്കടത്തോടെ അദ്ദേഹം വിശദീകരിച്ചു, ''ഒരു അരുവിയില്‍ നിന്നു കൈകൊണ്ട് മീന്‍ പിടിക്കുന്ന ഒരാളെപ്പോലെയാണ് ഞാന്‍. ഒരു കൈയില്‍ ഞാന്‍ ഒരു ചെറിയ മത്സ്യത്തെ പിടിച്ചു, പക്ഷേ ഒരു വലിയ മത്സ്യം നീന്തുകയാണ്. വലിയ മത്സ്യത്തെ പിടിക്കണമെങ്കില്‍, ചെറിയതിന ഞാന്‍ ഉപേക്ഷിക്കണം!'

മത്തായി 19-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ധനികനായ യുവ ഭരണാധികാരിക്ക് സമാനമായ പ്രശ്നമുണ്ടായിരുന്നു. യേശുവിനെ സമീപിച്ച് അവന്‍ ചോദിച്ചു, ''ഗുരോ, നിത്യജീവനെ പ്രാപിക്കുവാന്‍ ഞാന്‍ എന്തു നന്മ ചെയ്യണം?'' (വാ. 16). അവന്‍ ആത്മാര്‍ത്ഥമായിട്ടാണ് ചോദിച്ചതെന്നു തോന്നും, പക്ഷേ തന്റെ ജീവിതം പൂര്‍ണ്ണമായും യേശുവിനു സമര്‍പ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല. പണത്തില്‍ മാത്രമല്ല, കല്പന അനുസരിക്കുന്നവന്‍ എന്ന് അഭിമാനിക്കുന്ന കാര്യത്തിലും അവന്‍ സമ്പന്നനായിരുന്നു. അവന്‍ നിത്യജീവന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, അവന്‍ അതിലുപരിയായി മറ്റു പലതിനെയും സ്‌നേഹിക്കുകയും ക്രിസ്തുവിന്റെ വാക്കുകള്‍ നിരസിക്കുകയും ചെയ്തു.

താഴ്മയോടെ നമ്മുടെ ജീവിതം യേശുവിനു സമര്‍പ്പിക്കുകയും അവന്റെ രക്ഷാദാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍, ''വന്ന്, എന്നെ അനുഗമിക്കുക'' എന്ന് അവന്‍ നമ്മെ വിളിക്കുന്നു (വാ. 21).

നിരന്തരമായ സ്‌നേഹം

അതികഠിനമായ ചൂടുള്ള ഒരു വിദേശരാജ്യത്തെ ജോലിക്കുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു കുടുംബം അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് മാസങ്ങളോളം പാര്‍ത്തു - അതു ശീതകാലമായിരുന്നു. അവരുടെ പത്തു മക്കളില്‍ മിക്കവരും മഞ്ഞിന്റെ പ്രകൃതി ഭംഗി കാണുന്നത് ഇതാദ്യമായിട്ടായിരുന്നു.

എന്നാല്‍ ഇവിടെ ശൈത്യകാലത്തെ അതിജീവിക്കാന്‍ കോട്ട്, കൈയ്യുറ, ബൂട്ട് ഉള്‍പ്പെടെ ധാരാളം ചൂടുവസ്ത്രങ്ങള്‍ ആവശ്യമാണ്. ഒരു വലിയ കുടുംബത്തെ സംബന്ധിച്ചിടത്തോളം, കഠിനമായ ശൈത്യകാലത്തെ അതിജീവിക്കുന്നതിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങുക എന്നത് വളരെ ചെലവേറിയ കാര്യമാണ്. എന്നാല്‍ ദൈവം അവര്‍ക്കുവേണ്ടി കരുതി. ആദ്യം, ഒരു അയല്‍ക്കാരന്‍ പാദരക്ഷകളും പിന്നീട് മഞ്ഞു പാന്റുകളും പിന്നെ തൊപ്പികളും കയ്യുറകളും കൊണ്ടുവന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും പന്ത്രണ്ട് വലുപ്പത്തിലുള്ള പലതരം ചൂടു വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ ഒരു സുഹൃത്ത് അവളുടെ സഭയിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു. മഞ്ഞുകാലം എത്തുമ്പോഴേക്കും കുടുംബത്തിന് ആവശ്യമുള്ളതെല്ലാം കൃത്യമായി ലഭിച്ചിരുന്നു.

ദൈവത്തെ സേവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നതാണ്. നമ്മുടെ സ്വന്തം സമ്പത്തിന്റെ സമൃദ്ധിയില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കാന്‍ 1 യോഹന്നാന്‍ 3:16-18 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശു ചെയ്തതുപോലെ ആളുകളെ സ്‌നേഹിക്കാനും കാണാനും നാം തുടങ്ങുമ്പോള്‍ യേശുവിനെപ്പോലെയാകാന്‍ സേവനം നമ്മെ സഹായിക്കുന്നു.

ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതിനും ദൈവം പലപ്പോഴും തന്റെ മക്കളെ ഉപയോഗിക്കുന്നു. നാം മറ്റുള്ളവരെ സേവിക്കുമ്പോള്‍ അവരെ നാം പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നമ്മുടെ തന്നെ ഹൃദയം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി, ദൈവം പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സേവനത്തിനായി നമ്മെ സജ്ജരാക്കുക വഴി നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു (വാ. 18).

ആളുകള്‍ മറക്കുന്നു

അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരുപാട് ആവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഒരു സ്ത്രീ തന്റെ പാസ്റ്ററോട് പരാതിപ്പെട്ടു. ''താങ്കള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?'' അവള്‍ ചോദിച്ചു. 'ആളുകള്‍ മറക്കുന്നു' പ്രസംഗകന്‍ മറുപടി നല്‍കി.

നമ്മുടെ മറവിക്കു ധാരാളം കാരണങ്ങളുണ്ട് - കാലപ്പഴക്കം, വാര്‍ദ്ധക്യം, അല്ലെങ്കില്‍ വളരെയധികം തിരക്ക്. പാസ്വേഡുകളും ആളുകളുടെ പേരുകളും കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം പോലും നാം മറക്കുന്നു. എന്റെ ഭര്‍ത്താവ് പറയുന്നു, ''എന്റെ തലച്ചോറില്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇത്രത്തോളമേ ഉള്ളൂ. പുതിയ എന്തെങ്കിലും ഓര്‍മ്മിക്കുന്നതിനുമുമ്പ് ഞാന്‍ എന്തെങ്കിലും മായിച്ചുകളയണം.'

പ്രസംഗകന്‍ പറഞ്ഞത് ശരിയായിരുന്നു. ആളുകള്‍ മറക്കുന്നു. അതിനാല്‍ ദൈവം നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് നമുക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. യിസ്രായേല്യര്‍ക്കും സമാനമായ ഒരു പ്രവണത ഉണ്ടായിരുന്നു. അവര്‍ കണ്ട നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവരോടുള്ള അവിടുത്തെ കരുതലിനെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. ആവര്‍ത്തനം 8-ല്‍, യിസ്രായേല്യരെ അവിടുന്ന് മരുഭൂമിയില്‍ വെച്ച് വിശപ്പ് അനുഭവിക്കാന്‍ അനുവദിച്ചതും, പക്ഷേ എന്നിട്ട് എല്ലാ ദിവസവും അവര്‍ക്ക് അതിശയകരമായ ഒരു സൂപ്പര്‍ഫുഡ് - മന്ന - നല്‍കിയതും ദൈവം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും പഴകിപ്പോകാത്ത വസ്ത്രങ്ങള്‍ അവന്‍ അവര്‍ക്കു വിതരണം ചെയ്തു. പാമ്പുകളും തേളുകളും വിഹരിക്കുന്ന മരുഭൂമിയിലൂടെ അവന്‍ അവരെ നയിക്കുകയും ഒരു പാറയില്‍ നിന്ന് അവര്‍ക്കു വെള്ളം നല്‍കുകയും ചെയ്തു. അവര്‍ ദൈവത്തിന്റെ പരിപാലനത്തിലും കരുതലിലും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കിയതിനാല്‍ അവര്‍ താഴ്മ പഠിച്ചു (വാ. 2-4, 15-18).

ദൈവത്തിന്റെ വിശ്വസ്തത ''തലമുറ തലമുറയായി തുടരുന്നു'' (സങ്കീര്‍ത്തനം 100:5). നാം മറന്നുപോകുമ്പോഴെല്ലാം, അവന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയ രീതികളെക്കുറിച്ച് ചിന്തിക്കാം, അത് അവന്റെ നന്മയെയും വിശ്വസ്ത വാഗ്ദാനങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു.

ഉറപ്പും ധൈര്യവും ഉള്ളവന്‍

ഓരോ രാത്രിയും, ബാലനായ കാലേബ് കണ്ണുകള്‍ അടക്കുമ്പോള്‍, ഇരുട്ട് തന്നെ വലയം ചെയ്യുന്നതായി തോന്നിയിരുന്നു. കോസ്റ്റാറിക്കയിലെ മരവീടിന്റെ ഞരക്കം അവന്റെ മുറിയുടെ നിശബ്ദതയെ പതിവായി ഭഞ്ജിച്ചു. മേല്‍ക്കൂരയിലെ വവ്വാലുകള്‍ കൂടുതല്‍ സജീവമായി. അവന്റെ അമ്മ അവന്റെ മുറിയില്‍ ഒരു ലൈറ്റ് രാത്രി മുഴുവനും ഓണാക്കി വെച്ചിരുന്നു, എന്നിട്ടും ആ ബാലന്‍ ഇരുട്ടിനെ ഭയപ്പെട്ടു. ഒരു രാത്രി കാലേബിന്റെ പിതാവ് അവന്റെ കിടക്കയുടെ ചവിട്ടുപടിയില്‍ ഒരു ബൈബിള്‍ വാക്യം ഒട്ടിച്ചുവെച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ''ദൈവമായ യഹോവ ... നിന്നോടുകൂടെ ഉള്ളതുകൊണ്ട്് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്' (യോശുവ 1:9). ഓരോ രാത്രിയും കാലേബ് ആ വാക്കുകള്‍ വായിക്കാന്‍ തുടങ്ങി - അവന്‍ ആ മുറിവിട്ട് കോളേജില്‍ പോകും വരെ അതു തുടര്‍ന്നു.

മോശെ മരിച്ചതിനുശേഷം നേതൃത്വം യോശുവയിലേക്കു കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് യോശുവ 1-ല്‍ നാം വായിക്കുന്നു. ''ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക'' എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി യോശുവയോടും യിസ്രായേലിനോടും ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണുന്നു (വാ. 6-7, 9). അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ഭയം അനുഭവപ്പെട്ടു, എന്നാല്‍ ദൈവം അവനെ ഉറപ്പിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല' (വാ. 5).

ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ നിരന്തരമായ ഭയത്തോടെ ജീവിക്കുന്നത് നമ്മുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിന് ഹാനികരമാണ്. പുരാതന കാലത്തെ തന്റെ ദാസന്മാരെ ദൈവം പ്രോത്സാഹിപ്പിച്ചതുപോലെ, എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നവന്‍ നിമിത്തം നമുക്കും ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാം.

ദൂരേക്ക് അലഞ്ഞുപോകുക

ഒരു കന്നുകാലി ഫാമിന്റെ അടുത്തു പാര്‍ത്തിരുന്ന ഹാസ്യനടനായ മൈക്കിള്‍, മേച്ചലിനിടയില്‍ കൂട്ടംതെറ്റി അലഞ്ഞുതിരിയാനുള്ള പശുക്കളുടെ പ്രവണത ശ്രദ്ധിച്ചിരുന്നു. ഒരു പശു എല്ലായ്‌പ്പോഴും കൂടുതല്‍ ''പച്ചയായ മേച്ചില്‍പ്പുറങ്ങള്‍'' തേടി നീങ്ങിക്കൊണ്ടിരിക്കും. പറമ്പിന്റെ അരികിലെത്തിയ പശു ഒരു മരത്തിന്റെ കീഴെ തഴച്ചുവളരുന്ന കുറെ പുല്ല് കണ്ടെത്തിയേക്കാം. ആ വേലിയുടെ തകര്‍ന്ന ഭാഗത്തിനപ്പുറത്ത് ഒരു കൂട്ടം രുചികരമായ സസ്യജാലം കാണും. അപ്പോള്‍ പശു വേലിക്ക് അപ്പുറത്തേക്ക് ചാടിയിറങ്ങി റോഡിലെത്തും. അത് പതുക്കെപ്പതുക്കെ നടന്ന് കാണാതെപോകുന്ന അവസ്ഥയിലെത്തും.

അലഞ്ഞുതിരിയല്‍ പ്രശ്നത്തില്‍ പശുക്കള്‍ തനിച്ചല്ല. ആടുകളും അലഞ്ഞുനടക്കുന്നു, വഴിതെറ്റുന്ന കാര്യത്തില്‍ ഏറ്റവും വലിയ പ്രവണത മനുഷ്യര്‍ക്കാണ്.

ഒരുപക്ഷേ അതായിരിക്കാം ബൈബിളില്‍ ദൈവം നമ്മെ ആടുകളുമായി താരതമ്യപ്പെടുത്തുന്നതിന്റെ ഒരു കാരണം. അശ്രദ്ധമായ വിട്ടുവീഴ്ചകളിലൂടെയും മണ്ടന്‍ തീരുമാനങ്ങളിലൂടെയും സത്യത്തില്‍ നിന്ന് എത്ര ദൂരേക്കാണ് നാം വഴിതെറ്റിപ്പോയിരിക്കുന്നത് എന്നു മനസ്സിലാക്കാതെ നാം ഇഞ്ചിഞ്ചായി ദൈവത്തില്‍നിന്ന് അകന്നകന്നു പോകുന്നു.

നഷ്ടപ്പെട്ട ഒരു ആടിന്റെ കഥ യേശു പരീശന്മാരോടു പറഞ്ഞു. ഇടയനെ സംബന്ധിച്ചിടത്തോളം ആടിന് അത്രയേറെ മൂല്യമുണ്ടായിരുന്നതിനാല്‍ മറ്റ് ആടുകളെ ഉപേക്ഷിച്ചിട്ട് അലഞ്ഞുതിരിഞ്ഞ ഒന്നിനെ തിരഞ്ഞുപോയി. വഴിതെറ്റിപ്പോയതിനെ കണ്ടെത്തിയപ്പോള്‍ അവന്‍ ആഘോഷിച്ചു! (ലൂക്കൊസ് 15:1-7).

തന്നിലേക്ക് മടങ്ങിവരുന്നവരെ സംബന്ധിച്ച് ദൈവത്തിന്റെ സന്തോഷം ഇതാണ്. യേശു പറഞ്ഞു, ''കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിക്കുവിന്‍'' (വാ. 6). നമ്മെ രക്ഷിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ദൈവം ഒരു രക്ഷകനെ അയച്ചിട്ടുണ്ട്.

പോകാനനുവദിക്കുക

''നിങ്ങളുടെ പിതാവ് ക്രിയാത്മകമായി മരിച്ചുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന നഴ്‌സ് പറഞ്ഞു. ''ക്രിയാത്മകമായി മരിക്കുക'' എന്നത് മരിക്കുന്ന പ്രക്രിയയുടെ അവസാന ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്, ഇത് എനിക്ക് ഒരു പുതിയ പദമായിരുന്നു. അത് ഏകാന്തമായ വണ്‍വേ റോഡിലൂടെ തനിയെ യാത്ര ചെയ്യുന്നത് പോലെ വിചിത്രമായി തോന്നി. എന്റെ അച്ഛന്റെ അവസാന ദിവസം, അദ്ദേഹത്തിന് ഇപ്പോഴും ഞങ്ങളെ കേള്‍ക്കാന്‍ കഴിയുമോ എന്ന് അറിയാതെ, ഞാനും ചേച്ചിയും അടുത്ത് കട്ടിലില്‍ ഇരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ മൊട്ടത്തലയില്‍ ഞങ്ങള്‍ ചുംബിച്ചു. ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോടു മന്ത്രിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന് ഒരു ഗാനം ആലപിക്കുകയും 23-ാം സങ്കീര്‍ത്തനം ഉദ്ധരിക്കുകയും ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്നും ഞങ്ങളുടെ ഡാഡി ആയിരിക്കുന്നതിന് നന്ദിയുണ്ടെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം യേശുവിനോടു ചേരുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹത്തിന് പോകാമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ആ വാക്കുകള്‍ പറയുന്നത് പോകാനനുവദിക്കുന്നതിന്റെ വേദനാജനകമായ ആദ്യപടിയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുശേഷം ഞങ്ങളുടെ ഡാഡി സന്തോഷപൂര്‍വ്വം തന്റെ നിത്യഭവനത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു.

പ്രിയപ്പെട്ട ഒരാളുടെ അവസാന വിടപറയല്‍ വേദനാജനകമാണ്. തന്റെ നല്ല സുഹൃത്തായ ലാസര്‍ മരിച്ചപ്പോള്‍ യേശുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി (യോഹന്നാന്‍ 11:35). എന്നാല്‍ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ ഉള്ളതിനാല്‍ ശാരീരിക മരണത്തിനപ്പുറം നമുക്ക് പ്രത്യാശയുണ്ട്. സങ്കീര്‍ത്തനം 116:15 പറയുന്നു, ദൈവത്തിന്റെ ''ഭക്തന്മാരുടെ'' - അവന്റെ വകയായിട്ടുള്ളവര്‍ - 'മരണം' അവനു വിലപ്പെട്ടതാണ്. അവര്‍ മരിക്കുന്നുവെങ്കിലും അവര്‍ വീണ്ടും ജീവിക്കും.

യേശു വാഗ്ദാനം ചെയ്യുന്നു, ''ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന്‍ 11:25-26). നാം എന്നേക്കും ദൈവസന്നിധിയില്‍ ആയിരിക്കും എന്നറിയുന്നത് എന്ത് ആശ്വാസമാണ് നല്‍കുന്നത്!

ഇഷ്ടപുത്രന്‍

എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ ഏകദേശം 2000 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ നര്‍മ്മബോധവും ദയയുള്ള ഹൃദയവും കാരണം അദ്ദേഹം എല്ലായ്‌പ്പോഴും കുടുംബത്തിലെ പ്രിയപ്പെട്ട അംഗമാണ്. എന്നിരുന്നാലും, അമ്മയുടെ കണ്ണുകളില്‍ അദ്ദേഹത്തിനുള്ള പ്രിയപ്പെട്ട പദവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ നല്ല അര്‍ത്ഥത്തില്‍ തമാശ പറയുന്നത് ഞാന്‍ ഓര്‍ക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ്, ''ഞാന്‍ അമ്മയുടെ പ്രിയപ്പെട്ടവന്‍'' എന്നെഴുതിയ ഒരു ടീ-ഷര്‍ട്ട് അവര്‍ അദ്ദേഹത്തിനു സമ്മാനിക്കുകപോലുമുണ്ടായി. സഹോദരങ്ങളുടെ ഇത്തരത്തിലുള്ള ബാലിശത നാമെല്ലാവരും ആസ്വദിക്കുന്നു എന്നതു ശരിയാണെങ്കിലും യഥാര്‍ത്ഥ പക്ഷപാതം തമാശയല്ല.

ഉല്പത്തി 37-ല്‍, യോസേഫിന് ഒരു ബഹുവര്‍ണ്ണ അങ്കി ഉണ്ടാക്കിക്കൊടുത്ത യാക്കോബിനെക്കുറിച്ച് നാം വായിക്കുന്നു - യോസേഫ് പ്രത്യേകതയുള്ളവനാണെന്ന് മറ്റു മക്കള്‍ക്കു സൂചന നല്‍കുന്നതായിരുന്നു അത് (വാ. 3). ''യോസഫ് എന്റെ പ്രിയപ്പെട്ട മകനാണ്'' എന്നാണ് കോട്ടിന്റെ സന്ദേശം വിളിച്ചുപറഞ്ഞത്.

പക്ഷപാതം പ്രകടിപ്പിക്കുന്നത് ഒരു കുടുംബം ദുര്‍ബലമാകുവാന്‍ കാരണമാകാം. യാക്കോബിന്റെ മാതാവായ റിബേക്ക തന്റെ മകന്‍ ഏശാവിനെക്കാള്‍ അധികം അവനെ അനുകൂലിച്ചത്്, രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള കലഹത്തിലേക്ക് നയിച്ചു (25:28). യാക്കോബ് ഭാര്യ ലേയയെക്കാള്‍ ഭാര്യ റാഹേലിനോടു (യോേസഫിന്റെ അമ്മ) പക്ഷപാതം കാണിച്ചതുകൊണ്ട് വിയോജിപ്പും ഹൃദയവേദനയും ഭവനത്തില്‍ നിലനിന്നു (29: 30-31). യോസേഫിന്റെ സഹോദരന്മാര്‍ക്ക് ഇളയ സഹോദരനെ പുച്ഛിക്കാനും കൊലപാതകത്തിന് ഗൂഢാലോചന നടത്താനുമുള്ള അനാരോഗ്യകരമായ അടിത്തറയായിരുന്നു ഈ മാതൃക എന്നതില്‍ സംശയമില്ല (37:18).

നമ്മുടെ ബന്ധങ്ങളുടെ കാര്യം വരുമ്പോള്‍, വസ്തുനിഷ്ഠമായി പെരുമാറുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം. എന്നാല്‍ നമ്മുടെ ലക്ഷ്യം എല്ലാവരോടും പക്ഷപാതരഹിതമായി പെരുമാറുക, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ സ്‌നേഹിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തിയെയും സ്‌നേഹിക്കുക എന്നതായിരിക്കണം (യോഹന്നാന്‍ 13:34).