സംരക്ഷിക്കപ്പെട്ടത്
കൃഷിക്കായി ഞാന്‍ നിലം ഒരുക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു വലിയ ചുവട് ശൈത്യകാല കള ഞാന്‍ പിഴുതു മാറ്റി. . . എന്നിട്ട് ആകാശത്തേക്കു വലിച്ചെറിഞ്ഞു! എന്റെ കൈക്കു തൊട്ടുതാഴെയായി ഒരു വിഷപ്പാമ്പ് ചെടിയുടെ ചുവട്ടില്‍ ഒളിച്ചിരിക്കുന്നു-ഒരു ഇഞ്ച് താഴെ! ഞാന്‍ അതിനെ അബദ്ധത്തില്‍ പിടിക്കുമായിരുന്നു. ഞാന്‍ ചെടി ഉയര്‍ത്തിയ ഉടനെ അതിന്റെ നിറമുള്ള വലയങ്ങള്‍ കണ്ടു; അതിന്റെ ബാക്കിഭാഗം എന്റെ കാലുകള്‍ക്കിടയിലെ കളകളില്‍ ചുറ്റിയിരുന്നു.
ഏതാനും അടി അകലേക്ക് ഞാന്‍ എടുത്തു ചാടിയപ്പോള്‍, അതെന്നെ കടിക്കാത്തതിനു ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവിടെ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത അപകടങ്ങളില്‍നിന്ന് ദൈവം എന്നെ എത്ര തവണ സൂക്ഷിച്ചുവെന്നു ഞാന്‍ ചിന്തിച്ചു.
ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പ് മോശെ യിസ്രായേല്‍ മക്കളോടു പറഞ്ഞു, 'യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്' (ആവര്‍ത്തനം 31:8). അവര്‍ക്ക് ദൈവത്തെ കാണാന്‍ കഴിയുമായിരുന്നില്ല, എന്നിരുന്നാലും ദൈവം അവരോടൊപ്പമുണ്ടായിരുന്നു.
ചിലപ്പോള്‍ നമുക്കു മനസ്സിലാകാത്ത വിഷമകരമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നാം അറിയാതെ തന്നെ ദൈവം എത്ര തവണ നമ്മെ സംരക്ഷിച്ചുവെന്നതിനെക്കുറിച്ചും നമുക്കു ചിന്തിക്കാനാകും!
അവിടുത്തെ സമ്പൂര്‍ണ്ണവും കരുതലോടെയുമുള്ള പരിചരണം എല്ലാ ദിവസവും അവിടുത്തെ ജനങ്ങളുടെ മേല്‍ നിലനില്‍ക്കുന്നുവെന്ന് തിരുവെഴുത്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28:20).
ഒരു അനുഗ്രഹത്തിനായി കാത്തിരിക്കുന്നു
ബാങ്കോക്കിലെ ഒരു ജനപ്രിയ റെസ്‌റ്റോറന്റ്, നാല്‍പ്പത്തിയഞ്ച് വര്‍ഷമായി പാകപ്പെടുത്തക്കൊണ്ടിരിക്കുന്ന ഒരു സൂപ്പില്‍ നിന്ന് ആളുകള്‍ക്കു വിളമ്പിക്കൊണ്ടിരിക്കുന്നു, ഒപ്പം ഓരോ ദിവസവും പാത്രത്തിലേക്ക്് അല്‍പ്പം ചേരുവകള്‍ നിറയ്ക്കുകയും ചെയ്യുന്നു. 'ശാശ്വത സൂപ്പ്'' എന്ന് വിളിക്കപ്പെടുന്ന ഈ രീതി മധ്യകാലഘട്ടത്തിലേതാണ്. ഭക്ഷണത്തിന്റെ ചില 'ശേഷിപ്പുകള്‍' കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നല്ല രുചിയുള്ളതായി തോന്നാറുള്ളതുപോലെ, നീണ്ടകാലത്തെ പാചക സമയത്തില്‍ ചേരുവകള്‍ കൂടിച്ചേര്‍ന്ന് അതുല്യമായ രുചികള്‍ സൃഷ്ടിക്കുന്നു. തായ്‌ലന്‍ഡിലെ ഏറ്റവും രുചികരമായ സൂപ്പിനുള്ള ഒന്നിലധികം അവാര്‍ഡുകള്‍ ആ റസ്റ്റോറന്റ് കരസ്ഥമാക്കി.
നല്ല കാര്യങ്ങള്‍ക്ക് പലപ്പോഴും സമയമെടുക്കും, പക്ഷേ നമ്മുടെ മനുഷ്യ സ്വഭാവം ക്ഷമയില്ലാത്തതാണ്. 'എത്രത്തോളം?'' എന്ന ചോദ്യം ബൈബിളിലുടനീളം കാണുന്നു. ഹബക്കൂക്ക് പ്രവാചകന്‍ തന്റെ പുസ്തകം ആരംഭിക്കുന്ന 'യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കുകയും നീ കേള്‍ക്കാതിരിക്കുകയും ചെയ്യും?' (ഹബക്കൂക്ക് 1:2) എന്ന ചോദ്യം ഇതിനു നല്ല ഉദാഹരണമാണ്. ക്രൂരന്മാരായ ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലൂടെ ദൈവം തന്റെ രാജ്യത്തിന്മേല്‍ (യെഹൂദ) വരുത്താനിരിക്കുന്ന ന്യാവിധിയെക്കുറിച്ചു പ്രവചിച്ച ഹബക്കൂക്ക് (അവന്റെ പേരിന്റെ അര്‍ത്ഥം 'മല്‍പ്പിടുത്തക്കാരന്‍' എന്നാണ്), ചൂഷകരായ ആളുകള്‍ അഭിവൃദ്ധിപ്പെടാന്‍ ദൈവം അനുവദിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു മുമ്പില്‍ വളരെ പോരാട്ടം സഹിച്ചു. എന്നാല്‍ ദൈവം തക്കസമയത്ത് പ്രത്യാശയും പുനഃസ്ഥാപനവും വാഗ്ദാനം ചെയ്തു: 'ദര്‍ശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു ... അതു വൈകിയാലും അതിനായി കാത്തിരിക്കുക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല' (2:3).
ബാബിലോന്യ പ്രവാസം എഴുപതു വര്‍ഷം നീണ്ടുനിന്നു. മനുഷ്യന്റെ കണക്കില്‍ അത് വളരെ നീണ്ട കാലമാണ്, എന്നാല്‍ ദൈവം എല്ലായ്‌പ്പോഴും തന്റെ വചനത്തോട് വിശ്വസ്തനും സത്യവാനുമാണ്.
ദൈവത്തിന്റെ ഏറ്റവും മികച്ച അനുഗ്രഹങ്ങളില്‍ ചിലത് വരാന്‍ വളരെക്കാലമെടുത്തേക്കാം. അതു താമസിക്കുന്നുണ്ടെങ്കിലും, അവനെ കാത്തിരിക്കുക. അവന്‍ എല്ലാ അനുഗ്രഹങ്ങളെയും തികഞ്ഞ ജ്ഞാനത്തോടും കരുതലോടും കൂടി തയ്യാറാക്കുന്നു - അവനെ കാത്തിരിക്കുന്നത് എല്ലായ്‌പ്പോഴും അനുഗ്രഹദായകമാണ്.
ദൈവത്തിന്റെ കാല്‍പ്പാടുകള്‍
''ദൈവം എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കറിയാം,'' ഞങ്ങളുടെ നാലുവയസ്സുള്ള കൊച്ചുമകന്‍എന്റെ ഭാര്യ കാരിയോട് പറഞ്ഞു. 'അത് എവിടെയാണ്?'' അവള്‍ വര്‍ദ്ധിച്ച ജിജ്ഞാസയോടെ ചോദിച്ചു. ''നിങ്ങളുടെ വീടിനടുത്തുള്ള കാട്ടിലാണ് ദൈവം താമസിക്കുന്നത്,'' അവന്‍ മറുപടി പറഞ്ഞു.
അവരുടെ സംഭാഷണത്തെക്കുറിച്ച് കാരി എന്നോട് പറഞ്ഞപ്പോള്‍, അവന്റെ ചിന്തയെ പ്രേരിപ്പിച്ചതെന്താണെന്ന് അവള്‍ അത്ഭുതപ്പെട്ടു. ''എനിക്കറിയാം,'' ഞാന്‍ പ്രതിവചിച്ചു. ''അവന്‍ കഴിഞ്ഞ പ്രാവശ്യം നമ്മളെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ കാട്ടില്‍ നടക്കാന്‍ പോയിരുന്നു. ഞാന്‍ അവനോട് പറഞ്ഞു, 'നമുക്ക് ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും, അവന്‍ ചെയ്ത കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.'' ''ഞാന്‍ ഉണ്ടാക്കുന്ന കാല്‍പ്പാടുകള്‍ നീ കാണുന്നുണ്ടോ?'' ഞങ്ങള്‍ നദിക്കരയിലെ മണല്‍പ്പരപ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ എന്റെ കൊച്ചുമകനോട് ചോദിച്ചു. ''മൃഗങ്ങളും വൃക്ഷങ്ങളും നദിയും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പോലെയാണ്. അവന്‍ ഇവിടെ ഉണ്ടായിരുന്നതായി നമുക്കറിയാം, കാരണം അവന്‍ സൃഷ്ടിച്ച കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.'
104-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് സൃഷ്ടിയില്‍ ദൈവത്തിനുള്ള തെളിവുകള്‍ ചൂണ്ടിക്കാണിച്ചു, ''യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു' (വാ. 24). ഇവിടെ കാണുന്ന ജ്ഞാനത്തിനുള്ള എബ്രായ പദം, സമര്‍ത്ഥമായ കരകൗശലത്തെ വിവരിക്കാന്‍ ബൈബിളില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ്. പ്രകൃതിയിലെ ദൈവത്തിന്റെ കരകൗശലം അവന്റെ സാന്നിധ്യത്തെ പ്രഖ്യാപിക്കുകയും അവനെ സ്തുതിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
104-ാം സങ്കീര്‍ത്തനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ഈ വാക്കുകളോടെയാണ്: ''യഹോവയെ സ്തുതിപ്പിന്‍' (വാ. 1, 35). ഒരു കുഞ്ഞിന്റെ കൈ മുതല്‍ കഴുകന്റെ കണ്ണ് വരെ, നമുക്ക് ചുറ്റുമുള്ള നമ്മുടെ സ്രഷ്ടാവിന്റെ കലാപരമായ കഴിവ് അവന്റെ പൂര്‍ണ്ണമായ അഗാധമായ നൈപുണ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് നമുക്ക് ഇതെല്ലാം അത്ഭുതത്തോടെ കാണുകയും അതിനായി അവനെ സ്തുതിക്കുകയും ചെയ്യാം!
അദൃശ്യമായവരുടെ ദൈവം
'ചിലപ്പോള്‍ ഞാന്‍ അദൃശ്യനാണെന്ന് എനിക്ക് തോന്നും. എന്നിരുന്നാലും ദൈവം എന്നെ ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'
ഞങ്ങള്‍ ഒരു സംഭാഷണം ആരംഭിക്കുമ്പോള്‍, ഞാന്‍ സന്ദര്‍ശിക്കുന്ന ഹോട്ടലിലെ വ്യായാമ മുറി ആന്‍ വൃത്തിയാക്കുകയായിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍, അവള്‍ക്ക് അതിശയകരമായ ഒരു കഥയുണ്ടെന്ന് ഞാന്‍ കണ്ടെത്തി.
''ഞാന്‍ തെരുവുകളില്‍ താമസിക്കുന്ന ഒരു മയക്കുമരുന്ന് അടിമയും വേശ്യയുമായിരുന്നു,'' അവള്‍ പറഞ്ഞു. ''പക്ഷേ, എന്റെ സിഗരറ്റ് താഴെയിട്ടിട്ട് അവനോടൊപ്പം നടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഞാന്‍ യേശുവിന്റെ കാല്‍ക്കല്‍ മുട്ടുകുത്തി, അവന്‍ എന്നെ സ്വതന്ത്രയാക്കി.'
ദൈവം അവള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ ആനിന് നന്ദി പറഞ്ഞു, അവള്‍ അദൃശ്യയല്ലെന്ന് ഞാന്‍ അവള്‍ക്ക് ഉറപ്പുനല്‍കി - ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള അവന്റെ ശക്തിയെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കാന്‍ അവന്‍ അവളെ ഞങ്ങളുടെ സംഭാഷണത്തില്‍ മനോഹരമായ രീതിയില്‍ ഉപയോഗിച്ചു.
മറ്റുള്ളവര്‍ അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. അപ്പൊസ്തലനായ അന്ത്രയൊസ് തന്റെ സഹോദരന്‍ പത്രൊസിനെപ്പോലെ അറിയപ്പെടുന്ന ആളായിരുന്നില്ല, എന്നാല്‍ ''അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട്് അവനോട്: ഞങ്ങള്‍ മശീഹയെ ... കെണ്ടത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു' (യോഹന്നാന്‍ 1:41-42).
പത്രൊസ് അന്ത്രയൊസിലൂടെ യേശുവിനെ കണ്ടുമുട്ടി. യോഹന്നാന്‍ സ്‌നാപകന്റെ ശിഷ്യന്മാരില്‍ ഒരാളായ അന്ത്രയൊസ് യോഹന്നാനില്‍ നിന്ന് യേശുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, യേശുവിനെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്തു - ഉടനെ ചെന്നു തന്റെ സഹോദരനോട് പറഞ്ഞു. അന്ത്രയൊസിന്റെ ശാന്തമായ വിശ്വസ്തത ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു സ്വാധീനം ചെലുത്തി.
പ്രശസ്തിയെക്കാളുപരി വിശ്വസ്തസേവനത്തെ ദൈവം വിലമതിക്കുന്നു. നമ്മള്‍ എവിടെയായിരുന്നാലും അവന് നമ്മെ ശക്തമായി ഉപയോഗിക്കാന്‍ കഴിയും - ആരും നോക്കാത്തപ്പോള്‍ പോലും.
സമാധാനം പൊട്ടിപ്പുറപ്പെടുമ്പോള്‍
1914 ല്‍ ബെല്‍ജിയത്തിലെ ഒരു തണുത്ത ക്രിസ്തുമസ് രാവില്‍, പട്ടാളക്കാര്‍ ഒളിച്ചിരിക്കുന്ന ട്രെഞ്ചുകളില്‍നിന്ന് ഗാനങ്ങള്‍ ആലപിക്കുന്ന ശബ്ദം ഉയര്‍ന്നു. ''സൈലന്റ് നൈറ്റ്'' ന്റെ വരികള്‍ ജര്‍മ്മന്‍ ഭാഷയിലും തുടര്‍ന്ന് ഇംഗ്ലീഷിലും മുഴങ്ങി. കഴിഞ്ഞ പകലില്‍ പരസ്പരം വെടിയുതിര്‍ത്തുകൊണ്ടിരുന്ന സൈനികര്‍ ആയുധങ്ങള്‍ താഴെവെച്ച് അവരുടെ ട്രെഞ്ചുകളില്‍നിന്നു കയറി അവര്‍ക്കിടയിലുള്ള ''നോമാന്‍സ് ലാന്‍ഡില്‍'' വെച്ച് ഹസ്തദാനം നല്‍കുകയും ക്രിസ്തുമസ് ആശംസകളും തങ്ങളുടെ റേഷനില്‍ നിന്ന് സ്വമേധയാ സമ്മാനങ്ങളും കൈമാറി. സൈനികര്‍ സംസാരിക്കുകയും ചിരിക്കുകയും ഒരുമിച്ച് സോക്കര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ അടുത്ത ദിവസവും വെടിനിര്‍ത്തല്‍ തുടര്‍ന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയില്‍ 1914 ല്‍ നടന്ന ക്രിസ്തുമസ് വെടിനിര്‍ത്തല്‍, വളരെക്കാലം മുമ്പ് ആദ്യത്തെ ക്രിസ്തുമസ് രാവില്‍ ദൂതന്മാര്‍ പ്രഖ്യാപിച്ച സമാധാനത്തിന്റെ ഒരു ഹ്രസ്വകാഴ്ച നല്‍കി. പേടിച്ചരണ്ട ഇടയന്മാരോട് ഒരു ദൂതന്‍ ഈ ആശ്വാസകരമായ വാക്കുകള്‍ പറഞ്ഞു: ''ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു' (ലൂക്കൊസ് 2:10-11). അപ്പോള്‍ ഒരു കൂട്ടം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു, അവര്‍ ''ദൂതനോട് ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം' എന്ന് പറയുകയും ചെയ്തു (വാ. 13-14).
നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന ''സമാധാന പ്രഭു'' ആണ് യേശു (യെശയ്യാവ് 9:6). ക്രൂശിലെ തന്റെ ത്യാഗത്തിലൂടെ അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ പാപമോചനവും ദൈവത്തോട് സമാധാനവും നല്‍കുന്നു.
ക്രിസ്തുമസ് സാന്നിധ്യം
''ഈ പാപലോകത്തില്‍ അവന്റെ വരവിനെക്കുറിച്ച് ഒരു കാതും കേട്ടെന്നു വരില്ല, എന്നിട്ടും പ്രിയ ക്രിസ്തു പ്രവേശിക്കുമ്പോള്‍ സൗമ്യതയുള്ള ആത്മാക്കള്‍ അവനെ സ്വീകരിക്കും.' ക്രിസ്തുമസിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന 'ഓ, ലിറ്റില്‍ ടൗണ്‍ ഓഫ് ബെത്‌ലഹേം' എന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനത്തിലെ വരികളാണിവ. നമ്മുടെ പാപത്തില്‍ നിന്ന് നമ്മെ വിടുവിക്കാനും അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവവുമായുള്ള പുതിയതും സജീവവുമായ ഒരു ബന്ധം നല്‍കുവാനുമാണ് യേശു നമ്മുടെ തകര്‍ന്ന ലോകത്തിലേക്ക് വന്നത്.
ഈ ഗാനം എഴുതി ദശാബ്ദങ്ങള്‍ക്കു ശേഷം ഒരു സ്‌നേഹിതന് അയച്ച കത്തില്‍ കവി തന്റെ ജീവിതത്തിലെ ഈ ബന്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിശദമായി വിവരിച്ചു: ''ഇത് എന്നില്‍ എത്രത്തോളം വ്യക്തിപരമായി വളരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവന്‍ ഇവിടെയുണ്ട്. അവന്‍ എന്നെ അറിയുന്നു, ഞാന്‍ അവനെ അറിയുന്നു. ഇതൊരു അലങ്കാരപ്രയോഗമല്ല. ഇത് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ കാര്യമാണ്, മാത്രമല്ല എല്ലാ ദിവസവും ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും അത് എന്തിലേക്കാണു വളരുന്നത് എന്നത് ഒരുവന്‍ ആഹ്ലാദത്തോടെ അത്ഭുതപ്പെടുന്നു.'
തന്റെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ശാന്തമായ ഈ ഉറപ്പ് യെശയ്യാവ് പ്രവചിച്ച യേശുവിന്റെ പേരുകളിലൊന്നിനെ പ്രതിഫലിപ്പിക്കുന്നു: ''കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്നു പേ ര്‍ വിളിക്കും'' (യെശയ്യാവ് 7:14). മത്തായിയുടെ സുവിശേഷം ഇമ്മാനുവേല്‍ എന്ന എബ്രായ നാമത്തിന്റെ അര്‍ത്ഥം നല്‍കുന്നു: ''ദൈവം നമ്മോടുകൂടെ'' (1:23).
ദൈവത്തെ നമുക്ക് വ്യക്തിപരമായി അറിയാനും അവനോടൊപ്പം എന്നേക്കും ജീവിക്കാനും കഴിയേണ്ടതിന് യേശുവിലൂടെ ദൈവം നമ്മുടെ അടുത്തേക്കു വന്നു. നമ്മോടൊപ്പമുള്ള അവന്റെ സ്‌നേഹപൂര്‍വ്വമായ സാന്നിധ്യം എല്ലാറ്റിലും വലിയ സമ്മാനമാണ്.
ദൈവം എല്ലാം കേള്‍ക്കുന്നു
ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദീര്‍ഘമായ തപാല്‍ കാലതാമസം 89 വര്‍ഷത്തിന്റേതാണ്. 2008-ല്‍ ഇംഗ്ലണ്ടിലെ ഒരു വീട്ടുടമസ്ഥയ്ക്ക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി 1919-ല്‍ അയച്ച ഒരു ക്ഷണക്കത്ത് ലഭിക്കുകയുണ്ടായി. അവിടെ മുമ്പു പാര്‍ത്തിരുന്ന വ്യക്തിക്കുള്ള ക്ഷണക്കത്തായിരുന്നു അവളുടെ മെയില്‍ബോക്‌സില്‍ വന്നത്. റോയല്‍ മെയില്‍ വഴിയാണ് കത്തു ലഭിച്ചത് എങ്കിലും അതിന്റെ കാലതാമസത്തിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
ആശയവിനിമയത്തിലെ ഏറ്റവും മികച്ച മാനുഷിക ശ്രമങ്ങള്‍ പോലും ചിലപ്പോള്‍ നമ്മെ നിരാശരാക്കുന്നു, എന്നാല്‍ ദൈവം തന്റെ വിശ്വസ്തരായ ആളുകളെ കേള്‍ക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. 1 രാജാക്കന്മാര്‍ 18-ല്‍, പുറജാതി ദൈവമായ ബാലും യഹോവയായ ദൈവവും തമ്മിലുള്ള വ്യത്യാസം ഏലിയാവ് വെളിപ്പെടുത്തി. യഥാര്‍ത്ഥ ദൈവം ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരപ്പരീക്ഷയില്‍, ബാലിന്റെ പ്രവാചകന്മാര്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചശേഷം, ഏലിയാവ് അവരെ പരിഹസിച്ചു: ''ഉറക്കെ വിളിക്കുവിന്‍; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കുകയാകുന്നു; അല്ലെങ്കില്‍
യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തണം' (വാ. 27). തുടര്‍ന്ന് തന്റെ ജനത വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതിനായി യഹോവ ഉത്തരം നല്‍കണമെന്ന് ഏലിയാവ് പ്രാര്‍ത്ഥിച്ചു, ദൈവത്തിന്റെ ശക്തി വ്യക്തമായും പ്രകടമായി.
നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഏലിയാവിന്റേതുപോലെ ഉടനടി ഉത്തരം ലഭിച്ചില്ലെന്നു വന്നേക്കാം, എങ്കിലും ദൈവം അവ കേള്‍ക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം (സങ്കീര്‍ത്തനം 34:17). നമ്മുടെ പ്രാര്‍ത്ഥനകളെ അവന്‍ അമൂല്യമായി വിലമതിക്കുന്നുവെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവ വിലയേറിയ ധൂപവര്‍ഗ്ഗം പോലെ ''സ്വര്‍ണ്ണപാത്രങ്ങളില്‍'' സൂക്ഷിക്കുന്നു (വെളിപ്പാട് 5:8). നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ദൈവം തന്റെ തികഞ്ഞ ജ്ഞാനത്തിലും മാര്‍ഗ്ഗത്തിലും ഉത്തരം നല്‍കും. സ്വര്‍ഗ്ഗത്തില്‍ നഷ്ടപ്പെട്ട കത്തുകള്‍ ഒന്നുമില്ല.
നക്ഷത്രങ്ങള്‍ക്കപ്പുറം ശ്രദ്ധിക്കുക
മൊബൈല്‍ ഫോണുകള്‍, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൈക്രോവേവ് ഓവനുകള്‍ എന്നിവ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കുക. അക്കാരണത്താലാണ് അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലെ ചെറിയ പട്ടണമായ ഗ്രീന്‍ ബാങ്ക് 'അമേരിക്കയിലെ ഏറ്റവും നിശബ്ദമായ പട്ടണം'' എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് നിലകൊള്ളുന്ന ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയുടെ ആസ്ഥാനം കൂടിയാണിത്. ബഹിരാകാശത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള തുടിപ്പുകളും താരാപഥങ്ങളുടെ ചലനങ്ങളും വഴി സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളെ ''കേള്‍ക്കാന്‍'' ദൂരദര്‍ശിനിക്ക് ''നിശബ്ദത'' ആവശ്യമാണ്. ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിയ ഉപരിതല വിസ്തീര്‍ണ്ണമുള്ള ഇത് 13,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള നാഷണല്‍ റേഡിയോ ക്വയറ്റ് സോണിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ദൂരദര്‍ശിനിയുടെ അത്യന്തം ഉന്നതമായ സംവേദനക്ഷമതയെ തകര്‍ക്കാതിരിക്കുന്നതിനാണ് ഇത്രയും വിശാലമായ നിശബ്ദ മേഖല സൃഷ്ടിച്ചിരിക്കുന്നത്.
മനഃപൂര്‍വമായ ഈ നിശബ്ദത ശാസ്ത്രജ്ഞരെ ''ഗോളങ്ങളുടെ സംഗീതം'' കേള്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ ശ്രദ്ധിക്കാന്‍ വേണ്ടത്ര നിശബ്ദമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്‍ മുഖാന്തരം വഴിപിഴച്ചതും അശ്രദ്ധമായതുമായ ഒരു ജനതയോട് ദൈവം ആശയവിനിമയം നടത്തി, ''നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍' (യെശയ്യാവ് 55:3). തന്നെ അന്വേഷിക്കുകയും പാപമോചനത്തിനായി തങ്കലേക്ക് തിരിയുകയും ചെയ്യുന്ന എല്ലാവരോടും ദൈവം തന്റെ വിശ്വസ്ത സ്‌നേഹം വാഗ്ദാനം ചെയ്യുന്നു.
തിരുവെഴുത്തിലും പ്രാര്‍ത്ഥനയിലും ദൈവത്തെ കണ്ടുമുട്ടുന്നതിനായി നമ്മുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ നാം മനഃപൂര്‍വ്വം ദൈവത്തെ ശ്രദ്ധിക്കുന്നു. ദൈവം അകലെയല്ല. നാം അവനുവേണ്ടി സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിലും പിന്നീട് നിത്യതയിലും അവന്‍ നമ്മുടെ മുന്‍ഗണനയായിത്തീരും.
നമ്മുടെ പ്രാര്‍ത്ഥനകളാല്‍ മറ്റുള്ളവരെ സ്‌നേഹിക്കുക
''ആളുകള്‍ ഇപ്പോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ?''
ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ തന്റെ ഭാര്യ എത്തുമ്പോഴെല്ലാം ആ മിഷനറി അവളോടു ചോദിച്ച ആദ്യത്തെ ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ രണ്ടു വര്‍ഷമായി ജയിലില്‍ അടച്ചിരുന്നു. ജയിലിലെ അവസ്ഥയും ശത്രുതയും കാരണം അദ്ദേഹത്തിന്റെ ജീവിതം കൂടെക്കൂടെ അപകടത്തിലായിരുന്നു, ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അദ്ദേഹത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ പ്രാര്‍ത്ഥന നിര്‍ത്തുകയില്ലെന്ന് ഉറപ്പു ലഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു, കാരണം ദൈവം അവരുടെ പ്രാര്‍ത്ഥനകളെ ശക്തമായി ഉപയോഗിക്കുന്നുവെന്ന് മിഷനറി വിശ്വസിച്ചു.
മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ - പ്രത്യേകിച്ച് വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളവ - ഒരു സജീവമായ ദാനമാണ്. തന്റെ മിഷനറി യാത്രയില്‍ താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് കൊരിന്തിലെ വിശ്വാസികള്‍ക്കെഴുതിയപ്പോള്‍ പൗലൊസ് ഇക്കാര്യം വ്യക്തമാക്കി. അവന്‍ ''അത്യന്തം ഭാരപ്പെട്ടു.'' അവന്‍ ''ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നി'' (2 കൊരിന്ത്യര്‍ 1:8). എന്നാല്‍ ദൈവം അവനെ വിടുവിച്ചുവെന്നും അവന്‍ അത് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണം എന്താണെന്നും അവന്‍ അവരോട് പറഞ്ഞു: ''ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ'' (വാ. 10-11 ഊന്നല്‍ ചേര്‍ത്തത്).
തന്റെ ജനത്തിന്റെ ജീവിതത്തില്‍ വലിയ നന്മ ഉളവാക്കാന്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്, കാരണം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സഹായം കരസ്ഥമാക്കാന്‍ നാം അവര്‍ക്കായി വാതില്‍ തുറക്കുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്റെ ശക്തിയില്‍ നാം അവരെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്. അവനെക്കാള്‍ വലിയവനോ വലുതായി സ്‌നേഹിക്കുന്നവനോ മറ്റാരുമില്ല.
ആത്യന്തിക തരംഗം
ആളുകള്‍ ''തരംഗം'' ഇഷ്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിലും സംഗീത കച്ചേരികളിലും, കുറച്ച് ആളുകള്‍ എഴുന്നേറ്റുനിന്ന് കൈകള്‍ ഉയര്‍ത്തി വീശുമ്പോള്‍ ഇതാരംഭിക്കുന്നു. നിമിഷം കഴിഞ്ഞ് അവരുടെ സമീപേ ഇരിക്കുന്നവരും അതുതന്നെ ചെയ്യുന്നു. ഒരു സ്റ്റേഡിയം മുഴുവന്‍ തുടര്‍ച്ചയായി അലയടിക്കുന്ന തരംഗം പോലെ പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത് അവസാനിച്ചുകഴിഞ്ഞാല്‍, അത് ആരംഭിച്ചവര്‍ പുഞ്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു - ഒപ്പം ചലനം തുടരുകയും ചെയ്യുന്നു.
1981-ല്‍ അമേരിക്കയില്‍ നടന്ന ഒരു പ്രൊഫഷണല്‍ കായിക മത്സരത്തിലാണ് തരംഗത്തിന്റെ ആദ്യ സംഭവം രേഖപ്പെടുത്തിയത്. അതു രസകരമായതിനാല്‍ തരംഗത്തില്‍ ചേരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, അത് ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സന്തോഷവും ഒരുമയും സുവിശേഷത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നി - യേശുവിലുള്ള രക്ഷയുടെ സുവിശേഷം എല്ലായിടത്തും വിശ്വാസികളെ സ്തുതിയിലും പ്രത്യാശയിലും ഒന്നിപ്പിക്കുന്നു. ഈ ''ആത്യന്തിക തരംഗം'' നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യെരൂശലേമില്‍ ആരംഭിച്ചു. കൊലൊസ്യയിലെ സഭയിലെ അംഗങ്ങള്‍ക്ക് എഴുതിയ പൗലൊസ് ഈ വിധത്തില്‍ അതിനെ വിശദീകരിച്ചു: ''ആ സുവിശേഷം സര്‍വ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു'' (കൊലൊസ്യര്‍ 1:6). ഈ സുവാര്‍ത്തയുടെ സ്വാഭാവിക ഫലം ''സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശയും' 'സകല വിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്‌നേഹവും'' ആണ് (വാ. 5).
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ തരംഗത്തിന്റെ ഭാഗമാണ് നാം. ഇത് തുടരുക! അത് ചെയ്തുകഴിഞ്ഞാല്‍, അത് ആരംഭിച്ചവന്റെ പുഞ്ചിരി നാം കാണും.