”ആളുകള്‍ ഇപ്പോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ?”

ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ തന്റെ ഭാര്യ എത്തുമ്പോഴെല്ലാം ആ മിഷനറി അവളോടു ചോദിച്ച ആദ്യത്തെ ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ രണ്ടു വര്‍ഷമായി ജയിലില്‍ അടച്ചിരുന്നു. ജയിലിലെ അവസ്ഥയും ശത്രുതയും കാരണം അദ്ദേഹത്തിന്റെ ജീവിതം കൂടെക്കൂടെ അപകടത്തിലായിരുന്നു, ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അദ്ദേഹത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ പ്രാര്‍ത്ഥന നിര്‍ത്തുകയില്ലെന്ന് ഉറപ്പു ലഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു, കാരണം ദൈവം അവരുടെ പ്രാര്‍ത്ഥനകളെ ശക്തമായി ഉപയോഗിക്കുന്നുവെന്ന് മിഷനറി വിശ്വസിച്ചു.

മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ – പ്രത്യേകിച്ച് വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളവ – ഒരു സജീവമായ ദാനമാണ്. തന്റെ മിഷനറി യാത്രയില്‍ താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് കൊരിന്തിലെ വിശ്വാസികള്‍ക്കെഴുതിയപ്പോള്‍ പൗലൊസ് ഇക്കാര്യം വ്യക്തമാക്കി. അവന്‍ ”അത്യന്തം ഭാരപ്പെട്ടു.” അവന്‍ ”ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നി” (2 കൊരിന്ത്യര്‍ 1:8). എന്നാല്‍ ദൈവം അവനെ വിടുവിച്ചുവെന്നും അവന്‍ അത് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണം എന്താണെന്നും അവന്‍ അവരോട് പറഞ്ഞു: ”ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ” (വാ. 10-11 ഊന്നല്‍ ചേര്‍ത്തത്).

തന്റെ ജനത്തിന്റെ ജീവിതത്തില്‍ വലിയ നന്മ ഉളവാക്കാന്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്, കാരണം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സഹായം കരസ്ഥമാക്കാന്‍ നാം അവര്‍ക്കായി വാതില്‍ തുറക്കുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്റെ ശക്തിയില്‍ നാം അവരെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്. അവനെക്കാള്‍ വലിയവനോ വലുതായി സ്‌നേഹിക്കുന്നവനോ മറ്റാരുമില്ല.