ഞാന്‍ അടുത്തിടെ ഒരു കോളേജ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു. ഈ സമയത്ത് ബിരുദം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ക്ക് ആവശ്യമായ ഒരു ആഹ്വാനം പ്രസംഗകന്‍ നല്‍കി. ”അടുത്തത് എന്താണ്?” എന്ന് എല്ലാവരും അവരോടു തന്നേ ചോദിക്കുന്ന സമയമാണിതെന്ന് അദ്ദേഹം പരാമര്‍ശിച്ചു. അടുത്തതായി അവര്‍ എന്ത് ജോലിയാണ് ചെയ്യാന്‍ പോകുന്നത്? അവര്‍ എവിടെയാണ് സ്‌കൂളില്‍ പോകുന്നത് അല്ലെങ്കില്‍ അടുത്തതായി ജോലി ചെയ്യുന്നത്? തുടര്‍ന്ന്, ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അവര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അവരുടെ വിശ്വാസയാത്രയുടെ പശ്ചാത്തലത്തില്‍, അവര്‍ക്കുവേണ്ടിയല്ല, യേശുവിനുവേണ്ടി ജീവിക്കാന്‍ അവരെ നയിക്കുന്ന എന്തു തീരുമാനങ്ങളാണ് അവര്‍ ദിവസേന എടുക്കുന്നത്?

അദ്ദേഹത്തിന്റെ വാക്കുകള്‍ സദൃശവാക്യങ്ങളുടെ പുസ്തകത്തെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തി – ഇപ്പോള്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ധാരാളം വ്യക്തമായ പ്രസ്താവനകള്‍ അതു നടത്തുന്നു. ഉദാഹരണത്തിന്: ഇപ്പോള്‍ സത്യസന്ധത പരിശീലിക്കുക (11:1); ഇപ്പോള്‍ ശരിയായ സ്‌നേഹിതരെ തിരഞ്ഞെടുക്കുക (12:26); ഇപ്പോള്‍ ആര്‍ജ്ജവത്തോടെ ജീവിക്കുക (13:6); ഇപ്പോള്‍ നല്ല വിവേചനം നടത്തുക (13:15); ഇപ്പോള്‍ വിവേകത്തോടെ സംസാരിക്കുക (14:3).

പരിശുദ്ധാത്മാവിന്റെ നടത്തിപ്പില്‍ ഇപ്പോള്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നത്, അടുത്തതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമാക്കിത്തീര്‍ക്കുന്നു. ‘യഹോവയല്ലോ ജ്ഞാനം നല്കുന്നത്; … അവന്‍ നേരുള്ളവര്‍ക്ക് രക്ഷ സംഗ്രഹിച്ചുവയ്ക്കുന്നു: … അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു’ (2:6-8). അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കട്ടെ, അവിടുത്തെ മഹത്വത്തിനായി അടുത്തതിലേക്ക് അവന്‍ നമ്മെ നയിക്കട്ടെ.