നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെന്നിഫര്‍ ബെന്‍സണ്‍ ഷുള്‍ട്ട്

ക്രിസ്തുമസിന്റെ അത്ഭുതം

ഒരു ആദായവില്പനയിൽ, ഒരു കാർഡ്‌ബോർഡ് ബോക്‌സിൽ ഒരു തിരുപ്പിറവി സെറ്റ് ഞാൻ കണ്ടെത്തി. കുഞ്ഞ് യേശുവിനെ എടുത്തപ്പോൾ, കുഞ്ഞിന്റെ ശരീരത്തിന്റെ സൂക്ഷ്മമായ ശിൽപ വൈദഗ്ധ്യം ഞാൻ ശ്രദ്ധിച്ചു. ഈ നവജാതശിശു ഒരു പുതപ്പിനുള്ളിൽ കണ്ണടച്ചു കിടക്കുകയായിരുന്നില്ല - അവൻ ഉണർന്നിരുന്നു, കൈകൾ നീട്ടി, കൈകൾ വിരിച്ച്  “ഞാൻ ഇവിടെയുണ്ട്!’’ എന്നു പറയുന്നതായി തോന്നി.

ക്രിസ്തുമസിന്റെ അത്ഭുതം - ദൈവം തന്റെ പുത്രനെ മനുഷ്യശരീരത്തിൽ ഭൂമിയിലേക്ക് അയച്ചുവെന്നത് - ആ ശില്പം ചിത്രീകരിച്ചു. യേശുവിന്റെ ശൈശവ ശരീരം പക്വത പ്രാപിച്ചപ്പോൾ, അവന്റെ ചെറിയ കൈകൾ കളിപ്പാട്ടങ്ങളുമായി കളിച്ചു, പിന്നീട് തോറയെ കൈയിലെടുത്തു, തുടർന്ന് അവന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് ഫർണിച്ചറുകൾ രൂപപ്പെടുത്തി. ജനനസമയത്ത് തുടുത്തതും പൂർണതയുള്ളതുമായ അവന്റെ പാദങ്ങൾ, പഠിപ്പിക്കാനും സൗഖ്യമാക്കുവാനും അവനെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ തക്കവിധം വളർന്നു. അവന്റെ ജീവിതാവസാനം, ഈ മാനുഷിക കൈകളും കാലുകളും ക്രൂശിനോടു ചേർത്ത്് ആണിയടിക്കപ്പെട്ടു.

ആ ശരീരത്തിൽ, “ദൈവം തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു യാഗമായി അർപ്പിച്ചുകൊണ്ട് നമ്മുടെ മേലുള്ള പാപത്തിന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു,’’ റോമർ 8:3, (NLT) പറയുന്നു. നമ്മുടെ എല്ലാ തെറ്റുകൾക്കുമുള്ള ശിക്ഷയായി യേശുവിന്റെ ബലി സ്വീകരിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്താൽ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് ആശ്വാസം ലഭിക്കും. ഒരു യഥാർത്ഥ, ചലിക്കുന്ന, കൈകാലിട്ടടിക്കുന്ന ഒരു ശിശുവായി ദൈവപുത്രൻ നമുക്കായി ജനിച്ചിനാൽ ദൈവവുമായി സമാധാനവും അവനുമായി ഒരു നിത്യതയുടെ ഉറപ്പും ഉണ്ടായിരിക്കാൻ ഒരു മാർഗം നമുക്കു തുറന്നു കിട്ടി.

നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക

എട്ടു വയസ്സു മുതൽ, ലിസയ്ക്ക് വിക്ക് അനുഭവപ്പെടുകയും ആളുകളുമായി സംസാരിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യങ്ങളെ അവൾ ഭയപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട്, സ്പീച്ച് തെറാപ്പിയിലൂടെ അവളുടെ വെല്ലുവിളിയെ മറികടന്നതിനു ശേഷം, മറ്റുള്ളവരെ സഹായിക്കാൻ തന്റെ ശബ്ദം ഉപയോഗിക്കാൻ ലിസ തീരുമാനിച്ചു. ഒരു വൈകാരിക അസ്വസ്ഥത നേരിടുന്നവർക്കായുള്ള ഒരു ടെലിഫോൺ ഹോട്ട്‌ലൈനിന്റെ കൗൺസിലറായി അവൾ സന്നദ്ധസേവനം ആരംഭിച്ചു.

യിസ്രായേല്യരെ അടിമത്തത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിനായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ മോശയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഫറവോനുമായി ആശയവിനിമയം നടത്താൻ ദൈവം അവനോട് ആവശ്യപ്പെട്ടു, എന്നാൽ തന്റെ സംസാരശേഷിയിൽ ആത്മവിശ്വാസം ഇല്ലാത്ത മോശെ പ്രതിഷേധിച്ചു (പുറപ്പാട് 4:10). ദൈവം അവനെ വെല്ലുവിളിച്ചു, “മനുഷ്യന്നു വായി കൊടുത്തതു ആർ?’’ എന്ന് അവനെ വെല്ലുവിളിച്ചശേഷം ദൈവം അവനെ ആശ്വസിപ്പിച്ചു, “ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും’’ (വാ. 11-12).

നമ്മുടെ പരിമിതികളിൽ പോലും നമ്മിലൂടെ ശക്തമായി പ്രവർത്തിക്കാൻ അവനു കഴിയുമെന്ന് ദൈവത്തിന്റെ പ്രതികരണം നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇത് നമ്മുടെ ഹൃദയത്തിൽ അറിയുമ്പോൾ പോലും, അത് പ്രാവർത്തികമാക്കാൻ പ്രയാസമാണ്. മോശ എതിർപ്പു തുടരുകയും മറ്റൊരാളെ അയയ്ക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു (വാ. 13). അതുകൊണ്ട് മോശയുടെ സഹോദരൻ അഹരോനെ അവന്റെ കൂടെ കൂട്ടാൻ ദൈവം അനുവദിച്ചു (വാ. 14).

നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു ശബ്ദമുണ്ട്. നമ്മൾ ഭയപ്പെട്ടേക്കാം. നമുക്കു കഴിവില്ലെന്നു തോന്നിയേക്കാം. നമുക്ക് ശരിയായ വാക്കുകൾ ഇല്ലെന്നു തോന്നിയേക്കാം.

നമുക്ക് എങ്ങനെ തോന്നുന്നുവെന്ന് ദൈവത്തിനറിയാം. മറ്റുള്ളവരെ സേവിക്കുന്നതിനും അവന്റെ ജോലി പൂർത്തിയാക്കുന്നതിനും വാക്കുകളും നമുക്കാവശ്യമായ എല്ലാ കാര്യങ്ങളും നൽകാൻ അവനു കഴിയും.

ജീവന്റെ ലക്ഷണങ്ങൾ

എന്റെ മകൾക്ക് ഒരു ജോഡി വളർത്തു ഞണ്ടുകളെ സമ്മാനമായി ലഭിച്ചപ്പോൾ, അവൾ ഒരു ഗ്ലാസ് ടാങ്കിൽ മണൽ നിറച്ച് അവയെ നിക്ഷേപിച്ചു. അവയ്ക്കു വെള്ളവും ഭക്ഷിക്കാൻ പ്രോട്ടീനും പച്ചക്കറി അവശിഷ്ടങ്ങളും അവൾ ഇട്ടുകൊടുത്തു. അവ സന്തുഷ്ടരാണെന്നു തോന്നി, എങ്കിലും ഒരു ദിവസം അവയെ കാണാതായപ്പോൾ ഞങ്ങൾ ഞെട്ടി. ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു. അവസാനം, അവ മണലിനടിയിലാണെന്നു ഞങ്ങൾ മനസ്സിലാക്കി. അവ പുറംതോടുകൾ ഉരിച്ചുകളയുന്ന സമയത്ത് ഏകദേശം രണ്ടു മാസത്തോളം അവിടെത്തന്നെ ആയിരിക്കും.

രണ്ടു മാസം കഴിഞ്ഞു, പിന്നെയും ഒരു മാസം കൂടി കടന്നുപോയി, അവ ചത്തു കാണും എന്നോർത്ത് ഞാൻ വിഷമിക്കാൻ തുടങ്ങി. കൂടുതൽ സമയം കടന്നുപോകുന്തോറും ഞാൻ കൂടുതൽ അക്ഷമയായി. ഒടുവിൽ, ജീവന്റെ ലക്ഷണങ്ങൾ ഞങ്ങൾ കണ്ടു, ഞണ്ടുകൾ മണലിൽ നിന്നു  പുറത്തുവന്നു.

ബാബിലോണിൽ പ്രവാസികളായി ജീവിക്കുമ്പോൾ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനം നിവൃത്തിയാകുമോ എന്ന് യിസ്രായേൽ സംശയിച്ചിരുന്നോ എന്നു ഞാൻ അത്ഭുതപ്പെടുന്നു. അവർക്ക് നിരാശ തോന്നിയോ? അവർ എന്നെന്നേക്കും അവിടെത്തന്നെ കഴിയേണ്ടിവരുമോയെന്ന് അവർ ആശങ്കപ്പെട്ടിരുന്നോ? യിരെമ്യാവിലൂടെ ദൈവം അരുളിച്ചെയ്തു: “ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു [യെരൂശലേമിലേക്കു]  മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കും” (യിരെമ്യാവ് 29:10). തീർച്ചയായും, എഴുപതു വർഷങ്ങൾക്കുശേഷം, യെഹൂദന്മാർക്കു തിരികെപ്പോകാനും യെരൂശലേമിലെ അവരുടെ ദൈവാലയം പുനർനിർമ്മിക്കാനും പാർസി രാജാവായ കോരെശിലൂടെ ദൈവം അനുവദിച്ചു (എസ്രാ 1:1-4).

ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്ന കാത്തിരിപ്പിന്റെ കാലത്ത്, ദൈവം നമ്മെ മറന്നിട്ടില്ല. ക്ഷമ വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, അവൻ പ്രത്യാശ നൽകുന്നവനും വാഗ്ദത്തം പാലിക്കുന്നവനും ഭാവിയെ നിയന്ത്രിക്കുന്നവനുമാണെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും.

എങ്ങോട്ട് തിരിയും?

ജാക്കിന്റെ ലളിത മനസ്സോടെയുള്ള ജീവിതവും കായികമികവും ഹൈസ്കൂളിലെ എല്ലാവരും അഭിനന്ദിച്ചിരുന്നു. കളികളിൽ ഏർപ്പെടുന്നത് അവന് ഏറ്റവും സന്തോഷമുളള കാര്യമായിരുന്നു.

തൊട്ടടുത്തുള്ള ഒരു സഭയിൽ പങ്കെടുത്തപ്പോൾ മുതൽ ജാക്ക് യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചു. അതുവരെയും അവൻ വീട്ടിൽ സംഘർഷങ്ങൾ  അനുഭവിക്കുകയും, അത് ലഘൂകരിക്കാൻ ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. മാനസാന്തരം വന്നതിനു ശേഷം എല്ലാം നന്നായി പോകുന്നതായി അനുഭവപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം അവൻ വീണ്ടും ലഹരി ഉപയോഗിക്കാൻ തുടങ്ങി. ആരും യഥാവിധി ഇടപെടാത്തതു കൊണ്ടും തുടർച്ചയായ ചികിത്സ ലഭിക്കാത്തതു കൊണ്ടും അമിതമായ ലഹരി ഉപയോഗത്താൽ അവൻ മരിച്ചു പോയി 

പ്രതിസന്ധികൾ വരുമ്പോൾ പരിചിതമായ കാര്യങ്ങളിലേക്ക് മടങ്ങാൻ സാധ്യത കൂടുതലാണ്. ഇസ്രായേല്യർക്ക് അസ്സീറിയൻ ആക്രമണ ഭീഷണി ഉണ്ടായപ്പോൾ അവർ സഹായത്തിനായി ഈജിപ്തിലേക്ക്-അവരുടെ പഴയ അടിമത്തകാലത്തെ യജമാനനിലേക്ക്- തിരിഞ്ഞു (യെശയ്യാവ് 30:1-5). ഇത് അവർക്ക് നാശത്തിന് കാരണമാകും എന്ന് ദൈവം പറഞ്ഞു. അവർ തെറ്റായ തെരഞ്ഞെടുപ്പ് നടത്തി എങ്കിലും ദൈവം അവരെ സഹായിക്കുവാൻ മനസ്സുള്ളവനായിരുന്നു. ദൈവത്തിന്റെ ഹൃദയമാണ് യെശയ്യാവ് പറയുന്നത്: "അതുകൊണ്ട് യഹോവ നിങ്ങളോട് കൃപകാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോട് കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു" (വാ .18).

നാം വേദനകളെ പരിഹരിക്കാൻ മറ്റുളളവരിലേക്ക് നോക്കുമ്പോഴും, ഇതാണ് ദൈവത്തിന് നമ്മോടുള്ള മനോഭാവം. അവിടുന്ന് നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അടിമപ്പെടുത്തുന്ന ശീലങ്ങളാൽ നാം സ്വയം മുറിപ്പെടുത്തുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല. പെട്ടെന്നുള്ള ആശ്വാസത്തിനായി ചില വസ്തുക്കളെയും പ്രവൃത്തികളെയും ആശ്രയിക്കാൻ നമുക്ക് തോന്നാം, എന്നാൽ നാം അവന്റെ കൂടെ ചേർന്ന് നടക്കുന്നതു വഴി യഥാർത്ഥമായ സൗഖ്യം നല്കാനാണ് ദൈവം ആഗ്രഹിക്കുന്നത്.

ഇരുമ്പുപോലെ ശക്തർ

ഇരുമ്പുടുപ്പുള്ള വണ്ടുകൾ ശത്രുക്കളിൽ നിന്ന് അവയെ സംരക്ഷിക്കുന്ന കടുപ്പമുള്ള പുറംതോടു നിമിത്തം പേരുകേട്ടതാണ്. എന്നിരുന്നാലും, ഒരു പ്രത്യേക ഇനത്തിന് സമ്മർദ്ദത്തെ താങ്ങാനുള്ള അസാധാരണമായ ശക്തിയുണ്ട്. പ്രാണിയുടെ കഠിനമായ പുറംതോട് ശരീരത്തിൽ ഒരുമിച്ചു ചേരുന്ന വിള്ളലുകളേക്കാൾ നീണ്ടുകിടക്കുന്നു. അതിന്റെ പരന്ന പുറവും ശ്രദ്ധയാകർഷിക്കാത്ത നിർമ്മിതിയും ചതവുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശരീരഭാരത്തിന്റെ ഏകദേശം 40,000 മടങ്ങ് സമ്മർദ്ദ ശക്തിയെ അതിജീവിക്കാൻ ഇതിന് കഴിയുമെന്ന് ശാസ്ത്രീയ പരിശോധനകൾ കാണിക്കുന്നു.

ദൈവം ഈ പ്രാണിയെ കൂടുതൽ കഠിനമാക്കിയതുപോലെ, അവൻ യിരെമ്യാവിനും പ്രതിരോധശേഷി നൽകി. യിസ്രായേലിന് ഇഷ്ടപ്പെടാത്ത സന്ദേശങ്ങൾ നൽകുമ്പോൾ പ്രവാചകനു കടുത്ത സമ്മർദ്ദം നേരിടേണ്ടി വരും, അതിനാൽ ദൈവം അവനെ “ഇരിമ്പുതൂണും താമ്രമതിലുകളും’’ ആക്കുമെന്നു വാഗ്ദാനം ചെയ്തു (യിരെമ്യാവ് 1:18). പ്രവാചകൻ നിരപ്പാക്കപ്പെടുകയോ പൊളിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുകയില്ല. ദൈവത്തിന്റെ സാന്നിധ്യവും രക്ഷാശക്തിയും നിമിത്തം അവന്റെ വാക്കുകൾ ശക്തമായി നിലകൊള്ളും.

ജീവിതത്തിലുടനീളം, യിരെമ്യാവിനെ തെറ്റായി കുറ്റം ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും മർദിക്കുകയും തടവിലിടുകയും കിണറ്റിലേക്കു വലിച്ചെറിയുകയും ചെയ്തു ... എന്നിട്ടും അവൻ അതിജീവിച്ചു. ആന്തരിക പോരാട്ടങ്ങളുടെ ഭാരമുണ്ടായിട്ടും യിരെമ്യാവ് ഉറച്ചുനിന്നു. സംശയവും സങ്കടവും അവനെ അലട്ടി. നിരന്തരമായ തിരസ്‌കരണവും ബാബിലോണിയൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയവും അവന്റെ മാനസിക സമ്മർദ്ദം കൂട്ടി.

അവന്റെ ആത്മാവും സാക്ഷ്യവും തകർന്നുപോകാതിരിക്കാൻ ദൈവം യിരെമ്യാവിനെ നിരന്തരം സഹായിച്ചു. ദൈവം നമുക്കു നൽകിയ ദൗത്യം ഉപേക്ഷിക്കാനോ അല്ലെങ്കിൽ വിശ്വാസപൂരിതമായ ജീവിതത്തിൽ നിന്ന് പിന്മാറാനോ തോന്നുമ്പോൾ, യിരെമ്യാവിന്റെ ദൈവമാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഓർക്കാം. നമ്മുടെ ബലഹീനതയിൽ അവന്റെ ശക്തി തികഞ്ഞുവരുന്നതിനാൽ അവനു നമ്മെ ഇരുമ്പു പോലെ ശക്തരാക്കാൻ കഴിയും (2 കൊരിന്ത്യർ 12:9).

ദൈവം അറിയുന്നു

ഒരു വലിയ പെയിന്റിംഗ് കണ്ട് അത് ആസ്വദിക്കാനായി ആ ദമ്പതികൾ അതിന്റെയടുത്ത് ചെന്നു. ചിത്രത്തിന്റെ ചുവട്ടിൽ തുറന്നുവെച്ച പെയിന്റ് പാത്രങ്ങളും ബ്രഷും കണ്ടപ്പോൾ, ഇത് പൂർത്തിയാകാത്ത ചിത്രമാണെന്നും ആർക്കും അതിൽ ചേർന്നു വരക്കാമെന്നും അവർ വിചാരിച്ചു; ചില വരകൾ അവരും നടത്തിയിട്ട് പോയി. ചിത്രകാരൻ തന്റെ പൂർത്തിയായ ചിത്രത്തിന്റെ പ്രദർശനത്തിന് ഒരു വൈവിധ്യമായിട്ട് മാത്രമായിരുന്നു പെയിന്റും ബ്രഷും അവിടെ വെച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച സംഘാടകർക്ക് ഇതിൽ സംഭവിച്ച തെറ്റിദ്ധാരണ ബോധ്യപ്പെട്ടതുകൊണ്ട് ആ ദമ്പതികളെ വെറുതെ വിട്ടു.

യോർദ്ദാന്റെ കിഴക്ക് താമസിച്ചിരുന്ന ഇസ്രായേൽക്കാർ ഒരു വലിയ യാഗപീഠം പണിതത് തെറ്റിദ്ധാരണയുളവാക്കി. സമാഗമനകൂടാരമല്ലാതെ മറ്റൊരു ഇടവും ആരാധനക്കായി ദൈവം അംഗീകരിച്ചിട്ടില്ലാതിരിക്കെ,  ഇതൊരു മത്സര നീക്കമായി മറ്റ് ഇസ്രായേൽക്കാർ കണക്കാക്കി (യോശുവ 22:16).

വലിയ സംഘർഷം ഉടലെടുത്തു; എന്നാൽ ഇത് യാഗപീഠത്തിന്റെ ഒരു മാതൃക മാത്രമായിരുന്നു എന്ന് കിഴക്കേ ഗോത്രക്കാർ വിശദീകരിച്ചു. അവരുടെ വരും തലമുറകളെ മറ്റ് ഇസ്രായേൽ ഗോത്രങ്ങളുമായുള്ള ആത്മീയ ബന്ധവും പാരമ്പര്യവും ഓർമ്മിപ്പിക്കാനുള്ള ഒരു പ്രതീകമായിട്ടായിരുന്നു അവരത് നിർമ്മിച്ചത് (വാ. 28, 29). അവർ പറഞ്ഞു: "സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ...അറിയുന്നു " (വാ.22). ഭാഗ്യവശാൽ, മറ്റുള്ളവർക്ക് അത് ബോധ്യമായി. എന്താണ് സംഭവിക്കുന്നത് എന്ന് അവർ കണ്ട് മനസ്സിലാക്കി, ദൈവത്തെ സ്തുതിച്ച്, മടങ്ങിപ്പോയി.

"യഹോവ സർവ്വഹൃദയങ്ങളേയും പരിശോധിക്കുകയും വിചാരങ്ങളും നിരൂപണങ്ങളുമെല്ലാം ഗ്രഹിക്കുകയും " (1 ദിനവൃത്താന്തം 28: 9) ചെയ്യുന്നതുകൊണ്ട്, ഓരോരുത്തരുടെയും താല്പര്യങ്ങൾ അവിടുത്തേക്ക് അറിയാം. ആശയക്കുഴപ്പങ്ങളുടെ സന്ദർഭങ്ങളിൽ ദൈവത്തോട് നാം സഹായം അഭ്യർത്ഥിച്ചാൽ, നമ്മെത്തന്നെ വിശദീകരിക്കുന്നതിനും മറ്റുള്ളവരുടെ ചെയ്തികൾ ക്ഷമിക്കുന്നതിനും ഒക്കെ ദൈവം ഇട വരുത്തും. ഐക്യം നിലനിർത്താനായി പാടുപെടുമ്പോഴെല്ലാം നമുക്ക് ദൈവത്തിങ്കലേക്ക് തിരിയാം.

അസാധാരണമായ ധൈര്യം

1478 -ൽ ഇറ്റലിയിലെ ഫ്ലോറൻസിന്റെ ഭരണാധികാരിയായ ലൊറെൻസോ ഡി മെഡിസി തന്റെ ജീവനു നേരെയുള്ള ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തുടർന്നു അദ്ദേഹത്തിന്റെ നാട്ടുകാർ, അവരുടെ നേതാവിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുവാൻ ഒരു യുദ്ധത്തിന് പുറപ്പെട്ടു. സാഹചര്യം വഷളായി, നേപ്പിൾസിലെ ക്രൂരനായ രാജാവ് ഫെറാന്റേ ഒന്നാമൻ ലോറെൻസോയുടെ ശത്രുവായിത്തീർന്നു, പക്ഷേ ലോറെൻസോയുടെ ധീരമായ പ്രവർത്തി എല്ലാം മാറ്റിമറിച്ചു. അദ്ദേഹം ഒറ്റയ്ക്ക് രാജാവിനെ നിരായുധനായി സന്ദർശിച്ചു. ഈ ധീരതയും, അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും ചുറുചുറുക്കും, ഫെറാന്റെയുടെ പ്രശംസ നേടുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.
ദാനിയേലും ഒരു രാജാവിന്റെ ഹൃദയം മാറുവാൻ കാരണമായി. ബാബിലോണിലെ ആർക്കും നെബൂഖദ്‌നേസർ രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്നത്തെ വിവരിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു, ദാനിയേലും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാ ഉപദേശകരെയും വധിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ തങ്ങളെ വധിക്കുവാൻ തീരുമാനിച്ചിരിക്കുന്ന രാജാവിന്റെ സന്നിധിയിൽ തന്നെ കൊണ്ടുപോകേണം എന്നു ദാനിയേൽ ആവശ്യപ്പെട്ടു (ദാനിയേൽ 2:24).
നെബൂഖദ്‌നേസറിന്റെ മുമ്പിൽ നിന്നുകൊണ്ട്, രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ദൈവത്തിന് ദാനിയേൽ സകല മഹത്വവും നൽകി (വാ. 28). പ്രവാചകൻ സ്വപ്നത്തെ വിവരിക്കുകയും അതിന്റെ അർത്ഥം ബോധിപ്പിക്കയും ചെയ്തപ്പോൾ, നെബൂഖദ്‌നേസർ "ദൈവാധിദൈവവും രാജാധികർത്താവും ആയ ദൈവത്തെ" ആദരിച്ചു (വാ. 47). ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താൽ ഉളവായ ദാനിയേലിന്റെ അസാധാരണമായ ധൈര്യം അദ്ദേഹത്തെയും കൂട്ടുകാരെയും മറ്റ് ഉപദേശകരെയും മരണത്തിൽനിന്ന് രക്ഷിച്ചു.
നമ്മുടെ ജീവിതത്തിൽ, പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറാൻ ധൈര്യവും മനസാന്നിദ്ധ്യവും ആവശ്യമുള്ള സമയങ്ങളുണ്ട്. ദൈവം നമ്മുടെ വാക്കുകളെ നയിക്കുകയും തക്കസമയത്ത് എന്താണ് പറയേണ്ടതെന്ന അറിവും അത് നന്നായി പറയാനുള്ള കഴിവും ജ്ഞാനവും നൽകട്ടെ.

സുരക്ഷിതത്വത്തിലേക്ക്

പിതാവ് നോക്കി നിൽക്കെ,ഒരു കുഞ്ഞു ബാലിക ചെറിയ അരുവിയിൽക്കൂടി വേച്ച് വേച്ച് നടക്കുകയായിരുന്നു.അവളുടെ റബ്ബർ ബൂട്ട്സ് മുട്ടൊപ്പം ഉണ്ടായിരുന്നു. വെള്ളം തെറിപ്പിച്ച് നടന്ന് കുറച്ച് ആഴത്തിലേക്ക് നടന്നപ്പോൾ ബൂട്ട്സിൽ വെള്ളം കയറി, അവൾക്ക് ഒരടി പോലും വെക്കാൻ പറ്റാതായി. അവൾ അലറി, “ഡാഡി, ഞാൻ കുടുങ്ങി.“ മൂന്ന് സ്റ്റെപ്പ് വെച്ച് പിതാവ് അവളുടെ അരികിൽ എത്തി; പുൽത്തകിടിയിലേക്ക് അവളെ വലിച്ചു കയറ്റി. അവൾ ബൂട്ട്സ് വലിച്ചൂരി, പൊട്ടിച്ചിരിച്ചു കൊണ്ട് വെള്ളം കമഴ്ത്തിക്കളഞ്ഞു.

സങ്കീർത്തകനായ ദാവീദിനെ ദൈവം ശത്രുക്കളിൽ നിന്ന് രക്ഷിച്ചപ്പോൾ, അദ്ദേഹം ഒരു നിമിഷം ഒന്ന് ഇരുന്നിട്ട്, “തന്റെ ബൂട്ട്സ് വലിച്ചൂരി.“ ആശ്വാസം ആത്മാവിൽ നിറയാൻ അനുവദിച്ചു. തന്റെ അനുഭൂതി പ്രകടിപ്പിക്കാൻ ഒരു പാട്ട് എഴുതി. “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽ നിന്നു താൻ എന്നെ രക്ഷിക്കും” (2 ശമുവേൽ 22:4). ദൈവത്തെ തന്റെ പാറയായും കോട്ടയായും പരിചയായും ഗോപുരമായും (വാ. 2,3) പ്രകീർത്തിച്ചു. എന്നിട്ട് ഒരു കവിയുടെ ഭാവനയിൽ ദൈവത്തിന്റെ പ്രതികരണത്തെ വിവരിച്ചു. ഭൂമി ഞെട്ടി വിറച്ചു. ദൈവം ആകാശം ചായിച്ചിറങ്ങി. അവന്റെ സന്നിധിയിൽ നിന്ന് മിന്നലുകളും ഇടിയും പുറപ്പെട്ടു. അവന്റെ ശബ്ദം ഇടി മുഴങ്ങി. പെരുവെള്ളത്തിൽ നിന്ന് അവനെ വലിച്ചെടുത്തു (വാ. 8,10,13-15,17).

ഇന്ന് നിങ്ങൾ, ഒരു പക്ഷേ, ചുറ്റും എതിർപ്പുകൾ നേരിടുന്നുണ്ടാകാം. ആത്മീയമായി മുമ്പോട്ട് പോകാനാകാത്ത വിധം പാപത്തിൽ പുതഞ്ഞു പോയിട്ടുണ്ടാകാം. മുൻ കാലങ്ങളിൽ ദൈവം നിങ്ങളെ സഹായിച്ചത് ഓർക്കുക, എന്നിട്ട് അവനെ സ്തുതിക്കുകയും തുടർന്നും സഹായം ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങളെ രക്ഷിച്ച് അവന്റെ രാജ്യത്തിലാക്കിയതിനാൽ പ്രത്യേകമായി നന്ദി പറയുക (കൊലോസ്യർ 1:13).

ഒരു സൗഹൃദ സംഭാഷണം

ഹൈസ്കൂളിൽ ഞാനും കാതറിനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിക്കാത്തപ്പോൾ, അടുത്ത സ്ലീപ്പ്-ഓവർ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ക്ലാസ്സിൽ കുറിപ്പുകൾ കൈമാറുമായിരുന്നു. ചിലപ്പോൾ ഞങ്ങൾ വാരാന്ത്യങ്ങൾ ഒരുമിച്ച് ചിലവഴിക്കുകയും സ്കൂൾ പ്രോജക്ടുകളിൽ പങ്കാളികളാകുകയും ചെയ്തു.

ഒരു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ്, ഞാൻ കാതറിനെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി. നിത്യജീവൻ എങ്ങനെ നേടണമെന്ന് എന്റെ പാസ്റ്റർ അന്നു രാവിലെ പറഞ്ഞിരുന്നു. എന്റെ കൂട്ടുകാരി എന്നെപ്പോലെബൈബിളിലെ പഠിപ്പിക്കലുകൾ വിശ്വസിച്ചിരുന്നില്ല എന്നും എനിക്കറിയാമായിരുന്നു. അവളെ വിളിക്കാനും അവൾക്ക് യേശുവുമായി എങ്ങനെ ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിയുമെന്ന് വിശദീകരിക്കാനും എനിക്ക് ഒരു ഭാരം തോന്നി. എങ്കിലും ഞാൻ മടിച്ചു, കാരണം ഞാൻ പറയുന്നത് അവൾ തള്ളിക്കളയുകയും എന്നിൽ നിന്ന് അകലുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെട്ടു.

ഈ ഭയം നമ്മിൽ പലരേയും നിശബ്ദരാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അപ്പൊസ്തലനായ പൗലൊസിനു പോലും താൻ "സുവിശേഷത്തിന്റെമർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ'' വേണ്ടി പ്രാർത്ഥിക്കുവാൻആളുകളോട് ആവശ്യപ്പെടേണ്ടി വന്നു(എഫെ.6:19). സുവിശേഷംപങ്കിടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാദ്ധ്യത ഒഴിവാക്കുവാൻ സാദ്ധ്യമല്ല, എന്നിട്ടും താൻ ഒരു "സ്ഥാനാപതി" ആണെന്ന് പൗലൊസ് പറഞ്ഞു - ദൈവത്തിനു വേണ്ടി സംസാരിക്കുന്ന ഒരാൾ (വാ.19).മനുഷ്യർ നമ്മുടെ സന്ദേശംതിരസ്കരിക്കുകയാണെങ്കിൽ, സന്ദേശം അയച്ച അവനേയും അവർ തിരസ്കരിക്കുന്നു. ദൈവം നമ്മോടൊപ്പം വേദന അനുഭവിക്കുന്നു.

അപ്പോൾ എന്താണ് സംസാരിക്കുവാൻ നമ്മെ നിർബന്ധിക്കുന്നത്? ദൈവത്തെ പോലെ നാമും മറ്റുമനുഷ്യരെകരുതുന്നവരാണ്(2 പത്രൊ.3:9). ഒടുവിൽ കാതറിനെ വിളിക്കുന്നതിലോട്ട് എന്നെ നയിച്ചത് അതാണ്. അതിശയകരമെന്ന് പറയട്ടെ, അവൾ എന്നെ നിരാകരിച്ചില്ല. അവൾ ശ്രദ്ധിച്ചു കേട്ടു. ചോദ്യങ്ങൾ ചോദിച്ചു. തന്റെ പാപം ക്ഷമിക്കുവാൻ അവൾ യേശുവിനോട് അപേക്ഷിക്കുകയും അവനു വേണ്ടി ജീവിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെഎന്റെ ആ സാഹസത്തിനു തക്കപ്രതിഫലം ലഭിച്ചു.

വിജയവും ത്യാഗവും

സ്വിറ്റ്സർലൻഡിലെ ഒരു പർവ്വതത്തിൽ കയറുവാൻ ആഗ്രഹിച്ച ഒരു കുട്ടിയെക്കുറിച്ചുള്ള ഒരു പുസ്തകം ഒരുവേനൽക്കാലപഠനപരിപാടിക്കിടെഎന്റെ മകൻ വായിച്ചു. പർവ്വതത്തിൽകയറുവാനായി അവൻ വളരെയേറെപരിശീലനം നടത്തി എങ്കിലും ഒടുവിൽ പർവ്വതാരോഹണത്തിനായി പുറപ്പെട്ടപ്പോൾ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. പകുതി ദൂരം കയറിയപ്പോഴേക്കും അവരുടെ ഒരു സംഘാംഗം രോഗബാധിതനായി. എന്നാൽ, തന്റെ ലക്ഷ്യം നേടുന്നതിനുപകരം കൂട്ടുകാരനെ പരിചരിക്കുവാൻ  കൂടെനിൽക്കുവാൻഅവൻ തീരുമാനിച്ചു.

ക്ലാസ് മുറിയിൽ ഈ കഥ വായിച്ചുകേട്ടതിനുശേഷം, അദ്ധ്യാപകൻ ചോദിച്ചു, "മല കയറാത്തതിനാൽ ആ പ്രധാന കഥാപാത്രം പരാജയപ്പെട്ടോ?" ഒരു വിദ്യാർത്ഥി പറഞ്ഞു, "അതെ, കാരണംപരാജയംഅവന്റെ DNA യിൽഉണ്ടായിരുന്നു." പക്ഷേ മറ്റൊരു കുട്ടി സമ്മതിച്ചില്ല. ആ ചെറുപ്പക്കാരൻ ഒരു പരാജയമല്ലെന്ന് അവൻ ന്യായീകരിച്ചു, കാരണം മറ്റൊരാളെ സഹായിക്കുവാൻവേണ്ടി,താൻ ആഗ്രഹിച്ച കാര്യം ഉപേക്ഷിച്ച ആ വ്യക്തി, യാഥാർത്ഥത്തിൽ ഒരു വിജയിയാണ്.  

നാം നമ്മുടെ പദ്ധതികൾ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കുമ്പോൾ, യാഥാർത്ഥത്തിൽ നമ്മൾ യേശുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.യാത്രചെയ്തുകൊണ്ട് ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുവാൻ യേശു തന്റെ ഭവനവും സമ്പത്തും അംഗീകാരവും ബലിയർപ്പിച്ചു. അവസാനം, നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുവാനും ദൈവസ്നേഹത്തെ പ്രദർശിപ്പിക്കുവാനും, അവൻ “തന്റെ പ്രാണനെ വെച്ചുകൊടുത്തു”(1 യോഹന്നാൻ 3:16). 

ഭൗമികവിജയം ദൈവത്തിന്റെ ദൃഷ്ടിയിലെ വിജയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പ്രയാസത്തിൽആയിരിക്കുന്നവരെയും, സങ്കടത്തിൽആയിരിക്കുന്നവരെയുംസഹായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുകമ്പയെ അവൻ വിലമതിക്കുന്നു (വാ .17). ആളുകളെ സംരക്ഷിക്കുവാൻ നാം എടുക്കുന്ന തീരുമാനങ്ങൾ അവൻ അംഗീകരിക്കുന്നു. ദൈവകൃപയാൽ, നമുക്ക് അവനോടുകൂടെ മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിഞ്ഞാൽ, അതാണ് ഏറ്റവും വലിയ നേട്ടം.