ദൈവത്തിന്റെ ചലനങ്ങൾ
നല്ലൊരു സ്ക്രാബിൾ ഗെയിം (അക്ഷരമെഴുതിയ കട്ടകൾ നിരത്തി വാക്കുകളുണ്ടാക്കുന്ന കളി) എനിക്ക് ഇഷ്ടമാണ്. ഒരിക്കൽ ഒരു പ്രത്യേക കളിയുടെ ശേഷം, എന്റെ സുഹൃത്തുക്കൾ ഒരു നീക്കത്തിന് എന്റെ പേര് നൽകി-അതിനെ "കറ്റാര" എന്ന് പേരിട്ടു. അവിടെ ഞാൻ മുഴുവൻ ഗെയിമിലും പിന്നിലായിരുന്നു, എന്നാൽ അവസാനം - സഞ്ചിയിൽ കട്ടകളൊന്നും അവശേഷിപ്പിക്കാതെ - ഞാൻ ഏഴക്ഷരങ്ങളുള്ള ഒരു വാക്ക് ഉണ്ടാക്കി. അതിന്റെ അർത്ഥം കളി അവസാനിച്ചു എന്നാണ്. ഒപ്പം എനിക്ക് അൻപത് ബോണസ് പോയിന്റും കട്ടകൾ അവശേഷിച്ചവരുടെ കട്ടകളും ലഭിച്ചു. അങ്ങനെ ഞാൻ പിന്നിൽ നിന്നും മുന്നിലേക്ക് എത്തി. ഇപ്പോൾ ഞങ്ങൾ എപ്പോഴോക്കെ കളിച്ചാലും ആരെങ്കിലും പിന്നിലാകുമ്പോൾ, അവർ പ്രതീക്ഷ കൈവിടാതെ ഒരു "കറ്റാര"യ്ക്കുവേണ്ടി കാത്തിരിക്കും.
കഴിഞ്ഞ നാളുകളിൽ സംഭവിച്ചത് ഓർക്കുന്നത് നമ്മുടെ ആത്മാവിനെ ഉയർത്താനും നമുക്ക് പ്രത്യാശ നൽകുവാനും ഇടയാകും. അതെ കാര്യമാണ് യിസ്രായേല്യർ പെസഹാ ആഘോഷിച്ചപ്പോൾ ചെയ്തത്. ഫറവോനാലും തന്റെ ജനത്താലും യിസ്രായേൽ ജനം പീഢിപ്പിക്കപ്പെട്ടപ്പോൾ ദൈവം ചെയ്തതിനെ ഓർമ്മിക്കലാണ് പെസഹാ (പുറപ്പാട് 1:6-14). അവർ ദൈവത്തോട് നിലവിളിച്ചപ്പോൾ, അവിടുന്ന് അത്ഭുതകരമായി അവരെ വിടുവിച്ചു. അവരുടെ വാതിൽപ്പടികളിൽ രക്തം പുരട്ടുവാനും അതിനാൽ സംഹാരകൻ അവരുടെയും അവരുടെ മൃഗങ്ങളുടെയും ആദ്യജാതനെ "കടന്ന് പോകും" (12:12-13) എന്ന് അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ മരണത്തിൽ നിന്ന് സംരക്ഷിക്കപ്പെടും.
നൂറ്റാണ്ടുകൾക്കുശേഷം, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ വിടുവിച്ച, യേശുവിന്റെ കുരിശിലെ യാഗത്തെ ഓർത്തുകൊണ്ട് അവന്റെ വിശ്വാസികൾ പതിവായി കൂട്ടായ്മ ആചരിക്കുന്നു. (1 കൊരിന്ത്യർ 11:23-26). കഴിഞ്ഞ നാളുകളിലെ ദൈവത്തിന്റെ സ്‌നേഹനിർഭരമായ പ്രവൃത്തികൾ ഓർക്കുന്നത് ഇന്ന്
നമുക്ക് പ്രത്യാശ നൽകുന്നു.
യേശു ഇവിടെയുണ്ട്
മുഖത്ത് ഒരു പുഞ്ചിരിയോടെ എന്റെ പ്രായമായ വലിയ അമ്മായി അവരുടെ രോഗക്കിടക്കയിൽ കിടന്നു. അവരുടെ കവിളുകളിൽ ചുളുക്കം ബാധിച്ചിരുന്നു, നരച്ച മുടികൾ മുഖത്തുനിന്നും പുറകിലേക്ക് ഒതുക്കിയിരുന്നു. അവർ അധികമൊന്നും സംസാരിച്ചിരുന്നില്ല, എന്നാൽ ഞാനും അച്ഛനും അമ്മയും ഒരിക്കൽ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അവർ മന്ത്രിച്ചു, "ഞാൻ ഒറ്റക്കല്ല, യേശു എന്റെ കൂടെയുണ്ട്."
തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ പ്രസ്താവന എന്നിൽ ആശ്ചര്യം ഉളവാക്കി. അവരുടെ ഭർത്താവ് ദീർഘ വർഷങ്ങൾ മുൻപ് മരിച്ചു, മക്കളാണെങ്കിൽ വളരെ ദൂരെയാണ് താമസിക്കുന്നത്. തൊണ്ണൂറ് വയസ്സിനോട് അടുക്കുന്ന അവർ, തന്റെ കിടക്കയിൽ, കഷ്ടിച്ച് നീങ്ങാൻ പോലും കഴിയാതെ ഒറ്റക്കാണ് കഴിയുന്നത്. എങ്കിലും താൻ ഒറ്റക്കല്ല എന്ന് പറയുവാൻ അവർക്ക് കഴിഞ്ഞു.
എന്റെ അമ്മായി യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചു: "ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു" (മത്തായി 28:20). യേശു തന്റെ ശിഷ്യന്മാരോട് ലോകത്തിലേക്ക് പോയി തന്റെ സുവിശേഷം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പഠിപ്പിച്ചപ്പോൾ ചെയ്തതുപോലെ, ക്രിസ്തുവിന്റെ ആത്മാവ് തന്നോട് കൂടെയുണ്ടെന്ന് അവർ അറിഞ്ഞിരുന്നു (വാ.19). പരിശുദ്ധാത്മാവ് ശിഷ്യന്മാരോട് കൂടെയും നമ്മോടു കൂടെയും ഉണ്ടാവുമെന്ന് യേശു പറഞ്ഞു (യോഹന്നാൻ 14:16-17).
എന്റെ അമ്മായി ആ വാഗ്ദത്തതിന്റെ യാഥാർഥ്യം അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അവൾ ആ കിടക്കയിൽ കിടക്കുമ്പോഴും പരിശുദ്ധാത്മാവ് തന്റെ ഉള്ളിൽ ഉണ്ട്. പരിശുദ്ധാത്മാവ് അനന്തരവളായ എന്നോട് ഈ സത്യം പങ്കുവയ്ക്കാൻ അവളെ ഉപയോഗിച്ചു.
ശക്തമായി പൂർത്തിയാക്കുക
എന്റെ നാൽപ്പത് മിനിറ്റ് വ്യായാമത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് ഞാൻ പ്രവേശിക്കുമ്പോൾ, എന്റെ പരിശീലകൻ നിർദ്ദേശിക്കും, "ശക്തമായി പൂർത്തിയാക്കുക!" എനിക്ക് അറിയാവുന്ന ഓരോ വ്യക്തിഗത പരിശീലകനോ ഗ്രൂപ്പ് ഫിറ്റ്നസ് ലീഡറോ വ്യായാമം അവസാനിപ്പിക്കുന്നതിന്റെ കുറച്ച് മിനിറ്റ് മുമ്പ് ഈ വാചകം ഉപയോഗിക്കുന്നു. വ്യായാമത്തിന്റെ അവസാനം തുടക്കംപോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് അവർക്കറിയാം. കുറച്ചുസമയം ചലനത്തിലായിരിക്കുമ്പോൾ തനിയെ വേഗത കുറയ്ക്കാനോ മന്ദഗതിയിലാക്കാനോ ആഗ്രഹിക്കുന്ന പ്രവണത മനുഷ്യശരീരത്തിനുണ്ടെന്ന് അവർക്ക് അറിയാം.
യേശുവുമായുള്ള നമ്മുടെ യാത്രയിലും ഇത് സത്യമാണ്. ജറുസലേമിലേക്ക് പോകുമ്പോൾ എഫെസോസിലെ സഭയിലെ മൂപ്പന്മാരോടു പൗലോസ് പറഞ്ഞു: അവിടെ ക്രിസ്തുവിന്റെ അപ്പോസ്തലനെന്ന നിലയിൽ പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായിരുന്നു എങ്കിലും, തനിക്ക് തന്റെ ദൗത്യം ശക്തമായി പൂർത്തിയാക്കേണ്ടതുണ്ട് (പ്രവൃ. 20: 17-24). പൗലോസ് തളർന്നില്ല, താൻ ആരംഭിച്ച യാത്ര പൂർത്തിയാക്കുകയും ദൈവം തന്നെ വിളിച്ച കാര്യം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം - "ദൈവകൃപയുടെ സുവിശേഷം" പറയാൻ (വാ. 24) അവൻ ശക്തമായി ആഗ്രഹിച്ചു. ബുദ്ധിമുട്ട് അവനെ കാത്തിരിക്കുകയാണെങ്കിൽപ്പോലും (വാ. 23), അവൻ തന്റെ ഫിനിഷിങ്ങ് ലൈനിലേക്ക് ഓടിക്കൊണ്ടിരിക്കുവാൻ ശ്രദ്ധിക്കുകയും തന്റെ ഓട്ടത്തിൽ ഉറച്ചുനിൽക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
നാം നമ്മുടെ ശാരീരിക പേശികൾ ശക്തമാക്കാൻ വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവം നൽകിയ കഴിവുകൾ വികസിപ്പിച്ചെടുക്കുകയോ ചെയ്യുന്നുവെങ്കിൽ, ശക്തമായി പൂർത്തിയാക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തൽ നമുക്കും പ്രോത്സാഹജനകമാണ്. "മടുത്തുപോകരുത് " (ഗലാത്യർ 6: 9). ക്ഷീണിക്കരുത്. നിങ്ങളുടെ വേല ശക്തമായി പൂർത്തിയാക്കുവാൻ വേണ്ട ശക്തി ദൈവം നിങ്ങൾക്ക് നൽകും.
ജ്ഞാനമുള്ള ഉപദേശം
ഞാൻ സെമിനാരിയിൽ പഠിച്ചിരുന്നപ്പോൾ ഞാൻ മുഴുവൻ സമയം ജോലിക്കാരനായിരുന്നു. പുറമെ ചാപ്ലിൻ ൻ്റെ ക്രമവും ഒരു സഭയിലെ ഇന്റേൺഷിപ്പും ഉണ്ടായിരുന്നു. തിരക്കായിരുന്നു എനിക്ക്. എന്റെ പിതാവ് എന്നെ സന്ദർശിച്ചപ്പോൾ പറഞ്ഞു: “ഇങ്ങനെയായാൽ നീ മാനസികമായി തകർന്നു പോകും.” ഈ തലമുറയെ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടും ഒരു ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നതിനെക്കുറിച്ച് അറിയാത്തതു കൊണ്ടുമാണ് അദ്ദേഹം അങ്ങനെ പറയുന്നത് എന്ന് ചിന്തിച്ച് ഞാൻ ആ മുന്നറിയിപ്പിനെ അവഗണിച്ചു.
ഞാൻ തകർന്നൊന്നും പോയില്ല. എന്നാൽ വിരസവും മനം മടുപ്പിക്കുന്നതുമായ തിരക്ക് എന്നെ മാനസികമായി തളർത്തുവാനിടയായി. അതിനു ശേഷം, ഞാൻ മുന്നറിയിപ്പുകൾ -പ്രത്യേകിച്ച് പ്രിയപ്പെട്ടവർ നല്കുന്നത്-ഒന്നും അവഗണിക്കാറില്ല.
ഇത് മോശയുടെ ജീവിതം എന്നെ ഓർമിപ്പിക്കുന്നു. അദ്ദേഹവും യിസ്രായേലിന്റെ ന്യായാധിപൻ എന്ന നിലയിൽ അത്യധ്വാനം ചെയ്യുകയായിരുന്നു (പുറപ്പാട് 18:13). പക്ഷെ, അദ്ദേഹം തന്റെ ഭാര്യാപിതാവിന്റെ മുന്നറിയിപ്പിന് ചെവി കൊടുത്തു (വാ.17-18). യിത്രോക്ക് അവരുടെ കാര്യങ്ങളിൽ ഗ്രാഹ്യമില്ലായിരുന്നെങ്കിലും മോശെയെയും കുടുംബത്തെയും അവൻ സ്നേഹിച്ചിരുന്നതിനാൽ അവർ അഭിമുഖീകരിക്കുന്ന പ്രയാസം തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ടാകാം മോശെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവി കൊടുത്തത്. മോശെ, ചെറിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ “പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽ നിന്നും” നിയമിക്കുകയും പ്രയാസമുളള പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുകയും ചെയ്തു (വാ. 21, 22). യിത്രോയുടെ വാക്ക് കേട്ടതിനാൽ, ജോലി ക്രമീകരിക്കാനും, മറ്റുള്ളവരെ ഉൾപ്പെടുത്തി അമിതഭാരം കുറക്കാനും തളരാതെ മുന്നോട്ടു പോകാനും മോശെക്ക് കഴിഞ്ഞു.
നമ്മിൽ പലരും ദൈവത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയും മററുള്ളവർക്കു വേണ്ടിയുമുള്ള അദ്ധ്വാനം ഗൗരവമായും തീവ്രമായും ചെയ്യുന്നവരാണ്. എന്നിരുന്നാലും നമ്മുടെ വിശ്വസ്തരായ പ്രിയപ്പെട്ടവരുടെ ഉപദേശം ശ്രദ്ധിക്കുന്നതും നാം ചെയ്യുന്നതിലെല്ലാം ദൈവത്തിന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കുന്നതും ആവശ്യമാണ്.
നമ്മുടെ സമയത്തെ വീണ്ടെടുക്കുക
1960-കളിൽ എന്റെ അച്ഛനെ വിവാഹം കഴിക്കാനായി താൻ കോളേജിൽ ചേരാതിരിക്കുവാൻ തീരുമാനിച്ചതെങ്ങനെയെന്ന് എന്റെ അമ്മ എന്നോട് പങ്കുവച്ചു.പക്ഷേ, ഒരു ഗാർഹിക സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ആകാനുള്ള മോഹം താൻഎപ്പോഴും അടക്കിപ്പിടിച്ചു. മുന്നു കുഞ്ഞുങ്ങൾക്ക് ശേഷം, ഒരു കോളേജ് ബിരുധം കരസ്ഥമാക്കിയില്ലെങ്കിലും,താൻഒരു സർക്കാർ സ്ഥാപനത്തിലെ ന്യൂട്രീഷ്യന്റെ സഹായി ആയിത്തീർന്നു. ആരോഗ്യകരമായ ഭക്ഷണ രീതികൾ കാണിച്ചു കൊടുക്കുവാൻതാൻആഹാരം പാകം ചെയ്തു - ഒരു ഗാർഹിക സാമ്പത്തിക ശാസ്ത്ര അദ്ധ്യാപികയെ പോലെ. തന്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ച് താൻതന്റെ സ്വപ്നങ്ങൾ എന്നോട് പങ്കിട്ടപ്പോൾ, ദൈവം തീർച്ചയായും തന്റെപ്രാർത്ഥനകൾ കേട്ടെന്നും തന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ തനിക്ക് നൽകിയെന്നും താൻപ്രസ്ഥാവിച്ചു.
ജീവിതം അങ്ങനെയാകാം. നമ്മുടെ ആഗ്രഹം ഒരു ദിശയിലേക്ക് വിരൽ ചൂണ്ടുന്നു, എന്നാൽ യാഥാർത്ഥ്യം മറ്റൊരു വഴിയിൽ പോകുന്നു. എന്നാൽ ദൈവത്തോടൊപ്പംനാം നിലനിന്നാൽ, നമ്മുടെ സമയവും ജീവിതവും, തന്റെ അനുകമ്പയുടെയും സ്നേഹത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും മനോഹര പ്രദർശനങ്ങളാക്കി മാറ്റാൻ സാധിക്കും. "വെട്ടുക്കിളി”കളാൽ(യോവേൽ 2:25) നഷ്ട്ടപ്പെട്ടതോ നശിച്ചതോ ആയ സംവത്സരങ്ങൾക്കു താൻ "പകരം നൽകും" (2:21) എന്നു ദൈവം യഹൂദാജനത്തോട് പറഞ്ഞു.നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലും പൂർത്തകരിക്കപ്പെടാത്ത സ്വപ്നങ്ങളിലും നമ്മെ സഹായിക്കുവാൻ അവിടുന്ന് തുടർന്നും പ്രവർത്തിക്കുന്നു. തനിക്കു വേണ്ടിയുള്ള നമ്മുടെ ത്യാഗങ്ങളെ ആദരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്ന വീണ്ടെടുപ്പുകാരനായ ദൈവത്തെയാണ് നാംസേവിക്കുന്നത് (മത്തായി 19:29).
വിനാശകരമായ വെല്ലുവിളിയെ നേരിടുകയാണെങ്കിലും,യാഥാർത്ഥ്യമാകാത്ത സ്വപ്നങ്ങളുടെ സമയമായാലും, പുനരുദ്ധരിക്കുന്നദൈവത്തെ നമുക്ക് വിളിക്കുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യാം.
നേതാവിനെ പിന്തുടരുക
വാക്കുകളില്ല. സംഗീതവും ചലനവും മാത്രം. കോവിഡ് -19 മഹാമാരിക്കിടയിൽ ഇരുപത്തിനാല് മണിക്കൂർ നീണ്ട സുംബാ മാരത്തണിൽ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് അണിചേരുകയും ഇന്ത്യ, ചൈന, മെക്സിക്കോ, അമേരിക്ക, ദക്ഷിണാഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നീ പല സ്ഥലങ്ങളിൽ നിന്നുള്ളഇൻസ്ട്രക്റ്റർമാരെപിന്തുടരുകയും ചെയ്തു. വിഭിന്നപ്രദേശങ്ങളിലുള്ളവ്യക്തികൾക്ക് ഭാഷാ തടസ്സമില്ലാതെ ഒരുമിച്ച് സുംബാ വ്യായാമമുറകൾ ചെയ്യുവാൻ കഴിഞ്ഞു. കാരണം, 1990-കളുടെ മദ്ധ്യത്തിൽ ഒരു കൊളംബിയൻ എയ്റോബിക്സ് പരിശീലകൻ വികസിപ്പിച്ച പ്രത്യേകതരം സുംബ വ്യായാമങ്ങൾ, ആശയവിനിമയത്തിനായിവാക്കേതര സൂചനകൾ മാത്രം ഉപയോഗിക്കുന്നു. ക്ലാസ് ഇൻസ്ട്രക്ടർമാർ സുംബ വ്യായാമം ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ അവരെ പിന്തുടരുന്നു. വാക്കുകളോ ഉച്ചത്തിലുള്ള സംഭാഷണങ്ങളോ ഇല്ലാതെ അവർക്കതു പിന്തുടരാനാവും.
വാക്കുകൾ ചിലപ്പോൾ ആശയവിനിമയത്തിനു തടസ്സമാകും. പൗലോസിന്റെ കൊരിന്ത്യർക്കുള്ളആദ്യ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, കൊരിന്ത്യർ അനുഭവിച്ചതുപോലുള്ള ആശയക്കുഴപ്പത്തിന് അവ കാരണമായേക്കാം. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കു വ്യത്യസ്ത വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ചുള്ളതർക്കം വളരെ ആശയക്കുഴപ്പമുണ്ടാക്കി (1 കൊരിന്ത്യർ 10: 27-30). എന്നാൽ നമ്മുടെ ശരിയായ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളെയും ആശയക്കുഴപ്പങ്ങളെയും മറികടക്കുവാൻ കഴിയും. ഇന്നത്തെവായനാഭാഗത്തിൽ പൗലോസ് പറയുന്നതു പോലെ, "മററുള്ളവരുടെഗുണത്തിനുവേണ്ടിയുള്ള "നമ്മുടെപ്രവൃത്തിയിലൂടെയേശുവിനെ എങ്ങനെ പിന്തുടരാം എന്ന് നാം ആളുകളെ കാണിക്കണം (10: 32-33). നാം “ക്രിസ്തുവിന്റെ മാതൃക പിന്തുടരുമ്പോൾ”(11: 1), അവനിൽ വിശ്വസിക്കുവാൻ നാം ലോകത്തെ ക്ഷണിക്കുന്നു.
ഒരാൾ പറഞ്ഞതുപോലെ, “ സുവിശേഷംഎപ്പോഴും പ്രസംഗിക്കുക. അത്യാവശ്യമുള്ളപ്പോൾമാത്രം വാക്കുകൾ ഉപയോഗിക്കുക. ”നാം യേശുവിന്റെ മാർഗ്ഗം പിന്തുടരുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ സത്യം മറ്റുള്ളവർക്കു മനസ്സിലാകുവാൻ, അവൻ നമ്മുടെ പ്രവൃത്തികളെ നയിക്കട്ടെ. നമ്മുടെ വാക്കുകളും പ്രവൃത്തികളും എല്ലാം "ദൈവത്തിന്റെ മഹത്വത്തിനായി തീരട്ടെ" (10:31).
കുശവന്റെ ചക്രം
1952ൽ ഒരു കടയുടമ അശ്രദ്ധരായ ആളുകൾ കടയിലെ സാധങ്ങൾ പൊട്ടിക്കുന്നുത് തടയാനായി ഇങ്ങനെ ഒരു ബോർഡ് വെച്ചു: “നിങ്ങൾ പൊട്ടിക്കുന്നത് നിങ്ങൾ വാങ്ങുക" (You break it, you buy it). ആകർഷകമായ ഈ വാചകം സാധനം വാങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പായി മാറി. ഇതു പോലുള്ള മുന്നറിയിപ്പുകൾ ഇപ്പോൾ പല വ്യാപാരശാലകളിലും കാണാം.
യഥാർത്ഥ കുശവന്റെ കടയിൽ വിരോധാഭാസം പോലെ മറ്റൊരു സൂചന വെക്കാം. “നിങ്ങൾ ഇത് പൊട്ടിച്ചാൽ ഞങ്ങളതിനെ മികച്ച മറ്റെന്തെങ്കിലും ആക്കാം.” അത് തന്നെയാണ് യിരമ്യാവ് 18ൽ വെളിപ്പെടുത്തിയിരിക്കുന്നത്.
യിരമ്യാവ് കുശവന്റെ വീട് സന്ദർശിച്ചു, അവിടെ കുശവൻ "ഉടഞ്ഞുപോയ" കളിമണ്ണ് ശ്രദ്ധയോടെ മെനഞ്ഞു “മറ്റൊരു പാത്രമാക്കിത്തീർത്തു“(വാ. 4) എന്ന് കണ്ടു. ദൈവം ഒരു വിദഗ്ദനായ കുശവൻ ആണെന്നും, നമ്മൾ കളിമണ്ണാണെന്നും പ്രവാചകൻ ഓർമ്മിപ്പിക്കുന്നു. ദൈവം സർവ്വശക്തനായതുകൊണ്ട് താൻ നിർമ്മച്ചതിനെ ഉപയോഗിച്ച് തിന്മയെ നശിപ്പിക്കാനും നമ്മിൽ സൗന്ദര്യം ഉണ്ടാക്കുവാനും കഴിയും.
തകർന്നോ ഉടഞ്ഞോ ഇരിക്കുമ്പോഴും ദൈവത്തിനു നമ്മളെ പണിയാൻ കഴിയും. വിദഗ്ദ്ധ കുശവാനായ അവിടുന്ന്, നമ്മുടെ തകർന്ന കഷണങ്ങളിൽ നിന്നും പുതിയ അമൂല്യമായ പാത്രം ഉണ്ടാക്കുവാൻ കഴിയുന്നവനും അങ്ങനെ ചെയ്യാൻ തയ്യാറുള്ളവനുമാണ്. നമ്മുടെ തകർന്ന ജീവിതങ്ങളെ, കുറ്റങ്ങളെ, മുൻ പാപങ്ങളെ ഒന്നും ഉപയോഗശൂന്യമായ വസ്തുക്കളായി അവിടുന്ന് കാണുന്നില്ല. പകരം അവിടുന്ന് നമ്മുടെ പൊട്ടിയ കഷണങ്ങളെ എടുത്ത് ഏറ്റവും മികച്ചതെന്ന് തനിക്ക് തോന്നുന്നതുപോലെ രൂപാന്തരം വരുത്തുന്നു.
നമ്മുടെ തകർന്ന അവസ്ഥയിലും നമ്മുടെ വിദഗ്‌ദ്ധ കുശവനു നാം ഉന്നത മൂല്യമുള്ളവരാണ്. നമ്മുടെ തകർന്ന ജീവിതങ്ങൾ അവിടുത്തെ കരത്തിൽ, അവിടുത്തേക്ക് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ മനോഹര പാത്രങ്ങളായി രൂപപ്പെടുത്താൻ കഴിയും. (വാ.4).
എച്ച് എ സ്കെച്ച് പാപമോചനം
ആ ചെറിയ ചുവന്ന ചതുരപ്പെട്ടി മാന്ത്രികമായിരുന്നു. കുട്ടിയായിരുന്നപ്പോൾ അതുമായി മണിക്കൂറുകൾ ഞാൻ കളിക്കുമായിരുന്നു. അതിലെ ഒരു നോബ് തിരിക്കുമ്പോൾ സ്ക്രീനിൽ എനിക്ക് തിരശ്ചീന രേഖകൾ ഉണ്ടാക്കാം. മറ്റേ നോബ് തിരിക്കൂ— ഇതാ ലംബ രേഖ. രണ്ടു നോബുകളും ഒരുമിച്ച് തിരിച്ചാൽ എനിക്ക് കോണോടുകോൺ, വൃത്തങ്ങൾ,ഡിസൈനുകൾ എന്നിയൊക്കെ നിർമ്മിക്കാമായിരുന്നു. എച്ച് എ സ്കെച്ച് കളിപ്പാട്ടം തലകീഴായി പിടിച്ചു ചെറുതായി കുലുക്കുമ്പോഴാണ് യഥാർത്ഥ മാജിക്ക് വരുന്നത്. പുതിയൊരു ഡിസൈൻ നിർമ്മിക്കാൻ അവ്സരം നൽകി ഒരു ശൂന്യമായ സ്ക്രീൻ പ്രത്യക്ഷപ്പെടുന്നു.
ദൈവത്തിന്റെ പാപക്ഷമ പ്രവർത്തിക്കുന്നത് എച്ച് എ സ്കെച്ച് പോലെയാണ്. അവൻ നമ്മുടെ പാപങ്ങളെ തുടച്ചു നീക്കി നമുക്കായ് ഒരു വെടിപ്പുള്ള ക്യാൻവാസ് സൃഷ്ടിക്കുന്നു. ചെയ്ത തെറ്റുകളെ നാം ഓർത്താലും ദൈവം പൊറുക്കാനും മറക്കാനും തീരുമാനിക്കുന്നു. നമ്മുടെ പാപങ്ങളെ കണക്കിടുന്നില്ല, അവൻ അത് തുടച്ചു കളഞ്ഞു. അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല (സങ്കീർത്തനങ്ങൾ 103:10) പകരം പാപക്ഷമയിലൂടെ കൃപ ലഭിക്കുമാറാക്കുന്നു. നമുക്ക് വൃത്തിയുള്ള ഒരു എഴുത്തുപലകയുണ്ട്—നാം ദൈവത്തിന്റെ ക്ഷമയെ അന്വേഷിക്കുമ്പോൾ പുതിയൊരു ജീവിതം നമ്മെ കാത്തിരിക്കുന്നു. അവന്റെ നമ്മോടുള്ള അത്ഭുതകരമായ ദാനം നിമിത്തം നമുക്ക് കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും വിടുതൽ പ്രാപിക്കാം.
ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു (വാ. 12). അത് നിങ്ങൾക്ക് എത്താവുന്നതിലും അകലെയാണ്! ദൈവത്തിന്റെ ദൃഷ്ടിയിൽ, കടും ചുവപ്പ് അക്ഷരങ്ങൾ പോലെയോ ഒരു മോശം ചിത്രം പോലെയോ നമ്മുടെ പാപങ്ങൾ ഇനി നമ്മിൽ ഒട്ടി നിൽക്കുന്നില്ല. തന്റെ അത്ഭുതകരമായ കൃപയ്ക്കും കരുണക്കും ദൈവത്തിനു നന്ദി പറയുവാനും അവനിൽ സന്തോഷിക്കുവാനുമുള്ള കാരണമാണത്.