കൗമാരത്തിലെ വിശ്വസം.
മാതാപിതാക്കളിലും മക്കളിലും ഒരുപോലെ ഉത്കണ്ഠ ഉളവാക്കുന്ന ഒരു കാലഘട്ടമാണ് കൗമാരപ്രായം. എന്റെ കൗമാര പ്രായത്തിൽ എന്റെ മാതാവിൽ നിന്നും "വിഭിന്നയായ ഒരു വ്യക്തിയാകുവാൻ" ഞാൻ അവർ പറഞ്ഞ മൂല്യങ്ങളെയും നിയമങ്ങളെയും പൂർണ്ണമായും തള്ളിക്കളഞ്ഞു. അവയെല്ലാം എന്റെ ജീവിതം ദുരിതപൂർണ്ണമാക്കും എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഈ കാര്യങ്ങളൊക്കെ അംഗീകരിക്കേണ്ടി വന്നെങ്കിലും ആ പ്രത്യേക സമയം ഞങ്ങളിൽ പിരിമുറുക്കം ഉളവാക്കി. എന്നിലെ നിഷേധ സ്വഭാവം എന്നിൽ മാനസികവും ശാരീരികവുമായ വേദന ഉളവാക്കും എന്നറിയാവുന്നതിനാൽ എന്റെ മാതാവ് എന്നെയോർത്തു വിലപിക്കുമായിരുന്നു.
ദൈവത്തിനും അവിടുത്തെ മക്കളായ ഇസ്രയേലിനോട് ഇതേ ഹൃദയമാണുള്ളത്. പത്തു കല്പനകളിലൂടെ ജീവിക്കുവാനാവശ്യമായ ജ്ഞാനം ദൈവം അവർക്ക് പകർന്ന് നൽകി ( ആവർത്തനം 5:7-21). ഇതിനെ ഒരു കൂട്ടം നിയമങ്ങളായി കാണാമെങ്കിലും "അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ" എന്ന് ദൈവം മോശെയോടു സംസാരിച്ചതിലൂടെ അവിടുത്തെ ഉദ്ദേശം വ്യക്തമാകുന്നു. ദൈവത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ മോശെ, ദൈവകല്പന അനുസരിക്കുന്നതിലൂടെ അവരുടെ വാഗ്ദത്ത ദേശത്തു ദൈവസാന്നിധ്യം ആസ്വദിക്കുവാൻ കഴിയും എന്ന് പറയുന്നു ( വാ.33).
നമ്മുടെ നന്മക്കായുള്ള അവിടെത്തെ നിർദ്ദേശങ്ങളെ ആശ്രയിക്കാതെ നാമെല്ലാവരും ദൈവത്തോടൊപ്പം ഒരു "കൗമാരകാലത്തിലൂടെ" പോയിട്ടുണ്ട്. നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ചത് എന്താണ് എന്ന് അവിടുന്ന് അറിയുന്നതിനാൽ അവിടുന്നു നൽകുന്ന ജ്ഞാനത്തിൽ ആശ്രയിക്കുവാൻ നമുക്ക് വളരാം. നാം യേശുവിനെപ്പോലെ ആയിത്തീരുന്ന ഒരു ആത്മീയ പക്വതയിലേക്കാണ് അവിടുത്തെ നിർദ്ദേശങ്ങൾ നമ്മെ നയിക്കുന്നത് ( സങ്കീർത്തനം 119:97-104;എഫെസ്യർ 4:15, 2 പത്രോസ് 3:18).
ബൈബിളിന്റെ വലിയ കഥ
കോളിൻ താൻ വാങ്ങിയ സ്‌റ്റെയിൻഡ്-ഗ്ലാസ് കഷണങ്ങളുടെ പെട്ടി തുറന്നപ്പോൾ, ഒരു പ്രോജക്ടിനായി താൻ ഓർഡർ ചെയ്ത ചില്ലു കഷണങ്ങൾക്കു പകരം, കേടുവരാത്ത മുഴു ജനാലകളാണ് അതിലുണ്ടായിരുന്നത്. ഒരു പള്ളിയുടെ യഥാർത്ഥ ജനാലകളാണ് അവയെന്നും രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനായി പള്ളിയിൽ നിന്ന് നീക്കം ചെയ്തവയാണെന്നും അയാൾ മനസ്സിലാക്കി. ചിത്രങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് കൊളിൻ അത്ഭുതപ്പെടുകയും ആ മനോഹരമായ ''കഷണങ്ങൾ'' എങ്ങനെ മനോഹരമായ ഒരു ചിത്രം സൃഷ്ടിക്കും എന്നതിനെക്കുറിച്ചും ചിന്തിക്കുകയും ചെയ്തു.
സത്യസന്ധമായി പറയുകയാണെങ്കിൽ, ബൈബിളിലെ ചില പ്രത്യേക ഭാഗങ്ങൾ ഞാൻ തുറക്കുകയും - പ്രത്യേകിച്ചും വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന അധ്യായങ്ങൾ - അവ തിരുവെഴുത്തിന്റെ വലിയ ചിത്രത്തിനുള്ളിൽ എങ്ങനെ യോജിക്കുന്നുവെന്ന് പെട്ടെന്ന് കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഉല്പത്തി 11 അത്തരത്തിലുള്ള ഒരു അധ്യായമാണ് - ശേം, ശേലാ, ഏബെർ, നാഹോർ, തേരഹ് (വാ. 10-32) തുടങ്ങിയ അപരിചിതമായ പേരുകളും അവരുടെ കുടുംബങ്ങളെയും കുറിച്ച് ആവർത്തിച്ചു പറയുന്ന ഇത്തരം ഭാഗങ്ങളിൽ, അവ വിട്ടിട്ട് കൂടുതൽ പരിചിതവും ബൈബിളിന്റെ ആഖ്യാനം സംബന്ധിച്ചുള്ള എന്റെ അറിവിന്റെ ''ജാലക''ത്തിലേക്ക് എളുപ്പത്തിൽ യോജിക്കുന്നതുമായ എന്തെങ്കിലും ഉള്ള ഒരു ഭാഗത്തേക്ക് പോകാൻ ഞാൻ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടാറുണ്ട്.
''എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും ... പ്രയോജനമുള്ളതും'' (2 തിമൊഥെയൊസ് 3:16) ആയതിനാൽ, ഒരു ഭാഗം എങ്ങനെയാണ് മുഴു കഥയിലും യോജിക്കുന്നതെന്നു നന്നായി മനസ്സിലാക്കുന്നതിനു നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവിനു കഴിയും. ഉദാഹരണത്തിന്, ദാവീദിന്റെയും - അതിലും പ്രധാനമായി - യേശുവിന്റെയും (മത്തായി 1:2, 6, 16) പൂർവ്വപിതാവായ അബ്രഹാം എങ്ങനെയാണ് ശേലയുമായി ബന്ധപ്പെട്ടിരിക്കുന്നത് (ഉല്പത്തി 11:12-26) എന്നു കാണാൻ പരിശുദ്ധാത്മാവ് നമ്മുടെ കണ്ണുകളെ തുറക്കുന്നു. ബൈബിളിലുടനീളം ദൈവത്തിന്റെ ദൗത്യത്തിന്റെ കഥയെ ചെറിയ ഭാഗങ്ങൾകൊണ്ടു പോലും വെളിപ്പെടുത്തുന്ന, തികച്ചും കേടുപാടുകൾ സംഭവിക്കാത്ത ഒരു ജനാലയുടെ നിധി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നതിൽ ദൈവം സന്തോഷിക്കുന്നു.
മറ്റുള്ളവരിലേക്കു കൃപ പകരുക
ഞങ്ങളുടെ മകനെ ഞങ്ങൾ ദത്തെടുക്കുന്നതിനുമുമ്പ്, അവന്റെ ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ ഒരു ചിൽഡ്രൻസ് ഹോമിലാണ് ചെലവഴിച്ചത്. വീട്ടിലേക്കു പോകാനായി ആ തകർന്ന കെട്ടിടം വിടുന്നതിനുമുമ്പ്, അവന്റെ സാധനങ്ങൾ എടുക്കാൻ ഞങ്ങളവനോടു പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, അവന് ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ അവനുവേണ്ടി കൊണ്ടുവന്ന പുതിയ വസ്ത്രങ്ങൾ അവൻ ധരിക്കുകയും മറ്റു കുട്ടികൾക്കായി കുറച്ചു വസ്ത്രങ്ങൾ നൽകുകയും ചെയ്തു. അവന്റെ കുറവുള്ള അവസ്ഥ എന്നെ ദുഃഖിതയാക്കിയെങ്കിലും, അവന്റെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവനെ സഹായിക്കാൻ ഞങ്ങൾക്കിപ്പോൾ കഴിയും എന്നതിൽ ഞാൻ സന്തോഷിച്ചു.
കുറച്ചു വർഷങ്ങൾക്കു ശേഷം, ഒരു വ്യക്തി, ഞെരുക്കത്തിലിരിക്കുന്ന കുടുംബങ്ങൾക്കായി സംഭാവന ചോദിക്കുന്നത് ഞങ്ങൾ കണ്ടു. അവരെ സഹായിക്കുന്നതിനായി തന്റെ സ്റ്റഫ് ചെയ്ത മൃഗങ്ങളെയും കുറച്ച് നാണയങ്ങളും ദാനം ചെയ്യാൻ എന്റെ മകൻ ഉത്സുകനായിരുന്നു. അവന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, തന്റെ വസ്തുവകകൾ മുറുകെ പിടിക്കാനുള്ള പ്രവണതയാണ് അവൻ കാണിക്കേണ്ടിയിരുന്നത്.
അവന്റെ ഉദാരമായ പ്രതികരണത്തിന്റെ കാരണം, ആദ്യകാല സഭയുടേതിനു സമാനമാണെന്ന് ഞാൻ കരുതുന്നു: ''എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു'' എന്നതിനാൽ അവരുടെ ഇടയിൽ ആവശ്യക്കാർ ആരുമുണ്ടായിരുന്നില്ല (പ്രവൃ. 4:33-34). പരസ്പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകൾ സ്വന്തം സ്വത്തുക്കൾ മനപ്പൂർവ്വമായി വിറ്റു.
മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് - ഭൗതികമോ അദൃശ്യമോ ആയ - നാം ബോധവാന്മാരാകുമ്പോൾ, ഭൗതികമായാലും അദൃശ്യമായാലും, അവർ ചെയ്തതുപോലെ നാം പ്രതികരിക്കുകയും ആവശ്യമുള്ളവർക്ക് മനപ്പൂർവ്വം നൽകുകയും ചെയ്യുന്നതിനായി ദൈവകൃപ നമ്മിലും ശക്തമായി പ്രവർത്തിക്കട്ടെ. ''ഏകഹൃദയവും ഏകമനസ്സും ഉള്ള'' (വാ. 32) യേശുവിലുള്ള സഹവിശ്വാസികളെന്ന നിലയിൽ ദൈവത്തിന്റെ കൃപയുടെ പാത്രങ്ങളാകാൻ ഇതു നമ്മെ സഹായിക്കും.
നമ്മുടെ വിശ്വാസം പങ്കിടുന്നതിലെ ''എന്ത്''
പരസ്യമായി സംസാരിക്കാനുള്ള ഭയത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഉപദേശം തേടുന്നതിനായി മഹേഷ് എന്റെയടുത്തെത്തി. മറ്റു പലരെയും പോലെ, അവന്റെ ഹൃദയം ശക്തിയായി മിടിക്കും, അവന്റെ തൊണ്ട വരളും, അവന്റെ മുഖം കഠനിമായി ചുവക്കും. ആളുകള്‍ക്കുള്ള സാമൂഹിക ഭയങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ഗ്ലോസോഫോബിയ - പരസ്യമായി സംസാരിക്കുന്നതിനെ മരണത്തേക്കാള്‍ തങ്ങള്‍ ഭയപ്പെടുന്നുവെന്ന് പലരും തമാശ പറയാറുണ്ട്! നന്നായി ''പ്രകടനം'' കാഴ്ചവയ്ക്കാന്‍ കഴിയാത്ത ഈ ഭയത്തെ അതിജീവിക്കുന്നതിനു മഹേഷിനെ സഹായിക്കാനായി, അവന്‍ എത്ര നന്നായി തന്റെ സന്ദേശം അവതരിപ്പിക്കുന്നു എന്നതിനെക്കാള്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ മഹേഷിനെ ഉപദേശിച്ചു.
ഒരു കാര്യം പങ്കിടുന്നതിനുള്ള കഴിവിനെക്കാള്‍, എന്തു പങ്കിടുന്നു എന്നതിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത്, മറ്റുള്ളവര്‍ക്കു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നതില്‍ പൗലൊസ് സ്വീകരിച്ച സമീപനത്തിനു സമാനമാണ്. കൊരിന്തിലെ സഭയ്ക്കു ലേഖനമെഴുതിയപ്പോള്‍, തന്റെ സന്ദേശവും പ്രസംഗവും ''ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല'' (1 കൊരിന്ത്യര്‍ 2:4) എന്നു പൗലൊസ് എഴുതി. പകരം, യേശുക്രിസ്തുവിന്റെ സത്യത്തിലും അവിടുത്തെ ക്രൂശീകരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും (വാ. 2), ഒരു പ്രഭാഷകനെന്ന നിലയില്‍ തന്റെ വാചാലതയിലല്ല, തന്റെ വാക്കുകളെ ശക്തീകരിക്കാന്‍ പരിശുദ്ധാത്മാവിനെ ആശ്രയിച്ചുകൊണ്ടുമാണ് പൗലൊസ് ശുശ്രൂഷ നിര്‍വഹിച്ചത്.
നാം ദൈവത്തെ വ്യക്തിപരമായി അറിയുമ്പോള്‍, ദൈവത്തെക്കുറിച്ചു നമുക്കു ചുറ്റുമുള്ളവരുമായി പങ്കിടാന്‍ നാം ആഗ്രഹിക്കും. എന്നിട്ടും, അതു ശരിയായി അവതരിപ്പിക്കാതിരിക്കാന്‍ കഴിയുമോ എന്നു ഭയപ്പെട്ട് - ശരിയായ വാക്കുകള്‍ കിട്ടുമോ എന്നു ഭയന്ന് - നാം ചിലപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. പകരം നാം ''എന്തു'' പറയുന്നു എന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ - ദൈവം ആരാണെന്നുള്ള സത്യവും അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികളും - പൗലൊസിനെപ്പോലെ നമുക്കും, നമ്മുടെ വാക്കുകളെ ശാക്തീകരിക്കാന്‍ ദൈവത്തിലാശ്രയിക്കാന്‍ കഴിയും. അങ്ങനെ ഭയമോ വിമുഖതയോ കൂടാതെ സുവിശേഷം പങ്കുവെയ്ക്കാന്‍ നമുക്കു കഴിയും.
ആത്മീയ പക്വതയിലേക്കു നീങ്ങുക
പ്രായപൂര്‍ത്തിയാകുന്നത് ഏതു പ്രായത്തിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്ന്, അടുത്തയിടെ നടത്തിയ ഒരു സര്‍വേയില്‍ ആളുകളോടു ചോദിച്ചു. തങ്ങള്‍ക്കു പ്രായപൂര്‍ത്തിയായി എന്നു സ്വയം കരുതുന്നവര്‍, തങ്ങളുടെ ബോധ്യത്തിന്റെ തെളിവായി ചില പ്രത്യേക പെരുമാറ്റങ്ങളെ ചൂണ്ടിക്കാണിച്ചു. 'പ്രായപൂര്‍ത്തിയായതിന്റെ' ഏറ്റവും മികച്ച തെളിവ്, സ്വന്തമായി ബജറ്റ് ഉള്ളതും വീടു വാങ്ങുന്നതും ആയിരുന്നു. മറ്റുള്ളവ, സ്വയം ഭക്ഷണം പാകം ചെയ്യുക, മെഡിക്കല്‍ അപ്പോയ്ന്റ്‌മെന്റ്‌സ് സ്വയം ചെയ്യുക, ഡിന്നറിനു സ്‌നാക്‌സ് മതിയെന്നു തീരുമാനിക്കാനുള്ള നര്‍മ്മബോധം, രാത്രിയില്‍ ഏകനായി ചുറ്റിയടിക്കാന്‍ പോകാനുള്ള ആവേശം എന്നിവയായിരുന്നു.
ആത്മീയ പക്വതയിലേക്കു നാം വളരണമെന്നു ബൈബിള്‍ പറയുന്നു. 'തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുക'' എന്നുത്സാഹിപ്പിച്ചുകൊണ്ട് പൗലൊസ് എഫെസൊസിലെ സഭയ്ക്ക് ഒരു കത്തെഴുതി (എഫെസ്യര്‍ 4:13). വിശ്വാസത്തില്‍ നാം 'ശിശുക്കള്‍' ആയിരിക്കുമ്പോള്‍ 'ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍'' നാം ഉഴന്നുപോകും (വാ. 14), ഇതു പലപ്പോഴും നമ്മുടെയിടയില്‍ ഭിന്നതയുണ്ടാക്കുന്നു. പകരം, സത്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ നാം വളര്‍ച്ച പ്രാപിക്കുമ്പോള്‍, ക്രിസ്തു എന്ന തലയുടെ' (വാ. 15) കീഴില്‍ ഏകശരീരമായി പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയും.
അവിടുന്ന് ആരാണെന്നു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനു ദൈവം തന്റെ ആത്മാവിനെ നമുക്കു നല്‍കി (യോഹന്നാന്‍ 14:26). നമ്മുടെ വിശ്വാസത്തിന്റെ പക്വതയിലേക്കു നമ്മെ പഠിപ്പിക്കാനും നയിക്കാനും അവിടുന്നു ഇടയന്മാരെയും ഉപദേഷ്ടാക്കളെയും സജ്ജരാക്കുന്നു (എഫെസ്യര്‍ 4:11-12). ചില പ്രത്യേകതകള്‍ ശാരീരിക പക്വതയുടെ തെളിവുകളായിരിക്കുന്നതുപോലെ, അവിടുത്തെ ശരീരമെന്ന നിലയിലുള്ള നമ്മുടെ ആത്മീയ വളര്‍ച്ചയുടെ തെളിവ് നമ്മുടെ ഐക്യതയാണ്.
മഴവില്‍ പ്രഭാവലയം
ഒരു മലകയറ്റത്തിനിടയില്‍, താന്‍ നില്‍ക്കുന്നതിനു താഴെ മേഘങ്ങള്‍ ചലിക്കുന്നത് അഡ്രിയാന്‍ കണ്ടു. തനിക്കു പിന്നിലുള്ള സൂര്യന്‍, മലഞ്ചരിവില്‍ തന്റെ നിഴല്‍ വീഴ്ത്തിയതും ഒപ്പം ബ്രോക്കണ്‍ സ്‌പെക്ടര്‍ എന്നറിയപ്പെടുന്ന സുന്ദരമായ ഒരു പ്രഭാവലയം തനിക്കു ചുറ്റും വിരിയുന്നതും അഡ്രിയാന്‍ കണ്ടു. ഈ പ്രതിഭാസം ഒരു മഴവില്ലിന്റെ പ്രഭാവലയത്തോടു സാമ്യമുള്ളതാണ്, ഇതു വ്യക്തിയുടെ നിഴലിനെ പൊതിയുന്നു. സൂര്യപ്രകാശം താഴെയുള്ള മേഘങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോളാണ് ഇതു സംഭവിക്കുന്നത്. അഡ്രിയാന്‍ അതിനെ ഒരു 'മാന്ത്രിക' നിമിഷമായി വിശേഷിപ്പിച്ചു, അതവനെ വളരെയധികം സന്തോഷിപ്പിച്ചു.
ആദ്യത്തെ മഴവില്ലു കാണുന്നതു നോഹയ്ക്ക് എത്രത്തോളം അത്ഭുതകരമായിരുന്നെന്നു നമുക്കു ഊഹിക്കാനാകും. അവന്റെ കണ്ണുകള്‍ക്ക് ആനന്ദം എന്നതിലുപരിയായി, വക്രീകരിച്ച പ്രകാശവും തല്‍ഫലമായുണ്ടാകുന്ന വര്‍ണ്ണങ്ങളും ദൈവത്തില്‍നിന്നുള്ള ഒരു വാഗ്ദത്തത്തോടൊപ്പം വന്നു. വിനാശകരമായ ഒരു വെള്ളപ്പൊക്കത്തിനുശേഷം, നോഹയ്ക്കും അന്നുമുതല്‍ ജീവിച്ചിരിക്കുന്ന എല്ലാ 'ജീവജാലങ്ങള്‍ക്കും' ദൈവം ഉറപ്പുനല്‍കി, “ഇനി സകല ജഡത്തെയും നശിപ്പിക്കുവാന്‍ വെള്ളം ഒരു പ്രളയമായിത്തീരുകയുമില്ല'' (ഉല്പത്തി 9:15).
നമ്മുടെ ഭൂമി ഇപ്പോഴും വെള്ളപ്പൊക്കവും ഭയാനകമായ ദുരന്തങ്ങള്‍ക്കു കാരണമാകുന്ന മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവിക്കുന്നു. പക്ഷേ ലോകവ്യാപകമായ ജലപ്രളയത്തിലൂടെ ദൈവം ഭൂമിയെ ഒരിക്കലും ന്യായം വിധിക്കുകയില്ല എന്ന വാഗ്ദത്തമാണ് മഴവില്ല്. അവിടുത്തെ വിശ്വസ്തതയുടെ ഈ വാഗ്ദാനം, ഈ ഭൂമിയില്‍ വ്യക്തിപരമായ നഷ്ടങ്ങളും ശാരീരിക മരണവും - രോഗം, പ്രകൃതിദുരന്തം, തെറ്റായ പ്രവൃത്തികള്‍, അല്ലെങ്കില്‍ വാര്‍ദ്ധക്യം - അനുഭവിക്കുമെങ്കിലും, നാം നേരിടുന്ന പ്രതിസന്ധികളിലുടനീളം ദൈവം തന്റെ സ്‌നേഹവും സാന്നിധ്യവും ഉപയോഗിച്ച് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണിത്. വെള്ളത്തിലൂടെ വര്‍ണ്ണങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം, അവിടുത്തെ സ്വരൂപം വഹിക്കുകയും അവിടുത്തെ മഹത്വം മറ്റുള്ളവര്‍ക്കു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവരെക്കൊണ്ടു ഭൂമിയെ നിറയ്ക്കാനുള്ള അവിടുത്തെ വിശ്വസ്തതയുടെ ഓര്‍മ്മപ്പെടുത്തലാണ്.
നമ്മെച്ചൊല്ലി പാടുന്നു
ഒരു യുവാവ് തന്റെ ആണ്‍കുഞ്ഞിനെ കൈയ്യില്‍ പിടിച്ച്, അവനോടു പാടുകയും ശാന്തമായ താളത്തില്‍ അവനെ താരാട്ടുകയും ചെയ്തു. കുഞ്ഞിനു ശ്രവണവൈകല്യമുണ്ടായിരുന്നതിനാല്‍, ഈണമോ വാക്കുകളോ അതിനു കേള്‍ക്കാനായില്ല. എന്നിട്ടും പിതാവു തന്റെ മകനോടുള്ള മനോഹരവും ആര്‍ദ്രവുമായ സ്‌നേഹത്തോടെ പാടി. അദ്ദേഹത്തിന്റെ പരിശ്രമത്തിനുള്ള പ്രതിഫലം, ആ കുഞ്ഞിന്റെ സന്തോഷകരമായ പുഞ്ചിരിയായിരുന്നു.
പിതൃപുത്ര ആശയവിനിമയത്തിന്റെ ചിത്രം സെഫന്യാവിന്റെ വാക്കുകളുമായി തികച്ചും സാമ്യമുള്ളതാണ്. ദൈവം, തന്റെ പുത്രിയായ യെരൂശലേമിലെ ജനത്തെക്കുറിച്ചു സന്തോഷത്തോടെ പാടും എന്നാണു പഴയനിയമ പ്രവാചകന്‍ പറയുന്നത് (സെഫന്യാവ് 3:17). അവരുടെ ശിക്ഷകള്‍ എടുത്തുകളയുകയും അവരുടെ ശത്രുക്കളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള നല്ല കാര്യങ്ങള്‍ തന്റെ പ്രിയപ്പെട്ട ജനത്തിനുവേണ്ടി ചെയ്യുന്നതു ദൈവം ആസ്വദിക്കുന്നു (വാ. 15). അവര്‍ക്ക് ഇനി ഭയത്തിന് ഒരു കാരണവുമില്ലെന്നും മറിച്ചു സന്തോഷിക്കാന്‍ കാരണമുണ്ടെന്നും സെഫന്യാവു പറയുന്നു.
യേശുക്രിസ്തുവിന്റെ യാഗത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കളായ നാം ചിലപ്പോഴൊക്കെ കേള്‍വിയില്ലാത്തവരാകാറുണ്ട് - കേള്‍ക്കാന്‍ കഴിവില്ലാത്തവരോ, മനസ്സില്ലാത്തവരോ, അല്ലെങ്കില്‍ നമ്മോടു പാടാന്‍ ദൈവത്തെ പ്രേരിപ്പിക്കുന്ന അതിമനോഹരസ്‌നേഹത്തിലേക്കു ചെവി ട്യൂണ്‍ ചെയ്യാന്‍ കഴിയാത്തവരോ ആയി നാം മാറിയേക്കാം. ദൈവത്തിനു നമ്മോടുള്ള ആരാധന, കേള്‍ക്കാന്‍ കഴിവില്ലെങ്കിലും, തന്റെ മകനുവേണ്ടി സ്‌നേഹപൂര്‍വ്വം പാടുന്ന യുവാവായ പിതാവിനെപ്പോലെയാണ്. അവിടുന്നു നമ്മുടെ ശിക്ഷയും എടുത്തുകളഞ്ഞു, സന്തോഷിക്കാന്‍ കൂടുതല്‍ കാരണം നല്‍കുന്നു. അവിടുത്തെ ശബ്ദത്തില്‍ സന്തോഷം മുഴങ്ങുന്നതു കേള്‍ക്കാന്‍ ഒരുപക്ഷേ നാം കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പിതാവേ, അങ്ങയുടെ സ്‌നേഹനിര്‍ഭരമായ സംഗീതം കേള്‍ക്കാനും അങ്ങയുടെ കൈകളില്‍ ഞങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നത് ആസ്വദിക്കാനും ഞങ്ങളെ സഹായിക്കണമേ!
ബാഗേജ് പ്രവര്‍ത്തനം
ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപികയായ കാരെന്‍, പരസ്പരം എങ്ങനെ നന്നായി മനസ്സിലാക്കാമെന്നു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി ഒരു പ്രവര്‍ത്തനം തയ്യാറാക്കി. 'ബാഗേജ് ആക്റ്റിവിറ്റി' യില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ വഹിക്കുന്ന ചില വൈകാരിക ഭാരം എഴുതി. കുറിപ്പുകള്‍ പേരെഴുതാതെ പരസ്പരം പങ്കിട്ടു. വിദ്യാര്‍ത്ഥികള്‍ക്കു പരസ്പരം ബുദ്ധിമുട്ടുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഇത്. കുറിപ്പുകള്‍ വായിച്ച സഹപാഠികള്‍ കണ്ണുനീരോടെയാണു പ്രതികരിച്ചത്. ഇപ്പോള്‍ ആ കൗമാരക്കാര്‍ പരസ്പരം കൂടുതല്‍ സഹാനുഭൂതി പുലര്‍ത്തുന്നതിനാല്‍, പരസ്പരബഹുമാനത്തിന്റെ ആഴത്തിലുള്ള ബോധം ക്ലാസ്മുറിയില്‍ നിറഞ്ഞിരിക്കുന്നു.
പരസ്പരം അന്തസ്സോടെ പെരുമാറാനും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ സഹാനുഭൂതി കാണിക്കാനും ബൈബിളിലുടനീളം ദൈവം തന്റെ ജനത്തെ ഉപദേശിച്ചിട്ടുണ്ട് (റോമര്‍ 12:15). ലേവ്യാപുസ്തകത്തിലെന്നപോലെ, യിസ്രായേലിന്റെ ആദ്യകാലചരിത്രത്തില്‍ത്തന്നെ സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ച് ദൈവം യിസ്രായേല്യരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് - പ്രത്യേകിച്ചും പരദേശികളോടുള്ള പെരുമാറ്റത്തില്‍. 'നിന്നെപ്പോലെ തന്നേ സ്‌നേഹിക്കണം'' എന്നു ദൈവം പറഞ്ഞു, കാരണം അവരും മിസ്രയീമില്‍ പരദേശികളായിരുന്നു, അതിന്റെ കാഠിന്യം അടുത്തറിഞ്ഞിരുന്നു (ലേവ്യാപുസ്തകം 19:34).
ചില സമയങ്ങളില്‍ നാം വഹിക്കുന്ന ഭാരം, നമ്മുടെ സ്വന്തജനത്തിന്റെ ഇടയില്‍പ്പോലും നാം പരദേശികള്‍ - ഏകാന്തരും തെറ്റിദ്ധരിക്കപ്പെട്ടവരും - ആണെന്ന തോന്നല്‍ നമ്മില്‍ ഉളവാക്കാറുണ്ട.് യിസ്രായേല്യര്‍, അവരുടെ ഇടയിലുള്ള പരദേശികളുമായി അനുഭവിച്ചതുപോലെയുള്ള അനുഭവം നമുക്ക് എപ്പോഴും ഉണ്ടാകാറില്ല. എങ്കിലും, ദൈവം നമ്മെ നമ്മുടെ പാതയില്‍ കൊണ്ടുവരുന്നവരോട്, നമ്മോടു മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നു നാം ആഗ്രഹിക്കുന്ന അതേ ബഹുമാനത്തോടും തിരിച്ചറിവോടും കൂടെ പെരുമാറാന്‍ നമുക്കു കഴിയും. അതൊരു ആധുനികകാല മിഡില്‍സ്‌കൂള്‍ വിദ്യാര്‍ത്ഥിയോ, ഒരു യിസ്രായേല്യനോ, അല്ലെങ്കില്‍ അതിനിടയിലുള്ള ആരെങ്കിലുമോ ആണെങ്കിലും, നാം അങ്ങനെ ചെയ്യുമ്പോള്‍, ദൈവത്തെ ബഹുമാനിക്കുകയാണു ചെയ്യുന്നത്.
വിശ്രമിക്കുന്നതിനുള്ള കാരണം
നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഒരു അവധി എടുക്കുക! ഹൃദ്രോഗ സാധ്യതയുള്ള മധ്യവയസ്‌കരായ പുരുഷ എക്‌സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പഠനശേഷം നാല്‍പതു വര്‍ഷം കഴിഞ്ഞ് ഫിന്‍ലന്‍ഡിലെ ഗവേഷകര്‍, അവരുടെ പഠനത്തില്‍ പങ്കെടുത്തവരെ അനുധാവനം ചെയ്തു. അവരുടെ യഥാര്‍ത്ഥ കണ്ടെത്തലുകളില്‍ അവര്‍ അന്വേഷിക്കാതിരുന്ന ചിലത് ശാസ്ത്രജ്ഞര്‍ കണ്ടെത്തി: ഒഴിവുസമയം കണ്ടെത്തുന്നവരില്‍ മരണനിരക്കു കുറവായിരുന്നു.
ജോലി ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ് - ഉല്പത്തി 3 ല്‍ ദൈവവുമായുള്ള നമ്മുടെ ബന്ധം താറുമാറാകുന്നതിനു മുമ്പുതന്നെ ദൈവം നമുക്കായി നിയോഗിച്ച ഒരു ഭാഗമായിരുന്നു അത്. ദൈവത്തിന്റെ മഹത്വത്തിനായി പ്രവര്‍ത്തിക്കാത്തവര്‍ അനുഭവിക്കുന്ന ജോലിയുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചു ശലോമോന്‍ എഴുതിയത്, അത് 'ദുഃഖകരവും ... വ്യസനകരവും'' 'ഹൃദയത്തിനു സ്വസ്ഥതയില്ലാത്തതും'' എന്നേ്രത (സഭാപ്രസംഗി 2:22-23). അവര്‍ സജീവമായി പ്രവര്‍ത്തിക്കാത്തപ്പോഴും, അവരുടെ 'ഹൃദയത്തിനു സ്വസ്ഥതയില്ല'' എന്ന് അവന്‍ പറയുന്നു, കാരണം ഇനിയും ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത് (വാ. 23).
നമുക്കും ചിലപ്പോഴൊക്കെ നമ്മുടെ അധ്വാനം 'വൃഥാ പ്രയത്‌നം'' (വാം 17) ആണെന്ന് തോന്നിയേക്കാം, ഒപ്പം നമ്മുടെ ജോലി 'പൂര്‍ത്തിയാക്കാന്‍'' കഴിയാത്തതില്‍ നിരാശരാകുകയും ചെയ്‌തേക്കാം. എന്നാല്‍ ദൈവം നമ്മുടെ അധ്വാനത്തിന്റെ - നമ്മുടെ ഉദ്ദേശ്യത്തിന്റെ - ഭാഗമാണെന്ന് ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് കഠിനാധ്വാനം ചെയ്യുവാനും വിശ്രമത്തിനു സമയമെടുക്കാനും കഴിയും. നമ്മുടെ ദാതാവായി നമുക്ക് ദൈവത്തെ വിശ്വസിക്കാം. കാരണം, അവിടുന്ന് സകലതും നല്‍കുന്നവനാണ്. 'അവന്‍ നല്കിയിട്ടല്ലാതെ ആര്‍ ഭക്ഷിക്കും ആര്‍ അനുഭവിക്കും?'' എന്ന് ശലോമോന്‍ അംഗീകരിക്കുന്നു (വാ. 25). ഒരുപക്ഷേ, ആ സത്യത്തെക്കുറിച്ച് നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ, നമുക്ക് അവനുവേണ്ടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും (കൊലൊസ്യര്‍ 3:23) നമുക്കു തന്നേ വിശ്രമ സമയങ്ങള്‍ അനുവദിക്കാനും കഴിയും.
മുകളിലേക്ക് നോക്കുക
സമുദ്രാന്തര്‍ഭാഗത്ത് സൂര്യപ്രകാശം കഷ്ടിച്ച് എത്തുന്ന 'ഇരുണ്ട മേഖലയാണ്' കോങ്കണ്ണന്‍ (വ്യത്യസ്ത വലുപ്പത്തിലുള്ള കണ്ണുകളുള്ള) കണവയുടെ ആവാസ കേന്ദ്രം. കണവയുടെ വിളിപ്പേര് അതിന്റെ തികച്ചും വ്യത്യസ്തമായ രണ്ടു കണ്ണുകളെ സൂചിപ്പിക്കുന്നതാണ്: ഇടത് കണ്ണ് കാലക്രമേണ വലത് കണ്ണിനെക്കാള്‍ വലുതായിത്തീരുന്നു- ഏതാണ്ട് ഇരട്ടി വലുപ്പത്തില്‍. ഇരുണ്ട ആഴത്തിലേക്ക് നോക്കാന്‍ കണവ ചെറിയ വലതു കണ്ണ് ഉപയോഗിക്കുന്നതായി മോളസ്‌കുകളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. വലിയ ഇടത് കണ്ണാകട്ടെ മുകളിലുള്ള സൂര്യപ്രകാശത്തിലേക്ക് നോക്കാനും.
നമ്മുടെ ഇന്നത്തെ ലോകത്ത് ജീവിക്കുകയെന്നാല്‍ എന്താണ് എന്നതിന്റെ അസ്വാഭാവികമായ ഒരു ചിത്രമാണ് കണവ. അതോടൊപ്പം 'ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റവര്‍' എന്ന നിലയില്‍ നാം കാത്തിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ചിത്രവും (കൊലൊസ്യര്‍ 3:1) അതു നല്‍കുന്നു. കൊലൊസ്യര്‍ക്കുള്ള ലേഖനത്തില്‍, നാം 'ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നതിനാല്‍' (വാ. 23) 'ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നേ' ചിന്തിക്കണം എന്ന് പൗലൊസ് നിര്‍ബന്ധിക്കുന്നു.
സ്വര്‍ഗ്ഗത്തിലെ നമ്മുടെ ജീവിതത്തിനായി കാത്തിരിക്കുന്ന ഭൂവാസികള്‍ എന്ന നിലയില്‍, നമ്മുടെ ഇന്നത്തെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നതിനായി നമ്മുടെ കണ്ണിനെ പരിശീലിപ്പിക്കണം. എന്നാല്‍ കണവയുടെ ഇടത് കണ്ണ് മുകളിലുള്ളതു കാണുന്നതിനായി കാലക്രമേണ വലുതും കൂടുതല്‍ സംവേദനക്ഷമവുമായ ഒന്നായി വികസിക്കുന്നതുപോലെ, ആത്മീയ മണ്ഡലത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചുള്ള നമ്മുടെ അവബോധത്തില്‍ നമുക്കും വളരാന്‍ കഴിയും. യേശുവില്‍ ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നാം ഇതുവരെ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, എന്നാല്‍ 'മുകളിലേക്ക്'' നോക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ അത് കൂടുതല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ തുടങ്ങും.