നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

ദൈവിക സംരക്ഷണം

സൂചികള്‍, പാല്‍, കൂണ്‍, എലിവേറ്ററുകള്‍, ജനനങ്ങള്‍, തേനീച്ചകള്‍, ബ്ലെന്‍ഡറുകളിലെ ഈച്ചകള്‍ - മങ്ക് എന്ന റ്റിവി ഷോയിലെ കുറ്റാന്വേഷകനും പ്രധാന കഥാപാത്രവുമായ മിസ്റ്റര്‍ അഡ്രിയാന്‍ മങ്കിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. അയാളും ദീര്‍ഘകാല എതിരാളിയായ ഹാരോള്‍ഡ് ക്രെന്‍ഷോയും ഒരുമിച്ച് ഒരു കാറിന്റെ ഡിക്കിയില്‍ പൂട്ടപ്പെട്ടപ്പോള്‍, തന്റെ ഭയത്തിന്റെ പട്ടികയില്‍ നിന്ന് ഒന്നിനെയെങ്കിലും - ക്ലോസ്‌ട്രോഫോബിയ - മറികടക്കാന്‍ മങ്കിന് അവസരം ലഭിച്ചു.

മങ്കും ഹാരോള്‍ഡും ഒരുപോലെ പരിഭ്രാന്തരായിക്കൊണ്ടിരിക്കുമ്പോഴാണ് മങ്കിന് വെളിപ്പാടുണ്ടായത്. 'ഒരുപക്ഷേ നാമിതിനെ തെറ്റായ രീതിയിലാണു നോക്കുന്നതെന്നു ഞാന്‍ കരുതുന്നു,' അയാള്‍ ഹരോള്‍ഡിനോടു പറഞ്ഞു. 'ഈ ഡിക്കി, ഈ ഭിത്തികള്‍. . . അവ നമ്മെ അടച്ചുവയ്ക്കുകയല്ല. . . അവ നമ്മെ സംരക്ഷിക്കുകയാണ്, ശരിക്കും. അണുക്കള്‍, പാമ്പുകള്‍, ഹാര്‍മോണിയങ്ങള്‍ എന്നിവയില്‍നിന്നു അവ നമ്മെ സംരക്ഷിക്കുകയാണ്.' വിടര്‍ന്ന കണ്ണുകളോടെ, അയാള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കി ഹാരോള്‍ഡ്  അത്ഭുതത്തോടെ മന്ത്രിച്ചു, 'ഈ ഡിക്കി നമ്മുടെ സുഹൃത്താണ്.'

63-ാം സങ്കീര്‍ത്തനത്തില്‍, ദാവീദിന് സമാനമായ വെളിപ്പാട് ഉണ്ടായതുപോലെ തോന്നുന്നു. ''ഉണങ്ങിവരണ്ട ഒരു ദേശത്ത്'' ആയിരുന്നിട്ടും, ദൈവത്തിന്റെ ശക്തി, മഹത്വം, ദയ എന്നിവ ദാവീദ് ഓര്‍മ്മിക്കുമ്പോള്‍ (വാ. 1-3), മരുഭൂമി ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരിടമായി മാറുന്നതുപോലെ തോന്നി. ഒരു പക്ഷിക്കുഞ്ഞ് അമ്മയുടെ ചിറകിന്റെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുന്നതുപോലെ, ദാവീദ് ദൈവത്തോടു പറ്റിനില്‍ക്കുമ്പോള്‍, ആ ശൂന്യമായ സ്ഥലത്തുപോലും, ''ഏറ്റവും സമ്പന്നമായ ഭക്ഷണംകൊണ്ടെന്നപോലെ'' വിരുന്നു കഴിക്കാന്‍ കഴിയുമെന്ന് ദാവീദു കണ്ടെത്തുന്നു (വാ. 5), അതില്‍ ''ജീവനെക്കാള്‍ നല്ലതായ'' (വാ. 3) പോഷണവും ശക്തിയും അവന്‍ കണ്ടെത്തുന്നു.

ശരിയായ വാക്കുകള്‍

കഴിഞ്ഞ വര്‍ഷമോ മറ്റോ, നിരവധി എഴുത്തുകാര്‍ നമ്മുടെ വിശ്വാസത്തിന്റെ 'പദാവലി' പുനഃപരിശോധിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഉദാഹരണമായി, അമിതപരിചയത്തിലൂടെയും അമിത ഉപയോഗത്തിലൂടെയും സുവിശേഷത്തിന്റെ ആഴങ്ങളുമായും ദൈവത്തിനായുള്ള നമ്മുടെ ആവശ്യവുമായും ബന്ധം നഷ്ടപ്പെടുമ്പോള്‍, ദൈവശാസ്ത്രപരമായി സമ്പന്നമായ വിശ്വാസവാക്കുകള്‍ക്കു പോലും അവയുടെ സ്വാധീനത നഷ്ടപ്പെടുമെന്ന് ഒരു എഴുത്തുകാരന്‍ ഊന്നിപ്പറഞ്ഞു. അതു സംഭവിക്കുമ്പോള്‍, നമ്മുടെ ധാരണകളെ ഉപേക്ഷിച്ച്  സുവിശേഷത്തെ ആദ്യമായി കാണുന്നതിനായി, വിശ്വാസത്തിന്റെ ഭാഷ “ആദ്യം മുതല്‍'' തന്നെ നാം വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

''ആദ്യം മുതല്‍ ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍'' പഠിക്കുന്നതിനുള്ള ക്ഷണം എന്നെ ഓര്‍മ്മിപ്പിക്കുന്നതു പൗലൊസിനെക്കുറിച്ചാണ്. 'സുവിശേഷം നിമിത്തം ... എല്ലാവര്‍ക്കും എല്ലാമായി''ത്തീരുന്നതിനു പൗലൊസ് തന്റെ ജീവിതം സമര്‍പ്പിച്ചു (1 കൊരിന്ത്യര്‍ 9:22-23). യേശു ചെയ്ത കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുന്നതിനു തനിക്കു നന്നായി അറിയാമെന്ന് പൗലൊസ് ഒരിക്കലും കരുതിയില്ല. പകരം, നിരന്തരമായ പ്രാര്‍ത്ഥനയില്‍ അദ്ദേഹം ആശ്രയിക്കുകയും - സുവിശേഷം പങ്കിടുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്തുന്നതിനു തന്നെ സഹായിക്കുന്നതിനായി - സഹവിശ്വാസികളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുകയും ചെയ്തു(എഫെസ്യര്‍ 6:19).

ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തില്‍ വേരൂന്നുന്നതിനായി ഓരോ ദിവസവും താഴ്മയുള്ളവരും ക്രിസ്തുവില്‍നിന്നു സ്വീകരിക്കുന്നതിനുള്ള മനോഭാവമുള്ളവരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും അപ്പൊസ്തലന് അറിയാമായിരുന്നു (3:16-17). നമ്മുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക്് ആഴത്തിലിറങ്ങുമ്പോഴാണ് ഓരോ ദിവസവും അവിടുത്തെ കൃപയില്‍ ആശ്രയിക്കുന്നതിനെക്കുറിച്ചു നാം കൂടുതല്‍ ബോധവാന്മാരാകുന്നതും അവിടുന്നു നമുക്കുവേണ്ടി ചെയ്തതിന്റെ അതിശയകരമായ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ നമുക്കു കഴിയുന്നതും.

ഞങ്ങളുടെ ഏറ്റവും മോശമായ അവസ്ഥയില്‍

'അവള്‍ സഹിക്കാന്‍ കഴിയുന്നവളാണ്. പക്ഷേ എന്നെ പ്രലേഭിപ്പിക്കാന്‍ മാത്രം സുന്ദരിയല്ല' ജെയ്ന്‍ ഓസ്റ്റന്റെ പ്രൈഡ് ആന്‍ഡ് പ്രെജുഡിസില്‍ മിസ്റ്റര്‍ ഡാര്‍സി ഉച്ചരിച്ച ഈ വാക്യമാണ്, ആ നോവലും അത് എന്നില്‍ ചെലുത്തിയ സ്വാധീനതയും ഞാന്‍ ഒരിക്കലും മറക്കാത്തതിന്റെ കാരണം. ആ ഒരു വാചകം വായിച്ചതിനുശേഷം, മിസ്റ്റര്‍ ഡാര്‍സിയെ ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു.

പക്ഷേ എനിക്കു തെറ്റു പറ്റി. ഓസ്റ്റന്റെ കഥാപാത്രമായ എലിസബത്ത് ബെന്നറ്റിനെപ്പോലെ, പതുക്കെ, മനസ്സില്ലാമനസ്സോടെ, എന്റെ മനസ്സ് മാറുന്നതിന്റെ വിനീതമായ അനുഭവം എനിക്കുണ്ടായി. അവളെപ്പോലെ, ഡാര്‍സിയുടെ സ്വഭാവത്തെ മൊത്തത്തില്‍ അറിയാന്‍ ഞാന്‍ തയ്യാറായില്ല; അയാളുടെ ഏറ്റവും മോശമായ നിമിഷങ്ങളിലൊന്നിനോടുള്ള എന്റെ പ്രതികരണത്തില്‍ത്തന്നെ പിടിച്ചുതൂങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. നോവല്‍ പൂര്‍ത്തിയാക്കിയ ശേഷം, യഥാര്‍ത്ഥ ലോകത്ത് ആരോടാണ് ഞാന്‍ അതേ തെറ്റു ചെയ്തതെന്നു ഞാന്‍ ചിന്തിച്ചു. ഒരു നൈമിഷിക വിധിയെ വിട്ടുകളയാന്‍ ഞാന്‍ തയ്യാറാകാത്തതിനാല്‍ എനിക്ക് ഏതു സൗഹൃദമാണു നഷ്ടമായത്?

നമ്മുടെ ഏറ്റവും മോശമായ അവസ്ഥയില്‍ നമ്മെ കാണുകയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ അനുഭവമാണ് യേശുവിലുള്ള വിശ്വാസത്തിന്റെ ഹൃദയം (റോമര്‍ 5:8; 1 യോഹന്നാന്‍ 4:19). നാം ക്രിസ്തുവില്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ആരാണ് എന്നതിനു പകരമായി, നമ്മുടെ പഴയതും തെറ്റായതുമായ കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നതിന്റെ അത്ഭുതമാണത് (എഫെസ്യര്‍ 4:23-24). നമ്മള്‍ ഇപ്പോള്‍ ഒറ്റയ്ക്കല്ല, മറിച്ച് ''സ്‌നേഹത്തിന്റെ - യഥാര്‍ത്ഥവും നിരുപാധികവുമായ സ്‌നേഹത്തിന്റെ - വഴിയെ'' നടക്കാന്‍ ആഗ്രഹിക്കുന്നവരുടെ 'ശരീരം''മായ ഒരു കുടുംബത്തിന്റെ ഭാഗമാണ്, എന്നു മനസ്സിലാക്കുന്നതിന്റെ സന്തോഷമാണത് (5:2).

ക്രിസ്തു നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍ക്കുമ്പോള്‍ (വാ. 2), അവിടുന്നു നമ്മെ കാണുന്നതുപോലെ മറ്റുള്ളവരെ  കാണാന്‍ നമുക്ക് എങ്ങനെ കഴിയാതിരിക്കും?

ചെറുതെങ്കിലും ശക്തിയുള്ളത്

വടക്കേ അമേരിക്കയിലെ കഠിനമായ സോനോറന്‍ മരുഭൂമിയില്‍, രാത്രി വൈകി, പതിഞ്ഞതും എന്നാല്‍ ഗാംഭീര്യമുള്ളതുമായ അലര്‍ച്ച ചിലപ്പോഴൊക്കെ കേള്‍ക്കാം. പക്ഷേ, ശബ്ദത്തിന്റെ ഉറവിടം നിങ്ങള്‍ സംശയിക്കുന്നതേയല്ല - ചെറുതും എന്നാല്‍ ശക്തിയുള്ളതുമായ പുല്‍ച്ചാടി എലി, അതിന്റെ അധീശപ്രദേശം സ്ഥാപിക്കാനായി ചന്ദ്രനെ നോക്കി അലറുന്നതാണത്.

ഈ സവിശേഷ എലി ('വേര്‍വൂള്‍ഫ് മൗസ്' എന്ന് വിളിക്കപ്പെടുന്നു) മാംസഭോജിയാണ്. വാസ്തവത്തില്‍, തേളിനെപ്പോലെ, മറ്റു ജീവികള്‍ ഭക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ജീവികളെയാണ് ഇത് ഇരയാക്കുന്നത്. എന്നാല്‍ ആ പ്രത്യേക യുദ്ധത്തിന് വേര്‍വൂള്‍ഫ് മൗസ് പ്രത്യേകമായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇതിന് തേളിന്റെ വിഷത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കളെ വേദനസംഹാരിയാക്കി മാറ്റുവാനും കഴിയും!

അതികഠിനമേറിയ ജീവിതസാഹചര്യത്തോട് ഒത്തിണങ്ങിപ്പോകുവാനും പുരോഗമിക്കുവാനും അനുയോജ്യമായി നിര്‍മ്മിച്ചതായിത്തോന്നുന്ന ഈ കുഞ്ഞെലിയുടെ രീതിയില്‍ നമ്മെ പ്രചോദിപ്പിക്കുന്ന ചിലതുണ്ട്. അത്തരത്തിലുള്ള അത്ഭുതകരമായ കരകൗശലം, തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പനകളിലും തെളിയുന്നതായി എഫെസ്യര്‍ 2:10 ല്‍ പൗലൊസ് വിശദീകരിക്കുന്നു. നാം ഓരോരുത്തരും യേശുവിലുള്ള 'ദൈവത്തിന്റെ കൈപ്പണി' ആണ്, അവിടുത്തെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ അതുല്യമാംവിധം നമ്മെ സജ്ജീകരിച്ചിരിക്കുന്നു. ദൈവം നിങ്ങള്‍ക്കു നല്‍കിയ താലന്തുകള്‍ എന്തായിരുന്നാലും, വാഗ്ദാനം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ ധാരാളമുണ്ട്. ദൈവം നിങ്ങളെ ആരാക്കി എന്നതു നിങ്ങള്‍ ആത്മവിശ്വാസത്തോടെ സ്വീകരിക്കുമ്പോള്‍, ദൈവത്തിലുള്ള ജീവിതത്തിന്റെ പ്രത്യാശയ്ക്കും സന്തോഷത്തിനും നിങ്ങള്‍ ജീവനുള്ള സാക്ഷിയായിത്തീരും. 

അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്നത് ഏറ്റവും ഭയാനകമായതായിരുന്നാലും ധൈര്യപ്പെടുക. നിങ്ങള്‍ക്ക് ചെറുതായിത്തോന്നാം, പക്ഷേ ആത്മാവിന്റെ ദാനത്തിലൂടെയും ശക്തിയിലൂടെയും ദൈവത്തിന് നിങ്ങളെ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ കഴിയും.

സങ്കല്‍പ്പിക്കാനാവാത്ത വാഗ്ദത്തങ്ങള്‍

ഏറ്റവും വലിയ പരാജയത്തിന്റെ നിമിഷങ്ങളില്‍, വളരെ വൈകിപ്പോയി എന്നും ഉദ്ദേശ്യവും മൂല്യവുമുള്ള ഒരു ജീവിതത്തിനായുള്ള അവസരം നമുക്കു നഷ്ടപ്പെട്ടു എന്നും വിശ്വസിക്കാന്‍ എളുപ്പമാണ്. പരമാവധി സുരക്ഷയുള്ള ഒരു ജയിലിലെ മുന്‍ തടവുകാരനായ ഏലിയാസ് അങ്ങനെയാണ് ഒരു തടവുകാരനെന്ന തോന്നലിനെ വിശേഷിപ്പിച്ചത്. 'എന്റെ വാഗ്ദത്തങ്ങള്‍ ... തകര്‍ന്നടിഞ്ഞു. . . എന്റെ സ്വന്തം ഭാവിയുടെ വാഗ്ദത്തങ്ങള്‍, ഞാന്‍ ആരായിത്തീരുമെന്നുള്ള വാഗ്ദത്തങ്ങള്‍.'

അതൊരു കോളേജിന്റെ 'ജയില്‍ ഇനിഷ്യേറ്റീവ്'' കോളജ് ഡിഗ്രി പ്രോഗ്രാമായിരുന്നു. അതാണ് ഏലിയാസിന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത്. ആ പ്രോഗ്രാമില്‍ അദ്ദേഹം ഒരു സംവാദ ടീമില്‍ പങ്കാളിയായി. അവര്‍ 2015 ല്‍ ഹാര്‍വാഡില്‍ നിന്നുള്ള ഒരു ടീമുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും വിജയിക്കുകയും ചെയ്തു. ഏലിയാസിനെ സംബന്ധിച്ചിടത്തോളം, 'ടീമിന്റെ ഭാഗമായത്്. . . ഈ വാഗ്ദത്തങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു.'

യേശുവിലുള്ള ദൈവസ്‌നേഹത്തിന്റെ സുവാര്‍ത്ത നമുക്കും ഉള്ള സുവാര്‍ത്തയാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ സമാനമായ ഒരു പരിവര്‍ത്തനം നമ്മുടെ ഹൃദയത്തിലും സംഭവിക്കുന്നു. അത് വളരെ വൈകിയിട്ടില്ല, എന്നു നാം അത്ഭുതത്തോടെ മനസ്സിലാക്കാന്‍ തുടങ്ങുന്നു. ദൈവത്തിന്റെ കൈയില്‍ ഇപ്പോഴും എനിക്കായി ഒരു ഭാവിയുണ്ട്.

അത് സമ്പാദിക്കാനോ നഷ്ടപ്പെടുത്താനോ കഴിയാത്ത ഒരു ഭാവിയാണ്, അത് ദൈവത്തിന്റെ അതിരറ്റ കൃപയെയും ശക്തിയെയും മാത്രം ആശ്രയിച്ചിരിക്കുന്നു (2 പത്രൊസ് 1:23). ലോകത്തിലും നമ്മുടെ ഹൃദയങ്ങളിലും ഉള്ള നിരാശയില്‍ നിന്നും നാം വിടുവിക്കപ്പെടുന്നതും പകരം അവന്റെ 'മഹത്വത്താലും നന്മയാലും'' നിറയപ്പെടുന്നതുമായ ഒരു ഭാവിയാണത് (വാ. 3). ക്രിസ്തുവിന്റെ സങ്കല്‍പ്പിക്കാനാവാത്ത വാഗ്ദത്തങ്ങളാല്‍ സുരക്ഷിതമാക്കപ്പെട്ട ഭാവി (വാ. 4); 'ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യ'' ത്തിലേക്കു രൂപാന്തരപ്പെടുന്ന ഒരു ഭാവി (റോമര്‍ 8:21).

മാപ്പു നല്‍കുന്നതിലൂടെ ഒരു ഭാവി

1994 ല്‍, ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിന് (വംശീയ വേര്‍തിരിവ്) അറുതി വരുത്തി ജനാധിപത്യത്തിലേക്ക് സര്‍ക്കാര്‍ വഴിമാറിയപ്പോള്‍, വര്‍ണ്ണവിവേചനത്തിന്‍ കീഴില്‍ ചെയ്ത കുറ്റകൃത്യങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന വിഷമകരമായ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നു. രാജ്യത്തെ നേതാക്കള്‍ക്ക് ഭൂതകാലത്തെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല, എങ്കിലും കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കുന്നത് രാജ്യത്തിന്റെ മുറിവുകളെ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളു. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പായ ഡെസ്മണ്ട് ടുട്ടു തന്റെ 'നോ ഫ്യൂച്ചര്‍ വിത്തൗട്ട് ഫോര്‍ഗീവ്‌നെസ്സ്' (മാപ്പു നല്‍കാതെ ഒരു ഭാവിയില്ല) എന്ന പുസ്തകത്തില്‍ വിശദീകരിച്ചതുപോലെ, ''ഞങ്ങള്‍ക്ക് നീതി ലഭിക്കുമായിരുന്നു, നീതി നേടാമായിരുന്നു, പക്ഷേ ദക്ഷിണാഫ്രിക്ക ചാരത്തില്‍ തന്നെ കിടക്കുമായിരുന്നു.''

ട്രൂത്ത് ആന്‍ഡ് റിക്കണ്‍സിലിയേഷന്‍ കമ്മറ്റി സ്ഥാപിച്ചതിലൂടെ, സത്യം, നീതി, കരുണ എന്നിവ പിന്തുടരാനുള്ള പ്രയാസകരമായ പാത പുതിയ ജനാധിപത്യം തിരഞ്ഞെടുത്തു. കുറ്റവാളികള്‍ക്ക് യഥാസ്ഥാപനത്തിനുള്ള ഒരു വഴി വാഗ്ദാനം ചെയ്തു - അവര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റുപറയാനും പരിഹാരം വരുത്താനും തയ്യാറാണെങ്കില്‍. ധൈര്യത്തോടെ സത്യത്തെ അഭിമുഖീകരിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സൗഖ്യം കണ്ടെത്താന്‍ കഴിയൂ.

ഒരു തരത്തില്‍ പറഞ്ഞാല്‍, നാമെല്ലാവരും അഭിമുഖീകരിക്കുന്ന പോരാട്ടത്തെ ദക്ഷിണാഫ്രിക്കയുടെ ധര്‍മ്മസങ്കടം പ്രതിഫലിപ്പിക്കുന്നു. നീതിയെയും കരുണയെയും ഒരേസമയം പിന്തുടരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു (6:8), എങ്കിലും കരുണ പലപ്പോഴും ഉത്തരവാദിത്വമേല്‍ക്കാനുള്ള വിമുഖതയുടെ ലക്ഷണമായി കണക്കാക്കപ്പെടാറുണ്ട്. അതുപോലെ നീതിയെ ആവശ്യപ്പെടുന്നതു പ്രതികാരത്തിന്റെ വളച്ചൊടിക്കപ്പെട്ട രൂപമായും.

''തിന്മയെ വെറുക്കുന്നതും'' (റോമര്‍ 12:9) നമ്മുടെ ''അയല്‍ക്കാരന്റെ'' രൂപാന്തരത്തിനും നന്മയ്ക്കും വേണ്ടി വാഞ്ഛിക്കുന്നതുമായ (13:10) ഒരു സ്‌നേഹമാണ് നമ്മുടെ മുന്നോട്ടുള്ള ഏക പാത. ക്രിസ്തുവിന്റെ ആത്മാവിന്റെ ശക്തിയിലൂടെ, നന്മയാല്‍ തിന്മയെ ജയിക്കുന്ന ഒരു ഭാവി ഉണ്ടായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്ന് നമുക്ക് പഠിക്കാന്‍ കഴിയും (12:21).

ഉപയോഗപ്രദമായ പരീക്ഷ

പതിനഞ്ചാം നൂറ്റാണ്ടിലെ സന്യാസി തോമസ് അക്കെമ്പിസ്, ക്രിസ്താനുകരണം എന്ന പ്രിയപ്പെട്ട ക്ലാസിക് ഗ്രന്ഥത്തില്‍, പരീക്ഷയെക്കുറിച്ചുള്ള ഒരു അതിശയകരമായ ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു. പരീക്ഷ നമ്മെ നയിച്ചേക്കാവുന്ന വേദനകളിലും ബുദ്ധിമുട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അദ്ദേഹം എഴുതുന്നു, '[പരീക്ഷകള്‍] ഉപയോഗപ്രദമാണ്, കാരണം അവ നമ്മെ താഴ്മയുള്ളവരാക്കുന്നു, അവയ്ക്ക് നമ്മെ ശുദ്ധീകരിക്കാനും പഠിപ്പിക്കാനും കഴിയും'' അദ്ദേഹം വിശദീകരിക്കുന്നു, ''വിജയത്തിന്റെ താക്കോല്‍ യഥാര്‍ത്ഥ താഴ്മയും ക്ഷമയുമാണ്; അവയില്‍ നാം ശത്രുവിനെ ജയിക്കുന്നു.'

താഴ്മയും ക്ഷമയും. പരീക്ഷളോട് ഞാന്‍ സ്വാഭാവികമായും പ്രതികരിച്ചെങ്കില്‍ ക്രിസ്തുവിനോടൊപ്പമുള്ള എന്റെ നടപ്പ് എത്ര വ്യത്യസ്തമായിരിക്കും! പലപ്പോഴും, ഞാന്‍ പ്രതികരിക്കുന്നത് ലജ്ജ, നിരാശ, പോരാട്ടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അക്ഷമ എന്നിവയിലൂടെയാണ്.

എന്നാല്‍, യാക്കോബ് 1 ല്‍ നിന്ന് നാം പഠിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളും പരീക്ഷകളും ലക്ഷ്യമില്ലാത്തതോ നാം സഹിക്കുന്ന കേവലം ഒരു ഭീഷണിയോ ആയിരിക്കണമെന്നില്ല. പരീക്ഷകള്‍ക്ക് വഴങ്ങുന്നത് ഹൃദയത്തകര്‍ച്ചയ്ക്കും വിനാശത്തിനും കാരണമാകുമെങ്കിലും (വാ. 13-15), അവന്റെ ജ്ഞാനവും കൃപയും തേടി താഴ്മയുള്ള ഹൃദയങ്ങത്തോടെ നാം ദൈവത്തിലേക്ക് തിരിയുമ്പോള്‍, അവന്‍ 'ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി
കൊടുക്കുന്നു' (വാ. 5) . നമ്മിലുള്ള അവിടുത്തെ ശക്തിയിലൂടെ, നമ്മുടെ പരീക്ഷകളും പാപത്തെ ചെറുക്കാനുള്ള പോരാട്ടങ്ങളും സ്ഥിരോത്സാഹം വളര്‍ത്തുന്നു, അങ്ങനെ നാം 'ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും' ആകുന്നു (വാ. 4).

നാം യേശുവില്‍ ആശ്രയിക്കുമ്പോള്‍, ഭയത്തോടെ ജീവിക്കാന്‍ ഒരു കാരണവുമില്ല. ദൈവത്തെ സ്‌നേഹിക്കുന്ന മക്കളെന്ന നിലയില്‍, പരീക്ഷകളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് അവിടുത്തെ സ്‌നേഹനിര്‍ഭരമായ കരങ്ങളില്‍ വിശ്രമിക്കുവാനും സമാധാനം കണ്ടെത്താനും കഴിയും.

കൊമ്പുകളില്‍ വസിക്കുക

നിങ്ങള്‍ അവനില്‍ ആശ്രയിക്കുമ്പോള്‍ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കും. നിങ്ങളുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്യും. എഫെസ്യര്‍ 3:17 (NLT)

സമ്മര്‍ദ്ദം നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ എന്റെ കൗണ്‍സിലറോട് എന്റെ ഉയര്‍ന്നും താണും നിന്ന വികാരങ്ങളെക്കുറിച്ചു പങ്കിടുമ്പോള്‍ അവള്‍ ആലോചനാപൂര്‍വ്വം ശ്രദ്ധിച്ചു. അതിനുശേഷം ജനാല തുറന്ന് മരങ്ങളെ നോക്കാന്‍ അവള്‍ എന്നെ ക്ഷണിച്ചു. ഓറഞ്ച് കായ്ച്ചുകിടക്കുന്ന ശാഖകള്‍ കാറ്റില്‍ ആടുന്നതു ഞാന്‍ കണ്ടു.

തായ്ത്തടി കാറ്റില്‍ അനങ്ങുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ട് എന്റെ കൗണ്‍സിലര്‍ വിശദീകരിച്ചു, ''എല്ലാ ദിശകളില്‍ നിന്നും കാറ്റ് നമ്മുടെ ജീവിതത്തിലേക്ക് വീശുമ്പോള്‍ നമ്മള്‍ ഇത്തരത്തിലാണ്. തീര്‍ച്ചയായും നമ്മുടെ വികാരങ്ങള്‍ മുകളിലേക്കും താഴേക്കും ഇളകിക്കൊണ്ടിരിക്കും. എന്നാല്‍ ചിലപ്പോള്‍ നാം ജീവിക്കുന്നത് നമുക്ക് ശാഖകള്‍ മാത്രമാണുള്ളത് എന്ന നിലയിലാണ്. നിങ്ങളുടെ സ്വന്തം തായ്ത്തടി കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുവഴി, ജീവിതം എല്ലാ ഭാഗത്തുനിന്നും നിങ്ങളെ വലിക്കുമ്പോഴും, നിങ്ങളുടെ ശാഖകളില്‍ അല്ല നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ അപ്പോഴും സുരക്ഷിതവും സുസ്ഥിരവുമായിരിക്കും.'

ഇത് എന്നെ സ്പര്‍ശിച്ച ഒരു ചിത്രമാണ്; പൗലൊസ് എഫെസൊസിലെ പുതിയ വിശ്വാസികള്‍ക്ക് നല്‍കിയതും സമാനമായ ചിത്രമാണ്. ദൈവത്തിന്റെ അതിശയകരമായ ദാനത്തെക്കുറിച്ച് - അതിശയകരമായ ലക്ഷ്യവും മൂല്യവുമുള്ള ഒരു പുതിയ ജീവിതം - അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് (എഫെസ്യര്‍ 2:6-10), ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അവര്‍ ആഴത്തില്‍ ''വേരൂന്നുകയും അടിസ്ഥാനപ്പെടുകയും'' ചെയ്യുമെന്നും (3:17) 'ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്നവര്‍'' (4:14) ആകയില്ലെന്നും ഉള്ള തന്റെ പ്രത്യാശ പൗലൊസ് പങ്കുവയ്ക്കുന്നു.

നമ്മുടെ കാര്യത്തില്‍, നമ്മുടെ ഭയം, അരക്ഷിതാവസ്ഥ എന്നിവയാല്‍ അരക്ഷിതവും ദുര്‍ബലവുമാണെന്ന് തോന്നുന്നത് എളുപ്പമാണ്. എന്നാല്‍ ക്രിസ്തുവിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ നാം വളരുമ്പോള്‍ (വാ. 22-24), ക്രിസ്തുവിന്റെ ശക്തിയാലും സൗന്ദര്യത്താലും പോഷിപ്പിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ആഴത്തിലുള്ള സമാധാനം (വാ. 15-16). ദൈവവുമായും അന്യോന്യവും നമുക്ക് അനുഭവിക്കാന്‍ കഴിയും (വാ. 3).

രഹസ്യം

ചില സമയങ്ങളില്‍ എന്റെ പൂച്ച ടോം ഫോമോ (നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം) എന്ന ഒരു മോശം അവസ്ഥയാല്‍ കഷ്ടപ്പെടുന്നതായി ഞാന്‍ സംശയിക്കുന്നു. ഞാന്‍ പലചരക്ക് സാധനങ്ങളുമായി വീട്ടിലെത്തുമ്പോള്‍, ടോം ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഓടുന്നു. ഞാന്‍ പച്ചക്കറികള്‍ അരിയുമ്പോള്‍, അതു നോക്കിക്കൊണ്ട് അവന്‍ രണ്ടു കാലില്‍ നില്‍ക്കുകയും പങ്കിടാന്‍ എന്നോട് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ടോമിന് ഇഷ്ടപ്പെടുന്നതെന്തും ഞാന്‍ നല്‍കുമ്പോള്‍, അവനു പെട്ടെന്ന് താല്‍പര്യം നഷ്ടപ്പെടും, വിരസമായ നീരസത്തോടെ അകന്നുപോകുന്നു.

പക്ഷെ എന്റെ കൊച്ചു കൂട്ടുകാരനോട് കോപിക്കുന്നത് കപടമാണ്. എന്റെ സ്വന്തം തൃപ്തി വരാത്ത വിശപ്പിനെയാണ് അവന്റെ സ്വഭാവം പതിഫലിപ്പിക്കുന്നത്, അതായത് 'ഇപ്പോള്‍'' എന്നത് രിക്കലും മതിയാകില്ലെന്ന എന്റെ ധാരണ.

പൗലൊസിന്റെ അഭിപ്രായത്തില്‍, സംതൃപ്തി സ്വാഭാവികമല്ല - അത് പഠിച്ചതാണ് (ഫിലിപ്പിയര്‍ 4:11). സ്വന്തമായിട്ടാണെങ്കില്‍, തൃപ്തികരമെന്ന് നമ്മള്‍ കരുതുന്നതെന്തും നമ്മള്‍ തീവ്രമായി പിന്തുടരുന്നു, അത് തൃപ്തിപ്പെടുത്തുകയില്ല എന്നറിയുന്ന നിമിഷം അടുത്ത കാര്യത്തിലേക്ക് നീങ്ങുന്നു. മറ്റ് സമയങ്ങളില്‍, സംശയാസ്പദമായ എല്ലാ ഭീഷണികളില്‍ നിന്നും നമ്മെത്തന്നെ സംരക്ഷിക്കുന്ന ഉല്‍ക്കണ്ഠയുടെ രൂപത്തിലേക്ക് നമ്മുടെ അസംതൃപ്തി മാറുന്നു.

വിരോധാഭാസമെന്നു പറയട്ടെ, ചില സമയങ്ങളില്‍ യഥാര്‍ത്ഥ സന്തോഷത്തില്‍ എത്തുന്നതിന് നാം ഏറ്റവും ഭയപ്പെടുന്ന കാര്യങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. ഏറ്റവും മോശമായ ജീവിതത്തിന്റെ പല അനുഭവങ്ങളും അനുഭവിച്ചറിഞ്ഞ പൗലൊസിന് യഥാര്‍ത്ഥ സംതൃപ്തിയുടെ ''രഹസ്യത്തിന്'' സാക്ഷ്യം വഹിക്കാന്‍ കഴിയും (വാ. 11-12) - നിഗൂഢമായ യാഥാര്‍ത്ഥ്യം, സമ്പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള നമ്മുടെ ആഗ്രഹങ്ങള്‍ നാം ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോള്‍, നാം വിശദീകരിക്കാനാവാത്ത സമാധാനം അനുഭവിക്കുകയും (വാ. 6-7), ക്രിസ്തുവിന്റെ ശക്തി, സൗന്ദര്യം, കൃപ എന്നിവയുടെ ആഴങ്ങളിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു.

ഇവിടെയായിരിക്കുമോ വ്യാളികള്‍?

മധ്യകാലഘട്ടത്തിലെ ഭൂപടങ്ങളില്‍, ഭൂപട നിര്‍മ്മാതാക്കള്‍ മനസ്സിലാക്കിയിരുന്ന അന്നത്തെ ലോകത്തിന്റെ അതിര്‍ത്തിയില്‍ 'ഇവിടെയായിരിക്കും വ്യാളികള്‍' എന്നു രേഖപ്പെടുത്തുമായിരുന്നു എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു - അതിനോടൊപ്പം അവിടെ പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഭയാനക രൂപമുള്ള വ്യാളികളുടെ ചിത്രവും കൊടുത്തിരുന്നു.

മധ്യകാല ഭൂപട നിര്‍മ്മാതാക്കള്‍ ആ വാക്കുകള്‍ രേഖപ്പെടുത്തി എന്നതിനു തെളിവുകള്‍ ഒന്നുമില്ല, എങ്കിലും അവര്‍ അങ്ങനെ എഴുതിയെന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം 'ഇവിടെയായിരിക്കും വ്യാളികള്‍'' എന്നത് ആ സമയത്ത് ഞാനായിരുന്നുവെങ്കില്‍ എഴുതുവാന്‍ സാധ്യതയുള്ള വാക്കുകളായിരുന്നു അവ - വിശാലമായ അജ്ഞാത ഇടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലെങ്കിലും, അതൊരിക്കലും നല്ലതായിരിക്കില്ല എന്നു സൂചിപ്പിക്കുന്ന വാക്കുകളാണവ.

എന്നാല്‍ സ്വയ-പ്രതിരോധത്തിനും അപകടം ഒഴിവാക്കലിനും ഞാന്‍ സ്വീകരിക്കാനാഗ്രഹിക്കുന്ന നയത്തിന് ഒരു പ്രശ്‌നമുണ്ട്: യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍ ധൈര്യമുള്ളവളായിരിക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ നേരെ വിപരീതമാണത് (2 തിമൊഥെയൊസ് 1:7).

യഥാര്‍ത്ഥത്തില്‍ അപകടകരമായതെന്ത് എന്നതിനെക്കുറിച്ചു ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരുവന്‍ പറഞ്ഞേക്കാം. പൗലൊസ് വിശദീകരിക്കുന്നതുപോലെ, തകര്‍ന്ന ഒരു ലോകത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നത് ചിലപ്പോഴൊക്കെ വേദനാജനകമാണ് (വാ. 8). എന്നാല്‍ മരണത്തില്‍ നിന്നു ജീവനിലേക്കു കൊണ്ടുവരപ്പെട്ടവരും തുടര്‍ന്നുള്ള ആത്മനിറവിന്‍ ജീവിതം ഉള്ളിലുള്ളവരും പുറത്തേക്കൊഴുക്കുന്നവരും എന്നനിലയില്‍ (വാ. 9-10, 14) നമുക്കെങ്ങനെ മറിച്ചായിരിക്കാന്‍ കഴിയും?

ഇത്രയും സ്തംഭിപ്പിക്കുന്ന ഒരു ദാനം ദൈവം നമുക്കു തരുമ്പോള്‍, ഭയത്തോടെ ഉള്‍വലിയുന്നതാണ് യഥാര്‍ത്ഥ ദുരന്തം-ആരും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് ക്രിസ്തുവിനെ അനുഗമിച്ചു കടന്നു ചെല്ലുമ്പോള്‍ നാം നേരിടാന്‍ സാധ്യതയുള്ള എന്തിനെക്കാളും ഭയാനകമായതാണത് (വാ. 6-8, 12). നമ്മുടെ ഹൃദയവും ഭാവിയും അവനില്‍ ഭരമേല്പിച്ച് ആശ്രയിക്കാന്‍ നമുക്കു കഴിയും (വാ. 12).