അമ്മയെപ്പോലെ സ്നേഹിക്കുക
1943 ലെ ബംഗാൾ ക്ഷാമകാലത്ത് താൻ വളർന്നതിനെക്കുറിച്ച് മാലിനി തന്റെ കൊച്ചുമകനോട് പറയുകയായിരുന്നു. അവളുടെ പാവപ്പെട്ട കുടുംബത്തിന് കഴിക്കുവാൻ അല്പം ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മിക്കപ്പോഴും അവർ പട്ടിണിയായിരുന്നു. വളരെ അപൂർവമായി, അവളുടെ അച്ഛൻ പിടിച്ച മീൻ അത്താഴത്തിന് വീട്ടിൽ കൊണ്ടുവരും. മീൻകറി വയ്ക്കുബോൾ അമ്മ പറയും, “ആ മീൻതല എനിക്ക് തരൂ. എനിക്ക് അതാണ് ഇഷ്ടം, അതാണ് ഏറ്റവും മാംസമുളള കഷണം." വർഷങ്ങൾക്കുശേഷം മാലിനിക്ക് മനസ്സിലായി മീൻതലയിൽ മാംസം ഒന്നും ഇല്ലെന്ന്. വാസ്തവത്തിൽ അവളുടെ അമ്മ ഒന്നും കഴിച്ചിട്ടില്ല! എന്നാൽ, താനത് രുചികരമായി ആസ്വദിക്കുന്നതായി ഭാവിച്ചു. കാരണം, "ഞങ്ങൾ കുട്ടികൾ, അമ്മ ഒന്നും കഴിച്ചില്ലെന്ന് വിഷമിക്കാതെ, കൂടുതൽ മീൻ കഴിക്കുന്നതിനു വേണ്ടി!"
നാളെ നമ്മൾ മാതൃദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ അമ്മമാരുടെ കരുതലിന്റെ കഥകളും നമുക്ക് വിവരിക്കാം. നമുക്ക് അവർക്കായി ദൈവത്തിന് നന്ദി പറയുകയും അവരെപ്പോലെ മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുവാൻ ശ്രമിക്കുകയും ചെയ്യാം.
പൗലോസ് തെസ്സലോനിക്ക സഭയെ സേവിച്ചു, "ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ " (1 തെസ്സ. 2: 7). യേശുവിനെക്കുറിച്ച് അവരോടു പറയുവാനും അവരോടൊപ്പം സ്വന്തം ജീവിതം പങ്കുവയ്ക്കുവാനും, "കഷ്ടവും അപമാനവും അനുഭവിച്ചിട്ടും" തന്റെ പ്രാണനുംകൂടെ വച്ചുതരുവാനും ഒരുക്കമായിരുന്നു. (വാ. 2, 8). അവൻ അവരോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു രാവും പകലും വേല ചെയ്തു (വാ. 9) - അമ്മയെപ്പോലെ തന്നെ.
അമ്മയുടെ സ്നേഹത്തെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. പൗലോസ് വിനയത്തോടെ പറഞ്ഞു, തന്റെ പരിശ്രമങ്ങൾ "വ്യർഥമായില്ല" (വാ. 1). മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നു നമുക്ക് അറിയാനാവില്ല, എന്നാൽ അവരെ ത്യാഗപൂർവ്വം സേവിക്കുന്നതിനായി നമുക്ക് ഓരോ ദിവസവും ചെലവഴിക്കാം. നമ്മുടെ അമ്മ നമ്മിൽ അഭിമാനിക്കും; അതുപോലെ സ്വർഗ്ഗീയ പിതാവും!
നുണകളുടെ പിതാവ്
വിക്ടർ പതിയെ അശ്ലീലകാഴ്ചകൾക്ക് അടിമയായി. അവന്റെ സുഹൃത്തുക്കളിൽ പലരും അശ്ലീല ചിത്രങ്ങൾ നോക്കിയിരുന്നു. വിരസമായ നേരങ്ങളിൽ അയാളും അതിൽ വീണു. എന്നാൽ അത് എത്ര വലിയ തെറ്റാണെന്ന് പിന്നീട് മനസ്സിലായി - അത് ദൈവത്തിനെതിരെയുള്ള പാപമാണെന്നും അതു തന്റെ ഭാര്യയെ മാനസികമായി തകർത്തു എന്നും. ഇനി ഒരിക്കലും അതിൽ വീഴാതിരിക്കുവാൻ തന്റെ ജീവിതത്തിൽ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. എങ്കിലും അത് വളരെ വൈകിയെന്ന് അയാൾ ഭയപ്പെട്ടു. അവന്റെ വിവാഹബന്ധം രക്ഷിച്ചെടുക്കാനാകുമോ? താൻ എപ്പോഴെങ്കിലും അതിൽനിന്നു സ്വതന്ത്രൻ ആവുകയും പൂർണ്ണമായി ക്ഷമ പ്രാപിക്കുകയും ചെയ്യുമോ?
നമ്മുടെ ശത്രുവായ പിശാച്, അത് വലിയ കാര്യമല്ലെന്ന മട്ടിൽ പ്രലോഭനം അവതരിപ്പിക്കുന്നു. അവൻ പറയുന്നു, എല്ലാവരും അത് ചെയ്യുന്നു. എന്താണ് ദോഷം? പക്ഷേ, നമ്മൾ അവന്റെ കെണിയിൽ വീഴുന്ന നിമിഷം, അവൻ ഗിയർ മാറ്റുന്നു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും, വളരെ വൈകിയിരിക്കുന്നു! നിങ്ങൾ വളരെ ദൂരം പോയിരിക്കുന്നു! ഇനി രക്ഷയില്ല!
നമ്മൾ ആത്മീയ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മെ നശിപ്പിക്കുവാൻ എന്ത് വേണമെങ്കിലും ശത്രു പറയും. യേശു പറഞ്ഞു, "അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു." (യോഹ. 8:44).
പിശാച് ഒരു നുണയനാണെങ്കിൽ, നമ്മൾ ഒരിക്കലും അവനെ ശ്രദ്ധിക്കരുത് : നമ്മുടെ പാപം ഒരു വലിയ കാര്യമല്ലെന്ന് അവൻ പറയുമ്പോഴും, നിങ്ങൾക്ക് ഇപ്പോൾ ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് അവൻ പറയുമ്പോഴും ശ്രദ്ധിക്കരുത്. ദുഷ്ടന്റെ വാക്കുകൾ തള്ളിക്കളയാനും പകരം ദൈവത്തെ ശ്രദ്ധിക്കാനും യേശു നമ്മെ സഹായിക്കട്ടെ. "എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും."(യോഹ. 8:32) എന്ന യേശുവിന്റെ വാഗ്ദത്തത്തിൽ നമുക്ക് ശരണപ്പെടാം.
ആത്മീയ രോഗനിർണ്ണയം
എന്റെ ഭാര്യാപിതാവിന്റെ പാൻക്രിയാസിലെ ക്യാൻസർ കീറോതെറാപ്പി മൂലം കുറഞ്ഞു വന്നെങ്കിലും പൂർണ്ണമായും മാറിയില്ല. വീണ്ടും ട്യൂമർ വളർന്നു തുടങ്ങി; അദ്ദേഹം ഒരു ജീവന്മരണ തീരുമാനം എടുക്കേണ്ടി വന്നു. അദ്ദേഹം ഡോക്ടറോട് ചോദിച്ചു: “ഞാൻ ഇനിയും ഈ കീമോ എടുക്കണമോ? മറ്റെന്തെങ്കിലും മരുന്നോ റേഡിയേഷനോ പരീക്ഷിക്കട്ടേ?”
യഹൂദ ജനതയുടെ മുമ്പിലും ഇങ്ങനെയൊരു ജീവന്മരണ ചോദ്യം ഉണ്ടായി. യുദ്ധവും ക്ഷാമവും മൂലം മടുത്ത ദൈവത്തിന്റെ ജനം തങ്ങളുടെ യഥാർത്ഥ പ്രശ്നം വിഗ്രഹാരാധന കൂടിയതാണോ അതോ കുറഞ്ഞു പോയതാണോ എന്ന് ആശ്ചര്യപ്പെട്ടു! അവസാനം അവർ, വ്യാജ ദൈവത്തിന് കൂടുതൽ യാഗങ്ങൾ അർപ്പിച്ച് അവൾ അവരെ സംരക്ഷിക്കുകയും അഭിവൃദ്ധി നൽകുകയും ചെയ്യുമോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു (യിരെമ്യാവ് 44:17).
അവർ തങ്ങളുടെ പ്രശ്നകാരണത്തെ നിർണ്ണയിക്കുന്നതിൽ വല്ലാതെ തെറ്റിപ്പോയി എന്ന് യിരെമ്യാവ് പറഞ്ഞു. അവരുടെ പ്രശ്നം അവർ വിഗ്രഹങ്ങളെ സേവിക്കുന്നത് കുറഞ്ഞു പോയതല്ല, വിഗ്രഹങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നതാണ്. അവർ പ്രവാചകനോട് പറഞ്ഞു, “നീ യഹോയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല” (വാ. 16). യിരെമ്യാവ് മറുപടി പറഞ്ഞു, “നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോട് പാപം ചെയ്യുകകൊണ്ട്, ഇന്ന് ഈ അനർത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു” (വാ. 23).
യഹൂദയെപ്പോലെ, നമ്മളും നമ്മെ പ്രശ്നത്തിലാക്കിയ പാപകരമായ തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണു പോകാൻ പ്രലോഭിതരായേക്കാം. ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ? വീണ്ടും അകന്നു പോകാം. സാമ്പത്തിക പ്രശ്നങ്ങൾ? ഇനിയും സ്വന്ത സുഖങ്ങൾക്കായി ചെലവിട്ടേക്കാം. അവഗണിക്കപ്പെട്ടോ? തിരിച്ചും നിഷ്കരുണം പെരുമാറിപ്പോകാം. എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്ക് കാരണമായ ഈ വിഗ്രഹങ്ങളൊന്നും നമ്മെ രക്ഷിക്കില്ല. യേശുവിന് മാത്രമാണ് നാം അവനിൽ ആശ്രയിക്കുമ്പോൾ നമ്മെ ഈ പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കാൻ കഴിയുക.
ചെറു കുറുക്കൻമാർ
ഒരു പൈലറ്റിന് തന്റെ ചായ കപ്പ്ഹോൾഡറിൽ വയ്ക്കാൻ കഴിഞ്ഞില്ല, അതിനാൽ അദ്ദേഹമത് സെന്റർകൺസോളിൽ വച്ചു. വിമാനം പ്രക്ഷുബ്ധമായപ്പോൾ, പാനീയം കൺട്രോൾ പാനലിലേക്ക് ഒഴുകി, ഒരു എഞ്ചിൻ ഓഫായി. ആഫ്ലൈറ്റ് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തുവെങ്കിലും,രണ്ട് മാസങ്ങൾക്ക് ശേഷം മറ്റൊരു എയർലൈനിലെ ജീവനക്കാർക്ക് ഇത് വീണ്ടും സംഭവിച്ചപ്പോൾ, ഒരു പ്രശ്നമുണ്ടെന്ന് നിർമാതാവിന് മനസ്സിലായി. വിമാനത്തിന് 30 കോടി ചിലവാക്കി, പക്ഷേ അതിന്റെ കപ്പ്ഹോൾഡർ വളരെ ചെറുതായിരുന്നു. ഈ ചെറുതെന്ന് തോന്നിപ്പിക്കുന്ന പിശക് ചിലഭയാനകമായ നിമിഷങ്ങളിലേക്ക് നയിച്ചു.
ചെറിയ പ്രശ്നങ്ങൾക്ക് മഹത്തായ പദ്ധതികൾ തകർക്കുവാൻ കഴിയും, അതിനാൽ ഉത്തമഗീതത്തിലെ പ്രിയൻ തന്റെ പ്രിയയോട് തങ്ങളുടെ സ്നേഹത്തിന്റെ മുന്തിരിത്തോട്ടങ്ങളെ നശിപ്പിക്കുന്ന ചെറുകുറുക്കന്മാരെ പിടിച്ചു തരാൻ പ്രേരിപ്പിക്കുന്നു (2:15). മുന്തിരി തേടി കുറുക്കൻമാർ മതിലുകൾക്ക് മുകളിലൂടെ കയറുന്നതും വള്ളികൾ പുറത്തെടുക്കുന്നതും അവൻ കണ്ടിട്ടുണ്ട്. ശരം പോലെ മുന്തിരിത്തോട്ടത്തിലേക്ക് വരികയും രാത്രിയിൽ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നതിനാൽ അവയെ പിടിക്കുവാൻ പ്രയാസമായിരുന്നു. എന്നാലും അവയെ അവഗണിക്കുവാൻ പാടില്ല.
നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങളെ ഭീഷണിപ്പെടുത്തുന്നത് എന്താണ്? അത് വലിയ കുറ്റകൃത്യങ്ങളല്ലായിരിക്കാം. നിങ്ങളുടെ സ്നേഹത്തിന്റെ വേരുകളെ കുഴിക്കുന്ന, ഇവിടെയും അവിടെയുമുള്ള നിസ്സാര അഭിപ്രായ പ്രകടനങ്ങൾ എന്ന ചെറുകുറുക്കൻമാർ ആയിരിക്കാം അവ! ചെറിയ കുറ്റങ്ങൾ കൂടിച്ചേർന്ന് ഒരിക്കൽ വിരിഞ്ഞ് വന്നിരുന്ന സൗഹൃദമോ തീക്ഷ്ണമായ വിവാഹജീവിതമോ അപകടത്തിലാക്കും.
ചെറുകുറുക്കൻമാരെ പിടിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ! നമുക്ക് ആവശ്യമായത് ദൈവം നൽകുന്നുണ്ട്. ക്ഷമാപണം ചോദിക്കുകയും നൽകുകയും ചെയ്തുകൊണ്ട്, ചിന്താപൂർണ്ണമായ പ്രവൃത്തികളാൽ നമുക്ക് നമ്മുടെ മുന്തിരിത്തോട്ടങ്ങളെ പരിപോഷിപ്പിച്ചെടുക്കാം.
വലുതും ചെറുതുമായ സകല ജീവികളും
ഗ്രീൻ എന്ന തത്തക്കുഞ്ഞിനെ കാട്ടിലേക്ക് മടങ്ങാൻ സംഗീത പരിശീലിപ്പിച്ചു. അവൾ അവനെ ഒരു കാട്ടിൽ ഹ്രസ്വമായ പറക്കലുകൾക്കു കൊണ്ടു പോകുമ്പോൾ, വേഗത്തിൽ തന്നെ അവൻ അവളുടെ അടുത്തേക്ക് മടങ്ങി വരുമായിരുന്നു. ഒരു ദിവസം രാവിലെ ഗ്രീൻ തിരിച്ചെത്തിയില്ല. സംഗീതശ്രമം ഉപേക്ഷിക്കുന്നതിനു മുമ്പ് വിസ്സിൽ മുഴക്കി ആറ് മണിക്കൂർ കാത്തിരുന്നു. ആഴ്ച്ചകൾക്ക് ശേഷം അവൾ ഒരു പക്ഷിയുടെ അസ്ഥികൂടം കണ്ടെത്തി. ഗ്രീൻ ആണെന്ന് കരുതി അവൾ കരയാൻ തുടങ്ങി.
സംഗീതയ്ക്കും ഗ്രീനിനും വേണ്ടി എന്റെ ഹൃദയം വേദനിച്ചു. ഞാൻ എന്നോട് തന്നെ പറഞ്ഞു, "അതിൽ നീ വിഷമിക്കേണ്ട, അത്ഒരു സാധാരണ, ചുവന്ന കൊക്കുള്ളപക്ഷി മാത്രമാണ്." എന്നാൽ വാസ്തവത്തിൽ എനിക്ക് വിഷമംഉണ്ടായിരുന്നു -ദൈവത്തിനും. അവിടുത്തെ സ്നേഹം സ്വർഗ്ഗത്തോളവും,താഴെ മേൽനോട്ടം വഹിക്കുവാൻനമ്മെ ഏൽപിച്ച സൃഷ്ടിയുടെ ഭാഗമായ ഏറ്റവും ചെറിയ ജീവി വരെയും എത്തുന്നു. അവിടുന്ന് മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുത്തു (സങ്കീ.147:9), "മനുഷ്യരെയും മൃഗങ്ങളെയും" രക്ഷിക്കുന്നു (36:5-6).
പിന്നീട്ഒരു ദിവസം, സംഗീത അവളുടെ വീടിനടുത്തുള്ള കാട്ടിലൂടെ ട്രെക്കിംഗ് നടത്തുമ്പോൾ അദ്ഭുതകരമെന്ന് പറയട്ടെ, അവിടെ ഗ്രീൻ ഉണ്ടായിരുന്നു! അവനെ പോലെയുള്ള തത്തകൾനിറഞ്ഞ ഒരു മരത്തിൽ അവൻ ഒരു പുതിയ കുടുംബത്തെ കണ്ടെത്തി. അവൻ എന്നത്തെയും പോലെ സന്തോഷവാനായി കാണപ്പെട്ടു. അവൻ സംഗീതയുടെ തോളിലേക്ക് പറന്നിരുന്നു. അവൾ പുഞ്ചിരിച്ചു, "നീ നന്നായിരിക്കുന്നു. നിനക്ക് മനോഹരമായ ഒരു കുടുംബമുണ്ട്." അവൻ ചിലച്ച് തന്റെ പുതിയ ഭവനത്തിലേക്ക് പറക്കുകയും ചെയ്തു.
എനിക്ക് സന്തോഷകരമായ പര്യവസാനങ്ങൾ ഇഷ്ടമാണ്. തന്റെ പിതാവ് പക്ഷികൾക്ക് ആഹാരം നൽകുന്നതു പോലെ നമുക്കും ആവശ്യമുള്ളതെല്ലാം നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തു (മത്തായി 6: 25-28). "ഒരു കുരികിൽ പോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല... ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ" (10:29-31).
നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കുക
ആമോസ് ഏറ്റവും കൂടുതൽ സമൂഹജീവിതം ഇഷ്ടപ്പെടുന്ന ആളും, ഡാനി ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു ഏകാന്തനുമായിരുന്നു. എങ്ങനെയോ ഈ വിചിത്ര പ്രതിഭകൾ മികച്ച സുഹൃത്തുക്കളായി. ഒരു ദശാബ്ദക്കാലം അവർക്കു ഒരുമിച്ച് ചിരിക്കുവാനും ഒരുമിച്ച് പഠിക്കുവാനും കഴിഞ്ഞു എന്ന കാര്യത്തിനു ഒരു നോബൽ സമ്മാനം കൊടുക്കണം! പക്ഷേ, ഒരു ദിവസം ആമോസിന്റെ രീതികളിൽ മടുത്ത ഡാനി അവനോടു പറഞ്ഞു, “നാം ഇനി മുതൽ സുഹൃത്തുക്കളല്ല!”
മൂന്ന് ദിവസങ്ങൾക്ക് ശേഷം, ആമോസ് ഭയങ്കരമായ ഒരു വാർത്തയുമായി ഡാനിയെ വിളിച്ചു. ഡോക്ടർമാർ അവനു ക്യാൻസർ ആണെന്ന് കണ്ടെത്തി, മാത്രമല്ല താൻ ആറുമാസം കൂടിയേ ജീവിക്കുവാൻ സാദ്ധ്യത ഉള്ളു എന്ന് പറഞ്ഞു. ഡാനിയുടെ ഹൃദയം തകർന്നു. “എന്തു സംഭവിച്ചാലും ഞാൻ കൂടെയുണ്ട്” അദ്ദേഹം പറഞ്ഞു, "നാം സുഹൃത്തുക്കളാണ്."
പൗലോസ് കണിശക്കാരനായ ദാർശനികനും ബർണബാസ് മൃദുലഹൃദയമുള്ള പ്രോത്സാഹകനുമായിരുന്നു. ദൈവാത്മാവ് അവരെ ഒരുമിച്ച് ഒരു മിഷനറി യാത്രയ്ക്ക് അയച്ചു (പ്രവൃത്തികൾ 13: 2-3). മർക്കോസിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടാകുന്നതുവരെ അവർ ഒരുമിച്ചു പ്രസംഗിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു. അവരെ ഇടയ്ക്ക് വിട്ടുപോയ മർക്കോസിനു രണ്ടാമത് ഒരു അവസരം നൽകുവാൻ ബർണബാസ് ആഗ്രഹിച്ചു. അവനെ ഇനി വിശ്വസിക്കാനാവില്ലെന്ന് പൗലോസ് തീർത്തു പറഞ്ഞു. അങ്ങനെ അവർ വേർപിരിഞ്ഞു (15: 36-41).
എന്നാൽ ഒടുവിൽ പൗലോസ് മാർക്കോസിനോട് ക്ഷമിച്ചു. പിന്നീടുള്ള തന്റെ മൂന്ന് കത്തുകൾ അവസാനിക്കുന്നത് മാർക്കോസിൽ നിന്നുള്ള അഭിവന്ദനങ്ങളോടുകൂടിയോ അദ്ദേഹത്തെ അഭിനന്ദിച്ചോ ആണ് (കൊലൊസ്സ്യർ 4:10; 2 തിമോത്തി 4:11; ഫിലേമോൻ 1:24). ബർണബാസിന് എന്ത് സംഭവിച്ചുവെന്ന് നമ്മൾക്കറിയില്ല. എന്നാൽ, പൗലോസുമായി തീർച്ചയായും അനുരഞ്ജനപ്പെട്ടു എന്നു ഞാൻ കരുതുന്നു.
ഇന്നത്തെ അവസ്ഥ എന്തുതന്നെയായാലും, നിങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ള ആളുകളുമായി ബന്ധപ്പെടുവാൻ ശ്രമിക്കുക. നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു കാണിക്കുവാനും പറയാനുമുള്ള സമയമാണിത്.
ഉയരുവാൻ
ഒരു വിമാനവാഹിനിക്കപ്പലിലെവിനോദയാത്രയ്ക്കിടെ, ഒരു ഫൈറ്റർ ജെറ്റ് പൈലറ്റ് വിശദീകരിച്ചു : വിമാനങ്ങൾക്ക് ഇത്രയും ചെറിയ റൺവേയിൽ ഉയരുവാൻ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവശ്യമാണ്. ഈ വേഗതയിലുള്ള കാറ്റ് കിട്ടുവാൻ, കപ്പിത്താൻ കപ്പലിനെ കാറ്റിന്റെ നേരെ തിരിക്കും. "വിമാനത്തിനു ഉയരുവാൻ ജെറ്റിന്റെപുറകിൽ നിന്നുള്ള കാറ്റ് സഹായകരമല്ലേ?"ഞാൻ ചോദിച്ചു. പൈലറ്റ് മറുപടി പറഞ്ഞു, "ഇല്ല. ജെറ്റുകൾ കാറ്റിനു നേരെ പറക്കണം. പെട്ടന്ന് ഉയരുവാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. "
വാഗ്‌ദത്ത ദേശത്ത് കാത്തിരുന്ന "കാറ്റിലേക്ക്" തന്റെ ജനത്തെ നയിക്കുവാൻ ദൈവം യോശുവയെ വിളിച്ചു. യോശുവയ്ക്ക് രണ്ട് കാര്യങ്ങൾ ആവശ്യമായിരുന്നു. ആന്തരികമായി, അവൻ "നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണം" (യോശുവ 1: 7); അതുപോലെ,ബാഹ്യമായിഅദ്ദേഹത്തിന് നേരിടുവാൻ വെല്ലുവിളികളും- ആയിരക്കണക്കിന് ഇസ്രായേല്യരെ നയിക്കുന്ന ദൈനംദിന ചുമതല, ഉയർന്ന മതിലുകളുള്ള നഗരങ്ങളെ നേരിടൽ (6: 1-5), നിരാശപ്പെടുത്തുന്നതോൽവികൾ (7: 3-5), ആഖാന്റെ മോഷണം (VV. 16-26), തുടർച്ചയായ യുദ്ധങ്ങൾ (CHS. 10–) 11), അങ്ങനെ പലതും.
യോശുവയുടെ മുഖത്ത് വീശിയടിച്ച 'കാറ്റ്', ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ നിലനിൽക്കുന്നിടത്തോളം അവനെ ഉയർത്തുവനായിട്ടുള്ളതായിരുന്നു. ദൈവം അവനോടു പറഞ്ഞു,“ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക… അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു... അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും”(1: 7-8).
ദൈവത്തിന്റെ വഴികൾ പിന്തുടരുവാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ? എങ്കിൽ വെല്ലുവിളികൾ വരുമ്പോൾ, ധൈര്യത്തോടെ ആ കാറ്റിൽ നിങ്ങളുടെ ആത്മാവ് ഉയരുന്നത് കാണാം.
ഇത് കൃപയാണ്
പരോളിലിറങ്ങിയ കുറ്റവാളി ജീൻ വാൽ ജീൻ ഒരു പുരോഹിതന്റെ വെള്ളിപ്പാത്രം മോഷ്ടിക്കുന്നിടത്താണ് പാവങ്ങൾ (ഒരു ഫ്രഞ്ച് ചരിത്ര നോവൽ) ആരംഭിക്കുന്നത് . അയാൾ പിടിക്കപ്പെടുകയും ഖനിയിലേക്ക് തിരികെ കൊണ്ടു പോകുമെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ താൻ ആ വെള്ളി വാൽ ജീനിനു നൽകിയതാണെന്ന് അവകാശപ്പെട്ട് പുരോഹിതൻ എല്ലാവരേയും ഞെട്ടിക്കുന്നു. പോലീസ് പോയതിനു ശേഷം “നീ ഇനി തിന്മക്കല്ല നന്മക്കുള്ളവനാണ് എന്ന് അയാൾ കള്ളനോട് പറഞ്ഞു.”
ഇത്ര ഉദാരമായ സ്നേഹം വിരൽ ചൂണ്ടുന്നത് സർവ്വ കൃപയുടേയും ഉറവിടമായ സ്നേഹത്തിലേക്കാണ്. ആ നഗരത്തിൽ തന്നെ രണ്ടു മാസം മുൻപ് അവർ യേശുവിനെ ക്രൂശിച്ചു എന്ന് പെന്തക്കോസ്ത് ദിനത്തിൽ കേൾവിക്കാരോടു പത്രോസ് പറഞ്ഞു. തകർന്ന ഹൃദയനുറുക്കത്തോടെ അവരെന്തു ചെയ്യണം എന്ന് ജനം ചോദിച്ചു. “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ“ (അപ്പോ.പ്രവൃത്തികൾ 2:38) എന്ന് പത്രോസ് മറുപടി പറഞ്ഞു. അവർ അർഹിച്ചിരുന്ന ശിക്ഷ യേശു സഹിച്ചു. ഇപ്പോൾ അവർ അവനിൽ വിശ്വസിച്ചാൽ അവരുടെ പിഴ ക്ഷമിക്കപ്പെടും.
ഓ, കൃപയുടെ വിരോധാഭാസം. ക്രിസ്തുവിന്റെ മരണത്താൽ മാത്രമേ ജനങ്ങൾക്ക് പാപക്ഷമ ലഭിക്കുകയുള്ളൂ—അവരാണ് ആ മരണത്തിനു ഉത്തരവാദികൾ. ദൈവം എത്ര കൃപാലുവും ശക്തനുമാണ്! മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ പാപം ഉപയോഗിച്ചു നമുക്ക് രക്ഷ സാധിപ്പിച്ചു. ക്രിസ്തുവിനെ ക്രൂശിച്ച പാപം കൊണ്ട് ദൈവം മുൻപേ ഇങ്ങനെ ചെയ്തെങ്കിൽ, അവനു നന്മയായി മാറ്റാൻ കഴിയാത്തത് ഒന്നുമില്ലെന്ന് നാം ഊഹിച്ചക്കാം. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്…സകലവും നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്ന” ആ ദൈവത്തിൽ ആശ്രയിക്കാം. (റോമർ 8:28)
മരണത്താലുള്ള ജീവൻ
ക്യാൻസറുമായി മല്ലിടുന്ന കാൾനു ഇരട്ട ശ്വാസകോശമാറ്റം ആവശ്യമായിരുന്നു. അവൻ ദൈവത്തോട് പുതിയൊരു ശ്വാസകോശത്തിനായി പ്രാർത്ഥിച്ചുവെങ്കിലും അങ്ങനെ ചെയ്തതിൽ അവന് വിഷമം തോന്നി.ആ പ്രാർത്ഥന അയാൾക്കു വിചിത്രമായി തോന്നി, കാരണം “എനിക്ക് ജീവിക്കുവാൻ മറ്റൊരാൾ മരിക്കണം”.
കാൾന്റെ ധർമ്മസങ്കടം തിരുവെഴുത്തിലെ ഒരു പ്രാഥമിക സത്യം ഉയർത്തിക്കാണിക്കുന്നു: ദൈവം ജീവൻ നൽകുവാൻ മരണത്തെ ഉപയോഗിക്കുന്നു. പുറപ്പാടിന്റെ ചരിത്രത്തിൽ നാമിതു കാണുന്നുണ്ട്. അടിമത്തത്തിൽ ജനിച്ച യിസ്രായേല്യർ അടിച്ചമർത്തലിൽ തളർന്നു. ദൈവം ഇതിനെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്നതുവരെ ഫറവോൻ അയവുവരുത്തിയില്ല. ഊനമില്ലാത്തെ ആട്ടിൻകുട്ടിയെ അറുത്ത് അതിന്റെ രക്തം കട്ടിളക്കാലിൽ പുരട്ടിയില്ലെങ്കിൽ എല്ലാ ആദ്യജാതനും കൊല്ലപ്പെടുമായിരുന്നു (പുറപ്പാട് 12:6–7).
ഇന്ന് നിങ്ങളും ഞാനും പാപത്തിന്റെ അടിമത്തത്തിലാണ് ജനിച്ചത്. ദൈവം ഇത് വ്യക്തിപരമായി എടുത്ത്, തന്റെ ഊനമില്ലാത്ത പുത്രനെ രക്തം പുരണ്ട കുരിശിന്റെ കൈകളിൽ ബലിയർപ്പിക്കുന്നതുവരെ സാത്താൻ തന്റെ പിടി വിടില്ലായിരുന്നു.
അവിടെ തന്നോടൊപ്പം ചേരാൻ യേശു നമ്മെ വിളിക്കുന്നു. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു” (ഗലാത്യർ 2:20) എന്ന് പൗലോസ് വിശദീകരിച്ചു. നാം നമ്മുടെ വിശ്വാസം ദൈവത്തിന്റെ ഊനമില്ലാത്ത കുഞ്ഞാടിൽ വെക്കുമ്പോൾ, നാം ദിവസവും അവനോടു കൂടെ മരിക്കുവാൻ അർപ്പിക്കുകയാണ്—അവനോടൊപ്പം പുതു ജീവനിലേക്ക് ഉയിർക്കുവാനായി നാം പാപത്തിനു മരിക്കുന്നു. (റോമർ 6:4-5). പാപത്തിന്റെ ചങ്ങലകളോട് ഇല്ല എന്നും ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തോട് ഉവ്വ് എന്നും പറയുമ്പോഴെല്ലാം നാം ഈ വിശ്വാസത്തെ പ്രദർശിപ്പിക്കുന്നു. യേശുവിനൊപ്പം മരിക്കുന്നതിനേക്കാൾ അധികമായി നാം ഒരിക്കലും ജീവിക്കുന്നില്ല.
അവർ എങ്ങിനെ അറിയും
വടക്കൻ തായ്‌ലൻഡിലെ ഒരു അന്തർസാമുദായിക, അന്തർദ്ദേശീയ സഭ ആണ് "ദ ഗാതറിങ്ങ് ". അടുത്തയിടെ ഒരു ഞായറാഴ്ച കൊറിയ, ഘാന,പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, യു എസ്, ഫിലിപ്പൈൻസ് , പിന്നെ മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ , ഒരു ലളിതമായ ഹോട്ടലിലെ സമ്മേളന മുറിയിൽ ഒന്നിച്ച് കൂടി. അവർ “ഇൻ ക്രൈസ്റ്റ് എലോൺ”,”അയാം എ ചൈൽഡ് ഓഫ് ഗോഡ്” എന്നീ പാട്ടുകൾ പാടി. ആ ഗാനങ്ങൾ പ്രത്യേകിച്ച് അവിടുത്തെ പശ്ചാത്തലത്തിൽ ആകർഷകമായിരുന്നു.
യേശുവിനെപ്പോലെ മറ്റാർക്കും ജനങ്ങളെ ഇങ്ങിനെ ഒരുമിച്ച് കൊണ്ടുവരാനാകില്ല. യേശു തുടക്കം മുതലേ അത് ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ അന്ത്യോഖ്യാ പതിനെട്ട് വ്യത്യസ്ത ഗോത്ര വിഭാഗങ്ങൾ അടങ്ങിയതായിരുന്നു. ഓരോ വിഭാഗവും പട്ടണത്തിൽ അവരവരുടെ ഭാഗങ്ങളിലാണ് ജീവിച്ചിരുന്നത്. വിശ്വാസികൾ ആദ്യം അന്ത്യൊക്കായിലേക്ക് വന്നപ്പോൾ അവർ ദൈവ വചനം പ്രസംഗിച്ചത് “യഹൂദന്മാരോട് മാത്രമാണ്” (പ്രവൃത്തികൾ 11:19). എന്നാൽ സഭയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി അതായിരുന്നില്ല; പിന്നീട് മറ്റുള്ളവരും വന്ന് , “യവനൻമാരോടും(ജാതികൾ) കർത്താവായ യേശുവിന്റെ സുവിശേഷം അറിയിച്ചു”, “വലിയൊരു കൂട്ടം വിശ്വാസിച്ചു കർത്താവിലേക്ക് തിരിഞ്ഞു”(വാ.20-21). നൂറ്റാണ്ടുകളായി യഹൂദന്മാരും, യവനന്മാരുമായി നിലനിന്നിരുന്ന വിരോധത്തെ യേശു മാറ്റിയത് ആ പട്ടണത്തിലെ ജനങ്ങൾ ശ്രദ്ധിച്ചു. അങ്ങിനെ പല ജനവിഭാഗങ്ങളിലുളളവർ ചേർന്ന സഭയെ അവർ “ ക്രിസ്ത്യാനികൾ” അല്ലെങ്കിൽ "ചെറു ക്രിസ്തുകൾ "എന്ന് വിളിച്ചു (വാ.26).
വംശീയമായും, സാമൂഹികമായും, സാമ്പത്തികമായും ഉള്ള അതിരുകളെ മറികടന്ന് നമ്മളിൽ നിന്നും വ്യത്യസ്തരായവരെ ചേർത്ത് പിടിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷെ ഈ ബുദ്ധിമുട്ടാണ് നമുക്ക് ഒരു അവസരമൊരുക്കുന്നത്. അത് ഒരു ബുദ്ധിമുട്ടല്ലായിരുന്നെങ്കിൽ, അത് ചെയ്യുവാനായി നമുക്ക് യേശുവിനെ ആവശ്യമുണ്ടാകുമായിരുന്നില്ല.നാം അവനെ പിന്തുടരുന്നണ്ടെന്ന് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.