ദൈവവിഷയമായി സമ്പന്നരാകുക
മഹാ സാമ്പത്തിക മാന്ദ്യകാലത്ത് വളര്‍ന്ന എന്റെ മാതാപിതാക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ ആഴത്തിലുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നു. തല്‍ഫലമായി, അവര്‍ കഠിനാധ്വാനികളും നന്ദിയോടെ പണം കൈകാര്യം ചെയ്യുന്നവരും ആയിത്തീര്‍ന്നു. അതേസമയം, അവര്‍ ഒരിക്കലും അത്യാഗ്രഹികളായിരുന്നില്ല. അവര്‍ തങ്ങളുടെ സഭയ്ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സമയം, കഴിവ്, സമ്പത്ത് എന്നിവ നല്‍കി. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സന്തോഷത്തോടെ നല്‍കുകയും ചെയ്തു.
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, എന്റെ മാതാപിതാക്കള്‍ അപ്പോസ്തലനായ പൗലൊസിന്റെ മുന്നറിയിപ്പ് മനസ്സില്‍ സൂക്ഷിച്ചു: ''ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' (1 തിമൊഥെയൊസ് 6:9) .
സമ്പത്ത് എല്ലാവരെയും ഒരുപോലെ പ്രലോഭിപ്പിക്കുന്ന ഒരു സമ്പന്ന നഗരമായ എഫെസൊസിലെ യുവ പാസ്റ്ററായ തിമൊഥെയൊസിനാണ് പൗലൊസ് ഈ ഉപദേശം നല്‍കിയത്.
''ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു
ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു'' (വാ. 10) എന്നു പൗലൊസ് മുന്നറിയിപ്പു നല്‍കി.
അപ്പോള്‍ അത്യാഗ്രഹത്തിനുള്ള മറുമരുന്ന് എന്താണ്? ''ദൈവവിഷയമായി സമ്പന്നനാകുക'' യേശു പറഞ്ഞു (ലൂക്കൊസ് 12:13-21 കാണുക). എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനെ പിന്തുടരുകയും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ, അവന്‍ നമ്മുടെ മുഖ്യ ആനന്ദമായി മാറുന്നു. സങ്കീര്‍ത്തനക്കാരന്‍ എഴുതിയതുപോലെ, ''കാലത്തു തന്നേ നിന്റെ ദയകൊണ്ടു ഞങ്ങളെ തൃപ്തരാക്കണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും'' (സങ്കീര്‍ത്തനം 90:14).
അവനില്‍ അനുദിനം സന്തോഷിക്കുന്നത് മോഹത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. യേശു നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ വീണ്ടെടുക്കുകയും ദൈവവിഷയമായി നമ്മെ സമ്പന്നരാക്കുകയും ചെയ്യട്ടെ!
എങ്ങനെ ട്രാക്കില്‍ തന്നെ തുടരാം
ലോകത്തിലെ ഏറ്റവും വേഗതയേറിയ അന്ധ ഓട്ടക്കാരനെന്ന നിലയില്‍, യുഎസ് പാരാലിമ്പിക് ടീമിലെ ഡേവിഡ് ബ്രൗണ്‍ തന്റെ വിജയങ്ങള്‍ക്ക് ദൈവത്തോടും അമ്മയുടെ ആദ്യകാല ഉപദേശത്തോടും (''വെറുതെ ചുറ്റിപ്പറ്റി ഇരിക്കരുത്''), ഒപ്പം ഓട്ട പരിശീലകനായ മുതിര്‍ന്ന സ്പ്രിന്റര്‍ ജെറോം അവേരിയോടുും കടപ്പെട്ടിരിക്കുന്നതായി പറയുന്നു. തന്റെ വിരലുകളില്‍ കെട്ടിയിരിക്കുന്ന ഒരു ചരടിനോട് ബ്രൗണിനെ ബന്ധിച്ച് അവേരി, ബ്രൗണിന്റെ വിജയ മല്‍സരങ്ങളെ വാക്കുകളും സ്പര്‍ശനങ്ങളും ഉപയോഗിച്ച് നയിക്കുന്നു.
വളഞ്ഞ ട്രാക്കുകളുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ തനിക്ക് ''അതനുസരിച്ച് തിരിയാന്‍'' കഴിയുമെന്ന് ബ്രൗണ്‍ പറയുന്നു: ''എല്ലാം അദ്ദേഹത്തിന്റെ സൂചനകള്‍ ശ്രദ്ധിക്കുന്നതിലാണ്. ദിനംപ്രതി, ഞങ്ങള്‍ റേസ് തന്ത്രങ്ങള്‍ മറികടക്കുകയാണ്,'' ബ്രൗണ്‍ പറയുന്നു, ''പരസ്പരം ആശയവിനിമയം നടത്തുക-വാക്കാലുള്ള സൂചനകള്‍ മാത്രമല്ല, ശാരീരിക സൂചകങ്ങളും അതിനുപയോഗിക്കുന്നു.''
നമ്മുടെ സ്വന്തം ജീവിത ഓട്ടത്തില്‍, ഒരു ദിവ്യ വഴികാട്ടിയുടെ അനുഗ്രഹം നമുക്കുണ്ട്. നമ്മുടെ സഹായിയായ പരിശുദ്ധാത്മാവിനെ നാം അനുഗമിക്കുമ്പോള്‍ നമ്മുടെ ചുവടുകളെ അവന്‍ നയിക്കുന്നു. ''നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു,'' യോഹന്നാന്‍ എഴുതി (1 യോഹന്നാന്‍ 2:26). 'അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്‌ക്കല്ല സത്യം തന്നെ ആയിരിക്കുകയാലും, അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍'' (വാ. 27).
പിതാവിനെയും യേശുക്രിസ്തുവാണ് മിശിഹാ എന്നതിനെയും തള്ളിപ്പറഞ്ഞ ''എതിര്‍ക്രിസ്തുക്കളെ'' നേരിട്ട വിശ്വാസികളോടാണ് യോഹന്നാന്‍ ഈ വാക്കുകള്‍ ഊന്നിപ്പറയുന്നത് (വാ. 22). അത്തരം നിഷേധികളെ നാം ഇന്നും അഭിമുഖീകരിക്കുന്നു. എന്നാല്‍ നമ്മുടെ വഴികാട്ടിയായ പരിശുദ്ധാത്മാവ് യേശുവിനെ അനുഗമിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. നമ്മെ ട്രാക്കില്‍ സൂക്ഷിക്കുന്ന, സത്യവുമായി നമ്മെ സ്പര്‍ശിക്കാനുള്ള അവന്റെ മാര്‍ഗനിര്‍ദേശത്തെ നമുക്ക് വിശ്വസിക്കാം.
സൗഹൃദ ബഞ്ച്
ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ യുദ്ധക്കെടുതികളും തൊഴിലില്ലായ്മയും ജനങ്ങളെ നൈരാശ്യത്തിലേക്കു തള്ളിവിട്ടുകൊണ്ടിരുന്നു-ഒരു 'സൗഹൃദ ബഞ്ചില്‍'' അവര്‍ പ്രത്യാശ കണ്ടെത്തുന്നതു വരെ. നിസ്സഹായരായ ആളുകള്‍ അവിടേക്കു ചെന്ന് പരിശീലനം നേടിയ 'മുത്തശ്ശി''മാരുമായി സംസാരിക്കാം - വിഷാദ രോഗികളായ ആളുകള്‍ പറയുന്നതു കേള്‍ക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ട പ്രായമുള്ള സ്ത്രീകളാണവര്‍. ആ ദേശത്തെ ഷോണാ ഭാഷയില്‍ അവരെ കുഫുംഗിസിസാ അഥവാ 'ധാരാളം ചിന്തിക്കുന്ന' എന്നു വിളിക്കും.
സൗഹൃദ ബഞ്ച് പ്രോജക്ട് സാന്‍സിബാര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ട്. 'അതിന്റെ ഫലം ഞങ്ങളെ ആവേശഭരിതരാക്കുന്നു'' ഒരു ലണ്ടന്‍ ഗവേഷകന്‍ പറഞ്ഞു. ന്യുയോര്‍ക്ക് കൗണ്‍സിലര്‍ അതിനോടു യോജിച്ചു, 'നിങ്ങള്‍ മനസ്സിലാക്കും മുമ്പുതന്നെ, നിങ്ങള്‍ ഒരു ബഞ്ചിലല്ല, കരുതുന്ന ഒരുവനുമായി സന്തോഷകരമായ ഒരു സംഭാഷണത്തിലായിരിക്കും നിങ്ങള്‍.'
നമ്മുടെ സര്‍വ്വശക്തനായ ദൈവവുമായി സംസാരിക്കുന്നതിന്റെ ഉന്മേഷവും വിസ്മയവും പ്രോജക്ട് ഉണര്‍ത്തുന്നു. മോശെ ഒരു ബഞ്ച് സ്ഥാപിച്ചില്ല, മറിച്ച് ദൈവവുമായി കണ്ടുമുട്ടുവാന്‍ ഒരു കൂടാരം സ്ഥാപിച്ച് അതിനു സമാഗമന കൂടാരം എന്നു വിളിച്ചു. അവിടെ 'ഒരുത്തന്‍ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു'' (പുറപ്പാട് 33:11). അവന്റെ സഹായിയായ യോശുവ കൂടാരം വിട്ടുപിരിയാതിരുന്നു, കാരണം അവനും ദൈവത്തോടൊത്തുള്ള സമയത്തെ അത്യധികം വിലമതിച്ചിരിക്കാം (വാ. 11).
ഇന്ന് നമുക്ക് ഒരു സമാഗന കൂടാരത്തിന്റെ ആവശ്യമില്ല. യേശു പിതാവിനെ നമ്മുടെ സമീപത്തേക്കു കൊണ്ടുവന്നു. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ
സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു'' (യോഹന്നാന്‍ 15:15). അതേ, നമ്മുടെ ദൈവം നമ്മെ കാത്തിരിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ജ്ഞാനിയായ സഹായിയും നമ്മെ മനസ്സിലാക്കുന്ന സ്‌നേഹിതനുമാണ്. ഇപ്പോള്‍ അവനോടു സംസാരിക്കുക.
വേഗത കുറയ്‌ക്കേണ്ട സമയം
1840 ല്‍ ഇലക്ട്രിക് ക്ലോക്ക് നിര്‍മ്മിച്ചതിനുശേഷം വളരെ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ നാം സ്മാര്‍ട്ട് വാച്ചുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സമയം നോക്കുന്നു. ജീവിതത്തിന്റെ മുഴുവന്‍ ചലനവും വേഗത്തിലായതായി അനുഭവപ്പെടുന്നു- നമ്മുടെ 'വിശ്രമ'' നടത്തം പോലും വേഗത്തിലായി. നഗരത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്, അതിന് ആരോഗ്യത്തിന്മേല്‍ നെഗറ്റീവ് സ്വാധീനമാണുള്ളതെന്ന് പണ്ഡിതന്മാര്‍ പറയുന്നു. 'നാം കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയും നമുക്കു കഴിയുന്നത്രയും വേഗത്തില്‍ ജനങ്ങളിലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്നു.' ഒരു അമേരിക്കന്‍ പ്രൊഫസര്‍ നിരീക്ഷിച്ചു. 'എല്ലാം ഇപ്പോള്‍ സംഭവിക്കണം എന്നു ചിന്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.''
വേദപുസ്തക സങ്കീര്‍ത്തനങ്ങളിലെ ഏറ്റവും പഴക്കമുള്ളതില്‍ ഒന്ന് എഴുതിയ മോശെ സമയത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്നു. ജീവിതത്തിന്റെ ചലനത്തെ ദൈവമാണ് നിയന്ത്രിക്കുന്നത് എന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു' (സങ്കീര്‍ത്തനം 90:4).
അതുകൊണ്ട് സമയ പരിപാലനത്തിന്റെ രഹസ്യം വേഗത്തില്‍ പോകുന്നതോ പതുക്കെ പോകുന്നതോ അല്ല. ദൈവത്തിനുവേണ്ടി കൂടുതല്‍ സമയം ചിലവഴിച്ചുകൊണ്ട് അവനില്‍ വസിക്കുന്നതാണ്. എന്നിട്ട് നാം അന്യോന്യം ചേര്‍ന്ന് ചുവടുവയ്ക്കുന്നു, എങ്കിലും ആദ്യം അവനോടുചേര്‍ന്നാണ് - നമ്മെ നിര്‍മ്മിച്ചവനും (139:13) നമ്മുടെ ഉദ്ദേശ്യവും പദ്ധതികളും അറിയുന്നവനും (വാ. 16).
ഭൂമിയിലെ നമ്മുടെ സമയം എന്നേക്കും നില്‍ക്കുകയില്ല. എങ്കിലും നമുക്കതിനെ ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ കഴിയും - ക്ലോക്കില്‍ നോക്കുന്നതിലൂടെയല്ല, ഓരോ ദിവസവും ദൈവത്തിനു നല്‍കുന്നതിലൂടെ. മോശെ പറഞ്ഞതുപോലെ, 'ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കണമേ'' (വാ. 12). എന്നിട്ട് നാം ദൈവത്തോടൊപ്പമായിരിക്കും - ഇപ്പോഴും എന്നെന്നേക്കും.
അവന്റെ വചനത്താല്‍ നയിക്കപ്പെടുക
ലണ്ടനിലെ ബിബിസിയില്‍, പോള്‍ അര്‍നോള്‍ഡിന്റെ ആദ്യത്തെ പ്രക്ഷേപണ ജോലി റേഡിയോ നാടകത്തില്‍ 'നടക്കുന്ന ഒച്ചയുണ്ടാക്കുക'' എന്നതായിരുന്നു. നടക്കുന്ന ഒരു രംഗത്തില്‍ നടന്മാര്‍ സ്‌ക്രിപ്റ്റില്‍ നിന്നു വായിക്കുമ്പോള്‍, സ്റ്റേജ് മാനേജരായ പോള്‍ തന്റെ കാലുകള്‍ കൊണ്ട് സമാനമായ ശബ്്ദം ഉണ്ടാക്കും-നടന്മാരുടെ ശബ്ദത്തിനും പറയുന്ന വരികള്‍ക്കും അനുസരിച്ച് തന്റെ ചുവടുകള്‍ ക്രമീകരിച്ചുകൊണ്ട്. മുഖ്യ വെല്ലുവിളി കഥയിലെ നടന് കീഴ്പ്പെടുക എന്നതായിരുന്നു എന്നദ്ദേഹം വിശദീകരിച്ചു, 'അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പ്രവര്‍ത്തിക്കണമായിരുന്നു.'
അത്തരത്തിലുള്ള സഹകരണത്തിന്റെ ഒരു സ്വര്‍ഗ്ഗീയ പതിപ്പാണ് 119-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് അന്വേഷിക്കുന്നത്, അതായത് ദൈവവചനത്തിന്റെ പ്രമാണപ്രകാരം ജീവിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. സങ്കീര്‍ത്തനം 119:1 ല്‍ പറയുന്നതുപോലെ 'യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്‌കളങ്കരായവര്‍ ഭാഗ്യവാന്‍മാര്‍.'' ഈ പാതയില്‍ ദൈവത്താല്‍ നയിക്കപ്പെടുകയും അവന്റെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നിര്‍മ്മലരായി ജീവിക്കാനും (വാ. 9) പരിഹാസത്തെ അതിജീവിക്കാനും (വാ. 23), അത്യാഗ്രഹത്തില്‍ നിന്നു രക്ഷപെടാനും (വാ. 36) കഴിയും. പാപത്തോടെതിര്‍ത്തു നില്‍ക്കാനും (വാ. 61), ഭക്തിയുള്ള സ്നേഹിതരെ കണ്ടെത്താനും (വാ. 63) സന്തോഷത്തോടെ ജീവിക്കുവാനും (വാ. 111) അവന്‍ നമ്മെ ശക്തീകരിക്കും.
ദൈവശാസ്ത്രജ്ഞനായ ചാള്‍സ് ബ്രിഡ്ജസ് വാ. 133 നെക്കുറിച്ചു പറഞ്ഞതിങ്ങനെ: 'അതിനാല്‍ ഞാന്‍ ലോകത്തിലേക്ക് ഒരുചുവടു വയ്ക്കുമ്പോള്‍, അതു ദൈവ വചനത്തില്‍ കല്പിച്ചിട്ടുള്ളതാണോ, ക്രിസ്തുവിനെ എന്റെ പരിപൂര്‍ണ്ണ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നതാണോ എന്ന് എന്നോടുതന്നേ ചോദിക്കണം.'
ഈ വഴിയില്‍ നടക്കുമ്പോള്‍, നാം ലോകത്തിന് യേശുവിനെ കാണിച്ചുകൊടുക്കുന്നു. ആളുകള്‍ നമ്മില്‍ നമ്മുടെ നായകനെ, സ്നേഹിതനെ, രക്ഷകനെ ദര്‍ശിക്കത്തക്കവിധം നമുക്കവനോടു ചേര്‍ന്നു നടക്കാം.
ദൈവത്തോടു ചോദിക്കുക
എന്റെ ഭര്‍ത്താവ് ഡാനിന് ക്യാന്‍സറാണെന്ന് പരിശോധനയില്‍ തെളിഞ്ഞപ്പോള്‍, അദ്ദേഹത്തെ സൗഖ്യമാക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിനുള്ള 'ശരിയായ' വഴി കണ്ടെത്താനെനിക്കു കഴിഞ്ഞില്ല. എന്റെ പരിമിതമായ വീക്ഷണത്തില്‍, ലോകത്തിലെ മറ്റാളുകള്‍ക്കും ഇതുപോലെയുള്ള ഗൗരവമേറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു - യുദ്ധവും ക്ഷാമവും ദാരിദ്ര്യവും പ്രകൃതി ദുരന്തങ്ങളും. എന്നാല്‍ ഒരു ദിവസം ഞങ്ങളുടെ പ്രഭാത പ്രാര്‍ത്ഥനാ സമയത്ത്, 'പ്രിയ കര്‍ത്താവേ, എന്റെ രോഗം ഭേദമാക്കണമേ' എന്നു ലളിതമായി പ്രാര്‍ത്ഥിക്കുന്നതു ഞാന്‍ കേട്ടു.
അതു വളരെ ലളിതവും എന്നാല്‍ ഹൃദയത്തില്‍ നിന്നു വന്നതുമായ ഒരു അപേക്ഷ ആയിരുന്നതിനാല്‍ ഓരോ പ്രാര്‍ത്ഥനയെയും കുഴഞ്ഞുമറിഞ്ഞതാക്കുന്നതു നിര്‍ത്താന്‍ അതെന്നെ ഓര്‍മ്മിപ്പിച്ചു. കാരണം സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം ശരിയായി കേള്‍ക്കുന്നു. ദാവീദ് ലളിതമായി ചോദിച്ചതുപോലെ, 'യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ'' (സങ്കീര്‍ത്തനം 6:4).
ആത്മികമായ ആശയക്കുഴപ്പത്തിന്റെയും നിരാശ്രയത്വത്തിന്റെയും മധ്യത്തില്‍ അതാണു ദാവീദ് പ്രഖ്യാപിച്ചത്. അവന്റെ ശരിയായ സാഹചര്യം ഈ സങ്കീര്‍ത്തനത്തില്‍ വിശദീകരിച്ചിട്ടില്ല. എന്നിരുന്നലും അവന്റെ ആത്മാര്‍ത്ഥമായ അപേക്ഷ, ദൈവത്തിന്റെ സഹായത്തിനും യഥാസ്ഥാപനത്തിനും വേണ്ടിയുള്ള ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുന്നതായിരുന്നു. 'എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു'' അവന്‍ എഴുതി (വാ. 6).
എങ്കിലും ദാവീദ് തന്റെ പരിമിതികള്‍ - പാപം ഉള്‍പ്പെടെ - തന്റെ ആവശ്യങ്ങളുമായി ദൈവത്തെ സമീപിക്കുന്നതില്‍ നിന്നും തന്നെ തടയുവാന്‍ അനുവദിച്ചില്ല. അങ്ങനെ ദൈവം തനിക്കുത്തരം അരുളുന്നതിനു മുമ്പുതന്നെ, സന്തോഷിക്കുവാന്‍ ദാവീദിനു കഴിഞ്ഞു, 'യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും'' (വാ. 8-9).
നമ്മുടെ ആശയക്കുഴപ്പങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവില്‍, തന്റെ തന്റെ മക്കളുടെ ആത്മാര്‍ത്ഥമായ അപേക്ഷ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നമ്മെ കേള്‍ക്കുവാന്‍ അവന്‍ ഒരുക്കമുള്ളവനാണ്, പ്രത്യേകിച്ചും നമുക്കവനെ ഏറ്റവും അത്യാവശ്യമായിരിക്കുന്ന സമയത്ത്.
പരദേശിയെ സ്‌നേഹിക്കുക
എന്റെ കുടുംബാംഗങ്ങളിലൊരാള്‍ മറ്റൊരു മതത്തിലേക്കു മാറിക്കഴിഞ്ഞശേഷം, യേശുവിങ്കലേക്കു മടങ്ങിവരാന്‍ അവളെ 'സമ്മതിപ്പിക്കാന്‍' ക്രിസ്തീയ സ്‌നേഹിതര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആ കുടുംബാംഗത്തെ ക്രിസ്തു സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാന്‍ താല്പര്യപ്പെട്ടു-പരസ്യ സ്ഥലത്ത് ചില ആളുകള്‍ അവളുടെ 'വിദേശ രീതിയിലുള്ള' വസ്ത്രധാരണത്തെ അവജ്ഞയോടെ നോക്കിയിരുന്ന സ്ഥാനത്തുപോലും മറിച്ചു ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെട്ടു. മറ്റുള്ളവര്‍ പരുഷമായ വാക്കുകള്‍ പറഞ്ഞു. 'വീട്ടില്‍ പോകൂ!' ഒരു ട്രക്ക് ഡ്രൈവര്‍ അവളോട് അലറി. അവള്‍ 'വീട്ടില്‍' ആണ് എന്നറിയാതെ അല്ലെങ്കില്‍ കണക്കാക്കാതെ ആണ് അയാളതു പറഞ്ഞത്.
വസ്ത്രമോ വിശ്വാസങ്ങളോ വ്യത്യസ്തമായ ആളുകളോട് പെരുമാറുന്നതിന് കുറെക്കൂടി ദയാപൂര്‍ണ്ണമായ ഒരു മാര്‍ഗ്ഗം മോശെ പഠിപ്പിച്ചു. നീതിയുടെയും കരുണയുടെയും പ്രമാണങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മോശെ യിസ്രായേല്‍ മക്കളെ ഇപ്രകാരം ഉപദേശിച്ചു, 'പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ' (പുറപ്പാട് 23:9). എല്ലാ പരദേശികളോടും പീഡനത്തിനും ചൂഷണത്തിനും ഇരകളാകുന്നവരോടും ഉള്ള ദൈവത്തിന്റെ കരുതലിനെയാണ് ഈ പ്രമാണം വെളിപ്പെടുത്തുന്നത്. പുറപ്പാട് 22:21 ലും ലേവ്യാപുസ്തകം 19:33 ലും ഇത് ആവര്‍ത്തിച്ചിരിക്കുന്നു.
അതുകൊണ്ട്, ഞാന്‍ എന്റെ കുടുംബാംഗത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍-റസ്‌റ്റോറന്റിലും പാര്‍ക്കിലുംഒരുമിച്ചു നടക്കാന്‍ പോകുമ്പോഴും എന്റെ വരാന്തയില്‍ ഇരുന്ന് അവളോടു സംസാരിക്കുമ്പോഴും-ഞാന്‍ അനുഭവിക്കാനാഗ്രഹിക്കുന്ന അതേ ദയയും ബഹുമാനവും ആദ്യമേ അവള്‍ക്കു നല്‍കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. യേശുവിന്റെ മധുരതരമായ സ്‌നേഹം അവള്‍ക്കു കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു അത്. അത് അവനെ ഉപേക്ഷിച്ചതിന് അവളെ അപമാനിച്ചുകൊണ്ടല്ല മറിച്ച് അവന്‍ നമ്മയെല്ലാം സ്‌നേഹിക്കുന്നതുപോലെ - അതിശയകരമായ കൃപയോടെ - അവളെ സ്‌നേഹിച്ചുകൊണ്ട് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു.
സംഗീതത്തില്‍ ശക്തിപ്പെടുക
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് ഗ്രാമവാസികള്‍ നാസികളില്‍നിന്ന് യെഹൂദ അഭയാര്‍ത്ഥികളെ രക്ഷിച്ചുകൊണ്ടിരുന്ന സമയത്ത്, ചിലര്‍ തങ്ങളുടെ പട്ടണത്തിനു ചുറ്റുമുള്ള കൊടുങ്കാട്ടില്‍ പോയി പാട്ടുകള്‍ പാടിയിരുന്നു-അപകടമില്ലെന്നും ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് പുറത്തു വരാനും യെഹുദ അഭയാര്‍ത്ഥികള്‍ക്കുള്ള അടയാളമായിരുന്നു അത്. 'ലാ മൊണ്ടാനെ പ്രോട്ടസ്റ്റന്റെ' എന്നറിയപ്പെട്ടിരുന്ന പീഠപ്രദേശത്തുള്ള ലെ ചാമ്പോന്‍-സര്‍-ലിഗ്നോണ്‍ പട്ടണത്തിലെ ഈ ധൈര്യശാലികളായ ആളുകള്‍, അവരുടെ പാസ്റ്റര്‍ ആന്‍ഡ്രെ ട്രോക്‌മെയുടെയും ഭാര്യ മഗ്ഡയുടെയും ആഹ്വാനമനുസരിച്ചാണ് യെഹൂദ ജനത്തിന് അഭയം നല്‍കിയത്. സുനിശ്ചിതമായിരുന്ന മരണത്തില്‍ നിന്ന് 3000 ലധികം യെഹൂദന്മാരെ രക്ഷിച്ച ഗ്രാമവാസികളുടെ ധീരതയുടെ സവിശേഷതകളില്‍ ഒന്നു മാത്രമായിരുന്നു അവരുടെ സംഗീത അടയാളം.
മറ്റൊരു അപകടകരമായ സമയത്ത്, ദാവീദിനെ വധിക്കുവാനായി ശത്രുവായ ശൗല്‍ കൊലയാളികളെ രാത്രിയില്‍ അയച്ചപ്പോള്‍ ദാവീദ് പാട്ടുപാടി. അവന്റെ സംഗീതം ഒരു അടയാളമായിരുന്നില്ല; മറിച്ച് തന്റെ സങ്കേതമായ ദൈവത്തോടുള്ള നന്ദിയുടെ സംഗീതമായിരുന്നു. 'ഞാനോ നിന്റെ ബലത്തക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു' എന്നു ദാവീദ് സന്തോഷിച്ചു പാടി (സങ്കീര്‍ത്തനം 59:16).
അത്തരം സംഗീതം അപകട സമയത്ത് രാത്രിയിലെ ചൂളമടി അല്ല. പകരം ദാവീദിന്റെ സംഗീതം സര്‍വ്വശക്തനായ ദൈവത്തിലുള്ള അവന്റെ ആശ്രയത്തെയാണു കാണിക്കുന്നത്. 'ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ' (വാ. 17).
ദാവീദിന്റെ സ്തുതിയും ലെ ചാമ്പോന്‍ ഗ്രാമവാസികളുടെ പാട്ടും, ഇന്ന് നമ്മുടെ പാട്ടിലൂടെ ദൈവത്തെ സ്തുതിക്കുവാന്‍, ജീവിത ഭാരങ്ങളുടെ നടുവിലും അവനു സംഗീതം ആലപിക്കുവാന്‍, നമ്മോടുള്ള ഒരു ആഹ്വാനമാണ്. അവന്റെ സ്‌നേഹാര്‍ദ്രമായ സാന്നിധ്യം നമ്മുടെ ഹൃദയത്തെ ശക്തീകരിച്ചുകൊണ്ട് പ്രതികരിക്കുക തന്നെ ചെയ്യും.
വഴികാട്ടുന്ന വെളിച്ചം
റെസ്റ്റോറന്റ് മനോഹരമായിരുന്നുവെങ്കിലും ഇരുണ്ടതായിരുന്നു. ഓരോ മേശയിലും ഒരു ചെറിയ മെഴുകുതിരി വീതം കത്തിക്കൊണ്ടിരുന്നു. ഭക്ഷണത്തിനു വന്നവര്‍ മെനു വായിക്കുന്നതിനും കൂടെയുള്ളവരുടെ മുഖം കാണുന്നതിനും തങ്ങള്‍ എന്താണു ഭക്ഷിക്കുന്നത് എന്നു കാണുന്നതിനുപോലും വെളിച്ചത്തിനുവേണ്ടി തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു.
ഒടുവില്‍ ഒരു മാന്യദേഹം കസേര പുറകോട്ടു നീക്കിയിട്ട് വെയിറ്ററുടെ അടുത്തു ചെന്ന് ശാന്തമായി ചോദിച്ചു, 'താങ്കള്‍ക്ക് ലൈറ്റ് ഓണ്‍ ചെയ്യാന്‍ കഴിയുമോ?' അധികം കഴിയും മുമ്പ് ഒരു സീലിംഗ് ലൈറ്റ് കത്തുകയും കൈയടികൊണ്ട് മുറി മുഖരിതമാകുകയും ചെയ്തു. ഒപ്പം തന്നെ ചിരികളും ഉയര്‍ന്നു. സന്തോഷപ്രദമായ സംസാരവും ഉയര്‍ന്നു. നന്ദി ശബ്ദങ്ങളും. എന്റെ സ്നേഹിതയുടെ ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്തിട്ട് തന്റെ പാത്രങ്ങള്‍ എടുത്തു, ഞങ്ങളോടെല്ലാം പറഞ്ഞു, 'വെളിച്ചം ഉണ്ടാകട്ടെ! ഇനി നമുക്കു ഭക്ഷിക്കാം.'
ഞങ്ങളുടെ മൂകത നിറഞ്ഞ സായംകാലം ഒരു സ്വിച്ച് ഓണാക്കിയതോടെ ആഘോഷഭരിതമായി. എങ്കില്‍ യഥാര്‍ത്ഥ വെളിച്ചത്തിന്റെ ഉറവിടത്തെ അറിയുകയെന്നത് എത്രയധികം പ്രാധാന്യമുള്ളതാണ്. പ്രപഞ്ച സൃഷ്ടിയുടെ ആദ്യദിനത്തില്‍ ദൈവം തന്നെയാണ് ആ അതിശയകരമായ വാക്കുകള്‍ പറഞ്ഞത്, 'വെളിച്ചം ഉണ്ടാകട്ടെ!' 'വെളിച്ചം ഉണ്ടായി' (ഉല്പത്തി 1:3). തുടര്‍ന്ന് 'വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു' (വാ. 4).
നമ്മോടുള്ള ദൈവത്തിന്റെ വലിയ സ്നേഹത്തെയാണ് വെളിച്ചം വെളിപ്പെടുത്തുന്നത്. അവന്റെ വെളിച്ചം നമ്മെ 'ലോകത്തിന്റെ വെളിച്ചവും' (യോഹന്നാന്‍ 8:12) പാപത്തിന്റെ ഇരുട്ടില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശുവിങ്കലേക്കു വഴികാട്ടുന്നു. നാം അവന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍, പുത്രനെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതത്തിലേക്കുള്ള പ്രകാശപൂരിതമായ പാത നാം കണ്ടെത്തും. അവനാണ് ലോകത്തിനു ലഭിച്ച ഏറ്റവും പ്രകാശപൂരിതമായ സമ്മാനം. അവന്‍ പ്രകാശിക്കുന്നതിനാല്‍ നമുക്ക് അവന്റെ വഴിയില്‍ നടക്കാം.
മറ്റൊരവസരം
ഞങ്ങളുടെ അടുത്തുള്ള സെക്കന്റ്് ചാന്‍സ് ബൈക്ക് ഷോപ്പില്‍, ഉപേക്ഷിച്ചുകളഞ്ഞ ബൈസൈക്കിളുകള്‍ സന്നദ്ധസേവകര്‍ പുനര്‍നിര്‍മ്മിച്ച് നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സംഭാവന ചെയ്യുന്നു. കടയുടമയായ എര്‍നി ക്ലാര്‍ക്കും നിര്‍ദ്ധനരായ പ്രായമുള്ളവര്‍ക്കും സൈക്കിളുകള്‍ സംഭാവന ചെയ്യുന്നു. അവരില്‍ ഭവനരഹിതരും അംഗവൈകല്യമുള്ളവരും സൈനിക സേവനം അവസാനിപ്പിച്ചു മടങ്ങിവന്ന സൈനികരും ഉള്‍പ്പെടുന്നു.
സൈക്കിളുകള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുന്നു എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ സ്വീകര്‍ത്താക്കള്‍ക്കും ഒരു പുതിയ ആരംഭം അതു നല്‍കുന്നു. ഒരു മുന്‍സൈനികന്‍ ഒരു പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ സംബന്ധിക്കുവാന്‍ ഈ സൈക്കിള്‍ ഉപയോഗിക്കുകയുണ്ടായി.
രണ്ടാം അവസരം ഒരു വ്യക്തിയുടെ ജീവിതത്തെ ചിലപ്പോള്‍ രൂപാന്തരപ്പെടുത്തും, രണ്ടാം അവസരം ദൈവത്തില്‍ നിന്നു വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും. യിസ്രായേല്‍ രാജ്യം കൈക്കൂലിയിലും വഞ്ചനയിലും ദൈവം വെറുക്കുന്ന മറ്റു പാപങ്ങളിലും മുഴുകി അധഃപതിച്ച സമയത്ത് അത്തരത്തിലുള്ള കൃപയെക്കുറിച്ച് പ്രവാചകനായ മീഖാ പ്രസ്താവിച്ചു. മീഖാ വിലപിക്കുന്നു, 'ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല' (മീഖാ 7:2).
ദൈവം തിന്മയെ ശിക്ഷിക്കുമെന്ന് മീഖായ്ക്ക് അറിയാം. എങ്കിലും സ്‌നേഹവാനായ ദൈവം അനുതപിക്കുന്നവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കും. മീഖാ ചോദിക്കുന്നു, 'അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ?'' (വാ. 18).
നാം ക്ഷമയ്ക്കായി യാചിക്കുന്നുവെങ്കില്‍ നമ്മുടെ പാപം നിമിത്തം ദൈവം നമ്മെ ഉപേക്ഷിച്ചു കളയുകയില്ല എന്നതില്‍ നമുക്കും സന്തോഷിക്കാം. ദൈവത്തെക്കുറിച്ചു മാഖാ പറഞ്ഞതുപോലെ, 'അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും' (വാ. 19).
അവനെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ദൈവം രണ്ടാമതൊരവസരം നല്‍കുന്നു.