നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

ക്രിസ്തുവിൽ പരിപൂർണ്ണർ

ഒരു ജനപ്രിയ സിനിമയിൽ, ഒരു സ്‌പോർട്‌സ് ഏജന്റായി വിജയിക്കാൻ പരിശ്രമിക്കുന്നവനും വിവാഹജീവിതത്തിൽ തകർച്ച നേരിടുന്നവനുമായി ഒരു വ്യക്തിയായി ഒരു നടൻ അഭിനയിക്കുന്നു. തന്റെ ഭാര്യയെ തിരികെ നേടാൻ ശ്രമിക്കുന്ന അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി പറയുന്നു, ''നീ എന്നെ പൂർണ്ണനാക്കുന്നു.'' ഒരു നാടോടി കഥയെ പ്രതിധ്വനിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു സന്ദേശമാണത്. ആ പുരാവൃത്തമനുസരിച്ച്, നാം ഓരോരുത്തരും ഒരു ''പകുതി'' ആണ്, നാം പൂർണ്ണമാകാൻ നമ്മുടെ ''മറ്റേ പകുതി'' കണ്ടെത്തണം.

ഒരു പ്രണയ പങ്കാളി നമ്മെ ''പൂർണ്ണരാക്കുന്നു'' എന്ന വിശ്വാസം ഇപ്പോൾ ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് ശരിയാണോ? വിവാഹിതരായ പല ദമ്പതികളുമായും ഞാൻ സംസാരിക്കാറുണ്ട്, അവരിൽ മിക്കവരും മക്കളില്ലാത്ത കാരണത്താലും അല്ലെങ്കിൽ മക്കളുണ്ടെങ്കിലും മറ്റെന്തോ കുറവുണ്ട് എന്ന തോന്നലിനാലോ അപൂർണ്ണരായി അനുഭവപ്പെടുന്നവരാണ്. ആത്യന്തികമായി, ഒരു മനുഷ്യനും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുകയില്ല.

അപ്പൊസ്തലനായ പൗലൊസ് മറ്റൊരു പരിഹാരം നൽകുന്നു. ''അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ... അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു'' (കൊലൊസ്യർ 2:9-10). യേശു നമ്മോട് ക്ഷമിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും മാത്രമല്ല ചെയ്യുന്നത്, ദൈവത്തിന്റെ ജീവൻ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ അവിടുന്ന് നമ്മെ പൂർണ്ണരാക്കുകയും ചെയ്യുന്നു (വാ. 13-15).

വിവാഹം നല്ലതാണ്, പക്ഷേ അതിന് നമ്മെ പൂർണ്ണരാക്കാൻ കഴികയില്ല. യേശുവിനു മാത്രമേ അത് ചെയ്യാൻ കഴിയൂ. ഒരു വ്യക്തിയോ തൊഴിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നമ്മെ പൂർണ്ണരാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, ദൈവത്തിന്റെ സമ്പൂർണ്ണത നമ്മുടെ ജീവിതത്തെ കൂടുതൽ കൂടുതൽ നിറയ്ക്കുന്നതിന് അനുവദിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമുക്കു സ്വീകരിക്കാം.

പ്രതികാരം അന്വേഷിക്കുന്നില്ല

കൃഷിക്കാരൻ തന്റെ ട്രക്കിൽ കയറി വിളകളുടെ പ്രഭാത പരിശോധന ആരംഭിച്ചു. വസ്തുവിന്റെ അങ്ങേയറ്റത്തെത്തിയപ്പോൾ അയാളുടെ രക്തം തിളക്കാൻ തുടങ്ങി. ആരോ നിയമവിരുദ്ധമായി വീണ്ടും അവിടെ മാലിന്യം കൊണ്ടിട്ടിരിക്കുന്നു.

ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ ബാഗുകൾ ട്രക്കിൽ നിറച്ചുകൊണ്ടിരുന്നപ്പോൾ, കർഷകൻ ഒരു കവർ കണ്ടെത്തി. അതിൽ കുറ്റവാളിയുടെ വിലാസം അച്ചടിച്ചിരുന്നു. അവഗണിക്കാൻ കഴിയാത്തവിധം വളരെ നല്ല ഒരു അവസരം ഇതാ. ആ രാത്രിയിൽ അയാൾ കുറ്റവാളിയുടെ വീട്ടിലേക്കു പോയി, മാലിന്യം മുഴുവനും അയാളുടെ തോട്ടത്തിൽ നിക്ഷേപിച്ചു, അയാളുടേതു മാത്രമല്ല, തന്റേതും!

പ്രതികാരം മധുരതരമാണ് എന്നു ചിലർ പറയുന്നു. പക്ഷേ അതു ശരിയാണോ? 1 ശമൂവേൽ 24 ൽ, കൊലപാതകിയായ ശൗൽ രാജാവിൽ നിന്ന് രക്ഷപ്പെടാനായി ദാവീദും കൂട്ടരും ഒരു ഗുഹയിൽ ഒളിച്ചിരുന്നു. വിശ്രമിക്കുന്നതിനായി ശൗൽ അതേ ഗുഹയിലേക്കു കടന്നപ്പോൾ, ദാവീദിനു തീരെ അവഗണിക്കാൻ കഴിയാത്ത, പ്രതികാരത്തിനുള്ള വളരെ നല്ല അവസരമാണ് ദാവീദിന്റെ ആളുകൾ അതിൽ കണ്ടത് (വാ. 3-4). എന്നാൽ, അവസരം മുതലാക്കാനുള്ള ഈ ആഗ്രഹത്തെ ദാവീദ് എതിർത്തു. ''എന്റെ യജമാനന്റെ നേരെ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ'' (വാ. 6). ദാവീദ് തന്റെ ജീവൻ രക്ഷിക്കുന്നതാണ് തിരഞ്ഞെടുത്തതെന്ന് ശൗൽ കണ്ടെത്തിയപ്പോൾ അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല: ''നീ എന്നെക്കാൾ നീതിമാൻ,'' ശൗൽ ഏറ്റുപറഞ്ഞു (വാ. 17-18).

നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ അനീതി നേരിടുമ്പോൾ, കുറ്റവാളികളോടു പ്രതികാരം ചെയ്യാനുള്ള അവസരങ്ങൾ വന്നേക്കാം. കൃഷിക്കാരൻ ചെയ്തതുപോലെ, നാം ഈ മോഹങ്ങൾക്ക് വഴങ്ങുമോ അതോ ദാവീദിനെപ്പോലെ അവയെ ചെറുക്കുമോ? പ്രതികാരത്തിനു പകരം നാം യോഗ്യമായ പാത തിരഞ്ഞെടുക്കുമോ?

മഹത്വം

വടക്കൻ ഇംഗ്ലണ്ടുകാർക്കു വളരെയധികം പ്രിയപ്പെട്ട വ്യക്തിയാണ് കത്ബർട്ട്. ഏഴാം നൂറ്റാണ്ടിൽ, ഭൂരിഭാഗം പ്രദേശത്തിന്റെയും സുവിശേഷീകരണത്തിന് ഉത്തരവാദിത്വം വഹിച്ച കത്ബർട്ട് രാജാക്കന്മാരെ ഉപദേശിക്കുകയും ഭരണകാര്യങ്ങളെ സ്വാധീനിക്കുകയും ചെയ്തു; അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഡർഹാം നഗരം പണിതത്. എന്നാൽ കത്‌ബെർട്ടിന്റെ പൈതൃകം ഇവയെക്കാളെല്ലാം കൂടുതൽ മികച്ച മാർഗ്ഗങ്ങളിൽ നിലകൊള്ളുന്നതാണ്.

ഒരു മഹാമാരി ഈ പ്രദേശത്തെ തകർത്തതിനുശേഷം, രോഗബാധിതർക്ക് ആശ്വാസമേകിക്കൊണ്ട് കത്ബർട്ട് പട്ടണങ്ങളിൽ പര്യടനം നടത്തി. ഒരു പട്ടണത്തിൽനിന്നു വിടവാങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇനിയാർക്കെങ്കിലുംവേണ്ടി പ്രാർത്ഥിക്കാൻ ഉണ്ടോ എന്നദ്ദേഹം പരിശോധിച്ചു. കൊച്ചു കുഞ്ഞിനെ മാറോടുചേർത്തുപിടിച്ച്് ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾക്ക് ഇതിനകം ഒരു മകനെ നഷ്ടപ്പെട്ടു, അവളുടെ കൈയിലിരുന്ന കുട്ടിയും മരണത്തോടടുക്കുകയായിരുന്നു. കത്ബർട്ട് പനിപിടിച്ച ആൺകുഞ്ഞിനെ കൈയ്യിൽ എടുത്ത് അവനുവേണ്ടി പ്രാർത്ഥിച്ചു, അവന്റെ നെറ്റിയിൽ ചുംബിച്ചു. ''ഭയപ്പെടേണ്ടാ, നിന്റെ കുടുംബത്തിൽ ഇനി മറ്റാരും മരിക്കുകയില്ല'' എന്ന് അവളോടു പറഞ്ഞു. ആ കുഞ്ഞു ജീവിച്ചിരുന്നതായാണ് ചരിത്രം.

മഹത്വത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കാൻ യേശു ഒരിക്കൽ ഒരു കൊച്ചുകുട്ടിയെ കൈയ്യിലെടുത്ത് ഇപ്രകാരം പറഞ്ഞു, ''ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ

കൈക്കൊള്ളുന്നു'' (മർക്കൊസ് 9:37). യെഹൂദ സംസ്‌കാരത്തിൽ ആരെയെങ്കിലും ''സ്വാഗതം'' ചെയ്യുന്നത് അവരെ സേവിക്കുന്നതിനു തുല്യമാണ്. കുട്ടികൾ മുതിർന്നവരെ സേവിക്കുകയാണു വേണ്ടത്, അവർ സേവിക്കപ്പെടുകയല്ല എന്നതിനാൽ ഈ ആശയം ഞെട്ടിക്കുന്നതായിരുന്നു. യേശുവിന്റെ ആശയം? ഏറ്റവും ചെറിയവരെയും താണവരെയും സേവിക്കുന്നതിലാണ് യഥാർത്ഥ മഹത്വം നിലകൊള്ളുന്നത് (വാ. 35). 

രാജാക്കന്മാർക്ക് ഒരു ഉപദേഷ്ടാവ്. ചരിത്രത്തെ സ്വാധീനിച്ചയാൾ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു നഗരം നിർമ്മിക്കപ്പെട്ടു. പക്ഷേ, കത്‌ബെർട്ടിന്റെ പൈതൃകത്തെ സ്വർഗ്ഗം ഇതുപോലെയായിരിക്കും രേഖപ്പെടുത്തുന്നത്: ശ്രദ്ധിക്കപ്പെട്ട ഒരു അമ്മ. ചുംബിക്കപ്പെട്ട ഒരു നെറ്റി. യജമാനനെ പ്രതിഫലിപ്പിക്കുന്ന ഒരു എളിയ ജീവിതം.

അസൂയയെ അതിജീവിക്കുക

ഒരു പ്രശസ്ത ഇംഗ്ലീഷ് സിനിമയില്‍, ഒരു പ്രായമായ സംഗീതജ്ഞന്‍ ഒരു സന്ദര്‍ശക പുരോഹിതനുവേണ്ടി പിയാനോയില്‍ തന്റെ ചില ഗാനങ്ങള്‍ വായിച്ചു. ലജ്ജിതനായ പുരോഹിതന്‍ താന്‍ രാഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് സമ്മതിച്ചു. ''ഇതിനെക്കുറിച്ച് എന്തുപറയുന്നു?'' പരിചിതമായ ഒരു മെലഡി വായിച്ചുകൊണ്ട് സംഗീതജ്ഞന്‍ ചോദിച്ചു. ''താങ്കളാണ് അതെഴുതിയത് എന്നു ഞാനറിഞ്ഞില്ല'' പുരോഹിതന്‍ പറഞ്ഞു. ''ഞാനും അറിഞ്ഞിരുന്നില്ല,'' അദ്ദേഹം മറുപടി നല്‍കി, ''അതു മൊസാര്‍ട്ട് ആണ്!'' പ്രേക്ഷകര്‍ പിന്നീട് കണ്ടെത്തുന്നതുപോലെ, മൊസാര്‍ട്ടിന്റെ വിജയം ഈ സംഗീതജ്ഞനില്‍ കടുത്ത അസൂയ ഉളവാക്കിയിരുന്നു - മൊസാര്‍ട്ടിന്റെ മരണത്തില്‍ ഒരു പങ്കുവഹിക്കാന്‍പോലും അതയാളെ പ്രേരിപ്പിച്ചു.

മറ്റൊരു അസൂയക്കഥയുടെ പിന്നിലും ഒരു ഗാനമുണ്ട്. ഗൊല്യാത്തിന്റെമേല്‍ ദാവീദ് വിജയം നേടിയശേഷം യിസ്രായേല്യര്‍ ഹൃദയം തുറന്നു പാടി, ''ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ'' (1 ശമൂവേല്‍ 18:7). താരതമ്യം ശൗലിനു സന്തോഷകരമായിരുന്നില്ല. ദാവീദിന്റെ വിജയത്തില്‍ അസൂയയും സിംഹാസനം നഷ്ടപ്പെടുമോ എന്ന ഭയവും (വാ. 8-9) നിമിത്തം ദാവീദിന്റെ ജീവനെടുക്കാനായി ശൗല്‍ അവനെ ദീര്‍ഘകാലം പിന്തുടര്‍ന്നു. 

സംഗീതത്തെച്ചൊല്ലി ഈ സംഗീതജ്ഞനോ, അധികാരത്തെച്ചൊല്ലി ശൗലോ ചെയ്തതുപോലെ, നാമും സാധാരണയായി നമുക്കു സമാനമായതും എന്നാല്‍ ഉയര്‍ന്ന നിലയിലും കഴിവുകളുള്ളവരോട് അസൂയപ്പെടാന്‍ പരീക്ഷിക്കപ്പെടാറുണ്ട്. അത് അവരുടെ ജോലിയുടെ തെറ്റ് കണ്ടുപിടിക്കുന്നതിലൂടെ ആയാലും അല്ലെങ്കില്‍ അവരുടെ വിജയത്തെ ചെറുതായിക്കാണിക്കുന്നതിലൂടെ ആയാലും, നമ്മുടെ ''എതിരാളികളെ'' തകര്‍ക്കാന്‍ നാം ശ്രമിക്കും.

ശൗലിനെ ദൗത്യനിര്‍വഹണത്തിനായി ദൈവം തിരഞ്ഞെടുത്തതാണ് (10:6-7, 24), അതവനില്‍ അസൂയയേക്കാള്‍ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതായിരുന്നു. നമുക്കെല്ലാവര്‍ക്കും അതുല്യമായ വിളികളുണ്ട് (എഫെസ്യര്‍ 2:10), അതിനാല്‍ അസൂയയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഉപേക്ഷിക്കുക എന്നതാണ്. പകരം പരസ്പരം മറ്റുള്ളവരുടെ വിജയങ്ങള്‍ ആഘോഷിക്കാം.

ആത്മവിശ്വാസമുള്ള പ്രാര്‍ത്ഥന

അനേക വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി കൊതിച്ച വിശ്വാസ് - റീത്ത ദമ്പതികള്‍, റീത്ത ഗര്‍ഭം ധരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നിരുന്നാലും, അവളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിന് അപകടകരമാണെന്നു മനസ്സിലായപ്പോള്‍, വിശ്വാസ് ഓരോ രാത്രിയും ഉണര്‍ന്നിരുന്നു ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു രാത്രിയില്‍, താന്‍ കഠിനമായി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്ന് വിശ്വാസ് മനസ്സിലാക്കി, കാരണം താന്‍ കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം റീത്തയുടെ ഗര്‍ഭം അലസി. വിശ്വാസ് തകര്‍ന്നുപോയി. താന്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാതിരുന്നതുകൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടത്? വിശ്വാസ് ആശ്ചര്യപ്പെട്ടു.

ആദ്യ വായനയില്‍, ഇന്നത്തെ ഉപമ അങ്ങനെ നിര്‍ദ്ദേശിക്കുന്നുവെന്നു നാം ചിന്തിച്ചേക്കാം. കഥയില്‍, ഒരു അയല്‍ക്കാരന്‍ (ദൈവത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ചിലപ്പോള്‍ തോന്നിപ്പോകും) സുഹൃത്തിന്റെ നിരന്തര ശല്യപ്പെടുത്തല്‍ നിമിത്തം കിടക്കയില്‍ നിന്നെഴുന്നേറ്റ് അവനെ സഹായിക്കുന്നു (ലൂക്കൊസ് 11:5-8). ഈ രീതിയില്‍ വായിച്ചാല്‍, ഉപമ സൂചിപ്പിക്കുന്നത് നാം ദൈവത്തെ ശല്യപ്പെടുത്തിയാല്‍ മാത്രമേ നമുക്കാവശ്യമുള്ളത് ദൈവം നല്‍കൂ എന്നാണ്. നാം വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍, ഒരുപക്ഷെ ദൈവം നമ്മെ സഹായിക്കയില്ല.

എന്നാല്‍ പ്രശസ്ത വേദപുസ്തക വ്യാഖ്യാതാക്കള്‍ വിശ്വസിക്കുന്നത്, ഇത് ഉപമയെ തെറ്റിദ്ധരിക്കുന്ന വ്യാഖ്യാനമാണെന്നാണ് - അതിന്റെ യഥാര്‍ത്ഥ പോയിന്റ്, അയല്‍ക്കാര്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍കൊണ്ടു നമ്മെ സഹായിക്കുമെങ്കില്‍, നമ്മുടെ നിസ്വാര്‍ത്ഥനായ പിതാവ് എത്രയധികം എന്നതാണ്. അതിനാല്‍, തെറ്റുകളുള്ള മനുഷ്യരെക്കാള്‍ ദൈവം വലിയവനാണെന്ന് അറിഞ്ഞുകൊണ്ട് (വാ. 11-13) നമുക്ക് ആത്മവിശ്വാസത്തോടെ ചോദിക്കാം (വാ. 9-10).  അവിടുന്ന് ഉപമയിലെ അയല്‍ക്കാരനല്ല, മറിച്ച് അവന്റെ നേരെ വിപരീതമാണ്.

''എന്തുകൊണ്ടാണ് നിങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല,'' ഞാന്‍ വിശ്വാസിനോടു പറഞ്ഞു, ''പക്ഷേ, നിങ്ങള്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാത്തതുകൊണ്ടല്ല അതെന്നെനിക്കറിയാം. ദൈവം അത്തരക്കാരനല്ല.''

ദൈവമക്കള്‍

കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി, ഞാനൊരിക്കല്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചു. പങ്കെടുത്തവരില്‍, തങ്ങളുടെ വന്ധ്യതയില്‍ ഹൃദയം തകര്‍ന്നിരുന്ന പലരും, തങ്ങളുടെ ഭാവിയെക്കുറിച്ച് നിരാശിതരായിരുന്നു. മക്കളില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചിരുന്ന ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. 'മാതാപിതാക്കളാകാതെ തന്നെ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഒരു വ്യക്തിത്വം നേടാന്‍ കഴിയും,' ഞാന്‍ പറഞ്ഞു. 'നിങ്ങള്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്ന പുതിയ ഉദ്ദേശ്യമുണ്ട്.''

പിന്നീട് ഒരു സ്ത്രീ കണ്ണീരോടെ എന്നെ സമീപിച്ചു. 'നന്ദി,' അവള്‍ പറഞ്ഞു. 'കുട്ടികളില്ലാത്തതില്‍ വിലകെട്ടവളായി എനിക്കു തോന്നിയിരുന്നു, ഞാന്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവളാണെന്ന സന്ദേശം എനിക്കുള്ളതായിരുന്നു.' യേശുവില്‍ വിശ്വസിക്കുന്നവളാണോ എന്നു ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു. 'വര്‍ഷങ്ങള്‍ക്കുമുമ്പു ഞാന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയി,' അവള്‍ പറഞ്ഞു. 'പക്ഷെ എനിക്ക് ദൈവവുമായി വീണ്ടും ഒരു ബന്ധം ആവശ്യമാണ്.'

ഇതുപോലുള്ള സമയങ്ങള്‍, സുവിശേഷം എത്ര അടിസ്ഥാനമുള്ളതാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. 'പിതാവ്,' 'മാതാവ്' എന്നിങ്ങനെയുള്ള ചില വ്യക്തിത്വങ്ങള്‍ ചിലര്‍ക്കു നേടുവാന്‍ പ്രയാസമാണ്. ഒരു ജോലിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വങ്ങള്‍ തൊഴില്‍രഹിതര്‍ക്കു നഷ്ടപ്പെടാം. എന്നാല്‍ യേശുവിലൂടെ നാം ദൈവത്തിന്റെ 'പ്രിയമക്കളായി' മാറുന്നു - ആര്‍ക്കും ഒരിക്കലും മോഷ്ടിക്കാനാവാത്ത വ്യക്തിത്വമാണത് (എഫെസ്യര്‍ 5:1). അതിനുശേഷം നമുക്കു 'സ്‌നേഹത്തിന്റെ പാതയില്‍ നടക്കുവാന്‍' കഴിയും - ഏതൊരു റോളിനെയും തൊഴില്‍ പദവിയെയും കവിയുന്ന ഒരു ജീവിതോദ്ദേശ്യമാണത് (വാ. 2).

എല്ലാ മനുഷ്യരും 'ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണ്' (സങ്കീര്‍ത്തനം 139:14). യേശുവിനെ അനുഗമിക്കുന്നവര്‍ ദൈവമക്കളായിത്തീരുന്നു (യോഹന്നാന്‍ 1:12-13). നിരാശിതയായിരുന്ന ആ സ്ത്രീ, പ്രത്യാശയുള്ളവളായി - ഈ ലോകത്തിനു നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ ഉന്നതമായ ഒരു വ്യക്തിത്വവും ലക്ഷ്യവും കണ്ടെത്തുന്നവളായി - മടങ്ങിപ്പോയി.

നമ്മുടെ യഥാര്‍ത്ഥ സ്വത്വം

എന്റെ മാതാപിതാക്കളുടെ പഴയ ഫോട്ടോ ആല്‍ബത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടിയുടെ ചിത്രമുണ്ട്. അവനു വൃത്താകൃതിയിലുള്ള മുഖവും നുണക്കുഴിയും നേരെയുള്ള മുടിയുമാണുള്ളത്. അവനു കാര്‍ട്ടൂണുകള്‍ ഇഷ്ടമാണ്, ചില പഴങ്ങള്‍ വെറുപ്പാണ്, വിചിത്രമായ സംഗീതം ഇഷ്ടമാണ്. ആ ആല്‍ബത്തിനുള്ളില്‍ ഒരു കൗമാരക്കാരന്റെ ചിത്രമുണ്ട്. അവന്റെ മുഖം വൃത്താകൃതിയല്ല, നീണ്ടതാണ്; അവന്റെ തലമുടി ചുരുണ്ടതാണ്, നേരെയുള്ളതല്ല. അവനു നുണക്കുഴി ഇല്ല, ചില പഴങ്ങള്‍ ഇഷ്ടമാണ്, കാര്‍ട്ടൂണുകളേക്കാള്‍ സിനിമ കാണാനിഷ്ടപ്പെടുന്നു, ചിലതരം സംഗീതം ഇഷ്ടപ്പെടുന്നതായി ഒരിക്കലും സമ്മതിക്കില്ല! കൊച്ചുകുട്ടിയും കൗമാരക്കാരനും തമ്മില്‍ വലിയ സാമ്യമില്ല. ശാസ്ത്രം അനുസരിച്ച് അവരുടെ ചര്‍മ്മവും പല്ലുകളും രക്തവും അസ്ഥികളും തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍ അതു രണ്ടും ഞാനാണ്. ഈ വൈരുദ്ധ്യം തത്വചിന്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. ജീവിതത്തിലുടനീളം നാം മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ആരാണ് യഥാര്‍ത്ഥ നമ്മള്‍?

തിരുവെഴുത്ത് ഉത്തരം നല്‍കുന്നു. ദൈവം നമ്മെ ഗര്‍ഭപാത്രത്തില്‍ മെനയാന്‍ തുടങ്ങിയ നിമിഷം മുതല്‍ (സങ്കീര്‍ത്തനം 139:13-14), നമ്മുടെ അതുല്യമായ രൂപകല്പനയിലേക്കു നാം വളരുകയാണ്. ഒടുവില്‍ നാം എന്തായിത്തീരുമെന്നു നമുക്കു സങ്കല്പിക്കാന്‍ കഴിയുകയില്ലെങ്കിലും, നാം ദൈവമക്കളാണെങ്കില്‍, ആത്യന്തികമായി നാം യേശുവിനെപ്പോലെയായിത്തീരുമെന്നു നമുക്കറിയാം (1 യോഹന്നാന്‍ 3:2). അതായത്, നമ്മുടെ ശരീരം അവന്റെ പ്രകൃതത്തോടും നമ്മുടെ സ്വത്വം അവന്റെ സ്വഭാവത്തോടും അനുരൂപമായി മാറുകയും നമ്മുടെ എല്ലാ കഴിവുകളും തിളങ്ങുകയും നമ്മുടെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും ചെയ്യും.

യേശു മടങ്ങിവരുന്ന ദിവസം വരെ, ഈ ഭാവി സ്വത്വത്തിലേക്കു നാം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവന്റെ പ്രവൃത്തിയിലൂടെ, പടിപടിയായി, നമുക്ക് അവന്റെ സാദൃശ്യത്തെ കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയും (2 കൊരിന്ത്യര്‍ 3:18). നാം ആരായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാല്‍ നാം യേശുവിനെപ്പോലെയാകുമ്പോള്‍ നാം നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തിനുടമകളായിത്തീരുന്നു.

കുറ്റബോധവും ക്ഷമയും

ഹ്യൂമന്‍ യൂണിവേഴ്‌സല്‍സ് എന്ന തന്റെ പുസ്തകത്തില്‍, നരവംശശാസ്ത്രജ്ഞന്‍ ഡൊണാള്‍ഡ് ബ്രൗണ്‍, മനുഷ്യകുലത്തിനു പൊതുവായിട്ടുള്ളതെന്നു താന്‍ കരുതുന്ന നാനൂറിലധികം പെരുമാറ്റങ്ങളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍, തമാശകള്‍, നൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍, പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത, വസ്തുക്കള്‍ കയറുകൊണ്ടു കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു! അതുപോലെ, എല്ലാ സംസ്‌കാരങ്ങള്‍ക്കും ശരിയും തെറ്റും സംബന്ധിച്ച സങ്കല്പങ്ങള്‍ ഉണ്ടെന്നും, ഔദാര്യത്തെ ആളുകള്‍ പ്രശംസിക്കുന്നുവെന്നും വാഗ്ദാനങ്ങള്‍ വിലമതിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ നീചത്വം, കൊലപാതകം തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണെന്നും മനസ്സിലാക്കുന്നു. നാം എവിടെ നിന്നുള്ളവരായാലും, നമുക്കെല്ലാവര്‍ക്കും മനഃസാക്ഷി ഉണ്ട്.

അപ്പൊസ്തലനായ പൗലൊസ് നൂറ്റാണ്ടുകള്‍ക്കു മുമ്പു സമാനമായ ഒരു കാര്യം പറഞ്ഞു. തെറ്റില്‍നിന്നു ശരിയെ വേര്‍തിരിക്കാന്‍ ദൈവം യെഹൂദജനതയ്ക്കു പത്തു കല്പനകള്‍ നല്‍കിയപ്പോള്‍, വിജാതീയര്‍ക്ക് അവരുടെ മനഃസാക്ഷിയെ അനുസരിക്കുന്നതിലൂടെ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയിട്ടുണ്ടെന്നു പൗലൊസ് വ്യക്തമാക്കി (റോമര്‍ 2:14-15). എന്നാല്‍ അതിനര്‍ത്ഥം ആളുകള്‍ എപ്പോഴും ശരിയായതു ചെയ്തു എന്നല്ല. വിജാതീയര്‍ തങ്ങളുടെ മനഃസാക്ഷിക്കെതിരെ മത്സരിച്ചു (1:32), യെഹൂദന്മാര്‍ ന്യായപ്രമാണം ലംഘിച്ചു (2:17-24), അങ്ങനെ ഇരുവരും കുറ്റക്കാരായി. എന്നാല്‍ യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവം നമ്മുടെ എല്ലാ നിയമലംഘനങ്ങളുടെയും മരണശിക്ഷ നീക്കംചെയ്യുന്നു (3:23-26; 6:23).

ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധത്തോടെയാണു ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് എന്നതുകൊണ്ട്, നാം ചെയ്ത ഒരു മോശമായ കാര്യത്തെക്കുറിച്ചോ അല്ലെങ്കില്‍ ചെയ്യാന്‍ പരാജയപ്പെട്ട ഒരു നല്ല കാര്യത്തെക്കുറിച്ചോ നമുക്ക് ഓരോരുത്തര്‍ക്കും കുറച്ചു കുറ്റബോധം തോന്നും. നാം ആ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം ഒരു വൈറ്റ്‌ബോര്‍ഡ് തുടച്ചു വൃത്തിയാക്കുന്നതുപോലെ ആ കുറ്റബോധത്തെ തുടച്ചുനീക്കുന്നു. നാം ചെയ്യേണ്ടത് അവനോടു ചോദിക്കുക മാത്രമാണ് - നാം ആരായാലും നാം എവിടെ നിന്നുള്ളവരായാലും.

പ്രകൃതിയെ ശ്രദ്ധിക്കുക

അടുത്തിടെ ഞാനും ഒരു സ്‌നേഹിതനും കൂടി, നടക്കാന്‍ ഞാന്‍ അത്യധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. സദാ കാറ്റു വീശിയടിക്കുന്ന ഒരു കുന്നു കയറി, കാട്ടുപൂക്കളുടെ ഒരു പ്രദേശം കടന്ന്, കൂറ്റന്‍ പൈന്‍മരക്കാടുകളിലെത്തി, തുടര്‍ന്ന് ഒരു താഴ്‌വരയിലേക്ക് ഇറങ്ങി, അവിടെ ഞങ്ങള്‍ ഒരു നിമിഷം നിന്നു. മേഘങ്ങള്‍ ഞങ്ങള്‍ക്കു മുകളില്‍ ശാന്തമായി നീങ്ങി. സമീപത്ത് ഒരു അരുവി ഒലിച്ചിറങ്ങുന്നു. പക്ഷികളുടെ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളു. എല്ലാം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ടു ഞാനും സ്‌നേഹിതനും പതിനഞ്ചു മിനിറ്റു നിശബ്ദമായി അവിടെ നിന്നു.

അന്നത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ സൗഖ്യം പ്രദാനം ചെയ്യുന്നതായിരുന്നു. ഒരു യുഎസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷണമനുസരിച്ച്, പ്രകൃതിയെ ധ്യാനിക്കുന്നതിനായി സമയം കണ്ടെത്തുന്ന ആളുകള്‍ക്ക് ഉയര്‍ന്ന അളവിലുള്ള സന്തോഷവും താഴ്ന്ന അളവിലുള്ള ഉത്കണ്ഠയും ഭൂമിയെ പരിപാലിക്കാനുള്ള വലിയ ആഗ്രഹവും ഉണ്ടാകുന്നു. എങ്കിലും കാട്ടിലൂടെ നടക്കുന്നതുകൊണ്ടു മാത്രം മതിയാകില്ല. നിങ്ങള്‍ മേഘങ്ങളെ നിരീക്ഷിക്കുകയും, പക്ഷികളുടെ ശബ്ദം കേള്‍ക്കുകയും വേണം. പ്രകൃതിയില്‍ ആയിരിക്കുക എന്നതല്ല പ്രധാനം, അതിനെ ശ്രദ്ധിക്കുക എന്നതാണ്.

പ്രകൃതിയുടെ ഗുണങ്ങള്‍ക്ക് ഒരു ആത്മീയകാരണം ഉണ്ടോ? സൃഷ്ടി ദൈവത്തിന്റെ ശക്തിയും സ്വഭാവവും വെളിപ്പെടുത്തുന്നുവെന്നു പൗലൊസ് പറഞ്ഞു (റോമര്‍ 1:20). ദൈവസാന്നിധ്യത്തിന്റെ തെളിവായി കടലിനെയും ആകാശത്തെയും നക്ഷത്രങ്ങളെയും നോക്കാന്‍ ദൈവം ഇയ്യോബിനോടു പറഞ്ഞു (ഇയ്യോബ് 38-39). 'ആകാശത്തിലെ പറവകളെയും വയലിലെ പുഷ്പങ്ങളെയും' ധ്യാനിക്കുന്നതു ദൈവത്തിന്റെ കരുതലിനെ വെളിപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് യേശു പറഞ്ഞു (മത്തായി 6:25-30). തിരുവെഴുത്തില്‍, പ്രകൃതിയെ ശ്രദ്ധിക്കുന്നത് ഒരു ആത്മീയപരിശീലനമാണ്.

പ്രകൃതി നമ്മെ ഇത്രയധികം സാധകാത്മകമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്നു ശാസ്ത്രജ്ഞര്‍ ആശ്ചര്യപ്പെടുന്നു. ഒരുപക്ഷേ ഒരു കാരണം, പ്രകൃതിയെ ശ്രദ്ധിക്കുന്നതിലൂടെ, അതിനെ സൃഷ്ടിച്ചവനും നമ്മെ ശ്രദ്ധിക്കുന്നവനുമായ ദൈവത്തെക്കുറിച്ച് ഒരു ദര്‍ശനം നമുക്കു ലഭിക്കും എന്നതായിരിക്കും.

ആദ്യം വേണ്ടതു പാലാണ്

ഏഴാം നൂറ്റാണ്ടില്‍, ഇപ്പോള്‍ യുണൈറ്റഡ് കിങ്ഡം എന്നറിയപ്പെടുന്നത് പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പല രാജ്യങ്ങളായിരുന്നു. അതിലൊരു രാജാവായ, നോര്‍ത്തംബ്രിയയിലെ ഓസ്വാള്‍ഡ് യേശുവില്‍ വിശ്വസിച്ചപ്പോള്‍, തന്റെ പ്രദേശത്തേക്ക് സുവിശേഷം എത്തിക്കാനായി ഒരു മിഷനറിയെ വിളിച്ചുവരുത്തി. കോര്‍മാന്‍ എന്നൊരാളാണ് വന്നത്, പക്ഷേ കാര്യങ്ങള്‍ ശരിയായി മുന്നോട്ടു പോയില്ല. ഇംഗ്ലിഷുകാര്‍ 'ധാര്‍ഷ്ട്യക്കാരും,' 'പ്രാകൃതരും,' ആണെന്നും തന്റെ പ്രസംഗത്തില്‍ അവര്‍ക്കു താല്പര്യമില്ലെന്നും മനസ്സിലാക്കിയ കോര്‍മാന്‍ നിരാശനായി നാട്ടിലേക്കു മടങ്ങി.

എയ്ഡന്‍ എന്ന സന്യാസി കോര്‍മാനോടു പറഞ്ഞു, 'നിങ്ങളുടെ വിദ്യാഭ്യാസമില്ലാത്ത ശ്രോതാക്കളോട് നിങ്ങള്‍ ആവശ്യത്തിലധികം കാഠിന്യം കാണിച്ചു എന്നാണെനിക്കു തോന്നുന്നത്.' നോര്‍ത്തംബ്രിയക്കാര്‍ക്ക് 'കൂടുതല്‍ ലളിതമായ ഉപദേശത്തിന്റെ പാല്‍' നല്‍കുന്നതിനുപകരം, കോര്‍മാന്‍ അവര്‍ക്ക് ഇനിയും ഗ്രഹിക്കാന്‍ പ്രാപ്തിയില്ലാത്ത ഉപദേശമാണു നല്‍കിയിരുന്നത്. എയ്ഡന്‍ നോര്‍ത്തംബ്രിയയിലേക്കു പോയി, ജനങ്ങളുടെ അറിവിന്് അനുയോജ്യമായി അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ആയിരക്കണക്കിനാളുകള്‍ യേശുവില്‍ വിശ്വസിച്ചു.

മിഷനറിദൗത്യത്തിലുള്ള ഈ തന്ത്രപ്രധാനമായ സമീപനം തിരുവെഴുത്തില്‍നിന്നാണ് എയ്ഡനു ലഭിച്ചത്. 'ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നത്; ഭക്ഷിക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല'' (1 കൊരിന്ത്യര്‍ 3:2) പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു. ശരിയായ ജീവിതം ജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതിനുമുമ്പ്, യേശുവിനെക്കുറിച്ചുള്ള അടിസ്ഥാന പഠിപ്പിക്കലുകളായ മാനസാന്തരവും സ്‌നാനവും ഗ്രഹിപ്പിക്കണം എന്ന് എബ്രായര്‍ പറയുന്നു (എബ്രായര്‍ 5:13-6:2). പക്വത ലക്ഷ്യം വയ്ക്കുമ്പോള്‍ത്തന്നെ (5:14), നമുക്കു ക്രമം നഷ്ടപ്പെടരുത്. ഭക്ഷണത്തിനു മുമ്പു പാല്‍ നല്‍കണം. തങ്ങള്‍ക്കു മനസ്സിലാകാത്ത ഉപദേശം അനുസരിക്കാന്‍ ആളുകള്‍ക്കു കഴികയില്ല. 

നോര്‍ത്തംബ്രിയക്കാരുടെ വിശ്വാസം ആത്യന്തികമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പുറത്തേക്കും വ്യാപിച്ചു. എയ്ഡനെപ്പോലെ, മറ്റുള്ളവരുമായി സുവിശേഷം പങ്കിടുമ്പോള്‍, ആളുകള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരെ കണ്ടുമുട്ടുക.