എനിക്കുള്ള ഇടം
അദ്ദേഹം പ്രായാധിക്യമുള്ള, പരുക്കന്‍ സ്വഭാവവും ഭാഷയും ഉള്ള ഒരു വിരമിച്ച സൈനികനായിരുന്നു. ഒരു ദിവസം ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ആത്മീയ വിശ്വാസങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആ മനുഷ്യന്റെ നിഷേധാത്മക പ്രതികരണം പെട്ടെന്ന് വന്നു: ''എന്നെപ്പോലൊരാളില്‍ ദൈവത്തിന് ഇടമില്ല.''
ഒരുപക്ഷേ അത് അദ്ദേഹത്തിന്റെ ''കഠിന മനുഷ്യന്‍'' എന്ന നാട്യത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യത്തില്‍ നിന്നും അകലെയുമല്ല! ദൈവം ഇടം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചും കഠിനഹൃദയര്‍, കുറ്റബോധത്താല്‍ പിടിക്കപ്പെട്ടവര്‍, പുറംതള്ളപ്പെട്ടവര്‍ എന്നിവരെ തന്റെ സമൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അവര്‍ തഴച്ചുവളരുന്നതിനും വേണ്ടി. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍, തനിക്കു ശിഷ്യന്മാരെ കണ്ടെത്തുന്നതിന് ചില അത്ഭുതകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയതിലൂടെ ഇത് വ്യക്തമായിരുന്നു. ഒന്നാമതായി, ഗലീലിയില്‍ നിന്നുള്ള നിരവധി മീന്‍പിടുത്തക്കാരെ - യെരൂശലേമിലുള്ളവരുടെ വീക്ഷണത്തില്‍ ''പാതയുടെ തെറ്റായ വശം'' ചേര്‍ന്നു നടക്കുന്നവരെ അവന് തിരഞ്ഞെടുത്തു. ചുങ്കക്കാരനായ മത്തായിയെയും അവന് തിരഞ്ഞെടുത്തു. വിദേശാധിപത്യത്തില്‍ കിടക്കുന്ന തന്റെ ജനത്തിന്റെ ശത്രുത ഏറ്റുവാങ്ങിയവനായിരുന്നു അവന്. പിന്നെ, യേശു ''എരിവുകാരനായ'' മറ്റെ ശിമോനെ വിളിച്ചു (മര്‍ക്കൊസ് 3:18).
ഈ ശിമോനെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല (അവന് ശിമോന് പത്രൊസ് അല്ല). പക്ഷേ എരിവുകാരെക്കുറിച്ച് നമുക്കറിയാം. നിന്ദിക്കപ്പെട്ട റോമാക്കാരുമായി സഹകരിച്ച് സമ്പന്നരായ മത്തായിയെപ്പോലുള്ള രാജ്യദ്രോഹികളെ അവര്‍ വെറുത്തു. എന്നിട്ടും, ദൈവിക വിരോധാഭാസത്താല്‍, യേശു മത്തായിയോടൊപ്പം ശിമോനെ തിരഞ്ഞെടുത്തു, അവരെ ഒരുമിച്ചു കൊണ്ടുവന്നു, തന്റെ സംഘത്തില്‍ കൂട്ടിച്ചേര്‍ത്തു.
യേശുവിന് 'കൊള്ളാത്തവര്‍' എന്നു പറഞ്ഞ് ആരെയും എഴുതിത്തള്ളരുത്. എല്ലാറ്റിനുമുപരി, ''ഞാന്‍ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിക്കുവാന്‍ വന്നിരിക്കുന്നത്'' (ലൂക്കൊസ് 5:32) എന്ന് അവന് പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെയും എന്നെയും പോലുള്ള കഠിനരായ ആളുകള്‍ക്ക് അവന്റെയടുക്കല്‍ ധാരാളം സ്ഥലമുണ്ട്.
ശാഠ്യ സ്വഭാവം
ഒരു പ്രശസ്തമായ ഇംഗ്ലീഷ് ആനിമേഷന്‍ സിനിമ, ശാഠ്യക്കാരായ രണ്ട് ആനിമേറ്റഡ് ജീവികളുടെ കഥയാണു പറയുന്നത്. മനുഷ്യരൂപത്തിലുള്ള ജീവികളില്‍ ഒന്ന് വടക്കോട്ടു പോകാന്‍ താല്പര്യപ്പെടുമ്പോള് മറ്റേത് തെക്കോട്ടു പോകണമെന്നു വാശി പിടിക്കുന്നു. ഒരു പുല്‍മേടിന്റെ മധ്യത്തില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുന്നു, എന്നാല്‍ ഈ ശാഠ്യക്കാരായ രണ്ട് കഥാപാത്രങ്ങളും വഴിമാറാന്‍ തയ്യാറാകുന്നില്ല. 'ലോകം മുഴുവനും നിശ്ചലമായാലും' താന്‍ അവിടെത്തന്നെ നില്ക്കും എന്ന് ഒന്നാമത്തെ ജീവി ശഠിക്കുന്നു (എന്നാല്‍ ലോകം നീങ്ങുകയും അവര്‍ക്ക് ചുറ്റും ഒരു ഹൈവേ നിര്‍മ്മിക്കുകയും ചെയ്യുന്നു.)
മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള അസുഖകരവും കൃത്യവുമായ ഒരു ചിത്രം ഈ കഥ നല്‍കുന്നു. നാമാണ് ശരി എന്ന് അംഗീകരിക്കപ്പെടാനുള്ള ഒരു ''ആവശ്യം'' നമുക്കുണ്ട്, മാത്രമല്ല വിനാശകരമായ വഴികളിലൂടെ ആ സഹജാവബോധത്തോട് പറ്റിനില്‍ക്കാനുള്ള പ്രവണതയും നമുക്കുണ്ട്!
സന്തോഷകരമെന്നു പറയട്ടെ, ധാര്‍ഷ്ട്യമുള്ള മനുഷ്യഹൃദയങ്ങളെ മയപ്പെടുത്താന്‍ ദൈവം സ്നേഹപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. അപ്പൊസ്തലനായ പൗലൊസിന് ഇത് അറിയാമായിരുന്നു, അതിനാല്‍ ഫിലിപ്പിയന്‍ സഭയിലെ രണ്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ അവരെ അഭിസംബോധന ചെയ്യാന്‍ തക്കവണ്ണം അവന് അവരെ സ്നേഹിച്ചു (ഫിലിപ്പിയര്‍ 4:2). ക്രിസ്തുവിനെപ്പോലെ സ്വയം അര്‍പ്പിക്കുന്ന സ്നേഹത്തിന്റെ അതേ 'ഭാവം തന്നെ' ഉണ്ടായിരിക്കണമെന്ന് നേരത്തെ വിശ്വാസികളോട് നിര്‍ദ്ദേശിച്ച പൗലൊസ്, സുവിശേഷഘോഷണത്തില്‍ തന്നോടൊപ്പം പോരാടിയതിനു താന്‍ വിലമതിക്കുന്ന ''ഈ സ്ത്രീകള്‍ക്കു തുണനില്‍ക്കാന്‍'' അവരോട് ആവശ്യപ്പെട്ടു (4: 3). ഇത് സമാധാനമുണ്ടാക്കുന്നതിനും കൂട്ടായ പരിശ്രമത്തിനുള്ള വിവേകപൂര്‍ണ്ണമായ ഒത്തുതീര്‍പ്പിനുമുള്ള ആഹ്വാനമാണ്.
തീര്‍ച്ചയായും, ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയങ്ങളുണ്ട്, എന്നാല്‍ ക്രിസ്തുതുല്യമായ സമീപനം ശാഠ്യത്തോടെയുള്ള നിലപാടിനെക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും! ജീവിതത്തിലെ പല കാര്യങ്ങളും പരസ്പരം പൊരുതാന്‍ തക്ക മൂല്യമുള്ളവയല്ല. ഒന്നുകില്‍ നമുക്ക് നശിക്കുവോളം എല്ലാ നിസ്സാരകാര്യങ്ങള്‍ക്കും വേണ്ടി പരസ്പരം കലഹിക്കാം (ഗലാത്യര്‍ 5:15). അല്ലെങ്കില്‍ നമ്മുടെ അഹങ്കാരത്തെ മാറ്റിവെച്ച് ജ്ഞാനപൂര്‍വമായ ഉപദേശം സ്വീകരിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടുകയും ചെയ്യാം.
അസാധാരണ ആശ്വാസം
ലിസയ്ക്ക് ലഭിച്ച കാര്‍ഡിലെ വാക്യം അവളുടെ അവസ്ഥയുമായി പൊരുത്തപ്പെടുന്നതായി തോന്നിയില്ല: ''യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന് കണ്ടു'' (2 രാജാക്കന്മാര് 6:17). എനിക്ക് കാന്‍സര്‍ ആണ്! അവള്‍ ആശയക്കുഴപ്പത്തില്‍ ചിന്തിച്ചു. എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി! ദൂത സൈനികരെക്കുറിച്ചുള്ള ഒരു വാക്യം ഇവിടെ ബാധകമാണെന്നു തോന്നുന്നില്ല.
അപ്പോള്‍ ''ദൂതന്മാര്'' പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാന്‍സറിനെ അതിജീവിച്ചവര്‍ അവരുടെ സമയം അവള്‍ പറയുന്നതു കേള്‍ക്കാനായി നീക്കിവെച്ചു. അവളുടെ ഭര്‍ത്താവിന് വിദേശത്തെ സൈനിക സേവനത്തില്‍ നിന്ന് വിടുതല്‍ ലഭിച്ചു. സുഹൃത്തുക്കള്‍ അവളോടൊപ്പം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ദൈവം തന്നെ സ്‌നേഹിക്കുന്നു എന്ന് അവള്‍ക്ക് ഏറ്റവും അധികം വ്യക്തമായ നിമിഷം അവളുടെ സുഹൃത്ത് പാറ്റി രണ്ട് പെട്ടി ടിഷ്യൂകളുമായി വന്നതാണ്. അവയെ മേശപ്പുറത്ത് വച്ചിട്ട് അവള്‍ കരയാന്‍ തുടങ്ങി. പാറ്റിക്ക് മനസ്സിലാകുമായിരുന്നു. അവളും ഗര്‍ഭം അലസലിലൂടെ കടന്നുപോയിരുന്നു.
''അത് എന്തിനേക്കാളും അര്‍ത്ഥവത്തായിരുന്നു,'' ലിസ പറയുന്നു. ''കാര്‍ഡ് ഇപ്പോള്‍ അര്‍ത്ഥവത്തായി. എന്റെ 'ദൂത സൈനികര്‍' അവിടെ ഉണ്ടായിരുന്നു.'
ഒരു സൈന്യം യിസ്രായേലിനെ ഉപരോധിച്ചപ്പോള്‍, അക്ഷരീകമായ ഒരു ദൂതസഞ്ചയം എലീശയെ സംരക്ഷിച്ചു. എന്നാല്‍ എലീശയുടെ ദാസന് അവരെ കാണാന്‍ കഴിഞ്ഞില്ല. ''നാം എന്തു ചെയ്യും?'' അവന് പ്രവാചകനോട് നിലവിളിച്ചു (വാ. 15). എലീശാ പ്രാര്‍ത്ഥിച്ചു, 'യഹോവേ, ഇവന് കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ' (വാ. 17).
നാം ദൈവത്തിങ്കലേക്ക് നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പ്രധാനമെന്നും നാം തനിച്ചല്ല എന്നും നമ്മുടെ പ്രതിസന്ധി നമ്മെ കാണിക്കും. ദൈവത്തിന്റെ ആശ്വാസകരമായ സാന്നിധ്യം ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ലെന്ന് നാം മനസ്സിലാക്കും. അവന് തന്റെ സ്നേഹത്തെ പരിധിയില്ലാത്ത അത്ഭുതകരമായ വിധത്തില്‍ നമുക്ക് കാണിച്ചുതരുന്നു.
മരുഭൂമിയിലെ അഗ്നി
1800-കളുടെ അവസാനത്തില്‍ അമേരിക്കയിലെ ഒരു മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍, ജിം വൈറ്റ് ഒരു വിചിത്രമായ പുക മേഘം ആകാശത്തേക്ക് കറങ്ങിക്കയറുന്നതായി കണ്ടു. കാട്ടുതീയാണെന്നു സംശയിച്ച്, യുവാവായ കുതിരസവാരിക്കാരന്‍ അതിന്റെ ഉറവിടത്തിലേക്ക് കുതിച്ചു, അവിടെയെത്തിയപ്പോഴാണ് ''പുക'' എന്നു തോന്നിയത് ഭൂമിയിലെ ഒരു ദ്വാരത്തില്‍ നിന്ന് മുകളിലേക്കു കുതിക്കുന്ന വവ്വാലുകളുടെ ഒരു വലിയ കൂട്ടമാണെന്ന് മനസ്സിലായത്. വിശാലവും വിചിത്രവുമായ ഒരു ഗുഹാസംവിധാനം ജിം കണ്ടു, അത് പിന്നീട് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറി.
മോശെ മധ്യപൂര്‍വ്വദേശത്തെ ഒരു മരുഭൂമിയില്‍ ആടുകളെ മേയിക്കുന്നതിനിടയില്‍, അവനും തന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വിചിത്രമായ ഒരു കാഴ്ച കണ്ടു - ഒരു മുള്‍പടര്‍പ്പു കത്തുന്നതും വെന്തുപോകാത്തതുമായ കാഴ്ച (പുറപ്പാട് 3:2). മുള്‍പടര്‍പ്പില്‍ നിന്ന് ദൈവം തന്നെ സംസാരിച്ചപ്പോള്‍, തനിക്ക് ആദ്യം തോന്നിയതിനേക്കാള്‍ വളരെ മഹത്തായ ഒരു കാര്യത്തിലേക്കാണ് താന്‍ വന്നിട്ടുള്ളതെന്ന് മോശ മനസ്സിലാക്കി. യഹോവ മോശയോട് പറഞ്ഞു, ''ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു'' (വാ. 6). അടിമകളായ ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും തന്റെ മക്കളെന്ന നിലയില്‍ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം അവരെ ദൈവം കാണിക്കാനും പോകുകയായിരുന്നു (വാ. 10).
അറുനൂറിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്, ദൈവം അബ്രഹാമിനോട് ഈ വാഗ്ദാനം ചെയ്തു: ''നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും'' (ഉല്പത്തി 12:3). ഈജിപ്തില്‍ നിന്നുള്ള യിസ്രായേല്യരുടെ പുറപ്പാട് ആ അനുഗ്രഹത്തിന്റെ ഒരു പടി മാത്രമായിരുന്നു. അബ്രഹാമിന്റെ പിന്‍ഗാമിയായ മശിഹായിലൂടെ തന്റെ സൃഷ്ടിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയായിരുന്നു ആ അനുഗ്രഹം.
ആ അനുഗ്രഹത്തിന്റെ പ്രയോജനങ്ങള്‍ ഇന്ന് നമുക്ക് ആസ്വദിക്കാന്‍ കഴിയും, കാരണം ദൈവം ഈ രക്ഷ എല്ലാവര്‍ക്കുമായി വാഗ്ദാനം ചെയ്യുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു മരിക്കാന്‍ വന്നത്. അവനിലുള്ള വിശ്വാസത്താല്‍ നാമും ജീവനുള്ള ദൈവത്തിന്റെ മക്കളായിത്തീരുന്നു.
സ്‌നേഹത്തിലേക്ക് ഓടിച്ചെല്ലുക
സാറ വളരെ ചെറുതായിരുന്നു, എന്നാല്‍ 'ശ്രേയ' - ആക്രമണ തല്പരയും അവളെ കുനിഞ്ഞു നോക്കുന്നവളുമായ വലിയ സ്ത്രീ - അവളെ ഭയപ്പെടുത്തിയില്ല. എന്തുകൊണ്ടാണ് സങ്കീര്‍ണ്ണമായ ഗര്‍ഭധാരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തില്‍ എത്തിപ്പെട്ടതെന്ന് ശ്രേയയ്ക്ക് പറയാന്‍ പോലും കഴിഞ്ഞില്ല; ''കുട്ടികളെ ഒഴിവാക്കാന്‍ അവള്‍ ഇതിനകം തന്നെ അവളുടെ മനസ്സ് പാകപ്പെടുത്തിയിരുന്നു . . . .' അതിനാല്‍ സാറാ ചോദിച്ച സൗമ്യമായ ചോദ്യങ്ങള്‍ക്ക് ശ്രേയ അശ്ലീലതയും പരിഹാസവും കലര്‍ന്ന ഉത്തരങ്ങളാണു നല്‍കിയത്. ഉടന്‍ തന്നെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള തന്റെ ധിക്കാരപരമായ ആഗ്രഹം ആവര്‍ത്തിച്ചുകൊണ്ട് ശ്രേയ പുറപ്പെടാന്‍ എഴുന്നേറ്റു.
വാതിലിനടുത്തേക്കു നീങ്ങിയ ശ്രേയയോട് സാറാ ചോദിച്ചു, ''നിങ്ങള്‍ പോകുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഒരു ആലിംഗനം തരട്ടെ, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കട്ടെ?'' മുമ്പ് ആരും അവളെ കെട്ടിപ്പിടിച്ചിട്ടില്ല- കുറഞ്ഞപക്ഷം ആരോഗ്യകരമായ ഉദ്ദേശ്യത്തോടെ ആരും ചെയ്തിട്ടില്ല. പെട്ടെന്ന്, അപ്രതീക്ഷിതമായി, അവളുടെ കണ്ണു നിറഞ്ഞു.
തന്റെ ജനമായ യിസ്രായേലിനെ ''നിത്യസ്‌നേഹത്താല്‍'' സ്‌നേഹിച്ച നമ്മുടെ ദൈവത്തിന്റെ ഹൃദയത്തെ സാറ മനോഹരമായി പ്രതിഫലിപ്പിക്കുന്നു (യിരെമ്യാവ് 31:3). അവിടുത്തെ കല്പനകള്‍ നിരന്തരം ലംഘിച്ചതിന്റെ കഠിനമായ പ്രത്യാഘാതങ്ങളില്‍ ജനങ്ങള്‍ ഇടറിവീണു. എന്നിട്ടും ദൈവം അവരോടു പറഞ്ഞു, ''ഞാന്‍ നിന്നെ അവസാനിക്കാത്ത ദയയോടെ എങ്കലേക്ക് അടുപ്പിച്ചു. ഞാന്‍ നിങ്ങളെ വീണ്ടും പണിയും' (വാ. 3-4 NIV).
ശ്രേയയുടെ ചരിത്രം സങ്കീര്‍ണ്ണമാണ് (നമ്മില്‍ പലരുടേതിനും തുല്യമാണത്). ആ ദിവസം അവള്‍ യഥാര്‍ത്ഥ സ്‌നേഹത്തിലേക്ക് ഓടിച്ചെല്ലുന്നതുവരെ, ദൈവവും അവന്റെ വിശ്വാസികളും അവളെ കുറ്റപ്പെടുത്തുമെന്നായിരുന്നു അവള്‍ ചിന്തിച്ചിരുന്നത്. സാറ അവളെ വ്യത്യസ്തമായ ഒന്ന് കാണിച്ചു: നമ്മുടെ പാപത്തെ അവഗണിക്കാത്ത ഒരു ദൈവത്തെ, കാരണം അവന്‍ നമ്മുടെ സങ്കല്പത്തിനുമപ്പുറം നമ്മെ സ്‌നേഹിക്കുന്നു. തുറന്ന കൈകളാല്‍ അവന്‍ നമ്മെ സ്വാഗതം ചെയ്യുന്നു. നമ്മള്‍ ഓടിക്കൊണ്ടിരിക്കേണ്ടതില്ല.
കടലില്‍ ഒരു മങ്ങിയ വെളിച്ചം
''പഴകിയ മദ്യവും നിരാശയും നിറഞ്ഞവനായി എന്റെ കട്ടിലില്‍ ഞാന്‍ കിടക്കുന്നു,'' ഗവണ്‍മെന്റിന്റെ രഹസ്യ ഏജന്റായി ജോലി ചെയ്യുന്നതിനിടെ വളരെ മോശമായ ഒരു സായാഹ്നത്തെക്കുറിച്ച് ഒരു പ്രസിദ്ധന്‍ എഴുതി. ''പ്രപഞ്ചത്തില്‍, നിത്യതയില്‍, ഒറ്റയ്ക്ക്, ഒരു തരി വെളിച്ചമില്ലാതെ.''
അത്തരമൊരു അവസ്ഥയില്‍, ബുദ്ധിപരമെന്ന് തോന്നിയ ഒരേയൊരു കാര്യം അയാള്‍ ചെയ്തു; അവന്‍ മുങ്ങിമരിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത ബീച്ചിലേക്ക് കാറോടിച്ച അയാള്‍ തളര്‍ന്നുപോകുന്നതുവരെ സമുദ്രത്തിലേക്ക് നീണ്ട നീന്തല്‍ ആരംഭിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ വിദൂരത്ത് ബീച്ചിലെ വിളക്കുകള്‍ മിന്നുന്നതു കണ്ടു. ആ സമയത്ത് അയാള്‍ വ്യക്തമായ ഒരു കാരണവുമില്ലാതെ, വീണ്ടും വെളിച്ചത്തിനുനേരെ തിരിച്ചു നീന്താന്‍ തുടങ്ങി. ക്ഷീണമുണ്ടായിട്ടും, 'അത്യധികം സന്തോഷം' അനുഭവപ്പെട്ടതായി അയാള്‍ ഓര്‍മ്മിക്കുന്നു.
അതെങ്ങനെയെന്ന് മഗറിഡ്ജിന് കൃത്യമായി അറിയില്ലായിരുന്നു, പക്ഷേ ആ ഇരുണ്ട നിമിഷത്തില്‍ ദൈവം തന്റെയടുത്തേക്കെത്തി അമാനുഷികമായ ഒരു പ്രത്യാശ അയാളിലേക്കു സന്നിവേശിപ്പിച്ചു. അത്തരം പ്രത്യാശയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും എഴുതിയിട്ടുണ്ട്. ക്രിസ്തുവിനെ അറിയുന്നതിനുമുമ്പ് നാം ഓരോരുത്തരും ''നമ്മുടെ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരും'' 'ലോകത്തില്‍ ദൈവമില്ലാത്തവരും'' ആയിരുന്നു എന്നും എഫെസ്യര്‍ക്ക് പൗലൊസ് എഴുതി (2:1, 12). എന്നാല്‍ ''കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹം നിമിത്തം ... നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു'' (വാ. 4-5).
ഈ ലോകം നമ്മെ ആഴത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ നിരാശയ്ക്ക് വഴങ്ങാന്‍ ഒരു കാരണവുമില്ല. കടലില്‍ നീന്തുന്നതിനെക്കുറിച്ച് മഗറിഡ്ജ് പറഞ്ഞതുപോലെ, ''ഇരുട്ട് ഇല്ലെന്ന് എനിക്ക് വ്യക്തമായി, നിത്യമായി പ്രകാശിക്കുന്ന ഒരു പ്രകാശത്തിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത മാത്രമേയുള്ളു.''
എങ്ങനെ കാത്തിരിക്കാം
സഭയോടുള്ള ബന്ധത്തില്‍ മോഹഭംഗം നേരിട്ടവനും നിരാശനുമായ പതിനേഴു വയസ്സുകാരനായ തോമസ് ഉത്തരങ്ങള്‍ തേടി വര്‍ഷങ്ങളോളം നീണ്ട അന്വേഷണം ആരംഭിച്ചു. എന്നാല്‍ അവന്‍ പര്യവേക്ഷണം ചെയ്തതൊന്നും അവന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്തില്ല.
അവന്റെ യാത്ര അവനെ മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പിച്ചു. എന്നിട്ടും അവന് ക്രിസ്ത്യാനിത്വവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ചര്‍ച്ചയ്ക്കിടെ അവന്‍ ആക്രോശിച്ചു, ''ബൈബിളില്‍ മുഴുവനും പൊള്ളയായ വാഗ്ദാനങ്ങളാണ്.''
മറ്റൊരു മനുഷ്യന്‍ നിരാശയും കഠിന യാതനകളും നേരിട്ടു, അത് തന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ച ശത്രുക്കളില്‍ നിന്ന് ദാവീദ് ഓടിപ്പോയപ്പോള്‍, അവന്റെ പ്രതികരണം ദൈവത്തില്‍ നിന്ന് ഓടിപ്പോകുകയല്ല, അവനെ സ്തുതിക്കുക എന്നതായിരുന്നു. ''എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയനായിരിക്കും,'' അവന്‍ പാടി (സങ്കീര്‍ത്തനം 27:3).
എന്നിട്ടും ദാവീദിന്റെ കവിത ഇപ്പോഴും സംശയത്തെ സൂചിപ്പിക്കുന്നു. ''എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളണമേ'' (വാ. 7) എന്ന അവന്റെ നിലവിളി ഭയവും ചോദ്യങ്ങളും ഉള്ള ഒരു മനുഷ്യനെപ്പോലെയാണ്. ''നിന്റെ മുഖം എനിക്കു മറയ്ക്കരുതേ,'' ദാവീദ് അപേക്ഷിച്ചു. ''അടിയനെ കോപത്തോടെ നീക്കിക്കളയരുതേ'' (വാ. 9).
എന്നിരുന്നാലും തന്റെ സംശയം തന്നെ തളര്‍ത്താന്‍ ദാവീദ് അനുവദിച്ചില്ല. ആ സംശയങ്ങളില്‍പ്പോലും, 'ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്ന്' ദാവീദ് പറയുന്നു (വാ. 13). എന്നിട്ട് അവന്‍ തന്റെ വായനക്കാരെ ഇപ്രകാരം അഭിസംബോധന ചെയ്തു - നിങ്ങളെയും എന്നെയും ഈ ലോകത്തിലെ തോമസിനെയും: 'യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക' (വാ. 14).
നമ്മുടെ വലിയ ചോദ്യങ്ങള്‍ക്ക് വേഗമേറിയതും ലളിതവുമായ ഉത്തരങ്ങള്‍ നാം കണ്ടെത്തിയെന്നു വരില്ല. എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെ - നാം അവനുവേണ്ടി കാത്തിരിക്കുമ്പോള്‍ - നാം കണ്ടെത്തും.
''ദൈവിക സംഗതി''
മൈക്കിന്റെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും ക്രിസ്തുമതത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു, അവര്‍ക്ക് ഏതില്‍ താല്‍പ്പര്യവുമില്ലായിരുന്നു. പക്ഷേ, അവന്‍ കരുതലുള്ളവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഈസ്റ്ററിനോടടുത്ത ഒരു ദിവസം, ആരോ ഈസ്റ്ററിന് പെസഹയുമായി വളരെയധികം ബന്ധമുണ്ടെന്ന് കേട്ടതായി പരാമര്‍ശിക്കുകയും ബന്ധം എന്താണെന്ന് ആശ്ചര്യപ്പെടുകയും ചെയ്തു. ''ഹേയ്, മൈക്ക്!'' അവന്‍ പറഞ്ഞു. ''ഈ ദൈവിക സംഗതികളെക്കുറിച്ച് നിങ്ങള്‍ക്കറിയാം. എന്താണ് പെസഹ?'
ദൈവം യിസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നതെങ്ങനെയെന്ന് മൈക്ക് വിശദീകരിച്ചു. എല്ലാ വീടുകളിലും ആദ്യജാതന്റെ മരണം ഉള്‍പ്പെടെ പത്ത് ബാധകളെക്കുറിച്ച് അവന്‍ അവരോട് പറഞ്ഞു. ബലിയര്‍പ്പിച്ച ആട്ടിന്‍കുട്ടിയുടെ രക്തം കട്ടിളക്കാലുകളില്‍ പുരട്ടിയ വീടുകളെ മരണ ദൂതന്‍ എങ്ങനെ കടന്നുപോയി എന്ന് അവന്‍ വിശദീകരിച്ചു. പിന്നീട് പെസഹാ വേളയില്‍ യേശു ക്രൂശിക്കപ്പെട്ടതെങ്ങനെയെന്ന് പങ്കുവെച്ചു. പെട്ടെന്ന് മൈക്കിനു മനസ്സിലായി, ഹേയ്, ഞാന്‍ സാക്ഷ്യം വഹിക്കുന്നു!
ദൈവത്തെക്കുറിച്ച് അറിയാത്ത ഒരു സംസ്‌കാരത്തില്‍ ഒരു സഭയ്ക്ക് ശിഷ്യനായ പത്രോസ് ഉപദേശം നല്‍കി. അവന്‍ പറഞ്ഞു, ''നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍.'' (1 പത്രൊസ് 3:15).
മൈക്ക് തന്റെ വിശ്വാസത്തെ തുറന്നുകാണിച്ചതിനാല്‍, ആ വിശ്വാസം സ്വാഭാവികമായും പങ്കുവെക്കാനുള്ള അവസരം അവന് ലഭിച്ചു, 'സൗമ്യതയും ഭയഭക്തിയും' ഉള്ളനായി അവന്‍ അതു ചെയ്തു (വാ. 15).
നമുക്കും കഴിയും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ - ദൈവത്തെക്കുറിച്ചുള്ള ''സംഗതികള്‍'' നമുക്ക് ലളിതമായി വിശദീകരിക്കാന്‍ കഴിയും.
ഒരു പേരിലെന്തിരിക്കുന്നു?
ദൈവത്തിന്റെ സമയമായപ്പോള്‍, ഞങ്ങളുടെ മകന്‍ കോഫി ഒരു വെള്ളിയാഴ്ച ജനിച്ചു - അതാണ് അവന്റെ പേരിന്റെ അര്‍ത്ഥം 'വെള്ളിയാഴ്ച ജനിച്ച കുട്ടി.' ഞങ്ങളുടെ ഒരു ഘാന സുഹൃത്തിന്റെ മകന്റെ പേരിലാണ് ഞങ്ങള്‍ അവന് ആ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഏക മകന്‍ മരിച്ചുപോയിരുന്നു. അദ്ദേഹം ഞങ്ങളുടെ കോഫിക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു. അതില്‍ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു.
ഒരു പേരിന്റെ പിന്നിലെ കഥ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്. ലൂക്കൊസ് 3 ല്‍, യോസേഫിന്റെ വംശപരമ്പരയില്‍ ഒരു പേരിനെക്കുറിച്ചുള്ള ആകര്‍ഷകമായ വിശദാംശങ്ങള്‍ കാണാം. വംശാവലി യോസേഫിന്റെ പരമ്പരയെ ആദാമിലേക്കും ദൈവത്തിലേക്കും പിന്നോട്ട് കൊണ്ടുപോകുന്നു (വാ. 38). 31-ാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ''നാഥാന്റെ മകന്‍, നാഥാന്‍ ദാവീദിന്റെ മകന്‍.'' നാഥാന്‍? അത് രസകരമായിരിക്കുന്നു. 1 ദിനവൃത്താന്തം 3:5-ല്‍ നാഥാന്‍ ബത്ത്ശേബയില്‍ ജനിച്ചുവെന്ന് നാം മനസ്സിലാക്കുന്നു.
ദാവീദ് ബത്ത്ശേബയുടെ കുട്ടിക്ക് നാഥാന്‍ എന്ന് പേരിട്ടത് യാദൃശ്ചികമാണോ? പിന്നിലുള്ള കഥ ഓര്‍മ്മിക്കുക. ബത്ത്‌ശേബ ഒരിക്കലും ദാവീദിന്റെ ഭാര്യയായിരിക്കേണ്ടവളല്ല. മറ്റൊരു നാഥാന്‍ - പ്രവാചകന്‍ - ബത്ത്‌ശേബയെ ചൂഷണം ചെയ്യാനും അവളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താനും തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് രാജാവിനെ ധൈര്യത്തോടെ നേരിട്ടു (2 ശമൂവേല്‍ 12 കാണുക).
പ്രവാചകന്റെ ശാസന സ്വീകരിച്ച ദാവീദ് തന്റെ ഭയാനകമായ കുറ്റങ്ങളില്‍ അനുതപിച്ചു. സമയം അവനിലെ മുറിവുകള്‍ ഉണക്കിയപ്പോള്‍ അവന്‍ തന്റെ മകന് നാഥാന്‍ എന്ന് പേരിട്ടു. ഇത് ബത്ത്‌ശേബയുടെ പുത്രനാണെന്നതും യേശുവിന്റെ ഭൗമിക പിതാവായ യോസേഫിന്റെ പൂര്‍വ്വികരില്‍ ഒരാളായിരുന്നുവെന്നതും എത്ര ഉചിതമായിരിക്കുന്നു (ലൂക്കൊസ് 3:23).
ബൈബിളില്‍, ദൈവകൃപ എല്ലാത്തിലും നെയ്തു ചേര്‍ത്തിരിക്കുന്നതായി നാം കാണുന്നു - അപൂര്‍വമായി മാത്രം വായിക്കുന്ന വംശാവലിയിലെ ഒരു അവ്യക്തമായ നാമത്തില്‍ പോലും. ദൈവകൃപ എല്ലായിടത്തും ഉണ്ട്.
കാലാവസ്ഥാ നിരീക്ഷകന്‍ വരുത്തിയ തെറ്റ്
1938 സെപ്റ്റംബര്‍ 21 ന് ഉച്ചതിരിഞ്ഞ്, ഒരു യുവ കാലാവസ്ഥാ നിരീക്ഷകന്‍, ഒരു ചുഴലിക്കാറ്റ് വടക്കോട്ട് ന്യൂ ഇംഗ്ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നു എന്ന മുന്നറിയിപ്പ് യുഎസ് വെതര്‍ ബ്യൂറോയ്ക്ക് നല്‍കി. എന്നാല്‍ ബ്യൂറോയുടെ തലവന്‍, ചാള്‍സ് പിയേഴ്‌സിന്റെ പ്രവചനത്തെ പരിഹസിച്ചു. തീര്‍ച്ചയായും ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇത്രയും വടക്കോട്ട് നീങ്ങിയ ചരിത്രമില്ല.
രണ്ട് മണിക്കൂറിനുശേഷം, 1938 ലെ ന്യൂ ഇംഗ്ലണ്ട് ചുഴലിക്കാറ്റ് ലോംഗ് ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കി. വൈകുന്നേരം 4 മണിയോടെ അത് ന്യൂ ഇംഗ്ലണ്ടിലെത്തുകയും കപ്പലുകളെ കരയിലേക്ക് വലിച്ചെറിയുകയും വീടുകളെ കടലില്‍ തള്ളിയിടുകയും ചെയ്തു. അറുനൂറിലധികം ആളുകള്‍ മരിച്ചു. കൃത്യമായ വിവരങ്ങളുടേയും വിശദമായ മാപ്പുകളുടെയും അടിസ്ഥാനത്തില്‍ ഉള്ള പിയേഴ്‌സിന്റെ മുന്നറിയിപ്പ് ആളുകള്‍ക്കു ലഭിച്ചിരുന്നെങ്കില്‍, അവര്‍ ജീവനോടിരിക്കുമായിരുന്നു.
ആരുടെ വാക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയുക എന്ന ആശയത്തിന് വേദപുസ്തകം മുന്‍ഗണന നല്‍കുന്നു.
യിരെമ്യാവിന്റെ കാലത്ത്, വ്യാജ പ്രവാചകന്മാര്‍ക്കെതിരെ ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കി. ''നിങ്ങളോട് പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ
വായില്‍നിന്നുള്ളതല്ല സ്വന്ത ഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നത്'' (യിരെമ്യാവ് 23:16). ദൈവം അവരെക്കുറിച്ച് പറഞ്ഞു, ''അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു'' (വാ. 22).
'കള്ളപ്രവാചകന്മാര്‍'' ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവത്തെ മൊത്തത്തില്‍ അവഗണിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി അവന്റെ വാക്കുകള്‍ വളച്ചൊടിക്കുകയോ ചെയ്യുന്ന ''വിദഗ്ദ്ധര്‍'' ഉപദേശം നല്‍കുന്നു. എന്നാല്‍, തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും, സത്യത്തില്‍ നിന്ന് വ്യാജം തിരിച്ചറിയാന്‍ വേണ്ട കാര്യങ്ങള്‍ ദൈവം നമുക്ക് നല്‍കി. അവിടുത്തെ വചനത്തിന്റെ സത്യത്താല്‍ നാം എല്ലാം അളക്കുമ്പോള്‍, നമ്മുടെ സ്വന്തം വാക്കുകളും ജീവിതവും ആ സത്യം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കും.