അമേരിക്കയിലെ മധ്യവര്‍ഗ്ഗ ജനം പാര്‍ക്കുന്ന ഒരു പ്രദേശത്തെ ഒരു സംഗീത ബാന്‍ഡ്, ഓരോ വര്‍ഷവും നഗരത്തില്‍ സംഭവിക്കുന്ന ഒരു പരിവര്‍ത്തനത്തെക്കുറിച്ച് ഒരു ഗാനം ആലപിക്കുന്നു. ‘ഞങ്ങള്‍ക്ക് വര്‍ഷത്തിലെ ആദ്യത്തെ യഥാര്‍ത്ഥ മഞ്ഞുവീഴ്ച ലഭിക്കുമ്പോള്‍, അതു പാവനമായ ഒരു കാര്യം സംഭവിക്കുന്നതുപോലെയാണ്,” ബാന്‍ഡിന്റെ സഹസ്ഥാപകന്‍ വിശദീകരിക്കുന്നു: ‘ഒരു പുതിയ തുടക്കത്തിന്റെ ഒരംശം പോലെ. നഗരം മന്ദഗതിയിലാകുകയും നിശ്ശബ്ദമാകുകയും ചെയ്യുന്നു.”

കനത്ത മഞ്ഞുവീഴ്ച നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു പാട്ടിന് എങ്ങനെ പ്രചോദനമാകുമെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. മഞ്ഞ് മാലിന്യത്തെയും പഴക്കത്തെയും മറയ്ക്കുമ്പോള്‍, ഒരു മാസ്മരികമായ ശാന്തത ലോകത്തെ അലങ്കരിക്കുന്നു. കുറച്ച് നിമിഷത്തേക്ക്, ശൈത്യത്തിന്റെ വിരസത തിളക്കമുള്ളതാകുകയും ചിന്തിക്കുന്നതിനും ആനന്ദിക്കുന്നതിനുമായി നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

ദൈവത്തെക്കുറിച്ച് സഹായകരമായ ഒരു വീക്ഷണം ഉണ്ടായിരുന്ന ഇയ്യോബിന്റെ സ്‌നേഹിതനായ എലീഹൂ, സൃഷ്ടി നമ്മുടെ ശ്രദ്ധയെ എങ്ങനെ ക്ഷണിക്കുന്നുവെന്ന് രേഖപ്പെടുത്തി. ‘ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു” (ഇയ്യോബ് 37:5). ‘അവന്‍ ഹിമത്തോട്: ഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.” അത്തരം മഹിമയ്ക്ക് നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്താനും ഭക്തിയോടെ നില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കാനും കഴിയും. ‘താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിയത്തക്കവിധം അവന്‍ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു” (വാ. 7) എലീഹൂ നിരീക്ഷിച്ചു.

നമുക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പ്രകൃതി ചിലപ്പോള്‍ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്നു. നമുക്ക് എന്തു സംഭവിക്കുന്നുവെന്നോ നമുക്കു ചുറ്റും നാം നിരീക്ഷിക്കുന്നതെന്താണെന്നോ പരിഗണിക്കാതെ – ഗംഭീരമോ, ഭയാനകമോ, മുഷിപ്പനോ ആയ – ഓരോ നിമിഷവും നമ്മുടെ ആരാധനയെ പ്രചോദിപ്പിക്കും. നമ്മുടെ ഉള്ളിലെ കവിയുടെ ഹൃദയം വിശുദ്ധ നിശബ്ദതയെ മോഹിക്കുന്നു.