തിരമാലകളുടെമേല്‍ സഞ്ചരിക്കുക
എന്റെ ഭര്‍ത്താവ് ചക്രവാളത്തിന്റെ ഫോട്ടോയെടുത്തുകൊണ്ട് പാറക്കെട്ടു നിറഞ്ഞ കടല്‍ത്തീരത്തുകൂടി മുന്നോട്ടു പോകുമ്പോള്‍, മറ്റൊരു മെഡിക്കല്‍ പ്രശ്‌നത്തെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ടു ഞാന്‍ ഒരു വലിയ പാറയില്‍ ഇരുന്നു. വീട്ടില്‍ പ്രശ്‌നങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും, ആ നിമിഷത്തില്‍ എനിക്കു സമാധാനം ആവശ്യമായിരുന്നു. കറുത്ത, പരുക്കന്‍ പാറക്കെട്ടുകള്‍ക്കു നേരെ ആഞ്ഞടിക്കുന്ന തിരമാലകളെ ഞാന്‍ ഉറ്റുനോക്കി. തിരമാലയുടെ വളവിലെ ഇരുണ്ട നിഴല്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എന്റെ ക്യാമറയിലെ സൂം ഉപയോഗിച്ച്, തിരമാലകളുടെമേല്‍ ശാന്തമായി സഞ്ചരിക്കുന്ന കടലാമയാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ചിറകു സമാനമായ അതിന്റെ കൈകള്‍ ശാന്തമായി വിരിച്ചിരുന്നു. ഉപ്പുകാറ്റിലേക്കു മുഖം തിരിച്ചു ഞാന്‍ പുഞ്ചിരിച്ചു.
'യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെ...സ്തുതിക്കും' (സങ്കീര്‍ത്തനം 89:5). നമ്മുടെ അതുല്യനായ ദൈവം 'സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ അവയെ അമര്‍ത്തുന്നു' (വാ. 9). അവിടുന്ന് 'ഭൂതലവും അതിന്റെ പൂര്‍ണ്ണതയും സ്ഥാപിച്ചിരിക്കുന്നു'' (വാ. 11). അവിടുന്ന് എല്ലാം ഉണ്ടാക്കി, എല്ലാം അവിടുത്തെ സ്വന്തമാണ്, എല്ലാം അവിടുന്നു കൈകാര്യം ചെയ്യുന്നു, എല്ലാം അവിടുത്തെ മഹത്വത്തിനും നമ്മുടെ ആസ്വാദനത്തിനുമായി നിര്‍മ്മിച്ചിരിക്കുന്നു.
നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയില്‍ - നമ്മുടെ മാറ്റമില്ലാത്ത പിതാവിന്റെ സ്‌നേഹത്തില്‍ - നിന്നുകൊണ്ട്, നമുക്ക് അവിടുത്തെ 'മുഖപ്രകാശത്തില്‍ നടക്കാന്‍ കഴിയും' (വാ. 15). ദൈവം ശക്തിയില്‍ ഭയങ്കരനും നമ്മോടുള്ള ഇടപാടുകളില്‍ കരുണയുള്ളവനുമായി നിലകൊള്ളുന്നു. ദിവസം മുഴുവന്‍ നമുക്ക് അവിടുത്തെ നാമത്തില്‍ സന്തോഷിക്കാം (വാ. 16). എന്തു തടസ്സങ്ങള്‍ നാം നേരിട്ടാലും, എത്ര തിരിച്ചടികള്‍ സഹിക്കേണ്ടിവന്നാലും തിരമാലകള്‍ ഉയര്‍ന്നുവരുമ്പോള്‍ ദൈവം നമ്മുടെ കരത്തില്‍ പിടിക്കുന്നു.
പര്‍പ്പിള്‍ ഷാള്‍
എന്റെ വീട്ടില്‍ നിന്നു നൂറുകണക്കിനു മൈലുകള്‍ അകലെയുള്ള ഒരു കാന്‍സര്‍ സെന്ററില്‍ എന്റെ അമ്മയെ പരിചരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആളുകളോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒറ്റപ്പെടലും ഏകാന്തതയും എന്റെ ശക്തി ക്ഷയിപ്പിച്ചു. ശാരീരികവും മാനസികവും വൈകാരികവുമായ തളര്‍ച്ചയ്ക്കു ഞാന്‍ അടിമപ്പെട്ടുപോയാല്‍, എനിക്ക് എങ്ങനെ എന്റെ അമ്മയെ ശുശ്രൂഷിക്കാനാവും?
ഒരു ദിവസം, ഒരു സ്‌നേഹിത എനിക്ക് അപ്രതീക്ഷിതമായി ഒരു സമ്മാനപ്പൊതി അയച്ചു. ആളുകള്‍ ഞങ്ങള്‍ക്ക് വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന ഹൃദ്യമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ഒരു പര്‍പ്പിള്‍ പ്രേയര്‍ ഷാള്‍ ആണ് എന്റെ സനേഹിത അയച്ചത്. മൃദുവായ നൂല്‍ എന്റെ ചുമലില്‍ ചുറ്റിക്കിടക്കുമ്പോഴെല്ലാം, തന്റെ ജനത്തിന്റെ പ്രാര്‍ത്ഥന ഉപയോഗിച്ച് ദൈവം എന്നെ ആലിംഗനം ചെയ്യുന്നതായി എനിക്കു തോന്നി. വര്‍ഷങ്ങള്‍ക്കുശേഷവും, എന്നെ ആശ്വസിപ്പിക്കാനും എന്റെ തീരുമാനങ്ങളെ ശക്തിപ്പെടുത്താനും ദൈവം ഇപ്പോഴും ആ പര്‍പ്പിള്‍ ഷാള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ ആത്മപ്രചോദിതമായ പ്രാധാന്യതയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് സ്ഥിരീകരിച്ചു. തന്റെ യാത്രാവേളകളില്‍ ആവശ്യമായിരിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമായുള്ള വികാരനിര്‍ഭരമായ അഭ്യര്‍ത്ഥനയിലൂടെ, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ ശുശ്രൂഷയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു പൗലൊസ് തെളിയിച്ചു (റോമര്‍ 15:30). പ്രത്യേകമായ പ്രാര്‍ത്ഥനാ അപേക്ഷകള്‍ നല്‍കിക്കൊണ്ട്, താന്‍ സഹവിശ്വാസികളുടെ പിന്തുണയെ ആശ്രയിക്കുന്നുവെന്നു മാത്രമല്ല, ദൈവം പ്രാര്‍ത്ഥനയ്ക്കു ശക്തമായി ഉത്തരം നല്‍കുന്നുവെന്ന തന്റെ വിശ്വാസവും അപ്പൊസ്തലന്‍ വെളിപ്പെടുത്തി (വാ. 31-33).
നമുക്കെല്ലാവര്‍ക്കും ഏകരായി തോന്നുന്ന ദിവസങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ത്തനെ എങ്ങനെ നമുക്കുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിക്കാമെന്നും പൗലൊസ് നമുക്കു കാണിച്ചുതരുന്നു. ദൈവജനത്തിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നമ്മെ പൊതിയുമ്പോള്‍, ജീവിതം നമ്മെ എവിടേക്കു നയിച്ചാലും, നമുക്കു ദൈവത്തിന്റെ ശക്തിയും ആശ്വാസവും അനുഭവിക്കാന്‍ കഴിയും.
സുരക്ഷിതവും നിശബ്ദവും
പ്രീ-സ്‌കൂളില്‍ പഠിക്കുന്ന ഊര്‍ജ്ജസ്വലനായ വിദ്യാര്‍ത്ഥി എന്ന നിലയില്‍, എന്റെ മകന്‍ സേവ്യര്‍ ഉച്ചതിരിഞ്ഞുള്ള നിശബ്ദ സമയം ഒഴിവാക്കി. നിശബ്ദമായിരിക്കുന്നത്, ആഗ്രഹിക്കാത്തതും എന്നാല്‍ അത്യാവശ്യവുമായ മയക്കത്തിലാണ് പലപ്പോഴും കലാശിക്കുക. അതിനാല്‍, ശാന്തത ഒഴിവാക്കായി അവന്‍ തന്റെ ഇരിപ്പിടത്തില്‍ ഇളകിയിരിക്കുകയും സോഫയില്‍ നിന്നിറങ്ങുകയും തറയില്‍ നിരങ്ങുകയും, ചിലപ്പോള്‍ മുറിയില്‍ ഉരുളുകപോലും ചെയ്യും. 'അമ്മേ, എനിക്കു വിശക്കുന്നു. . . എനിക്കു ദാഹിക്കുന്നു . . . എനിക്കു ബാത്ത്‌റൂമില്‍ പോകണം . . . എന്നെയൊന്നു കെട്ടിപ്പിടിക്കൂ...''
നിശ്ശബ്ദതയുടെ പ്രയോജനങ്ങള്‍ മനസ്സിലാക്കിയ ഞാന്‍, സേവ്യറിന് ഒരു ലഘുഭക്ഷണം നല്‍കിക്കൊണ്ട് സ്വസ്ഥമായിരിക്കാന്‍ സഹായിക്കും. എന്റെ സമീപത്തേക്കു ചാഞ്ഞ് അവന്‍ ഉറങ്ങും.
എന്റെ ആത്മീയ ജീവിതത്തിന്റെ തുടക്കത്തില്‍, ഊര്‍ജ്ജസ്വലത കാണിക്കാനുള്ള എന്റെ മകന്റെ ആഗ്രഹത്തെ ഞാനും പ്രതിഫലിപ്പിച്ചിരുന്നു. തിരക്ക്, എന്നെ അംഗീകരിക്കുന്നുവെന്നും, ഞാന്‍ പ്രാധാന്യമുള്ളവളാണെന്നും നിയന്ത്രണമുള്ളവളാണെന്നും ഉള്ള തോന്നല്‍ എന്നില്‍ ഉളവാക്കിയിരുന്നു; അതേസമയം എന്റെ പോരായ്മകളെയും പരീക്ഷണങ്ങളെയും കുറിച്ച് വ്യാകുലപ്പെടുന്നതില്‍ നിന്ന് ശബ്ദം എന്നെ വ്യതിചലിപ്പിച്ചു. വിശ്രമത്തിന് കീഴടങ്ങുന്നത് എന്റെ ദുര്‍ബ്ബലമായ മാനുഷികതയാണെന്നു ഞാന്‍ കരുതി. എന്റെ സഹായമില്ലാതെ ദൈവത്തിന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്നു സംശയിച്ച് ഞാന്‍ ശാന്തതയും നിശ്ശബ്ദതയും ഒഴിവാക്കി.
എന്നാല്‍ എത്രമാത്രം പ്രശ്‌നങ്ങളോ അനിശ്ചിതത്വങ്ങളോ നമ്മെ ചുറ്റിയാലും, അവിടുന്നു നമ്മുടെ സങ്കേതമാണ്. മുമ്പിലുള്ള പാത ദൈര്‍ഘ്യമേറിയതോ ഭയപ്പെടുത്തുന്നതോ അവ്യക്തമോ ആണെന്നു തോന്നിയാലും, അവിടുത്തെ സ്‌നേഹം നമ്മെ വലയം ചെയ്യുന്നു. അവിടുന്ന്് നമ്മെ കേള്‍ക്കുന്നു, ഉത്തരം നല്‍കുന്നു, നമ്മോടൊപ്പം നില്‍ക്കുന്നു. . . ഇന്നും എന്നേക്കും നിത്യതവരെയും (സങ്കീര്‍ത്തനം 91).
നമുക്ക് നിശ്ശബ്ദത സ്വീകരിക്കാനും ദൈവത്തിന്റെ മാറ്റില്ലാത്ത സ്‌നേഹത്തിലും നിരന്തരമായ സാന്നിധ്യത്തിലുും ചാരുവാനും കഴിയും. അവിടുത്തെ മാറ്റമില്ലാത്ത വിശ്വസ്തതയുടെ സങ്കേതത്തില്‍ നാം സുരക്ഷിതരായിരിക്കുന്നതിനാല്‍, നമുക്ക് ദൈവത്തില്‍ നിശ്ശബ്ദമായി വിശ്രമിക്കാന്‍ കഴിയും (വാ. 4).
വിളക്ക് തെളിക്കുക
ഞാനും ഭര്‍ത്താവും രാജ്യത്തിന്റെ മറുവശത്തേക്കുള്ള ഒരു നീക്കത്തിന് തയ്യാറെടുക്കുമ്പോള്‍, ഞങ്ങളുടെ മുതിര്‍ന്ന ആണ്‍മക്കളുമായി ഞങ്ങള്‍ക്കു നിരന്തരം ബന്ധം പുലര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു അതുല്യമായ സമ്മാനം, ദൂരത്തിരുന്നുകൊണ്ട് ഓണാക്കാന്‍ കഴിയുന്ന വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്റ്റുചെയ്തിരിക്കുന്ന സൗഹൃദ വിളക്കുകള്‍ ഞാന്‍ കണ്ടെത്തി. ഞാന്‍ എന്റെ മക്കള്‍ക്ക് വിളക്കുകള്‍ നല്‍കിയപ്പോള്‍, ഞാന്‍ എന്റെ വിളക്ക് തൊടുമ്പോള്‍ അവരുടെ വിളക്കുകള്‍ ഓണാകുമെന്ന് ഞാന്‍ വിശദീകരിച്ചു - എന്റെ സ്‌നേഹത്തിന്റെയും തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളുടെയും തിളക്കമാര്‍ന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍ വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ എത്ര വലിയ ദൂരം ഉണ്ടെങ്കിലും, അവരുടെ വിളക്കുകളില്‍ തൊടുമ്പോള്‍ ഞങ്ങളുടെ വീട്ടിലും ഒരു പ്രകാശം കത്തും. ഞങ്ങളുടെ വ്യക്തിപരമായ ബന്ധത്തിന്റെ നിമിഷങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും, ആ ലൈറ്റുകള്‍ ഓണാക്കുമ്പോഴെല്ലാം ഞങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അറിയുന്നതിലൂടെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
എല്ലാ ദൈവമക്കള്‍ക്കും പരിശുദ്ധാത്മാവിനാല്‍ ജ്വലിപ്പിക്കപ്പെടുന്ന പ്രകാശം പങ്കിടുന്നവരാകാനുള്ള പദവി ഉണ്ട്. ദൈവത്തിന്റെ നിത്യ പ്രത്യാശയുടെയും നിരുപാധികമായ സ്‌നേഹത്തിന്റെയും തിളക്കമാര്‍ന്ന പ്രകാശ കിരണങ്ങളായി ജീവിക്കാനാണ് നമ്മെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാം സുവിശേഷം പങ്കുവെക്കുകയും യേശുവിന്റെ നാമത്തില്‍ മറ്റുള്ളവരെ സേവിക്കുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ മികച്ച സ്‌പോട്ട്‌ലൈറ്റുകളും ജീവനുള്ള സാക്ഷ്യങ്ങളും ആയിത്തീരുന്നു. എല്ലാ സല്‍പ്രവൃത്തികളും, ദയാപൂര്‍വ്വമായ പുഞ്ചിരിയും, സൗമ്യമായ പ്രോത്സാഹന വാക്കും, ഹൃദയംഗമമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ വിശ്വസ്തതയെയും അവന്റെ നിരുപാധികവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തെയും ഓര്‍മ്മപ്പെടുത്തുന്നു (മത്തായി 5:14-16).
ദൈവം നമ്മെ എവിടേക്കു നയിച്ചാലും, നാം അവനെ എങ്ങനെ സേവിച്ചാലും, അവന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാനായി നമ്മെ ഉപയോഗിക്കാന്‍ അവനു കഴിയും. ദൈവം തന്റെ ആത്മാവിനാല്‍ യഥാര്‍ത്ഥ പ്രകാശം പ്രദാനം ചെയ്യുന്നതുപോലെ, നമുക്ക് അവന്റെ സാന്നിധ്യത്തിന്റെ പ്രകാശവും സ്‌നേഹവും പ്രതിഫലിപ്പിക്കാന്‍ കഴിയും.
തനിപ്പകര്‍പ്പായ ചിത്രം
ഒരു വിനോദയാത്രയ്ക്കിടെ, എന്റെ ഭര്‍ത്താവിന്റെ കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയുന്ന ഒരു സ്ത്രീയെ ഞങ്ങള്‍ കണ്ടുമുട്ടി. അവര്‍ അലനില്‍ നിന്ന് ദൃഷ്ടി മാറ്റി ഞങ്ങളുടെ മകന്‍ സേവ്യറിനെ നോക്കി. 'അവന്‍ അവന്റെ ഡാഡിയുടെ തനിപ്പകര്‍പ്പാണ്,' അവര്‍ പറഞ്ഞു. 'ആ കണ്ണുകള്‍. ആ പുഞ്ചിരി. അവനെപ്പോലെ തോന്നുന്നു.' പിതാവും മകനും തമ്മിലുള്ള ശക്തമായ സാമ്യം അംഗീകരിക്കുന്നതില്‍ ആ സ്ത്രീ സന്തോഷിച്ചപ്പോള്‍, അവരുടെ വ്യക്തിത്വങ്ങളിലെ സമാനതകള്‍ പോലും അവര്‍ ശ്രദ്ധിച്ചു. എങ്കിലും, അവര്‍ പലവിധത്തില്‍ ഒരുപോലെയാണെങ്കിലും, എന്റെ മകന്‍ പിതാവിനെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല.
പിതാവിനെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന ഒരു പുത്രന്‍ യേശു മാത്രമേയുള്ളൂ. ക്രിസ്തു 'അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു'' (കൊലൊസ്യര്‍ 1:15). അവനിലും അവനിലൂടെയും അവനുവേണ്ടിയും എല്ലാം സൃഷ്ടിക്കപ്പെട്ടു (വാ. 16). 'അവന്‍ സര്‍വ്വത്തിനും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിനും ആധാരമായിരിക്കുന്നു'' (വാ. 17).
ജഡത്തില്‍ വെളിപ്പെട്ട ദൈവമായ യേശുവിനെ നോക്കിക്കൊണ്ട് പിതാവിന്റെ സ്വഭാവം കണ്ടെത്തുന്നതിനായി നമുക്ക് പ്രാര്‍ത്ഥനയിലും ബൈബിള്‍ പഠനത്തിലും സമയം ചെലവഴിക്കാന്‍ കഴിയും. തിരുവെഴുത്തിലും നമ്മുടെ ദൈനംദിന ജീവിതത്തിലും മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നുവെന്ന് പരിശോധിച്ചുകൊണ്ട് അവിടുത്തെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ അവന്‍ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കുകയും ചെയ്ത ശേഷം, നമ്മുടെ സ്‌നേഹവാനായ പിതാവിനെ അറിയുന്നതിലും വിശ്വസിക്കുന്നതിലും നമുക്ക് വളരാന്‍ കഴിയും. നമുക്ക് അവനുവേണ്ടി ജീവിക്കാന്‍ കഴിയേണ്ടതിന് അവന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനായി അവന്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു.
നാം യേശുവിനെപ്പോലെയാണെന്ന് മറ്റുള്ളവര്‍ക്ക് പറയാന്‍ കഴിയുമെങ്കില്‍ അതെത്ര സന്തോഷമായിരിക്കും!
തകര്‍ക്കാനാവാത്ത വിശ്വാസം
അവരുടെ ആദ്യജാതനായ മകന് ഓട്ടിസം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തിയ ശേഷം, ഒരു ബുദ്ധി വൈകല്യമുള്ള കുട്ടിയെ ആജീവനാന്തം പരിചരിക്കുന്നതിന്റെ വൈഷമ്യമോര്‍ത്ത് ഒരു യുവ ദമ്പതികള്‍ ദുഃഖിച്ചു. അണ്‍ബ്രോക്കണ്‍ ഫെയ്ത്ത് എന്ന തന്റെ പുസ്തകത്തില്‍, അവരുടെ പ്രിയപ്പെട്ട മകന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ക്രമീകരിക്കുന്നതിന് പാടുപെട്ടതായി അവള്‍ സമ്മതിക്കുന്നു. എന്നിട്ടും ഈ വേദനാജനകമായ പ്രക്രിയയിലൂടെ, അവരുടെ കോപവും സംശയങ്ങളും ഭയങ്ങളും കൈകാര്യം ചെയ്യാന്‍ ദൈവത്തിന് കഴിയുമെന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍, അവരുടെ മകന്‍ പ്രായപൂര്‍ത്തിയായതോടെ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡയാന തന്റെ അനുഭവങ്ങള്‍ ഉപയോഗിക്കുന്നു. ദൈവത്തിന്റെ തകര്‍ക്കാന്‍ കഴിയാത്ത വാഗ്ദത്തങ്ങളെക്കുറിച്ചും പരിധിയില്ലാത്ത ശക്തിയെക്കുറിച്ചും സ്‌നേഹമസൃണ വിശ്വസ്തതയെക്കുറിച്ചും അവള്‍ മറ്റുള്ളവരോട് പറയുന്നു. ഒരു സ്വപ്‌നം, ഒരു പ്രതീക്ഷ, ഒരു വഴി അല്ലെങ്കില്‍ ജീവിതത്തിലെ ഒരു കാലഘട്ടം നശിക്കുമ്പോള്‍ ദുഃഖിക്കാന്‍ അവിടുന്ന് അനുമതി നല്‍കുന്നുവെന്ന് അവള്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.
യെശയ്യാവ് 26-ല്‍, ദൈവജനത്തിന് എന്നേക്കും കര്‍ത്താവില്‍ ആശ്രയിക്കാന്‍ കഴിയുമെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. കാരണം യഹോവ 'ശാശ്വതമായൊരു പാറ' (വാ. 4) ആകുന്നു. ഏതു സാഹചര്യത്തിലും പ്രകൃത്യാതീതമായ സമാധാനത്തോടെ നമ്മെ നിലനിര്‍ത്താന്‍ അവനു കഴിയും (വാ. 12). അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിഷമകരമായ സമയങ്ങളില്‍ അവനോട് നിലവിളിക്കുകയും ചെയ്യുന്നത് നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു (വാ. 15).
എന്തെങ്കിലും നഷ്ടമോ നിരാശയോ പ്രയാസകരമായ സാഹചര്യങ്ങളോ നാം അഭിമുഖീകരിക്കുമ്പോള്‍, തന്നോട് സത്യസന്ധത പുലര്‍ത്താന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ വികാരങ്ങളെയും ചോദ്യങ്ങളെയും കൈകാര്യം ചെയ്യാന്‍ അവനു കഴിയും. അവന്‍ നമ്മോടൊപ്പം ഇരിക്കുകയും നിലനില്‍ക്കുന്ന പ്രത്യാശയാല്‍ നമ്മുടെ ആത്മാക്കളെ പുതുക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതം തകര്‍ന്നടിയുന്നുവെന്ന് തോന്നുമ്പോഴും, നമ്മുടെ വിശ്വാസത്തെ തകര്‍ക്കാനാവാത്തതാക്കാന്‍ ദൈവത്തിന് കഴിയും.
ഒരു ആരാധനാ ജീവിതശൈലി
ഒരു ക്രിസ്തീയ സമ്മേളന സ്ഥലത്തെ പ്രഭാതഭക്ഷണ വരിയില്‍ ഞാന്‍ കാത്തുനില്‍ക്കുമ്പോള്‍, ഒരു കൂട്ടം സ്ത്രീകള്‍ ഡൈനിംഗ് ഹാളിലേക്ക് പ്രവേശിച്ചു. എന്റെ പുറകിലെ വരിയില്‍ കയറി നിന്ന ഒരു സ്ത്രീയോട് ഹലോ പറഞ്ഞ് ഞാന്‍ പുഞ്ചിരിച്ചു. എന്റെ അഭിവാദ്യം മടക്കിത്തന്നുകൊണ്ട് അവള്‍ പറഞ്ഞു, ''എനിക്ക് താങ്കളെ അറിയാം.'' മുട്ട വിഭവം ഞങ്ങളുടെ പ്ലേറ്റുകളിലേക്ക് കോരിയിട്ടുകൊണ്ട് ഞങ്ങള്‍ എവിടെവെച്ചാണ് കണ്ടുമുട്ടിയതെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ മറ്റൊരാളായി തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി മടങ്ങിയെത്തിയപ്പോള്‍ ആ സ്ത്രീ എന്നെ സമീപിച്ചു. ''താങ്കള്‍ ഒരു വെളുത്ത കാറാണോ ഓടിക്കുന്നത്?''
ഞാന്‍ ഞെട്ടി. 'ഞാന്‍ അങ്ങനെ ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്.'
അവള്‍ ചിരിച്ചു. 'മിക്കവാറും എല്ലാ ദിവസവും രാവിലെ എലമെന്ററി സ്‌കൂളിനടുത്തുള്ള ട്രാഫിക് ലൈറ്റില്‍ നമ്മള്‍ ഒരേസമയം കാര്‍ നിര്‍ത്തിയിരുന്നു,'' അവള്‍ പറഞ്ഞു. ''നിങ്ങള്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ പാടിക്കൊണ്ട് കൈകള്‍ ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നുവെന്ന് ഞാന്‍ കരുതി. കഠിനമായ ദിവസങ്ങളില്‍ പോലും അതില്‍ പങ്കുചേരാന്‍ അത് എന്നെ പ്രേരിപ്പിച്ചു.'
ദൈവത്തെ സ്തുതിച്ചുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു, ആലിംഗനം ചെയ്തു, ഉച്ചഭക്ഷണം ആസ്വദിച്ചു.
ആരും കാണുന്നില്ലെന്ന് നമ്മള്‍ കരുതുമ്പോഴും യേശുവിന്റെ അനുയായികള്‍ എങ്ങനെ പെരുമാറുന്നുവെന്ന് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എന്റെ പുതിയ സുഹൃത്ത് സ്ഥിരീകരിച്ചു. സന്തോഷകരമായ ആരാധനയുടെ ഒരു ജീവിതശൈലി സ്വീകരിക്കുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് സ്രഷ്ടാവിന്റെ മുമ്പാകെ വരാം. അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹവും വിശ്വസ്തതയും അംഗീകരിച്ചുകൊണ്ട് നമുക്ക് അവനുമായുള്ള അടുപ്പം ആസ്വദിക്കാനും അവന്റെ നിരന്തരമായ പരിചരണത്തിന് നന്ദി പറയാനും കഴിയും (സങ്കീര്‍ത്തനം 100). നമ്മുടെ കാറുകളില്‍ ഇരുന്നുകൊണ്ട് നാം സ്തുതിഗീതങ്ങള്‍ ആലപിക്കുകയോ, പരസ്യമായി പ്രാര്‍ത്ഥിക്കുകയോ, അല്ലെങ്കില്‍ കാരുണ്യപ്രവൃത്തികളിലൂടെ ദൈവസ്‌നേഹം പ്രചരിപ്പിക്കുകയോ എന്തുചെയ്താലും ''അവന്റെ നാമത്തെ സ്തുതിക്കാന്‍'' നമുക്ക് മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയും (വാ. 4). ദൈവത്തെ ആരാധിക്കുന്നത് ഒരു ഞായറാഴ്ച രാവിലത്തെ സംഭവത്തേക്കാള്‍ വളരെയധികമായ ഒന്നാണ്.
പുറമേയുള്ള തിളക്കമല്ല, തേജസ്സാണ്
എന്റെ മകന്‍ സേവ്യര്‍, വര്‍ഷങ്ങള്‍കൊണ്ടു രൂപകല്‍പ്പന ചെയ്തു കൈകൊണ്ട് നിര്‍മ്മിച്ച ക്രിസ്മസ് ആഭരണങ്ങളും മുത്തശ്ശി അവന് വര്‍ഷംതോറും സമ്മാനിച്ചിരുന്ന പൊരുത്തപ്പെടാത്ത കളിപ്പാട്ടങ്ങളും നോക്കിക്കൊണ്ടിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങളുടെ അലങ്കാരങ്ങളില്‍ ഞാന്‍ സംതൃപ്തയാകാത്തതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഓരോ അലങ്കാരവും പ്രതിനിധീകരിക്കുന്ന സര്‍ഗ്ഗാത്മകതയെയും ഓര്‍മ്മകളെയും ഞാന്‍ എല്ലായ്‌പ്പോഴും വിലമതിക്കാറുണ്ട്. പിന്നെ എന്താണ് ചില്ലറ വില്‍പ്പനശാലകളുടെ അവധിക്കാല പ്രദര്‍ശനങ്ങളിലെ ആകര്‍ഷണമായ, തമ്മില്‍ പൊരുത്തപ്പെടുന്ന ബള്‍ബുകള്‍, തിളങ്ങുന്ന ഗോളങ്ങള്‍, സാറ്റിന്‍ റിബണുകള്‍ എന്നിവയാല്‍ അലങ്കരിച്ച ഒരു വൃക്ഷത്തെ മോഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്?
ഞങ്ങളുടെ എളിയ അലങ്കാരത്തില്‍ നിന്ന് ഞാന്‍ പിന്തിരിയാന്‍ തുടങ്ങിയപ്പോള്‍, യേശു, എന്റെ രക്ഷകന്‍ എന്ന ലളിതമായ ഒരു വാക്യം രേഖപ്പെടുത്തിയ ചുവന്ന, ഹൃദയത്തിന്റെ ആകൃതിയിലുള്ള, ഒരു ആഭരണം എന്റെ കണ്ണില്‍ പെട്ടു. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാരണങ്ങള്‍ എന്റെ കുടുംബവും ക്രിസ്തുവിലുള്ള എന്റെ പ്രത്യാശയുമാണെന്ന് എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഞങ്ങളുടെ ലളിതമായ ട്രീ കടകളില്‍ കാണുന്നവപോലെ ഒന്നും അല്ലെങ്കിലും, ഓരോ അലങ്കാരത്തിനും പിന്നിലുള്ള സ്‌നേഹമാണ് അതിനെ മനോഹരമാക്കുന്നത്്.
നമ്മുടെ ലളിതമായ വൃക്ഷത്തെപ്പോലെ, മശിഹാ ലോകത്തിന്റെ പ്രതീക്ഷകളെ ഒരു തരത്തിലും പാലിച്ചില്ല (യെശയ്യാവ് 53: 2). യേശു ''നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും' ഇരുന്നു (വാ. 3). എന്നിരുന്നാലും, സ്‌നേഹത്തിന്റെ വിസ്മയകരമായ ഒരു പ്രകടനത്തിലൂടെ, അവന്‍ ഇപ്പോഴും ''നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റ്'' ഇരിക്കുന്നതു തിരഞ്ഞെടുത്തു (വാ. 5). അവന്‍ ശിക്ഷ സഹിച്ചതിനാല്‍ നമുക്ക് സമാധാനം ലഭിച്ചു (വാ. 5). അതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല.
ഞങ്ങളുടെ അപൂര്‍ണ്ണമായ അലങ്കാരങ്ങളോടും ഞങ്ങളുടെ സമ്പൂര്‍ണ്ണ രക്ഷകനോടും ഒത്ത് പുതുക്കപ്പെട്ട നന്ദിയോടെ, ഞാന്‍ പുറമേയുള്ള തിളക്കത്തിനായുള്ള ആഗ്രഹം നിര്‍ത്തി, ദൈവത്തിന്റെ മഹത്വപൂര്‍ണ്ണമായ സ്‌നേഹത്തെ സ്തുതിച്ചു. തിളങ്ങുന്ന അലങ്കാരങ്ങള്‍ക്ക് ഒരിക്കലും അവന്റെ ത്യാഗപൂര്‍ണ്ണമായ സൗന്ദര്യത്തോടു കിടപിടിക്കാന്‍ കഴികയില്ല.
ഒരേ സംഘത്തില്‍
കഠിനമായ ഒരു പരിക്കു ഭേദമായ ശേഷം ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ ഫീല്‍ഡില്‍ മടങ്ങിയെത്തിയപ്പോള്‍ ആ സ്ഥാനത്ത് കളിച്ചിരുന്ന കളിക്കാരന്‍ കൃപയോടെ ബെഞ്ചിലേക്കു മടങ്ങി. ഈ കളിക്കാരന്‍ ആ സ്ഥാനത്തിനു വേണ്ടി മത്സരിച്ചിരുന്ന ആളായിരുന്നുവെങ്കിലും, രണ്ടുപേരും പരസ്പരം പിന്തുണ നല്‍കുകയും അവരവരുടെ സ്ഥാനത്ത് ആത്മവിശ്വാസത്തോടെ നിലകൊള്ളുകയും ചെയ്തു. രണ്ടു കായികതാരങ്ങള്‍ക്കും 'ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ വേരൂന്നിയ അതുല്യമായ ഒരു ബന്ധമുണ്ടെന്ന്' ഒരു റിപ്പോര്‍ട്ടര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, തങ്ങള്‍ ഒരേ ടീമിലുള്ളവരാണെന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ദൈവത്തിനു മഹത്വം വരുത്തി - കായികതാരങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, യേശുവിനെ പ്രതിനിധീകരിക്കുന്ന അവന്റെ വിശ്വാസികള്‍ എന്ന നിലയിലും.
യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ''വെളിച്ചത്തിന്റെ മക്കളായി'' ജീവിക്കാന്‍ അപ്പൊസ്തലനായ പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു (1 തെസ്സലൊനീക്യര്‍ 5:5-6). ക്രിസ്തു നല്‍കിയ രക്ഷയില്‍ നമ്മുടെ പ്രത്യാശ സുരക്ഷിതമാക്കിക്കൊണ്ട്, അസൂയ, അരക്ഷിതാവസ്ഥ, ഭയം, അസൂയ എന്നിവയില്‍ നിന്നുളവാകുന്ന മത്സരിക്കാനുള്ള എല്ലാ പ്രലോഭനങ്ങളില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാന്‍ കഴിയും. പകരം, നമുക്ക് ''അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും'' പോരുവാന്‍ കഴിയും (വാ. 11). ദൈവത്തെ ബഹുമാനിക്കുന്ന ആത്മിക നേതാക്കളെ ബഹുമാനിച്ചും, സുവിശേഷത്തെക്കുറിച്ച് ആളുകളോട് പറയുകയും യേശുവിനുവേണ്ടി ജീവിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന നമ്മുടെ പൊതുവായ ലക്ഷ്യം നിറവേറ്റുന്നതിനായി ഒരുമിച്ച് ശുശ്രൂഷ ചെയ്തുകൊണ്ട് 'സമാധാനത്തോടെ ജീവിക്കുകയും'' ചെയ്യാം (വാ. 12-15).
നാം ഒരേ സംഘത്തില്‍ സേവനം ചെയ്യുമ്പോള്‍, പൗലൊസിന്റെ കല്‍പ്പന ശ്രദ്ധിക്കാന്‍ നമുക്ക് കഴിയും: ''എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്‌വിന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം'' (വാ. 16-18).
നമ്മുടെ മികച്ചത് നല്‍കുക
ഭവനരഹിതര്‍ക്കുള്ള ഒരു പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ആളുകള്‍ സംഭാവന ചെയ്ത ഷൂസുകളുടെ കൂമ്പാരത്തിലേക്ക് ഞങ്ങള്‍ നോക്കി. ഉപയോഗിച്ച പാദരക്ഷകളുടെ കൂമ്പാരങ്ങള്‍ വേര്‍തിരിച്ച് അടുക്കുന്നതിനു സഹായിക്കാന്‍ ഡയറക്ടര്‍ ഞങ്ങളുടെ യുവജന സംഘത്തെ ക്ഷണിച്ചിരുന്നു. പരസ്പരം യോജിക്കുന്നവ ഞങ്ങള്‍ കണ്ടെടുത്ത് കോണ്‍ക്രീറ്റ് തറയിലുടനീളം വരിവരിയായി നിരത്തി. ദിവസാവസാനം, പകുതിയിലധികം ഷൂസുകളും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിച്ചവയാണെന്നു കണ്ട് ഞങ്ങള്‍ വലിച്ചെറിഞ്ഞു. ഗുണനിലവാരമില്ലാത്തവ നല്‍കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ അഭയകേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിലും മോശം അവസ്ഥയിലുള്ള ഷൂ വിതരണം ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു.
കേടുവന്ന സാധനങ്ങള്‍ ദൈവത്തിന് നല്‍കുന്ന കാര്യത്തില്‍ യിസ്രായേല്യരും പാടുപെട്ടു. ദൈവം മലാഖി പ്രവാചകന്‍ മുഖാന്തരം സംസാരിച്ചപ്പോള്‍, കണ്ണുകാണാത്തവയും മുടന്തുള്ളതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതില്‍ യിസ്രായേല്യരെ അവന്‍ ശാസിച്ചു (മലാഖി 1:6-8). അവന്‍ തന്റെ അതൃപ്തി പ്രഖ്യാപിക്കുകയും (വാ. 10), തന്റെ യോഗ്യത സ്ഥിരീകരിക്കുകയും തങ്ങള്‍ക്കുവേണ്ടി ഏറ്റവും നല്ലത് സൂക്ഷിച്ചതിന് യിസ്രായേല്യരെ ശാസിക്കുകയും ചെയ്തു (വാ. 14). എന്നാല്‍, സ്‌നേഹവും കൃപയും കൊണ്ട് അവരുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും അവനു പ്രസാദകരമായ വഴിപാടുകള്‍ കൊണ്ടുവരാനുള്ള അവരുടെ ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്ന മശിഹായെ അയയ്ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (3: 1-4).
ചില സമയങ്ങളില്‍, നമുക്കു ബാക്കിയാകുന്നവ ദൈവത്തിന് നല്‍കാന്‍ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. നാം അവനെ സ്തുതിക്കുകയും അവിടുന്ന് തനിക്കുള്ളതെല്ലാം നമുക്കു തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദൈവം ചെയ്തതെല്ലാം പരിഗണിക്കുമ്പോള്‍, അവന്റെ യോഗ്യത ആഘോഷിക്കുന്നതിലും അവന് നമ്മുടെ ഏറ്റവും മികച്ചത് നല്‍കുന്നതിലും നമുക്ക് സന്തോഷിക്കാം.