
ദി ഇൻഡ്യാമാൻ
ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. [ 1 രാജാക്കന്മാർ 19:4 ]
ദി ഇൻഡ്യാമാൻ
50-കളിലും 60-കളിലും, ഓവർലാൻഡ് ബസ് റൂട്ടായ “ദി ഹിപ്പി ട്രെയിൽ” യൂറോപ്പിനെ ഏഷ്യയിലെ ആകർഷകമായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചു. “പാഡി” എന്നു വിളിപ്പേരുള്ള വിരമിച്ച ഒരു ഇംഗ്ലീഷ് സൈനികൻ ഈ റൂട്ടിൽ ഒരു ബസ് ഓടിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള തന്റെ പതിവു സന്ദർശനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. “ദി ഇൻഡ്യാമാൻ” എന്നു വിളിക്കപ്പെട്ട ബസ് ലണ്ടനിൽ നിന്നു കൽക്കട്ടയിലേക്കും തിരിച്ചു ലണ്ടനിലേക്കും സഞ്ചരിച്ചു. യാത്രയുടെ തുടക്കത്തിൽ ആവേശത്തോടെ ബസിൽ കയറിയ യാത്രക്കാർ, 60 ദിവസത്തെ യാത്രക്കൊടുവിൽ കഠിനമായ കഴുത്തു വേദനയോടും മുട്ടു വേദനയോടും കൂടിയായിരിക്കും ബസിൽ നിന്ന് ഇറങ്ങുക. പൂർണ്ണമായും ക്ഷീണിതരായി തീരുന്ന അവർ സാധാരണയായി അടുത്ത ബസിൽ തന്നെ നാട്ടിലേക്കു മടങ്ങാൻ തയ്യാറായിരുന്നു.
ഉത്സാഹിയായ ഒരു പ്രവാചകനായിരുന്നു ഏലീയാവ്. തന്റെ പ്രവചന പ്രയാണത്തിന്റെ തുടക്കത്തിൽ അവൻ വളരെ പ്രചോദിതനായിരുന്നു. എന്തുവിലകൊടുത്തും അവൻ ദൈവത്തെ അനുസരിച്ചു. ദുഷ്ട രാജാവായ ആഹാബിനെയോ അവന്റെ രാജ്ഞിയായ ഈസേബെലിനെയോ എതിർക്കാൻ അവൻ മടി കാണിച്ചില്ല. എന്നാൽ കുറച്ചു കാലത്തിനു ശേഷം ഏലീയാവിന് അപ്രകാരം തുടരാൻ കഴിയാതെ വന്നു. ഈസേബെലിന്റെ പ്രവാചകന്മാരെ കൊന്നതിന് അവൾ ഏലീയാവിന്റെ ജീവനു ഭീഷണി മുഴക്കിയതോടെ അവനു ഗത്യന്തരമില്ലാതെയായി (വാ. 2). ശാരീരികമായും വൈകാരികമായും തളർന്ന അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ” (വാ. 4). ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ തളർന്ന് ഉറങ്ങുമ്പോൾ, അവനെ ആർദ്രയോടെ ധൈര്യപ്പെടുത്താനും ഭക്ഷണം നൽകാനുമായി ദൈവം ഒരു ദൂതനെ അയച്ചു (വാ. 5-7). ഒരിക്കൽ കൂടി ശക്തി പ്രാപിച്ച ഏലീയാവ് ഹോരേബിലേക്കു ദിവസങ്ങളോളം നടന്നു (വാ. 8).
ഏലീയാവിനും “ദി ഇൻഡ്യാമാൻ” യാത്രികർക്കും അനുഭവപ്പെട്ട ക്ഷീണം നിങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടാകാം. നിരാശ, പരാജയം, നഷ്ടം, വിഷാദം എന്നിവയുടെ കഠിന പാതകളിലൂടെ സഞ്ചരിക്കുമ്പോൾ നാമും ക്ഷീണിതരും ആശയറ്റവരുമായി തീരുന്നു. എന്നാൽ നമ്മുടെ നിരാശയുടെ ആഴമേറിയ നിമിഷങ്ങളിൽ, നാം ദൈവത്തിന്റെ കാഴ്ചയ്ക്കു മറഞ്ഞിരിക്കുന്നില്ലെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവൻ നമ്മുടെ ആവശ്യങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ സഹായം വിദൂരമല്ല. റെബേക്ക വിജയൻ
ജീവിതയാത്രയിൽ നിങ്ങൾ ഇത്തരം ക്ഷീണം അനുഭവിച്ചിട്ടുണ്ടോ?
നിങ്ങൾ ക്ഷീണിതനായിരിക്കുമ്പോൾ ദൈവം നിങ്ങളെ
ഉയർത്തിയ ചില വഴികൾ എന്തൊക്കെയാണ്?
പ്രിയ യേശുവേ, എന്റെ പ്രയാണത്തിൽ ഞാൻ ശക്തി കണ്ടെത്തുന്നത് അങ്ങയിൽ മാത്രമാണെന്നതിനാൽ എന്റെ തളർച്ചയ്ക്കിടയിലും അങ്ങയുടെ അചഞ്ചല സാന്നിധ്യത്തെക്കുറിച്ചു ബോധവാനായിരിക്കാൻ എന്നെ സഹായിക്കേണമേ.

മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്
വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. [ സദൃശവാക്യങ്ങൾ 20:17 ]
മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്
ഇരുപത് ടണ്ണിലധികം ചോക്ലേറ്റ് നിറച്ച, ട്രക്കിന്റെ ശിതീകരിച്ച ട്രെയിലർ ജർമ്മനിയിൽ മോഷ്ടാക്കൾ മോഷ്ടിച്ചു. ഏതാണ്ട് 66 ലക്ഷം രൂപയായിരുന്നു മോഷ്ടിച്ച മധുരത്തിന്റെ ഏകദേശ മൂല്യം. അംഗീകൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വൻതോതിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. വൻതോതിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചവർ പിടികൂടപ്പെട്ട് വിചാരണയ്ക്കു വിധേയരാകുകയാണെങ്കിൽ തീർച്ചയായും കയ്പേറിയതും തൃപ്തികരമല്ലാത്തതുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!
സദൃശവാക്യങ്ങൾ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു: “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും’’ (20:17). വഞ്ചനാപരമായോ തെറ്റായോ നാം നേടിയെടുക്കുന്ന കാര്യങ്ങൾ ആദ്യം മധുരമുള്ളതായി തോന്നിയേക്കാം—ആവേശകരവും താൽക്കാലികമായി ആസ്വാദ്യവും. എന്നാൽ സ്വാദ് ഒടുവിൽ ഇല്ലാതാകുകയും നമ്മുടെ വഞ്ചന നമ്മെ നാം ആഗ്രഹിക്കാത്ത കുഴപ്പത്തിലാക്കുകയും ചെയ്യും. കുറ്റബോധം, ഭയം, പാപം എന്നിവയുടെ കയ്പേറിയ അനന്തരഫലങ്ങൾ നമ്മുടെ ജീവിതത്തെയും പ്രശസ്തിയെയും നശിപ്പിക്കും. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം’’ (വാക്യം 11). നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനായുള്ള ശുദ്ധമായ ഹൃദയത്തെ — സ്വാർത്ഥ മോഹങ്ങളുടെ കയ്പല്ല — വെളിപ്പെടുത്തട്ടെ.
നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമ്മെ ശക്തിപ്പെടുത്താനും അവനോട് വിശ്വസ്തരായിരിക്കുന്നതിനു നമ്മെ സഹായിക്കാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിന്റെ ഹ്രസ്വകാല “മധുര”ത്തിന്റെ അപ്പുറത്തേക്ക് നോക്കാനും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ദീർഘകാല ഭവിഷ്യത്തുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാനും നമ്മെ സഹായിക്കാൻ അവനു കഴിയും. മാർവിൻ വില്യംസ്
പ്രലോഭനം നിങ്ങളെ കയ്പേറിയ അനന്തരഫലങ്ങളിലേക്ക്
നയിച്ചിട്ടുണ്ടെങ്കിൽ അതെപ്പോഴാണ്? നിങ്ങൾക്ക് എങ്ങനെ
ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാനാകും?
പ്രിയ ദൈവമേ, പ്രലോഭനങ്ങളെ ചെറുക്കാനും അങ്ങയോട് വിശ്വസ്തത
പുലർത്താനും എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്.

കുടുംബകാര്യങ്ങൾ
എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ. [ എബ്രായർ 12:14 ]
കുടുംബകാര്യങ്ങൾ
ഞാനും എന്റെ സഹോദരിയും സഹോദരനും ഞങ്ങൾ പാർക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങളുടെ അങ്കിളിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി യാത്രയായി, തൊണ്ണൂറു വയസ്സുള്ള ഞങ്ങളുടെ മുത്തശ്ശിയെ കാണാൻ ഇടയ്ക്കു ഞങ്ങൾ ഇറങ്ങി. മുത്തശ്ശി പക്ഷാഘാതം മൂലം തളർന്ന് കിടക്കയിലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടു, വലതുകൈക്കു മാത്രമേ സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിനു ചുറ്റും നിൽക്കുമ്പോൾ, അവൾ ആ വലതു കൈ നീട്ടി ഞങ്ങളുടെ ഓരോരുത്തരുടെയും കൈകൾ പിടിച്ചു, ഒന്നിന് മുകളിൽ മറ്റൊന്നായി ഞങ്ങളുടെ കൈകൾ അവളുടെ ഹൃദയത്തിന് മുകളിൽ വെച്ച് അവയെ തലോടി. വാക്കുകളില്ലാതെ ഈ ആംഗ്യത്തിലൂടെ, ഞങ്ങളുടെ തകർന്നതും അകന്നുപോയതുമായ സഹോദരബന്ധത്തെക്കുറിച്ച്—“കുടുംബകാര്യങ്ങൾ’’— എന്റെ മുത്തശ്ശി സംസാരിച്ചു.
ദൈവത്തിന്റെ കുടുംബമായ സഭയിലും, നമുക്കു കൂടുതൽ വേറിട്ടുപോകാൻ കഴിയും. നമ്മെ പരസ്പരം വേർപെടുത്താൻ കയ്പ്പിനെ നാം അനുവദിച്ചേക്കാം. ഏശാവിനെ അവന്റെ സഹോദരനിൽ നിന്ന് വേർപെടുത്തിയ കയ്പിനെക്കുറിച്ച് എബ്രായ ലേഖനകാരൻ പരാമർശിക്കുന്നു (എബ്രായർ 12:16). അതോടൊപ്പം ദൈവത്തിന്റെ കുടുംബത്തിൽ സഹോദരീസഹോദരന്മാർ എന്ന നിലയിൽ പരസ്പരം മുറുകെ പിടിക്കാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. “എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ” (വാക്യം 14). ഉത്സാഹിക്കുക എന്ന വാക്ക്, ദൈവകുടുംബത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി സമാധാനം സ്ഥാപിക്കുന്നതിനുള്ള മനപ്പൂർവവും തീരുമാനത്തോടെയുമുള്ള പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. അത്തരം എല്ലാ ശ്രമങ്ങളും ഓരോരുത്തനും - ഓരോ. ഒരുത്തൻ - ബാധകമാണ്.
കുടുംബകാര്യങ്ങൾ. നമ്മുടെ ഭൗമിക കുടുംബങ്ങളും വിശ്വാസികൾ ചേരുന്ന ദൈവകുടുംബവും. പരസ്പരം മുറുകെ പിടിക്കാൻ ആവശ്യമായ ശ്രമങ്ങൾ നാമെല്ലാവരും നടത്തേണ്ടതല്ലേ? എലീസ മോർഗൻ
ദൈവത്തിന്റെ കുടുംബത്തിൽ ‘’എല്ലാവരുമായും സമാധാനത്തിൽ
വസിക്കാൻ എല്ലാ ശ്രമവും’’ നടത്തുന്നതിന്റെ അർത്ഥം എന്താണ്? അനുരഞ്ജനത്തിനായി നിങ്ങൾ സമീപിക്കേണ്ട ഒരു പ്രത്യേക വ്യക്തിയുണ്ടോ?
പ്രിയ ദൈവമേ, എന്നെ അങ്ങയിലേക്ക് ആകർഷിച്ചതിന് നന്ദി.
അങ്ങയുടെ കുടുംബത്തിലെ എല്ലാവരുമായും സമാധാനത്തോടെ
ജീവിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ എന്നെ സഹായിക്കണമോ.

സ്തുതിയുടെ താഴ്വര
നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി. [ 2 ദിനവൃത്താന്തം 20:26 ]
സ്തുതിയുടെ താഴ്വര
കവി വില്യം കൗപ്പർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിഷാദരോഗിയായാണ് ജീവിച്ചത്. ഒരിക്കൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ അവിടെവെച്ച് ഒരു ക്രിസ്തീയ ഡോക്ടറുടെ പരിചരണത്തിലൂടെ കൗപ്പർ യേശുവിൽ ഊഷ്മളവും സുപ്രധാനവുമായ വിശ്വാസം കൈവരിച്ചു. താമസിയാതെ, കൗപ്പർ പാസ്റ്ററും ഗാനരചയിതാവുമായ ജോൺ ന്യൂട്ടനുമായി പരിചയപ്പെട്ടു. അവരുടെ സഭയ്ക്കുവേണ്ടി ഒരു ആരാധനാഗീതം എഴുതുന്നതിൽ സഹകരിക്കാൻ ന്യൂട്ടൺ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗപ്പർ എഴുതിയ സ്തുതിഗീതങ്ങളിൽ ഒന്നായിരുന്നു “ദൈവം നിഗൂഢമായ വഴിയിൽ നീങ്ങുന്നു’’ (God Moves in a Mysterious Way) എന്ന ഗാനം. തന്റെ തീവ്രാനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ ആയിരുന്നു അവ: “ഭയചകിതരായ വിശുദ്ധന്മാരേ, ധൈര്യം ഏറ്റെടുക്കൂ; നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘങ്ങൾ കരുണയാൽ വിജൃംഭിതമാണ്, അവ നിങ്ങളുടെ ശരിസ്സിൽ അനുഗ്രഹമാരി ചൊരിയും.’’
കൗപ്പറിനെപ്പോലെ, യെഹൂദയിലെ ജനങ്ങളും ദൈവത്തിന്റെ ദയ അപ്രതീക്ഷിതമായി അനുഭവിച്ചു. ശത്രുക്കളുടെ സഖ്യസൈന്യം അവരുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ, യെഹോശാഫാത്ത് രാജാവ് ജനങ്ങളെ പ്രാർത്ഥനയ്ക്കായി വിളിച്ചുകൂട്ടി. യെഹൂദയുടെ സൈന്യം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ, മുൻനിരയിലുള്ള ആളുകൾ ദൈവത്തെ സ്തുതിക്കാനാരംഭിച്ചു (2 ദിനവൃത്താന്തം 20:21). ആക്രമിക്കാനെത്തിയ സൈന്യങ്ങൾ പരസ്പരം ആക്രമിച്ചു, “ഒരുത്തനും ചാടിപ്പോയിരുന്നില്ല. ... കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു” (വാ. 24-25).
നാലാം ദിവസം, ദൈവജനത്തിനെതിരെ ശത്രുശക്തികൾ ഒരുമിച്ചു കൂടിവന്ന സ്ഥലം ബെരാഖാ താഴ്വര (വാക്യം 26) എന്ന് വിളിക്കപ്പെട്ടു—അതിനർത്ഥം “സ്തുതിയുടെ താഴ്വര” അല്ലെങ്കിൽ “അനുഗ്രഹത്തിന്റെ താഴ്വര” എന്നാണ്. എന്തൊരു മാറ്റമാണത്! നമ്മുടെ ഏറ്റവും ദുഷ്കരമായ താഴ്വരകളെപ്പോലും നാം അവനു നൽകുമ്പോൾ സ്തുതിയുടെ സ്ഥലങ്ങളാക്കി മാറ്റാൻ ദൈവത്തിന്റെ കരുണയ്ക്കു കഴിയും. ജെയിംസ് ബാങ്ക്സ്
നിങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്ന് ദൈവം
നന്മ ഉളവാക്കുന്നത് നിങ്ങൾ എങ്ങനെയാണ് കണ്ടിട്ടുള്ളത്?
ഇന്ന് നിങ്ങൾക്ക് അവനോട് നന്ദി പറയാൻ എന്താണുള്ളത്?
സ്നേഹമുള്ള ദൈവമേ, നിന്റെ സ്നേഹത്തേക്കാൾ ആഴമുള്ള
ഒരു താഴ്വരയും ഇല്ല എന്നതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു.

ദൈവത്തിന്റെ ആർദ്രസ്നേഹം
ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു. [ ഹോശേയ 11:4 ]
ദൈവത്തിന്റെ ആർദ്രസ്നേഹം
രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് പതിവ് വാക്സിനേഷൻ എടുക്കുമ്പോൾ അവന്റെ ഡാഡി അവനെ ആശ്വസിപ്പിക്കുന്നതിന്റെ 2017-ൽ ഇറങ്ങിയ വീഡിയോ, അന്താരാഷ്ട്ര ശ്രദ്ധ നേടി. തന്റെ കുഞ്ഞിനോടുള്ള പിതാവിന്റെ സ്നേഹം അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നഴ്സ് വാക്സിനേഷൻ നൽകിക്കഴിഞ്ഞപ്പോൾ, ഡാഡി മകനെ ആർദ്രമായി കവിളിനോട് ചേർത്തുപിടിച്ചു, നിമിഷങ്ങൾക്കകം കുട്ടി കരച്ചിൽ നിർത്തി. സ്നേഹനിധിയായ മാതാപിതാക്കളുടെ ആർദ്രമായ പരിചരണത്തേക്കാൾ കൂടുതൽ ആശ്വാസം നൽകുന്ന മറ്റൊന്നില്ല.
തിരുവെഴുത്തിൽ, സ്നേഹസമ്പന്നനായ ഒരു പിതാവ് എന്ന നിലയിൽ, തന്റെ മക്കളോടുള്ള ദൈവത്തിന്റെ അഗാധമായ സ്നേഹത്തെ വിളിച്ചോതുന്ന നിരവധി മനോഹരമായ വിവരണങ്ങൾ ഉണ്ട്. വിഭജിത രാജ്യത്തിന്റെ കാലത്ത് വടക്കെ രാജ്യത്ത് താമസിച്ചിരുന്ന യിസ്രായേല്യർക്ക് കൈമാറാനുള്ള സന്ദേശം പഴയനിയമ പ്രവാചകനായ ഹോശേയായ്ക്ക് നൽകപ്പെട്ടു. ദൈവവുമായുള്ള ബന്ധത്തിലേക്ക് മടങ്ങാൻ അവൻ അവരെ ആഹ്വാനം ചെയ്തു. ദൈവത്തെ സൗമ്യനായ പിതാവായി ചിത്രീകരിച്ചുകൊണ്ട് യിസ്രായേല്യരോടുള്ള ദൈവസ്നേഹത്തെ ഹോശേയാ ഓർമ്മിപ്പിച്ചു: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു” (ഹോശേയ 11:1) കൂടാതെ “ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു” (വാക്യം 4,).
ദൈവത്തിന്റെ സ്നേഹമസൃണമായ കരുതലിന്റെ അതേ ഉറപ്പുനൽകുന്ന വാഗ്ദത്തം നമ്മെ സംബന്ധിച്ചും സത്യമാണ്. അത്, അവന്റെ സ്നേഹം നിരസിച്ച ഒരു കാലഘട്ടത്തിനു ശേഷം നാം അവന്റെ ആർദ്രമായ കരുതൽ തേടുന്നതാകാം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ വേദനയും കഷ്ടപ്പാടുകളും കാരണം, അവൻ നമ്മെ അവന്റെ മക്കൾ എന്ന് വിളിക്കുകയോ (1 യോഹന്നാൻ 3:1) അവന്റെ ആശ്വാസകരമായ കരങ്ങൾ നമ്മെ സ്വീകരിക്കാൻ തുറന്നിരിക്കുകയോ ആകാം (2 കൊരിന്ത്യർ 1:3-4). ലിസ എം. സമ്ര
കരുതലുള്ള ഒരു പിതാവെന്ന നിലയിൽ ദൈവത്തിന്റെ സ്നേഹം നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചത്? ഇന്ന് നിങ്ങൾക്ക് എന്ത് ആശങ്കകളാണ്
അവന്റെ സന്നിധിയിലേക്ക് കൊണ്ടുചെല്ലാൻ കഴിയുന്നത്?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങ് എന്നെ അങ്ങയുടെ പൈതൽ എന്ന്
വിളിക്കുന്നതിനും ഞാൻ അങ്ങയുടെ അടുത്തേക്ക് ഓടിവരുമ്പോൾ
ആർദ്രമായ പരിചരണം നൽകുന്നതിനും നന്ദിപറയുന്നു.