
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക
ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് - എഞ്ചിൻ ഉള്ളിടത്ത് - ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ - നമ്മുടെ ഹൃദയത്തെ - സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. "[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ" അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം "[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും" ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.

യഥാർത്ഥത്തിൽ വേണ്ടത്
ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്."
എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.
പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു - "നാം അത് ചെയ്യുന്ന രീതി" ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മർക്കോസ് 7:1-2). യേശുവിന്റെ പ്രവർത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി.
യേശു പരീശന്മാരോട് പറഞ്ഞു, "ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. " (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവർത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).
നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുന:പരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.

ഉണർവ്വിന്റെ വരവ്
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണമാണ് അരുകുൻ-അതിന്റെ ആദിമനിവാസികൾ ഏഴ് വംശങ്ങളിൽ നിന്നുള്ളവരാണ്. ഒരു നൂറ്റാണ്ട് മുമ്പ് സുവിശേഷം അരൂകൂണിൽ വരുന്നതിന് മുമ്പ്, കണ്ണിന് കണ്ണ് എന്ന പ്രതികാരം അവിടെ നിലനിന്നിരുന്നു. 2015-ൽ, ഉണ്ടായ വംശീയ കലാപത്തിൽ ഒരു കൊലപാതകം നടന്നപ്പോൾ, തിരിച്ചടവിന് കുറ്റവാളിയുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും പകരം മരിക്കേണ്ടി വന്നു.
എന്നാൽ 2016-ന്റെ തുടക്കത്തിൽ ശ്രദ്ധേയമായ ചിലത് സംഭവിച്ചു. അരുകുനിലെ ജനങ്ങൾ പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പശ്ചാത്താപം ഉണ്ടായി, തുടർന്ന് കൂട്ട സ്നാനങ്ങൾ. ഉണർവ്വ് നഗരത്തെ തൂത്തുവാരാൻ തുടങ്ങി. ആളുകൾ വളരെ ആഹ്ലാദഭരിതരായിരുന്നു, അവർ തെരുവുകളിൽ നൃത്തം ചെയ്തു, തിരിച്ചടവ് നടപ്പിലാക്കുന്നതിനുപകരം, കൊല്ലപ്പെട്ടയാളുടെ കുടുംബം കുറ്റവാളികളായ വംശത്തോട് ക്ഷമിച്ചു. താമസിയാതെ, ഓരോ ഞായറാഴ്ചയും ഏകദേശം 1,000 ആളുകൾ പള്ളിയിൽ വന്നു — വെറും 1,300 പേർ മാത്രമുള്ള ഒരു പട്ടണത്തിൽ!
ജനക്കൂട്ടം സന്തോഷത്തോടെ ദൈവത്തിങ്കലേക്കു മടങ്ങിയ ഹിസ്കീയാവിന്റെ നാളിലും (2 ദിനവൃത്താന്തം 30), ആയിരക്കണക്കിന് പേർ മാനസാന്തരപ്പെട്ട പെന്തക്കോസ്ത് ദിനത്തിലും (പ്രവൃത്തികൾ 2:38-47) ഇതുപോലുള്ള ഉണർവ്വുകൾ നാം തിരുവെഴുത്തുകളിൽ കാണുന്നു. ഉണർവ്വ്, തക്കസമയത്ത് സംഭവിച്ച ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിലും, അതിനുമുമ്പിൽ പ്രാർത്ഥന ഉണ്ടായിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. “എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ,” ദൈവം സോളമനോട് പറഞ്ഞു, “ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും” (2 ദിനവൃത്താന്തം 7:14).
അറുകുനിലെ ജനങ്ങൾ കണ്ടെത്തിയതുപോലെ, ഉണർവ്വ് ഒരു പട്ടണത്തിന് സന്തോഷവും അനുരഞ്ജനവും നൽകുന്നു. നമ്മുടെ സ്വന്തം നഗരങ്ങൾക്ക് അങ്ങനെ എത്രയോ പരിവർത്തനം ആവശ്യമാണ്! പിതാവേ, ഞങ്ങൾക്കും ഉണർവ് വരുത്തേണമേ.

പ്രാർത്ഥനാ കാർഡുകൾ
ഞാൻ ഒരു ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിച്ച എഴുത്തുകാരുടെ സമ്മേളനത്തിനിടെ, ടാമി എനിക്ക് ഒരു പോസ്റ്റ്കാർഡ് തന്നു. അതിന്റെ പുറകിൽ കൈകൊണ്ട് ഒരു പ്രാർത്ഥന എഴുതിയിരുന്നു. താൻ എല്ലാ ഫാക്കൽറ്റികളുടെയും ജീവചരിത്രങ്ങൾ വായിക്കുകയും ഓരോ കാർഡിലും പ്രത്യേക പ്രാർത്ഥനകൾ എഴുതുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് അവൾ വിശദീകരിച്ചു. അവളുടെ വ്യക്തിപരമായ സന്ദേശത്തിലെ വിശദാംശങ്ങളിൽ വിസ്മയത്തോടെ നോക്കികൊണ്ട്, ടാമിയുടെ ഈയൊരു പ്രവർത്തിയിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. അപ്പോൾ ഞാൻ അവൾക്കുവേണ്ടി തിരിച്ചു പ്രാർത്ഥിച്ചു. സമ്മേളനത്തിനിടെ വേദനയും ക്ഷീണവും കൊണ്ട് മല്ലിട്ടപ്പോൾ ഞാൻ പോസ്റ്റ്കാർഡ് പുറത്തെടുത്തു. ടാമിയുടെ കുറിപ്പ് വീണ്ടും വായിച്ചപ്പോൾ ദൈവം എന്റെ ആത്മാവിനു ഉന്മേഷം നല്കി.
മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർഥനയുടെ ജീവദായകമായ സ്വാധീനം അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞു. "വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും " (എഫേസ്യർ 6:12) യുദ്ധത്തിന് തയ്യാറെടുക്കാൻ അദ്ദേഹം വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന എന്ന് നമ്മൾ വിളിക്കുന്ന കാര്യങ്ങളിൽ പരസ്പരം ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിൽ, നടന്നുകൊണ്ടിരിക്കുന്നതും നിർദ്ദിഷ്ടവുമായ പ്രാർത്ഥനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പൗലോസ് “എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ” എന്ന് അഭ്യർത്ഥിച്ചു, "ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമം പ്രാഗല്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിനും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗല്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാർഥിപ്പിൻ" (വാ. 19-20).
നാം പരസ്പരം പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമുക്ക് അവനെയും, അതുപോലെ പരസ്പരവും ആവശ്യമാണെന്ന് അവൻ ഉറപ്പിച്ചു പറയുന്നു. അവൻ നമ്മുടെ എല്ലാ പ്രാർത്ഥനകളും കേൾക്കുന്നുവെന്ന് ഉറപ്പുനൽകുന്നു-നിശബ്ദമായോ, ഉറക്കെയോ, അല്ലെങ്കിൽ ഒരു പ്രാർത്ഥനാ കാർഡിൽ എഴുതിയതോ ആയ- എല്ലാ പ്രാർത്ഥനകൾക്കും അവന്റെ പൂർണമായ ഹിതത്തിനനുസരിച്ച് ഉത്തരം നൽകുന്നു.

പൂർണ്ണമായ ശുദ്ധീകരണം
അടുത്തിടെ, ഞാനും ഭാര്യയും അതിഥികൾ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീട് വൃത്തിയാക്കുകയായിരുന്നു. ഞങ്ങളുടെ അടുക്കളയിലെ വെളുത്ത ടൈൽ പതിച്ച തറയിൽ ചില ഇരുണ്ട പാടുകൾ ഞാൻ ശ്രദ്ധിച്ചു. അവ മുട്ടുകുത്തി നിന്ന് സ്‌ക്രബ് ചെയ്യാൻ ഞാൻ ശ്രമിച്ചു.
എന്നാൽ താമസിയാതെ എനിക്ക് ഒരു തിരിച്ചറിവുണ്ടായി: ഞാൻ കൂടുതൽ സ്‌ക്രബ് ചെയ്യുന്തോറും മറ്റ് കറകൾ തെളിഞ്ഞുവന്നു. ഞാൻ ഇല്ലാതാക്കിയ ഓരോ കറയും മറ്റുള്ളവയെ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. ഞങ്ങളുടെ അടുക്കളയിലെ തറ പെട്ടെന്ന് വൃത്തികെട്ടതായി തോന്നി. ഓരോ നിമിഷവും, ഞാൻ മനസ്സിലാക്കി, ഞാൻ എത്ര കഠിനാധ്വാനം ചെയ്താലും, എനിക്ക് ഒരിക്കലും ഈ തറ പൂർണ്ണമായും വൃത്തിയാക്കാൻ കഴിയില്ല.
സ്വയശുദ്ധീകരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ സമാനമായ ചിലത് പറയുന്നു-പാപത്തെ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള നമ്മുടെ ഏറ്റവും മികച്ച ശ്രമങ്ങൾ എല്ലായ്പ്പോഴും കുറവുള്ളതാണ്. അവന്റെ രക്ഷ അനുഭവിക്കുന്ന ദൈവജനമായ ഇസ്രായേല്യരെക്കുറിച്ച് നിരാശ തോന്നുന്നതുപോലെ (യെശയ്യാവ് 64:5) പ്രവാചകനായ യെശയ്യാവ് എഴുതി, "ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ" (വാ. 6).
എന്നാൽ ദൈവത്തിന്റെ നന്മയിൽ എപ്പോഴും പ്രത്യാശ ഉണ്ടെന്ന് യെശയ്യാവ് അറിഞ്ഞു. അതുകൊണ്ട് അവൻ പ്രാർത്ഥിച്ചു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ” (വാക്യം 8). നമുക്ക് ശുദ്ധീകരിക്കാൻ കഴിയാത്തത് “ഹിമംപോലെ വെളുപ്പിക്കാൻ” (1:18) ദൈവത്തിന് മാത്രമേ കഴിയൂ എന്ന് അവനറിയാമായിരുന്നു.
നമ്മുടെ ആത്മാവിലുള്ള പാപത്തിന്റെ കളങ്കങ്ങളും കറകളും നമ്മുക്ക് തുടച്ചുനീക്കാനാവില്ല. ദൈവത്തിന് നന്ദി, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7).