Category  |  odb

ഞാൻ ഉൾപ്പെട്ടിരിക്കുന്നുവോ?

നാമെല്ലാവരും ആശിക്കുന്നത് നടി സാലി ഫീൽഡിന് ഒടുവിൽ അനുഭവിച്ചറിയാൻ സാധിച്ചു. 1985-ൽ അവർ രണ്ടാമത്തെ ഓസ്കാർ നേടിയപ്പോൾ, അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “എല്ലാറ്റിനേക്കാളും നിങ്ങളുടെ ബഹുമാനം ഞാൻ ആഗ്രഹിച്ചു. ആദ്യത്തെ തവണ എനിക്ക് അത് അനുഭവിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ എനിക്ക് അതു അനുഭവപ്പെടുന്നു. നിങ്ങൾക്ക് എന്നെ ഇഷ്ടമാണെന്ന വസ്തുത എനിക്ക് നിഷേധിക്കാനാവില്ല, ഇപ്പോൾ നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു.’’

ഒരു എത്യോപ്യൻ ഷണ്ഡനും തനിക്കു ലഭിച്ച സ്വീകാര്യതയിൽ ആശ്ചര്യഭരിതനായി. ഒരു ജാതിയനെന്ന നിലയിലും ഷണ്ഡനെന്ന നിലയിലും അവനു ദേവലയത്തിന്റെ അകത്തെ പ്രാകാരങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു (എഫെസ്യർ 2:11-12; ആവർത്തനം 23:1 നോക്കുക). എങ്കിലും ഉൾപ്പെടാൻ അവൻ ആശിച്ചു. യെരൂശലേമിലേക്കുള്ള തൃപ്തികരമല്ലാത്ത മറ്റൊരു തീർത്ഥാടനത്തിൽ നിന്ന് മടങ്ങുന്ന വേളയിലാണ് ഫിലിപ്പൊസ് അവനെ കണ്ടുമുട്ടിയത് (പ്രവൃത്തികൾ 8:27).

“എന്റെ നിയമം പ്രമാണിക്കുന്ന” ഷണ്ഡന്മാർക്ക് “എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും… ജ്ഞാപകവും… ഒരു ശാശ്വതനാമം തന്നേ… (യെശയ്യാവു 56:4) കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത യെശയ്യാവിന്റെ പുസ്തകം വായിക്കുകയായിരുന്നു എത്യോപ്യനായ ആ മനുഷ്യൻ. ഇത് എങ്ങനെ സാധിക്കും? അപ്പോൾ ഫിലിപ്പോസ് “യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.” “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം” (പ്രവൃത്തികൾ 8:35) എന്നു ആ മനുഷ്യൻ മറുപടി പറഞ്ഞു.

തനിക്കു ശരിക്കും അതിനുള്ള അനുമതിയുണ്ടോ എന്നു ചോദിക്കുകയായിരുന്നു അവൻ? എനിക്ക് ഉൾപ്പെടാൻ സാധിക്കുമോ? യേശു എല്ലാ തടസ്സങ്ങളും തകർത്തെറിഞ്ഞു എന്നതിന്റെ അടയാളമായി ഫിലിപ്പൊസ് അവനെ സ്നാനപ്പെടുത്തി (എഫെസ്യർ 2:14). പാപത്തിൽ നിന്ന് തിരിഞ്ഞ് തന്നിൽ ആശ്രയിക്കുന്ന ഏവരെയും യേശു സ്വീകരിക്കുകയും തന്നോട്‌ ഏകീകരിക്കുകയും ചെയ്യുന്നു. ആ മനുഷ്യൻ “സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി” (പ്രവൃത്തികൾ 8:39). ഒടുവിൽ അവൻ പൂർണമായി ഉൾപ്പെട്ടു.

 

യേശുവിനെ ശുശ്രൂഷിക്കുക

1800-കളുടെ തുടക്കത്തിൽ, ലണ്ടൻ വനിതാ ജയിലിലെ അവസ്ഥ എലിസബത്ത് ഫ്രൈയിൽ അമ്പരപ്പുളവാക്കി. സ്ത്രീകളും അവരുടെ കുട്ടികളും തിങ്ങിനിറഞ്ഞ ആ ജയിലിൽ അവർ തണുത്ത കൽത്തറക ളിലാണ് ഉറങ്ങിയിരുന്നത്‌. അവർക്കു കിടക്ക നൽകിയിരുന്നില്ലെങ്കിലും, ഒരു ടാപ്പിൽ നിന്നു മദ്യവും ലഭിക്കുമായിരുന്നു. വർഷങ്ങളോളം ഫ്രൈ ജയിൽ സന്ദർശിച്ച് വസ്ത്രങ്ങൾ നൽകുകയും സ്കൂൾ ആരംഭിക്കുകയും വേദപുസ്തകം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ, അവരുടെ സ്നേഹനിർഭരമായ സാന്നിധ്യവും പ്രത്യാശയുടെ വ്യക്തമായ സന്ദേശങ്ങളുമാണ് അവരുടെ ഏറ്റവും വലിയ സ്വാധീനമായി പലരും കണ്ടത്. 

അവരുടെ പ്രവർത്തനങ്ങളിൽ, ദരിദ്രരായവരെ ശുശ്രൂഷിക്കാനുള്ള യേശുവിന്റെ ക്ഷണം അവർ പിന്തുടർന്നു. ഉദാഹരണത്തിന്, യുഗാന്ത്യത്തെക്കുറിച്ചുള്ള നിരവധി കഥകൾ ഒലിവു മലയിലായിരിക്കുമ്പോൾ ക്രിസ്തു പങ്കുവച്ചു. അതിലൊന്നായിരുന്നു “നീതിമാന്മാരെ നിത്യജീവങ്കലേക്കു” (മത്തായി 25:46) സ്വാഗതം ചെയ്യുന്ന കഥ. ഈ കഥയിൽ, രാജാവു നീതിമാന്മാരോടു, അവർ തനിക്കു കുടിക്കാൻ നൽകി, തന്നെ ചേർത്തുകൊണ്ടു, തടവിൽ തന്നെ കാണ്മാൻ വന്നു (വാ. 35-36) എന്നിങ്ങനെ പറയുന്നുണ്ട്. തങ്ങൾ അങ്ങനെ ചെയ്തതു ഓർത്തെടുക്കാൻ അവർക്കു കഴിയാതെ വന്നപ്പോൾ രാജാവ് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” (വാക്യം 40).

പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ, നാം യേശുവിനെ ശുശ്രൂഷിക്കുന്നതിനു തുല്യമാണത്. എന്തൊരു അത്ഭുതമാണത്! നമുക്ക് എലിസബത്ത് ഫ്രൈയുടെ മാതൃക പിന്തുടരാം. മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെയോ ധൈര്യം പകരുന്ന സന്ദേശങ്ങൾ അയക്കുന്നതിലൂടെയോ നമുക്കു വീട്ടിൽ നിന്നു ശുശ്രൂഷിക്കാം. നമ്മുടെ ആത്മീയ വരങ്ങളും കഴിവുകളും മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ടു തന്നെ സ്നേഹിക്കാൻ യേശു നമ്മെ സ്വാഗതം ചെയ്യുന്നു.

 

ചോക്ലേറ്റിൽ കുടുങ്ങുക

പെൻസിൽവാനിയയിലെ മാർസ് മിഠായി ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ ചോക്ലേറ്റിന്റെ വലിയൊരു വീപ്പയിൽ വീണുപോയി. ഇത് ഒരു തമാശയുടെ തുടക്കമായി തോന്നിയേക്കാം - ചോക്കലേറ്റു പ്രേമികളെ സംബന്ധിച്ച് ഒരുപക്ഷേ മനോഹരമായ ഒരു പ്രതിസന്ധിയും! പരിക്കേറ്റില്ലെങ്കിലും, സ്വന്തമായി പുറത്തിറങ്ങാൻ കഴിയാതെ അരയോളം ഉയരത്തിൽ മിഠായിയിൽ ആ മനുഷ്യർ കുടുങ്ങിക്കിടന്നു. ഒടുവിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി അഗ്നിശമന സേനാംഗങ്ങൾക്കു വീപ്പയുടെ വശത്ത് വലിയൊരു ദ്വാരമുണ്ടാക്കേണ്ടി വന്നു.

യിരെമ്യാ പ്രവാചകനെ ചെളി നിറഞ്ഞ ഒരു കുഴിയിൽ ഇട്ടുകളഞ്ഞ കഥ പക്ഷേ ഒട്ടും മധുരതരമായിരുന്നില്ല. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും” (യിരെമ്യാവ്‌ 38:3) എന്നതുകൊണ്ട് അവർ നഗരം വിട്ടുപോകേണ്ടതായ അടിയന്തര സാഹചര്യമുണ്ടെന്നു  യെരൂശലേമിലെ ദൈവജനത്തിനുള്ള സന്ദേശവാഹകനെന്ന നിലയിൽ അവൻ പ്രഖ്യാപിച്ചു. യിരെമ്യാവിന്റെ വാക്കുകൾ “പടയാളികൾക്കു ധൈര്യക്ഷയം വരുത്തുന്നു” എന്നു വാദിച്ചുകൊണ്ടു സിദെക്കീയാരാജാവിന്റെ ചില പ്രഭുക്കന്മാർ യിരെമ്യാവിനെ “കൊന്നുകളയേണമേ” എന്ന് ആവശ്യപ്പെട്ടു. രാജാവ് അനുമതി നൽകി. അവർ “യിരെമ്യാവെ…  കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു”.  “യിരെമ്യാവു ചെളിയിൽ താണു” (വാക്യം 6).

രാജാവിന്റെ മറ്റൊരു പ്രഭു - ഒരു വിദേശിയായിരുന്നിട്ടുകൂടി - മറ്റുള്ളവർ “ചെയ്തതൊക്കെയും അന്യായമത്രേ” എന്നു പറഞ്ഞുകൊണ്ടു യിരെമ്യാവിന്റെ ക്ഷേമത്തിനായി വാദിച്ചപ്പോൾ, താൻ തെറ്റു ചെയ്തിരിക്കുന്നുവെന്നു സിദെക്കീയാവു മനസ്സിലാക്കി. യിരെമ്യാവിനെ “കുഴിയിൽനിന്നു” കയറ്റാൻ ഏബെദ്-മേലെക്കിനോട് രാജാവ് ആവശ്യപ്പെട്ടു (വാ. 9-10).

യിരെമ്യാവിനെപ്പോലെ നാമും ശരിയായ കാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ചെളിയിൽ കുടുങ്ങിപ്പോയതായി തോന്നിയേക്കാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവന്റെ സഹായത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ഉയർത്താൻ ദൈവത്തോട് അപേക്ഷിക്കാം.

 

ക്രിസ്തുവിലുള്ള നമ്മുടെ ആയുധവർഗ്ഗം

പാസ്റ്റർ ബെയ്‌ലിയുടെ പുതിയ സുഹൃത്ത് അദ്ദേഹത്തോടു തന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും കഥ പങ്കുവെച്ചു. ആ യുവാവു യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും, ചെറുപ്പത്തിൽ തന്നെ ലൈംഗികാതിക്രമത്തിനും അശ്ലീലമാധ്യമത്തിനും വിധേയനായതിനാൽ, തനിക്കു പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ അവനെ അലട്ടിയിരുന്നു. ആശയറ്റ സാഹചര്യത്തിൽ അവൻ സഹായത്തിനായി കരങ്ങൾ നീട്ടി. 

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം തിന്മയുടെ അദൃശ്യ ശക്തികളുമായി യുദ്ധം ചെയ്യുന്നു (2 കൊരിന്ത്യർ 10:3-6). എന്നാൽ നമ്മുടെ ആത്മീയ പോരാട്ടങ്ങളെ നേരിടാൻ നമുക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച്, “കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ” ആണ്‌  (വാ. 4). എന്താണ് അത് അർത്ഥമാക്കുന്നത്? മികച്ച രീതിയിൽ നിർമ്മിച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് “കോട്ടകൾ”. നമ്മുടെ ദൈവദത്തമായ ആയുധങ്ങളിൽ “ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ” (6:7) ഉൾപ്പെടുന്നു. തിരുവെഴുത്തുകൾ, വിശ്വാസം, രക്ഷ, പ്രാർത്ഥന, മറ്റു വിശ്വാസികളുടെ പിന്തുണ എന്നിവ ഉൾപ്പെടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ പട്ടിക എഫെസ്യർ 6:13-18-ൽ വിശദീകരിക്കുന്നു. ഈ യുദ്ധോപകരണങ്ങൾ ശരിയാം വിധം ഉപയോഗിക്കുന്നതു, നമ്മെക്കാൾ വലുതും ബലമേറിയതുമായ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ നാ നിലനിൽക്കുമോ ഇടറിവീഴുമോ എന്നതു തീരുമാനിക്കുന്നു. 

ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത്ര വലിയ ശക്തികളുമായി പോരാടുന്നവരെ സഹായിക്കാൻ ദൈവം ഉപദേശകരെയും മറ്റ് വിദഗ്ധരെയും ഉപയോഗിക്കുന്നു. യേശുവിലൂടെ നാം പോരാടുമ്പോൾ കീഴടങ്ങേണ്ടതില്ല എന്നതാണ് സുവാർത്ത. നമ്മുടെ പക്കൽ ദൈവത്തിന്റെ കവചമുണ്ട്!

 

ദൈവവുമായി മല്ലിപിടിക്കുക

എന്റെ ഭർത്താവിന്റെ മരണശേഷം എന്റെയൊരു ദീർഘകാല സുഹൃത്ത് എനിക്കൊരു കുറിപ്പ് അയച്ചു: “[അലൻ] ദൈവവുമായി മല്ലുപിടിക്കുന്നവനായിരുന്നു. അദ്ദേഹമൊരു യഥാർത്ഥ യാക്കോബ് ആയിരുന്നു. ഞാൻ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ശക്തമായ കാരണവും അദ്ദേഹമാണ്.” അലന്റെ പോരാട്ടങ്ങളെ ഗോത്രപിതാവായ യാക്കോബിന്റെതുമായി താരതമ്യം ചെയ്തുകൊണ്ടു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത് അനുയോജ്യമായിരുന്നു. ജീവിതത്തിലുടനീളം അലൻ തന്നോട് തന്നെ പോരാടുകയും ഉത്തരങ്ങൾക്കായി ദൈവവുമായി മല്ലിടുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നുമുള്ള സത്യങ്ങൾ എപ്പോഴും ഗ്രഹിക്കാൻ അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. അനേകരെ അദ്ദേഹം ക്രിയാത്മകമായി സ്വാധീനിച്ചു.

പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു യാക്കോബിന്റെ ജീവിതമെന്നു വിശേഷിപ്പിക്കാവുന്നതാണ്. തന്റെ സഹോദരനായ ഏശാവിന്റെ ജന്മാവകാശം നേടിയെടുക്കാൻ അവൻ ഗൂഢാലോചന നടത്തി. അവൻ വീട്ടിൽ നിന്ന് ഓടിപ്പോയി, തന്റെ ബന്ധുവും അമ്മായിയപ്പനുമായ ലാബാനുമായി വർഷങ്ങളോളം പോരാടി. പിന്നെ അവൻ ലാബാനെവിട്ടു ഓടിപ്പോയി. അവൻ തനിച്ചായിരുന്നു. ഏശാവിനെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു അവൻ ജീവിച്ചത്. എന്നിട്ടും അവന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ കണ്ടുമുട്ടൽ നടന്നു: “ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു” (ഉല്പത്തി 32:1). ഒരുപക്ഷേ ദൈവത്തിൽ നിന്നുള്ള അവന്റെ മുൻ സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം അത് (28:10-22). അതിനുശേഷം യാക്കോബിനു മറ്റൊരു സമാഗമമുണ്ടായി: അവൻ “ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു” (32:28) അവനെ യിസ്രായേൽ എന്നു പുനർനാമകരണം ചെയ്ത മനുഷ്യരൂപത്തിലുള്ള ദൈവമായ ഒരു “മനുഷ്യനുമായി” രാത്രി മുഴുവൻ അവൻ മല്ലുപിടിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ദൈവം യാക്കോബിനോടുകൂടെയിരുന്നു, അവനെ സ്നേഹിച്ചു.

നമുക്കെല്ലാവർക്കും പോരാട്ടങ്ങളുണ്ട്. എന്നാൽ നാം ഒറ്റയ്ക്കല്ല; ഓരോ പരീക്ഷകളിലും ദൈവം നമ്മോടൊപ്പമുണ്ട്. അവനിൽ വിശ്വസിക്കുന്നവർ സ്നേഹിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും നിത്യജീവൻ അവർക്കു വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു (യോഹന്നാൻ 3:16). നമുക്ക് അവനെ മുറുകെ പിടിക്കാം.