Category  |  odb

സംരക്ഷണം നല്കുന്ന ദൈവസ്നേഹം

ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കറകറശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.

നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്‌നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങൾ നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.

യേശു പഠിപ്പിച്ചു, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു." (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . .  നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു." അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, "അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും" (വാ. 16-17; 20).

“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണവും സ്നേഹവുമാണ്.

പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്.

കാലുകൾ കഴുകുക...പാത്രങ്ങളും

ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം, ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും പറഞ്ഞു, "ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?" അവർക്ക് ഒന്നും ഇല്ലായിരുന്നു.

അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കോസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.

യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ആ ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകികൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.

സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല,  മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്‌ഷ്യം. 

ദൈവത്തെ പിന്തുടരാൻ തീരുമാനിക്കുക

“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 7,73,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 1,43,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങൾ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും, പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തരഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.

നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽ മക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു വെല്ലുവിളി നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. "നിങ്ങളുടെ പിതാക്കന്മാർ ... സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ." (യോശുവ 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (വാക്യം 15).

ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം.

തെറ്റുകളിൽ നിന്ന് പഠിക്കുക

1929-ലും 2008-ലും ലോക സമ്പദ്‌വ്യവസ്ഥയെ തകർത്തത് പോലുള്ള സാമ്പത്തിക പിഴവുകൾ ഭാവിയിൽ ഒഴിവാക്കാൻ, സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽ ലൈബ്രറി ഓഫ് മിസ്ടേക്ക്സ്‌  സ്ഥാപിച്ചു. അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ ബോധവത്കരിക്കാൻ സഹായിക്കുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ശേഖരം ഇതിലുണ്ട്. ലൈബ്രറിയുടെ ക്യൂറേറ്റർമാർ പറയുന്നതനുസരിച്ച്, "മിടുക്കരായ ആളുകൾ തുടർച്ചയായി മണ്ടത്തരങ്ങൾ ചെയ്യുന്നത് എങ്ങനെ" എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇത് പ്രവർത്തിക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക എന്നതാണ് ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഏക മാർഗമെന്ന് ക്യൂറേറ്റർമാർ വിശ്വസിക്കുന്നു.

പ്രലോഭനങ്ങൾക്ക് വഴങ്ങാതിരിക്കാനും ശക്തമായ ആത്മീയ ജീവിതം നയിക്കാനുമുള്ള ഒരു മാർഗ്ഗം, കഴിഞ്ഞകാല ദൈവജനത്തിന്റെ തെറ്റുകളിൽ നിന്ന് പഠിക്കുക എന്നതാണ് എന്ന് പൗലോസ് കൊരിന്ത്യരെ ഓർമിപ്പിച്ചു. അതുകൊണ്ട് അവർ തങ്ങളുടെ ആത്മീയ പദവിയിൽ അമിത ആത്മവിശ്വാസം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, പുരാതന യിസ്രായേലിന്റെ പരാജയങ്ങൾ ജ്ഞാനം നേടുന്നതിനുള്ള ഒരു ഉദാഹരണമായി അപ്പോസ്തലൻ ഉപയോഗിച്ചു. വിഗ്രഹാരാധനയിൽ ഏർപ്പെട്ട യിസ്രായേല്യർ, "ലൈംഗിക അധാർമികത" തിരഞ്ഞെടുത്തു, ദൈവത്തിന്റെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് പിറുപിറുത്തു, അവന്റെ നേതാക്കൾക്കെതിരെ മത്സരിച്ചു. അവരുടെ പാപം നിമിത്തം അവർ അവന്റെ ശിക്ഷണം അനുഭവിച്ചു (1 കൊരിന്ത്യർ 10:7-10). യിസ്രായേലിന്റെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ യേശുവിൽ വിശ്വസിക്കുന്നവരെ സഹായിക്കാൻ പൗലോസ് ഈ ചരിത്രപരമായ "ഉദാഹരണങ്ങൾ" തിരുവെഴുത്തുകളിൽ നിന്ന് അവതരിപ്പിച്ചു (വാക്യം 11).

ദൈവത്തിന്റെ സഹായത്താൽ, നമ്മുടെ തെറ്റുകളിൽ നിന്നും, മറ്റുള്ളവർ ചെയ്ത തെറ്റുകളിൽ നിന്നും നമുക്ക് പഠിക്കാം, അങ്ങനെ നമുക്ക് അവനുവേണ്ടി അനുസരണമുള്ള ഒരു ഹൃദയം നേടാം.

യേശുവിനുവേണ്ടി മറ്റുള്ളവരെ സേവിക്കുക

ഒറിജിനൽ സ്റ്റാർ ട്രെക്ക് സീരീസിൽ ലെഫ്റ്റനന്റ് ഉഹുറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നടി നിഷേൽ നിക്കോൾസ് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിക്കോൾസിന് ഈ വേഷം ലഭിച്ചത് ഒരു വ്യക്തിഗത വിജയമായിരുന്നു, ഒരു പ്രധാന ടിവി ഷോയിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതകളിൽ ഒരാളായി അത് അവളെ മാറ്റി. എന്നാൽ അതിലും വലിയ വിജയം വരാനിരിക്കുകയായിരുന്നു.

നിക്കോൾസ് യഥാർത്ഥത്തിൽ സ്റ്റാർ ട്രെക്ക് -ന്റെ ആദ്യ സീസണിന് ശേഷം തന്റെ തിയേറ്റർ ജോലിയിലേക്ക് മടങ്ങാൻ അതിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ പിന്നീട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അവളെ കണ്ടപ്പോൾ, പോകരുതെന്ന് അവളെ പ്രേരിപ്പിച്ചു. എന്തും ചെയ്യാൻ കഴിയുന്ന, ബഹിരാകാശത്തേക്ക് പോലും പോകാൻ കഴിവുള്ള ബുദ്ധിയുള്ളവരായി ആഫ്രിക്കൻ അമേരിക്കക്കാരെ ടിവിയിൽ കാണുന്നത് ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു, ലെഫ്റ്റനന്റ് ഉഹുറയുടെ വേഷം ചെയ്യുന്നതിലൂടെ നിക്കോൾസ് ഒരു മികച്ച വിജയം നേടുകയായിരുന്നു—കറുത്ത സ്ത്രീകൾക്കും കുട്ടികൾക്കും എന്തായിത്തീരുവാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്.

യാക്കോബും യോഹന്നാനും യേശുവിനോട് അവന്റെ രാജ്യത്തിലെ ഏറ്റവും മികച്ച രണ്ട് സ്ഥാനങ്ങൾ ചോദിച്ച കാര്യം ഞാൻ ഓർക്കുന്നു. (മർക്കോസ് 10:37). അത്തരം സ്ഥാനങ്ങൾ ലഭിക്കുന്നത് എത്ര വലിയ നേട്ടമായിരിക്കും! യേശു അവരുടെ അഭ്യർത്ഥനയുടെ വേദനാജനകമായ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുക മാത്രമല്ല (വാ. 38-40) "നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;" (വാക്യം 43) എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ഉന്നതമായ കാഴ്ചപ്പാടുകൾ നൽകി. അവന്റെ അനുയായികൾ വ്യക്തിപരമായ നേട്ടങ്ങൾ മാത്രം തേടുകയല്ല, അവനെപ്പോലെ, മറ്റുള്ളവരെ സേവിക്കാൻ അവരുടെ സ്ഥാനങ്ങൾ ഉപയോഗിക്കണം എന്ന് യേശു ഉപദേശിച്ചു. (വാക്യം 45).

ആഫ്രിക്കൻ അമേരിക്കക്കാർക്ക് മികച്ച വിജയം ലഭിക്കുന്നതിനായി നിഷേൽ നിക്കോൾസ് സ്റ്റാർ ട്രെക്ക് സീരീസിനൊപ്പം തുടർന്നു. നമ്മളും വ്യക്തിപരമായ വിജയത്തിൽ മാത്രം തൃപ്തരാകാതെ, നാം നേടുന്ന ഏതു സ്ഥാനവും ദൈവത്തിന്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കാൻ ഉപയോഗിക്കാൻ ഇടയാകട്ടെ.