Category  |  odb

പൂത്തുലയുന്ന മരുഭൂമികൾ

ഒരു നൂറ്റാണ്ട് മുമ്പ്, എത്യോപ്യയുടെ ഏകദേശം 40 ശതമാനം സമൃദ്ധമായ വനമായിരുന്നു, എന്നാൽ ഇന്ന് അത് ഏകദേശം 4 ശതമാനം മാത്രമാണ്. മരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും കൃഷിക്കായി ഏക്കറുകണക്കിന് സ്ഥലം വെട്ടിത്തെളിക്കുകയും ചെയ്തത് പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിച്ചു. പച്ചപ്പിന്റെ ബാക്കിയുള്ള ഭൂരിഭാഗം ചെറിയ മേഖലകളെ സഭകളാണ് സംരക്ഷിക്കുന്നത്. നൂറ്റാണ്ടുകളായി, പ്രാദേശിക എത്യോപ്യൻ ഓർത്തഡോക്സ് റ്റെവാഹിഡോ സഭകൾ തരിശായ മരുഭൂമിയുടെ നടുവിൽ ഈ മരുപ്പച്ചകളെ സംരക്ഷിക്കുന്നു. ആകാശത്തുനിന്നെടുത്ത ചിത്രങ്ങൾ നിങ്ങൾ നോക്കുകയാണെങ്കിൽ, തവിട്ട് മണൽ കൊണ്ട് ചുറ്റപ്പെട്ട പച്ചപ്പിന്റെ ദ്വീപുകൾ കാണാം. ദൈവത്തിന്റെ സൃഷ്ടികളുടെ കാര്യവിചാരകർ എന്ന നിലയിൽ ദൈവത്തോടുള്ള അനുസരണത്തിന്റെ ഭാഗമാണ് മരങ്ങളെ സംരക്ഷിക്കുന്നത് എന്ന് സഭാനേതാക്കൾ പഠിപ്പിക്കുന്നു.

മരുഭൂമിയുടെയും കഠിനമായ വരൾച്ചയുടെയും ഭീഷണി നേരിട്ടു ജീവിച്ചിരുന്ന യിസ്രായേലിന് ദൈവം ഒരുക്കുന്ന ഭാവിയെക്കുറിച്ച് യെശയ്യാ പ്രവാചകൻ എഴുതി, അവിടെ “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും’’ (യെശയ്യാവ് 35:1). ദൈവം തന്റെ ജനത്തെ സൗഖ്യമാക്കാൻ ഉദ്ദേശിക്കുന്നു, ഒപ്പം അവൻ ഭൂമിയെയും സൗഖ്യമാക്കും. അവൻ “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും’’ (65:17). ദൈവത്തിന്റെ നവീകരിക്കപ്പെട്ട ലോകത്ത്, “നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും’’ (35:1).

മനുഷ്യർ ഉൾപ്പെടെ തന്റെ സൃഷ്ടികളോടുള്ള ദൈവത്തിന്റെ കരുതൽ, അതിനെ സംരക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സൃഷ്ടിയെ പരിപാലിക്കുന്നതിലൂടെ, സുഖപ്പെട്ടതും സമ്പൂർണ്ണവുമായ ലോകം എന്ന അവന്റെ ആത്യന്തിക പദ്ധതിയോടു ഏകീകരിച്ചുകൊണ്ടു നമുക്ക് ജീവിക്കാൻ കഴിയും. എല്ലാത്തരം മരുഭൂമികളും ജീവനും സൗന്ദര്യവും കൊണ്ട് പൂത്തുലയുന്നതു കാണാൻ നമുക്ക് ദൈവത്തോട് ചേർന്നു പ്രവർത്തിക്കാം. 

കാണാനുള്ള കണ്ണുകൾ

വർഷങ്ങളായി മദ്യപാനവും മാനസികാരോഗ്യ പ്രശ്നങ്ങളും കൊണ്ട് പൊറുതിമുട്ടിയ തന്റെ ബന്ധുവായ സാൻഡിയെ ഓർത്ത് ജോയ് ആശങ്കാകുലയായിരുന്നു. അവൾ സാൻഡിയുടെ അപ്പാർട്ട്മെന്റിലേക്ക് ചെന്നപ്പോൾ, വാതിലുകൾ പൂട്ടിയിരിക്കുന്നു. അതിൽ ആരും ഇല്ലെന്ന് അവൾക്കു മനസ്സിലായി. അവളും മറ്റുള്ളവരും സാൻഡിയെ അന്വേഷിക്കാൻ പദ്ധതിയിട്ടപ്പോൾ, ജോയ് പ്രാർത്ഥിച്ചു, “ദൈവമേ, ഞാൻ കാണാത്തത് കാണാൻ എന്നെ സഹായിക്കണമേ.” അവർ പോകുമ്പോൾ, ജോയ് സാൻഡിയുടെ അപ്പാർട്ട്മെന്റിലേക്ക് തിരിഞ്ഞു നോക്കി, ഒരു കർട്ടൻ ചെറുതായി ചലിക്കുന്നത് അവൾ കണ്ടു. ആ നിമിഷം, സാൻഡി ജീവിച്ചിരിപ്പുണ്ടെന്ന് അവൾക്കു മനസ്സിലായി. അവളുടെ അടുത്തെത്താൻ അധികാരികളുടെ സഹായം ആവശ്യമായിരുന്നുവെങ്കിലും, ഉത്തരം ലഭിച്ച ഈ പ്രാർത്ഥനയിൽ ജോയ് സന്തോഷിച്ചു. ദൈവത്തിന്റെ ശക്തിയുടെ യാഥാർത്ഥ്യം വെളിപ്പെടുത്താൻ അവനോട് ആവശ്യപ്പെടുന്നതിന്റെ ശക്തി എലീശാ പ്രവാചകന് അറിയാമായിരുന്നു. അരാമ്യ സൈന്യം അവരുടെ പട്ടണത്തെ വളഞ്ഞപ്പോൾ, എലീശായുടെ ദാസൻ ഭയന്നു വിറച്ചു. ദൈവമനുഷ്യൻ ഭയന്നില്ല. കാരണം, ദൈവത്തിന്റെ സഹായത്താൽ അവൻ അദൃശ്യമായതിനെ കണ്ടു. ദാസനും അതു കാണണമെന്ന് എലീശാ പ്രാർത്ഥിച്ചു, “അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു’’ കാണാൻ യഹോവ ദാസന്റെ കണ്ണു തുറന്നു (2 രാജാക്കന്മാർ 6:17).

എലീശയ്ക്കും അവന്റെ ദാസനും വേണ്ടി ദൈവം ആത്മീയവും ഭൗതികവുമായ ലോകങ്ങൾക്കിടയിലുള്ള മൂടുപടംമാറ്റി. തനിക്ക് പ്രത്യാശ നൽകിയ കർട്ടനിലെ ചെറിയ അനക്കം കാണാൻ ദൈവം സഹായിച്ചെന്ന് ജോയ് വിശ്വസിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിലോ നമ്മുടെ സമൂഹത്തിലോ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ആത്മീയ ദർശനം നൽകാൻ നമുക്കും ദൈവത്തോട് ആവശ്യപ്പെടാം. നമുക്കും അവന്റെ സ്നേഹത്തിന്റെയും സത്യത്തിന്റെയും അനുകമ്പയുടെയും ഏജന്റുമാരാകാം. 

 

ഞങ്ങളെ രക്ഷിക്കണമേ

തമിഴ് സംസ്കാരത്തിൽ ഇലകളും സസ്യങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു, പ്രത്യേകിച്ച് ആഘോഷങ്ങളിൽ. അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി വിവാഹ വേദികളുടെ പ്രവേശന കവാടത്തിൽ മിന്നുന്ന വിളക്കുകൾകൊണ്ട് അലങ്കരിച്ച വാഴകൾ സ്ഥാപിക്കാറുണ്ട്. വാതിലുകളെ അലങ്കരിക്കാൻ മാലപോലെ കോർത്ത മാവിലകൾ ഉപയോഗിക്കുന്നു. വർണ്ണാഭമായ, ബഹുവിധ വിഭവങ്ങളടങ്ങിയ ഊണു വിളമ്പാൻ വാഴയില ഒരു പ്ലേറ്റായി ഉപയോഗിക്കുന്നു. തെങ്ങോലകൾ അലങ്കാരമായി ഉപയോഗിക്കുന്നു.

യെഹൂദ്യയിലെ ആഘോഷങ്ങളിലും ഇലകൾ ഒരു സുപ്രധാന പങ്കു വഹിച്ചിരുന്നതായി കാണപ്പെടുന്നു. യേശു കഴുതപ്പുറത്തേറി യെരൂശലേമിൽ പ്രവേശിച്ചപ്പോൾ പെസഹാ പെരുന്നാൾ പുരോഗമിക്കുകയായിരുന്നു. ഈജിപ്തിൽ നിന്നു തങ്ങൾ നേടിയ മോചനം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള യെഹൂദന്മാർ ഒത്തുകൂടുന്ന ഒരു സമയമായിരുന്നു അത്. ആഘോഷത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി ഈന്തപ്പനയുടെ കുരുത്തോലകൾ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യമായിരുന്നു. റോമിന്റെ ഉരുക്കുമുഷ്ടിക്കു കീഴിൽ, വളരെക്കാലം മുമ്പു മോശെ ചെയ്തതുപോലെ ഒരിക്കൽ കൂടി തങ്ങളെ രക്ഷിക്കുവാനായി വരുന്ന ഒരു മശിഹായ്ക്കായി യെഹൂദന്മാർ കാത്തിരുന്നു. അങ്ങനെ, നസറെത്തിൽ നിന്നുള്ള, അത്ഭുതപ്രവൃത്തികൾ ചെയ്യുന്ന, യേശു കഴുതപ്പുറത്തേറി വന്നപ്പോൾ അതവരിലെ പ്രത്യാശയെ ജ്വലിപ്പിച്ചു (വാ. 37). അവർ കുരുത്തോലകളുമായി വന്ന്, “ഞങ്ങളെ രക്ഷിക്കേണമേ” എന്നർത്ഥം വരുന്ന “ഹോശന്നാ” എന്നു ആർത്തുകൊണ്ടു കുരുത്തോലകൾ വീശി (മത്തായി 21:8-9). ആത്മാക്കളുടെ വീണ്ടെടുപ്പുകാരനായ തന്റെ പുത്രനിലൂടെ “തങ്ങളുടെ ആത്മാക്കളെ രക്ഷിക്കാനുള്ള” അവരുടെ ആഗ്രഹം ദൈവം അക്ഷരാർത്ഥത്തിൽ അനുവദിച്ചുകൊടുത്തു. 

എന്തിൽ നിന്നാണു നമുക്കു രക്ഷ നേടേണ്ടത് എന്നതിനെ സംബന്ധിച്ചു പലപ്പോഴും നമുക്കറിയില്ല. നമ്മുടെ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ നാം രക്ഷിക്കപ്പെടുമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ നമുക്ക് ആവശ്യമായ യഥാർത്ഥ രക്ഷ നമ്മുടെ ആത്മാക്കളെ സംബന്ധിച്ചുള്ളതാണ്. വിണ്ടെടുപ്പിനുള്ള തന്റെ അധികാരത്തെയും സ്നേഹത്തെയും കാണിക്കാനാണ് യേശു മനുഷ്യരൂപത്തിൽ വന്നത് (ലൂക്കൊസ് 19:10). ഒരു രക്ഷകനെ ആവശ്യമുള്ള മറ്റുള്ളവരുടെ ആത്മാക്കളെയും നമ്മിലൂടെ രക്ഷിക്കാനായി ക്രൂശിലെ തന്റെ യാഗത്തിലൂടെ അവൻ നമ്മുടെ ആത്മാവിനെ വീണ്ടെടുത്തു. 

 

സ്നേഹപൂർവ്വമായ അനുസരണം

ഞങ്ങളുടെ വിവാഹ ചടങ്ങിനിടെ, ഞങ്ങളുടെ ശുശ്രൂഷകൻ എന്നോടു ചോദിച്ചു, “മരണം നിങ്ങളെ വേർപിരിക്കുന്നതു വരെ നിങ്ങളുടെ ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് നിങ്ങൾ വാഗ്ദത്തം ചെയ്യുന്നുവോ?’’ എന്റെ പ്രതിശ്രുത വരനെ നോക്കി ഞാൻ മന്ത്രിച്ചു, “അനുസരിക്കുക?’’ ഞങ്ങൾ ഞങ്ങളുടെ ബന്ധം കെട്ടിപ്പടുത്തത് സ്നേഹത്തിലും ബഹുമാനത്തിലുമാണ്—പ്രതിജ്ഞാവാചകം സൂചിപ്പിക്കുന്നതുപോലെ അന്ധമായ അനുസരണത്തിലല്ല. ഞാൻ അനുസരിക്കുക എന്ന വാക്ക് മാറ്റി “ഉവ്വ്’’ എന്നു പറഞ്ഞപ്പോൾ എന്റെ ഭർത്താവിന്റെ പിതാവ് തന്റെ കണ്ണുകൾ വിടർത്തി ആ നിമിഷത്തെ ഒപ്പിയെടുത്തു.

ഭർത്താവും ഭാര്യയും തമ്മിലുള്ള അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ബന്ധവുമായി, അനുസരിക്കുക എന്ന വാക്കിനോടുള്ള എന്റെ എതിർപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വർഷങ്ങളായി ദൈവം എനിക്ക് കാണിച്ചുതന്നു. അനുസരണം എന്നതിനർത്ഥം ‘കീഴടക്കപ്പെടുക’ അല്ലെങ്കിൽ ‘സമർപ്പിക്കാൻ നിർബന്ധിക്കപ്പെടുക’ എന്നാണെന്നാണ് ഞാൻ മനസ്സിലാക്കിയത്, അതിനെ തിരുവെഴുത്ത് പിന്തുണയ്ക്കുന്നില്ല. പകരം, ബൈബിളിലെ അനുസരണം എന്ന വാക്ക് നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്ന നിരവധി വിധങ്ങളെ പ്രകടിപ്പിക്കുന്നു. ഞാനും എന്റെ ഭർത്താവും ദാമ്പത്യത്തിന്റെ മുപ്പതു വർഷങ്ങൾ ആഘോഷിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങൾ ഇപ്പോഴും യേശുവിനെയും പരസ്പരവും സ്നേഹിക്കാൻ പഠിക്കുകയാണ്. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും’’ (വാ. 15) എന്ന് യേശു പറഞ്ഞപ്പോൾ, തിരുവെഴുത്തുകളോടുള്ള അനുസരണം അവനുമായുള്ള നിരന്തരമായ സ്നേഹത്തിന്റെയും ഉറ്റ ബന്ധത്തിന്റെയും ഫലമാണെന്ന് അവൻ നമുക്ക് കാണിച്ചുതന്നു (വാ. 16-21).

യേശുവിന്റെ സ്നേഹം നിസ്വാർത്ഥവും നിരുപാധികവുമാണ്. അത് ഒരിക്കലും ബലപ്രയോഗമോ ദുരുപയോഗമോ അല്ല. നമ്മുടെ എല്ലാ ബന്ധങ്ങളിലും നാം അവനെ പിന്തുടരുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, അവനോടുള്ള അനുസരണത്തെ വിശ്വാസത്തിന്റെയും ആരാധനയുടെയും ജ്ഞാനവും സ്നേഹവും നിറഞ്ഞ ഒരു പ്രവൃത്തിയായി കാണാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. 

ആനന്ദക്കണ്ണുനീർ

 

ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഡീൻ ബലൂണുകളുമായി കാത്തിരിക്കുന്ന ചില സുഹൃത്തുക്കളെ കണ്ടു. സുഹൃത്ത് ജോഷ് മുന്നോട്ട് വന്നു. “ഞങ്ങൾ താങ്കളുടെ കവിതകൾ ഒരു മത്സരത്തിന് അയച്ചു,’’ ഡീനിന് ഒരു കവർ അദ്ദേഹം നൽകി. അതിനുള്ളിൽ “ഒന്നാം സമ്മാനം’’ എന്ന് എഴുതിയ ഒരു കാർഡ് ഉണ്ടായിരുന്നു, താമസിയാതെ എല്ലാവരും സന്തോഷാശ്രുക്കൾ പൊഴിച്ചു. ഡീനിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ കവിതാവാസന തിരിച്ചറിഞ്ഞ് മനോഹരമായ ഒരു കാര്യം ചെയ്തു.

സന്തോഷത്തിന്റെ കരച്ചിൽ ഒരു വൈരുദ്ധ്യമായ അനുഭവമാണ്. കണ്ണുനീർ സാധാരണയായി വേദനയുടെ പ്രതികരണമാണ്, സന്തോഷത്തിന്റേതല്ല. സന്തോഷം സാധാരണയായി കരച്ചിലിലൂടെയല്ല, ചിരിയിലൂടെയാണ് പ്രകടിപ്പിക്കുന്നത്. ഇറ്റാലിയൻ മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ആഴത്തിലുള്ളതും വ്യക്തിപരവുമായ അർത്ഥവത്തായ സമയങ്ങളിൽ സന്തോഷത്തിന്റെ കണ്ണുനീർ വരുന്നു—നമ്മൾ ആഴമായി സ്നേഹിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു പ്രധാന ലക്ഷ്യം നേടുകയോ ചെയ്യുമ്പോൾ—എന്നാണ്. സന്തോഷത്തിന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിന്റെ അർത്ഥത്തിലേക്കുള്ള ചൂണ്ടുപലകയാണെന്ന നിഗമനത്തിലേക്ക് ഇത് അവരെ നയിച്ചു.

യേശു പോകുന്നിടത്തെല്ലാം സന്തോഷത്തിന്റെ കണ്ണുനീർ ഉതിർന്നതായി ഞാൻ സങ്കൽപ്പിക്കുന്നു. ജന്മനാ അന്ധനായ മനുഷ്യനെ യേശു സുഖപ്പെടുത്തിയപ്പോൾ (യോഹന്നാൻ 9:1-9), അല്ലെങ്കിൽ മറിയയ്ക്കും മാർത്തയ്ക്കും മരിച്ചുപോയ അവരുടെ സഹോദരനെ തിരികെ ലഭിച്ചപ്പോൾ (11:38-44) സന്തോഷത്താൽ അവർ കരയാതിരിക്കുന്നതെങ്ങനെ? ദൈവജനത്തെ തങ്ങളുടെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുമ്പോൾ, “സന്തോഷത്തിന്റെ കണ്ണുനീർ അവരുടെ മുഖത്ത് ഒഴുകും, ഞാൻ അവരെ വളരെ ശ്രദ്ധയോടെ വീട്ടിലേക്ക് നയിക്കും’’ (യിരെമ്യാവ് 31:9 NLT ) എന്നു ദൈവം പറയുന്നു.

സന്തോഷത്തിന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിന്റെ അർത്ഥം കാണിക്കുന്നുവെങ്കിൽ, വരാനിരിക്കുന്ന ആ മഹത്തായ ദിവസത്തെ സങ്കൽപ്പിക്കുക. നമ്മുടെ മുഖത്ത് കണ്ണുനീർ ഒഴുകുമ്പോൾ, ജീവിതത്തിന്റെ അർത്ഥം എപ്പോഴും അവനുമായി അടുത്തുവസിക്കുക എന്നതാണെന്ന് സംശയലേശമെന്യേ നാം മനസ്സിലാക്കും.