
സ്‌നേഹത്തിൽ അഭിമുഖീകരിക്കുക
അവൻ പലതും നന്നായി ചെയ്തു, പക്ഷേ ഒരു പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും അത് കണ്ടു. എന്നിട്ടും തന്റെ റോളിന്റെ ഭൂരിഭാഗവും നിറവേറ്റുന്നതിൽ അവൻ വളരെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നതിനാൽ, അവന്റെ കോപ പ്രശ്‌നം വേണ്ടത്ര അഭിസംബോധന ചെയ്യപ്പെട്ടില്ല. ആ വിഷയത്തിൽ ആരും അവനെ ഒരിക്കലും നേരിട്ട് അഭിമുഖീകരിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ, ഇത് വർഷങ്ങളായി നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിൽ കലാശിച്ചു. അവസാനം, ഇത് ക്രിസ്തുവിലുള്ള ഈ സഹോദരനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സ്ഥാനത്ത് എത്തുന്നതിനെ തടഞ്ഞുകൊണ്ട് അകാലത്തിൽ വിരമിക്കേണ്ടിവന്നു. പണ്ടേ ഞാൻ അവനെ ്‌നേഹത്തോടെ അഭിമുഖീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതു സംഭവിക്കയില്ലായിരുന്നു.
ഉല്പത്തി 4-ൽ, സ്‌നേഹത്തിൽ ഒരാളുടെ പാപത്തെ അഭിമുഖീകരിക്കുക എന്നതിന്റെ പൂർണ്ണമായ ചിത്രം ദൈവം നൽകുന്നു. കയീൻ പ്രകോപിതനായി. ഒരു കർഷകനായിരുന്നതിനാൽ, “കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു'' (വാ. 3). എന്നാൽ അവൻ കൊണ്ടുവന്നത് സ്വീകാര്യമല്ലെന്ന് ദൈവം വ്യക്തമാക്കി. കയീന്റെ വഴിപാട് നിരസിക്കപ്പെട്ടു, “കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി’’ (വാ.5). അതിനാൽ, ദൈവം അവനെ അഭിമുഖീകരിച്ച്, ''നീ കോപിക്കുന്നതു എന്തിന്നു?'' എന്ന് ചോദിച്ചു (വാ. 6). പിന്നീട് അവൻ കയീനോട് തന്റെ പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് നന്മ പിന്തുടരാൻ പറഞ്ഞു. ഖേദകരമെന്നു പറയട്ടെ, കയീൻ ദൈവത്തിന്റെ വാക്കുകൾ അവഗണിച്ചു, ഒരു ഭീകരമായ പ്രവൃത്തി ചെയ്തു (വാ. 8).
പാപപൂർണ്ണമായ പെരുമാറ്റങ്ങളിൽ നിന്ന് പിന്തിരിയാൻ നമുക്ക് മറ്റുള്ളവരെ നിർബന്ധിക്കാൻ കഴിയില്ലെങ്കിലും, നമുക്ക് അവരെ കരുണയോടെ നേരിടാൻ കഴിയും. നമുക്ക് “സ്‌നേഹത്തിൽ സത്യം സംസാരിക്കാൻ’’ കഴിയും, അങ്ങനെ നമ്മൾ രണ്ടുപേരും “കൂടുതൽ കൂടുതൽ ക്രിസ്തുവിനെപ്പോലെ’’ ആകും (എഫെസ്യർ 4:15). കൂടാതെ, ദൈവം നമ്മെകേൾക്കാൻ സഹായിക്കുന്നതനുസരിച്ച്, മറ്റുള്ളവരിൽ നിന്ന് സത്യത്തിന്റെ കഠിനമായ വാക്കുകൾ സ്വീകരിക്കാനും കഴിയും.

സാഹസികത
''ക്രിസ്തീയ മാർഗ്ഗം എനിക്കുള്ളതല്ല. ഇത് വിരസമാണ്. ഞാൻ മുറുകെ പിടിക്കുന്ന മൂല്യങ്ങളിൽ ഒന്ന് സാഹസികതയാണ്. അതാണ് എനിക്ക് ജീവിതം,'' ഒരു യുവതി എന്നോട് പറഞ്ഞു. യേശുവിനെ അനുഗമിക്കുമ്പോൾ ലഭിക്കുന്ന അവിശ്വസനീയമായ സന്തോഷവും ആവേശവും അവൾ ഇതുവരെ പഠിച്ചിട്ടില്ല എന്നത് എന്നെ സങ്കടപ്പെടുത്തി-അത് സമാനതകളില്ലാത്ത ഒരു സാഹസികതയാണ്. യേശുവിനെക്കുറിച്ചും അവനിൽ യഥാർത്ഥ ജീവിതം എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ അവളോട് ആവേശത്തോടെ പങ്കുവെച്ചു.
ദൈവപുത്രനായ യേശുവിനെ അറിയാനും അവനോടൊപ്പം നടക്കാനുമുള്ള സാഹസികതയെ വിവരിക്കാൻ വെറും വാക്കുകൾ അപര്യാപ്തമാണ്. എന്നാൽ എഫെസ്യർ 1-ൽ അപ്പൊസ്തലനായ പൗലൊസ് അവനോടൊപ്പമുള്ള ജീവിതത്തിന്റെ ചെറുതും എന്നാൽ ശക്തവുമായ ഒരു കാഴ്ച്ച നമുക്ക് നൽകുന്നു. ദൈവം നമുക്ക് സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ആത്മീയ അനുഗ്രഹങ്ങൾ നൽകുന്നു (വാ. 3), ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിശുദ്ധരും നിഷ്‌കളങ്കരും ആകുന്നു (വാ. 4), രാജാവിന്റെ രാജകുടുംബത്തിലേക്ക് തന്റെ സ്വന്തമായി നമ്മെ ദത്തെടുത്തു (വാ. 5). അവന്റെ പാപമോചനവും കൃപയും നൽകി (വാ. 7-8), അവന്റെ ഇഷ്ടത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യവും (വാ. 9), 'അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി' ജീവിക്കാനുള്ള ഒരു പുതിയ ഉദ്ദേശ്യവും നൽകി അവൻ നമ്മെ അനുഗ്രഹിക്കുന്നു (വാ. 12). നമ്മെ ശാക്തീകരിക്കാനും നയിക്കാനും പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുവാൻ വരുന്നു (വാ. 13), ദൈവസന്നിധിയിൽ എന്നേക്കുമുള്ള നിത്യത അവൻ ഉറപ്പ് നൽകുന്നു (വാ. 14).
യേശുക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവനെ കൂടുതൽ അറിയുന്നതും അവനെ അടുത്ത് പിന്തുടരുന്നതും ഏറ്റവും വലിയ സാഹസികതയാണെന്ന് നാം കണ്ടെത്തുന്നു. യഥാർത്ഥ ജീവിതത്തിനായി ഇന്നും എല്ലാ ദിവസവും അവനെ അന്വേഷിക്കുക.

ദൈവത്തിന്റെ നന്മയെക്കുറിച്ച് പറയുക
ഞങ്ങളുടെ സഭാരാധനയിലെ ഒരു മുഖ്യഭാഗമായിരുന്നു സാക്ഷ്യത്തിനുള്ള സമയം. ആ സമയത്ത്, ദൈവം തങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന് ആളുകൾ പങ്കുവെക്കുന്നു. ആന്റി - സിസ്റ്റർ ലാങ്‌ഫോർഡ് എന്നാണ് ഞങ്ങളുടെ സഭാ കുടുംബത്തിൽ അവർ അറിയപ്പെട്ടിരുന്നത്-അവളുടെ സാക്ഷ്യങ്ങളിൽ ധാരാളം സ്തുതികൾ ഉൾക്കൊള്ളിക്കുമായിരുന്നു. അവളുടെ വ്യക്തിപരമായ രൂപാന്തര കഥ അവൾ പങ്കുവെക്കുന്ന അവസരങ്ങളിൽ, അവൾ ആരാധനയുടെ നല്ലൊരു സമയം കവർന്നെടുക്കുമെന്ന് പ്രതീക്ഷിക്കാം. അവളുടെ ജീവിതം കൃപയോടെ മാറ്റിമറിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ട് അവളുടെ ഹൃദയം നിറഞ്ഞുകവിയുമായിരുന്നു!
അതുപോലെ, 66-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന്റെ സാക്ഷ്യം, ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമ്പോൾ സ്തുതികൊണ്ട് നിറഞ്ഞിരിക്കുന്നു. ''വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ!'' (വാ. 5). അവന്റെ പ്രവൃത്തികളിൽ അത്ഭുതകരമായ രക്ഷാപ്രവർത്തനം (വാ. 6), സംരക്ഷണം (വാ. 9), പരിശോധനയും ശിക്ഷണവും ഉൾപ്പെടുന്നു, അത് അവന്റെ ജനത്തെ മെച്ചപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുവരുന്നതിൽ കലാശിച്ചു (വാ. 10-12). യേശുവിലുള്ള മറ്റു വിശ്വാസികളുമായി നമുക്ക് പൊതുവായുള്ള ദൈവാനുഭവങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ വ്യക്തിഗത യാത്രകളിൽ അതുല്യമായ കാര്യങ്ങളും ഉണ്ട്. നിങ്ങളുടെ ജീവിതത്തിൽ ദൈവം തന്നെത്തന്നെ പ്രത്യേകമായി വെളിപ്പെടുത്തിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ അവൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് കേൾക്കേണ്ട മറ്റുള്ളവരുമായി അവ പങ്കിടുന്നത് പ്രയോജനകരമാണ്. ''സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.'' (വാ. 16).

ഒന്നു മതി
മാർച്ചിലെ ഒരു വാരാന്ത്യത്തിൽ, യേശു അവരുടെ സഹോദരൻ ലാസറിനൊപ്പം (യോഹന്നാൻ 11:5) സ്‌നേഹിച്ച ബഥാന്യയിലെ സഹോദരിമാരായ മറിയയുടെയും മാർത്തയുടെയും വിഷയത്തിൽ ഞാൻ ഒരു റിട്രീറ്റ് സംഘടിപ്പിച്ചു. ഞങ്ങൾ ഇംഗ്ലീഷ് തീരപ്രദേശത്ത് ഒരു വിദൂര സ്ഥലത്തായിരുന്നു. അവിടെ അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയുണ്ടായപ്പോൾ, ഒരുമിച്ചുള്ള ഒരു അധിക ദിവസം മറിയയെപ്പോലെ ക്രിസ്തുവിന്റെ കാൽക്കൽ ഇരുന്ന് പരിശീലിക്കാമെന്ന് പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. അവർ ''ഒന്നു മതി'' (ലൂക്കൊസ് 10:42) യേശു മാർത്തയോട് സ്‌നേഹപൂർവ്വം പറഞ്ഞു. തന്നോട് അടുക്കാനും തന്നിൽ നിന്നു പഠിക്കാനും അവൾ തയ്യാറാകണമായിരുന്നു.
യേശു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട് സന്ദർശിച്ചപ്പോൾ, അവൻ വരുന്നുണ്ടെന്ന് മാർത്തയ്ക്ക് മുൻകൂട്ടി അറിയുമായിരുന്നില്ല, അതിനാൽ അവനെയും അവന്റെ ശിഷ്യന്മാരെയും ശുശ്രൂഷിക്കാനുള്ള ഒരുക്കങ്ങളിൽ സഹായിക്കാത്തതിൽ മറിയയോട് അവൾ എങ്ങനെ അസ്വസ്ഥയാകുമെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ യഥാർത്ഥത്തിൽ പ്രധാനമായത് അവൾ കാണാതെ പോയി-യേശുവിൽ നിന്ന് പഠിക്കുക എന്നത്. തന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിച്ചതിന് ക്രിസ്തു അവളെ ശകാരിക്കുകയായിരുന്നില്ല, മറിച്ച് അവൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം നഷ്ടപ്പെടുന്നുവെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു.
തടസ്സങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ അല്ലെങ്കിൽ നാം നിറവേറ്റാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ച് അമിതഭാരം തോന്നുകയോ ചെയ്യുമ്പോൾ, ജീവിതത്തിൽ ശരിക്കും പ്രാധാന്യമുള്ളത് എന്താണെന്ന് നമുക്ക് സ്വയം ഓർമ്മിപ്പിക്കാൻ കഴിയും. യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് നാം വേഗത കുറയ്ക്കുമ്പോൾ, അവന്റെ സ്‌നേഹവും ജീവിതവും കൊണ്ട് നമ്മെ നിറയ്ക്കാൻ അവനോട് നമുക്ക് ആവശ്യപ്പെടാം. അവന്റെ പ്രിയ ശിഷ്യൻ ആയിരിക്കുന്നതിൽ നമുക്ക് ആനന്ദിക്കാം.

പാപങ്ങളെ ഇനി ഓർക്കയില്ല
ഞാൻ ഒരിക്കലും ഐസ് കണ്ടിട്ടില്ല. പക്ഷെ എനിക്കത് അനുഭവപ്പെട്ടി. ഞാൻ ഓടിച്ചിരുന്ന പിക്കപ്പിന്റെ -എന്റെ മുത്തച്ഛന്റേത്- പിൻഭാഗം മീൻവാലുപോലുള്ളതാണ്. ഒരു പുളച്ചിൽ, രണ്ട്, മൂന്ന് - ഞാൻ വായുവിലൂടെ, പതിനഞ്ച് അടി താഴ്ചയിലേക്കു വീണു. ഞാൻ മരിക്കാൻ പോകുന്നില്ലെങ്കിൽ ഇത് ഗംഭീരമായിരിക്കുന്നു ഞാൻ ചിന്തിച്ചത് ഓർക്കുന്നു. ഒരു നിമിഷത്തിനുശേഷം, ട്രക്ക് കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് ഉരുണ്ടു. തകർന്ന ക്യാബിൽ നിന്ന് ഞാൻ പരിക്കേല്ക്കാതെ ഇഴഞ്ഞു പുറത്തുവന്നു.
1992 ഡിസംബറിലെ ആ പ്രഭാതത്തിൽ ട്രക്ക് പൂർണ്ണമായും തകർന്നുപോയി. ദൈവം എന്നെ രക്ഷിച്ചു. എന്നാൽ എന്റെ മുത്തച്ഛന്റെ കാര്യമോ? അദ്ദേഹം എന്ത് പറയും? സത്യത്തിൽ, അദ്ദേഹം ട്രക്കിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. ശകാരമോ തിരിച്ചടവ് പദ്ധതിയോ ഒന്നുമില്ല. ക്ഷമ മാത്രം. എനിക്ക് കുഴപ്പമില്ലല്ലോ എന്നു പറഞ്ഞ് മുത്തച്ഛന്റെ ഒരു ചിരിയും.
എന്റെ മുത്തച്ഛന്റെ കൃപ യിരെമ്യാവ് 31-ലെ ദൈവകൃപയെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവരുടെ വമ്പിച്ച പരാജയങ്ങൾക്കിടയിലും, ദൈവം തന്റെ ജനവുമായി പുനഃസ്ഥാപിക്കപ്പെട്ട ബന്ധം വാഗ്ദാനം ചെയ്യുന്നു, “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല’’ (വാ. 34).
ഞാൻ അദ്ദേഹത്തിന്റെ ട്രക്ക് തകർത്തത് എന്റെ മുത്തച്ഛൻ ഒരിക്കലും മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഇവിടെ ദൈവം ചെയ്യുന്നതുപോലെ അവൻ പ്രവർത്തിച്ചു - അത് ഓർക്കാതെ, എന്നെ ലജ്ജിപ്പിക്കാതെ, ഞാൻ ശരിയായ കടം വീട്ടാൻ ഒരു ജോലി എന്നെക്കൊണ്ടു ചെയ്യിപ്പിക്കാതെ. ദൈവം പറയും പോലെ, ഞാൻ ചെയ്ത വിനാശകരമായ കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, എന്റെ മുത്തച്ഛൻ അത് ഇനി ഓർക്കാതിരിക്കാൻ തീരുമാനിച്ചു.