Category  |  odb

നിങ്ങളുടെ തോട്ടത്തെ പരിപാലിക്കുക

ഞങ്ങളുടെ വീടിന്റെ പിൻഭാഗത്ത് പഴങ്ങളും പച്ചക്കറികളുമുള്ള തോട്ടം നട്ടുപിടിപ്പിക്കാൻ എനിക്കു വളരെ ആവേശമായിരുന്നു. അപ്പോൾ മണ്ണിൽ ചെറിയ ദ്വാരങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. കായ്കൾ പാകമാകുന്നതിന് മുമ്പ്, ഞങ്ങളുടെ ആദ്യത്തെ ഫലം ദുരൂഹമായി അപ്രത്യക്ഷമായി. ഒരു ദിവസം ഞങ്ങളുടെ ഏറ്റവും വലിയ സ്‌ട്രോബെറി ചെടിയുടെ ചുവടട്ടിലെ വേര്്, അതിനടിയിൽ മാളമുണ്ടാക്കിയ മുയൽ അറുത്തതും അതു വെയിലേറ്റ് കരിഞ്ഞുണങ്ങിയതും കണ്ട് ഞാൻ പരിഭ്രാന്തയായി. മുന്നറിയിപ്പ് അടയാളങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഞാൻ ആഗ്രഹിച്ചു! 
ഉത്തമഗീതത്തിലെ മനോഹരമായ പ്രണയകാവ്യം ഒരു യുവാവും യുവതിയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നു. തന്റെ പ്രിയതമയെ വിളിക്കുമ്പോൾ, പ്രണേതാക്കളുടെ മുന്തിരിത്തോട്ടത്തെ നശിപ്പിക്കുന്ന കുറുക്കമാർക്കെതിരെ പുരുഷൻ കർശനമായ മുന്നറിയിപ്പ് നൽകി, അവരുടെ ബന്ധത്തിന്റെ രൂപകമാണിത്. “മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറക്കന്മാരെ തന്നേ, പിടിച്ചുതരുവിൻ” എന്ന് അവൻ പറഞ്ഞു (ഉത്തമഗീതം 2:15). അസൂയ, കോപം, വഞ്ചന, നിസ്സംഗത എന്നിവ പോലെ, അവരുടെ പ്രണയത്തെ നശിപ്പിക്കാൻ കഴിയുന്ന “കുറുക്കന്മാരുടെ” സൂചനകൾ അവൻ കണ്ടിരിക്കാം. അവൻ തന്റെ വധുവിന്റെ സൗന്ദര്യത്തിൽ ആഹ്ലാദിച്ചതിനാൽ (വാ. 14), അനാരോഗ്യകരമായ ഒന്നിന്റെ സാന്നിധ്യം അവൻ സഹിക്കില്ല. അവൾ അവന് “മുള്ളുകൾക്കിടയിലെ താമര” പോലെ വിലപ്പെട്ടവളായിരുന്നു (വാ. 2). അവരുടെ ബന്ധം കാത്തുസൂക്ഷിക്കാൻ അവൻ തയ്യാറായിരുന്നു. 
കുടുംബവും സുഹൃത്തുക്കളുമാണ് ദൈവം നമുക്ക് നൽകിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ചിലത്, ആ ബന്ധങ്ങൾ എപ്പോഴും നിലനിർത്താൻ എളുപ്പമല്ലെങ്കിലും. ക്ഷമയും കരുതലും “ചെറിയ കുറുക്കന്മാരിൽ” നിന്നുള്ള സംരക്ഷണവും ഉണ്ടെങ്കിൽ, ദൈവം മനോഹരമായ ഫലം പുറപ്പെടുവിക്കുമെന്ന് നാം വിശ്വസിക്കുന്നു. 

ദൈവം നിങ്ങളുടെ പേര് വിളിക്കുന്നു

വിദ്യാഭ്യാസം നേടാൻ സഹായിക്കാമെന്ന വാഗ്ദാനം സ്വീകരിച്ച് നതാലിയ മറ്റൊരു രാജ്യത്തേക്ക് പോയി. എന്നാൽ താമസിയാതെ അവളുടെ പുതിയ വീട്ടിലെ പിതാവ് അവളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാൻ തുടങ്ങി. ശമ്പളമില്ലാതെ തന്റെ വീടിനെയും കുട്ടികളെയും പരിപാലിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അവളെ അയാൾ സമ്മതിച്ചില്ല. അവൾ അയാളുടെ അടിമയായി മാറിയിരുന്നു. 
അബ്രാമിന്റെയും സാറായിയുടെയും മിസ്രയീമ്യ അടിമയായിരുന്നു ഹാഗാർ. ആരും അവളുടെ പേര് ഉപയോഗിച്ചില്ല. അവർ അവളെ “എന്റെ അടിമ” അല്ലെങ്കിൽ “നിങ്ങളുടെ അടിമ” എന്ന് വിളിച്ചു (ഉൽപത്തി 16:2, 5-6). അവർക്ക് ഒരു അനന്തരാവകാശി ലഭിക്കാൻ അവളെ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 
ദൈവം എത്ര വ്യത്യസ്തനാണ്! മരുഭൂമിയിൽ, ഗർഭിണിയായ ഹാഗാറിനോട് സംസാരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ തിരുവെഴുത്തുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ദൂതൻ ഒന്നുകിൽ ദൈവത്തിന്റെ ദൂതൻ അല്ലെങ്കിൽ ദൈവം തന്നെയാണ്. അവൻ ദൈവമാണെന്ന് ഹാഗാർ വിശ്വസിച്ചു, കാരണം അവൾ പറയുന്നു, “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടു” (വാ. 13). ദൂതൻ ദൈവമാണെങ്കിൽ, അവൻ ഒരുപക്ഷേ പുത്രനാം ദൈവത്തിന്റെ - നമുക്ക് ദൈവത്തെ വെളിപ്പെടുത്തുന്നവൻ-അവതാരപൂർവ്വപ്രത്യക്ഷതയായിരിക്കും. അവൻ അവളുടെ പേര് വിളിച്ചു: “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു'' എന്നു ചോദിച്ചു (വാ. 8). 
ദൈവം നതാലിയയെ കണ്ടു, അവളെ രക്ഷിക്കുന്നതിനായി കരുതലുള്ള ആളുകളെ അവളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അവൾ ഇപ്പോൾ നേഴ്‌സാകാൻ പഠിക്കുകയാണ്. ദൈവം ഹാഗാറിനെ കണ്ടു അവളെ പേര് ചൊല്ലി വിളിച്ചു. ദൈവം നിങ്ങളെയും കാണുന്നു. നിങ്ങൾ അവഗണിക്കപ്പെടുകയോ അതിലും മോശമായി, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാം. യേശു നിങ്ങളെ പേര് ചൊല്ലി വിളിക്കുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുക. 

ഒരു വേറിട്ട നിലവിളി

ഒരു കുഞ്ഞ് കരയുമ്പോൾ, അവൾ ക്ഷീണിതനാണെന്നോ അല്ലെങ്കിൽ അവൾക്കു വിശക്കുന്നു എന്നോ ഉള്ളതിന്റെ സൂചനയാണ്, അല്ലേ? ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നവജാത ശിശുവിന്റെ കരച്ചിലിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മറ്റ് പ്രശ്‌നങ്ങൾക്കുള്ള സുപ്രധാന സൂചനകളും നൽകും. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നിർണ്ണയിക്കാൻ, കരച്ചിൽ ഘടകങ്ങൾ, ശബ്ദം, കരച്ചിൽ ശബ്ദം എത്ര വ്യക്തമാണ് എന്നിവ അളക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 
ദൈവം തന്റെ ജനത്തിന്റെ വ്യത്യസ്ത നിലവിളി കേൾക്കുമെന്നും അവരുടെ ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുമെന്നും കൃപയോടെ പ്രതികരിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെഹൂദാ, ദൈവത്തോട് ആലോചിക്കുന്നതിനുപകരം, അവന്റെ പ്രവാചകനെ അവഗണിക്കുകയും ഈജിപ്തുമായുള്ള സഖ്യത്തിൽ സഹായം തേടുകയും ചെയ്തു (യെശയ്യാവ് 30:1-7). അവർ തങ്ങളുടെ മത്സരത്തിൽ തുടരാൻ തീരുമാനിച്ചാൽ, അവൻ അവർക്ക് പരാജയവും അപമാനവും വരുത്തുമെന്ന് ദൈവം അവരോട് പറഞ്ഞു. എന്നിരുന്നാലും, “[അവരോട്] കൃപ കാണിക്കാനും  . . . കരുണ കാണിക്കാനും” അവൻ ആഗ്രഹിച്ചു (വാ. 18). അവൻ അവരെ രക്ഷിക്കും. പക്ഷേ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും നിലവിളിയിലൂടെ മാത്രമാണതു സംഭവിക്കുക. ദൈവജനം അവനോട് നിലവിളിച്ചാൽ, അവൻ അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവർക്ക് ആത്മീയ ശക്തിയും ചൈതന്യവും പുതുക്കിനൽകുകയും ചെയ്യും (വാ. 8-26). 
യേശുവിൽ വിശ്വസിക്കുന്ന ഇന്നത്തെ വിശ്വാസികൾക്കും ഇത് ബാധകമാണ്. നമ്മുടെമാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും വ്യതിരിക്തമായ നിലവിളികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ചെവികളിൽ എത്തുമ്പോൾ, അവൻ അത് കേൾക്കുകയും നമ്മോട് ക്ഷമിക്കുകയും അവനിലുള്ള നമ്മുടെ സന്തോഷവും പ്രത്യാശയും പുതുക്കുകയും ചെയ്യുന്നു. 

ഭയത്തിന്റെ കാരണം

ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സ്‌കൂൾ പരിസരത്തുവെച്ച് മുഠാളന്മാരായ കുട്ടികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും എന്നെപ്പോലുള്ള കുട്ടികൾ ആ ഭീഷണികളോട് എതിർത്തു നിൽക്കാതെ കീഴടങ്ങുകയുമാണ് ചെയ്തിരുന്നത്. ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ, അതിലും മോശമായ ഒന്ന് ''നീ പേടിച്ചുപോയി അല്ലേ? നിനക്ക് എന്നെ പേടിയാണ്, അല്ലേ? നിന്നെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല'' എന്നിങ്ങനെയുള്ള അവരുടെ പരിഹാസങ്ങൾ ആയിരുന്നു. 
വാസ്തവത്തിൽ, ആ സമയങ്ങളിൽ മിക്കതും ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു- അതിനു കാരണമുണ്ടായിരുന്നു പണ്ട് ഒരു ഇടി കിട്ടിയതിനാൽ, ഇനി അത് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, ഞാൻ ഭയത്താൽ വിറയ്ക്കുമ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും, ആരെ വിശ്വസിക്കാൻ കഴിയും? നിങ്ങൾക്ക് എട്ട് വയസ്സുള്ളപ്പോൾ, മുതിർന്നവനും വലിപ്പവും ശക്തിയും ഉള്ളവനുമായ ഒരു കുട്ടി ഭീഷണിപ്പെടുത്തുമ്പോൾ, ഭയം ന്യായമാണ്. 
ദാവീദ് ആക്രമണത്തെ അഭിമുഖീകരിച്ചപ്പോൾ, ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് അവൻ പ്രതികരിച്ചത് - കാരണം ആ ഭീഷണികളെ താൻ ഒറ്റയ്ക്കല്ല നേരിടുന്നതെന്ന് അവനറിയാമായിരുന്നു. അവൻ എഴുതി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (സങ്കീർത്തനം 118:6). ഒരു കുട്ടിയെന്ന നിലയിൽ, ദാവീദിന്റെ ആത്മവിശ്വാസത്തിന്റെ നിലവാരം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, ഒരു മുതിർന്നയാൾ എന്ന നിലയിൽ, ഭയപ്പെടുത്തുന്ന ഏതൊരു ഭീഷണിയേക്കാളും ക്രിസ്തു വലിയവനാണെന്ന് വർഷങ്ങളോളം അവനോടൊപ്പം നടന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കി. 
ജീവിതത്തിൽ നാം നേരിടുന്ന ഭീഷണികൾ യഥാർത്ഥമാണ്. എന്നാലും നാം ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മോടൊപ്പമുണ്ട്, അവൻ ആവശ്യത്തിലധികം കരുത്തുള്ളവൻ ആണ്. 

മനസ്സലിവ് പ്രവൃത്തിയിൽ

ബെഞ്ചുകൾ നിർമ്മിക്കുന്നത് ജെയിംസ് വാറന്റെ ജോലിയല്ല. എന്നിരുന്നാലും, ഡെൻവറിലെ ഒരു സ്ത്രീ ബസ് കാത്തുനിൽക്കുമ്പോൾ തറയിൽ ഇരിക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അവ നിർമ്മിക്കാൻ തുടങ്ങി. അത് ''മാന്യതയില്ലാത്തതാണ്,'' ആ കാഴ്ച വാറനെ വിഷമിപ്പിച്ചു. അങ്ങനെ, ഇരുപത്തിയെട്ടുകാരനായ വർക്ക്‌ഫോഴ്‌സ് കൺസൾട്ടന്റ് കുറച്ച് തടി കണ്ടെത്തി, ഒരു ബെഞ്ച് നിർമ്മിച്ച് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചു. അത് പെട്ടെന്ന് ഉപയോഗിക്കപ്പെട്ടു. തന്റെ നഗരത്തിലെ ഒമ്പതിനായിരം ബസ് സ്റ്റോപ്പുകളിൽ പലതിനും ഇരിപ്പിടമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ബെഞ്ച് ഉണ്ടാക്കി, പിന്നെ അനേകം, ഓരോന്നിലും “മനസ്സലിവുള്ളവരാകുക” എന്ന് ആലേഖനം ചെയ്തു. അദ്ദേഹത്തിന്റെ ലക്ഷ്യം? ''എനിക്ക് കഴിയുന്ന വിധത്തിൽ, ആളുകളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക'' വാറൻ പറഞ്ഞു. 
അത്തരം പ്രവർത്തനങ്ങളെ വിവരിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് മനസ്സലിവ്. യേശു പ്രയോഗിച്ചതുപോലെ, മനസ്സലിവ് എന്നത് വളരെ ശക്തമായ ഒരു വികാരമാണ്, അത് മറ്റൊരാളുടെ ആവശ്യം നിറവേറ്റാനുള്ള നടപടിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിരാശരായ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നപ്പോൾ, “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു” (മർക്കൊസ് 6:34). അവരുടെ രോഗികളെ സുഖപ്പെടുത്തി (മത്തായി 14:14) ആ മന്‌സലിവിനെ അവൻ പ്രവൃത്തിപദത്തിലെത്തിച്ചു. 
നാമും “മനസ്സലിവ് ധരിക്കണം” എന്ന് പൗലൊസ് ഉദ്‌ബോധിപ്പിച്ചു (കൊലൊസ്യർ 3:12). നേട്ടങ്ങൾ? വാറൻ പറയുന്നതുപോലെ, “ഇത് എന്നെ നിറയ്ക്കുന്നു. എന്റെ ടയറുകളിൽ വായു ഉണ്ട്.” 
നമുക്ക് ചുറ്റുപാടും ആവശ്യത്തിലിരിക്കുന്നവർ ധാരാളമുണ്ട്, ദൈവം അവരെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരും. നമ്മുടെ മനസ്സലിവിനെ പ്രവർത്തനക്ഷമമാക്കാൻ ആ ആവശ്യങ്ങൾ നമ്മെ പ്രേരിപ്പിക്കും, ക്രിസ്തുവിന്റെ സ്‌നേഹം നാം കാണിക്കുമ്പോൾ ആ പ്രവർത്തനങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.