
സത്യം ഒരിക്കലും മാറുന്നില്ല
തന്റെ പേനയ്ക്കു ഒരു പേരിട്ടു വിളിച്ചുകൊണ്ടു തന്റെ അധ്യാപകനെതിരെ എതിർപ്പു കാണിച്ച ഒരു വിദ്യാർത്ഥിയുടെ സാങ്കൽപ്പിക കുട്ടിക്കഥ ഞാനും എന്റെ മകൻ സേവ്യറും അവൻ ചെറുപ്പമായിരുന്നപ്പോൾ വായിച്ചിട്ടുണ്ട്. താൻ സൃഷ്ടിച്ച പുതിയ പേരു പേനകൾക്ക് ഉപയോഗിക്കാൻ അഞ്ചാം ക്ലാസിലെ തന്റെ സഹപാഠികളുമായി ആ വിദ്യാർത്ഥി ചട്ടംകെട്ടി. പേനയുടെ മറുപേരിനെക്കുറിച്ചുള്ള വാർത്ത നഗരം മുഴുവൻ പരന്നു. മറ്റുള്ളവർ ഒരു ബാലന്റെ നിർമ്മിത യാഥാർത്ഥ്യത്തെ ഒരു സാർവത്രിക സത്യമായി അംഗീകരിച്ചതുകൊണ്ട്, ഒടുവിൽ, രാജ്യത്തുടനീളമുള്ള ജനങ്ങൾ പേനയെ വിളിക്കുന്ന പദം മാറ്റി.
ചരിത്രത്തിലുടനീളം, ന്യൂനതകളുള്ള മനുഷ്യർ തങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി സത്യത്തിന്റെ സദാ മാറിക്കൊണ്ടിരിക്കുന്ന പതിപ്പുകളോ വ്യക്തിപരമായ ഇഷ്ടാനുസൃത യാഥാർത്ഥ്യങ്ങളോ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വേദപുസ്തകം ഒരു സത്യത്തിലേക്ക്, ഏക സത്യദൈവത്തിലേക്ക്, രക്ഷയിലേക്കുള്ള ഏക മാർഗത്തിലേക്കു വിരൽ ചൂണ്ടുന്നു - മശിഹാ - അവനിലൂടെ “യഹോവയുടെ മഹത്വം വെളിപ്പെടും” (യെശയ്യാവ് 40:5). സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളെയും പോലെ, മനുഷ്യരും താൽക്കാലികവും തെറ്റുപറ്റുന്നവരും ആശ്രയിക്കാൻ കഴിയാത്തവരുമാണെന്നു യെശയ്യാ പ്രവാചകൻ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു (വാ. 6-7). “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും” (വാ. 8) എന്നു അവൻ പറഞ്ഞു.
വരാനിരിക്കുന്ന മശിഹായെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ആശ്രയയോഗ്യമായ ഒരു അടിത്തറയും സുരക്ഷിതമായ ഒരു സങ്കേതവും ഉറപ്പുള്ള ഒരു പ്രത്യാശയും പ്രദാനം ചെയ്യുന്നു. യേശു തന്നെ വചനമായതിനാൽ നമുക്കു ദൈവവചനത്തിൽ വിശ്വസിക്കാൻ സാധിക്കും (യോഹന്നാൻ 1:1). ഒരിക്കലും മാറാത്ത സത്യമാണ് യേശു.

നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം
വർഷം 1968. അമേരിക്ക വിയറ്റ്നാമുമായുള്ള യുദ്ധത്തിൽ മുഴുകിയിരിക്കുകയാണ്. നഗരങ്ങളിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതു പ്രവർത്തകരായ രണ്ടു വ്യക്തികൾ വധിക്കപ്പെട്ടിരിക്കുന്നു. ഒരു വർഷം മുമ്പ്, വിക്ഷേപണത്തറയിൽ അഗ്നിബാധ മൂന്നു ബഹിരാകാശയാത്രികരുടെ ജീവൻ അപഹരിച്ചിരുന്നു. ചന്ദ്രനിലേക്കു പോകുക എന്ന ആശയം ഒരു സ്വപ്നമായി തോന്നി തുടങ്ങി. എന്നിരുന്നാലും, ക്രിസ്തുമസിന് അല്പ ദിവസങ്ങൾക്കു മുമ്പ് അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു.
ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമായി ഇത് മാറി. സംഘാംഗങ്ങളായ ബോർമാൻ, ആൻഡേഴ്സ്, ലോവെൽ—മൂവരും ക്രിസ്തു വിശ്വാസികൾ—ക്രിസ്തുമസിന്റെ തലേദിനത്തേക്കുള്ള ഒരു സന്ദേശം പ്രക്ഷേപണം ചെയ്തു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പത്തി 1:1). അക്കാലത്ത്, ലോകത്ത് ഏറ്റവുമധികം വ്യക്തികൾ കണ്ട ടിവി സംഭവമായിരുന്നു അത്. ഇപ്പോൾ ജനപ്രീതിയാർജ്ജിച്ച ഒരു ചിത്രമായ ദൈവത്തിന്റെ കണ്ണുകളിലൂടെയുള്ള ഭൂമിയുടെ കാഴ്ച ദശലക്ഷക്കണക്കിനു മനുഷ്യർ പങ്കുവച്ചു. ഫ്രാങ്ക് ബോർമാൻ തന്റെ വായന പൂർത്തിയാക്കി: “നല്ലതു എന്നു ദൈവം കണ്ടു” (ഉല്പത്തി 1:10).
നാം ആഴ്ന്നുകിടക്കുന്ന എല്ലാ പ്രയാസങ്ങളും കാരണം ചിലപ്പോഴൊക്കെ നമ്മിലേക്കു തന്നെ നോക്കി നല്ലതെന്തെങ്കിലും കാണുക പ്രയാസമാണ്. എന്നാൽ നമുക്കു സൃഷ്ടിയുടെ കഥയിലേക്കു മടങ്ങി, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം കാണാം: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (വാ. 27). ആ വാക്യത്തെ നമുക്കു മറ്റൊരു ദൈവിക വീക്ഷണവുമായി ചേർത്തു വായിക്കാം: “ദൈവം… ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16). ഇന്ന്, ദൈവം നിങ്ങളെ സൃഷ്ടിച്ചുവെന്നും പാപങ്ങൾക്കിടയിലും നിങ്ങളിലെ നന്മ കാണുന്നുവെന്നും അവൻ സൃഷ്ടിച്ച നിങ്ങളെ അവൻ സ്നേഹിക്കുന്നുവെന്നും ഓർക്കുക.

നാം ആരെ കേൾക്കും
“എനിക്ക് ഒരു അടിയന്തര സാഹചര്യം നേരിട്ടിരിക്കുന്നു. എന്റെ പൈലറ്റ് മരിച്ചിരിക്കുന്നു.” തന്റെ വിമാനം നിരീക്ഷിക്കുന്ന കൺട്രോൾ ടവറിനോട് ഡഗ് വൈറ്റ് പരിഭ്രാന്തിയോടെ ആ വാക്കുകൾ പറഞ്ഞു. പറന്നുയർന്ന് മിനിറ്റുകൾക്കകം, ഡൗഗിന്റെ കുടുംബം ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിന്റെ പൈലറ്റ് പൊടുന്നനവെ മരണപ്പെട്ടു. അത്ര സങ്കീർണ്ണമല്ലാത്ത വിമാനങ്ങൾ പറത്തുന്നതിൽ വെറും മൂന്ന് മാസത്തെ പരിശീലനം മാത്രമുള്ള ഡഗ് കോക്ക്പിറ്റിലേക്കു പ്രവേശിച്ചു. ഒരു പ്രാദേശിക വിമാനത്താവളത്തിലെ കൺട്രോളർ പറഞ്ഞ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടനുസരിച്ച്, അദ്ദേഹം വിമാനം ലാൻഡ് ചെയ്തു. പിന്നീട്, ഡഗ് പറഞ്ഞു, “വീമാനത്തിനു തീപിടിച്ച് എന്റെ കുടുംബം മരിക്കുന്നതിൽനിന്ന് [അവർ] ഞങ്ങളെ രക്ഷിച്ചു.”
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നമ്മെ ഒറ്റയ്ക്കു സഹായിക്കാൻ കഴിയുന്ന ഒരാൾ നമുക്കുണ്ട്. മോശെ യിസ്രായേൽമക്കളോടു സംസാരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു, “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം” (ആവർത്തനപുസ്തകം 18:15). ഈ വാഗ്ദത്തം ദൈവം തന്റെ ജനത്താൻ ഒരുക്കിയ പ്രവാചകന്മാരുടെ ഒരു പിന്തുടർച്ചയിലേക്കു വിരൽ ചൂണ്ടുന്നുവെങ്കിലും അതു മശിഹായെക്കുറിച്ചും സംസാരിക്കുന്നു. ഈ ആത്യന്തിക പ്രവാചകൻ യേശുവാണെന്നു പത്രൊസും സ്തെഫാനൊസും പിന്നീട് പ്രസ്താവിച്ചു (പ്രവൃത്തികൾ 3:19-22; 7:37, 51-56). ദൈവത്തിന്റെ സ്നേഹനിർഭരവും ജ്ഞാനപൂർവുമായ നിർദ്ദേശങ്ങൾ നമ്മോടു പറയാൻ വന്നത് അവൻ മാത്രമാണ് (ആവർത്തനം 18:18).
“ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ…” (മർക്കൊസ് 9:7) എന്നു ക്രിസ്തുവിന്റെ ജീവിതകാലത്തു പിതാവായ ദൈവം പറഞ്ഞു. വിവേകത്തോടെ ജീവിക്കാനും ഈ ജീവിതത്തിൽ തകർന്നുവീഴാതിരിക്കാനും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിലൂടെയും യേശു സംസാരിക്കുമ്പോൾ നമുക്കു അവനെ കേൾക്കാം. അവനെ ശ്രവിക്കുക എന്നതു നമ്മുടെ ജീവിതത്തിൽ നിർണ്ണായകമാണ്.

യേശു നമ്മുടെ രക്ഷകൻ
പാക്കിസ്ഥാൻ താഴ്‌വരയിലൂടെയുള്ള ഒരു സാധാരണ കേബിൾ കാർ യാത്രയിൽ തുടങ്ങിയതു ഭയാനകമായ ഒരു പരീക്ഷണമായി അവസാനിച്ചു. സവാരി ആരംഭിച്ചു അല്പ സമയത്തിനുള്ളിൽതന്നെ ഉറപ്പിച്ചുകെട്ടിയിരുന്ന രണ്ടു കേബിളുകൾ പൊട്ടിപ്പോയി. സ്കൂൾ കുട്ടികളടക്കം എട്ടു യാത്രക്കാർ നൂറുകണക്കിന് അടി ഉയരെ വായുവിൽ പെട്ടുപോകാൻ ഇതു ഇടയാക്കി. പാക്കിസ്ഥാനി സൈന്യത്തിന്റെ പന്ത്രണ്ട് മണിക്കൂർ നീണ്ട ക്ലേശാവഹമായ രക്ഷാപ്രവർത്തനത്തിന് ഈ സാഹചര്യം കാരണമായി. യാത്രക്കാരെ രക്ഷിക്കാനായി അവർ സിപ്പ്‌ലൈനുകളും ഹെലികോപ്റ്ററുകളും മറ്റു നിരവധി സങ്കേതങ്ങളും ഉപയോഗിച്ചു.
മികച്ച പരിശീലനം ലഭിച്ച ആ രക്ഷാപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിച്ചു വിടുവിക്കാനുള്ള ദൗത്യമായി വന്ന യേശുവിന്റെ നിത്യമായ പ്രവർത്തനത്തിനു മുമ്പിൽ അവരുടെ പ്രവർത്തനം ഒന്നുമല്ലാതാകുന്നു. ക്രിസ്തുവിന്റെ ജനനത്തിനുമുമ്പ്, മറിയയുടെ ഗർഭം “പരിശുദ്ധാത്മാവിൽ” നിന്നായതിനാൽ (മത്തായി 1:18, 20) അവളെ ഭവനത്തിലേക്കു ചേർത്തുകൊള്ളാൻ ഒരു ദൂതൻ ജോസഫിനോടു നിർദ്ദേശിച്ചു. അവൻ “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു” (വാക്യം 21) യോസേഫിനോടും തന്റെ മകനു യേശു എന്നു പേരിടാൻ പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ ഈ പേരു സാധാരണമായിരുന്നെങ്കിലും, രക്ഷകനാകാനുള്ള യോഗ്യത ഈ ശിശുവിനു മാത്രമായിരുന്നു (ലൂക്കൊസ് 2:30-32). അനുതപിക്കുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും നിത്യരക്ഷ മുദ്രവെക്കാനും സുരക്ഷിതമാക്കാനുമായി യഥാസമയത്താണു ക്രിസ്തു വന്നത്.
ദൈവത്തിൽ നിന്നുള്ള ശാശ്വത വേർപാടിന്റെ താഴ്‌വരയിൽ മുകളിലായി പാപത്തിന്റെയും മരണത്തിന്റെയും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ അവന്റെ സ്നേഹത്താലും കൃപയാലും, നമ്മെ രക്ഷിച്ചു നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കൽ സുരക്ഷിതമായി ഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനായി യേശു വന്നു. അവനെ സ്തുതിപ്പിൻ!

ക്രിസ്തുവിലുള്ള പ്രോത്സാഹനം
സഹപാഠികൾക്കു പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കുറിപ്പുകൾ എഴുതാൻ ഒരു സ്കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോടു നിർദ്ദേശിച്ചു. ദിവസങ്ങൾക്കുശേഷം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുള്ള ഒരു സ്‌കൂളിൽ ഒരു ദുരന്തം നടന്നപ്പോൾ, തങ്ങൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും വേദനയും അവർ അനുഭവിച്ചുകണ്ടിരുന്ന വേളയിൽ തങ്ങളുടെ കുറിപ്പുകൾ സഹപാഠികൾക്കു ധൈര്യം പകർന്നു.
തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ, പ്രോത്സാഹനവും പരസ്പരമുള്ള കരുതലും പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നു. അവർക്കു സുഹൃത്തുക്കളെ നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്കു വീണ്ടും ജീവൻ നൽകുന്ന യേശുവിന്റെ വാഗ്ദത്ത തിരിച്ചുവരവിൽ പ്രത്യാശിക്കാൻ പൗലൊസ് അവരെ ഉപദേശിച്ചു (1 തെസ്സലൊനീക്യർ 4:14). അത് എപ്പോൾ സംഭവിക്കുമെന്ന് അവർക്കറിയില്ലെങ്കിലും, വിശ്വാസികൾ എന്ന നിലയിൽ അവൻ മടങ്ങിവരുമ്പോൾ ദൈവത്തിന്റെ ന്യായവിധിയെ ഭയന്നു കാത്തിരിക്കേണ്ടതില്ലെന്ന് അവൻ അവരെ ഓർമ്മിപ്പിച്ചു (5:9). പകരം, അവനോടൊപ്പമുള്ള ഭാവി ജീവിതത്തെ അവർക്ക് ആത്മവിശ്വാസത്തോടെ കാത്തിരിക്കാനും അതിനിടയിൽ “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” (വാ. 11) എന്നും അവൻ അവരെ ഓർമ്മിപ്പിച്ചു.
വേദനാജനകമായ നഷ്ടങ്ങളോ അർത്ഥശൂന്യമായ ദുരന്തങ്ങളോ നാം അനുഭവിക്കുമ്പോൾ, ഭയവും സങ്കടവും നമ്മെ കീഴടക്കുക എളുപ്പമാണ്. എങ്കിലും പൗലൊസിന്റെ വാക്കുകൾ അത് എഴുതപ്പെട്ട കാലത്തെപ്പോലെ ഇന്നും നമുക്കു സഹായകമാണ്. ക്രിസ്തു എല്ലാം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. അതിനിടയിൽ, കുറിപ്പുകൾ എഴുതിയോ സംസാരത്തിലൂടെയോ ശുശ്രൂഷ പ്രവർത്തനങ്ങളിലൂടെയോ വെറുമൊരു ആലിംഗനത്തിലൂടെയോ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.