
നിങ്ങൾ ആരാണ്
ഒരു ദശാബ്ദത്തോളം കുട്ടികളില്ലാതിരുന്നതിനു ശേഷം, 2011 ൽ ഞാനും ഭാര്യയും ഒരു പുതിയ രാജ്യത്ത് ജീവിതം തുടങ്ങാൻ തീരുമാനിച്ചു. ഈ നീക്കം ആവേശകരമായിരുന്നപ്പോൾ തന്നേ, അതിനുവേണ്ടി എനിക്ക് ഒരു പ്രക്ഷേപണ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. നഷ്ടബോധം തോന്നിയ ഞാൻ, എന്റെ സുഹൃത്ത് ലിയാമിനോട് ഉപദേശം ചോദിച്ചു.
“ഇനിമേൽ എന്റെ വിളി എന്താണെന്ന് എനിക്കറിയില്ല,’’ ഞാൻ നിരാശയോടെ ലിയാമിനോട് പറഞ്ഞു.
“താങ്കൾ ഇവിടെ സംപ്രേക്ഷണം ചെയ്യുന്നില്ലേ?’’ അവൻ ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞു.
“താങ്കളുടെ വിവാഹജീവിതം എങ്ങനെയുണ്ട്?’’
അവൻ വിഷയം മാറ്റിയതിൽ ആശ്ചര്യപ്പെട്ടെങ്കിലും ഞാനും മെറിനും നന്നായി പോകുന്നുണ്ടെന്ന് ഞാൻ ലിയാമിനോട് പറഞ്ഞു. ഹൃദയത്തകർച്ചയെ ഞങ്ങൾ ഒരുമിച്ച് അഭിമുഖീകരിച്ചു, എങ്കിലും പ്രതിസന്ധി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
“പ്രതിബദ്ധതയാണ് സുവിശേഷത്തിന്റെ കാതൽ,’’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. “ഓ, നിങ്ങളുടേതുപോലെ പ്രതിബദ്ധതയുള്ള വിവാഹങ്ങളെയാണ് ലോകം കാണേണ്ടത്! താങ്കൾ ചെയ്യുന്ന കാര്യങ്ങൾക്കപ്പുറമായി, നിങ്ങൾ ആരാണെന്നിലൂടെ ചെലുത്തുന്ന സ്വാധീനം എത്രമാത്രമെന്ന് നിങ്ങൾ ഇരുവരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.’’
കഠിനമായ ജോലി സാഹചര്യം തിമൊഥെയൊസിനെ നിരാശനാക്കിയപ്പോൾ, അപ്പൊസ്തലനായ പൗലൊസ് അവന് പ്രവൃത്തി ലക്ഷ്യങ്ങൾ നൽകിയില്ല. പകരം, അവന്റെ സംസാരം, പെരുമാറ്റം, സ്‌നേഹം, വിശ്വാസം, പരിശുദ്ധി എന്നിവയിലൂടെ ഒരു മാതൃക വെക്കുകയും ഭക്തിയുള്ള ജീവിതം നയിക്കാൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (4:12-13, 15). വിശ്വസ്തതയോടെ ജീവിക്കുന്നതിലൂടെ അവനു മറ്റുള്ളവരെ ഏറ്റവും നന്നായി സ്വാധീനിക്കുവാൻ കഴിയും.
നമ്മുടെ സ്വഭാവമാണ് ഏറ്റവും പ്രധാനം എന്നിരിക്കിലും, നമ്മുടെ തൊഴിൽ വിജയത്തെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ വിലമതിക്കുന്നത് എളുപ്പമാണ്. ഞാൻ അത് മറന്നിരുന്നു. എന്നാൽ സത്യത്തിന്റെ ഒരു വാക്ക്, കൃപയുള്ള പ്രവൃത്തി, പ്രതിജ്ഞാബദ്ധമായ ഒരു വിവാഹത്തിനു പോലും വലിയ മാറ്റം കൊണ്ടുവരാൻ കഴിയും - കാരണം അവയിലൂടെ ദൈവത്തിന്റെ സ്വന്തം നന്മയുടെ ഒരു ഭാഗം ലോകത്തെ സ്പർശിക്കുന്നു.

പരസ്പര പ്രോത്സാഹനം
ചികിത്സാസംബന്ധമായ കൂടുതൽ തിരിച്ചടികളുടെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഞാൻ സോഫയിലേക്കു തളർന്നു വീണു. എനിക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ തോന്നിയില്ല. എനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. എനിക്കു പ്രാർത്ഥിക്കാൻ പോലും കഴിഞ്ഞില്ല. ടെലിവിഷൻ ഓൺ ചെയ്യുമ്പോൾ നിരുത്സാഹവും സംശയവും എന്നെ തളർത്തിയിരുന്നു. ഒരു ചെറിയ പെൺകുട്ടി അവളുടെ ഇളയ സഹോദരനോട് സംസാരിക്കുന്നത് കാണിക്കുന്ന ഒരു പരസ്യം ഞാൻ കാണാൻ തുടങ്ങി. “നീ ഒരു ചാമ്പ്യനാണ്,’’ അവൾ പറഞ്ഞു. അവൾ അവനെ ഉറപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ ചിരി വർദ്ധിച്ചു. എന്റെ ചിരിയും.
ദൈവജനം എക്കാലത്തും നിരുത്സാഹത്തോടും സംശയത്തോടും പോരാടിയിട്ടുണ്ട്. ദൈവത്തിന്റെ ശബ്ദം പരിശുദ്ധാത്മാവിലൂടെ കേൾക്കാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന സങ്കീർത്തനം 95 ഉദ്ധരിച്ചുകൊണ്ട്, മരുഭൂമിയിൽ അലഞ്ഞുതിരിയുമ്പോൾ യിസ്രായേല്യർ വരുത്തിയ തെറ്റുകൾ ഒഴിവാക്കാൻ എബ്രായലേഖന എഴുത്തുകാരൻ യേശുവിൽ വിശ്വസിക്കുന്നവർക്ക് മുന്നറിയിപ്പു നൽകി (എബ്രായർ 3:7-11). “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ,’’ അവൻ എഴുതി. പകരം, “നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ’’ (വാ. 12-13).
ക്രിസ്തുവിൽ ഉറപ്പിച്ചിരിക്കുന്ന പ്രത്യാശയുടെ രക്ഷാച്ചരട് ഉപയോഗിച്ച്, നമുക്ക് സ്ഥിരതയോടെ മുന്നോട്ടു പോകാനാവശ്യമായ ശക്തിക്ക് വേണ്ട ഇന്ധനം ലഭ്യമാക്കാൻ കഴിയും - അതായത് വിശ്വാസികളുടെ കൂട്ടായ്മയിലൂടെ ലഭിക്കുന്ന പരസ്പര പ്രോത്സാഹനം (വാ. 13). ഒരു വിശ്വാസി സംശയിക്കുമ്പോൾ, മറ്റ് വിശ്വാസികൾക്ക് സ്ഥിരീകരണവും കാര്യവിചാരകത്വവും വാഗ്ദാനം ചെയ്യാൻ കഴിയും. ദൈവം തന്റെ ജനമായ നമ്മെ ശക്തീകരിക്കുമ്പോൾ, നമുക്ക് പരസ്പരം പ്രോത്സാഹനത്തിന്റെ ശക്തി നൽകാൻ കഴിയും.

മുന്നറിയിപ്പ് ശബ്ദങ്ങൾ
എപ്പോഴെങ്കിലും ഒരു അണലിയുമായി (വാലുകൊണ്ടു കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന പാമ്പ്) നിങ്ങൾ അടുത്തിടപഴകിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ അണലിയുടെ അടുത്തേക്ക് നീങ്ങുന്തോറും കിലുകില ശബ്ദം കൂടുതൽ തീവ്രമാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഒരു ഭീഷണി അടുത്തുവരുമ്പോൾ പാമ്പുകൾ അവയുടെ കിലുകില ശബ്ദത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു . ഈ 'ഹൈഫ്രീക്വൻസി മോഡ്' അവ യഥാർത്ഥത്തിൽ ആയിരിക്കുന്നതിനേക്കാൾ അടുത്താണെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഒരു ഗവേഷകൻ പറഞ്ഞതുപോലെ, “ശ്രോതാവിന്റെ ദൂരത്തിന്റെ തെറ്റായ വ്യാഖ്യാനം . . . ഒരു ദൈർഘ്യമുള്ള സുരക്ഷാ പരിധി സൃഷ്ടിക്കുന്നു.’’
ഒരു സംഘർഷ സമയത്ത് മറ്റുള്ളവരെ ദൂരേക്ക് അകറ്റുന്നതിനായി, ആളുകൾക്ക് പരുഷമായ വാക്കുകൾകൊണ്ടുള്ള ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കാൻ കഴിയും - കോപം പ്രകടിപ്പിക്കുകയും ആക്രോശിക്കുകയും ചെയ്യാം. സദൃശവാക്യങ്ങളുടെ രചയിതാവ് ഇതുപോലുള്ള സമയങ്ങളിൽ ചില ജ്ഞാനപൂർണ്ണമായ ഉപദേശം പങ്കുവെക്കുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു’’ (സദൃശവാക്യങ്ങൾ 15:1). “ശാന്തവും’’ “ജ്ഞാനമുള്ളതുമായ’’ വാക്കുകൾ “ജീവവൃക്ഷവും’’ “പരിജ്ഞാനത്തിന്റെ’’ ഉറവിടവും ആയിരിക്കുമെന്ന് അവൻ തുടർന്നു പറയുന്നു (വാ. 4, 7).
നാം കലഹത്തിൽ ഏർപ്പെടുന്നവരെ സൗമ്യമായി ശാന്തരാക്കുന്നതിനുള്ള ആത്യന്തിക കാരണങ്ങൾ യേശു നൽകി: നാം അവന്റെ മക്കളാണെന്ന് വെളിപ്പെടുത്തുന്ന സ്‌നേഹം അവരുടെ നേരെ നീട്ടുകയും (മത്തായി 5:43-45), അനുരഞ്ജനം തേടുകയും ചെയ്യുക - അവരെ “നേടുക’’ (18:15). സംഘർഷങ്ങളിൽ ശബ്ദമുയർത്തുകയോ ദയാരഹിത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിനുപകരം, ദൈവം തന്റെ ആത്മാവിനാൽ നമ്മെ നയിക്കുന്നതുപോലെ മറ്റുള്ളവരോട് മാന്യതയും വിവേകവും സ്‌നേഹവും കാണിക്കാൻ നമുക്കു കഴിയട്ടെ.

ഒരു ചൂടുള്ള ഭക്ഷണം
ബാർബിക്യൂ ചിക്കൻ, ഗ്രീൻ ബീൻസ്, പാസ്ത, ബ്രെഡ്. ഒക്ടോബറിലെ ഒരു തണുത്ത ദിനത്തിൽ, ജീവിതത്തിന്റെ അമ്പത്തിനാലു വർഷം ആഘോഷിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് കുറഞ്ഞത് അമ്പത്തിനാലു ഭവനരഹിതർക്ക് ഈ ചൂടു ഭക്ഷണം ലഭിച്ചു. സാധാരണയായി ഒരു റെസ്‌റ്റോറന്റിൽ ആഘോഷിക്കുന്ന തന്റെ ബർത്ത്‌ഡേ ഡിന്നർ ഉപേക്ഷിക്കാനും പകരം ചിക്കാഗോയിലെ തെരുവുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പാനും ഈ സ്ത്രീയും അവളുടെ സുഹൃത്തുക്കളും തീരുമാനിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി, ജന്മദിന സമ്മാനമായി ഒരു ദയാപ്രവൃത്തി ചെയ്യുവാൻ സോഷ്യൽ മീഡിയയിലൂടെ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.
ഈ കഥ എന്നെ, മത്തായി 25 ലെ യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ (വാ. 40). തന്റെ ചെമ്മരിയാടുകൾ തങ്ങളുടെ പ്രതിഫലം സ്വീകരിക്കാൻ തന്റെ നിത്യരാജ്യത്തിലേക്കു ക്ഷണിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് അവൻ ഈ വാക്കുകൾ പറഞ്ഞത് (വാ. 33-34). ആ സമയത്ത്, തന്നിൽ വിശ്വസിക്കാത്ത അഹങ്കാരികളായ മതവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി (26:3-5 കാണുക), തന്നിലുള്ള ആത്മാർത്ഥമായ വിശ്വാസം നിമിത്തം തന്നെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്ത ആളുകളാണ് അവരെന്ന് യേശു പ്രഖ്യാപിക്കും. “നീതിമാന്മാർ’’ തങ്ങൾ എപ്പോഴാണ് യേശുവിനെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തതെന്നു ചോദിക്കുമ്പോൾ (25:37), അവർ മറ്റുള്ളവർക്കുവേണ്ടി ചെയ്തത് തനിക്കുവേണ്ടിയും ചെയ്തുവെന്ന് അവൻ അവർക്ക് ഉറപ്പുനൽകും (വാ. 40).
വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത്, തന്റെ ജനത്തെ പരിപാലിക്കാൻ ദൈവം നമ്മെ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണ് - അവനോടുള്ള നമ്മുടെ സ്‌നേഹവും അവനുമായുള്ള ബന്ധവും കാണിക്കുന്ന ഒരു മാർഗ്ഗം. ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.

എന്നോടൊപ്പം നടക്കുക
കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സുവിശേഷ ഗായകസംഘം ആലപിച്ച “യേശു എന്നോടൊപ്പം നടക്കുന്നു’’ എന്ന ജനപ്രിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ആ വരികൾക്കു പിന്നിൽ ശക്തമായ ഒരു കഥയുണ്ട്.
ജാസ് സംഗീതജ്ഞനായ കർട്ടിസ് ലുണ്ടി കൊക്കെയ്ൻ ആസക്തിക്കുള്ള ചികിത്സാ പരിപാടിയിൽ പ്രവേശിച്ചപ്പോഴാണ് ഗായകസംഘം ആരംഭിച്ചത്. ആസക്തിക്കടിമകളായ മറ്റുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പഴയ ഗാനത്തിൽ പ്രചോദനം ഉൾക്കൊണ്ട്, പുനരധിവാസത്തിലുള്ളവർക്ക് പ്രത്യാശയുടെ ഒരു ഗാനമായി അദ്ദേഹം ആ കോറസ് എഴുതി. “ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിനായി പാടുകയായിരുന്നു,’’ ഒരു ഗായകസംഘാംഗം പാട്ടിനെക്കുറിച്ച് പറയുന്നു. “ഞങ്ങളെ രക്ഷിക്കാനും മയക്കുമരുന്നിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കാനും ഞങ്ങൾ യേശുവിനോട് ആവശ്യപ്പെടുകയായിരുന്നു.’’ താൻ പാട്ട് പാടിയപ്പോൾ തന്റെ അതികഠിനമായ വേദന ശമിച്ചതായി ഒരുവൾ സാക്ഷ്യപ്പെടുത്തി. ആ ഗായകസംഘം ഒരു കടലാസിലെ വാക്കുകൾ പാടുക മാത്രമായിരുന്നില്ല, വീണ്ടെടുപ്പിനായി ആശയറ്റവരുടെ പ്രാർത്ഥനകൾ അർപ്പിക്കുകയായിരുന്നു.
ഇന്നത്തെ വായനയ്ക്കുള്ള തിരുവെഴുത്ത്, അവരുടെ അനുഭവത്തെ നന്നായി വിവരിക്കുന്നു. ക്രിസ്തുവിൽ നമ്മുടെ ദൈവം, എല്ലാ മനുഷ്യർക്കും രക്ഷ നൽകുവാൻ അവതരിച്ചിരിക്കുന്നു (തീത്തൊസ് 2:11). നിത്യജീവൻ ഈ ദാനത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നേ (വാ. 13), ആത്മനിയന്ത്രണം വീണ്ടെടുക്കാനും ലൗകിക ആസക്തികളോട് ഇല്ല എന്നു പറയാനും നമ്മെ ശക്തരാക്കിക്കൊണ്ട് അവനോടൊപ്പമുള്ള ജീവിതത്തിനായി നമ്മെ വീണ്ടെടുക്കാനും ദൈവം ഇപ്പോൾ നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (വാ. 12, 14). ഗായകസംഘത്തിലെ അംഗങ്ങൾ കണ്ടെത്തിയതുപോലെ, യേശു നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, വിനാശകരമായ ജീവിതശൈലിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.
യേശു എന്നോടൊപ്പം നടക്കുന്നു. നിങ്ങളോടൊപ്പവും. സഹായത്തിനായി അവനോടു നിലവിളിക്കുന്ന ഏതൊരാൾക്കൊപ്പവും. ഭാവിയെക്കുറിച്ചും ഇപ്പോൾ രക്ഷയെക്കുറിച്ചും പ്രത്യാശ നൽകിക്കൊണ്ട് അവിടുന്നു നമ്മോടൊപ്പമുണ്ട്.