Category  |  odb

യഥാർത്ഥ മാറ്റം

സൗത്ത് ലണ്ടനിലെ പ്രക്ഷുബ്ധമായ ഒരു വീട്ടിൽ വളർന്ന ക്ലോഡ് പതിനഞ്ചാം വയസ്സിൽ മരിജുവാനയും ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ ഹെറോയിനും വിൽക്കാൻ തുടങ്ങി. തന്റെ പ്രവർത്തനങ്ങൾക്ക് ഒരു മറ ആവശ്യമായിരുന്ന അയാൾ, യുവാക്കൾക്ക് ഒരു മാർഗദർശിയായി പ്രവർത്തിച്ചു. താമസിയാതെ, യേശുവിൽ വിശ്വസിക്കുന്ന തന്റെ മാനേജരിൽ കൗതുകം തോന്നിയ ആയൾ, കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചു പഠിക്കുന്ന ഒരു കോഴ്‌സിൽ പങ്കെടുത്ത ശേഷം, തന്റെ ജീവിതത്തിലേക്ക് വരാൻ അവൻ ക്രിസ്തുവിനെ “വെല്ലുവിളിച്ചു.”  “എനിക്ക് സ്വാഗതാർഹമായ ഒരു സാന്നിധ്യം അനുഭവപ്പെട്ടു” അയാൾ പറഞ്ഞു. “ആളുകൾ പെട്ടെന്ന് എന്നിൽ ഒരു മാറ്റം കണ്ടു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മയക്കുമരുന്ന് വ്യാപാരി ഞാനായിരുന്നു!”

യേശു അവിടം കൊണ്ടവസാനിപ്പിച്ചില്ല.  അടുത്ത ദിവസം ക്ലോഡ് ഒരു ബാഗ് കൊക്കെയ്ൻ തൂക്കിനോക്കിയപ്പോൾ, അയാൾ ചിന്തിച്ചു, ഇത് ഭ്രാന്താണ്. ഞാൻ ആളുകൾക്ക് വിഷം കൊടുക്കുകയാണ്! മയക്കുമരുന്ന് വിൽപ്പന നിർത്തി ഒരു ജോലി നേടണമെന്ന് അയാൾ മനസ്സിലാക്കി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, അവൻ തന്റെ ഫോണുകൾ ഓഫ് ചെയ്തു, പിന്നെ ഒരിക്കലും തിരികെ പോയില്ല.

അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ സഭയ്ക്ക് എഴുതിയപ്പോൾ പരാമർശിച്ചത് ഇത്തരത്തിലുള്ള മാറ്റമാണ്. ദൈവത്തിൽ നിന്ന് വേർപെട്ട് ജീവിക്കരുതെന്ന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു, “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” (എഫെസ്യർ 4:22, 24) എന്നു പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു. പൗലൊസ് ഉപയോഗിച്ച ക്രിയാരൂപം സൂചിപ്പിക്കുന്നത് നാം പതിവായി പുതിയ മനുഷ്യനെ ധരിക്കണം എന്നാണ്.

ക്ലോഡിനെപ്പോലെ, നമ്മുടെ പുതുമനുഷ്യനെ പ്രദർശിപ്പിച്ചുകൊണ്ടു ജീവിക്കാനും കൂടുതൽ യേശുവിനെപ്പോലെ ആകുവാനും നമ്മെ സഹായിക്കുന്നതിൽ പരിശുദ്ധാത്മാവ് സന്തോഷിക്കുന്നു.

കോപത്തിന്റെ ഹൃദയം

പാബ്ലോ പിക്കാസോയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പെയ്ന്റിംഗായ ഗുവെർണിക്ക, ആ പേരിലുള്ള ഒരു ചെറിയ സ്പാനിഷ് നഗരം 1937 ൽ നശിപ്പിക്കപ്പെട്ടതിന്റെ ആധുനിക ചിത്രീകരണമായിരുന്നു. സ്പാനിഷ് വിപ്ലവത്തിലും രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള കുതിപ്പിലും, നാസി ജർമ്മനിയുടെ വിമാനങ്ങൾ ബോംബിംഗ് പരിശീലനത്തിനായി നഗരം ഉപയോഗിക്കാൻ സ്‌പെയിനിലെ ദേശീയ ശക്തികൾ അനുവദിച്ചു. ഈ വിവാദ ബോംബാക്രമണങ്ങൾ നിരവധി ജീവനുകൾ അപഹരിച്ചു, സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ബോംബാക്രമണം നടത്തുന്നതിന്റെ അധാർമ്മികതയെക്കുറിച്ച് ആശങ്കയുള്ള ഒരു ആഗോള സമൂഹത്തിന്റെ ശ്രദ്ധ അവിടേക്കാകർഷിക്കപ്പെട്ടു. പിക്കാസോയുടെ പെയിന്റിംഗ് ലോകത്തിന്റെ ഭാവനകളെ ആകർഷിക്കുകയും പരസ്പരം നശിപ്പിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉത്തേജനം പകരുകയും ചെയ്തു.

ഒരിക്കലും മനഃപൂർവം രക്തം ചൊരിയുകയില്ലെന്ന് ഉറപ്പുള്ള നാം, യേശുവിന്റെ വാക്കുകൾ നാം ഓർക്കണം, “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്‌നിനരകത്തിനു യോഗ്യനാകും” (മത്തായി 5:21-22). ഒരിക്കലും കൊലപാതകം യഥാർത്ഥ ചെയ്യാതെ തന്നെ ഹൃദയം കൊലപാതക ചിന്തയുള്ളതാകാം.

മറ്റുള്ളവരോടുള്ള അനിയന്ത്രിതമായ കോപം നമ്മെ വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നിയന്ത്രിക്കാനും നമുക്ക് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്, അങ്ങനെ നമ്മുടെ മാനുഷിക പ്രവണതകളെ ആത്മാവിന്റെ ഫലം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയും (ഗലാത്യർ 5:19-23). അപ്പോൾ, സ്‌നേഹവും സന്തോഷവും സമാധാനവും നമ്മുടെ ബന്ധങ്ങളുടെ അടയാളമാക്കാൻ കഴിയും.

മനസ്സലിവു തിരഞ്ഞെടുക്കുക

ഒരു ടിവി ഷോയുടെ ഒരു എപ്പിസോഡിന്റെ കേന്ദ്ര ഭാഗമായിരുന്നു, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മഞ്ഞുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സങ്കലനം. ആളുകൾ മേൽക്കൂരയിൽ നിന്ന് സ്‌കീയിംഗ് നടത്തി താഴോട്ടു വീഴുകയും വസ്തുക്കളിൽ ചെന്നിടിക്കുകയും ഐസിൽ തെന്നി വീഴുകയും ചെയ്യുന്ന ഹോം വീഡിയോകൾ കണ്ട ആളകൾ ചിരിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. വിഡിയോയിൽ ഉൾപ്പെട്ടവർ തന്നെ വീഡിയോ കണ്ടപ്പോൾ സ്വന്തം വിഡ്ഢിത്തം ഓർത്ത് ഏറ്റവും ഉച്ചത്തിൽ ചിരിച്ചു.

രസകരമായ ഹോം വീഡിയോകൾ ഒരു മോശം കാര്യമല്ല, എന്നാൽ അവയ്ക്ക് നമ്മെക്കുറിച്ച് എന്തെങ്കിലുമൊക്കെ വെളിപ്പെടുത്താൻ കഴിയും: മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ട് ചിരിക്കാനോ അല്ലെങ്കിൽ മുതലെടുക്കാനോ ഉള്ള പ്രവണത നമുക്കുണ്ട്. എതിരാളികളായ യിസ്രായേൽ, ഏദോം എന്നീ രണ്ടു  രാഷ്ട്രങ്ങളെക്കുറിച്ചുള്ള അത്തരത്തിലുള്ള ഒരു കഥ ഓബദ്യാവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിനെ അവരുടെ പാപത്തിനു ശിക്ഷിക്കുന്നത് ഉചിതമെന്നു ദൈവം കണ്ടപ്പോൾ, ഏദോം സന്തോഷിച്ചു. അവർ യിസ്രായേല്യരെ മുതലെടുത്തു, അവരുടെ നഗരങ്ങൾ കൊള്ളയടിച്ചു, അവരുടെ പലായനം തടഞ്ഞു, ശത്രുക്കളെ പിന്തുണച്ചു (ഓബദ്യാവ് 1:13-14). പ്രവാചകനായ ഓബദ്യാവിലൂടെ ഏദോമിന് ഒരു മുന്നറിയിപ്പ് ലഭിച്ചു: “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു” (വാ. 12, 15).

മറ്റുള്ളവരുടെ വെല്ലുവിളികളും കഷ്ടപ്പാടുകളും കാണുമ്പോൾ, അവർ അത് സ്വയം വരുത്തിവച്ചതായി തോന്നിയാലും, നാം ഗർവ്വത്തെക്കാൾ മനസ്സലിവു തിരഞ്ഞെടുക്കണം. മറ്റുള്ളവരെ വിധിക്കാൻ നമുക്ക് അർഹതയില്ല. ദൈവത്തിനു മാത്രമേ അതിനു കഴിയൂ. ഈ ലോകത്തിന്റെ ഭരണം അവനുള്ളതാണ് (വാ. 21). നീതിയുടെയും കരുണയുടെയും മേൽ അവനു മാത്രമാണ് അധികാരം.

വിശദാംശങ്ങളിൽ ദൈവം

രാഹുലിനും നിഷയ്ക്കും ഇത് ഒരു മോശം ആഴ്ചയായിരുന്നു. രാഹുലിന്റെ ചുഴലിദീനം പെട്ടെന്നു വഷളായി, അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാമാരിക്കിടയിൽ, അവരുടെ നാലു കൊച്ചുകുട്ടികൾ വീടിനുള്ളിൽ കൂടുതൽ സമയം ചിലവഴിച്ചതിനാൽ വിഷമത്തിലായിരുന്നു. അതിലുപരിയായി, വീട്ടിൽ അവശേഷിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്ന് മാന്യമായ നിലയിൽ ഭക്ഷണമുണ്ടാക്കാൻ നിഷയ്ക്കു കഴിഞ്ഞില്ല. വിചിത്രമെന്നു പറയട്ടെ, ആ നിമിഷം അവൾ കാരറ്റിനുകൊതിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. അവിടെ അവരുടെ സുഹൃത്തുക്കളായ അനിതയും അഭിഷേകും നിന്നിരുന്നു - അവരുടെ കൈയിൽ കുടുംബത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണമുണ്ടായിരുന്നു - കാരറ്റ് ഉൾപ്പെടെ.

വിശദാംശങ്ങളിൽ പിശാച് ഉണ്ടെന്ന് അവർ പറയുന്നു? ഇല്ല. യെഹൂദ ജനതയുടെ ചരിത്രത്തിലെ ഒരു അത്ഭുതകരമായ കഥ, വിശദാംശങ്ങളിൽ ദൈവം ഉണ്ടെന്നു തെളിയിക്കുന്നതാണ്. “ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണം” (പുറപ്പാട് 1:22) എന്ന് ഫറവോൻ കൽപ്പിച്ചിരുന്നു. ആ വംശഹത്യയുടെ വികസനം ശ്രദ്ധേയമായ ഒരു വിശദാംശത്തിലേക്കു തിരിഞ്ഞു. മോശയുടെ അമ്മ തന്റെ കുഞ്ഞിനെ നൈൽ നദിയിലേക്ക് “എറിഞ്ഞു,” എന്നാൽ ഒരു തന്ത്രം പ്രയോഗിച്ചു. നൈൽ നദിയിൽ നിന്ന്, ദൈവം തന്റെ ജനത്തെ രക്ഷിക്കാൻ ഉപയോഗിച്ച കുഞ്ഞിനെ ഫറവോന്റെ സ്വന്തം മകൾ രക്ഷിച്ചു. കുഞ്ഞിനു മുലയൂട്ടാൻ മോശെയുടെ അമ്മയ്ക്ക് അവൾ പണം നൽകുക പോലും ചെയ്തു! (2:9).

ഈ വളർന്നുവരുന്ന യെഹൂദ രാഷ്ട്രത്തിൽ നിന്ന് ഒരു ദിവസം വാഗ്ദത്തം ചെയ്യപ്പെട്ട ഒരു ആൺകുട്ടി വരും. അവന്റെ കഥ അതിശയകരമായ വിശദാംശങ്ങളാലും ദിവ്യമായ വൈരുധ്യങ്ങളാലും സമൃദ്ധമായിരുന്നു. ഏറ്റവും പ്രധാനമായി, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് യേശു ഒരു പുറപ്പാട് നൽകും.

പ്രത്യേകിച്ചും - ഇരുണ്ട കാലത്തു പോലും, ദൈവം വിശദാംശങ്ങളിലുണ്ട്. “ദൈവം എനിക്കു കാരറ്റ് കൊണ്ടുവന്നു!” എന്നു നിഷ നിങ്ങളോടു പറയും. 

സന്തോഷിക്കാനുള്ള കാരണങ്ങൾ

മിസ്സ് ഗ്ലെൻഡ  ചർച്ചിന്റെ പൊതുവായ ഏരിയയിലേക്ക് നടന്നപ്പോൾ, അവളുടെ മറ്റുള്ളവരിലേക്കും പകരുന്ന സന്തോഷം മുറിയിൽ നിറഞ്ഞു. കഠിനമായ ഒരു ചികിത്സയിൽ നിന്ന് അവൾ സുഖം പ്രാപിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു. ആരാധനയ്ക്കു ശേഷമുള്ള ഞങ്ങളുടെ പതിവ് ആശംസകൾക്കായി അവൾ എന്നെ സമീപിച്ചപ്പോൾ, വർഷങ്ങളായി അവൾ എന്നോടൊപ്പം കരയുകയും എന്നെ സൗമ്യമായി തിരുത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്ത എല്ലാ സമയങ്ങളെക്കുറിച്ചും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അവൾക്കു തോന്നിയപ്പോൾ അവൾ ക്ഷമ ചോദിക്കുമായിരുന്നു. സാഹചര്യം എന്തുതന്നെയായാലും, എന്റെ പോരാട്ടങ്ങൾ സത്യസന്ധമായി പങ്കിടാൻ അവൾ എന്നെ എപ്പോഴും ക്ഷണിക്കുകയും ദൈവത്തെ സ്തുതിക്കാൻ ഞങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മ ഗ്ലെൻഡ-അങ്ങനെ വിളിക്കാൻ എന്നെ അനുവദിച്ചിരുന്നു - എന്നെ മൃദുവായി ആലിംഗനം ചെയ്തു. “ഹായ്, ബേബി,” അവൾ പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ സംഭാഷണം ആസ്വദിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. എന്നിട്ട് അവൾ പോയി-എപ്പോഴും എന്നപോലെ മൂളിയും പാടിയും മറ്റാരെയെങ്കിലും അനുഗ്രഹിക്കാനുണ്ടോയെന്നു നോക്കി.

സങ്കീർത്തനം 64-ൽ, ദാവീദ് തന്റെ പരാതികളും ആശങ്കകളുമായി സധൈര്യം ദൈവത്തെ സമീപിച്ചു (വാ. 1). തനിക്കു ചുറ്റും കാണുന്ന ദുഷ്ടതയെക്കുറിച്ചുള്ള തന്റെ നിരാശകൾ അവൻ പറഞ്ഞു (വാ. 2-6). ദൈവത്തിന്റെ ശക്തിയിലോ അവന്റെ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയിലോ അവന് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല (വാ. 7-9). ഒരു ദിവസം, “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും” (വാ. 10) എന്ന് അവൻ അറിഞ്ഞിരുന്നു.

യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോൾ, നമുക്ക് പ്രയാസകരമായ സമയങ്ങൾ നേരിടേണ്ടിവരും. എന്നാൽ ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സന്തോഷിക്കാൻ നമുക്ക് എപ്പോഴും കാരണങ്ങളുണ്ടാകും.