Category  |  odb

നീ ഇപ്പോഴും എന്നെ സ്‌നേഹിക്കുമോ?

പത്തുവയസ്സുള്ള ലിൻ-ലിൻ ഒടുവിൽ ദത്തെടുക്കപ്പെട്ടു, പക്ഷേ അവൾ ഭയചകിതയായിരുന്നു. അവൾ വളർന്ന അനാഥാലയത്തിൽ, ചെറിയ തെറ്റിന് അവൾ ശിക്ഷിക്കപ്പെട്ടു. എന്റെ സുഹൃത്തായിരുന്ന അവളുടെ വളർത്തമ്മയോട് ലിൻ-ലിൻ ചോദിച്ചു: “അമ്മേ, നിങ്ങളെന്നെ സ്‌നേഹിക്കുന്നോ?” സ്‌നേഹിക്കുന്നു എന്ന് എന്റെ സുഹൃത്ത് മറുപടി നൽകിയപ്പോൾ, ലിൻലിൻ ചോദിച്ചു, “ഞാൻ ഒരു തെറ്റ് ചെയ്താൽ, നിങ്ങൾ അപ്പോഴും എന്നെ സ്‌നേഹിക്കുമോ?”

പറയാതെയാണെങ്കിലും, ദൈവത്തെ നിരാശപ്പെടുത്തിയെന്ന് തോന്നുമ്പോൾ നമ്മിൽ ചിലർ ഇതേ ചോദ്യം ചോദിച്ചേക്കാം: “നീ എന്നെ ഇനിയും സ്‌നേഹിക്കുമോ?” നാം ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം നാം പരാജയപ്പെടുകയും ചിലപ്പോൾ പാപം ചെയ്യുകയും ചെയ്യുമെന്ന് നമുക്കറിയാം. എന്റെ തെറ്റുകൾ എന്നോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെ ബാധിക്കുമോ? എന്നു നാം ആശ്ചര്യപ്പെടുന്നു. 

ദൈവസ്‌നേഹത്തെക്കുറിച്ച് യോഹന്നാൻ 3:16 നമുക്ക് ഉറപ്പുനൽകുന്നു. അവൻ തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ നൽകി, അങ്ങനെ നാം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ നമുക്ക് നിത്യജീവൻ ലഭിക്കും. എന്നാൽ അവനിൽ വിശ്വാസം അർപ്പിച്ചതിനു ശേഷവും നാം അവനെ പരാജയപ്പെടുത്തിയാലോ? അപ്പോഴാണ് നാം പാപികളായിരിക്കുമ്പോൾ തന്നേ “ക്രിസ്തു നമുക്കുവേണ്ടി മരിച്ചു” എന്നു നാം ഓർക്കേണ്ടത് (റോമർ 5:8). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ അവനു നമ്മെ സ്‌നേഹിക്കാൻ കഴിയുമെങ്കിൽ, ഇന്ന് നാം അവന്റെ മക്കളായിരിക്കുമ്പോൾ അവന്റെ സ്‌നേഹത്തെ എങ്ങനെ സംശയിക്കും?

നാം പാപം ചെയ്യുമ്പോൾ, നമ്മുടെ പിതാവ് നമ്മെ സ്‌നേഹപൂർവം തിരുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അത് നിരസിക്കലല്ല (8:1); അതാണ് സ്‌നേഹം (എബ്രായർ 12:6). നമ്മോടുള്ള അവന്റെ സ്‌നേഹം സ്ഥിരവും ശാശ്വതവുമാണെന്ന അനുഗൃഹീതമായ ഉറപ്പിൽ വിശ്രമിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ജീവിക്കാം.

ആയുർദൈർഘ്യം

1990 ൽ, ഫ്രഞ്ച് ഗവേഷകർക്ക് ഒരു കമ്പ്യൂട്ടർ പ്രശ്‌നമുണ്ടായി: ജീൻ കാൽമെന്റിന്റെ പ്രായം കണക്കുകൂട്ടിയപ്പോൾ ഉണ്ടായ ഒരു ഡാറ്റാ പിശക്. അവൾക്ക് 115 വയസ്സായിരുന്നു, സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ പാരാമീറ്ററുകൾക്കു പുറത്തുള്ള ഒരു പ്രായം! ആർക്കും ഇത്രയും കാലം ജീവിക്കാൻ കഴിയില്ലെന്ന് പ്രോഗ്രാമർമാർ ഊഹിച്ചു! വാസ്തവത്തിൽ, ജീൻ 122 വയസ്സു വരെ ജീവിച്ചു.

സങ്കീർത്തനക്കാരൻ എഴുതുന്നു, “ങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം” (സങ്കീർത്തനം 90:10). നമ്മൾ ഏതു പ്രായം വരെ ജീവിച്ചാലും, ജീൻ കാൽമെന്റിന്റെ അത്രയും കാലം ജീവിച്ചാലും, ഭൂമിയിലെ നമ്മുടെ ജീവിതം തീർച്ചയായും പരിമിതമാണെന്ന് പറയുന്നതിനുള്ള ഒരു ആലങ്കാരിക മാർഗമാണിത്. നമ്മുടെ ജീവിതകാലം സ്‌നേഹവാനായ ഒരു ദൈവത്തിന്റെ പരമാധികാര കരങ്ങളിലാണ് (വാ. 5). എന്നിരുന്നാലും, ആത്മീയ മണ്ഡലത്തിൽ, “ദൈവത്തിന്റെ സമയം” യഥാർത്ഥത്തിൽ എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു: “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെ... മാത്രം ഇരിക്കുന്നു” (വാ. 4).

യേശുക്രിസ്തുവിൽ “ആയുർദൈർഘ്യം” എന്നതിന് ഒരു പുതിയ അർത്ഥം നൽകപ്പെട്ടിരിക്കുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് ”(യോഹന്നാൻ 3:36). “ഉണ്ട് ”എന്നത് വർത്തമാനകാലത്തിലാണ്: ഇപ്പോൾ, നമ്മുടെ ശാരീരിക പ്രശ്‌നങ്ങളുടെയും കണ്ണീരിന്റെയുമായ ഈ നിമിഷത്തിൽ, നമ്മുടെ ഭാവി അനുഗ്രഹിക്കപ്പെട്ടതാണ്, നമ്മുടെ ആയുസ്സ് പരിധിയില്ലാത്തതാണ്.

ഇതിൽ ഞങ്ങൾ സന്തോഷിക്കുകയും സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുന്നു, “കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും” (സങ്കീർത്തനം 90:14).

നിങ്ങളുടെ ഭാഗം, ദൈവത്തിന്റെ ഭാഗം

കുറച്ചു വർഷങ്ങളിലെ ജോലിക്കു ശേഷം അവളുടെ ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യാൻ എന്റെ സുഹൃത്ത് ജാനിസിനോട് ആവശ്യപ്പെട്ടപ്പോൾ, അവൾക്കു സംഭ്രമം തോന്നി. അതിനായി പ്രാർത്ഥിക്കുമ്പോൾ, നിയമനം സ്വീകരിക്കാൻ ദൈവം തന്നെ പ്രേരിപ്പിക്കുന്നതായി അവൾക്കു തോന്നി - എന്നിട്ടും, ഉത്തരവാദിത്തം നിർവഹിക്കാൻ തനിക്കു കഴിയുമോ എന്നവൾ ഭയപ്പെട്ടു. “ഇത്രയും കുറഞ്ഞ അനുഭവം കൊണ്ട് എനിക്കെങ്ങനെ നയിക്കാനാകും?” അവൾ ദൈവത്തോടു ചോദിച്ചു. “ഞാൻ പരാജയപ്പെടാൻ പോകുകയാണെങ്കിൽ എന്തിനാണ് എന്നെ ഈ ചുമതല ഏല്പിക്കുന്നത്?”

പിന്നീട്, ജാനീസ് ഉല്പത്തി 12-ൽ അബ്രാമിന്റെ ദൈവവിളിയെക്കുറിച്ച് വായിച്ചു: അവന്റെ ഭാഗം “ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക....അബ്രാം പുറപ്പെട്ടു” (വാ. 1, 4). ഇതൊരു വിപ്ലവകരമായ നീക്കമായിരുന്നു, കാരണം പുരാതന ലോകത്ത് ആരും ഇതുപോലെ വേരോടെ പിഴുതെറിയപ്പെട്ടിട്ടില്ല. എന്നാൽ തനിക്കറിയാവുന്നതെല്ലാം പുറകിൽ ഉപേക്ഷിച്ച് തന്നിൽ ആശ്രയിക്കാൻ ദൈവം അവനോട് ആവശ്യപ്പെടുകയായിരുന്നു, ബാക്കിയുള്ള കാര്യങ്ങൾ അവൻ ചെയ്യും. സ്വത്വം? നീ ഒരു വലിയ ജാതിയായിത്തീരും. കരുതൽ? ഞാൻ നിന്നെ അനുഗ്രഹിക്കും. സൽപ്പേര്? ഒരു വലിയ പേര്. ഉദ്ദേശ്യം? ഭൂമിയിലെ എല്ലാ ജനങ്ങൾക്കും നീ ഒരു അനുഗ്രഹമായിരിക്കും. വഴിയിൽ അവൻ ചില വലിയ തെറ്റുകൾ വരുത്തി, എങ്കിലും “വിശ്വാസത്താൽ അബ്രഹാം . . . എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” (എബ്രായർ 11:8).

ഈ തിരിച്ചറിവ് ജാനീസിന്റെ ഹൃദയത്തിൽ നിന്ന് ഒരു വലിയ ഭാരം എടുത്തുമാറ്റി. “എന്റെ ജോലിയിൽ വിജയിക്കുന്നതിനെക്കുറിച്ച് ഞാൻ വിഷമിക്കേണ്ടതില്ല,” അവൾ പിന്നീട് എന്നോടു പറഞ്ഞു. “ജോലി ചെയ്യുന്നതിന് എന്നെ പ്രാപ്തയാക്കാൻ ദൈവത്തെ വിശ്വസിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി.” ദൈവം നമുക്കാവശ്യമായ വിശ്വാസം നൽകുന്നതിനാൽ, നമ്മുടെ ജീവിതകാലം മുഴുവൻ അവനിൽ ആശ്രയിക്കാം.

സന്തോഷകരമായ നന്ദികരേറ്റൽ

മനഃശാസ്ത്രജ്ഞനായ റോബർട്ട് എമ്മൺസ് നടത്തിയ ഒരു പഠനത്തിൽ, സന്നദ്ധപ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ട്് അവർ ഓരോ ഗ്രൂപ്പും ആഴ്ചതോറും ജേണലുകൾ എഴുതാൻ നിർദ്ദേശിച്ചു. ഒരു ഗ്രൂപ്പ് അവർ കൃതജ്ഞതയുള്ള അഞ്ച് കാര്യങ്ങൾ എഴുതി. ഒരു ഗ്രൂപ്പ് ദിവസേന നേരിട്ട അഞ്ച് ബുദ്ധിമുട്ടുകൾ വിവരിച്ചു. ഒരു നിയന്ത്രണ ഗ്രൂപ്പ് അവരെ ചെറിയ രീതിയിൽ സ്വാധീനിച്ച അഞ്ച് സംഭവങ്ങൾ രേഖപ്പെടുത്തി. കൃതജ്ഞതാ ഗ്രൂപ്പിലുള്ളവർക്ക് അവരുടെ ജീവിതം മൊത്തത്തിൽ മെച്ചമായി തോന്നുന്നുവെന്നും ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും ആരോഗ്യപ്രശ്‌നങ്ങൾ കുറവാണെന്നും പഠന ഫലങ്ങൾ വെളിപ്പെടുത്തി.

നന്ദി പറയലിന് നമ്മുടെ ജീവിതത്തെ നാം വീക്ഷിക്കുന്ന രീതിയെ മാറ്റിമറിക്കാൻ കഴിവുണ്ട്. നന്ദികരേറ്റൽ നമ്മെ കൂടുതൽ സന്തോഷിപ്പിക്കും.

ദൈവത്തിനു നന്ദി പറയുന്നതിന്റെ പ്രയോജനങ്ങളെ ബൈബിൾ പണ്ടേ പ്രകീർത്തിച്ചിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് അവന്റെ സ്വഭാവത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു” (സങ്കീർത്തനം 100:5) എന്നതിനാൽ ദൈവത്തിനു നന്ദി പറയാൻ സങ്കീർത്തനങ്ങൾ ദൈവജനത്തെ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു (107:8, 15, 21, 31) .

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയർക്കുള്ള തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ - തന്നെ പിന്തുണച്ച ഒരു സഭയ്ക്കുള്ള ഒരുതരം നന്ദി കുറിപ്പ് ആയിരുന്നു ആ ലേഖനം - അവൻ നന്ദിയുള്ള പ്രാർത്ഥനകളെ “സകല ബുദ്ധിയെയും കവിയുന്ന” ദൈവത്തിന്റെ സമാധാനവുമായി ബന്ധിപ്പിച്ചു (4:7). നാം ദൈവത്തിലും അവന്റെ നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉത്കണ്ഠയില്ലാതെ, എല്ലാ സാഹചര്യങ്ങളിലും, നന്ദിയോടെ പ്രാർത്ഥിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തും. നന്ദി പ്രകടിപ്പിക്കുന്നത് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും അതുല്യമായി കാത്തുസൂക്ഷിക്കുകയും ജീവിതത്തെ നോക്കുന്ന രീതിയെ മാറ്റുകയും ചെയ്യുന്ന ഒരു സമാധാനം നൽകുന്നു. നന്ദി നിറഞ്ഞ ഹൃദയം സന്തോഷത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു.

ദൈവവചനത്തിന്റെ ശക്തി

സ്റ്റീഫൻ വളർന്നുവരുന്ന ഒരു ഹാസ്യനടനും ഒപ്പം ധൂർത്തനുമായിരുന്നു. ഒരു ക്രിസ്തീയ കുടുംബത്തിൽ വളർന്ന അദ്ദേഹം, തന്റെ പിതാവും രണ്ടു സഹോദരന്മാരും ഒരു വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് നിരവധി സംശയങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഇരുപതുകളുടെ തുടക്കത്തോടെ അദ്ദേഹത്തിനു വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ചിക്കാഗോയിലെ തണുത്ത തെരുവുകളിൽ ഒരു രാത്രിയിൽ അദ്ദേഹം അതു കണ്ടെത്തി. ഒരു അപരിചിതൻ അദ്ദേഹത്തിന് ഒരു പോക്കറ്റ് പുതിയ നിയമം നൽകി. പുസ്തകം തുറന്ന സ്റ്റീഫൻ, ഉത്കണ്ഠയുമായി മല്ലിടുന്നവർ മത്തായി 6:27-34 ലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ നിന്നു വായിക്കണമെന്ന് രേഖപ്പെടുത്തിയ ഒരു സൂചിക കണ്ടു.

സ്റ്റീഫൻ ആ ഭാഗം കണ്ടെത്തി, അതിലെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ഒരു അഗ്നി ജ്വലിപ്പിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു, “ഞാൻ ആത്യന്തികമായും ഉടനടി പ്രകാശിപ്പിക്കപ്പെട്ടു. ആ തണുപ്പിൽ തെരുവിന്റെ മൂലയിൽ നിന്നുകൊണ്ട് പ്രഭാഷണം ഞാൻ വായിച്ചു, എന്റെ ജീവിതം പിന്നീടൊരിക്കലും പഴയതായിരുന്നില്ല.”

തിരുവെഴുത്തുകളുടെ ശക്തി അങ്ങനെയാണ്. ബൈബിൾ മറ്റേതൊരു പുസ്തകത്തെയും പോലെയല്ല, കാരണം അത് ജീവനുള്ളതാണ്. നമ്മൾ കേവലം ബൈബിൾ വായിക്കുകയല്ല ചെയ്യുന്നത്. ബൈബിൾ നമ്മെ വായിക്കുന്നു: “... ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” (എബ്രായർ 4:12).

ഈ ഗ്രഹത്തിലെ ഏറ്റവും ശക്തമായ ബലത്തെ തിരുവെഴുത്ത് അവതരിപ്പിക്കുന്നു, അതു നമ്മെ രൂപാന്തരപ്പെടുത്തുകയും ആത്മീയ പക്വതയിലേക്കു നയിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമുക്കതു തുറന്ന് ഉറക്കെ വായിക്കാം. അവിടുന്നു സംസാരിച്ച വാക്കുകൾ “വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11) എന്ന് അവിടുന്നു വാഗ്ദത്തം ചെയ്യുന്നു. നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല.