സ്നേഹമില്ലെങ്കിൽ നിഷ്പ്രയോജനം
ഞാൻ ഓർഡർ ചെയ്ത് ലഭിച്ച മേശയുടെ പെട്ടി ഞാൻ തുറന്നു. ഓരോ ഭാഗവും നിരത്തി വെച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. മനോഹരമായ മേശയുടെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചപ്പോൾ ഒരു കാല് കുറവുളളതായി കണ്ടു. എല്ലാക്കാലുകളും ഇല്ലാതെ മേശ നിർത്താൻ പറ്റില്ല; അത് ഉപയോഗശൂന്യമായിത്തീർന്നു.
മേശ മാത്രമല്ല ഒരു പ്രധാന ഭാഗം ഇല്ലെങ്കിൽ പ്രയോജനരഹിതമാകുന്നത്. 1 കൊരിന്ത്യർ ലേഖനത്തിൽ പൗലോസ് വായനക്കാരോട് പറയുന്നത് അവരുടെ ജീവിതത്തിൽ ഒരു അനിവാര്യഘടകത്തിന്റെ കുറവുണ്ട് എന്നാണ്. വിശ്വാസികൾ നിരവധി ആത്മവരങ്ങൾ ഉള്ളവരായിരുന്നു, എന്നാൽ അവർക്ക് സ്നേഹത്തിന്റെ അഭാവമുണ്ടായിരുന്നു.
അല്പം അതിശയോക്തി ഉപയോഗിച്ചാണ് പൗലോസ് തന്റെ ആശയം അവതരിപ്പിക്കുന്നത്. അവർക്ക് സകല ജ്ഞാനവും ഉണ്ടായാലും, അവർക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, മനഃപൂർവ്വമായി കഷ്ടത സഹിച്ചാലും സ്നേഹത്തിന്റെ അടിസ്ഥാനത്തിലല്ലെങ്കിൽ ആ പ്രവൃത്തികളെല്ലാം നിഷ്ഫലമായിത്തീരും (1 കൊരിന്ത്യർ 13:1-3). എല്ലാ പ്രവൃത്തികളും സ്നേഹത്താൽ പ്രചോദിതമായിരിക്കണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു; എല്ലാം പൊറുക്കുന്ന, എല്ലാം വിശ്വസിക്കുന്ന, എല്ലാം പ്രത്യാശിക്കുന്ന, എല്ലാം സഹിക്കുന്ന ആ സ്നേഹത്തിന്റെ മനോഹാരിത എത്ര ഹൃദയസ്പർശിയായാണ് താൻ വിവരിച്ചിരിക്കുന്നത് (വാ. 4-7).
നാം നമ്മുടെ വിശ്വാസ കൂട്ടായ്മയിൽ, പഠിപ്പിക്കാനോ ശുശ്രൂഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒക്കെ നമ്മുടെ ആത്മവരങ്ങൾ ഉപയോഗിക്കുമ്പോൾ അതെല്ലാം സ്നേഹത്തിൽ ചെയ്യണമെന്നാണ് ദൈവം ഉദ്ദേശിക്കുന്നത് എന്ന കാര്യം മറക്കരുത്. അല്ലെങ്കിൽ അത് ഒരു കാല് ഇല്ലാത്ത മേശ പോലെയാകും. അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം സാധ്യമാകാതെ പോകും.

കുടുംബം മുഴുവൻ
ജയിലിൽ ധരിക്കുന്ന വരകളുള്ള വസ്ത്രം ധരിച്ച്, ജെയിംസ് ജയിലിലെ ജിംനേഷ്യം കടന്ന്, താല്കാലികമായി ഉണ്ടാക്കിയ കുളത്തിൽ ഇറങ്ങി; ജയിൽ ചാപ്ലിൻ അയാളെ സ്നാനപ്പെടുത്തി. ജയിലിലെ തന്നെ അന്തേവാസിയായിരുന്ന തന്റെ മകൾ ബ്രിട്ടനിയും അതേ ദിവസം തന്നെ സ്നാനമേറ്റു എന്ന വാർത്ത ജെയിംസിന്റെ സന്തോഷം ഇരട്ടിയാക്കി. സംഭവിച്ചതറിഞ്ഞ ജയിൽ ജീവനക്കാരും വികാരഭരിതരായി. "കരയാത്ത ഒരു കണ്ണും ഇല്ലായിരുന്നു", ചാപ്ലിൻ പറഞ്ഞു. വർഷങ്ങളോളം, ജയിലിന്റെ അകത്തും പുറത്തുമായി, ബ്രിട്ടനിയും അവളുടെ പിതാവും ദൈവത്തിന്റെ പാപക്ഷമ കാത്തിരിക്കുകയായിരുന്നു. ദൈവം അവർക്ക് ഒരുമിച്ച് പുതുജീവിതം നല്കി.
തിരുവെഴുത്തിൽ മറ്റൊരു ജയിൽ സംഭവം വിവരിക്കുന്നുണ്ട്. യേശുവിന്റെ സ്നേഹം ഒരു കാരാഗൃഹ പ്രമാണിയുടെ മുഴുവൻ കുടുംബത്തെയും രൂപാന്തരപ്പെടുത്തി. "വലിയൊരു ഭൂകമ്പം "ഉണ്ടായി, ജയിൽ കുലുങ്ങി, " കാരാഗൃഹത്തിന്റെ വാതിൽ ഒക്കെയും തുറന്നു പോയി," പൗലോസും ശീലാസും ഓടിപ്പോകാതെ തടവറയിൽ തന്നെ കഴിഞ്ഞു (അപ്പൊ. പ്രവൃത്തി 16:26 - 28). ഇവർ ഓടിപ്പോകാത്തതിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ കാരാഗൃഹ പ്രമാണി അവരെ തന്റെ വീട്ടിൽ കൊണ്ടു പോയി. എന്നിട്ട് ജീവിതത്തെ മാറ്റിമറിച്ച ആ ചോദ്യം ചോദിച്ചു: "രക്ഷപ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യേണം?" (വാ.30)
"കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും..." (വാ.31) അവർ ഉത്തരം പറഞ്ഞു. വ്യക്തികളിൽ മാത്രമല്ല, മുഴുകുടുംബത്തിന്റെ മേലും കൃപ ചൊരിയാനുള്ള ദൈവത്തിന്റെ താല്പര്യമാണ് ഈ മറുപടിയിൽ കാണുന്നത്. ദൈവസ്നേഹത്തിന്റെ ഇടപെടലിൽ കാരാഗൃഹപ്രമാണിയുടെ കുടുംബം മുഴുവനും ദൈവത്തിൽ വിശ്വസിച്ചു (വാ. 34). നമുക്ക് പ്രിയപ്പെട്ടവരുടെ രക്ഷക്കായി നാം ആകാംഷയുള്ളവരായിരിക്കുമ്പോൾ അതിനെക്കാൾ അധികമായി ദൈവം അവരെ സ്നേഹിക്കുന്നു എന്നതിൽ നമുക്ക് ഉറച്ചിരിക്കാം. അവൻ നമ്മെയും നമ്മുടെ മുഴുകുടുംബത്തെയും രൂപാന്തരപ്പെടുത്താൻ താല്പര്യപ്പെടുന്നു.

വിശ്വാസത്തിന്റെ പേശികൾ ചലിപ്പിക്കാം
ഒരിക്കൽ മൃഗശാല സന്ദർശിച്ചപ്പോൾ ഒരു തേവാങ്കിനെ കണ്ടു. അത് മരക്കൊമ്പിൽ തല കീഴായിട്ടാണ് കിടക്കുന്നത്. പൂർണ്ണമായും നിശ്ചലമായി കിടക്കുന്നത് അതിന് ഇഷ്ടമായി തോന്നി. ഞാൻ ദീർഘശ്വാസം വിട്ടു. എന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം അധികസമയവും വെറുതെയിരിക്കാനേ പറ്റൂ. വേഗത്തിൽ ചലിക്കാനോ എന്തെങ്കിലുമൊക്കെ ചെയ്യാനോ വലിയ പ്രയാസമായിരുന്നു. എന്റെ പരിമിതികളിൽ എനിക്ക് നീരസം തോന്നി, എന്റെ ബലഹീനതയെക്കുറിച്ചുള്ള ചിന്ത ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചു. എന്നാൽ ആ ജീവിയെ നിരീക്ഷിച്ചപ്പോൾ അത് കൈ നീട്ടി മരക്കൊമ്പിൽ പിടിക്കുന്നതും പിന്നീട് അനങ്ങാതിരിക്കുന്നതും കണ്ടു. നിശ്ചലമായിരിക്കുന്നതിനും ബലം ആവശ്യമാണ്. വളരെ മെല്ലെ മാത്രം ചലിക്കുന്നതിനും തേവാങ്കിനെപ്പോലെ നിശ്ചലമായിരിക്കുന്നതിനും ഒക്കെ വിവരണാതീതമായ പേശീബലം ആവശ്യമാണ്. ജീവിതത്തിലെ ഇഴഞ്ഞുനീങ്ങുന്ന അനുഭവങ്ങളിൽ ദൈവത്തെ ആശ്രയിക്കുന്നതിന് പ്രകൃത്യാതീതമായ ബലം ആവശ്യമാണ്.
സങ്കീർത്തനങ്ങൾ 46 ൽ എഴുത്തുകാരൻ പ്രഖ്യാപിക്കുന്നത് ദൈവം നമുക്ക് ബലം നല്കുന്നു എന്നല്ല ദൈവമാണ് നമ്മുടെ ബലം എന്നാണ്. (വാ.1) ചുറ്റും എന്തൊക്കെ സംഭവിച്ചാലും സാരമില്ല, "സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്" (വാ.7). സങ്കീർത്തകൻ ഇക്കാര്യം ആവർത്തിച്ച് ഉറപ്പിക്കുന്നു (വാ.11).
തേവാങ്കിനെപ്പോലെ, നമ്മുടെ അനുദിന സാഹസിക കൃത്യങ്ങളിലും മെല്ലെപ്പോക്കും അസാധ്യമെന്ന് തോന്നിക്കുന്ന നിശ്ചലാവസ്ഥയും ആവശ്യമാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രകൃതിയിൽ ആശ്രയിക്കുമ്പോൾ, നമുക്ക് ഏറ്റവും ഉചിതമായ വിധം പദ്ധതിയും വേഗതയും നിശ്ചയിക്കുന്ന ദൈവത്തിന്റെ ബലം മതിയായതായിരിക്കും.
നാം കഷ്ടതയുടെ പോരാട്ടത്തിലോ കാത്തിരിപ്പിന്റെ സംഘർഷത്തിലോ ആയാലും ദൈവം വിശ്വസ്തനായി നമ്മോടു കൂടെയിരിക്കും. നമുക്ക് തീരെ ബലമില്ല എന്ന് തോന്നുമ്പോഴും വിശ്വാസത്തിന്റെ പേശികളെ ചലിപ്പിക്കുവാൻ അവൻ നമ്മെ സഹായിക്കും.

യേശു ആരാണ്?
യേശു ആരാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്? ചിലർ പറയുന്നു ഒരു നല്ല അദ്ധ്യാപകനായ ഒരു മനുഷ്യൻ മാത്രമെന്ന്. എഴുത്തുകാരനായ സി എസ് ലൂയിസ് പറയുന്നു: "ഈ വ്യക്തി ഒന്നുകിൽ ദൈവപുത്രനാണ്, അല്ലെങ്കിൽ ഒരു ഭ്രാന്തനോ അതിലും മോശക്കാരനോ ആകാം. നിങ്ങൾക്കദ്ദേഹത്തെ ഒരു വിഡ്ഢി എന്ന് വിളിക്കാം, മുഖത്ത് തുപ്പുകയോ ഒരു ഉപദ്രവം എന്നു കരുതി കൊല്ലുകയോ ആകാം; അല്ലെങ്കിൽ അവന്റെ പാദങ്ങളിൽ വീണ് കർത്താവും ദൈവവുമായവനേ എന്ന് വിളിക്കാം. എന്നാൽ ഒരു കാരണവശാലും, പൊതുവെ പറഞ്ഞുകേൾക്കുന്ന വിധത്തിൽ, കേവലം മനുഷ്യനായ ഒരു മഹാഗുരു എന്ന ഭോഷത്വം പറയരുത്.” തന്റെ മിയർ ക്രിസ്റ്റ്യാനിറ്റി എന്ന ഗ്രന്ഥത്തിലുള്ളതും ഈയിടെ പ്രസിദ്ധമായിത്തീർന്നതുമായ ഈ വാക്കുകൾ പറയുന്നത് യേശു താൻ ദൈവമാണെന്ന് അവകാശപ്പെട്ടത് വ്യാജമാണെങ്കിൽ അദ്ദേഹം ഒരു പ്രവാചകൻ പോലും ആകുകയില്ല എന്നാണ്. അത് ഏറ്റവും വലിയ ദൈവനിന്ദ മാത്രമായിരിക്കും.
ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്നതിനിടയിൽ യേശു ശിഷ്യന്മാരോട് ചോദിച്ചു: "ജനങ്ങൾ എന്നെ ആർ എന്ന് പറയുന്നു?" (മർക്കൊസ് 8:27). അവരുടെ ഉത്തരം യോഹന്നാൻ സ്നാപകൻ, ഏലിയാവ്, ആ പ്രവാചകരിൽ ഒരുവൻ എന്നൊക്കെയായിരുന്നു (വാ. 28). എന്നാൽ അവർ എന്താണ് വിശ്വസിക്കുന്നത് എന്ന് യേശുവിന് അറിയണമായിരുന്നു: "എന്നാൽ നിങ്ങൾ എന്നെ ആർ എന്ന് പറയുന്നു?" പത്രോസ് ഉടനെ പറഞ്ഞു: "നീ ക്രിസ്തു ആകുന്നു" (വാ.29) - അതായത് രക്ഷകൻ.
യേശു ആരാണെന്നാണ് നാം പറയുന്നത്? യേശു തന്നെക്കുറിച്ച് പറഞ്ഞ പ്രസ്താവന പ്രകാരം താൻ ഒരു നല്ല ഗുരുവോ പ്രവാചകനോ ആകാൻ കഴിയില്ല: ഞാനും പിതാവും "ഒന്നാകുന്നു" (യോഹന്നാൻ 10:30) എന്നാണത്. അവന്റെ ശിഷ്യന്മാരും, എന്തിനധികം ഭൂതങ്ങൾ പോലും, ദൈവപുത്രൻ എന്ന് വിളിച്ച് തന്റെ ദൈവത്വം പ്രഖ്യാപിച്ചിട്ടുണ്ട് (മത്തായി 8:29; 16:16; 1 യോഹന്നാൻ 5:20). നമുക്കും ദൈവകൃപയിൽ ആശ്രയിച്ച് ക്രിസ്തു ആരാണ് എന്ന യാഥാർത്ഥ്യം പ്രസിദ്ധപ്പെടുത്തുന്നവരാകാം.

തിരുത്തപ്പെടാവുന്ന മനസ്സ്
അഭിപ്രായങ്ങളെ മാത്രമല്ല വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെത്തന്നെ ആക്രമിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്. വൈജ്ഞാനിക മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. അപ്പോഴാണ് താൻ തന്നെ പണ്ട് എഴുതിയ ഒരു പ്രബന്ധത്തെ ഖണ്ഡിച്ചു കൊണ്ട് പണ്ഡിതനും വേദശാസ്ത്രിയുമായ റിച്ചാർഡ് ബി ഹെയ്സ് ഒരു പുതിയ പ്രബന്ധമെഴുതിയ കാര്യം എന്നെ അതിശയിപ്പിച്ചത്. വചനമെന്ന വിത്ത് വായിക്കുമ്പോൾ എന്ന പ്രബന്ധമെഴുതിയതിലൂടെ, പഠിക്കുവാനുള്ള തന്റെ ജീവിത സമർപ്പണത്തിൽ നിന്നും രൂപപ്പെട്ട വലിയ താഴ്മയാണ്, തന്റെ സ്വന്തം പഴയ ചിന്തകളെത്തന്നെ തിരുത്തുവാൻ ഹെയ്സ് പ്രകടിപ്പിക്കുന്നത്.
സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലൂടെ ശലോമോൻ രാജാവ് നിരവധി വിഷയങ്ങളിലുള്ള ജ്ഞാന വചനങ്ങൾ അവതരിപ്പിക്കുകയാണ്. എന്നാൽ അതിനിടയിൽ തന്നെ ഈ നിർദ്ദേശവും അദ്ദേഹം വെക്കുന്നു, "ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും" ഇവ ഉതകുന്നു (സദൃശ്യവാക്യങ്ങൾ 1:5). ഇതുപോലെ അപ്പസ്തോലനായ പൗലോസും പറഞ്ഞത്: ദശാബ്ദങ്ങൾ കർത്താവിനെ അനുകരിച്ച് ജീവിച്ചിട്ട് പിന്നെയും ക്രിസ്തുവിനെ അറിയാനുള്ള ഉദ്യമത്തിലാണ് താൻ (ഫിലിപ്പിയർ 3:10). ജ്ഞാനിയാണെങ്കിലും, ശ്രദ്ധിക്കുകയും പഠിക്കുകയും വളരുകയും ചെയ്യണമെന്ന് ശലോമോൻ ആഹ്വാനം ചെയ്യുന്നു.
തിരുത്തപ്പെടാൻ മനസ്സുള്ളവരെ മറ്റുള്ളവർക്ക് വേദനിപ്പിക്കുവാൻ കഴിയില്ല. വിശ്വാസ കാര്യങ്ങളും ജീവിത വിഷയങ്ങളും ഇനിയും പഠിക്കാനും വളരാനും മനസ്സ് കാണിക്കുന്നത് സത്യങ്ങളിലേക്ക് നമ്മെ നയിക്കുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ് (യോഹന്നാൻ 16:13). അതുവഴി നല്ലവനും വലിയവനുമായ നമ്മുടെ ദൈവത്തിന്റെ അത്ഭുതങ്ങളെ കൂടുതൽ ഗ്രഹിക്കുന്നവരാകും നാം.
